സ്രഷ്ടാവിലേക്കടുക്കാനുള്ള വിശുദ്ധ മാസം

//സ്രഷ്ടാവിലേക്കടുക്കാനുള്ള വിശുദ്ധ മാസം
//സ്രഷ്ടാവിലേക്കടുക്കാനുള്ള വിശുദ്ധ മാസം
ആനുകാലികം

സ്രഷ്ടാവിലേക്കടുക്കാനുള്ള വിശുദ്ധ മാസം

ജീവിതത്തിൽ തെറ്റുകൾ ചെയ്യുന്നവരാണ് മനുഷ്യർ. തിന്മകളിൽ മുഴുകി ജീവിതത്തെ ഹോമിച്ചു കൊണ്ടിരിക്കുമ്പോൾ മനുഷ്യർ അവന്റെ സ്രഷ്ടാവിൽ നിന്ന് അകന്ന് കൊണ്ടിരിക്കും, തിന്മകളിൽ നിന്നും വിട്ടു നിൽക്കുമ്പോൾ മാത്രമേ പ്രപഞ്ച നാഥന്റെ സാമീപ്യം അവന് തിരിച്ചറിയാനാവൂ..

ഖുർആൻ ഇറക്കിയ വിശുദ്ധ മാസത്തിൽ വ്രതമനുഷ്ഠിക്കാൻ നാഥൻ കൽപ്പിച്ചത് എന്തിനായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

ഖുർആൻ ‘തഖ്‌വ’ അഥവാ അല്ലാഹുവിനെ സൂക്ഷിച്ചുള്ള ജീവിതം എന്താണെന്ന് വിശദീകരിക്കുന്നു. വ്രതത്തിലൂടെ സംശുദ്ധമായ ആ ജീവിത വ്യവസ്ഥ മനുഷ്യർ പരിശീലിക്കുന്നു. മനുഷ്യർക്ക് അനുവദനീയമായ ഭക്ഷണ പാനീയങ്ങളും, ഭാര്യയുമൊത്തുള്ള സംസർഗവും പ്രഭാതം മുതൽ പ്രദോഷം വരെ വെടിഞ്ഞു കൊണ്ടുള്ള നാഥന്റെ കൽപ്പന ശിരസ്സാവഹിക്കുന്നതിലൂടെ തിന്മകളെ വെടിയാനുള്ള ശരിയായ പരിശീലനം റമദാൻ വ്രതത്തിലൂടെ വിശ്വാസികൾ നേടിയെടുക്കുന്നു.

റമദാനിലെ രാത്രി നമസ്ക്കാരങ്ങൾക്ക് വലിയ പ്രധാന്യമുണ്ട്‌, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഒന്നാനാകാശത്തേക്ക് കാരുണ്യവാൻ ഇറങ്ങിവന്ന് കൊണ്ട് സൃഷ്ടികളെ കേൾക്കാൻ തയ്യാറായിരിക്കുമ്പോൾ സൃഷ്ടികളായ മനുഷ്യരും ഉണർന്നിരുന്നു കൊണ്ട് അവനോട് പ്രാർത്ഥിക്കുന്ന സുന്ദരമായ ആ നിമിഷങ്ങളിൽ പൂത്തുലയുന്ന ആ ബന്ധത്തിന്റെ സൗരഭ്യത്തെ ആർക്കാണ്‌ നിർവചിക്കാനാവുക..?

മനുഷ്യ മനസ്സുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഭൗതിക ഭ്രമത്തിന് തടയിടാൻ വ്രതത്തിനും, ആശയമറിഞ്ഞുള്ള ഖുർആൻ പാരായണത്തിനും, രാത്രി നമസ്ക്കാരങ്ങൾക്കും സാധിക്കുന്നു. രാത്രി നമസ്ക്കാരം ഹൃദയത്തിന് ശക്തമായ മനസ്സാന്നിദ്ധ്യം ഉണ്ടാക്കുന്നു, നമ്മുടെ സംസാരങ്ങളെ നേരെയാക്കാൻ അത് സഹായിക്കുന്നു, പാപങ്ങളെ ശുദ്ധീകരിക്കുന്നതോടൊപ്പം പാപങ്ങളെ തൊട്ട് തടയുന്നു. ശരിയായ വിശ്വാസവും, പ്രതിഫലേച്ഛയും ഉണ്ടായിരിക്കണം എന്ന നിബന്ധനയോടെ ആർ റമദാൻ മാസം വ്രതമനുഷ്ഠിക്കുന്നുവോ, ആരൊക്കെ ആ മാസത്തിൽ രാത്രി നമസ്ക്കരിക്കുന്നുവോ അവർക്കെല്ലാമുള്ള ഓഫറാണ് പാപ മോചനം.

