സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -5

//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -5
//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -5
ആനുകാലികം

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -5

Print Now
സ്വഹീഹുൽ ബുഖാരിയുടെ അവകാശവാദവും നിരൂപണങ്ങളും

മുഹദ്ദിസുകളുടെ ഹദീസ് സമാഹരണ കൃതികൾക്ക് അവയുടേതായ സവിശേഷതകളുണ്ട്. സ്വഹീഹുൽ ബുഖാരിയ്ക്കുമുണ്ട് സവിശേഷമായ സവിശേഷത. മറ്റുപലരും കല്പിക്കാത്ത കടുത്ത നിബന്ധനകളോടെയാണ് ബുഖാരിയിലെ ഹദീസുകൾ സെലക്ട് ചെയ്തിരിക്കുന്നത്. ധാരാളം ഹദീസ് കൃതികൾ നിരൂപണ ബുദ്ധ്യാ പരിശോധിച്ച അബൂബക്കർ അൽ ഇസ്മാഈലി രേഖപ്പെടുത്തുന്നു: “എല്ലാവരും നന്മയും നല്ലതും തങ്ങളുടെ വീക്ഷണത്തിൽ സത്യമായ കാര്യങ്ങളും മാത്രമാണ് ലക്ഷ്യംവെക്കുന്നത്; എന്നാൽ, ഹദീസ് പരിശോധനയിൽ ഒരാളും അബൂ അബ്ദില്ലാ(ഇമാം ബുഖാരി)യുടെ അത്ര കടുത്ത നിലപാടിലെത്തുന്നില്ല”(ഫത്ഹുൽ മുഗീസ്) «وكلٌّ قصَد الخيرَ وما هو الصّواب عنده، غير أنّ أحدًا منهم لم يبلغ من التّشديد مبلغ أبي عبد اللّه. ഇക്കാരണത്താൽ സ്വഹീഹുൽ ബുഖാരി ‘അസ്വഹ്ഹുൽ കുതുബ്’ എന്ന വാഴ്ത്തുനാമത്തിന് അർഹത നേടിയിരിക്കുന്നു. ഇക്കാര്യത്തിൽ അഹ്ലുസ്സുന്നയ്ക്കിടയിൽ രണ്ടാമതൊരഭിപ്രായമില്ല.

ഇമാം ബുഖാരി തന്റെ സ്വഹീഹ് സമാഹരണത്തിൽ പാലിച്ച കർക്കശമായ നിബന്ധനകൾ ഇവയെല്ലാമായിരുന്നു:

ഹദീസ് വാഹകരുടെ (റാവികൾ=TRANSMITTERS) ചങ്ങല കണ്ണിനഷ്ടപ്പെടാതെ നബി (സ്വ) യിലേക്കെത്തണം.
വിഭിന്നത (ശുദൂദ്) ഉണ്ടാകരുത്. അതായത്, തന്നേക്കാൾ വിശ്വസ്തനും കൃത്യത ഉള്ളവനുമായ ഒരാളുടെയോ, അല്ലെങ്കിൽ (വിശ്വസ്തതയിലും കൃത്യതയിലും) തനിക്ക് തുല്യരായ കൂടുതൽ ആളുകളുടെയോ നിവേദനങ്ങൾക്ക് വിരുദ്ധമായ ആശയം ഇല്ലാതിരിക്കണം.
വാഹകരുടെ ധാർമ്മികത(അദാലത്തുർറുവാത്ത്) പാലിക്കുന്നവരായിരിക്കണം. പരസ്യമായ നീചപ്രവൃത്തികൾ ചെയ്യാത്തവരായിരിക്കുക. കടുത്ത ബിദ്അത്തിലേക്ക് ആളെക്കൂട്ടുന്ന വ്യക്തികളാകാതിരിക്കുക.
വാഹകർ ഓർമ്മശക്തി തെളിയിക്കപ്പെട്ടവർ ആയിരിക്കുക. ശങ്കയോ ധാരണപ്പിശകോ ഇല്ലാതെ ടെക്സ്റ്റുകളും ഗുരുനാഥന്മാരും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിവുള്ളവർ. രേഖപ്പെടുത്തപ്പെട്ട ഹദീസുകൾക്ക് ഇത് ബാധകമല്ല.
അടിസ്ഥാന മതകാര്യങ്ങൾ നിവേദനം ചെയ്യുന്ന റാവികൾ തന്റെ ശൈഖുമായി കൂടുതൽ കാലം സഹവസിച്ചയാളും അദ്ദേഹത്തിൽ നിന്നും കൂടുതൽ ഹദീസുകൾ പകർത്തി പകരുന്ന ആളുമായിരിക്കണം. ഒന്നോ രണ്ടോ കൂടിക്കാഴ്ചകൾ മതിയാകില്ല.
ശൈഖുമായി കൂടുതൽ സഹവസിക്കാത്തവരും കൂടുതൽ റിപ്പോർട്ട് ചെയ്യാത്തവരുമായ റാവികളിൽനിന്നും ശാഖാപരമായ/അനുബന്ധപരമായ മതകാര്യങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ശൈഖും റാവിയും തമ്മിൽ ഒരു തവണയെങ്കിലും കണ്ടുമുട്ടിയുണ്ടെന്നു ബോധ്യമായാലേ ശൈഖിനെക്കുറിച്ചുള്ള നിവേദനം സ്വീകരിക്കുകയുള്ളൂ. സമകാലികരായാൽ മാത്രം പോരാ. തമ്മിൽ എഴുത്തുകുത്തുകളോ ദൂതുകൈമാറ്റമോ മതിയാകില്ല.

