സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -1

//സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -1
//സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -1
ആനുകാലികം

സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയും -1

Print Now
സ്‌ലാം സമാധാനത്തിന്റേയും മാനവികതയുടേയും സന്ദേശമാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് യുദ്ധവുമായി ബന്ധപ്പെട്ട ഇസ്‌ലാമിലെ നിയമങ്ങൾ. മനുഷ്യ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്ന ഇസ്‌ലാം ഒരു പ്രാവർത്തിക മതമായത് കൊണ്ട് തന്നെ അനിവാര്യ ഘട്ടങ്ങളിൽ അത് യുദ്ധത്തിന് അനുവാദം നൽകി. പ്രതിരോധത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങൾ മുഴുവനും.
عن ابن عباس كان المشركون على منزلتين من النبي صلى الله عليه وسلم والمؤمنين كانوا مشركي أهل حرب يقاتلهم ويقاتلونه ومشركي أهل عهد لا يقاتلهم ولا يقاتلونه

പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു: പ്രവാചകനോടും വിശ്വാസികളോടും സ്വീകരിച്ച നിലപാടുകൾക്ക് അനുസൃതമായി, ബഹുദൈവാരാധകർ രണ്ടു വിഭാഗക്കാരായിരുന്നു. യുദ്ധക്കാരായ ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തു. സമാധാന സന്ധിയിലുള്ള ബഹുദൈവാരാധകർ; അവർ അദ്ദേഹത്തോടും അദ്ദേഹം അവരോടും യുദ്ധം ചെയ്തില്ല.
(സ്വഹീഹുൽ ബുഖാരി: 4982)

നിർഭയത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സാഹചര്യങ്ങളിൽ നടന്ന യുദ്ധങ്ങളിൽ പോലും ധാർമികതയും നീതിയും കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്ന് പഠിപ്പിക്കുകയും അക്രമവും അനീതിയും യുദ്ധ സന്ദർഭങ്ങളിൽ പോലും വിരോധിക്കപ്പെട്ടതാണെന്ന് മനുഷ്യരെ ഉൽബോധിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന പുരോഹിതന്മാർ, മത ഭക്തർ, വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വധിക്കരുതെന്നും അനാവശ്യമായി കെട്ടിടങ്ങൾ തകർക്കുകയോ വൃക്ഷങ്ങൾ മുറിക്കുകയോ നാട് നശിപ്പിക്കുകയോ ചെയ്യരുത് എന്നും ഇസ്‌ലാം കൽപ്പിച്ചു. അതു വഴി മനുഷ്യത്വവും നീതിയും ശത്രുക്കൾക്ക് പോലും വകവെച്ച് കൊടുത്ത വ്യക്തിത്വമാണ് മുഹമ്മദ് നബി (സ). ഇസ്‌ലാമിന്റെ, ഇത്തരം യുദ്ധ നിയമങ്ങൾ ഭീകരതയായി ചിത്രീകരിക്കുകയാണ് ഇസ്‌ലാം ധ്വംസകരുടെ സ്ഥിരം പരിപാടി. ഇസ്‌ലാമിന് മുമ്പുള്ള മത ഗ്രന്ഥങ്ങളിലും സമൂഹങ്ങളിലും ഇസ്‌ലാം പഠിപ്പിച്ച ഇത്തരം നീതിയും ധർമ്മവും തൊട്ടു തീണ്ടിയിട്ടില്ലാത്ത യുദ്ധ ആഹ്വാനങ്ങളും കൊലവിളികളുമാണ് നാം കാണുന്നത്. ബൈബിളിലെ പഴനിയമവും ഹൈന്ദവ ധർമസൂത്രങ്ങളിൽ പലതും ഇതിന് ഉദാഹരണങ്ങളാണ്. അവയൊന്നും ഒരിക്കലും ചർച്ച ചെയ്യപ്പെടാറില്ല എന്നത് അത്ഭുതാവഹമാണ്. എന്നാൽ ഇസ്‌ലാമിലേക്ക് വരുമ്പോൾ എല്ലാം ഭീകരതയുടെ കണ്ണാടിയിലൂടെ മാത്രമെ നോക്കി കാണുകയുള്ളു എന്ന അവസ്ഥയിലെത്തിയിരിക്കുന്നു ഇസ്‌ലാം ഭീതി. ഭീകരതയുടെയും തീവ്രവാദത്തിന്റെ നാലയലത്തു പോലും എത്താത്ത ആയത്തുകളും ഹദീസുകളും പോലും ദുർവ്യാഖ്യാനിച്ച് അതിലേക്ക് എത്തിച്ച് ചേർക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും സ്വയം പരിഹാസ്യമായി മാറുക എന്നുള്ളതാണ് ഈ ശ്രമകരമായ യത്നത്തിന്റെ തിക്തഫലം.

