സ്ത്രീവിമോചനത്തിന്റെ പിന്നാമ്പുറങ്ങൾ

//സ്ത്രീവിമോചനത്തിന്റെ പിന്നാമ്പുറങ്ങൾ
//സ്ത്രീവിമോചനത്തിന്റെ പിന്നാമ്പുറങ്ങൾ
ആനുകാലികം

സ്ത്രീവിമോചനത്തിന്റെ പിന്നാമ്പുറങ്ങൾ

ധാർമികത ചോദ്യം ചെയ്യപ്പെടുകയും അധാർമികത തഴച്ചു വളരുകയും ചെയ്യുന്ന കാലഘട്ടമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്. മാതൃത്വത്തിന് വിലകല്പിക്കാത്ത, രക്തബന്ധങ്ങൾക്ക് പവിത്രത നഷ്ടപ്പെടുന്ന, പെണ്ണുടലിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധമത്വം നിറഞ്ഞ സമൂഹം. നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങളും അനീതികളും. പെണ്ണാണ് താനെന്ന് തിരിച്ചറിഞ്ഞ ഭ്രൂണം പോലും പിറക്കാൻ മടിക്കുന്ന കാലം.

ഇന്ന് ഏറ്റവുമധികം ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കുന്നത് സ്ത്രീകളാണ്. ഏത് കോണിൽ നോക്കിയാലും വർധിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗങ്ങളുടെയും ക്രൂരതകളുടെയും രക്തക്കറ പുരണ്ട കഥകൾ. സ്ത്രീകൾക്ക് നേരെ എന്ത് കയ്യേറ്റം ഉണ്ടായാലും അതിനെതിരെ സ്ത്രീവിമോചന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കിടയിൽ ആദ്യം ചർച്ച ചെയ്യപ്പെടുക ഇസ്‌ലാമിലെ സ്ത്രീയെ കുറിച്ചാണ്. ഇസ്‌ലാമിന്റെ എല്ലാ കാലത്തെയും വെല്ലുവിളി സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നല്ലോ. സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുമ്പോൾ തന്നെ ഭൗതികവാദികളുടെയും ഫെമിനിസ്റ്റുകളുടെയും മനസ്സിൽ ആദ്യമായി തെളിയുന്നത് ഇസ്‌ലാം സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകാതെ അവളെ പ്രാകൃത അടിമത്വത്തിന്റെ മുഖമുദ്രയായ പർദ്ദക്കുള്ളിൽ ഒളിപ്പിക്കുന്നു എന്നതാണ്. ഇതാണ് സ്ത്രീവിമോചനത്തിന് തടസ്സമായി സ്വാതന്ത്ര്യലോകം കാണുന്നത്. സ്ത്രീവിമോചനത്തിന് ആക്കം കൂട്ടുന്നവർ അതിനു തടസ്സമായി നിൽക്കുന്നത് ഇസ്‌ലാം ആണെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെങ്കിൽ ഇസ്‌ലാം സ്ത്രീയ്ക്ക് നൽകിയ മഹത്വത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. സ്ത്രീയെ സമൂഹം എപ്രകാരമാണ് കണക്കാക്കിയിരുന്നത് എന്ന് ലോകചരിത്രത്തിന്റെ താളുകളിൽ നമുക്ക് കാണാം. സ്ത്രീ എന്നും സമൂഹത്തിലെ ഒരു കച്ചവടച്ചരക്കായിരുന്നു എന്നതാണ് വാസ്തവം. പുരാതന റോമൻ നിയമം ഒരു പുരുഷന് തന്റെ ഭാര്യയെ മരണം വരെ ശക്തമായി പ്രഹരിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ അടിക്കാനും തൊഴിക്കാനും പീഡിപ്പിക്കാനുമുള്ള അനുമതി ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഒരു നിയമം കൊണ്ടുവരാൻ 1979 വരെ ഐക്യരാഷ്ട്രസഭയ്ക്ക് കാത്തിരിക്കേണ്ടിവന്നു. പുരുഷന് പാദസേവ ചെയ്യുന്ന കേവലമൊരു സ്വകാര്യസ്വത്ത്‌ എന്ന് മാത്രമായിരുന്നു സ്ത്രീയെക്കുറിച്ച് ചരിത്രപരമായി നിലനിന്നിരുന്ന വീക്ഷണം. ഒരു സ്വകാര്യസ്വത്തിനെ എങ്ങനെ വില്പന ചരക്കാക്കാൻ സാധിക്കുമെന്ന് ചിന്തിച്ചുകൊണ്ട് സ്ത്രീയുടെ ശരീരത്തെയും സൗന്ദര്യത്തെയും പരമാവധി ചൂഷണം ചെയ്ത് കമ്പോളവത്കരിക്കാനാണ് ഭൂരിപക്ഷം സമൂഹങ്ങളും കാലാകാലങ്ങളായി ശ്രമിച്ചിട്ടുള്ളത്. ഇസ്‌ലാം വരുന്നതിന് മുമ്പ് ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ വരെ സ്ത്രീ ഇപ്രകാരമായിരുന്നു. ഇതിൽനിന്നെല്ലാം എന്തായിരുന്നു സ്ത്രീയുടെ അന്നത്തെ അവസ്ഥ എന്ന് നമുക്ക് മനസ്സിലാകും.

