സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -4

//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -4
//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -4
ആനുകാലികം

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -4

Print Now
സ്വഹീഹുൽ ബുഖാരി വായിച്ചവർ, സ്നേഹിച്ചവർ..

സ്വഹീഹുൽ ബുഖാരി പുറത്തിറങ്ങിയ ശേഷം, ജ്ഞാനികളുടെ ഖിബ്‌ലയായി ആ മഹത്തായ ഗ്രന്ഥം അംഗീകരിക്കപ്പെട്ടു. ഇമാം ബുഖാരിയുടെ അപാരമായ കഴിവ് തിരിച്ചറിഞ്ഞ മഹാ ജ്ഞാനികൾ അത്ഭുത സ്തബ്ധരായി. ബുഖാരിയിൽ നിന്നും ഹദീസ് ഉദ്ധരിക്കുക ജ്ഞാനികളുടെ ആവേശവും ശീലവും അടയാളവുമായി. ബുഖാരി പഠിക്കാത്ത മുസ്‌ലിം പണ്ഡിതനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല എന്ന നിലവന്നു. ബുഖാരിയുടെയത്ര നിലവാരമില്ലാത്ത ഹദീസുകൾ നിരൂപണത്തിനു വിധേയമായി. തിരുനബിയുടെ സുന്നത്തുകൾ ഏറ്റവും നല്ല അടുക്കിലും ചിട്ടയിലും ഏറെക്കുറെ സംരക്ഷിക്കപ്പെട്ട സന്തോഷം മുസ്‌ലിം ലോകത്ത് കളിയാടി. വ്യാജ ഹദീസ് നിർമ്മാതാക്കൾ വാലിൽ തീപിടിച്ച കാട്ടിലേക്കോടി മറഞ്ഞു.
ഉന്നത ഗുരുനാഥന്മാരിൽ നിന്നും ബുഖാരി ഓതിപ്പഠിക്കാൻ മുസ്‌ലിം ലോകത്തെങ്ങും ആവേശമുണ്ടായി. ബുഖാരി എക്സ്പെർട്ടുകളെ തിരഞ്ഞു ഹദീസ് പ്രേമികൾ പരദേശ സഞ്ചാരം ചെയ്തു. ബുഖാരി എക്സ്പെർട്ടുകളായ വനിതാ മുഹദ്ദിസുകളെ ഇത്തരുണത്തിൽ അനുസ്മരിക്കുന്നു(മറ്റൊരു ഉപന്യാസത്തിൽ അവരെ പരിചയപ്പെടുത്താം).

ഹി. 216 ൽ, ഇരുപത്തിരണ്ടാം വയസിൽ തുടങ്ങി, ഹി. 232 ൽ, തന്റെ മുപ്പത്തയെട്ടാം വയസ്സിൽ രചന പൂർത്തിയാക്കിയ സ്വഹീഹുൽ ബുഖാരിയുടെ ഗ്രന്ഥകർത്താവ് തന്നെ, നീണ്ട ഇരുപത്തി അഞ്ചുവർഷം നടത്തിയ ബുഖാരി ദർസിൽ പങ്കെടുത്ത നൂറുകണക്കിന് ശിഷ്യന്മാരുടെ പരമ്പര ലോകത്ത് ഇന്നും നിലനിൽക്കുന്നു; പന്ത്രണ്ടു നൂറ്റാണ്ടുകളായി ആയിരക്കണക്കിന് ദർസുകളിൽ ലോകത്തിന്റെ നാനാദിക്കുകളിലും അണമുറിയാതെ ബുഖാരി ദർസ് തുടരുന്നു. ഇമാം ബുഖാരിയിലേക്ക് കണ്ണിചേരുന്ന ലക്ഷോപലക്ഷം ഹദീസ് പഠിതാക്കളും പണ്ഡിതന്മാരും കഴിഞ്ഞുപോയി. ആയിരങ്ങൾ ഇപ്പോഴും ജീവിക്കുന്നു. ഇക്കാലത്തിനിടയിൽ എത്രയെത്ര ജ്ഞാനസമുദ്രങ്ങൾ, നിരൂപണവിദഗ്ധർ, ഗവേഷണപടുക്കൾ സ്വഹീഹുൽ ബുഖാരി വായിച്ചിട്ടുണ്ടാകും, പരിശോധിച്ചിട്ടുണ്ടാകും.. അവരെങ്ങനെ ഗ്രന്ഥത്തെ വിലയിരുത്തി? ഗ്രന്ഥകാരനെ നിരൂപിച്ചു; ഗ്രന്ഥത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു അതിനുവേണ്ട സേവനങ്ങൾ ചെയ്തു? അന്വേഷിക്കുന്തോറും അത്ഭുതം അധികമധികമായി ജനിപ്പിക്കുകയാണ് സ്വഹീഹുൽ ബുഖാരി.

