വിശ്വാസികളല്ലാത്ത മാതാപിതാക്കളുമായി ബന്ധം അരുതെന്നോ ?!
“സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.”
(ക്വുർആൻ: 9: 23)
ഇത് അന്യ മത വിദ്വേഷം അല്ലേ ?
***********************
മറുപടി:
മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബക്കാർ, നാട്ടുകാർ തുടങ്ങി ആരുമാവട്ടെ… അവർ വെച്ചു പുലർത്തുന്ന ആശയ ആദർശങ്ങൾ ഇസ്‌ലാമിന് വിരുദ്ധമാണെങ്കിൽ ഒരു വിശ്വാസി ആദർശപരമായും മതപരമായും അവരോട് വിയോജിപ്പും വിസമ്മതവും വെച്ച് പുലർത്തണം. അതേ സമയം ഭൗതികവും ആദർശേതരവുമായ മേഖലകളിലും മാനങ്ങളിലും അവരുമായി ബന്ധവും മൈത്രിയും വെച്ചു പുലർത്തുകയും ചെയ്യുക. ഇതാണ് ക്വുർആനും മുഹമ്മദ് നബിയും (സ) പഠിപ്പിച്ചത്:
ക്വുർആൻ പറയുന്നു:
“മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു – ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. - എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.
നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ (മാതാപിതാക്കൾ) ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക…”
(ക്വുർആൻ: 31: 14, 15)
قَدِمَتْ عَلَيَّ أُمِّي وهي مُشْرِكَةٌ في عَهْدِ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ، فَاسْتَفْتَيْتُ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ، قُلتُ: وهي رَاغِبَةٌ، أفَأَصِلُ أُمِّي؟ قالَ: نَعَمْ صِلِي أُمَّكِ.
അസ്മാഅ് ബിൻത് അബൂ ബകർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതൻ്റെ (സ) കാലഘട്ടത്തിൽ, എൻ്റെ മാതാവ് ബഹുദൈവാരാധക ആയിരിക്കെ എൻ്റെ അടുത്ത് വന്നു. അപ്പോൾ ഞാൻ അല്ലാഹുവിൻ്റെ തിരുദൂതനോട് (സ) ചോദിച്ചു: എൻ്റെ മാതാവ് ഇസ്‌ലാമിനെ വെറുക്കുന്നു. ഞാൻ എൻ്റെ മാതാവുമായി ബന്ധം ചേർക്കണോ? അദ്ദേഹം (സ) പറഞ്ഞു: അതെ, നിൻ്റെ മാതാവുമായി നീ ബന്ധം ചേർക്കുക.
(സ്വഹീഹുൽ ബുഖാരി: 2620, സ്വഹീഹു മുസ്‌ലിം: 1003 )
ബന്ധങ്ങൾക്ക് രണ്ട് മാനങ്ങളുണ്ടെന്നാണ് ഇസ്‌ലാം ഇവിടെ പഠിപ്പിക്കുന്നത്; ബന്ധങ്ങളുടെ ഭൗതികവും ആത്മീയവുമായ മാനങ്ങൾ. ഈ മാനങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നതോടെ ഇസ്‌ലാമിലെ വലാഅ് (ബന്ധം ചേർക്കൽ) ബറാഅ് (ബന്ധ വിച്ഛേദനം) നിലപാടുകൾ വിമർശകർക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്.
എതിർപ്പും വിയോജിപ്പും ആദർശപരമായും മതപരമായും മാത്രമാണ്. മതപരമായ കാര്യങ്ങളിൽ, അടുത്തവരുമായുള്ള ബന്ധവും സ്നേഹവും പരിഗണിച്ചു കൊണ്ട് മതവിരുദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കരുത്, അവരെ മതപരമായ കാര്യങ്ങളിലും വിഷയങ്ങളിലും അവർക്ക് സ്വാധീന ശക്തിയൊ രക്ഷാകർതൃത്വമൊ വക വെച്ച് കൊടുക്കരുത്.
എന്നാൽ, ആദർശ വിരുദ്ധത നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും, ഭൗതികവും മതപരമല്ലാത്തതുമായ മേഖലകളിലും മാനങ്ങളിലും അവരുമായി ബന്ധവും മൈത്രിയും വെച്ചു പുലർത്തുകയും ചെയ്യുക.
No comments yet.