അങ്ങനെ ദൈവിക മതമായി ഇസ്‌ലാം നിലകൊള്ളുകയും മുഹമ്മദൻസ് ലോ എന്ന് പൊതുവെ വിളിക്കപ്പെടുന്ന മതസംഹിത നിലവിൽ വരികയും ചെയ്തു. അതായിരുന്നു സ്ത്രീയുടെ യഥാർത്ഥ വിമോചനം. സ്ത്രീയ്ക്ക് ആദരവും പരിഗണനയും നൽകിക്കൊണ്ട് സ്വത്ത്‌ സമ്പാദിക്കാനും അനന്തരാവകാശത്തിൽ പങ്കാളിയാകാനും പഠിക്കാനും പഠിപ്പിക്കാനും സ്വാതന്ത്ര്യം നൽകിയപ്പോൾ ഇവിടെ പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും യൂറോപ്പിൽ സ്വത്തവകാശത്തിന് വേണ്ടി സ്ത്രീകൾ പ്രകടനം നടത്തിയിരുന്നതായി കാണാം. അനന്തരാവകാശത്തിൽ പെണ്ണിന് ഒന്നും നൽകാതിരുന്നതും പെണ്ണിന് വിദ്യ ഹറാമെന്ന ചിന്താഗതിയും സാംസ്കാരിക ലോകത്തിന്റെ പഴയകാല ചിത്രങ്ങളായിരുന്നു. ഇത്തരം അടിച്ചമർത്തലുകളിൽ നിന്നെല്ലാം ഒരു മോചനമായിക്കൊണ്ട് സ്ത്രീവിമോചനത്തിന്റെ കാവലാളായ മുഹമ്മദ്‌ (സ്വ) മതത്തിൽ ഒരുപാട് വ്യവസ്ഥകൾ കൊണ്ടുവന്നു. അതിൽ പെട്ടതായിരുന്നു ജീവിതത്തിൽ എല്ലായിടത്തും പെണ്ണിന് സൂക്ഷ്മത കൈവരിക്കാനും അവൾ ശല്യം ചെയ്യപെടാതിരിക്കാനുമായി വസ്ത്രധാരണത്തിൽ നിയമിക്കപ്പെട്ട ഒരു വ്യവസ്ഥ. അന്യ പുരുഷന്മാർക്ക് മുമ്പിൽ കയ്യും മുഖവും ഒഴിച്ചുള്ള ബാക്കി ഭാഗങ്ങൾ മറച്ചുകൊണ്ടേ പ്രത്യക്ഷപെടാവൂ എന്ന നിയമം. ഇസ്‌ലാം സ്ത്രീയ്ക്ക് അന്ന് വിമോചനം നൽകി ഇന്ന് നൽകുന്നില്ല എന്ന ഫെമിനിസ്റ്റ് വാദത്തിന് മറുപടിയായി നമുക്ക് പറയാൻ ഒന്നേയുള്ളു. ഇസ്‌ലാം പെണ്ണിന് അന്നും ഇന്നും നൽകുന്ന ഏറ്റവും വലിയ അവകാശം അത് വസ്ത്രം തന്നെയാണ്. സ്ത്രീയും പുരുഷനും വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അവരുടെ കഴിവും ചിന്തയും മാനസിക ശാരീരിക അവസ്ഥകളും വ്യത്യസ്തമാണ്. ഇവിടെയാണ്‌ സ്ത്രീ ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികബാധ്യത എന്നത് നാം കുടുംബത്തിന് വേണ്ടി ജീവിക്കുന്നു എന്നതാണ്. പുരുഷനാണ് കുടുംബത്തിലെ നട്ടെല്ല്. പക്ഷെ ജൈവിക ദൗത്യം നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് പെണ്ണിനെയാണ്. അടുത്ത തലമുറയ്ക്ക് ജന്മം നൽകാനുള്ള നല്ലൊരു പങ്ക് സ്ത്രീയ്ക്കായത് കൊണ്ട് തന്നെയാണ് പെൺശരീരം മാതൃത്വത്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയുന്നത്. ഇതുകൊണ്ടൊക്കെ തന്നെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് ചില പരിമിതികളുണ്ട്. ഇവിടെയാണ്‌ സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പരിശ്രമിക്കുന്നവർക്ക് തെറ്റുന്നത്.

