സെക്‌സ് നന്മയാണ്

//സെക്‌സ് നന്മയാണ്
//സെക്‌സ് നന്മയാണ്
ദാമ്പത്യം; സെക്സ്‌

സെക്‌സ് നന്മയാണ്

Print Now

അമേരിക്കയിലെ ‘യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഗോഡ്’ പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്തമായ ദ്വൈമാസികയാണ് ഗുഡ്‌ന്യൂസ്. ക്രിസ്തുമത പ്രചാരണവും സുവിശേഷപ്രഘോഷണവുമാണ് ഗുഡ്‌ന്യൂസിന്റെ പ്രഖ്യാപിതലക്ഷ്യം.(1) ക്രിസ്തുമത സന്ദേശം ലോകത്തിന് കൈമാ റാനുദ്ദേശിക്കുന്നവര്‍ പുതിയനിയമ പാഠങ്ങളെയാണല്ലോ തങ്ങളുടെ താളുകളിലൂടെ പ്രസരിപ്പിക്കേണ്ടത്. 2009 മെയ്-ജൂണ്‍ ലക്കം ഗുഡ്‌ന്യൂസിന്റെ കവര്‍‌സ്റ്റോറി ദാമ്പത്യസംബന്ധിയാണ്. എന്നാല്‍, ‘സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷന് നല്ലത്’(2) എന്നും, ‘നീ അവിവാഹിതനാണെങ്കില്‍ വിവാഹം കഴിക്കാന്‍ മുതിരരുത്’(3) എന്നും, ‘അവിവാഹിതകളോടും വിധവകളോടും ഞാന്‍ പറയുന്നു: എന്നെപ്പോലെ ഒറ്റക്ക് കഴിയുന്നതാണ് അവര്‍ക്ക് നല്ലത്’(4) എന്നും, ‘വിവാഹത്തില്‍ നിന്ന് തന്നെ ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഏറെ നല്ലത്’(5) എന്നും ഉള്ള പുതിയനിയമലൈംഗികാധ്യാപനങ്ങളെ പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് ഗുഡ്‌ന്യൂസിന് പിന്നിലെ ‘സത്യക്രിസ്ത്യാ നികള്‍’ തങ്ങളുടെ ‘ദാമ്പത്യലേഖനങ്ങള്‍’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നുമാത്രമല്ല, സാധ്യമാകുന്നവരെല്ലാം ഉപേക്ഷിക്കേണ്ട മോശം ഏര്‍പ്പാടാണ് ലൈംഗികതയെന്ന് ധ്വനിപ്പിക്കുന്ന ഉപരിസൂചിത പുതിയനിയമവചനങ്ങളോട് ആശയപരമാ യിത്തന്നെ വിയോജിക്കുന്ന ഉള്ളടക്കമാണ് ഗുഡ്‌ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്കെല്ലാമുള്ളത്. പത്രാധിപക്കുറിപ്പില്‍ മാനേജിംഗ് എഡിറ്ററായ സ്‌കോട്ട് ആഷ്‌ലി പഴയനിയമത്തെയുദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുന്നത്, സ്ത്രീയില്ലാതെ പുരുഷന്‍ അപൂര്‍ണനാണ് എന്നും വിവാഹത്തെ നന്മയായിട്ടാണ് ദൈവം പരിഗണിച്ചിട്ടുള്ളത് എന്നും ആണ്.(6)

പൗലോസിന്റെ രതിവിരുദ്ധത അപ്രായോഗികവും അബദ്ധജഡിലവുമാണെന്ന് ക്രൈസ്തവലോകം പോലും തിരിച്ചറിഞ്ഞി രിക്കുന്നു വെന്നാണ് ഗുഡ്‌ന്യൂസിന്റെ ചുവടുമാറ്റം വ്യക്തമാക്കുന്നത്. രതി വിലക്കപ്പെട്ട കനിയായി പ്രഖ്യാപിക്കുന്ന ദര്‍ശനങ്ങള്‍ക്കൊന്നും ലോകത്ത് നിലനില്‍ക്കാന്‍ കഴിയില്ല എന്ന പാഠം കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ബ്രഹ്മചര്യത്തിന്റെ അപദാനങ്ങള്‍ പാടിയ ഹിന്ദു-ക്രിസ്ത്യന്‍ ദര്‍ശനങ്ങള്‍ ലോകത്ത് ‘ജീവിച്ചുപോകുന്നത്’ ആദര്‍ശങ്ങളില്‍ ‘വിട്ടുവീഴ്ച’ ചെയ്തുകൊണ്ടാണെന്ന് ആര്‍ക്കാണ റിഞ്ഞുകൂടാത്തത്? മതനിയമയങ്ങളുടെ ചുവടുപിടിച്ച് വിവാഹജീവിതത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും തുലോം തുച്ഛമാണെന്നതാണ് സത്യം. ബ്രഹ്മചര്യത്തിന്റെ ‘പുണ്യം’ സന്യാസിമാര്‍ക്കും പുരോഹിതന്‍മാര്‍ക്കും വേണ്ടി ‘മാറ്റിവെക്കുകയാണ്’ അവരെല്ലാവരും ഇപ്പോള്‍ ചെയ്യുന്നത്.