(സമകാലികരും പിൻഗാമികളുമായ പ്രഗത്ഭ വായനക്കാരുടെ റിവ്യൂ മറ്റൊരു ലേഖനത്തിൽ ഉൾപ്പെടുത്താം)

സ്വഹീഹുൽ ബുഖാരിയെ സേവിക്കാൻ രംഗത്തുവന്ന അനേകശതം ജ്ഞാനികൾ ചരിത്രത്തിൽ കഴിഞ്ഞുപോയി. പഠിതാക്കൾക്ക് പഠനം സുഗമമാക്കാൻ, പണ്ഡിതന്മാർക്ക് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ സഹായിക്കുന്ന നിരവധി രചനകൾ പുറത്തിറങ്ങിക്കൊണ്ടേയിരുന്നു. ഇമാം ബുഖാരിയുടെ മഹത്വവും രചനയുടെ വലിപ്പവും വ്യക്തമാക്കുന്ന രചനകൾ ചെയ്തവരുണ്ട്. പ്രമുഖ ചരിത്രകാരന്മാരുടെ വിവരങ്ങൾക്ക്‌ പുറമെ,

ഇബ്നു നാസ്വിറുദ്ധീൻ അദ്ദിമശ്ഖി(മ.832)യുടെ ‘തുഹ്‌ഫതുൽ അഖബാരിയ്യ് ബി തർജുമത്തിൽ ബുഖാരിയ്യ്, ഇബ്നു ഹജർ അൽ അസ്ഖലാനി(മ.852)യുടെ ‘ഹിദായത്തുസ്സാരി ലി സീറത്തിൽ ബുഖാരി’, ഇബ്നു ദുവാലീബിൽ ഹമ്പലി(862)യുടെ ‘തർജുമത്തുൽ ഇമാമിൽ ബുഖാരി’,
ഇസ്മാഈൽ അൽ അജലൂനി(മ.1162)യുടെ ‘അൽഫവാഇദുദ്ദറാറി’ തുടങ്ങിയവർ ഇമാം ബുഖാരിയുടെ ജീവിതം പ്രത്യേകം പരിചയപ്പെടുത്തിയത് സ്വഹീഹുൽ ബുഖാരിയുടെ വലിപ്പം ബോധ്യപ്പെടുത്താനായിരുന്നു.

സ്വഹീഹുൽ ബുഖാരിയുടെ പഠനം ആഗ്രഹിക്കുന്നവർക്ക്, അദ്ഭുതകരമായ ഈ ഗ്രന്ഥത്തെയും ഗ്രന്ഥ സംവിധാനത്തെയും പരിചയപ്പെടുത്തുന്ന മികച്ച രചനകൾ പിറന്നു. ഇബ്നു നാസ്വിറുദ്ദീൻ അദ്ദിമിശ്ഖി(842)യുടെ ‘ഇഫ്തിതാഹുൽ ഖാരി’, ഇബ്നു ഹജർ അൽഅസ്ഖലാനി(852)യുടെ ‘അന്നുകത്ത്’, നജ്മുദ്ദീൻ അൽ ഗ്വൈളി(981)യുടെ ‘അൽഫറാഇദുൽ മുന്തളമ:’ തുടങ്ങിയ രചനകൾ ഇവിടെ അനുസ്മരിക്കാവുന്നതാണ്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് വാഹകരായി കടന്നുവരുന്നവർ മൊത്തം 1525 പേരാണ്. അവർ ഓരോരുത്തരെക്കുറിച്ചും ഇമാം ബുഖാരിയുടെ പക്കൽ വ്യക്തവും വിശദവുമായ ചരിത്രമുണ്ട്. തന്റെ ‘താരീഖുൽ കബീറിലും ‘സ്വഗീറിലും അവരുടെയും മറ്റുള്ളവരുടെയും ജീവചരിത്രം സംക്ഷിപ്തമായി കൊടുത്തിട്ടുണ്ട്. എങ്കിലും, കൂടുതൽ സൂക്ഷ്മമായി വായിക്കാൻ ആഗ്രഹിക്കുന്നവർക്കും, ബുഖാരിയുടെ രിജാലുകളെ നിരൂപിക്കാൻ കടന്നുവരുന്നവർക്കും സഹായമായി ‘രിജാലുൽ ബുഖാരി’ പഠന ഗ്രന്ഥങ്ങൾ രചിച്ചവർ പലരുമുണ്ട്.

