വേദക്കാരും ബഹുദൈവാരാധകരും സൃഷ്ടികളില്‍ മോശപ്പെട്ടവരോ ?
വിമർശനം:
“തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.”
(ക്വുർആൻ: 98: 6)
വേദക്കാരും ബഹുദൈവാരാധകരും “സൃഷ്ടികളില്‍ മോശപ്പെട്ടവര്‍” ആണെന്ന ക്വുർആൻ്റെ ഈ പ്രസ്താവന അന്യമത വിധ്വേഷമല്ലെ ?
***********************************
മറുപടി:
സോഷ്യൽ മീഡിയ വിമർശനങ്ങൾക്കപ്പുറം വിമർശന വിധേയമായ ക്വുർആനിക വചനത്തിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കുമ്പോൾ അന്യമത വിധ്വേഷമൊന്നും അതിൽ ഇല്ലെന്ന് വായനക്കാർക്ക് ബോധ്യപ്പെടുന്നതാണ്. ശരിയായ വ്യാഖ്യാനങ്ങൾ ഹ്രസ്വമായി കുറിക്കാം:
1. സൃഷ്ടികളിൽ “മോശപ്പെട്ടവർ” എന്ന് പറയുമ്പോൾ ആത്മീയതയുടെയും വിശ്വാസത്തിൻ്റെയും കാര്യത്തിൽ മോശപ്പെട്ടവർ എന്നാണ് ഉദ്ദേശ്യം. എല്ലാ നിലയിലും മാനങ്ങളിലും മോശക്കാർ എന്നല്ല. ഒരാൾ “മോശമാണ്” എന്ന് പറയുമ്പോൾ പല കാര്യങ്ങളിലും അയാൾ മോശമാവാൻ സാധ്യതയുണ്ട്. “മോശം വിദ്യാർത്ഥി”,
“മോശം പിതാവ്”, “മോശം പാചകക്കാരൻ”, “മോശം വക്കീൽ”, “മോശം ഭക്തൻ”, “മോശം വിശ്വാസി”… അങ്ങനെ പലതും.
ആയത്തിൽ “സൃഷ്ടികളിൽ മോശപ്പെട്ടവർ” എന്ന് പറഞ്ഞത് എല്ലാ കാര്യത്തിലും മോശപ്പെട്ടവർ എന്ന അർത്ഥത്തിലല്ല. ഭൗതികമായ പല കാര്യങ്ങളിലും മേഖലകളിലും ബഹുദൈവാരാധകരും വേദക്കാരും നല്ലവരായേക്കാം. എന്നാൽ ആത്മീയതയുടെയും വിശ്വാസത്തിൻ്റെയും കാര്യത്തിൽ മോശം മാർഗമാണ് അവർ തിരഞ്ഞെടുത്തത് എന്നാണ് ഇസ്‌ലാമിക വീക്ഷണം. ഏതു മതക്കാരുടെയും – മറ്റു മതസ്ഥരെ കുറിച്ച – വീക്ഷണം ഇപ്രകാരം തന്നെയാണ്.
ആത്മീയമല്ലാത്ത വിഷയങ്ങളിൽ, ഭൗതികമായ വീക്ഷണ കോണിൽ ബഹുദൈവാരാധകരിൽ “നല്ലവർ” (خيار) ഉണ്ടാവാം എന്നാണ് ഇസ്‌ലാമിക അധ്യാപനം.