ലൈംഗികതയടക്കമുള്ള ലൗകികാനന്ദങ്ങളുടെ തിരസ്‌കാരമാണ് മോക്ഷമെന്നുദ്‌ബോധിപ്പിച്ച പുരോഹിതമതങ്ങളുടെ ‘തെറ്റുതിരുത്തല്‍’ പ്രക്രിയ ഇനിയും അനുസ്യൂതം തുടരും. ‘ദൈവത്തില്‍ നിന്നുള്ള ശരികള്‍’ എന്ന പേരില്‍ കുഞ്ഞാടുകള്‍ക്കിടയില്‍ ‘തെറ്റുകള്‍’ വിതരണം ചെയ്തുപോന്നവര്‍ക്ക് ‘തിരുത്തലിന്’ സമയം കുറച്ചൊന്നും മതിയാകില്ല. എന്നാല്‍ ഇസ്‌ലാമിന്റെ കാര്യമതല്ല. രതിയനുഭൂതികള്‍ നിഷിദ്ധമാണെന്ന് ഒരുകാലത്തും പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ട് ലൈംഗികദര്‍ശനത്തില്‍ ‘അറ്റകുറ്റപ്പണികള്‍’ നടത്തേണ്ട ഗതികേട് അതിനുണ്ടായിട്ടില്ല; ഇനിയുണ്ടാവുകയുമില്ല.

മതങ്ങള്‍ക്ക് ഭൗതികജീവിതത്തോട് നിഷേധാത്മകസമീപനമാണുള്ളതെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. പരമ്പരാഗത പുരോഹി തമതങ്ങളെ സംബന്ധിച്ചേടത്തോളം ഈ അനുമാനം ഏറെക്കുറെ ശരിയാണ്. എന്നാല്‍, ഭൗതികസുഖാനുഭൂതികള്‍ നുകരുവാന്‍ മനുഷ്യനെ അനുവദിക്കുകയും ഒരു വേള പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമികദര്‍ശനം ഈ പൊതുവിലയിരുത്തലിന് തീരെ വഴങ്ങുന്നി ല്ലെന്നതാണ് വസ്തുത. ഐഹികജീവിതത്തെയും അതിലെ സുഖസൗകര്യങ്ങളെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളായി മനസ്സിലാ ക്കുവാനും അവയെ ഏറ്റവും സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുവാനുമാണ് അത് മനുഷ്യരോടാവശ്യപ്പെടുന്നത്. വിരക്തി മന്ത്രങ്ങളുമായി വനാന്തരങ്ങളിലും സന്യാസമഠങ്ങളിലും തപസ്സിരിക്കുന്ന ‘സാധനാഭക്തി’ ഇസ്‌ലാമിന് പരിചയമില്ല തന്നെ. ജീവിത നിരാസത്തിന്റെ തത്ത്വശാസ്ത്രമാണ് ‘മതം’ എന്ന ‘മതേതര’കാഴ്ചപ്പാടിന് ഇസ്‌ലാം ഒരുനിലക്കും ഉപോല്പബ ലകമാകുന്നില്ലെന്നര്‍ഥം. ഭക്ഷണവും വസ്ത്രവും അലങ്കാരങ്ങളുമടക്കമുള്ള ഐഹികസുഖാനുഭവങ്ങളോടുള്ള വിശ്വാസി(നി) യുടെ സമീപനമെന്തായിരിക്ക ണമെന്ന് ഖുര്‍ആന്‍ പറയുന്നത് നോക്കുക: ”മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവു മായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.”(7)

”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.”

”പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോ രോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടു കയില്ല.”(9)

”കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) നിങ്ങള്‍ക്ക് അല്ലാഹു നല്‍കി യതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റിപോകരുത്. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.”(10)

”ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരി ക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരി പ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.”(11)

ആരാധനാലയങ്ങളില്‍ പോലും ഭൗതികജീവിതത്തിന്റെ സമ്പൂര്‍ണമായ തിരസ്‌കാരം സംഭവിക്കേണ്ടതില്ലെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ നിലപാട്. ഖുര്‍ആന്‍ പറഞ്ഞു: ”ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.”(12)

ആരാധനാസ്ഥലത്തെത്തേണ്ടത് അലങ്കാരപൂര്‍ണമായ ഉടയാടകളോടുകൂടി യാണെന്ന് അനുശാസിക്കുന്ന ഖുര്‍ആന്‍, ആരാധനകഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഐഹികധനസമ്പാദനത്തിന്റെ മാര്‍ഗത്തില്‍ മനുഷ്യര്‍ വ്യാപരിക്കണമെന്നും വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്: ”അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹു വിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”(13)

സമ്പല്‍സമൃദ്ധി മതകീയജീവിതത്തിന്റെ പ്രതിഫലമെന്നനിലക്കു തന്നെ അല്ലാഹു പലപ്പോഴും നല്‍കാറുള്ള അനുഗ്രഹമാണെന്നും, പ്രവാചകന്‍മാരോട് പോലും പ്രപഞ്ചനാഥന്‍ പരിപൂര്‍ണമായ ലൗകികവിരക്തി ആവശ്യപ്പെട്ടിട്ടില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.”(14)

”ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.”(15)

അല്ലാഹു തന്റെ കാരുണ്യത്തിന്റെ ഭാഗമായി ഇഹലോകജീവിതത്തില്‍ സംവിധാനിച്ചുവെച്ചിട്ടുള്ള ഐശ്വര്യങ്ങള്‍ നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ധൃഷ്ടരാകുന്ന ‘വിരക്തിജീവികളെ’ ഖുര്‍ആന്‍ കണക്കിന് വിമര്‍ശിക്കുന്നു: ”(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കു മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.”(16)

”സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.”(17)

ഇഹലോകത്തെ സുഖാനുഭവങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്ന് പ്രപഞ്ചസ്രഷ്ടാവ് മനുഷ്യരെ വിലക്കിയിട്ടില്ലെന്ന ഉപരിസൂചിത ഇസ്‌ലാമിക നിലപാടിന്റെ പ്രതിഫലനം തന്നെയാണ് ലൈംഗിക സുഖത്തോടുള്ള ഇസ്‌ലാമിന്റെ നയസമീപനങ്ങളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയു ന്നത്. മനുഷ്യന് അനുഭവിക്കാന്‍ കഴിയുന്ന ഭൗതികാനന്ദങ്ങളില്‍ സുപ്രധാനമായ ഒരു സ്ഥാനമാണല്ലോ ലൈംഗികജീവിതത്തിനുള്ളത്. മുഹമ്മദ് നബി (സ) പറഞ്ഞു: ”ഇഹലോകം വിഭവസമൃദ്ധമാണ്. അതിലെ ഏറ്റവും നല്ല വിഭവം ധര്‍മ്മബോധമുള്ള ഒരു ഭാര്യ യാണ്.”(18)ഇഹലോകം ആസ്വ ദിക്കുന്നത് വിലക്കാതിരുന്ന ഇസ്‌ലാം മതം, ഇഹലോകജീവിതത്തില്‍ അതിപ്രധാനമെന്ന് നബി(സ) പഠിപ്പിച്ച ‘പെണ്ണനുഭവ’ത്തെയും മനുഷ്യര്‍ക്ക് വിലക്കിയില്ല. രതിയനുഭൂതികള്‍ നുകരുന്നത് അനുവദനീയമാണെന്ന് ഇസ്‌ലാമികപ്രമാണങ്ങള്‍ പല പ്രകാരത്തില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലൈംഗികശേഷി മനുഷ്യനന്മയെക്കരുതി അല്ലാഹു സംവിധാനിച്ച ഒരനുഗ്രഹമാണെന്നും അതിനാല്‍ തന്നെ അതിനോട് പുറംതിരിഞ്ഞുനില്‍ക്കരുതെന്നുമുള്ള നിലപാട് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കാണാം: ”നിങ്ങള്‍ക്ക് സമാധാന പൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(19)

”അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?”(20)

”നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്ന താണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ.”(21)

