സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -2

//സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -2
//സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -2
ആനുകാലികം

സോഷ്യൽ മീഡിയ ഇസ്‌ലാം വിമർശനങ്ങളും മറുപടികളും -2

അംഗപരിമിതരെ ക്വുർആൻ ആക്ഷേപിച്ചുവൊ ?

വിമർശനം:

“നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍, ബുദ്ധി കൊടു(ത്തു മനസ്സിലാ) ക്കാത്തവരായ, ഊമകളായ, ബധിരന്‍മാരാകുന്നു.” (ക്വുർആൻ: 8: 22)

ഇത് (അംഗപരിമിതർക്ക് എതിരെയുള്ള) അധിക്ഷേപം അല്ലേ ?

************************************

മറുപടി:

1. അംഗപരിമിതരെ കുറിച്ചല്ല ദൈവം ഇവിടെ സംസാരിക്കുന്നത് എന്നത് വിമർശന വിധേയമായ ക്വുർആൻ വചനത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതെ ഉള്ളു.

ബുദ്ധി കൊടു(ത്തു മനസ്സിലാ)ക്കാത്തവരായ, ഊമകളായ, ബധിരന്‍മാരെ”യാണ് ദൈവം ഇവിടെ വിമർശന വിധേയമാക്കുന്നത്.

വിമർശന വിധേയമായ ക്വുർആൻ വചനത്തിന് തൊട്ട് മുമ്പത്തെ വചനത്തിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാവുന്നു:

“ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്‌.”
(ക്വുർആൻ: 8: 21)

സത്യത്തിനും സത്യാന്വേഷണത്തിനുമായി സ്വന്തം ശരീരാവയവങ്ങൾ ഉപയോഗപ്പെടുത്താത്തവർ ആണ് യഥാർത്ഥ അംഗപരിമിതർ.
സത്യത്തിന് മുമ്പിൽ കണ്ണടക്കുന്നവരാണ് യഥാർത്ഥത്തിൽ അന്ധർ. നന്മകൾ കേൾക്കാനോ അന്വേഷിക്കാനോ കാതുകൾ ഉപയോഗിക്കാത്തവരാണ് യഥാർത്ഥ ബധിരർ. സത്യവും നന്മയും വായകൊണ്ട് ഉരുവിടാത്തവരും അംഗീകരിക്കാത്തവരുമാണ് യഥാർത്ഥത്തിൽ ഊമകൾ.

ക്വുർആൻ ഇത് സ്‌പഷ്ടമായി പഠിപ്പിച്ചിട്ടുണ്ട്:

“ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്‌.”
( ക്വുർആൻ: 22:46)

ഇബ്നു ജരീർ ത്വബ്‌രി (ജനനം 839 CE) പറഞ്ഞു:
“ഇബ്നു സൈദ് പറയുന്നു: ഭൗതികമായി ബധിരതയൊ മൂകതയൊ ഉള്ള അംഗ പരിമിതരെ കുറിച്ചല്ല ക്വുർആൻ വചനം (ക്വുർആൻ:8:22) സംസാരിക്കുന്നത്. പ്രത്യുത മനസ്സിൻ്റെ അന്ധതയും ബധിരതയും മൂകതയുമാണ് വിഷയം. ”
(തഫ്സീറു ത്വബ്‌രി: 13:460)

2. “ജന്തുക്കൾ” (الدواب) എന്ന പദം കൊണ്ട് -മനുഷ്യർ ഉൾപ്പെടെ- ഭൂമിയിൽ സഞ്ചരിച്ച് ജീവിക്കുന്ന എല്ലാ ജീവികളേയും സൂചിപ്പിക്കാവുന്നതാണ് എന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്നു ജരീർ ത്വബ്‌രി എഴുതി:

“അബൂ ജഅ്ഫർ പറഞ്ഞു:
ഭൂമിയിൽ സഞ്ചരിച്ച് ജീവിക്കുന്ന എല്ലാ സൃഷ്ടികളും ജന്തുക്കളാണ്. സത്യം കേൾക്കാൻ വിസമ്മതിക്കുകയും അതിൽ നിന്ന് ഗുണപാഠങ്ങളൊ ഉപദേശങ്ങളൊ സ്വീകരിക്കാൻ തയ്യാറാവാത്തവരുമാണ് ബധിരർ. വസ്തുത ദുർവ്യാഖ്യാനിച്ച് മാത്രം സംസാരിക്കുന്ന (സത്യം തുറന്ന് പറയാത്ത) വരാണ് ഊമകൾ. ബുദ്ധിയും ചിന്തയും ഉപയോഗിക്കാത്തവർ…

ഇബ്നു സൈദ് പറഞ്ഞു:
“ജന്തുക്കൾ” (الدواب) എന്നാൽ “സൃഷ്ടികൾ” (الخلق) എന്നർത്ഥം.”
(തഫ്സീറു ത്വബ്‌രി: 13:460)

എല്ലാ കഴിവും വഴിയും മുന്നിലുണ്ടായിട്ടും അവയൊന്നും തന്നെ സത്യാന്വേഷണത്തിനായി വിനിയോഗിക്കാതിരിക്കുന്നവർ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാണ് എന്നതിൽ എന്തിന് സംശയിക്കേണ്ടിയിരിക്കുന്നു?!

print

No comments yet.

Leave a comment

Your email address will not be published.