ഇമാം ബുഖാരിയുടെ ഏറ്റവും കടുപ്പമേറിയ നിബന്ധനയാണ് ഒടുവിൽ പറഞ്ഞത്. റാവിയും ശൈഖും സമകാലികരായാൽ മതിയെന്ന നിലപാടിലായിരുന്നു ഇമാം അഹ്മദ്, ഇമാം മുസ്‌ലിം തുടങ്ങിയവർ. അവർ തമ്മിൽ ദൂതന്മാർ വഴിയും എഴുത്തുകുത്തുകൾ വഴിയും കമ്മ്യൂണിക്കേഷൻ നടക്കാമല്ലോ. എന്നാൽ ഇമാം ബുഖാരി തന്റെ സ്വഹീഹിൽ അതുപോരെന്നു തീരുമാനിച്ചു; അദബുൽ മുഫ്രദിൽ ഇക്കാര്യം നിബന്ധനയാക്കില്ല. കാരണം, ഇത്ര കർക്കശമായ നിബന്ധനയുണ്ടെങ്കിലേ ഒരു നബി വചനം സ്വഹീഹാകൂ എന്ന അഭിപ്രായമില്ല. ഇമാം ബുഖാരി, റാവികളെക്കുറിച്ചുള്ള സൂക്ഷ്മ ചരിത്രാന്വേഷണം നടത്തിയതും അത് രേഖപ്പെടുത്തിയതും ഈ ആവശ്യത്തിനായിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ അനുവർത്തിച്ചിട്ടുള്ള ഉപരിസൂചിത കാര്യങ്ങൾ, പ്രവാചകനെക്കുറിച്ചുള്ള വ്യാജപ്രസ്താവനകൾ കടന്നുകയറാതിരിക്കാൻ വേണ്ടിയുള്ള പഴുതടച്ച നിബന്ധനകളായിരുന്നു. അങ്ങനെ മികവൊത്ത അത്യാവശ്യ ഹദീസുകളെങ്കിലും ഒരിടത്ത് സമാഹരിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, സ്വഹീഹിൽ ഈ നിബന്ധനകൾ പാലിക്കാൻ ഇമാം ബുഖാരിക്ക് സാധിച്ചുവോ?

