സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -2

//സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -2
//സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -2
ആനുകാലികം

സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -2

സ്ത്രീകളേയും കുട്ടികളേയും വധിക്കാൻ പാടില്ല എന്ന കാര്യത്തിൽ ഇത്രയതികം ഹദീസുകളും ഖലീഫമാരുടെ മാതൃകയും ലോക മുസ്‌ലിം പണ്ഡിതരുടെ ഏകാഭിപ്രായവും ഉണ്ടായിട്ടും അവയൊന്നും ഇസ്‌ലാമോഫോബിയക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയില്ല.

ഒരു ക്രിസ്ത്യൻ ജിഹ്വ പക്ഷെ സാഹീഹുൽ ബുഖാരിയിൽ നിന്ന് തിരഞ്ഞെടുത്തത് താഴെ വരുന്ന ഹദീസുകളാണ്:

സ്വഅബ് (റ) പറയുന്നു: പ്രവാചകൻ (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ നാട് ആക്രമിക്കപ്പെടുമ്പോൾ അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു (എന്നതിനെ പറ്റി താങ്കൾ എന്ത് പറയുന്നു) ? അദ്ദേഹം (സ) അരുളി: “അവരും അവരിൽ (യുദ്ധം ചെയ്യപ്പെടുന്ന പുരുഷന്മാരിൽ) പെട്ടവരാണല്ലൊ.” (സ്വഹീഹുല്‍ ബുഖാരി: 2879)

“സ്വഅബ് ബ്നു ജുസാമ (റ) നിവേദനം: പ്രവാചകനോട് (സ) ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ അപ്പോൾ അദ്ദേഹം (സ) പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്‌ലിം: 1745)

രണ്ട് ഹദീസുകളും സ്വഅബ് ബ്നു ജുസാമ (റ) എന്ന് പേരായ ഒരേ സ്വഹാബി (പ്രവാചകാനുചരൻ) ഉദ്ധരിച്ച ഒരേ സംഭവമാണ്. മാത്രമല്ല ഹദീസ് ഉദ്ധരിച്ച സ്വഅബ് ബ്നു ജുസാമ (റ) തന്നെ തുടർന്ന് ഇപ്രകാരം പറയുന്നുണ്ട്: “പിന്നീട് പ്രവാചകൻ (സ) അത് വിരോധിച്ചു; ഹുനൈൻ ദിവസമാണത് (അത് നിരോധിച്ചത്).”
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 4767)

പക്ഷെ അതൊക്കെ കാണുന്നതിന് മുമ്പ് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസിന് മേൽ മിഷണറിമാർ ചാടി വീണു. കുറേ ആക്ഷേപങ്ങളുടേയും ആരോപണങ്ങളുടേയും കച്ചേരി തുടങ്ങി:

” ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ’ എന്ന് പറഞ്ഞ് മുഹമ്മദ്‌ സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാനുള്ള അനുവാദം മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുള്ളത് കൊണ്ടാണ് നൈജീരിയയിലും ലോകത്തെല്ലായിടത്തും സ്ത്രീകളേയും കുട്ടികളേയും വധിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഒരു മടിയും ഇല്ലാത്തത്!!”