മുഹമ്മദ് നബി (സ) വിവാഹത്തെ പ്രോത്സാ ഹിപ്പിച്ചുകൊണ്ട് ഇപ്രകാരമെല്ലാം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ”ഓ യുവസമൂ ഹമേ! നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം ചെയ്യട്ടെ, കാരണം അത് നോട്ടത്തെ നിയന്ത്രിക്കുകയും ഗുഹ്യാവയ വ ത്തെ (വ്യഭിചാരത്തില്‍ നിന്ന്) സംരക്ഷിക്കുകയും ചെയ്യും. അതിന് കഴിവില്ലാത്തവര്‍ നോമ്പെടുക്കുക. അത് വികാരത്തെ നിയന്ത്രിക്കും.”(22)

”നിങ്ങള്‍ വിവാഹം കഴിക്കണം. അതിനു സാധിക്കാത്തവര്‍ നോമ്പ് അനുഷ്ഠിക്കട്ടെ. കാരണം, അത് ഇച്ഛകളെ അടക്കിനിര്‍ത്തുന്നു.”(23)

”നിങ്ങളില്‍ നിന്നും കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. എന്തെന്നാല്‍, അത് (കാമാതുരമായ) ദൃഷ്ടികളെ താഴ്ത്താനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കാനും സഹായിക്കും. അതിന് സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം നോമ്പ് (ദേഹേച്ഛകളില്‍ നിന്നുള്ള) ഒരു നിയന്ത്രണമാണ്.”(24)

വിവാഹം വഴി സാധ്യമാകുന്ന ലൈംഗികജീവിതം വംശവര്‍ധനവിനും മനസ്സമാധാനത്തിനും നിമിത്തമാകുമെന്നും, വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കണ്ണിന്റെയും ലൈംഗികാവയവങ്ങളുടെയും ദുരുപയോഗത്തിനും വികാരം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥക്കും അടക്കിനിര്‍ത്താന്‍ കഴിയാത്ത ഇച്ഛകള്‍ക്കുമാണ് വഴിവെക്കുക എന്നും ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിക്കുന്നതാണ് നാം ഇവിടെ കാണുന്നത്. ലൈംഗികതയുടെ ഗുണഫലങ്ങള്‍ എണ്ണിപ്പറയുകയും, ലൈംഗികവിരക്തിയുടെ ദോഷങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത് അനുയായികളെ ലൈംഗികജീവിതത്തിന് ഇങ്ങനെയെല്ലാം പ്രേരിപ്പിക്കുന്ന മറ്റൊരു മതം ലോകത്തുണ്ടാകുമോ? അതുകൊണ്ടുതന്നെ, തികച്ചും പോസിറ്റീവായ നിലപാടാണ് ലൈംഗികതയോട് മുസ്‌ലിംകള്‍ക്കുണ്ടാകേണ്ടത്. രതിലീലകള്‍ അപമാനഭാ രത്തോടുകൂടി ചെയ്തുതീര്‍ക്കേണ്ട തോന്നിവാസങ്ങളല്ലെന്നും, അല്ലാഹു അനുവദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ശാരീരിക/മാനസിക പ്രവര്‍ത്തനമാണെന്നും ഉള്ള ബോധം ഇസ്‌ലാം മനുഷ്യരുടെ മനസ്സില്‍ സന്നിവേശിപ്പിക്കുന്നു.

മറ്റു ഐഹികസുഖങ്ങളെപ്പോലെയുള്ള കേവലമായൊരു ‘അനുവദനീയത’യായിട്ടല്ല ഇസ്‌ലാം ലൈംഗികതയെ ദര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പ്രോല്‍സാഹിപ്പിക്കപ്പെട്ട ഒരു അനുവദനീയത എന്നതിനപ്പുറത്ത് മതപരമായ ഒരു സല്‍കര്‍മമായിട്ടാണ് നബി  (സ)ലൈംഗി കതയെ പരിചയപ്പെടുത്തിയത്. പ്രവാചകന്‍ (സ) പഠിപ്പിച്ചു:

”അല്ലാഹുവിന്റെ ഒരു അടിമ വിവാഹം ചെയ്താല്‍, അവന്‍ തന്റെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.”(25)

”ഒരാള്‍ വിവാഹം ചെയ്താല്‍, അവന്‍ തന്റെ വിശ്വാസത്തിന്റെ പകുതി പൂര്‍ത്തീകരിച്ചു. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.”(26)

ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ മതപരമായ നന്മ എന്നു പറഞ്ഞാല്‍ പരലോകത്ത് പ്രതിഫലം നല്‍കപ്പെടുന്ന കര്‍മമാണ്. ലൈംഗികത, അത്തരത്തില്‍ മരണാനന്തരജീവിതത്തിലെ പ്രതിഫലത്തിനര്‍ഹമായിത്തീരുന്ന ഒരു പുണ്യകര്‍മം തന്നെയാണെന്നും മുഹമ്മദ് നബി (സ) സ്പഷ്ടമാക്കിയിട്ടുണ്ട്. പ്രവാചകനും(സ) അനുയായികളും തമ്മില്‍ ഇവ്വിഷയകമായി നടന്ന ഒരു സംഭാഷണം ഹദീഥ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് നോക്കുക: നബി (സ) പറഞ്ഞു: ”ഭാര്യമാരുമായി ലൈംഗികബന്ധത്തിലേര്‍പെടല്‍ ധര്‍മമാണ്.” അനുയായികള്‍ ചോദിച്ചു: ”തിരുദൂതരേ, ഒരാള്‍ തന്റെ വികാരം ശമിപ്പിക്കുന്നതിനും പ്രതിഫലം നല്‍കപ്പെടുമോ?” അവിടുന്ന് പ്രതിവചിച്ചു: ”നിഷിദ്ധമായ തിലൂടെയാണ് അവനത് പ്രവര്‍ത്തിച്ചതെങ്കില്‍ അവന്‍ (അതിന്റെ കുറ്റം) വഹിക്കേണ്ടി വരില്ലേ?” അവര്‍ പറഞ്ഞു: ”തീര്‍ച്ചയായും.” അവിടുന്ന് പറഞ്ഞു: ”അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെയാണെങ്കില്‍ അവന് പ്രതിഫലവുമുണ്ട്.”(27)

നമസ്‌കാരത്തെയും നോമ്പിനെയും സകാത്തിനെയുമെല്ലാം പോലെ പരലോകത്ത് പ്രതിഫലാര്‍ഹമായിത്തീരുന്ന പുണ്യ പ്രവര്‍ത്തനമാണ് ഭാര്യയുമായുള്ള ലൈംഗികബന്ധമെന്നാണ് പ്രവാചകന്‍ (സ) അറിയിക്കുന്നത്! അതെ, സെക്‌സ് നന്മയാണെന്നു തന്നെ!

നന്മകളുടെ മുഴുവന്‍ പ്രയോഗവല്‍ക്കരണം ജീവിതത്തില്‍ സാധ്യമാക്കിയവരായിരുന്നു പ്രവാചകന്‍മാര്‍. നന്മയെന്താണെന്നും തിന്മയെ ന്താണെന്നും മനുഷ്യരെ പഠിപ്പിക്കുവാന്‍ വേണ്ടി ഭൂമുഖത്തേക്ക് കടന്നുവന്ന ദൈവദൂതന്‍മാരുടെ ജീവിതത്തില്‍ നന്മകളുടെ സമ്പൂര്‍ണമായ പ്രകാശനം നടക്കേണ്ടത് അനുപേക്ഷണീയമാണല്ലോ. ‘സെക്‌സ് നന്മയാണ്’ എന്ന് പ്രപഞ്ചനാഥനാല്‍ നേരിട്ട് പഠിപ്പിക്കപ്പെട്ടവരായിരുന്നു പ്രവാചകന്‍മാരഖിലവും. അതുകൊണ്ടുതന്നെ മനുഷ്യന്റെ ലൈംഗികാസക്തിക്കെതിരെ വാളോങ്ങുവാന്‍ അവരാരും സന്നദ്ധമായില്ല. ഇണകളോടൊത്ത് രതിയനുഭവങ്ങള്‍ സാര്‍ഥകമാക്കിയവരായിരുന്നു നബിമാരെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: ”നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്.”(28)

‘സെക്‌സ് തിന്മയാണ്’ എന്ന ആശയം അല്ലാഹുവോ പ്രവാചകന്‍മാരോ പഠിപ്പിച്ചതല്ലെന്നും, മതപുരോഹിതന്‍മാര്‍ സ്വേഛപ്രകാരം നിര്‍മിച്ചെടുത്തതാണെന്നും ക്രൈസ്തവ പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും വിമര്‍ശിക്കവെ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹ ത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു.”(29)