സ്വഹീഹുൽ ബുഖാരിയും റെയ്നോൾഡ്സ് പേനയുമാണ് ഇസ്‌ലാം വിമർശകർക്ക് ആകെ കൂടി വേണ്ട അസംസ്കൃത വസ്ഥുക്കൾ. അവ രണ്ടിനുമിടയിൽ ഗവേഷണമോ ബൗദ്ധീക പ്രക്രിയകളോ പഠന മനനങ്ങളോ ഒന്നും നടക്കുന്നില്ല! ആശയങ്ങൾ സ്വഹീഹുൽ ബുഖാരിയിലെ ഏതെങ്കിലും മൂലയിൽ നിന്നും കയറുന്നു… റെയ്നോൾഡ്സ് പേനയിലൂടെ പുറത്തേക്ക് ചീറ്റുന്നു! സമകാലിക നിരൂപണങ്ങളുടെ ശൈലി ഇത്തരമൊരു തലത്തിലേക്ക് അധഃപതിച്ചു കഴിഞ്ഞു.

ഇതിനേറ്റവും നല്ല ഉദാഹരണമാണ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളിൽ നിന്ന്, സ്ത്രീകളേയും കുട്ടികളേയും വധിക്കാൻ പ്രവാചകൻ (സ) അനുവാദം നൽകിയെന്ന പുതിയ കണ്ടുപിടുത്തം.
യുദ്ധത്തിൽ സ്ത്രീകളേയും കുട്ടികളേയും വധിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക വീക്ഷണമെന്താണെന്ന് വിശദീകരിച്ചതിന് ശേഷം ഇസ്‌ലാം ഭീതി പടർത്താൻ ശ്രമിക്കുന്നവരുടെ ദുർവ്യാഖ്യാനങ്ങൾ നമുക്ക് ചർച്ച ചെയ്യാം.

“നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.” (വിശുദ്ധ ഖുർആൻ: 2:190)

ഖുർആന്റെ ഈ വചനത്തിൽ ‘നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌’ എന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശങ്ങളിലൊന്ന് കുട്ടികളേയും സ്ത്രീകളേയും വധിക്കരുത് എന്നതാണ്. ഇത് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്.

ﻋَﻦْ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﺃَﺑِﻲ ﻋَﻤْﺮَﺓَ ﻗَﺎﻝَ: ﻣَﺮَّ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻮْﻡَ ﺣُﻨَﻴْﻦَ ﺑِﺎﻣْﺮَﺃَﺓٍ ﻣَﻘْﺘُﻮﻟَﺔٍ ﻓَﻘَﺎﻝَ: «ﺃَﻟَﻢْ ﺃَﻧْﻪَ ﻋَﻦْ ﻫَﺬَا؟» ﻓَﻘَﺎﻝَ ﺭَﺟُﻞٌ: ﺃَﺭْﺩَﻓْﺘُﻬَﺎ ﻓَﺄَﺭَاﺩَﺕْ ﺃَﻥْ ﺗَﻘْﺘُﻠَﻨِﻲ، ﻓَﻘَﺘَﻠْﺘُﻬَﺎ، ﻓَﺄَﻣَﺮَ اﻟﻨَّﺒِﻲُّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺑِﺪَﻓْﻨِﻬَﺎ

അബ്ദുർറഹ്മാൻ ഇബ്നു അബീ അംറ (റ) പറഞ്ഞു: യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ അടുത്തു കൂടെ പ്രവാചകൻ (സ) കടന്നുപോയി. “ഇതിൽ (സ്ത്രീകളെ വധിക്കുന്നതിൽ) നിന്നും ഞാൻ വിലക്കിയിട്ടില്ലേ” എന്ന് അദ്ദേഹം ചോദിച്ചു അപ്പോള്‍ ഒരാൾ പറഞ്ഞു: ആ സ്ത്രീയെ ഞാൻ എന്റെ വാഹനപുറത്ത് പിന്നിൽ ഇരുത്തി. അവർ എന്നെ പിന്നില്‍ നിന്നും വധിക്കാനായി ഒരുങ്ങിയപ്പോഴാണ് അവരെ ഞാൻ വധിച്ചത്. അപ്പോള്‍ അവരെ മറമാടാൻ പ്രവാചകന്‍ (സ) കൽപ്പിച്ചു. (മുസ്വന്നഫ് അബ്ദുർ റസാഖ്: 9383)