ജ്ഞാനികൾ പരിശോധിക്കുന്നു

രചന പൂർത്തിയാക്കിയ ശേഷം ഇമാം ബുഖാരി സമകാലികരായ ഇമാം അഹ്മദ് ബ്നു ഹമ്പൽ റഹി(മ.ഹി. 241), യഹ്‌യ ബ്നു മഈൻ റഹി, അലിയ്യ് ബ്നുൽ മദീനി റഹി(മ.ഹി 234) തുടങ്ങിയ ഹദീസ് കുലപതികൾക്ക് പരിശോധിക്കാൻ വിട്ടുകൊടുത്തു. മൂവരും ഇമാം ബുഖാരിയുടെ പ്രധാന ഉസ്താദുമാർ തന്നെ. ഓരോ ഹദീസുകളും നിശിതമായി പരിശോധിച്ച അവർ, വിശിഷ്യാ നിരൂപണ മിടുക്കനായ ഇബ്നുൽ മദീനി, ഗ്രന്ഥകർത്താവ് അവകാശപ്പെട്ട മികവ് നാല് ഹദീസുകൾക്കില്ലെന്നു കണ്ടെത്തി. എന്നാൽ, അവ മികച്ചതാണെന്ന ഗ്രന്ഥകർത്താവിന്റെ വിശദീകരണം അംഗീകരിക്കപ്പെട്ടു(ഹാഫിള് അസ്ഖലാനി /ഫത്ഹുൽ ബാരി ആമുഖം). സ്വഹീഹ് രചിക്കാൻ പ്രത്യേക പ്രേരണ നൽകിയ ബഹുവന്ദ്യ ഗുരു ഇമാം ഇസ്ഹാഖ് ബ്നു റാഹവൈഹി റഹി(മ.ഹി 238)യുടെ പരിശോധനയ്ക്ക് പുറമെയായിരുന്നു ഇത്. സമകാലികരായ മറ്റു ഹദീസ് വിദഗ്ധരും സ്വഹീഹിന്റെ പരിശോധനയിൽ പങ്കെടുത്തു.

ഇമാം മുസ്‌ലിം അന്നൈസാബൂരിയുടെ (മ. ഹി 261) പരിശോധനയും പിന്തുണയും ചരിത്ര പ്രസിദ്ധമാണ്. ഹി 250 ൽ നൈസാബൂരിലെത്തിയ ഇമാം ബുഖാരിയുമായി ഇമാം മുസ്‌ലിം ശിഷ്യപ്പെടുകയും അഗാധബന്ധത്തിലാവുകയും ചെയ്തു. ഗുരുവും ശിഷ്യനും പരസ്പരം തിരിച്ചറിഞ്ഞു ബഹുമാനിച്ചു. ഇമാം ബുഖാരിയുടെ അവസാന നാളുകളിലെ പരീക്ഷണ നാളുകളിൽ ഇമാം മുസ്‌ലിം കൂടെനിന്നു പിന്തുണച്ചു. ഗുരുവിനെ വിമർശിക്കുന്നവരെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചു: ”അസൂയാലുവാല്ലാതെ അങ്ങയെ കുറ്റപ്പെടുത്തില്ല”. സ്വഹീഹുൽ ബുഖാരിയുടെ ഗരിമ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഗുരുവിൽ നിന്നും വ്യത്യസ്തമായ ഹദീസ് സമീപനം രൂപപ്പെടുത്തിയ ഇമാം മുസ്‌ലിം, ഗുരുവിനെ കണ്ണിചേർക്കാതെത്തന്നെ, തന്റെ നിലപാടുപ്രകാരമുള്ള ഹദീസുകൾ സമാഹരിച്ചു. ഇത് സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക്/ അതിലെ ആശയങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ സഹായകമായി. ഗുരുവിലൂടെ ലഭിച്ച ഹദീസുകൾ മാത്രം നിറച്ചിരുന്നെങ്കിൽ സ്വഹീഹു മുസ്‌ലിമിന് യാതൊരു സവിഷേശതയുമുണ്ടാകുമായിരുന്നില്ല; ഒരു പകർപ്പ് മാത്രമായി മാറുമായിരുന്നു. മൂന്നുലക്ഷം വഴികളിലൂടെ ലഭിച്ച ഹദീസുകളിൽ നിന്നും കടഞ്ഞെടുത്ത നാലായിരത്തോളം ഹദീസുകളാണ് സ്വഹീഹു മുസ്‌ലിമിലുള്ളത്. സ്വഹീഹുൽ ബുഖാരിയിൽ അനുവർത്തിച്ച നിബന്ധനകളിൽ പരിമിതപ്പെടുത്തേണ്ടതില്ല ഹദീസ് ക്രോഡീകരണം എന്ന പ്രഖ്യാപനം അടങ്ങുന്നതാണ് സ്വഹീഹു മുസ്‌ലിമിന്റെ ഗ്രന്ഥനയവും സമീപനവും.