വിശുദ്ധ മാസത്തിൽ വിശ്വാസികളുടെ ഹൃദയങ്ങൾക്ക് കാരുണ്യവാൻ വിശുദ്ധി നൽകുന്നു. പാപങ്ങൾ കൊണ്ട് കറുത്തു പോയ ഹൃദയങ്ങൾ കാരുണ്യവാന്റെ പാപമോചനത്തിലൂടെ പ്രകാശ പൂരിതമാവുമ്പോൾ ഖുർആനിന്റെ ആശയങ്ങൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിന്റെ ശിക്ഷകൾ വിവരിക്കുന്ന ആയത്തിലൂടെ കടന്നു പോവുമ്പോൾ അവന്റെ ഹൃദയം ഭയവിഹ്വലമാവുകയും കണ്ണീർ കണങ്ങൾ അവന്റെ കവിൾത്തടങ്ങളെ തഴുകി കടന്നു പോവുകയും ചെയ്യും, സ്വർഗ്ഗത്തിലെ വാഗ്ദാനങ്ങൾ പാരായണം ചെയ്യുമ്പോൾ അത് ലഭിക്കാനായുള്ള ഉള്ളറിഞ്ഞ പ്രാർത്ഥന ഉണ്ടാവണമെങ്കിലും സംശുദ്ധമായ ഹൃദയത്തിന്റെ ഉടമകൾക്ക് മാത്രമേ സാധിക്കൂ.

മനുഷ്യ മനസ്സുകൾക്ക് വിശുദ്ധി നൽകി സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന ഈ പുണ്യ മാസത്തെ പലരും അശ്രദ്ധമായി നോക്കി കാണുന്നവരാണ്. പലർക്കും ഈ മാസം വിശ്രമ നാളുകളാണ്, ചിലർക്കിത് സൽക്കാരങ്ങളിലൂടെ‌ പൊങ്ങച്ചം കാണിക്കാനുള്ള മാസമാണ്, മറ്റ് ചിലർക്കാവട്ടെ പ്രയാസത്തിന്റെ മാസമാണ്. ശരീരത്തിന്റെ ആഗ്രഹ പൂർത്തീകരണത്തിന് സാധിക്കാതെ പലരും ഈ മാസമൊന്ന് തീർന്നാൽ നന്നായിരുന്നെന്ന് ഉള്ളിലാഗ്രഹിക്കുന്നവരാണ്. സമയത്തിൽ ചെറിയൊരു മാറ്റം വരുന്നു എന്നതൊഴിച്ചാൽ പലർക്കും ഈ മാസം ഭക്ഷണത്തിന്റെ മാസമാണ്. സത് പ്രവർത്തികളിൽ മത്സരിക്കേണ്ടതിന് പകരം ഭക്ഷണ വിഭവങ്ങളിൽ മത്സരിക്കുന്നവർ, അത് കൊണ്ട് തന്നെ പലരും റമദാൻ എപ്പോഴാണ് വന്നത് എപ്പോഴാണ് തീർന്നത് എന്നതറിയാറില്ല. നവ മാധ്യമങ്ങളുടെ മായാ വലയത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവർക്ക് കുറച്ചു സമയം ഖുർആൻ ഓതാൻ സാധിക്കാത്തത് എന്ത് കൊണ്ടായിരിക്കും..?

ഭൗതിക ഭ്രമവും, മരണത്തെക്കുറിച്ചുള്ള വെറുപ്പും കാരണമായി മലവെള്ളപാച്ചിലിലെ ചണ്ടികളെ പോലെയാവുമെന്നുള്ള പ്രവാചകാദ്ധ്യാപനങ്ങളുടെ നേർക്കാഴ്ചകളായി മാറണോ എന്ന് തീരുമാനിക്കേണ്ടത് നാമോരോരുത്തരുമാണ്.

തീരുമാനമെടുക്കാൻ ഇനിയും അമാന്തിച്ചാൽ പാപങ്ങളെ കരിച്ചു കളയുന്ന മറ്റൊരു റമദാൻ നമുക്ക് കിട്ടിയെന്ന് വരില്ല.

print

2 Comments

  • بارك الله فيك

    shan 21.04.2021
  • അല്ലാഹു അനുഗ്രഹിക്കട്ടെ!

    ABDUN NAZEER 23.04.2021

Leave a comment

Your email address will not be published.