ഇസ്‌ലാം സ്ത്രീയ്ക്ക് നൽകിയ മാന്യത ലോകത്തൊരു മതവും നൽകിയിട്ടില്ല എന്നത് ചരിത്രം തെളിയിച്ചതാണ്. ഇസ്‌ലാമിലെ സ്ത്രീയെ മൂടുപടത്തിനുള്ളിൽ നിന്ന് പുറത്ത് കൊണ്ടുവരിക എന്ന വാദത്തിന് പിന്നിലെ മുതലാളിത്ത വ്യവസ്ഥിതി പരിശോധിച്ചാൽ തന്നെ ഈ വാദത്തിന് എത്രത്തോളം കഴമ്പുണ്ടെന്ന് നമുക്ക് മനസ്സിലാകും. ഇന്ന് പെണ്ണിന്റെ വസ്ത്രം തീരുമാനിക്കുന്നത് മുതലാളിത്തമാണ്. സ്ത്രീയുടെ വ്യക്തിത്വം തെളിയിക്കുന്നത് അവളുടെ ശരീരം ആണെന്ന് പഠിപ്പിച്ചതും മുതലാളിത്തം തന്നെ. വൻകിട കോർപ്പറേറ്റ്‌ കമ്പനികളിലെയും എയർലൈൻസിലേയും സ്ത്രീ ജീവനക്കാരുടെ പാതിമറയാത്ത വസ്ത്രമൊക്കെ തീരുമാനിച്ചത് ആ കമ്പനികളിലെ ഉയർന്ന പുരുഷ മേധാവികളാണെന്ന കാര്യം യാഥാർഥ്യമാണ്. എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രം നിയമമാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനാണ് എന്നതാണ്. ഈ ഒരു കാര്യത്തിൽ നിന്നുതന്നെ നമുക്ക് മനസിലാക്കാം ഇവിടെ പെണ്ണിന് സ്വാതന്ത്ര്യം നൽകലല്ല അവളെ ചൂഷണം ചെയ്യാനാണ് മുതലാളിത്തം ശ്രമിക്കുന്നത് എന്ന്.