“സ്വഹീഹു ഇബ്നു ഹിബ്ബാൻ” എന്ന ഹദീസ് ഗ്രന്ഥത്തിൽ ഒരു അധ്യായത്തിൻ്റെ തലക്കെട്ട് ഇപ്രകാരമാണ്:
ذكر البيان بأن خيار المشركين هم الخيار في الإسلام إذا فقهوا
“ബഹുദൈവാരാധർ ആയിരുന്നപ്പോൾ നല്ലവർ ആയിരുന്നവർ തന്നെയാണ് ഇസ്‌ലാം സ്വീകരിച്ചാലും നല്ലവർ; അവർ ഗ്രാഹ്യത കൈവരിച്ചാൽ”
(സ്വഹീഹു ഇബ്നു ഹിബ്ബാൻ: 91)
الناس معادن في الخير والشر خيارهم في الجاهلية خيارهم في الإسلام إذا فقهوا
മുഹമ്മദ് നബി (സ) പറഞ്ഞു:
“നന്മയിലും തിന്മയിലും ജനങ്ങൾ അയിരുകൾ പോലെയാണ്. (ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുള്ള) ജാഹിലി കാലഘട്ടത്തിൽ ജനങ്ങളിൽ നല്ലവർ ആരായിരുന്നൊ അവരാണ് ഇസ്‌ലാമിലും നല്ലവർ; അവർ ഗ്രാഹ്യത കൈവരിച്ചാൽ.”
(സ്വഹീഹുൽ ബുഖാരി: 3383, സ്വഹീഹു മുസ്‌ലിം: 2378)
റാജിഹി എഴുതി:
” ഉമർ ബിൻ ഖത്താബിനെ (റ) നോക്കു. (ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുള്ള) ജാഹിലി കാലഘട്ടത്തിൽ ജനങ്ങളിൽ നല്ലവരിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. അദ്ദേഹം ഇസ്‌ലാമിലും നല്ലവരിൽ പെട്ടു; മറ്റു പ്രവാചകാനുചരന്മാരും തഥൈവ.
ഇസ്‌ലാമിന് മുമ്പ് നല്ലവരായിരുന്നു എന്ന് പറഞ്ഞാൽ അവർക്ക് ധീരതയും ആതിഥേയ മര്യാദയും ഉണ്ടായിരുന്നു എന്നർത്ഥം. അവർ പല നന്മകളും സാമൂഹിക സേവനങ്ങളും ചെയ്തിരുന്നു. അതിനാൽ തന്നെ അവർ നല്ലവരായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഈ സ്തുത്യർഹമായ വിശേഷണങ്ങൾ അവർ തുടർന്നു. അപ്പോൾ അവർ ഇസ്‌ലാമിലും നല്ലവരായി.”
(ശർഹു സ്വഹീഹു ഇബ്നു ഹിബ്ബാൻ: 5:5)
2.
മുസ്‌ലിംകളിൽ നിന്ന് ശിർക്ക് (ബഹുദൈവാരാധന) കുഫ്ർ (സത്യനിഷേധം) ചെയ്തവരും, നേരത്തെ സൂചിപ്പിച്ച അർത്ഥത്തിൽ “ജനങ്ങളിൽ മോശക്കാർ” തന്നെയാണ്.
മുഹമ്മദ് നബി (സ) ഇപ്രകാരം പറഞ്ഞു:
ومن شرَّ الناسِ رجلٌ فاجرٌ جريءٌ يقرأ كتابَ اللهِ لا يرْعوي (يرجع) إلى شيءٍ من
“ജനങ്ങളിൽ മോശപ്പെട്ടവൻ തോന്നിവാസിയും എടുത്തു ചാട്ടക്കാരനുമായ ഒരുവനാണ്; അവൻ അല്ലാഹുവിൻ്റെ ഗ്രന്ഥം (ക്വുർആൻ) പാരായണം ചെയ്യും, എന്നിട്ട് അതിലെ ഒരു കാര്യത്തിനും പരിഗണന നൽകില്ല.”
(തഹ്ദീബുൽ കമാൽ: 21:204
“അല്ലാഹുവിൻ്റെ ഗ്രന്ഥം (ക്വുർആൻ) പാരായണം ചെയ്യുന്ന”, മുസ്‌ലിമായി ജനിച്ചവരും “ജനങ്ങളിൽ മോശപ്പെട്ടവ”നായേക്കും എന്നാണല്ലൊ ഈ ഹദീസ് തെളിയിക്കുന്നത്.
3.
“വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു…”
വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും നിന്ന് സത്യം അറിഞ്ഞിട്ടും, മനപ്പൂർവ്വം സത്യത്തെ നിഷേധിച്ചവരെ കുറിച്ചാണ് ഈ ആക്ഷേപം എന്ന് ശ്രദ്ധിക്കുക.
