സ്ത്രീവാദ രാഷ്ട്രീയത്തിൻ്റെ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ ചരിത്രവും വർത്തമാനവും
തൊഴിലാളി വർഗ്ഗങ്ങൾക്ക് ഭൂമിയിൽ സ്വർഗ്ഗം പണിയാൻ വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി എന്ന സ്ട്രോമാൻ ഫാലസി പോലെ സ്ത്രീവിമോചനവും സ്ത്രീ സമത്വവും കൊണ്ട് വന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന അവകാശവാദവും കല്ല് വെച്ച നുണകളാണ്.
കാൾ മാർക്സ് എംഗൾസ് ലെനിൻ തുടങ്ങി ആൻ്റോണിയോ ഗ്രാംഷി വരെയുള്ള കമ്യൂണിസ്റ്റ് ചിന്തകന്മാരുടെ ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ സ്ത്രീ സമത്വമോ സ്ത്രീ വിമോചന സിദ്ധാന്തമോ പറയുന്നില്ല. സ്ത്രീകളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ കമ്യൂണിസ്റ്റ് സാഹിത്യങ്ങളിൽ പ്രത്യേക പശ്ചാത്തലത്തിൽ വന്നത് എടുത്ത് കാട്ടി സ്ത്രീ സമരമുഖങ്ങളുടെ അട്ടിപ്പേറ് കമ്യൂണിസ്റ്റുകാർ അവകാശപ്പെടുകയാണ്.
കടുത്ത സോഷ്യലിസ്റ്റായ ഓഗസ്റ്റ് ബെബൽ എഴുതുന്നു.
“സോഷ്യലിസ്റ്റ് സമൂഹത്തിലെ സ്ത്രീ സാമൂഹികമായും സാമ്പത്തികമായും സ്വതന്ത്രരായിരിക്കും. ചെറിയ തോതിലെങ്കിലും ആധിപത്യത്തിനോ ചൂഷണത്തിനോ വിധേയമാവാത്തവൾ പുരുഷനൊടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യതയും സ്വാതന്ത്ര്യവും ലഭിക്കുന്നവളായിരിക്കും”
(WOMAN UNDER SOCIALISM, AUGUST BEBAL 1904,ROSINGS DIGITAL PUBLICATION)
സ്ത്രീ പുരുഷ സമത്വമാണ് കമ്യൂണിസ്റ്റുകാർ വിഭാവന ചെയ്യുന്നത്. ഇ.എം എസ് 1985 ആഗസ്റ്റ് 2 (ഇഎംസും ആധുനികതയും പേജ് 342 നാഷണൽ ബുക്സ്റ്റാൾ ജ: എഡിറ്റർ ഡോ. എസ് രാജശേഖരൻ)
കാറൽ മാർക്സിൻ്റെ “സ്വകാര്യസ്വത്തും കമ്യൂണിസവും” (Private Property and comminism) എന്ന പുസ്തകത്തിൽ മനുഷ്യ ബന്ധങ്ങളിൽ വെച്ച് ഏറ്റവും സ്വാഭാവികമായത് സ്ത്രീ പുരുഷ ബന്ധവും മാനസിക സത്ത സ്വാഭാവികമായിരിക്കുന്നതും സ്ത്രീ പുരുഷ ബന്ധത്തിൻ്റെ സ്വാഭാവിക അവസ്ഥയായി പരിഗണിക്കാവുന്നതാണെന്ന് മാർക്സ് പറഞ്ഞത് സ്ത്രീ പുരുഷ സമത്വത്തെയാണ് ഉദ്ദേശിച്ചതെന്ന് രാജേഷ് കെ എരുമേലി കണ്ടുപിടിച്ചിരിക്കുന്നു.
മറ്റൊരു യുറേക്ക എംഗൽസിൻ്റെ കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം (The Orgin of the family Private Property and the state)എന്ന ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് മാർക്സും എംഗൾസും മോർഗനും സ്ത്രീവാദത്തെ പരിപോഷിപ്പിച്ചതായും കണ്ടുപിടിച്ചിരിക്കുന്നു.