ഇബ്നു അദിയ്യ് അൽ ജുർജാനി(മ.365)യുടെ ‘അസാമീ മൻ റവാ അൻഹുമുൽ ബുഖാരി’,
ദാറഖുത്നി(മ. 385 )യുടെ ‘ദിക്റു അസ്മാഇത്താബിഈൻ..’,
ഇബ്നു മുൻദിഹ് അൽ അസ്ഫഹാനി (മ. 395) യുടെ തസ്മിയത്തുൽ മശാഇഖ്’,
അബൂ നസ്ർ അൽ കലാബാദി(മ. 398) യുടെ ‘രിജാലുൽ ബുഖാരി’ അഥവാ ‘അൽ ഹിദായത്ത് വൽ ഇർശാദ്’,
സുലൈമാനുൽ ബാജി(മ. 474 ) യുടെ ‘അത്തഅദീലു വത്തജ് രീഹ്’,
അബുൽ ഫളാഇലുസ്സ്വഗ്ഗാനി(മ. 650 ) യുടെ ‘അസാമീ ശുയൂഖിൽ ബുഖാരി’,
ഇബ്നുൽ മുലഖ്ഖിൻ അൽ അൻസ്വാരി (മ. 804 ) യുടെ ‘അത്തൽവീഹ് ഇലാ മഅരിഫത്തി രിജാലിസ്സ്വഹീഹ്’,
വലിയ്യുദ്ദീനിൽ ഇറാഖി (മ. 826) യുടെ ‘അൽബയാനു വത്തൗളീഹ്’,
മുഹമ്മദുൽ ബാസിലി (മ. 925) യുടെ ‘ഗ്വായത്തുൽ മറാം’,
മുഹമ്മദുൽ ജസാഇരി (മ. 1080)യുടെ ഇഖ്‌ദുൽ ജിമാൻ’,
അബ്ദുൽ ഹാദി അൽ അബ് യാരി (മ. 1305) യുടെ ‘കശ്ഫുനിഖാബ്’ തുടങ്ങിയ നിരവധി രചനകൾ സ്വഹീഹുൽ ബുഖാരിയിലെ രിജാലുകളെ കുറിച്ചുള്ള പഠനമാണ്.
സ്വഹീഹുൽ ബുഖാരിക്കൊപ്പം സ്വഹീഹ് മുസ്‌ലിമിലെ രിജാലുകളെക്കൂടി ഉൾപ്പെടുത്തിയുള്ള പഠനങ്ങളിൽ പ്രധാനമായവ പറയാം.

ബുഖാരി മുസ്‌ലിമിൽ ഉദ്ധരിക്കപ്പെടുന്ന സ്വഹാബികളെക്കുറിച്ച് ദാറഖുത്നി(മ. 385) രചിച്ച ‘അസ്മാഉസ്സ്വഹാബ’,
സ്വഹീഹൈനിയിലെ രിജാലുകളെക്കുറിച്ച് ഇബ്നു ബുകൈർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ദാറഖുത്നി മറുപടി നൽകുന്ന ‘സുആലത്തു ബ്നു ബുകൈർ’,
ഹാകിം(മ. 405) തയ്യാറാക്കിയ ‘അൽ മദ്ഖൽ’,
ബുഖാരിയിലും മുസ്‌ലിമിലും ‘മുത്തഫഖ്‘ ആയി കടന്നുവരുന്ന ഹദീസ് വാഹകരെക്കുറിച്ച് ഇബ്നു അബിൽ ഫവാരിസ്(മ. 412) രചിച്ച ‘ദിക്റു അസ്മാഇ മനിത്തഫഖ..’,
ഇബ്നുൽ ഖൈസറാനി(മ. 507 ) യുടെ ‘മഅരിഫത്തു രിജാലുസ്സ്വഹീഹൈനി’,
ഇബ്നു ഖൽഫൂൻ അൽഅസ്ദി(മ. 636)യുടെ ‘അൽ മുഅലിം ബി ശുയൂഖിൽ ബുഖാരി വ മുസ്‌ലിം’,
അബൂ സഈദ് അൽഅലാഈ (മ. 761 ) യുടെ ‘കശ്ഫുന്നിഖാബ്’,
യഹ്‌യ അൽആമിരി(മ. 893) യുടെ അർരിയാളുൽ മുസ്തത്വാബ:’,
ജമാലുദ്ധീൻ അൽഅശ്ഖർ (മ. 991), സ്വഹീഹൈനി + മുവത്വയിലെ രിജാലുകളുടെ പേരുകൾ കൊണ്ട് പദ്യമുണ്ടാക്കിയ മുഹമ്മദ് സ്വബ്ബാൻ അൽമിസ്രിയുടെ ‘മൻളൂമത്തുൻ ഫീളബ്ഥ്വി..’
സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹദീസുകൾ, അതിനു മുമ്പും ശേഷവുമുള്ള മറ്റു ഹദീസ് കിതാബുകളിൽ എവിടെയെല്ലാം, എങ്ങനെയെല്ലാം രേഖപ്പെട്ടിരിക്കുന്നു എന്ന അന്വേഷണങ്ങൾക്ക് ഗ്രന്ഥരൂപം നൽകിയവർ നിരവധിപേരുണ്ട്.