عَنْ رَبَاحِ بْنِ رَبِيعٍ قَالَ : كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي غَزْوَةٍ فَرَأَى النَّاسَ مُجْتَمِعِينَ عَلَى شَيْءٍ فَبَعَثَ رَجُلًا فَقَالَ : انْظُرْ عَلَامَ اجْتَمَعَ هَؤُلَاءِ ، فَجَاءَ فَقَالَ عَلَى امْرَأَةٍ قَتِيلٍ ، فَقَالَ : مَا كَانَتْ هَذِهِ لِتُقَاتِلَ . قَالَ : وَعَلَى الْمُقَدِّمَةِ خَالِدُ بْنُ الْوَلِيدِ ، فَبَعَثَ رَجُلًا فَقَالَ : ( قُلْ لِخَالِدٍ لَا يَقْتُلَنَّ امْرَأَةً وَلَا عَسِيفًا )

റബാഹിബ്‌നു റബീഅ (റ) നിവേദനം ചെയ്തതാണ് അതിലൊന്ന്. ‘ഒരു യുദ്ധത്തിന് ശേഷം ജനങ്ങള്‍ എന്തിനോ ചുറ്റും കൂട്ടംകൂടി നില്‍ക്കുന്നതായി പ്രവാചകന്‍ (സ) കണ്ടു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹമാണ് അവര്‍ നോക്കുന്നത് എന്ന് പറയപ്പെട്ടു.
പ്രവാചകൻ (സ) പറഞ്ഞു: അവൾ യുദ്ധം ചെയ്യുന്നവളായിരുന്നില്ലല്ലോ! എന്നിട്ട് ഉടനെ പ്രവാചകന്‍ (സ) കല്‍പ്പന നൽകി: ഖാലിദിന്റെ അടുത്തു ചെല്ലുക, എന്നിട്ട് വേലക്കാരേയും കുട്ടികളേയും വധിക്കരുത് എന്ന് അറിയിക്കുക.’
(സുനനു അബൂദാവൂദ്: 2295)

عن نافع أن عبدالله رضي الله عنه أخبره أن امرأة وُجدت في بعض مغازي النبي صلى الله عليه وسلم مقتولة، فأنكر رسول الله صلى الله عليه وسلم قتل النساء والصبيان

ഇബ്നു ഉമർ (റ) പറയുന്നു: നബിയോടൊപ്പമുള്ള ഒരു യുദ്ധത്തിൽ ഒരു സ്ത്രീ കൊലചെയ്യപ്പെട്ടതായി കാണപ്പെട്ടു. അപ്പോൾ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊല്ലുന്നതിനെ തിരുദൂതർ (സ) ശക്തമായി എതിർത്തു.
(സ്വഹീഹുൽ ബുഖാരി: 3014, സ്വഹീഹ് മുസ്‌ലിം: 1744 )

عَنْ سُلَيْمَانَ بْنِ بُرَيْدَةَ ، عَنْ أَبِيهِ ، قَالَ : إن النبي صلى الله عليه وسلم قال: اغزوا باسم الله، وفي سبيل الله، وقاتلوا من كفر بالله، اغزوا، ولا تغدروا، ولا تغلوا، ولا تمثلوا، ولا تقتلوا وليدًا

സുലൈമാനിബ്നു ബുറൈദ തന്റെ പിതാവിൽ നിന്ന്: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതൻ (സ) പറഞ്ഞു: അല്ലാഹുവെ നിഷേധിച്ച (യുദ്ധക്കാരായ) വിഭാഗക്കാരോട്, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ പുറപ്പെടുക. നിങ്ങൾ വഞ്ചിക്കരുത്. കൊള്ളയടിക്കരുത്. (ശത്രുക്കളെ) അംഗവിഛേദനം നടത്തരുത്. നിങ്ങൾ കുട്ടികളെ വധിക്കരുത്.
(സ്വഹീഹു മുസ്‌ലിം: 1731, സുനനു അബൂദാവൂദ്: 2613)

عن الأسود بن سريع قال : قال رسول الله صلى الله عليه وسلم : ما بال أقوام بلغوا في القتل حتى قتلوا الولدان ، قال : فقال رجل من القوم : إنما هم أولاد المشركين، فقال رسول الله صلى الله عليه وسلم : أوليس أخياركم إنما هم أولاد المشركين ، إنه ليس مولود يولد إلا على الفطرة حتى يبلغ فيعبر عن نفسه أو يهوده أبواه أو ينصرانه .