ലോകത്ത് ഏത് കൊള്ളക്കാരും എന്ത് തോന്നിയവാസവും ചെയ്താലും -അവർ മുസ്‌ലിം നാമധാരികളോ സംഭവം മുസ്‌ലിം ഭൂരിപക്ഷ നാടുകളിലോ ആണ് നടക്കുന്നതെങ്കിൽ- അതിന്റെ ഉത്തരവാദിത്ത്വം മുഴുവൻ മുഹമ്മദ് നബിക്കാണ് ! പ്രവാചകന്റെ(സ) കർശനമായ കൽപനയേയും ഖലീഫമാരുടെ കാർക്കശ്യത്തേയും ലോക മുസ്‌ലിം പണ്ഡിതരുടെ ഏകാഭിപ്രായത്തേയും കാറ്റിൽ പറത്തുന്ന മുസ്‌ലിം നാമധാരികളായ ഭീകരവാദികൾക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതിന് മറ്റെന്തെങ്കിലും തെളിവിന്റെ ആവശ്യമുണ്ടോ ?! ഇത്തരത്തിൽ സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്ന നൈജീരിയൻ കൊള്ളക്കാരും, കഞ്ചാവ് കൃഷിക്കാരായ താലിബാനും (https://sputniknews.com/middleeast/201802181061788951-afghanistan-taliban-drugs-economy-export/), മക്കയിലെ കഅ്ബ പൊളിക്കുമെന്ന് പ്രഖ്യാപിച്ച ഐ.എസ്.ഐ.എസ്സുമൊക്കെ (https://www.indiatoday.in/world/rest-of-the-world/story/isis-islamic-state-in-iraq-and-the-levant-destroy-kaaba-mecca-saudi-arabia-198955-2014-07-01) ഇസ്‌ലാമാണെന്ന് വ്യാഖ്യാനിച്ച് വരുത്തി തീർക്കുകയാണ് ഇത്തരം പുരോഹിതന്മാരുടെ ലക്ഷ്യം. അതിനുള്ള ബദ്ധപാടിനിടയിൽ കാണാതെ പോയ, അല്ലെങ്കിൽ അവഗണിച്ച ചില വസ്ഥുതകൾ ഇവിടെ സൂചിപ്പിക്കാം:

1. സ്വഹീഹു മുസ്‌ലിമിൽ വിമർശന വിധേയമായ ഹദീസിന്റെ തലക്കെട്ടു തന്നെ ഇങ്ങനെയാണ്:

باب جواز قتل النساء والصبيان في البيات من غير تعمد

“രാത്രി യുദ്ധം ചെയ്യുമ്പോൾ മനപൂർവ്വമല്ലാതെ, അറിയാതെ സ്ത്രീകളേയും കുട്ടികളേയും വധിക്കുകയാണെങ്കിൽ അത് നിഷിദ്ധമല്ല.”

ഹദീസിൽ സൂചിപ്പിക്കപ്പെട്ട വിഷയവും അതാണല്ലൊ. രാത്രി യുദ്ധം നടക്കുമ്പോൾ, കോട്ട ഉപരോധിക്കുമ്പോൾ പുരുഷരേത് സ്ത്രീകളേത്, മുതിർന്നവരേത് കുട്ടികളേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ മനപൂർവ്വമല്ലാതെ ചില സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചു പോകുന്നു. അതിൽ പോലും പ്രവാചകാനുചരന്മാർ വ്യസനപ്പെട്ടുവെന്നർത്ഥം. അപ്പോൾ അവരെ സമാധാനിപ്പിക്കുകയാണ് പ്രവാചകൻ (സ).” അവരും അവരിൽപ്പെട്ടവരാണല്ലോ” അഥവാ സ്ത്രീകളും കുട്ടികളും അവരുടെ കൂടെ തന്നെ ആയതു കൊണ്ടല്ലെ അങ്ങനെ സംഭവിച്ചത് എന്നർത്ഥം.

സ്ത്രീകളേയും കുട്ടികളേയും ശത്രുക്കൾ കവചമായി സ്വീകരിച്ച സന്ദർഭത്തിലാണിത്. അവിടെ അറച്ചുനിന്നാൽ യുദ്ധം നടക്കില്ലല്ലോ. മുസ്‌ലിംകൾ സ്ത്രീകളേയും കുട്ടികളേയും കവചമായി സ്വീകരിച്ചാൽ അവരെ ആക്രമിക്കില്ലെന്ന് തോന്നിയാൽ പിന്നെ ശത്രുക്കളുടെ സ്ഥിരം യുദ്ധതന്ത്രമായി അത് മാറും എന്നതിനാലുമാണ് പ്രവാചകൻ (സ) ഇത്തരം അവസ്ഥയിൽ ആക്രമണം അനുവദിച്ചത് എന്ന് ഇമാം ഇബ്നു ഖുദാമ അഭിപ്രായപ്പെടുന്നു.