ഇബ്നു ബുജൈർ അസ്സമർഖന്ദി (മ. 311) യുടെ ‘അൽ ജാമിഉൽ മുസ്നദ്’,
അബൂ നുഐം അൽഅസ്ബഹാനി (മ. 430) യുടെ ‘അൽ മുസ്തഖ്റജ്’,
ഇബ്നുൽ ഹദ്ദാദ് അൽഅസ്ബഹാനി(മ. 517) യുടെ ‘ജാമിഉസ്സ്വഹീഹൈനി’ തുടങ്ങിയവ ഉദാഹരണം.

സ്വഹീഹുൽ ബുഖാരി വായനക്കാർക്കും പഠിതാക്കൾക്കും കൂടുതൽ സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ വിശദമായ വ്യാഖ്യാനം എഴുതിയവർ അനേകം പേരുണ്ട്. ഹി. 1068 ൽ വിടപറഞ്ഞ പ്രസിദ്ധ ഉസ്മാനിയ്യാ ചരിത്രകാരനും ‘പുസ്തക കോശ’ രചയിതാവുമായ ഹാജി ഖലീഫയ്ക്ക് കണ്ടെത്താനായത് അമ്പത്തി രണ്ട് സമഗ്ര വ്യാഖ്യാന കൃതികളാണ്. അതിനുശേഷം രചിക്കപ്പെട്ടവ ധാരാളം. ഇവയിൽ പലതിനും ഹാശിയകളും(Gloss) രചിക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ നൂറിലേറെ വരുന്ന ബുഖാരി വ്യാഖ്യാനങ്ങളിൽ ചിലത് പരിചയപ്പെടാം. ഓരോന്നും നിരവധി വോള്യങ്ങൾ ഉള്ളതാണെന്ന കാര്യം പ്രസ്താവ്യമാണ്.