സ്ത്രീപുരുഷ ബന്ധത്തിലെ വൈരുദ്ധ്യമാണ് ആദ്യത്തെ വർഗ ചൂഷണമെന്നും അത് ലിംഗാധിപത്യത്തിലൂടെ പുരുഷൻ സ്ത്രീയിൽ അടിച്ചേൽപ്പിച്ച ചൂഷണമാണെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസക്തി പ്രാധാന്യം എന്ന പുസ്കത്തിലൂടെ സി ഭാസ്കരനും അവകാശപ്പെടുന്നു. (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസക്തി പ്രാധാന്യം സി.ഭാസ്കരൻ, ദേശാഭിമാനി പബ്ലിഷേഴ്സ്)
നിലവിലുള്ള ലിംഗവർഗ ജാതി ചൂഷണത്തിൻ്റെ ഇരകളാകുന്ന സ്ത്രീകൾ പുരുഷാധിപത്യത്തിനും എല്ലാ തരം അടിച്ചമർത്തലുകൾക്കുമെതിരെ സംഘടിക്കേണ്ടതുണ്ട്. മാർക്സിയൻ നിലപാടാണ് ഇ എം എസിനുമുള്ളത്
(ഇ എം എസും ആധുനികതയും പേജ് 333. ജ. എഡിറ്റർ എസ് രാജശേഖരൻ, നാഷണൽ ബുക്ക് സ്റ്റാൾ)
തുല്യതയ്ക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം തൊഴിലാളി വർഗ്ഗം നടത്തുന്ന വിപ്ലവകരമായ വർഗസമരത്തിൻ്റെ ഭാഗമാണെന്ന ലെനിൻ്റെ വീക്ഷണത്തിന് ഇ.എം എസ് അടിവരയിട്ടു.
(അതേ പുസ്തകം. പേജ് 339)
സ്വകാര്യസമ്പത്തിൻ്റെ ആവിർഭാവമാണല്ലോ ഏകദാമ്പത്യത്തിൻ്റെ അടിസ്ഥാനം. ഏകദാമ്പത്യമാണ് സ്ത്രീകളെ രണ്ടാം തരക്കാരാക്കി തീർത്തത്.
(പേജ് 341)
1848 ലാണ് മാർക്സും എംഗൾസും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കുന്നത്. മാർക്സിൻ്റെ മൂലധനം (ദാസ് കാപിറ്റൽ) പ്രസിദ്ധീകരിക്കുന്നത് 1867 ലും 1960 കളിലാണ് ഫെമിനിസം സംഘടിതമായി രൂപാന്തരംകൊണ്ടത്. 1960 കളിൽ ഉണ്ടാകാൻ പോവുന്ന സ്ത്രീവിമോചനവും സ്ത്രീ സമത്വ സിദ്ധാന്തവും എങ്ങിനെയാണ് 1848-67 കാലങ്ങളിലെ ഗ്രന്ഥങ്ങളിൽ അല്ലെങ്കിൽ കമ്യൂണിസ്റ്റ് ചിന്തകരിൽ നിന്ന് ഉണ്ടാവും?
മാർക്സും എംഗൾസും ചിന്തിച്ചിട്ടു പോലുമില്ലാത്ത സ്ത്രീ പുരുഷ സമത്വം സമർത്ഥിക്കാൻ കമ്യൂണിസ്റ്റ് ഭക്തന്മാർ കാട്ടുന്ന പ്രതിവിപ്ലവ ധൈഷണിക അഭ്യാസം കുറച്ച് കടന്നുപോയി എന്ന് പറയാതെ വയ്യ.
ഏക ഭാര്യ വ്യവസ്ഥ സ്വകാര്യസ്വത്ത് പോലെയും സ്ത്രീകളെ അടിമയാക്കലാണെന്നും പറഞ്ഞ ഇ.എംഎസ് 1984-1986 കാലത്ത് ശരീഅത്തിനെതിരെ പടപ്പുറപ്പാട് നടത്തുകയും പിന്നീട് ശരീഅത്തിനെ സംബന്ധിച്ച് തനിക്ക് വേണ്ടത്ര അറിയില്ലെന്നും പറഞ്ഞ് രംഗം ഒഴിയുകയും ചെയ്തു.
മാർക്സ് ലെനിൻ തുടങ്ങിയ കമ്യൂണിസ്റ്റ് ആചാര്യന്മാരും നേതാക്കളും ഭരണാധിപരും ബഹുഭാര്യത്വം സ്വീകരിച്ചവരോ പരസ്ത്രീ ബന്ധം വെച്ച് പുലർത്തുന്നവരോ ആയിരിക്കേ ഇസ്ലാം അനിവാര്യ ഘട്ടത്തിൽ അനുവദിച്ച ബഹുഭാര്യത്വ സാധ്യതയെ എന്തിനാണ് കമ്യൂണിസ്റ്റുകാർ എതിർക്കുന്നത്? ഏകപത്നി വിവാഹം സ്വകാര്യസ്വത്ത് പോലെ ബൂർഷാ സംസ്കാരമാണെന്ന് പറയുന്ന പാർട്ടിയുടെ മഹാഭൂരിപക്ഷവും ഏക പത്നി സമ്പ്രദായം കൊണ്ടുനടക്കുന്നവരായിരുന്നു താനും. മൊത്തത്തിൽ എല്ലാ വിഷയത്തിലും വൈരുദ്ധ്യ സ്വഭാവമാണ് നാളിതുവരെ പാർട്ടി പുലർത്തിയിരുന്നത് എന്ന് കാണാം.