സന്ദർഭം ഇതിൽ ഏതായാലും ശരി പിന്നീട് ഈ യുദ്ധ നയം പ്രവാചകൻ (സ) പൂർണമായും നിരോധിക്കുകയും ചെയ്തു. അത് ഹദീസിൽ തന്നെ വ്യക്തമായും പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരിയിൽ അല്ലെന്ന് മാത്രം). “പിന്നീട് പ്രവാചകൻ(സ) അത് വിരോധിച്ചു; ഹുനൈൻ ദിവസമാണത് (അത് നിരോധിച്ചത്)”
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 4767)

وكان الزهري إذا حدث بهذا الحديث قال : وأخبرني ابن كعب بن مالك عن عمه أن رسول الله صلى الله عليه وسلم لما بعث إلى ابن أبي الحقيق نهى عن قتل النساء والصبيان

അതുകൊണ്ട് തന്നെ വിമർശന വിധേയമായ ഹദീസ് ഉദ്ധരിച്ചാൽ ഇമാം സുഹ്‌രി (റ) ഉടനെ തന്നെ പിന്നീട് അത് പ്രവാചകൻ (സ) നിരോധിച്ച ഹദീസും ഉദ്ധരിക്കുമായിരുന്നു. “പ്രവാചകൻ (സ) ഇബ്നു അബിൽ ഹഖീഖിലേക്ക് സംഘത്തെ അയച്ചപ്പോൾ സ്ത്രീകളേയും കുട്ടികളേയും വധിക്കുന്നത് വിരോധിച്ചു.” (ഫത്ഹുൽ ബാരി: 6:169)

ഇമാം മാലിക്, ഇമാം ഔസാഈ എന്നിവർ പറഞ്ഞു:
യുദ്ധത്തിൽ ശത്രുക്കൾ സ്ത്രീകളെയും കുട്ടികളെയും കവചമായി സ്വീകരിക്കുകയോ, ഒരു കോട്ടയിലോ കപ്പലിലോ കൂടെ കൂട്ടുകയോ ചെയ്താൽ പോലും അവരെ വധിക്കൽ പ്രവാചകൻ (സ) (പിൽകാലത്ത്) നിഷിദ്ധമാക്കി.
(ഫത്ഹുൽ ബാരി: 6:169)

ഇസ്‌ലാം ഭീകരതയാണെന്ന് ‘തെളിയിക്കാൻ’ വിമർശകർ സ്വഹീഹുൽ ബുഖാരിയിൽ നിന്നും സാധാരണയായി ഉദ്ധരിക്കാറുള്ള മറ്റൊരു ഹദീസ് കാണുക:

സലമത്ത്ബ്നുല്‍ അക്‌വഅ് (റ) നിവേദനം: ഞങ്ങള്‍ പ്രവാചകനോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. അപ്പോൾ ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരോടൊപ്പം(സ) ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ മുന്നോട്ടു വന്ന് ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഒരുങ്ങി. അദ്ദേഹം (ഞങ്ങളെ) നിരീക്ഷിക്കാൻ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ കാൽനടക്കാരായിരുന്നു. (ഇത് കണ്ട് മനസ്സിലാക്കിയപ്പോൾ) അയാള്‍ അതിവേഗതയില്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ച് അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് പ്രവാചകൻ (സ) എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്‌വഅ്” പ്രവാചകൻ (സ) പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.” (സ്വഹീഹു മുസ്‌ലിം: 1754)

ഹദീസ് വായിച്ചിട്ട് പള്ളീലച്ഛന് കാര്യം പിടികിട്ടിയിട്ടില്ല. എങ്കിലും വാളും വധവുമൊക്കെ കണ്ട ഉടനെ റെയ്നോൾഡ്സ് പേനയെടുത്ത് ഇസ്‌ലാമിന്റേയും മുഹമ്മദ് നബിയുടേയും ഭീകരതയെ വൈകാരികമായി വർണിക്കാൻ തുടങ്ങി.