അബൂ സുലൈമാൻ അൽ ഖത്വാബി /388/ അഅലാമുൽ ഹദീസ് /
ഇബ്നു ബത്വാൽ അൽ ഖുർത്വുബി/449/ശറഹുൽ ജാമിഉസ്സ്വഹീഹ് /
മുഹ്‌യിദ്ധീൻ അന്നവവി/676 / ശറഹുന്നവവി/
ഖുതുബുദ്ധീൻ അൽ ഹലബി / 735 / ‘അൽ ബദ്‌റുൽമുനീർ’/
അലാഉദ്ദീൻ മുഗ്‌ലത്വായി /762/ ‘അത്തൽവീഹ് /
മുഹമ്മദ് അൽകിർമാനി/786 /അൽ കവാകിബുദ്ദറാറി/
ഇബ്നു റജബ് അൽ ഹമ്പലി /795 / ഫത്ഹുൽ ബാരി
അഫീഫുൽ കാസറൂനി/ 802 / മഖ്വാസ്വിദുത്തൻഖീഹ്/
സിറാജുദ്ദീൻ ഇബ്നുൽ മുലഖ്ഖിൻ/ 802 / ‘അത്തൗളീഹ് /
മുഹമ്മദ് അൽ കഫീരി/831 / ‘അത്തൽവീഹ് /
യഹ്‌യ അൽകിർമാനി / 833 / ‘മജ്മഉൽ ബഹ്‌റൈൻ’/
ഇബ്നു ഹജർ അൽഅസ്ഖലാനി /852 / ഫത്ഹുൽ ബാരി/
ബദറുദ്ദീനുൽ ഐനി /855 / ഉംദത്തുൽ ഖാരി /
ബദറുദ്ദീനുൽ അഹ്ദൽ /855 / മിസ്ബാഹുൽ ഖാരി /
ഉസ്മാനുൽ കർവാനി / / ‘അൽ കൗസറുൽ ജാരി/
മുവഫ്ഫിഖ്ഖുദ്ദീൻ അൽഅജമി/884 / ‘അൽ മസ്വാബീഹ്/
ഇബ്രാഹീം നുഅമാനി/ 889 / മസീദ് ഫത്ഹിൽ ബാരി /
അല്ലാമാ സുയൂഥ്വി /911 / അത്തൗശീഹ്
ഖസ്ത്വല്ലാനി / 923 / ഇർശാദുസ്സാരി /
സകരിയ്യൽ അൻസ്വാരി /926 / തുഹ്ഫത്തുൽ ബാരി
ഉസ്മാനുസ്സിന്ദി അസ്സ്വിദ്ദ്വീഖി/1008 / ഗ്വായത്തുത്തൗളീഹ് /
ഇസ്മാഈൽ അൽ അജലൂനി/ 1162 / ‘അൽഫൈളുൽ ജാരി/
യൂസുഫ് സാദ /1167 / നജാഹുൽ ഖാരി
അഹ്മദ് അൽമനീനി/ 1172 /ഇളാഅത്തുദ്ദറാറി
അബ്ദുൽ ഖാദിർ അൽ ഉസ്ഥുവാനി / 1314 / അസ്ലുർറാസി
സ്വഹീഹുൽ ബുഖാരിക്ക് ധാരാളം സംഗ്രഹങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്; പ്രത്യേക ഭാഗങ്ങളും, പ്രത്യേക സ്വഭാവമുള്ള ഹദീസുകൾ മാത്രമെടുത്തും തയ്യാറാക്കിയ ‘മുൻതഖബാത്തു’കളും, ഇവയുടെയെല്ലാം വ്യാഖ്യാനങ്ങളും നിരവധി വേറെയുമുണ്ട്. സ്വഹീഹുൽ ബുഖാരിയിലുള്ള സവിശേഷമായ ചില ഹദീസുമാത്രം സമഗ്രമായി പരിശോധിക്കുന്ന പഠനങ്ങളും മുൻഗാമികൾ നിർവ്വഹിച്ചിട്ടുണ്ട്.

വിചാരവും കർമ്മങ്ങളും കർമ്മഫലങ്ങളും തമ്മിലുള്ള ബന്ധത്തെ പരാമർശിക്കുന്ന, സ്വഹീഹുൽ ബുഖാരിയിലെ പ്രഥമ ഹദീസിനെക്കുറിച്ചുള്ള പഠനമാണ്, മുഹമ്മദ് ബ്നു സുലൈമാൻ അൽ കാഫീജി(879) യുടെ ‘ഖുലാസ്വതുൽ അഖ്വാൽ’.
ഇവ്വിഷയത്തിൽ രചിക്കപ്പെട്ട ശ്രദ്ധേയമായ മറ്റൊരു രചനയത്രേ അഹ്മദ് ബ്നു കമാൽ പാഷ(940)യുടെ രിസാല.
മറ്റൊന്ന് അബ്ദുല്ലാഹി ത്ത്വറാബൽസി(1277) യുടെ ‘അൽ മഖ്വാസ്വിദുസ്സനിയ്യ’.
വേറൊരെണ്ണം മുഹമ്മദ് അൽ കത്താനി(1345)യുടെ ‘ശറഹു അവ്വലി ഹദീസി..’.
മനുഷ്യനെ കൊച്ചു തണ്ടുള്ള ചെടിയോടുപമിച്ചിട്ടുള്ള ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു റജബിൽ ഹമ്പലി (795) ‘ഗ്വായത്തുന്നഫ്ഉ’ രചിച്ചു.
ഇക്കൂട്ടത്തിൽ ‘സുലാസിയ്യാത്തുൽ ബുഖാരി’ സവിശേഷ ശ്രദ്ധയർഹിക്കുന്നു. പ്രവാചകന്നും ബുഖാരിക്കുമിടയിൽ ഏറ്റവും കുറഞ്ഞ കണ്ണികൾ മൂന്നും കൂടിയത് ഒമ്പതുമാണ്. ഒമ്പത് കണ്ണികൾ വരുമ്പോൾ അതിൽ മൂന്നോ നാലോ സ്വഹാബികൾ തന്നെയായിരിക്കും. താബിഉകൾ മൂന്നുവരെ ഉണ്ടാകാം. ഫലത്തിൽ അവരുടെ കാലം നോക്കിയാൽ സ്വഹാബി- താബിഈ- താബിഉത്താബിഈ എന്ന ത്രിക്കണ്ണികൾ മാത്രമേ ഉള്ളൂവെങ്കിലും, വാഹകരുടെ എണ്ണം ഒമ്പതുവരെ ഉണ്ടായിട്ടുണ്ട്. എന്നാൽ, സ്വഹാബി- താബിഈ- താബിഉത്താബിഈ എന്നീ സ്ഥാനങ്ങളിൽ ഓരോ ആൾ മാത്രമുള്ള ഇരുപത്തിരണ്ട്(22) ത്രിക്കണ്ണി ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലുണ്ട്. ഇവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥമാക്കിയവരും അവയെക്കുറിച്ചുള്ള പഠനം തയ്യാറാക്കിയവരും വ്യാഖ്യാനമെഴുതിയവരും നിരവധി പേരുണ്ട്.