തോന്നുമ്പോൾ ഇഷ്ടമുള്ള പ്രവർത്തനങ്ങൾ ചെയ്യാനും നഗ്നത മറയാത്ത വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇസ്‌ലാം സ്ത്രീയിൽ നിന്നും വിലക്കുന്നത് എങ്കിൽ എത്ര അടിച്ചമർത്തിയാലും നമുക്ക് അഭിമാനത്തോട് കൂടി പറയാം ഈ സ്വാതന്ത്ര്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ അവകാശം എന്ന്. സമൂഹത്തിൽ അന്യപുരുഷന്മാർക്കിടയിൽ സ്വന്തം നഗ്നത വെളിവാക്കി നടക്കാനും അവരുടെ കൂടെ യാത്ര ചെയ്യാനും തോന്നിയത് പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം സ്ത്രീയ്ക്ക് നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ഈ അസ്വാതന്ത്രത്തെക്കുറിച്ചാണ് ഫെമിനിസ്റ്റുകളും ഭൗതികവാദികളും പറയുന്നതെങ്കിൽ ഇതിൽ നിന്നൊരു സ്വാതന്ത്ര്യം ഞങ്ങൾക്കാവശ്യമില്ല എന്ന് ഉറക്കെ വിളിച്ചുപറയാൻ നമുക്ക് കഴിയണം. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ പെണ്ണിന്റെ സൗന്ദര്യം പുറത്ത് കാണിക്കണമെന്നാഹ്വനിക്കുന്ന പുരുഷാധിപത്യം ആണോ അതോ താനിഷ്ടപ്പെടുന്ന ഒരാൾക്ക് മുമ്പിൽ മാത്രം പ്രദർശിപ്പിക്കാമെന്ന് അനുശാസിക്കുന്ന ഇസ്‌ലാം ആണോ സ്ത്രീയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം നൽകുന്നത്?