“നിരപരാധിയായ ഒരു വഴിപോക്കനെ, അവന്‍ അമുസ്‌ലിം ആണെന്നുള്ള ഏക കാരണത്താല്‍ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്‌ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്‌ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ പ്രവാചകന്‍ എന്ന് അനുയായികള്‍ പാടിപ്പുകഴ്ത്തുന്നയാള്‍ ചെയ്തത്. ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്.”

നിരപരാധിയായ ഒരു വഴി പോക്കനെ വെറുതെ കൊല്ലാൻ ചിത്തഭ്രമം ബാധിച്ചവരായിരുന്നു മുസ്‌ലിംകളെങ്കിൽ മദീനയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും അയൽവാസികളായി ജീവിച്ചിരുന്ന ജൂതന്മാരെയൊക്കെ അവർ കശാപ്പു ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുമായിരുന്നില്ലേ? അവർക്ക് ധനം സമ്പാദിക്കാനും ഉടമപ്പെടുത്താനുമുള്ള പൂർണമായ സ്വാതന്ത്ര്യം പ്രവാചകൻ (സ) നൽകിയിരുന്നു. പ്രവാചകനും അനുചരന്മാരിൽ പലരും കടുത്ത പട്ടിണി അനുഭവിച്ചിട്ടും ഒരു ജൂതനേയും അപഹരിച്ചില്ല, മോഷ്ടിച്ചില്ല.

പ്രവാചകന്റെ വീട്ടിൽ മാസങ്ങളോളം അടുപ്പ് പുകയാതിരുന്നിട്ടുണ്ടെന്നും അത്തരം സന്ദർഭങ്ങളിൽ ഈത്തപ്പഴവും വെള്ളവും ഭക്ഷിച്ചാണ് പ്രവാചക കുടുംബം ജീവിച്ചിരുന്നത് എന്ന് പ്രവാചകപത്നി ആഇശ (റ) പറയുന്നുണ്ട്. (സ്വഹീഹുൽ ബുഖാരി:2455)

പ്രവാചകന്റെ (സ) പുത്രി ഫാതിമ (റ) കുറച്ച് റൊട്ടി കഷ്ണങ്ങളുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. “ഫാതിമ, എന്താണ് ഈ റൊട്ടി കഷ്ണങ്ങൾ (കൊണ്ടു വന്നത് )?” എന്ന് പ്രവാചകൻ (സ) ചോദിച്ചു. അവർ പറഞ്ഞു: ഞാൻ ചുട്ടതാണ്. താങ്കളുടെ അടുത്തേക്ക് കുറച്ച് കഷ്ണങ്ങൾ കൊണ്ടുവരാതിരിക്കാൻ മനസ്സ് വന്നില്ല.
പ്രവാചകൻ (സ) പറഞ്ഞു: “നിന്റെ ഉപ്പയുടെ വയറ്റിൽ മൂന്ന് ദിവസത്തിനിടക്ക് ആദ്യമായി പ്രവേശിച്ച ദക്ഷണമാണിത്.”
(അഹ്‌മദ്‌: 3/213, ത്വബ്റാനി: 250)

