സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5

//സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5
//സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5
ആനുകാലികം

സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -5

ക്വുർആൻ ബഹുദൈവവിശ്വാസികളെ നജസ് എന്ന് വിളിച്ചില്ലെ?

വിമർശനം:

ക്വുആൻ, 9: 28ൽ ബഹുദൈവവിശ്വാസികളെ نَجَسٌ എന്ന് വിളിച്ചില്ലെ? نَجَسٌ എന്നാൽ മലിനം, വൃത്തികേട്‌, അശുദ്ധം, അശുദ്ധര്‍, വൃത്തികെട്ടവര്‍, മ്ലേച്ഛം എന്നൊക്കെയല്ലെ അർത്ഥം.
ഇത് വർഗീയ വിധ്വേഷമല്ലെ ?

***************************

മറുപടി:

“സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ‎ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്‌ജിദുല്‍ ഹറാമിനെ സമീപിക്കരുത്.” (ക്വുആൻ: 9: 28 )

1. അശുദ്ധര്‍, വൃത്തികെട്ടവര്‍ എന്നൊന്നും നജസ് (نَجَسٌ) എന്ന പദത്തിന് അർത്ഥമില്ല. അവയൊക്കെ വിമർശകരുടെ വക ഉണ്ടാക്കപ്പെട്ട അർത്ഥങ്ങളാണ്.

2. ബഹുദൈവ വിശ്വാസികള്‍ നജസ് ആകുന്നു എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അവിശ്വാസികളുടെ ദേഹം “നജസാ”ണ്‌ (അശുദ്ധമാണ്‌) എന്നോ, അവരെ തൊട്ടാല്‍ ശുദ്ധിയാക്കണമെന്നോ ഒന്നുമല്ല.

3. ആചാരപരമായ അശുദ്ധിയാണ് ഇവിടെ നജസ് കൊണ്ട് ഉദ്ദേശ്യം.

മുസ്‌ലിങ്ങൾക്ക് പവിത്രവും പരിശുദ്ധവുമായ (മക്കയിലെ) മസ്ജിദുൽ ഹറാം ആകുന്ന പുണ്യസ്ഥലത്ത്‌ ബഹുദൈവാരാധകർക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വചനം.

അതും മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ മാത്രം പ്രവേശിപ്പിക്കരുത് എന്നേ പറഞ്ഞിട്ടുള്ളു. മക്കയിലേയും മദീനയിലേയും ഹറം പള്ളികളല്ലാത്ത ലോകത്തുള്ള മറ്റെല്ലാ മുസ്‌ലിം പള്ളികളിലും മുസ്‌ലിംകളുടെ സമ്മതപ്രകാരം ഏത് അമുസ്‌ലിമിനും പ്രവേശിക്കാം.

ഹറമുകളിൽ തന്നെ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലവിലുള്ളവരോ, അമുസ്‌ലിംകളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു പ്രത്യേകാവശ്യാര്‍ത്ഥം വരുന്ന ദൂതന്‍മാരോ ആണെങ്കില്‍ ഭരണാധികാരിക്ക്‌ അവരെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാമെന്ന്‌ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചർച്ചാ വിഷയകമായ, “ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്‌ജിദുല്‍ ഹറാമിനെ സമീപിക്കരുത്” എന്ന ആയത്തിന്റെ അവതരണ പശ്ചാത്തലം പരിശോധിക്കുമ്പോൾ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലനിർത്തുന്ന, അമുസ്‌ലിംകളുടെ പ്രതിനിധികളോ മറ്റോ പ്രവേശിക്കുന്നതിനെ ക്വുർആൻ വിലക്കിയിട്ടില്ല എന്ന് വ്യക്തമാകും:

“ഹിജ്‌റഃ 6-ാം കൊല്ലത്തില്‍ മുശ്‌രിക്കുകളുമായി പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം മുസ്‌ലിംകളുടെ ഭാഗത്തുനിന്ന്‌ വിട്ടുവീഴ്‌ചകള്‍ അടങ്ങിയതായിരുന്നു പത്തു കൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്‌രിക്കുകളില്‍നിന്ന്‌ സന്ധി ലംഘനമുണ്ടായി. അതിനെ തുടര്‍ന്ന്‌ ഹിജ്‌റഃ 8-ാം കൊല്ലത്തില്‍ മക്കാ വിജയത്തിന്‌ ആ സന്ധി വഴിതെളിച്ചു. അതോടുകൂടി മുശ്‌രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്‌ലാമിന്‍റെ അധീനത്തില്‍ വന്നു. (ജനങ്ങൾ കൂട്ടത്തോടെ ഇസ്‌ലാം ആശ്ലേഷിക്കാൻ തുടങ്ങി.) എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്‌രിക്കുകള്‍ ഇപ്പോഴും തക്കംപാര്‍ത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്‌. നബിയും(സ) സ്വഹാബികളും തബൂക്ക്‌ യുദ്ധത്തിന്‌ മദീന വിട്ടുപോയിരുന്ന അവസരത്തില്‍ ഇവരുടെ ഭീഷണികളും കരാറു ലംഘനങ്ങളും കൂടുതല്‍ പ്രകടമായി. അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മദീനയിലെ കപടവിശ്വാസികള്‍ നാട്ടില്‍ വലിയ ഭീതി ഉളവാക്കുകയും ചെയ്‌തു. അങ്ങനെ, കരാറു വ്യവസ്ഥകള്‍ക്കും സന്ധിനിശ്ചയങ്ങള്‍ക്കും മുശ്‌രിക്കുകളുടെ പക്കല്‍ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുമെന്നും അനുഭവങ്ങള്‍ തെളിയിച്ചു. ചുരുക്കത്തില്‍, അവര്‍ക്കിടയില്‍ സമാധാനപൂര്‍വ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെയുള്ള ചുറ്റുപാടിലാണ്‌ ഈ വചനങ്ങളും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്‌.”
(തഫ്സീറുൽ അമാനി: സൂറത്തുൽ ബറാഅ:യുടെ വ്യാഖ്യാനം)

ഇത്തരം ബഹുദൈവവിശ്വാസികളിൽ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലനിർത്തുന്ന, അമുസ്‌ലിംകളുടെ പ്രതിനിധികളോ മഹത് വ്യക്തിത്വങ്ങളോ പെടുന്നില്ലല്ലൊ.

ഉസ്മാനിയാ ഭരണകൂടം മക്കയുടെ അധികാരത്തിലുള്ള കാലഘട്ടത്തിൽ, സിഖ് മതസ്ഥാപകൻ ഗുരു നാനക്, ഭരണാധികാരികളുടെ അനുവാദത്തോടെയും സംരക്ഷണത്തോടെയും മസ്‌ജിദുൽ ഹറാം സന്ദർശിച്ചതായി ചില ചരിത്ര രേഖകളിൽ കാണാം.

4. അമുസ്‌ലിംകളെ എന്നല്ല മുസ്‌ലിംകളെയും ബാധിക്കുന്ന ചില ആശയപരവും ആചാരപരവുമായ “അശുദ്ധി”കളുമുണ്ട്.

പുരുഷ ബീജം ഉദ്ദേശപൂർവ്വമോ അല്ലാതെയോ പുറത്തു വരിക, ലൈംഗികബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയവ സംഭവിച്ചാൽ കുളിക്കൽ നിർബന്ധമാണ്. സ്ത്രീകളാണെങ്കിൽ ഇവക്കു പുറമെ ആർത്തവകാലഘട്ടത്തിലും പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. അപ്പോൾ ഇത്തരം അവസ്ഥകളിൽ കുളിക്കാനും ശുദ്ധി വരുത്താനും മുസ്‌ലിംകൾ അവരുടെ മതപരമായ ബാധ്യത എന്ന നിലക്ക് ശ്രദ്ധിക്കാമെങ്കിലും അമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവ ഒരു നിലക്കും ബാധ്യതയില്ലാത്തത് കൊണ്ട് തന്നെ ശ്രദ്ധിച്ചു കൊള്ളണമെന്നില്ല. ഇത് മക്കാ മദീനാ ഹറമുകളിലെ പള്ളികളിലേക്കുള്ള പ്രവേശനോപാധികളെ ലംഘിക്കലായി മാറും.

ഇത്തരം ആചാരപരമായ ശുദ്ധിയില്ലായ്മയാണ് വിമർശന വിധേയമായ ക്വുർആൻ വചനത്തിലെ ഉദ്ദേശ്യം. അല്ലാതെ ബഹുദൈവാരാധകരെല്ലാം വൃത്തികെട്ടവരാണ് എന്ന ആക്ഷേപമല്ല.

print

No comments yet.

Leave a comment

Your email address will not be published.