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പകുതിയും പങ്ക് അവളുടെ പെരുമാറ്റവും വസ്ത്രധാരണാരീതിയുമാണ്. അതുകൊണ്ട് തന്നെയാണ് പെണ്ണവകാശങ്ങൾക്ക് വേണ്ടി പ്രയത്നിച്ചവർ തന്നെ അവസരം കിട്ടിയപ്പോൾ മുതലെടുത്തതും. ഇതിന്റെയൊക്കെ ബാക്കിപത്രമായിട്ടാണല്ലോ ‘മീ ടൂ’ വെളിപ്പെടുത്തലുകൾ പോലുള്ളവ വർധിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരായിരുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് അനാവശ്യ യാത്രകളിൽ നിന്നും പാതിമറയാത്ത വസ്ത്രത്തിൽ നിന്നും മോഡലിങ്ങിൽ നിന്നുമെല്ലാം അവളെ സംരക്ഷിക്കലായിരുന്നു. സ്ത്രീയുടെ വസ്ത്രമല്ല പുരുഷനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന ഫെമിനിസ്റ്റുകളുടെ വാദം ഇസ്‌ലാമിൽ നന്മയുണ്ട് എന്ന് പറയാൻ പറ്റുന്ന എല്ലാ പഴുതുകളും അടക്കുകയാണ്. ഒരു സ്ത്രീയെ കാണുമ്പോൾ പുരുഷന് ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിപരമാണ്. ആ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ആദ്യത്തെ ദൗത്യം ജൈവികം ആണെങ്കിൽ രണ്ടാമത്തേത് ആക്രമണത്വരയാണ്. അതായത് അവൾ കാരണം ഏതെങ്കിലും രീതിയിൽ അവൻ ഒരാളെ ആക്രമിക്കും എന്നർത്ഥം. ഇവിടെയാണ്‌ ഇസ്‌ലാമിന്റെ ശാസന നിങ്ങൾ ദൃഷ്ടികൾ താഴ്ത്തണം എന്നത്. മുസ്‌ലിംകളല്ലാത്ത പണ്ഡിതരായ ആളുകൾ പറയുന്നുണ്ട് സ്ത്രീകളെ നിങ്ങൾ മാന്യമായി വസ്ത്രം ധരിച്ചിരുന്നെങ്കിൽ ഇന്ന് സമൂഹത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും മാറിയേനെ എന്ന്. അതായത് അവളുടെ വസ്ത്രം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ സമൂഹം വിലയിരുത്തിത്തുടങ്ങി എന്ന് സാരം. ഈ അവസരത്തിലാണ് ഇസ്‌ലാം സ്ത്രീയോട് പറഞ്ഞ വാചകങ്ങൾ ശ്രദ്ധേയമാകുന്നത്. തിരിച്ചറിയാനും ശല്യം ചെയ്യപ്പെടാതിരിക്കാനും വേണ്ടി നിങ്ങൾ നിങ്ങളുടെ മൂടുപടങ്ങൾ താഴ്ത്തിയിടുക. എന്തൊരു സുന്ദരമായ പ്രഖ്യാപനം. അർധനഗ്നകളായ സ്ത്രീകളെ സമൂഹം നോക്കിക്കാണുന്നത് വെറുപ്പോടെയാണെങ്കിൽ ഇസ്‌ലാമിക വേഷം ധരിച്ചു പോകുന്ന ഒരു സ്ത്രീയെ അവർ നോക്കുന്നത് ബഹുമാനത്തോടെയാണ്. ആ വസ്ത്രം ധരിക്കുന്നതിലൂടെ നാം സമൂഹത്തിന് തെളിയിച്ചു കൊടുക്കണം ഞാൻ യഥാർത്ഥ മുസ്‌ലിം സ്ത്രീ ആണെന്ന്. ശരീരമാണ് വ്യക്തിത്വത്തെ നിർണയിക്കുന്നത് എന്ന് പഠിപ്പിച്ച മുതലാളിത്തമാണോ ശരീരമല്ല, സൗന്ദര്യമല്ല, വ്യക്തിത്വമാണ് പെണ്ണ് എന്ന് പഠിപ്പിച്ച ഇസ്‌ലാമാണോ സ്ത്രീയുടെ വിമോചകർ? ഇസ്‌ലാം നമ്മോട് എന്ത് കാര്യം കല്പിച്ചിട്ടുണ്ടോ അതിനു പിന്നിൽ ഒരു നന്മ സുനിശ്ചിതമാണ്. എന്നാൽ ലോകം നമ്മോട് കൽപ്പിക്കുന്നത് പതിയിരിക്കുന്ന വഞ്ചനയുടെയും ചതിയുടെയും വഴികളാണ്.

സ്ത്രീയുടെ അഭിമാനം പുരുഷൻ ആഗ്രഹിക്കുമ്പോൾ പിച്ചിച്ചീന്തുവാനും അവൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ തങ്ങളുടെ കൈക്കുള്ളിൽ വെച്ച് അമ്മാനമാടുവാനും ശ്രമിക്കുന്നവർക്ക് മുമ്പിലും സ്വാതന്ത്ര്യം നൽകുന്നില്ല എന്ന് വാദിക്കുന്നവരുടെ മുമ്പിലും നിസ്സഹായരായല്ല നാം ജീവിക്കേണ്ടത്. പ്രാകൃത വേഷമെന്ന് പരിഹസിക്കപ്പെടുന്ന നമ്മുടെ വസ്ത്രം തന്നെ ധരിച്ചുകൊണ്ട് പെണ്ണിന് സ്വാതന്ത്ര്യം നൽകുന്നില്ല എന്ന് പറയുന്നവരുടെ മുമ്പിൽ നിവർന്നു നിന്നുകൊണ്ട് ഇസ്‌ലാം എനിക്ക് നൽകിയ ഏറ്റവും വലിയ അവകാശവും സ്വാതന്ത്ര്യവും എന്റെ വസ്‌ത്രമാണ് എന്ന് പറയാൻ നമുക്ക് സാധിക്കണം.

print

No comments yet.

Leave a comment

Your email address will not be published.