പ്രവാചക ശിഷ്യൻ അലി (റ) പറയുന്നു: മദീനയിൽ ജീവിക്കവെ ഒരു ദിവസം എനിക്ക് ശക്തമായി വിശന്നു. മദീനയിലെ ഉയർന്ന പ്രദേശങ്ങളിൽ ഒരു തൊഴിൽ അന്വേഷിച്ച് ഞാൻ നടന്നു. അപ്പോൾ ശരീരം മുഴുവൻ കളിമണ്ണ് പുരണ്ട് ഒരു സ്ത്രീ നിൽക്കുന്നു. അവർക്ക് അത് കഴുകി കളയണം. അവരുടെ അടുത്തേക്ക് ഞാൻ ചെന്നു. അവരുടെ കയ്യിൽ വലിയ ഒരു ചെമ്പുണ്ടായിരുന്നു. ആ ചെമ്പിൽ ഓരോ കോര് വെള്ളത്തിനും ഒരു ഈത്തപ്പഴം വെച്ച് കൂലിയായി നൽകാൻ ആ സ്ത്രീയുമായി ഞാൻ കരാറുണ്ടാക്കി. അങ്ങനെ പതിനാറ് ചെമ്പ് വെള്ളം ഞാൻ കോരി കൊടുത്തു. എന്റെ കൈ കഴച്ചപ്പോൾ ഞാൻ നിർത്തി. എന്നിട്ട് ഞാൻ കിണറ്റിനടുത്ത് ചെന്ന് വെള്ളം കുടിച്ചു. ശേഷം ആ സ്ത്രീയുടെ അടുത്ത് ചെന്ന് കൈ നിവർത്തി നിന്നു. അവർ പതിനാറ് ഈത്തപ്പഴം എനിക്ക് എണ്ണി തന്നു. അങ്ങനെ അതുമായി പ്രവാചകന്റെ (സ) അടുക്കൽ ഞാൻ ചെന്നു. അദ്ദേഹത്തോട് വിവരം വിശദീകരിച്ചു പറഞ്ഞു. എന്റെ തീറ്റയിൽ അദ്ദേഹവും എന്നോടൊപ്പം കൂടി.
(അസ്സുഹ്ദ്, ഇമാം അഹ്‌മദ്: 2/51, ഹിൽയത്തുൽ ഔലിയാഅ്: 1/70, 71)

അനസ് ബിൻ മാലിക് (റ) പറയുന്നു:
ബാർലിയുടെ റൊട്ടിയും, മണത്തിന് മാറ്റം സംഭവിച്ച ഉരുകിയ നെയ്യുമായും ഞാൻ പ്രവാചകന്റെ (സ) അടുത്തേക്ക് നടക്കുകയുണ്ടായി. അദ്ദേഹം (ധാന്യത്തിന് പകരമായി) അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കൽ പണയം വെച്ചിരുന്നു. അദ്ദേഹം പലപ്പോഴും ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
“അല്ലാഹുവാണേ, മുഹമ്മദിന്റെ കുടുംബത്തിന് ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ധാന്യമോ ഇല്ലാതെയായിരിക്കുന്നു.”
(ഹദീസിന്റെ പൂർണ രൂപം സ്വഹീഹുൽ ബുഖാരിയിലുണ്ട്: 3/8)

അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ പടയങ്കി ജൂതന് പണയം വെച്ച് ധാന്യം കടം വാങ്ങിയതായി ആഇശ (റ) പറയുകയുണ്ടായി (സ്വഹീഹുൽ ബുഖാരി:1990, സ്വഹീഹു മുസ്‌ലിം: 1603)

പ്രവാചകൻ (സ) മരണപ്പെടുന്നതും പടയങ്കി ജൂതന് പണയം വെച്ച ഈ അവസ്ഥയിലാണ്.
(സ്വഹീഹുൽ ബുഖാരി: 2759)

പട്ടിണി കിടന്നപ്പോഴും അയൽപക്കത്തെ ജൂതനിൽ നിന്നും തന്റെ പടയങ്കി പണയം വെച്ച് ധാന്യം വാങ്ങിയ മാതൃകയാണ് പ്രവാചക ജീവിതം. അപ്പോഴും ആരേയും കൊന്ന് കൊള്ളയടിച്ചിട്ടില്ല.
കൊലയും കൊള്ളയുമായിരുന്നില്ല മദീനയിലെ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ എന്നർത്ഥം. മദീനയിലെ ഭരണ സാരഥികളായിട്ടും പ്രവാചക ശിഷ്യർ ജൂതന്മാരിൽ നിന്ന് സമ്പത്ത് തട്ടിയെടുക്കുകയോ പിടിച്ച് പറിക്കുകയോ ചെയ്തിട്ടില്ല.