മാർക്സിന് ഭാര്യ ജെന്നി വോണിന് പുറമെ വെപ്പാട്ടി കൂടി പങ്കാളിയായി ഉണ്ടായതും ലെനിൻ്റെ സ്ത്രീലമ്പടത്വവും സൗകര്യപൂർവ്വം കമ്യൂണിസ്റ്റ് ചിന്തകർ മറച്ചു വെക്കുന്നു.
ഇന്ന സ്കഅമാൻഡാണ് ലെനിൻ്റെ ആദ്യ ഭാര്യ. ക്രൂപ് സെകയോട് പ്രണയം കാണിച്ച ലെനിൻ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടപ്പോൾ കൂടെ താമസിച്ചത് ക്രൂപ്പ്സ് കയെയാണ്. നിനജെൻഡ്, ലിഡിയ ഡേവിഡോവ, എലിനസ്റ്റാ സോവ എന്നിവരുമായിട്ടും ലെനിന് പ്രണയം ഉണ്ടായിരുന്നുവെന്ന് കമ്യൂണിസ്റ്റ് സാഹിത്യം തന്നെ പാടിപ്പുകഴ്ത്തുന്നുണ്ട്.
തങ്ങൾക്ക് എന്തുമാവാമെന്ന് പ്രായോഗിക തലത്തിൽ കാണിച്ചു തന്ന നേതാക്കൾ സ്ത്രീ സമത്വം പ്രസംഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
The Autobiography of a Sexually Emancipated Communist woman എന്ന പുസ്തകം എഴുതിയ അലക്സാൻഡ്ര കൊലാൻ തായ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ മുഖമാണ്. സ്വതന്ത്ര രതിയുടെ പ്രതീകം, പ്രണയത്തിൻ്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായ ബന്ധങ്ങൾ വേണമെന്നും ലൈംഗിക അടുപ്പം വ്യക്തികളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് നിയന്ത്രിക്കേണ്ടതെന്നും ഭരണകൂടത്തിനോ മറ്റ് അധികാര കേന്ദ്രങ്ങൾക്കോ ഇതിലൊരു കാര്യമില്ലെന്നും കൊലൊൻ തായ് വാദിച്ചു.
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജൂൺ 18)
നബി(സ)യെയും ഇസ്ലാമിനെയും നിന്ദിച്ചു കൊണ്ട് പുസ്തകമെഴുതിയ സൽമാൻ റുഷ്ദിയെ കമ്യൂണിസ്റ്റ് പാർട്ടി പിന്തുണക്കുകയുണ്ടായി. തൻ്റെ സാത്താനിക് വേഴ്സസ് എന്ന ശുദ്രകൃതിയിൽ നബി(സ)യുടെ ബഹുഭാര്യത്വത്തെ സ്ത്രീ ലമ്പടത്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ റുഷ്ദി പുസ്തകം സർക്കാർ നിരോധിച്ചപ്പോൾ പാർലമെൻ്റിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞ് പുസ്തക നിരോധനത്തിനെതിരെ കമ്യൂണിസ്റ്റ് എം.പിമാർ പ്രതികരിക്കുകയും തുടർന്ന് തൊട്ടടുത്ത ദിവസം പാർട്ടി ഭാരത് ബന്ദ് നടത്തുകയും ചെയ്തു.
നിയമാനുസൃതമായ ഭാര്യക്ക് പുറമെ അനവധി സ്ത്രീകളെ വെച്ച് കൊണ്ടിരുന്ന സമ്പ്രദായം ചൈനയിൽ ഉണ്ടായിരുന്നു. അത് സദാചാരവിരുദ്ധമായി കരുതിയിട്ടില്ല.
(ബ്രിട്ടാനിക്ക എൻസൈക്ലോപ്പീഡിയ yolx Vlll, പേജ് 188)
കമ്യൂണിസ്റ്റ് വ്യവസ്ഥ ലോകത്ത് നടത്തിയ സ്ത്രീ സമത്വത്തിൻ്റെ ഒരു ഉദാഹരണം കൂടി കാണുക.