അസ്‌വദിബ്നു സരീഅ് (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: എന്താണ് ഒരു കൂട്ടരുടെ കഥ! യുദ്ധത്തിൽ അതിരു കവിഞ്ഞ് കുട്ടികളെ പോലും അവർ വധിച്ചു ! അപ്പോൾ സദസ്സിൽ നിന്നും ഒരാൾ പറഞ്ഞു: അവർ ബഹുദൈവാരാധകരുടെ കുട്ടികൾ മാത്രമല്ലേ? അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പ്രതിവചിച്ചു: നിങ്ങളിൽ ഏറ്റവും ഉത്തമരാണ് ബഹുദൈവാരാധകരുടെ കുട്ടികൾ. ശുദ്ധ പ്രകൃതിയിലായി കൊണ്ടല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല; പ്രായപൂർത്തി എത്തുന്നത് വരെ. പിന്നീട് അവൻ സ്വന്തം മനസ്സിനെ ആവിഷ്‌കരിക്കുന്നു. അല്ലെങ്കിൽ അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യാനിയോ ആക്കുകയോ ചെയ്യുന്നു.
(മുസ്നദ് അഹ്‌മദ്: 15589, സുനനുൽ കുബ്റാ: നസാഈ:8562, മുഅ്ജമുൽ കബീർ : ത്വബ്റാനി: 834, ദാരിമി: 2/223, മുസ്തദ്റഖ്: ഹാകിം:2/123, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/656)

عن ابن عباس قال كان رسول الله صلى الله عليه وسلم إذا بعث جيوشه قال اخرجوا بسم الله تقاتلون في سبيل الله من كفر بالله لا تغدروا ولا تغلوا ولا تمثلوا ولا تقتلوا الولدان ولا أصحاب الصوامع

ഇബ്നു അബ്ബാസ് (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതൻ ഒരു സൈന്യത്തെ നിയോഗിച്ചാൽ അവരോട് ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവെ നിഷേധിച്ച (യുദ്ധക്കാരായ) വിഭാഗക്കാരോട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ പുറപ്പെടുക. നിങ്ങൾ വഞ്ചിക്കരുത്. ചതിക്കരുത്. (ശത്രുക്കളെ) അംഗവിഛേദനം നടത്തരുത്. നിങ്ങൾ കുട്ടികളേയും ദേവാലയങ്ങളുടെ ആൾക്കാരേയും വധിക്കരുത്.
(മുസ്നദ് അഹ്മദ്: 2723)

സമാനമായ മറ്റു ചില ഹദീസുകൾ കൂടി കാണുക:

ولا تقتلوا وليدًا طفلاً، ولا امرأة، ولا شيخًا كبيرًا

“ചെറിയ കുട്ടികളേയും സ്ത്രീകളേയും പടു വൃദ്ധരേയും നിങ്ങൾ വധിക്കരുത്.”
(സുനനുൽ കുബ്റാ: ബൈഹഖി: 17934)

أن رسول الله صلى الله عليه وسلم كان إذا بعث جيوشه قال: ((لا تقتلوا وليدًا ولا امرأة))

“നിങ്ങൾ കുഞ്ഞുങ്ങളെ വധിക്കരുത്; സ്ത്രീകളേയും.”
(ശർഹു മആനിൽ ആസാർ: ത്വഹാവി: 3/221)

പ്രവാചകന്റെ മാതൃക ഉൾകൊണ്ട, പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണാധികാരികളായ പ്രവാചക ശിഷ്യർ സൈന്യത്തെ വിന്യസിച്ചപ്പോൾ നൽകിയ ഉപദേശങ്ങളിലും ഇക്കാര്യത്തെ സമ്പന്ധിച്ച കർശനമായ നിർദ്ദേശം കാണാം:

ഖലീഫ അബൂബക്കർ (റ) സൈന്യത്തോട് പറയുമായിരുന്നു:

“(യുദ്ധത്തിൽ പങ്കാളികളാകാത്ത) ദേവാലയങ്ങളിൽ, സ്വന്തത്തെ (ആരാധനകൾക്കായി) ഉഴിഞ്ഞു വെച്ച ഒരു സമൂഹത്തെ നിങ്ങൾ കാണും. അവരേയും അവർ ഏതൊന്നിന്നാണോ സ്വന്തത്തെ ഒഴിച്ചു വെച്ചിരിക്കുന്നത് അതിനെയും നിങ്ങൾ വെറുതെ വിടുക. പടയാളികളെ മാത്രം വധിക്കുക. വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും വധിക്കരുത്. കെട്ടിടങ്ങൾ തകർക്കരുത്. ആവശ്യത്തിനല്ലാതെ മരങ്ങൾ വെട്ടുകയോ മൃഗങ്ങളെ അറുക്കുകയോ ഈത്തപ്പന കത്തിക്കുകയോ ചെയ്യരുത്. മുക്കി കൊല്ലരുത്, വഞ്ചിക്കരുത്, അങ്ക വിഛേദനം നടത്തരുത്, ഭീരുത്വം കാണിക്കരുത്, ചതിക്കരുത്…”
(സുനനുൽ കുബ്റാ: ബൈഹഖി: 17929)

أن أبا بكر بعث جيوشا إلى الشام فخرج يتبع يزيد بن أبي سفيان فقال : إني أوصيك بعشر : لا تقتلن صبيا ولا امرأة ولا كبيرا هرما ولا تقطعن شجرا مثمرا ولا تخربن عامرا ولا تعقرن شاة ولا بعيرا إلا لمأكلة ولا تغرقن نخلا ولا تحرقنه ولا تغلل ولا تجبن .

ശാമിലേക്ക് നിയോഗിക്കപ്പെട്ട സൈന്യത്തോട് ഖലീഫ അബൂബക്കർ (റ) ഉപദേശിച്ചു: പത്ത് കാര്യങ്ങൾ ഞാൻ താങ്കളോട് ഉപദേശിക്കുന്നു. കുട്ടികളേയും സ്ത്രീകളേയും വൃദ്ധരേയും വധിക്കുകയേ ചെയ്യരുത്. ആവശ്യത്തിനല്ലാതെ ഫലം കായ്ക്കുന്ന മരങ്ങൾ വെട്ടുകയേ ചെയ്യരുത്. കെട്ടിടങ്ങൾ തകർക്കുകയേ ചെയ്യരുത്. ഭക്ഷിക്കാൻ വേണ്ടിയല്ലാതെ മൃഗങ്ങളെ അറുക്കുകയോ ഈത്തപ്പന കത്തിക്കുകയോ മുക്കി നശിപ്പിക്കുകയോ ചെയ്യരുത്. വഞ്ചിക്കരുത്, ഭീരുത്വം കാണിക്കുകയുമരുത്…
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/655)

قال : قام أبو بكر في الناس فحمد الله وأثنى عليه ثم قال : ألا لا يقتل الراهب في الصومعة .

അബൂബക്കർ (റ) ജനങ്ങളോട് പ്രസംഗിക്കവെ, അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്ത ശേഷം ഇപ്രകാരം ഉപദേശിച്ചു: അറിയുക, ദേവാലയങ്ങളിലുള്ള പുരോഹിതനെ വധിക്കരുത്.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/656)

ഖലീഫ ഉമർ (റ) സൈന്യത്തിന് നൽകിയ ഉപദേശങ്ങളിലും ഈ നിർദ്ദേശം കാണാം.

عن نافع عن ابن عمر قال : كتب عمر إلى أمراء الأجناد أن لا تقتلوا امرأة ولا صبيا وأن تقتلوا من جرت عليه المواسي .

നിങ്ങൾ സ്ത്രീകളേയും കുട്ടികളേയും വധിക്കരുത്, യോദ്ധാക്കളെ മാത്രം വധിക്കുക എന്ന് സൈന്യത്തിന്റെ നേതാക്കളോട് ഉമർ (റ) എഴുതി അറിയിക്കുമായിരുന്നു.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/654)

عن زيد بن وهب قال : أتانا كتاب عمر : لا تغلوا ولا تغدروا ولا تقتلوا وليدا واتقوا الله في الفلاحين .