എന്ന് മാത്രമല്ല, നിരപരാധിയായ ഒരു അമുസ്‌ലിമിനെ വധിക്കുന്നവന് സ്വർഗമില്ലെന്നും അത് വൻപാപമാണെന്നും പ്രവാചകൻ (സ) പ്രഖ്യാപിച്ചിട്ടുണ്ട്:

“സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.”

(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുക, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുക, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുക, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുക എന്നിവ ചെയ്യുന്നവനുമായി ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ (കൊല്ലപെട്ടവന്റെ അവകാശത്തിനായി) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052)

അപ്പോൾ യാതൊരുവിധ പരിശോധനയും പഠനവും കൂടാതെ, നിരൂപണ വിധേയമായ ഹദീസിന്റെ വിശദാംശങ്ങൾ ഒന്നും മനസ്സിലാക്കാതെയുള്ള വന്ധ്യമായ ആരോപണങ്ങളാണ് ഇസ്‌ലാം വിമർശകർ, എപ്പോഴത്തേയും പോലെ ഇവിടെയും ഉന്നയിച്ചിരിക്കുന്നത്. സ്വഹീഹുൽ ബുഖാരി തുറന്നു നോക്കിയപ്പോൾ ഒരു ഹദീസ് കണ്ടു. അതും കുറേ ഭീകരതാവ്യാഖ്യാനങ്ങളും വെച്ച് കാച്ചി. സംഭവത്തിന്റെ സാഹചര്യമോ കാരണമോ വിശദീകരണമോ ഒന്നും നോക്കേണ്ടതില്ല.

ഇത്രയൊക്കെ നീതിയും അവധാനതയുമൊക്കെ മുസ്‌ലിംകൾ ഇസ്‌ലാം വിമർശകരിൽ നിന്ന് പ്രതീക്ഷിച്ചാൽ മതി എന്നതാണ് പൊള്ളയായ ഇത്തരം നിരൂപണങ്ങൾ തെളിയിക്കുന്നത്. യാതൊരു ആഴവുമില്ലാത്ത ബൗദ്ധീക പാപ്പരത്വം. മനുഷ്യമസ്തിഷ്ക്കം വൈകാരികതക്കും വിധ്വേഷത്തിനും അജ്ഞതക്കും അടിയറവ് വെച്ച അന്ധത.

വിമർശകർ ഉദ്ധരിച്ച അതേ ഹദീസ് കൂടുതൽ വ്യക്തതയോടെ, ഹദീസ് ഉദ്ധരിച്ച അതേ പ്രവാചകാനുചരൻ തന്നെ നിവേദനം ചെയ്തത് സ്വഹീഹുൽ ബുഖാരിയിലുണ്ട്. അത് ഇപ്രകാരമാണ്:

ഇബ്നു സലമത്ത്ബ്നുല്‍ അക്‌വഅ് (റ), പിതാവിൽ നിന്നും ഉദ്ധരിക്കുന്നു: ഒരു യുദ്ധ യാത്രയിൽ പ്രവാചകന്റെ (സ) അടുക്കൽ ബഹുദൈവ വിശ്വാസികളുടെ ഒരു ചാരൻ വന്നു. അവൻ അദ്ദേഹത്തിന്റെ അനുചരന്മാർക്ക് സമീപം ഇരുന്നു, എന്നിട്ട് (അവരുടെ അവസ്ഥ മനസ്സിലാക്കി) പൊടുന്നനെ അവിടെ നിന്നും പോയി. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “അവനെ അന്വേഷിച്ചു പിടിച്ച് വധിക്കുക”. സലമത്ത്ബ്നുല്‍ അക്‌വഅ് (റ) പറഞ്ഞു: “ഞാൻ അവന്റെ അടുത്തേക്ക് മത്സരിച്ച് ചെന്ന് അവനെ വധിച്ചു. (സ്വഹീഹുൽ ബുഖാരി: 2886, സുനനു അബൂദാവൂദ്: 2653)

