ക്വുർആനിൽ “കന്നുകാലികൾ” എന്ന ആക്ഷേപം ?!
വിമർശനം:
“അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.”
(ക്വുർആൻ: 25: 44)
“അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു.” ഇത് അധിക്ഷേപം അല്ലേ ?
******************************
മറുപടി:
What is the main difference between humans and animals?
(മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?)
എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ. നാം ഏവരും സ്വാഭാവികമായും പ്രതീക്ഷിക്കുന്നതു പോലെ തന്നെ, ബുദ്ധിയും യുക്തിയും വിചാരങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും ഒക്കെയാണ് മനുഷ്യരെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത് എന്നാണ് കണ്ടെത്തുക.
വിശേഷിച്ചും, മസ്തിഷ്കത്തിലെ പ്രീ ഫ്രണ്ടൽ കോർട്ടക്സ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരിൽ വളരെ ഒറ്റപ്പെട്ട രൂപത്തിലാണ് നിലനിൽക്കുന്നത്:
റോബർട്ട് സപ്പോൾസ്കി എഴുതുന്നു:
“വലിപ്പം, സങ്കീർണ്ണത, വികസനം, ജനിതകശാസ്ത്രം, ന്യൂറോൺ തരം എന്നിവ വെച്ചു നോക്കുമ്പോൾ പരിണാമവാദ വീക്ഷണകോണിൽ നിന്ന്, ഫ്രണ്ടൽ കോർട്ടക്സ് വ്യതിരിക്തമാണ്, ഫ്രണ്ടൽ കോർട്ടക്സിൻ്റെ മനുഷ്യ പതിപ്പ് മറ്റു ജീവജാലങ്ങളിൽ നിന്നും ഏറ്റവും സവിശേഷമാണ്…”
(Behave: The Biology of Humans at Our Best and Worst: 2017: Robert Sapolsky: Page: 51)
ഡോ. ഗുലൊഗ്ലു എഴുതി:
“ഓർബിറ്റോഫ്രോണ്ടൽ കോർട്ടക്സ്. നമ്മുടെ തലച്ചോറിൻ്റെ ഈ ഭാഗത്ത് നമ്മെ മനുഷ്യരാക്കുകയും മൃഗങ്ങളിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്ന നിരവധി സവിശേഷതകൾ അടങ്ങിയിരിക്കുന്നു. നമ്മുടെ യുക്തി, ബദ്ധശ്രദ്ധ, ഓർമ്മശക്തി, സഹാനുഭൂതി, ധാർമ്മികത, ബദൽ സാഹചര്യങ്ങളെ താരതമ്യം ചെയ്യാനുള്ള ബൗദ്ധികമായ കഴിവ് എന്നിങ്ങനെ പല കാര്യങ്ങൾക്കും ഓർബിറ്റോഫ്രോണ്ടൽ കോർട്ടക്സ് ഉത്തരവാദിയാണ്.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 149)
അതു കൊണ്ട് തന്നെ “കേൾക്കുകയും ചിന്തിക്കുകയും” ചെയ്യാത്തവർ മൃഗതുല്യരാണ്. കാരണം, മനുഷ്യരെ മൃഗങ്ങളിൽ വ്യത്യസ്തരാക്കുന്ന ബുദ്ധിയും യുക്തിയും അവർ മൃഗങ്ങളോട് സമാനമായി ഉപയോഗിക്കുന്നില്ല.
മൃഗങ്ങളേക്കാൾ ഗഹനമായും സങ്കീർണ്ണമായും ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്താൻ കഴിവ് നൽകപ്പെട്ടിട്ടും മൃഗങ്ങളേക്കാൾ മോശമായ വഴിയിലും വിധത്തിലും അവയെ ദുരുപയോഗം ചെയ്യുന്നതിനാൽ തന്നെ അത്തരക്കാർ മൃഗങ്ങളേക്കാൾ വഴി തെറ്റിയവരാണ്.
കേൾക്കുകയും ചിന്തിക്കുകയും ചെയ്യാത്തവരെ കുറിച്ചാണ് “മൃഗതുല്യർ” എന്ന് വിമർശിച്ചത്. അതും “ചിന്ത” യുടെ കാര്യത്തിൽ മാത്രമാണ് ഉപമയും. രൂപത്തിലൊ, ഭാവത്തിലൊ, സ്വഭാവത്തിലൊ ഒന്നുമല്ല. അതുകൊണ്ട് തന്നെ, ഈ പ്രസ്ഥാവനയിൽ നീതിക്കു നിരക്കാത്ത ഒരു ആശയവും ഉള്ളടങ്ങുന്നില്ല.
No comments yet.