സൈദ് ഇബ്നു വഹബ് പറയുന്നു: ഞങ്ങൾക്ക് ഉമറിന്റെ കത്തു കിട്ടി: നിങ്ങൾ വഞ്ചിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യരുത്. കുട്ടികളെ വധിക്കരുത്. കൃഷിക്കാരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. (അവരേയും വധിക്കരുത്, അവരുടെ കൃഷിയിടങ്ങൾ നശിപ്പിക്കരുത്)
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/654)

عن عمر بن الخطاب رضي الله عنه أنه قال اتقوا الله في الفلاحين فلا تقتلوهم الا ان ينصبوا لكم الحرب

ഖലീഫ ഉമർ (റ) പറഞ്ഞു: കൃഷിക്കാരുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങളോട് യുദ്ധം പ്രഖ്യാപിക്കാത്തവരോട് നിങ്ങൾ യുദ്ധം ചെയ്യരുത്.
(സുനനുൽ കുബ്റാ: ബൈഹഖി: 9/91)

عن جابر قال كانوا لا يقتلون تجار المشركين

ജാബിർ (റ) പറഞ്ഞു: ബഹുദൈവാരാധകരായ കച്ചവടക്കാരെ അവർ(പ്രവാചകാനുചരന്മാർ) യുദ്ധത്തിൽ വധിച്ചിരുന്നില്ല.
(സുനനുൽ കുബ്റാ: ബൈഹഖി: 9/91)

പ്രവാചകന്റെ ഇത്തരം ഹദീസുകളിൽ നിന്നും പാഠമുൾക്കൊണ്ട ലോകത്തെ സർവ്വ മുസ്‌ലിം പണ്ഡിതരും സ്ത്രീകളേയും കുട്ടികളേയും വധിക്കരുതെന്നത് ഏകാഭിപ്രായക്കാരാണ്. സ്ത്രീകളേയും കുട്ടികളേയും മാത്രമല്ല ശത്രു നാട്ടിൽ യുദ്ധവുമായി ബന്ധമില്ലാത്ത ആരേയും വധിക്കരുതെന്നാണ് നിയമം. അതനുസരിച്ച് മത പുരോഹിതർ, സന്യാസികൾ, വൃദ്ധർ, കച്ചവടക്കാർ, കൃഷിക്കാർ എന്നിവരും കൊല്ലപ്പെടാൻ പാടില്ല. പടയാളികൾ തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. ഇസ്‌ലാമികലോകത്തെ സർച്ച പണ്ഡിതർക്കുമിടയിൽ ‘ഇജ്മാഅ്’ (ഒരു വിധത്തിലുമുള്ള അഭിപ്രായ വ്യത്യാസവുമില്ലാതെ ഏകാഭിപ്രായം) ഉള്ള ഒരു വിഷയമാണ് ഇത്.

وَأَجْمَعَ الْعُلَمَاءُ عَلَى الْقَوْلِ بِجُمْلَةِ هَذَا الْحَدِيثِ، وَلَا يَجُوزُ عِنْدَهُمْ قَتْلُ نِسَاءِ الْحَرْبِيِّينَ وَلَا أَطْفَالِهِمْ؛ لِأَنَّهُمْ لَيْسُوا مِمَّنْ يُقَاتِلُ فِي الْأَغْلَبِ.

ഇബ്നു അബ്ദുൽ ബിർറ് (റ) പറഞ്ഞു: ഈ ഹദീസുകൾ പ്രകാരമാണ് മതാഭിപ്രായം രൂപീകരിക്കേണ്ടത് എന്ന കാര്യത്തിൽ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം – ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ – ഏകോപിക്കുന്നു. യുദ്ധക്കാരായ സമൂഹങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും വധിക്കാൻ പാടില്ല എന്നാണ് അവരുടെ എല്ലാവരുടേയും അഭിപ്രായം. കാരണം – മിക്കവാറും – യുദ്ധങ്ങളിൽ പങ്കാളിയാകാത്തവരാണല്ലോ അവർ.
(അത്തംഹീദ്: 16/138)

أجمع العلماء على تحريم قتل النساء والصبيان إذا لم يقاتلوا.

യുദ്ധക്കാരായ സമൂഹങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും വധിക്കാൻ പാടില്ല എന്ന കാര്യത്തിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ‘ഇജ്മാഅ്’ ഉണ്ട്.
(ശർഹു മുസ്‌ലിം: 12/ 48)

(തുടരും)

No comments yet.

Leave a comment

Your email address will not be published.