“യുദ്ധക്കാരനായ ചാരൻ സുരക്ഷാ കരാറൊന്നും കൂടാതെ ഇസ്‌ലാമിക രാഷ്ട്രത്തിൽ പ്രവേശിച്ചാൽ” (باب الحربي إذا دخل دار الإسلام بغير أمان) എന്ന അദ്ധ്യായത്തിലാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത്.
“നിർഭയനായ ചാരനെ സമ്പന്ധിച്ച്” (ﺑﺎﺏ ﻓﻲ اﻟﺠﺎﺳﻮﺱ اﻟﻤﺴﺘﺄﻣﻦ) എന്ന തലകെട്ടോടെയാണ് ഇമാം അബൂദാവൂദ് തന്റെ ഗ്രന്ഥത്തിൽ ഹദീസ് എടുത്തു ചേർത്തിരിക്കുന്നതും.

ഈ ചാരനാണോ നിരപരാധി ?! ഹവാസിൻ ഗോത്രത്തിൽ നിന്നും മുസ്‌ലിംകളുടെ സ്ഥിതിഗതികൾ പഠിക്കാനായി ശത്രു സൈന്യം അയച്ചതാണ് ഈ ‘നിരപരാധി’യെ.

മുസ്‌ലിംകളുടെ ദുർബലതയും സന്നാഹങ്ങളുടേയും വാഹനങ്ങളുടേയും ദൗർലഭ്യവും മനസ്സിലാക്കിയ ഉടനെ ശത്രു സൈന്യത്തിന് വിവരമറിയിക്കാൻ എഴുന്നേറ്റ് ഓടുകയായിരുന്നു അയാൾ. അതുകൊണ്ടാണ് അയാളെ പിന്തുടർന്നതും വധിച്ചതും. ഹവാസിൻ ഗോത്രത്തിൽ നിന്നുള്ള ചാരനായിരുന്നു അയാൾ.
മുസ്‌ലിംകൾ ഹവാസിൻ ഗോത്രക്കാരോട് അവരുടെ നാട്ടിൽ പോയി യുദ്ധം ചെയ്തിട്ടില്ല. മുസ്‌ലിംകൾക്കെതിരിൽ കൊലവിളിയുമായി അവ്ത്വാസ് താഴ്‌വരയിൽ സംഘടിച്ചതും യുദ്ധത്തിനായി ഒരുമ്പിട്ടിറങ്ങിയതും ഹവാസിൻ ഗോത്രമാണ്.
(ഫത്ഹുൽ ബാരി: 8/ 27, സീറത്തു ഇബ്നു ഹിശാം: 4/87, ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: 2/324)
ഹവാസിൻ ഗോത്രക്കാരുടെ ഔത്വാസിലെ സമ്മേളനത്തെ സംബന്ധിച്ച് വിവരമറിഞ്ഞപ്പോഴാണ് യുദ്ധത്തിനായി പ്രവാചകനും അനുചരന്മാരും യാത്ര തുടങ്ങുന്നത്.
(സീറത്തു ഇബ്നു ഹിശാം: 4/ 89)

വഴിയിൽ വെച്ചാണ് ശത്രു സൈന്യത്തിലെ ഈ ചാരൻ മുസ്‌ലിംകൾക്കിടയിലേക്ക് വന്നെത്തുന്നത്. ചാരപ്രവർത്തനത്തെ പോലെ അതിഗുരുതരമായ യുദ്ധ കുറ്റകൃത്യത്തിന് വധശിക്ഷ നൽകിയതാണോ പ്രവാചകന്റേയും അനുചരന്മാരുടേയും ഭീകര പ്രവർത്തനം !