അബൂ ലുഖ്മാൻ അൽ ഖതലാനീ(460)ന്റെ ‘സുലാസിയ്യാത്തുൽ ബുഖാരി’ യാണ് കണ്ടുകിട്ടിയതിൽ ഏറ്റവും പഴയത്.

ഇതേ കാലക്കാരായ അബുൽ ഹസൻ അദ്ദവാവിദി (467)യും അസ്സ്വഫ്ഫാറുൽ മർവസി(471)യുമാണ് ആദ്യകാലത്തെ മറ്റു സമാഹർത്താക്കൾ.

ശംസുദ്ധീനുൽ ബർമാവി (837)യുടെ സുലാസിയാത്ത് വ്യാഖ്യാന കാവ്യം വേറിട്ട രചനയാണ്‌.
ഹദീസുകളുടെ നിലവാരം തീരുമാനിക്കുന്നതിൽ വാഹകരുടെ കാലവും (സ്ഥാനവും) എണ്ണവും പരിഗണിക്കാറുണ്ട്. കുറഞ്ഞ കണ്ണികൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നീ ഘടകങ്ങൾ ഹദീസിന്റെ മികവ് ഉയർത്തുന്നു. സ്വഹാബി പ്രമുഖനായ ഇബ്നു മസ്ഊദ്(റളി)നെ കൂഫയിൽ ഹദീസ് അധ്യാപനത്തിനു പറഞ്ഞയച്ചത് ഖലീഫ ഉമർ (റളി) ആയിരുന്നു. ഉമറിൽ നിന്നും പഠിച്ച ധാരാളം കാര്യങ്ങൾ ഇബ്നു മസ്ഊദിന്റെ പക്കൽ ഉണ്ടായിരുന്നു. ഇബ്നു മസ്ഊദിന്റെ കൂഫയിലെ ശിഷ്യന്മാർക്ക് ഉമറിൽ നിന്ന് തന്നെ അവ നേരിട്ട് കേൾക്കണമെന്ന് നിർബന്ധം. ഇത് അവരവരുടെ ഹദീസ് ശൃംഖല ചെറുതാക്കാനും ഭദ്രമാക്കാനുമുള്ള താല്പര്യത്തിന്റെ ഭാഗമായിരുന്നു. ഹദീസ് പണ്ഡിതന്മാർ നാടുകൾ തോറും സഞ്ചരിച്ചിരുന്നതിന്റെ പ്രചോദനമിതായിരുന്നു. നബിയെക്കുറിച്ച വാർത്ത വിശ്വസനീയമായ വഴിയിൽ ലഭിച്ചാൽ പോലും അവർക്ക് സംതൃപ്തി അടയുമായിരുന്നില്ല; പരമാവധി പ്രഥമ സോഴ്സിൽ നിന്നോ അതിനോട് ഏറ്റവും അടുത്തുനിന്നോ ലഭിക്കണമായിരുന്നു. കണ്ണികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കലിന്റെ പ്രസക്തി ഇതാണ്. ഒന്ന് മുതൽ എട്ടു വരെ കണ്ണികളുള്ള ഹദീസുകളെക്കുറിച്ച് ഹിജ്‌റ ഏഴാം നൂറ്റാണ്ടിനുമുമ്പ് പഠനങ്ങൾ നടന്നിട്ടുണ്ട്. അതിനു ശേഷമാണ് ഒമ്പതുകണ്ണി, പത്തുകണ്ണി ഹദീസുകൾ പഠന വിധേയമാകുന്നത്(സുയൂഥ്വി /അന്നാദിരിയ്യാത്ത്).