ഇമാം ബുഖാരിയുടെ കാലത്തുതന്നെ, അദ്ദേഹത്തെ ‘ഖുർആൻ സൃഷ്ടി’ വാദിയാക്കാനുള്ള ശ്രമം നടന്നിരുന്നു. അഹ്ലുസ്സുന്നയുടെ ചില തീവ്ര വക്താക്കൾ, ഇമാം ബുഖാരിയോട് കാണിച്ച അസൂയയുടെ പ്രതിഫലനമായിരുന്നു അതെന്നു ചരിത്രം സാക്ഷിയാണ്. ഗ്രന്ഥകാരൻ ‘ഖുർആൻ സൃഷ്ടി’ വാദിയാണെന്ന് പറഞ്ഞായിരുന്നു ചിലർ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ആധികാരിത ചോദ്യം ചെയ്തത്. തീർത്തും അന്യായപരമായ സമീപനമായിരുന്നു അത്. ഇമാം ബുഖാരിയുടെ ശിഷ്യനായിരുന്നു മുഹമ്മദ് ബ്നു യഹ്‌യാ അദ്ദുഹലി(258). ഇമാം ബുഖാരിയുടെ സദസിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചിരുന്ന വ്യക്തികൂടിയായിരുന്നു. അക്കാലത്ത് ഉലമാക്കൾക്കിടയിൽ കത്തിപ്പടരുന്ന ഖുർആൻ സൃഷ്ടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ഇമാം ബുഖാരിയുടെ നിലപാട് അറിയാൻ ദുഹലി ശ്രമിച്ചു. ഈ വിഷയത്തിലെ നിലപാട് നോക്കി, പണ്ഡിതന്മാരെ കക്ഷി മുദ്ര കുത്താൻ തീവ്ര വാദികൾ ഓടിനടക്കുന്ന സമയമാണ്. അധികാരികളുടെ മുന്നിൽ ഉലമാക്കളെ ഒറ്റുകൊടുത്ത് ‘ആദർശ സംരക്ഷരാകാൻ’ ശ്രമിക്കുന്ന ആദർശഭീകരന്മാരുടെ സാന്നിധ്യം വ്യാപകമായതിനാൽ, കുഴപ്പം ആഗ്രഹിക്കാത്ത പ്രകൃതക്കാരനായിരുന്ന ഇമാം ബുഖാരി, ഏറ്റവും സുരക്ഷിതമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ട്, തന്റെ നിലപാട് വ്യക്തമാക്കി. പക്ഷേ, ഇമാം ബുഖാരിയോട് നേർക്കുനേർ ചോദിച്ച് വ്യക്തത വരുത്താൻ നിൽക്കാതെ ദുഹലി നേരെപോയി, ബുഖാറയിലെ അമീർ ഖാലിദ് ബ്നു അഹ്മദിനോട് പരാതിപ്പെട്ടു: ‘മുഹമ്മദ് ബ്നു ഇസ്മാഈൽ ഖുർആൻ സൃഷ്ടി വാദിയാകുന്നു; അയാൾ സുന്നി വിരുദ്ധനാകുന്നു’. അക്കാലത്തെ പ്രസിദ്ധ ഹദീസ് പണ്ഡിതന്മാരായിരുന്ന അബൂ ഹാതിം അർറാസി(277), അദ്ദേഹത്തിന്റെ പുത്രൻ അബ്ദുറഹ്മാൻ ബ്നു അബീ ഹാതിം(ജനനം 240)എന്നിവർക്ക് ദുഹലി കത്തയച്ചു. അവരിരുവരും ഇമാം ബുഖാരിയുടെ പഠിതാക്കളായിരുന്നു. ദുഹലിയുടെ പരദൂഷണവും ഏഷണിയും അവരെ സ്വാധീനിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