ആധുനിക കാലഘട്ടത്തിൽ പോലും അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ചാരവൃത്തി പരിഗണിക്കപ്പെടുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. മിക്ക രാജ്യങ്ങളും ചാരന്മാരെ യുദ്ധ തടവുകാരായി പോലും പരിഗണിക്കുന്നില്ല. ദീർഘകാല തടവ്, ആജീവനാന്ത തടവുശിക്ഷ തുടങ്ങി വധശിക്ഷ വരെ നൽകുന്ന രാജ്യങ്ങൾ ഇന്നും ലോകത്തുണ്ട്.
(https://ihl-databases.icrc.org/customary-ihl/eng/docs/v2_rul_rule107_sectionb)

പിന്നെ കൊല്ലപ്പെട്ടപ്പോൾ അയാളുടെ വസ്തുവകകൾ വധിച്ച വ്യക്തി സ്വന്തമാക്കിയതാണ് പ്രശ്നമെങ്കിൽ പഴയ നിയമത്തിൽ യഹോവ പ്രവാചകരോട് കൽപ്പിക്കുന്നതും ഹൈന്ദവ യുദ്ധ ധർമ്മം വിശദീകരിക്കുന്ന സ്‌മൃതികളിലും ശ്രുതികളിലും ധർമ്മസൂത്രങ്ങളിലുമെല്ലാം നിർദ്ദേശിക്കുന്നതും യുദ്ധാർജിത സ്വത്ത് യുദ്ധം ചെയ്ത് വിജയിച്ചവർ പങ്കിട്ടെടുക്കാൻ തന്നെയാണ്. പ്രാകൃതമായ രൂപത്തിലുള്ളതാണ് ഈ കൽപനകൾ എന്ന് മാത്രം.(യുദ്ധ സമയത്ത് ശത്രു രാഷ്ട്രത്തിലേക്ക് നുഴഞ്ഞുകയറുന്ന ചാരനും യുദ്ധക്കാരനാണല്ലൊ):

“യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”
(ബൈബിള്‍/ ആവര്‍ത്തനം 20:10-17)

“യുദ്ധത്തിൽ ജയിച്ചടക്കുന്ന രഥം, അശ്വം, ആന, കുടം, ധനം, ധാന്യം, പശുക്കൾ, സ്ത്രീകൾ, ഗുഡലവണാദി ദ്രവ്യങ്ങൾ, സ്വർണ്ണവും വെള്ളിയുമൊഴിച്ചുള്ള ചെമ്പ്, പിത്തള മുതലയാവയും കൈവശപ്പെടുത്തിയ ജേതാവിനു തന്നെ എടുക്കാം. സ്വർണവും വെള്ളിയും രാജാവിനു സമർപ്പിക്കണം.”
(മനുസ്മൃതി: അദ്ധ്യായം: യുദ്ധധർമ്മം :7: 1)

പ്രവാചക ശിഷ്യർ യുദ്ധാർജിത സ്വത്ത് തൊട്ടാൽ മാത്രം അത് “ദുഷ്പ്രവൃത്തി” ആകുന്നതും ശിക്ഷക്ക് അർഹമാകുന്നതും എങ്ങനെയാണ് ?!

“ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്” എന്ന് പറഞ്ഞു കൊണ്ടാണ് വിമർശകനായ പാതിരി, ഈ ഹദീസിന്റെ ദുർവ്യാഖ്യാനങ്ങൾക്ക് വിരാമം കുറിക്കുന്നത് ! ഇനിയുമുള്ള ഹദീസ് ദുർവ്യാഖ്യാനങ്ങളും ‘ഇതുപോലെയുള്ള’ത് തന്നെയായിരിക്കുമെന്ന് മുസ്‌ലിംകൾക്ക് നന്നായി അറിയാം. ഇതിലപ്പുറമൊന്നും ഇസ്‌ലാമിക പ്രബോധകർ വിമർശകരിൽ നിന്ന് ഒരിക്കലും അഭിമുഖീകരിച്ചിട്ടുമില്ല, പുതുതായി പ്രതീക്ഷിക്കുന്നുമില്ല. ഇത്തരം പ്രഹസനങ്ങൾ, ഭീകരതയുടെ നിറം പൂശി ഇസ്‌ലാമിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങൾ ബാലിശമാണെന്ന് സത്യാന്വേഷികൾക്ക് തിരിച്ചറിയാനുള്ള നിമിത്തങ്ങളായേക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.