നോട്ട്: റുബാഇയ്യാത്തുൽ ബുഖാരി എന്നറിയപ്പെടുന്നത് സ്വഹീഹുൽ ബുഖാരിയിലെ ചതുർക്കണ്ണി ഹദീസുകളെക്കുറിച്ചുള്ള പഠനമല്ല. ഹദീസ് പഠിതാക്കൾക്ക് ഇമാം ബുഖാരി നൽകിയ വിലപ്പെട്ട ഉപദേശങ്ങളാണവ.

സ്വഹീഹുൽ ബുഖാരിയുടെ അധ്യായനാമങ്ങൾ വളരെ ഏറെ ചർച്ചചെയ്യപ്പെട്ട സുപ്രധാന സംഗതിയാണ്. ഇമാം ബുഖാരിയിലെ മുജ്തഹിദിനെ അടയാളപ്പെടുത്തുന്ന കൊച്ചുവാക്കുകൾ ഗവേഷക പണ്ഡിതരുടെ ശ്രദ്ധ ആകർഷിച്ചു.

പ്രമുഖ ഹദീസ് പണ്ഡിതൻ മുല്ലാ അലിയ്യുൽ ഖാരി, സ്വഹീഹുൽ ബുഖാരിയുടെ ആദ്യ തലവാചകം മാത്രം വിശകലനം ചെയ്യുന്ന കൃതിയാണ്, ഇഅറാബുൽ ഖാരി.
സ്വഹീഹിലെ മുഴുവൻ തലവാചകങ്ങളും വിശകലനം ചെയ്യുന്ന ‘അൽ മുതവാരീ അലാ അബ് വാബിൽ ബുഖാരി’, ഹി. 683 ൽ മരണപ്പെട്ട ഇബ്നുൽ മുനീർ അൽ ഇസ്കന്ദറാനി സംഭാവനയാണ്.
ഹി 733 ൽ മരണപ്പെട്ട ബദ്‌റുദ്ധീൻ ഇബ്നു ജമാഅയുടെ ‘തറാജിമുൽ ബുഖാരി’ മികച്ച രചനയാണ്‌.

സ്വഹീഹിലെ തലവാചകങ്ങൾ തമ്മിലുള്ള പൊരുത്തം വിശകലനം ചെയ്യുന്ന ‘മുനാസബാത്ത്’, ഹി 805 ൽ മരണപ്പെട്ട സിറാജുദ്ദീൻ അൽ ബുൽഖീനിയുടെ ശ്രദ്ധേയമായ രചനയാകുന്നു.
ഈ വിഷയത്തിൽ ഇന്ത്യൻ പണ്ഡിതന്മാരുടെ മികച്ച രണ്ടു സംഭവനകളുണ്ട്: ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(1176)യുടെ ‘ശറഹു തറാജിമി അബ് വാബിൽ ബുഖാരി’ യും,
മുഹമ്മദ് സകരിയ്യാ കാന്ദഹ്ലവി(1402)യുടെ ‘അൽഅബ്വാബ്‌ വത്തറാജിം’ എന്ന കൃതിയും. ഒടുവിൽ പറഞ്ഞ ഗ്രന്ഥം ആറു വോള്യങ്ങളുണ്ട്.

വായനക്കാരുടെ സൗകര്യത്തിനുവേണ്ടി സ്വഹീഹുൽ ബുഖാരിയുടെ പദകോശം തയ്യാറാക്കിയ ജ്ഞാനികളെയും പരിചയപ്പെടേണ്ടതാണ്.