അബൂ ഹാതിം അർറാസി, അബ്ദുറഹ്മാൻ ബ്നു അബീ ഹാതിം എന്നിവർ സ്വഹീഹിലെ ചില റാവികൾ ദുർബ്ബലരാണെന്നും, അവരെക്കുറിച്ചു ഇമാം ബുഖാരി മനസ്സിലാക്കിയിട്ടുള്ളത് കൃത്യമല്ലെന്നും ഇവർ ആരോപിച്ചു. സ്വഹീഹുൽ ബുഖാരിയിലെ ആറുഹദീസുകൾ സ്വഹീഹല്ലെന്നും അവകാശപ്പെട്ട ഉന്നത റാവീ ഗുണം അവയ്ക്കില്ലെന്നും അബൂ ഹാതിം അർറാസി നിരൂപിച്ചു. ബുഖാരിയുടെ പ്രസിദ്ധമായ ‘താരീഖി’നെ നിരൂപിച്ചുകൊണ്ട്, ഇമാം അബൂ ഹാതിം റാസി എഴുതിയ കൃതിയാണ് ‘ബുഖാരിയുടെ താരീഖിലെ പിഴവുകൾ’ (ബയാനു ഖത്വഇൽ ബുഖാരി ഫിത്താരീഖ്). എന്നാൽ, അബൂ ഹാതിം അർറാസി തന്റെ ‘ദുർബ്ബല റാവികൾ’ (ളുഅഫാ) എന്ന കൃതിയിൽ, ഇമാം ബുഖാരി ദൗർബ്ബല്യം ആരോപിച്ച ചിലരെ പ്രബലരാക്കുന്നതും കാണാം. പതിനഞ്ചു റാവികളാണ് ഈ ഗണത്തിൽ വരുന്നത്. ഇബ്നു അബീ ഹാതിം, അബ്ദുറഹ്മാൻ ബ്നു അബീ ഹാതിം പിതാവിനെ അനുകരിച്ചു ബുഖാരി നിരൂപകനായി മുന്നോട്ടുപോയി. ഹദീസ് റാവികളെ നിശിത പരിശോധന നടത്തുന്ന പ്രസിദ്ധമായ ‘അൽ ജർഹ് വത്തഅദീൽ’ രചിച്ചു. ഇമാം ബുഖാരിയെ പിതാവ് നിരൂപിച്ച ഭാഗം ഒഴിവാക്കി റാവികളുടെ ചരിത്രം ‘താരീഖുൽ കബീറിൽ നിന്നും അദ്ദേഹം അതേപടി പകർത്തി. ബുഖാരിയെ കുറിച്ചു തനിക്ക് ദുഹലി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ, ‘ഖുർആൻ സൃഷ്ടിവാദി’യുടെ പേര് പറയാതെയും സ്രോതസ്സ് വ്യക്തമാക്കാതെയുമായിരുന്നു ഇബ്നു അബീ ഹാതിം ചരിത്രം പകർത്തിയത്. ഇങ്ങനെ പകർത്തിയവയുടെ ആധിക്യം കൊണ്ടായിരിക്കണം, ‘അൽ ജർഹ് വത്തഅദീൽ’ താരീഖുൽ കബീറിന്റെ കോപ്പിയാണെന്ന് ഹാകിം ആരോപിച്ചു. പിന്നീട് ഇമാം ബുഖാരിയിലേക്ക് ആശ്രയിക്കാതെത്തന്നെ, ഹദീസുകൾ സമാഹരിക്കാനും റാവികളെ കുറിച്ച് പഠിക്കാനുമുള്ള തീവ്രശ്രമത്തിലായി ഇദ്ദേഹം. ഇമാം ബുഖാരിയിൽ നിന്നും വ്യത്യസ്തമായ നിരൂപണ വഴി ആവിഷ്കരിക്കാനും അങ്ങനെ ഹദീസുകൾ ക്രോഡീകരിക്കാനും ഇടയായത്, സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് കൂടുതൽ പിൻബലം വർദ്ധിപ്പിച്ചു എന്നതാണ് സംഭവിച്ചത്.

ഇമാം ബുഖാരിയുടെ അവകാശവാദത്തെ സസൂക്ഷ്മം പരിശോധിച്ച് നിരൂപണം തയ്യാറാക്കിയ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു ബാഗ്ദാദുകാരൻ ഇമാം ദാറഖുഥ്‌നി റഹി(385 ). സ്വഹീഹുൽ ബുഖാരിയിലെയും സ്വഹീഹു മുസ്‌ലിമിലെയും ഇരുന്നൂറ്റിപ്പത്ത് (110 +100 = 210) നിവേദനങ്ങളിൽ ദൗർബ്ബല്യം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിൽ മുപ്പത്തിരണ്ട് (32) നിവേദനങ്ങൾ ബുഖാരി + മുസ്‌ലിം സംയുക്ത (മുത്തഫഖുൻ അലൈഹി) നിവേദനങ്ങളും, എഴുപത്തി എട്ടു നിവേദങ്ങൾ ബുഖാരിയിൽ മാത്രമുള്ളതും ആകുന്നു(നുകത്ത്/അസ്ഖലാനി). ഇതിനായി മൂന്നു ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. التتبع ,بيان أحاديث أودعها البخاري كتابه الصحيح, العلل الواردة فى الأحاديث النبوية. ഹദീസിലെ മൂലവാക്യങ്ങളെ ആയിരുന്നില്ല ഇവയിൽ നിരൂപിക്കുന്നത്. റാവികളെയും അവർ പരസ്പരം കണ്ടുമുട്ടിയ ചരിത്രത്തെയും കുറിച്ചായിരുന്നു.