പ്രവാചകന്‍മാരില്‍ അന്തിമനായിരുന്നു മുഹമ്മദ് നബി (സ) . ഇനിയൊരു ദൈവദൂതന്‍ ലോകത്തേക്ക് കടന്നുവരാനില്ല. മുന്‍പ്രവാചകന്‍മാ രെപ്പോലെത്തന്നെ മുഹമ്മദ് നബി(സ) യും ലൈംഗികതക്ക് ജീവിതത്തില്‍ മാന്യമായ ഇടം കൊടുത്തു. അനാദൃശമായ രീതിയില്‍ സജീവമായ ലൈംഗികജീവിതം നയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തിലെ രതിയുടെ സാനിധ്യം തന്റെ സ്വാത്വികതക്ക് പോറലേല്‍പ്പിക്കുമെന്ന് പ്രപഞ്ചസ്രഷ്ടാവില്‍ നിന്ന് മതം പഠിച്ച അന്തിമപ്രവാചകന്‍ ഒരിക്കല്‍ പോലും കരുതിയില്ല. ഒന്‍പതോളം ഭാര്യമാരോടൊത്ത് ജീവിതം നയിച്ച പ്രവാചകന്‍ (സ) ‘സെക്‌സ് നന്മയാണ്’ എന്ന തിരിച്ചറിവ് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് പകര്‍ന്നുകൊടുത്തു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:

”നിങ്ങളുടെ ഈ ലോകത്ത് സ്ത്രീകളെയും സുഗന്ധദ്രവ്യങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എനിക്ക് കണ്‍കുളിര്‍മ നിശ്ചയിക്കപ്പെട്ടി രിക്കുന്നത് നമസ്‌കാരത്തിലാണ്.”(30)

മുഹമ്മദ് നബി (സ) ലോകത്തിന് മാത്യകയായിക്കൊണ്ട് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ജീവിതരംഗങ്ങളില്‍ മുഴുവന്‍ മനുഷ്യര്‍ പിന്‍തുടരേണ്ടത് നബി(സ) യുടെ മാതൃകയാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.”(31)

ലൈംഗികത പാപമല്ല പുണ്യമാണ് എന്ന തത്ത്വം പ്രായേഗികമാക്കിയ തന്റെ മാതൃക പിന്തുടരാന്‍ മുസ്‌ലിംകളെല്ലാം സന്നദ്ധമാകണമെന്ന് പ്രവാചകന്‍ (സ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. നബി (സ) പറഞ്ഞു: ”വിവാഹം എന്റെ നടപടിക്രമമാണ്. ആരെങ്കിലും എന്റെ ചര്യയനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവന്‍ എന്നില്‍ പെട്ടവനല്ല. നിങ്ങള്‍ വിവാഹിതരാവുക.”(32)

നബി (സ) യുടെ ലൈംഗികജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട പ്രവാചകശിഷ്യന്‍മാര്‍ വിവാഹത്തിന് പ്രേരിപ്പിച്ചുകൊണ്ട് പരസ്പരം സംസാരിക്കാറുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സഈദ് ബ്‌നു ജുബൈറി (റ)നോട് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ഇബ്‌നുമാജഃ ഉദ്ധരിക്കുന്നതിങ്ങനെയാണ്. ”വിവാഹം കഴിക്കുക: നിശ്ചയം, ഈ സമുദായത്തിലെ ഏറ്റവും ഉത്തമനായ വ്യക്തിക്കാണ് ഏറ്റവും കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നത്.”മുഹമ്മദ് നബി (സ) മനുഷ്യരില്‍ അത്യുത്തമനും പാപവിമുക്തനുമായ പരിശുദ്ധപ്രവാച കനായതിനാല്‍ അദ്ദേഹത്തിന് ലൈംഗികതയാകാമെന്നും, ഭക്തിയുടെ പദവികള്‍ അത്രതന്നെ താണ്ടിക്കടന്നിട്ടില്ലാത്ത സാധാരണ മനുഷ്യര്‍ അത് മാതൃകയാക്കിക്കൂടെന്നും ‘യുക്തിവിചാരം’ നടത്തി ചില പ്രവാചക ശിഷ്യന്‍മാര്‍ ‘രതിവിരക്തി’ പ്രകടിപ്പിച്ചപ്പോള്‍ പ്രവാചകന്‍ (സ) അവരെ ശക്തമായി ശാസിക്കുകയും തിരുത്തുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം. ഭക്തിനിര്‍ഭരമായ ജീവിതത്തിനുവേണ്ടി താന്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച ഒരു മനുഷ്യനോട് നബി (സ) പ്രതിവചിച്ചതിങ്ങനെ: ”അല്ലാഹുവാണ് സത്യം, നിങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനുമാണ് ഞാന്‍. എന്നാല്‍ ഞാന്‍ വിവാഹം ചെയ്ത് ഭാര്യമാരോടൊത്ത് ജീവിക്കുന്നു. അതിനാല്‍ എന്റെ ചര്യയെ വെറുക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല.”(33)