ഹുമൈദി(488) യുടെ ‘തഫ്സീറു ഗ്വരീബു മാഫി സ്സ്വഹീഹൈനി..’,
ഖാസി ഇയ്യാള് അൽ മാലികി(544) യുടെ മശാരിഖുൽ അൻവാർ,
ഇബ്നു ഖർഖൂൽ അൽവഹ്‌റാനി(569)യുടെ മത്വാലിഉൽ അൻവാർ,
ശംസുദ്ധീൻ അൽ മൂസ്വിലി(774) യുടെ ലവാമിഉൽ അൻവാർ എന്നിവ ഹദീസ് നിഘണ്ടുകളാകുന്നു.

പഠിതാക്കൾക്ക് വഴികാട്ടിയായും സ്വഹീഹുൽ ബുഖാരിയ്ക്കുള്ള സേവനമായും ചെയ്ത മറ്റൊരു രചനാ മേഖല, പ്രഥമ വായനയിൽ അവ്യക്തമായി കിടക്കുന്ന ബുഖാരിയിലെ പരാമർശങ്ങൾ വിശകലനം ചെയ്യുന്ന രചനകളത്രെ.

ജലാലുദ്ദീൻ അൽബുൽഖീനി(824)യുടെ ‘അൽ ഇഫ്ഹാം’,
മുവഫ്ഫിഖ്ഖുദ്ദീൻ അൽഅജമി(884)യുടെ ‘അത്തൗളീഹ് തുടങ്ങിയ രചനകൾ ഇക്കാര്യം നിർവ്വഹിക്കുന്നു.

സ്വഹീഹിന്റെ സൂക്ഷ്മ വായന പുരോഗമിക്കുമ്പോൾ പണ്ഡിതന്മാർ നിശ്ചലമാകുന്ന, കാര്യംഗ്രഹിക്കാൻ ശ്രമിച്ചുനോക്കുകയും കെട്ടഴിയാതെ തല ചൊറിയുകയും ചെയ്യുന്ന, നിരവധി സ്ഥലങ്ങൾ ബുഖാരിയിലുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന വിലപ്പെട്ട രചനകൾ നടത്തിയ മഹത്തുക്കൾ നമ്മുടെ ആദരവ് അർഹിക്കുന്നു.

ദാറഖുത്നി(385)യുടെ ബയാൻ, തതബ്ബുഉ, ഇൽസാമാത് എന്നിവ നിരൂപണ പ്രാധാന്യമുള്ള രചനകളാണ്. (നിരൂപണങ്ങൾ: ടെക്സ്റ്റും സനദും’ അടുത്ത ഭാഗങ്ങളിൽ വിശകലനം ചെയ്യാം).

ഇബ്നു ഹസ്മ് അള്ളാഹിരി (456) യുടെ ജുസ്ഉൻ ഫീ ഔഹാമി..’,
ഇബ്നു അബ്ദിൽ ബർറ് അന്നമിരി(463)യുടെ ‘അൽ അജ്‌വിബത്തുൽ മുസ്‍തൗഇബ:’,
അൽ ഖത്വീബുൽ ബാഗ്ദാദി(463) യുടെ ജുസ്ഉൻ ഫീ ഔഹാമി..’,
ഇബ്നു മാലിക് അൽ ഉന്ദുലുസി(672)യുടെ ‘ശവാഹിദുത്തൗളീഹ് ‘,
അബൂ സഈദ് അൽഅല്ലാഈ (761)യുടെ ‘അത്തൻബീഹാത്തുൽ മുജ്‌മല: തുടങ്ങിയ ബുഖാരിയിലെ മുഷ്കിലാത്തുകൾ പരിഹരിക്കുന്ന രചനകളാകുന്നു.

സ്വഹീഹുൽ ബുഖാരിയുടെ മഹത്വവും വലിപ്പവും തിരിച്ചറിഞ്ഞു സ്നേഹിക്കുന്നവർ ചെയ്ത സേവനങ്ങൾ ഇനിയും എത്രയോ എഴുതാനുണ്ട്. സൂക്ഷ്മ പഠനത്തിൽ മനസ്സിലാകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം, പ്രകാശം ചൊരിയാൻ തുടങ്ങി 1210 വർഷങ്ങൾ പിന്നിട്ടപ്പോൾ, ഓരോ പത്തു വർഷത്തിലും, മുസ്‌ലിം ലോകത്ത്, സ്വഹീഹിനെ സേവിക്കാനായി, ഒരു മഹത്തായ രചന എന്ന തോതിൽ പുറത്തിറങ്ങിയിട്ടുണ്ട് എന്ന മഹാത്ഭുതമാണ്.

No comments yet.

Leave a comment

Your email address will not be published.