എന്നാൽ, ദാറഖുത്നിയുടെ നിരൂപണത്തിനു ജ്ഞാനികൾക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല; അവരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. നിരൂപണ വിധേയമായ ഒട്ടുമിക്ക നിവേദനങ്ങളിലും ദാറഖുഥ്‌നി ആരോപിച്ചപോലെയുള്ള ‘കുഴപ്പങ്ങൾ’ ഇല്ലെന്ന് ജ്ഞാനലോകം തിരിച്ചറിഞ്ഞു. പ്രസിദ്ധ ഹദീസ് നിരൂപകൻ ഇബ്നു സ്വലാഹ് ‘ബുഖാരിയുടെ ആമുഖത്തെക്കുറിച്ചുള്ള വിശദീകരണ’ത്തിൽ ഇതേക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു: وقد استدرك الدارقطني على البخاري ومسلم أحاديث فطعن في بعضها , وذلك الطعن مبني على قواعد لبعض المحدثين ضعيفة جدا مخالفة لما عليه الجمهور من أهل الفقه والأصول وغيرهم فلا تغتر بذلك (“ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളെ പ്രശ്‍നവൽക്കരിച്ചും ആക്ഷേപിച്ചും ദാറഖുഥ്‌നി രംഗത്തുവന്നിട്ടുണ്ടായിരുന്നു. ചില മുഹദ്ദിസുകളുടെ ദുർബ്ബലമായതും മഹാഭൂരിപക്ഷം ഹദീസ് വിജ്ഞന്മാരുടെയും കർമ്മ ശാസ്ത്ര പണ്ഡിതന്മാരുടെയും ഉസൂലികളുടെയും അംഗീകാരമുള്ള നിരൂപണ നിയമങ്ങൾക്ക് വിരുദ്ധമായതുമായ സിദ്ധാന്തങ്ങളുടെ അടിത്തറയിലായിരുന്നു ദാറഖുഥ്‌നിയുടെ ആക്ഷേപം. അതിനാൽ, അതിൽ താങ്കൾ വഞ്ചിതനാകരുത്”-ഫത്ഹുൽ ബാരിയിൽ അസ്ഖലാനി ഉദ്ധരിച്ചത്). ആരോപണ വിധേയമായ നിവേദനങ്ങൾ ഓരോന്നും, ഹാഫിള് അസ്ഖലാനി ഫത്ഹുൽ ബാരിയിൽ എടുത്തുദ്ധരിച്ചു നിശിത പരിശോധന നടത്തുന്നുണ്ട്. ഓരോ ഹദീസും എങ്ങനെ സ്വഹീഹ് ആകുന്നുവെന്നും ദാറഖുത്നി പ്രശ്നവൽക്കരിച്ച ‘ന്യൂനതകൾ’ സൂക്ഷ്മ പരിശോധനയിൽ ന്യൂനത അല്ലെന്നും മുൻഗാമികളായ പണ്ഡിതന്മാരുടെ നിലപാടുകളുടെയും വിശകലനങ്ങളുടെയും പിൻബലത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു.

അബൂ മസ്ഊദ് ദിമിശ്‌ഖി(401), അബൂ അലി ഗസ്സാനി(498), ഹാഫിള് സൈനുദ്ധീൻ അൽ ഇറാഖി (806) എന്നിവരുടെയും നിരൂപണങ്ങൾ വന്നു. അവരുടേതും പണ്ഡിതലോകത്ത് വിലപ്പോയില്ല. ഇമാം ബുഖാരി തന്റെ ചില നിവേദകരുടെ പേരും വിളിപ്പേരും എഴുതിയത് ശരിയല്ലെന്ന ആക്ഷേപവുമായി ചിലരെല്ലാം രംഗത്തുവന്നെങ്കിലും, സൂക്ഷ്മ നിരൂപകർ അതെല്ലാം തള്ളിക്കയുകയും ബുഖാരിയുടെ രചനാ മികവിനെ വാഴ്ത്തുകയും ചെയ്യുന്നതാണ് മുസ്‌ലിം ലോകത്തിന്റെ അനുഭവം.