“ലിംഗ സമത്വത്തെ കുറിച്ചുള്ള അവബോധം സോവിയറ്റ് യൂണിയൻ്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുവാൻ അവർക്ക് ഒരളവുവരെ കഴിഞ്ഞു. ഷെനോത്ത് ജെൽ യോഗത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകൾ മെയ് ദിനത്തിലും വനിതാ ദിനത്തിലും സ്വമനസ്സാലെ പർദയില്ലാതെ പങ്കെടുക്കുന്നത് പതിവാക്കി.
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 ജൂൺ 18 എ എം. ഷിനാസ്)
മുസ്‌ലിംസ്ത്രീകളുടെ പർദ ഉപേക്ഷിക്കുന്നതിലാണ് ലോക കമ്യൂണിസവും ഇന്ത്യൻ കമ്യൂണിസവും സ്ത്രീ പുരുഷ സമത്വം കാണുന്നത്. പർദക്ക് സമാനമായ കന്യാസ്ത്രീകളുടെയും സിഖ് സ്ത്രീകളുടെയും ഉത്തരേന്ത്യൻ ഹിന്ദു സ്ത്രീകളുടെയും വേഷം കണ്ട് ഇത് വരെ ഇടതുപക്ഷ സഹായിത്രികർ അസ്വസ്തരായി കണ്ടിട്ടില്ല.
ധാർമ്മിക സദാചാരത്തോട് താദാത്മ്യപ്പെടാൻ കഴിയാത്ത കമ്യൂണിസ്റ്റ് നടപ്പ് രീതി മുതലാളിത്ത ഉപഭോഗ സംസ്കാരത്തിൻ്റെ ഉപോല്പന്നമായ കാബറയെയും കാസിനോയെയും പബ്ബിനെയും വിമർശിക്കുന്നതായി കാണാറില്ല. സ്ത്രീ വേട്ടയുടെയും ചൂഷണത്തിൻ്റെയും മേഖലകൾ സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ മേച്ചിൽപുറങ്ങളാണെന്ന മിഥ്യാ മായ കാഴ്ചയിൽ അഭിരമിച്ചു പോവുന്നുണ്ടെങ്കിൽ സ്ത്രീ സമത്വ മുദ്രാവാക്യമെന്ന ഉട്ടോപ്യൻ സംജ്ഞ എത്രമേൽ അപ്രായോഗികവും ചൂഷണോപാതിയുമാണെന്ന് വ്യക്തം.
സ്ത്രീ പുരുഷ സമത്വമല്ല ലിംഗ നീതിയാണ് സ്ത്രീ സംരക്ഷണമാണ് പ്രായോഗികമായ സ്ത്രീവിമോചന മാർഗമെന്ന് ഇസ്ലാം കൃത്യമായും പഠിപ്പിക്കുന്നു.
2014ൽ എറണാകുളത്ത് വെച്ച് നടന്ന Kiss of Love എന്ന പേരിലുള്ള ചുംബന സമരത്തിന് ലിബറലുകളും കമ്യൂണിസ്റ്റുകാര്യം കലവറയില്ലാത്ത പിന്തുണയാണ് നൽകിയിരുന്നത്. ദേശാഭിമാനി പത്രവും വാരികയും വൻ കവറേജ് നൽകികൊണ്ടാണ് ചുംബന സമരമെന്ന ആഭാസത്തിന് പ്രോത്സാഹനം നൽകിയിരുന്നത്. മാത്രമല്ല ധാർമ്മിക സദാചാരത്തെ പരസ്യമായി വെല്ലുവിളിക്കുന്ന സാമൂഹൃപ്രശ്നം എന്ന നിലക്ക് മത സംഘടനകൾ ആശയപരമായി വിയോജിച്ചതിൻ്റെ പേരിൽ അപരിഷ്കൃതരെന്ന് ചാപ്പ കുത്താനും ഇവർ മുന്നോട്ട് വന്നിരുന്നു.
2025ലെത്തിയപ്പോൾ സ്ത്രീകളുടെ സാമൂഹ്യ സ്ഥിതി പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ലെന്ന മട്ടിലേക്ക് രൂപാന്തരപ്പെടുന്നതിനെയും ലിബറലുകളും കമ്യൂണിസ്റ്റുകളും സർവ്വ പിന്തുണയും നൽകി ആഘോഷിക്കുകയാണ്.

No comments yet.