ക്വുർആനിൽ ബോഡി ഷെയ്‌മിങ്ങോ?
വിമർശനം:
“വഴിയെ അവന് നാം (ആ) തുമ്പിക്കൈക്ക് (അഥവാ നീണ്ട മുക്കിന്) അടയാളം വെച്ചേക്കും!” 68: 16
ഇത് ബോഡി ഷെയ്‌മിങ് അല്ലേ ?
*********************************
മറുപടി:
1. പ്രവാചക കാലഘട്ടത്തിൽ മക്കയിൽ ഉണ്ടായിരുന്ന, സത്യനിഷേധികളുടെ നേതാക്കൾക്ക് പരലോകത്ത് നൽകപ്പെടാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ചാണ് ഈ ക്വുർആൻ വചനം പ്രവചിക്കുന്നത് എന്നത് ആമുഖമായി മനസ്സിലാക്കുക.
2. ഖുർതൂം (الخُرْطُومُ) അല്ലെങ്കിൽ തുമ്പിക്കൈ എന്ന പ്രയോഗത്തിൽ ബോഡി ഷെയ്‌മിങ് (രൂപത്തെ പരിഹസിക്കൽ) ഇല്ല.
മനുഷ്യരുടെ (സാധാരണമായ) മൂക്കിനെ സൂചിപ്പിക്കാൻ ഖുർതൂം (الخُرْطُومُ) എന്ന പദം അറബി ഭാഷയിൽ ഉപയോഗിക്കപ്പെടാറുണ്ട്.
“മൂക്ക്”, “മൂക്കിൻ്റെ അറ്റം” എന്നിവയുടെ പര്യായമായി ഈ പദം സർവ്വസാധാരണമായി ഉപയോഗിക്കപ്പെടാറുണ്ട്. അറബി ഭാഷാ ഡിക്ഷ്ണറികൾ പരിശോധിച്ചാൽ തന്നെ ഇത് ബോധ്യമാകുന്നതാണ്.
خُرطوم: (اسم)
الجمع : خراطيم
الخُرْطُومُ : الأَنفُ
الخُرْطُومُ: مُقدَّمُ الأَنف
( https://www.almaany.com/ar/dict/ar-ar/%D8%AE%D8%B1%D8%B7%D9%88%D9%85/? )
ഒരാൾ “അഭിമാനി”യാണെങ്കിൽ അല്ലെങ്കിൽ ”അഹങ്കാരി”യാണെങ്കിൽ “മൂക്ക് ഉയർന്ന/ ഉയർത്തിയ”വൻ (شامخ الأنف ശാമിഖുൽ അംഫ്) എന്ന് പറയുന്നത് അറബിയിൽ സർവ്വസാധാരണമാണ്.
നിന്ദ്യതയെയും അപമാനത്തെയും സൂചിപ്പിക്കാനായി “മുറിഞ്ഞ/ചമ്മിയ മൂക്ക് ” (كسر الأنف ، وجدعه) എന്നും “പതന”ത്തെ കുറിക്കാനായി “മൂക്ക് നിലത്ത് മുട്ടുക/ മൂക്ക് മണ്ണ് പുരളുക” (رغم أنفه റഗിമ അംഫുഹു) എന്നും അറബിയിൽ പറയാറുണ്ട്. ഹദീസുകളിൽ തന്നെ ഈ ഭാഷാ പ്രയോഗങ്ങൾ കാണാം. (സ്വഹീഹു മുസ്‌ലിം: 2551)
നീണ്ട മൂക്ക്, തുമ്പിക്കൈ (الخُرْطُومُ ഖുർതൂം) നേതാക്കളേയും, സമൂഹത്തിലെ ഉയർന്ന സ്ഥാനം വഹിക്കുന്നവരെയും സൂചിപ്പിക്കാൻ അറബി ഭാഷയിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. അറബി ഭാഷയിൽ പ്രസിദ്ധമായ പല കവിതകളിലും നേതാക്കളെ വർണ്ണിക്കാനായി തുമ്പിക്കൈ (الخُرْطُومُ ഖുർതൂം) എന്ന പദം ഉപയോഗിക്കുന്നത് കാണുക:
മഹാകവി ഫറസ്ദക് പാടി:
تَبَنّى فِيهِمَا شَرَفُ المَعَالي، ……………….. خَرَاطِيمَ الجَحاجِحَةِ الكِبَارِ
(…മഹാന്മാരായ നേതാക്കളുടെ തുമ്പിക്കൈകൾ (നീണ്ട മൂക്കുകൾ)…)
يا ظَمْي وَيْحَكِ إني ذُو مُحافَظَةٍ، ……………….. أنْمي إلى مَعْشَرٍ شُمّ الخرَاطِيمِ
(…തുമ്പിക്കൈകൾ (നീണ്ട മൂക്കുകൾ) ഉള്ള ഒരു വലിയ സമൂഹത്തിലേക്കാണ് എൻ്റെ കുടുംബ പരമ്പര നീളുന്നത്…)
അസ്സമീനുൽ ഹലബി (മരണം ഹിജ്രാബ്ദം 656) എഴുതി:
” “തുമ്പിക്കൈ” അല്ലെങ്കിൽ “നീണ്ട മൂക്ക്” പ്രതാപവും സാമൂഹിക ശക്തിയും ഉടമപ്പെടുത്തുന്നവനെ കുറിക്കാനാണ് അറബികൾ ഉപയോഗിക്കുക. അപ്പോൾ പരലോകത്ത് നൽകപ്പെടുന്ന നിന്ദ്യമായ ശിക്ഷക്ക് വേണ്ടി മഹത്വവും പ്രതാപവും സൂചിപ്പിക്കുന്ന അതേ അവയവത്തെ അല്ലാഹു തിരഞ്ഞെടുത്തു. പരലോകത്ത് എത്തുമ്പോൾ, അയാളുടെ പ്രൗഡിയുടെയും അഹങ്കാരത്തിൻ്റെയും അടയാളമായ ശരീര ഭാഗത്ത് നിന്ദ്യതയുടെ അടയാളം വെക്കപ്പെടും എന്നാണ് ക്വുർആൻ വചനത്തിൻ്റെ അർത്ഥം.”
(ഉംദതുൽ ഹുഫ്ഫാള് ഫീ തഫ്സീറി അശ്റഫിൽ അൽഫാള്: 1:498)
3. ഇനി, നീണ്ട മൂക്ക് അല്ലെങ്കിൽ തുമ്പിക്കൈ എന്നത് ബോഡി ഷെയ്‌മിങ്ങിനു വേണ്ടിയും, പരിഹസിക്കാൻ വേണ്ടിയും ഉപയോഗിച്ചതാണ് എന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ അതിൽ യാതൊരു നീതി രാഹിത്യവുമില്ല.
കാരണം, പരലോകത്ത് നൽകപ്പെടുന്ന ശിക്ഷയെ സംബന്ധിച്ചാണ് ചർച്ചാവിഷയകമായ ക്വുർആൻ വചനം പ്രതിപാദിക്കുന്നത്. അപ്പോൾ ശിക്ഷയുടെ ഭാഗമായി അവരുടെ മുഖം വികൃതമാവുമെന്നാണ് അർത്ഥം. ഇത് അവർ ഇഹലോകത്ത് ചെയ്തു കൂട്ടിയ തിന്മകൾക്കുള്ള ശിക്ഷയുടെ ഭാഗമാണ്. (ഇഹലോകത്ത് വെച്ച് അവർക്കുണ്ടായിരുന്ന മൂക്കിനെ പരിഹസിച്ചതല്ല.)
No comments yet.