സ്വഹീഹുൽ ബുഖാരിയിലെ ഒന്നോ രണ്ടോ ഹദീസുകൾ ബോധ്യമാകാത്ത പലരും കഴിഞ്ഞുപോയിട്ടുണ്ട്. അഹ്ലുസ്സുന്നയുടെ അജയ്യനായ നേതാവും ശൈഖുസ്സുന്ന എന്ന വാഴ്ത്തുനാമത്തിൽ വിശ്രുതനുമായ ഇമാം അബൂബക്കർ ബാഖില്ലാനി (റഹി) സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ഹദീസുകളെ നിരൂപിച്ചിരുന്നു. മദീനയിലെ കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സുലൂലിന്റെ മയ്യിത്ത് നിസ്കാരത്തിൽ മുഹമ്മദ് നബി (സ്വ) പങ്കെടുത്തിരുന്നുവെന്നു പറയുന്ന ബുഖാരി + മുസ്‌ലിം ഹദീസ് സ്വഹീഹല്ല എന്ന് ബാഖില്ലാനി വിധിയെഴുതി. ഇമാം ഇബ്നു ബുർഹാൻ (514) തന്റെ അൽവുസൂൽ ഇലൽ ഉസൂൽ’ എന്ന കൃതിയിൽ, സ്വഹീഹുൽ ബുഖാരിയിലെ എല്ലാ ഹദീസും സ്വഹീഹാണെന്ന് കരുതാൻ വയ്യ എന്നഭിപ്രായപ്പെട്ടു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ‘മജ്‌മൂഉൽ ഫതാവയിൽ, ‘പുതിയ വർഗ്ഗത്തെ സൃഷ്ടിച്ചുകൊണ്ട് നരകത്തെ നിറക്കുമെന്ന’ പരാമർശത്തെ ചോദ്യം ചെയ്യുന്നുണ്ട്. ശാഫിഈ പണ്ഡിതൻ ബദറുദ്ദീൻ സർകശി(794) സ്വഹീഹുൽ ബുഖാരിയുടെ ചെറിയൊരു നിരൂപകനായിരുന്നു. അല്ലാമാ സുയൂഥ്വിയും സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ഹദീസുകളുടെ പ്രബലത ചോദ്യം ചെയ്യുന്നുണ്ട്.

ഇമാം ദാറഖുത്നിയോ റാസിമാരോ ശേഷം വന്നവരോ ഇമാം ബുഖാരിയെയോ തന്റെ രചനയെയോ തള്ളിപ്പറയുകയായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയോടെയുള്ള നിരൂപണമായിരുന്നു. അതിനാൽ, ആരും അവരെ ആക്ഷേപിച്ചില്ല. ആരോപണത്തിൽ കാമ്പില്ലെന്ന് ബോധ്യമായിട്ടും പണ്ഡിതലോകം അവരുടെ ഇടപെടലിനെ നന്ദിയോടെ സ്മരിക്കുന്നു. ഹാഫിള് ഇറാഖി/ ശറഹുത്തദ്കിറ, ഹാഫിള് അസ്ഖലാനി / ഫത്ഹുൽ ബാരി, അല്ലാമാ ഐനി/ ഉംദത്തുൽ ഖാരി, അല്ലാമാ ഖസ്ത്വല്ലാനി/ ഇര്ശാദുസ്സാരി, ഇബ്നുഖത്വാൻ അൽഫാസി/ അൽ വഹ്മ് വൽ ഈഹാം, യൂസുഫ് സാദ/നജാഹുൽ ഖാരി, അൻവർ ഷാ കാശ്മീരി / ഫൈളുൽ ബാരി തുടങ്ങിയ പ്രമുഖ പണ്ഡിതർ/ ഗ്രന്ഥങ്ങൾ ഇത്തരം നിരൂപണങ്ങൾ ശാസ്ത്രീയ പരിശോധന ചെയ്തവരാണ്. രചനാ മികവുകൊണ്ടാണ് സ്വഹീഹുൽ ബുഖാരിക്ക് പണ്ഡിത ലോകത്ത് അദ്വിതീയമായ അംഗീകാരം കൈവന്നത്.

No comments yet.

Leave a comment

Your email address will not be published.