വിമർശന വിധേയമായ ആയത്തിന് തൊട്ട് മുമ്പത്തെ ആയത്ത് കാണുക:
“വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.”
(ക്വുർആൻ: 98:6)
വേദക്കാരെല്ലാം മോശക്കാരാണ് എന്ന അഭിപ്രായം ക്വുർആനിന് ഇല്ലേയില്ല. ചില ക്വുർആനിക പ്രസ്‌താവനകൾ ശ്രദ്ധിക്കുക:
“അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രി സമയങ്ങളില്‍ സുജൂദില്‍ (അഥവാ നമസ്കാരത്തില്‍) ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.”
(ക്വുർആൻ: 3:113)
“ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചു നല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല.
(ക്വുർആൻ :3:75)
4.
“ജനങ്ങളിൽ മോശക്കാർ” എന്ന് ആക്ഷേപിക്കപ്പെട്ടവർ എല്ലാ കാലത്തേയും വേദക്കാരും ബഹുദൈവാരാധകരുമല്ല എന്ന് ചില മുഫസ്സിറുകൾ വ്യാഖ്യാനിക്കുന്നുണ്ട്.
ഇസ്‌ലാമിൻ്റെ സത്യക്ക് തെളിവായി തുടരെ തുടരെയുള്ള ദൃഷ്ടാന്തങ്ങൾ, മുഹമ്മദ് നബിയിൽ (സ) നിന്ന് നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടും അത് നിഷേധിച്ച സത്യനിഷേധികളെ കുറിച്ച് മാത്രമാണ് “ജനങ്ങളിൽ മോശക്കാർ” എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.
(ജാമിഉ അഹ്കാമിൽ ക്വുർആൻ: ക്വുർതുബി: ക്വുർആൻ: 98:6 ൻ്റെ വ്യാഖ്യാനം)
അപ്പോൾ, മുഹമ്മദ് നബിയുടെ (സ) കാലഘട്ടത്തിൽ ജീവിച്ചിരുന്ന സത്യനിഷേധികളെ കുറിച്ചാണ് ആയത്തിലെ പ്രസ്‌താവന; എല്ലാ കാലത്തെയും സത്യനിഷേധികളെ കുറിച്ചല്ല.
5.
A. “തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു.”
B. “അവരതില്‍ (നരകത്തിൽ) നിത്യവാസികളായിരിക്കും.”
C. “അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.”
(ക്വുർആൻ: 98:6)
വിമർശന വിധേയമായ ആയത്തിൽ മൂന്ന് (A,B,C) വാചകങ്ങൾ ഉണ്ട്.
C വാചകത്തിൽ, “അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍” എന്നതിലെ “അക്കൂട്ടര്‍” വേദക്കാരും ബഹുദൈവാരാധകരും അല്ല. മറിച്ച് B വാചകത്തിൽ സൂചന നൽകിയ “നരകവാസികൾ” ആണ്. അഥവാ, B വാചകത്തിൽ സൂചിപ്പിക്കപ്പെട്ട “നരകവാസികൾ” ആണ് “സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.” “നരകവാസിക”ളിൽ മുസ്‌ലിം സമുദായത്തിൽ നിന്നും ഒരുപാട് പേരുണ്ടാവും എന്നത് സുവിദിതമാണല്ലൊ. അപ്പോൾ അവരടക്കം “മോശക്കാരിൽ” ഉൾപ്പെട്ടു.
ആയത്തിൽ, A, C വാചകങ്ങൾക്കിടയിൽ B വാചകം ഉൾപ്പെടുത്തിയത് ഈ ഉദ്ദേശ്യത്തോടെ ആണെന്ന് മുഫസ്സിറായ ഇബ്നു ആശൂർ വ്യക്തമാക്കുന്നുണ്ട്.
(അത്തഹ്‌രീർ വത്തൻവീർ: ഇബ്നു ആശൂർ: 31:483)
No comments yet.