പകല്‍ നോമ്പും രാത്രി നമസ്‌കാരവുമായി കഴിച്ചുകൂട്ടി ലൈംഗികജീവിതത്തെ അവഗണിക്കാന്‍ തുനിഞ്ഞ ഉഥ്മാനു ബ്‌നു മദ്ഊനി (റ)നോട് നബി (സ) പറഞ്ഞു: ”നിശ്ചയം, ഞാന്‍ ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യും. ഞാന്‍ നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്യും. ഞാന്‍ വിവാഹം ചെയ്തിട്ടുണ്ട്. ഓ ഉഥ്മാന്‍! അതിനാല്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിന്റെ വീട്ടുകാരോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ അതിഥികളോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ സ്വന്തത്തോടും നിനക്ക് ബാധ്യതയുണ്ട്. അതിനാല്‍ നീ നോമ്പെടുക്കുകയും ഒഴിവാ ക്കുകയും ചെയ്യുക. ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുക.”(34) മറ്റൊരു റിപ്പോര്‍ട്ടില്‍ നബി (സ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു വെന്നാണുള്ളത്: ”ഓ ഉഥ്മാന്‍! ബ്രഹ്മചര്യം നമ്മുടെ മേല്‍ നിശ്ചയിക്കപ്പെട്ടതല്ല. നിനക്ക് എന്നില്‍ ഒരു മാതൃകയില്ലേ? അല്ലാഹു വാണ് സത്യം, നിങ്ങളിലുള്ള ആരെക്കാളും കൂടുതല്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ വിലക്കുകളെ സൂക്ഷിക്കുകയും ചെയ്യുന്നത് ഞാനാണ്.”(35)

ലൈംഗിക വികാരങ്ങള്‍ ആഭാസകരമോ പൈശാചികമോ അല്ലെന്നും, പ്രവാചകന്‍മാരെല്ലാം സാര്‍ഥകമാക്കിയ ദൈവികാനുഗ്രഹമാണെ ന്നുമുള്ള ഇസ്‌ലാമിക നിലപാട് ഖുര്‍ആനിന്റെ സ്വര്‍ഗവര്‍ണനകളില്‍ കൃത്യമായി നിഴലിക്കുന്നത് കാണാം. മരണാനന്തര ജീവിതത്തില്‍ സല്‍കര്‍മകാരികള്‍ക്കുവേണ്ടി പ്രപഞ്ചനാഥന്‍ ഒരുക്കിവെച്ചിട്ടുള്ള പാരിതോഷികമാണല്ലോ സ്വര്‍ഗം. സ്വര്‍ഗത്തില്‍ മനുഷ്യര്‍ക്ക് ലഭിക്കാന്‍ പോകുന്ന വിശേഷപ്പെട്ട ദൈവിക സമ്മാനങ്ങളിലൊന്ന് സംതൃപ്തമായ ലൈംഗിക ജീവിതത്തിന് സഹായിക്കുന്ന ഇണകളാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്വര്‍ഗീയ സൗന്ദര്യത്തെ വിശദീകരിക്കുന്ന പല സന്ദര്‍ഭങ്ങളിലും സ്വര്‍ഗത്തില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുള്ള തരുണീമണികളെക്കുറിച്ച് ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ദൈവികകല്‍പനകള്‍ ശിരസ്സാവഹിച്ച് ഇഹലോകജീവിതത്തെ ധന്യമാക്കിയ സത്യവിശ്വാസികള്‍ക്ക് വേണ്ടി സ്വര്‍ഗലോകത്ത് സമ്മാനമായി ഒരുക്കിവെക്കാന്‍ മാത്രം മൂല്യമുള്ള ഒന്നായി രതിയനുഭൂതികളെ പ്രപഞ്ച നാഥന്‍ കണക്കാക്കുന്നു എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നത് കാണുക: ”തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.”(36)

”ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.”(37)

”വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും.(അവര്‍ക്കുണ്ട്.) (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍.”(38)

”തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.”(39)

”അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.”(40)

”അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതി നെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തി ന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.”(41)

”അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും.”(42)

”വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.”(43)

മുഹമ്മദ് നബി (സ) യും സ്വര്‍ഗസ്ത്രീകളുടെ ഗുണവിശേഷണങ്ങളെക്കുറിച്ച് മാനവരാശിയെ സുവിശേഷമറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ”സ്വര്‍ഗവാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തിനോക്കിയിരുന്നുവെങ്കില്‍ അവള്‍ വാനത്തിനും ഭൂമിക്കുമിടയില്‍ പ്രഭ പരത്തുമായിരുന്നു. അവര്‍ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ തലയിലുള്ള ശിരോവസ്ത്രം ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്.”(44)

”സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസംഘം പൗര്‍ണമിരാവിലെ പൂര്‍ണചന്ദ്രനെപോലിരിക്കും. അതിനെത്തുടര്‍ന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സംഘം ആകാശത്തില്‍ അതീവ പ്രഭയാല്‍ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രത്തെ പോലെയായിരിക്കും. അവരില്‍ ഓരോവ്യക്തിക്കും രണ്ട് ഇണകള്‍ വീതമുണ്ടായിരിക്കും. ആ ഇണകളുടെ കണങ്കാലുകളിലെ മജ്ജ മാംസത്തിന് പിന്നില്‍ നിന്ന് കാണപ്പെടുന്നതാണ്. സ്വര്‍ഗത്തില്‍ യാതൊരു അവിവാഹിതനും ഇല്ല.”(45)

ഇസ്‌ലാമിക വീക്ഷണത്തില്‍ ഇണയോടൊത്തുള്ള കാമലീലകള്‍ പ്രവാചകന്‍മാരുടെ മണമുള്ളതും പ്രപഞ്ചനാഥന്റെ ആശീര്‍വാദമു ള്ളതുമായ സുകൃതമാണ് എന്നാണ് പറഞ്ഞുവന്നത്. പരലോകവിജയത്തിന് സഹായിക്കുന്ന പുണ്യകര്‍മമായിട്ടാണ് പ്രമാണങ്ങളില്‍ രതി വ്യവഹരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടുതന്നെ, മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് ലൈംഗികവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അറപ്പോ വെറുപ്പോ ഉണ്ടായിട്ടില്ല. പൂര്‍വകാലം മുതല്‍ക്കുതന്നെ ഇസ്‌ലാമിക ലോകത്ത് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള ലൈംഗിക പഠനഗ്രന്ഥങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിയും. ഹദീഥ് ഗ്രന്ഥങ്ങളില്‍ മിക്കതിലും ദാമ്പത്യത്തിന്റെ കര്‍മശാസ്ത്ര/മനശാസ്ത്ര വിധികള്‍ വിശദീകരി ക്കുവാന്‍ വേണ്ടിമാത്രമായി ‘കിതാബുന്നികാഹ്’ എന്ന പേരില്‍ പ്രത്യേകം അധ്യായങ്ങളുണ്ട്. മുസ്‌ലിം കര്‍മശാസ്ത്രപണ്ഡി തന്‍മാരുടെ പുസ്തകങ്ങളില്‍ ലൈംഗികതയുടെ മതപരമായ വശം സുദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടത് കാണാം. ഇബ്‌നുക്വുദാമ അല്‍ മക്വ്ദിസിയുടെ അല്‍ മുഗ്‌നി ഫീ ഫിക്വ്ഹില്‍ ഹമ്പലീ, ഇമാം ശാഫിഈയുടെ അല്‍ ഉമ്മ് തുടങ്ങിയവ ഉദാഹരണം.

സെക്‌സ് നന്മയാണ് എന്ന ഇസ്‌ലാമികാധ്യാപനത്തില്‍ നിന്ന് ഇസ്‌ലാം ലൈംഗികതക്ക് പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് മനസ്സിലാ ക്കിക്കൂടാത്തതാണ്. വിവാഹത്തിലൂടെയുള്ള ലൈംഗികബന്ധത്തെയാണ് ഇസ്‌ലാം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും, അല്ലാതെ ലൈംഗികാരാജകത്വത്തെയല്ല. വിവാഹപൂര്‍വ/വിവാഹബാഹ്യരതിയുടെ എല്ലാരൂപങ്ങളെയും സമ്പൂര്‍ണമായി നിരോധിക്കു കയാണ് ഇസ്‌ലാമികപ്രമാണങ്ങള്‍ ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നത് കാണുക: ”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.”(46)

”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായ മായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍(കാരുണ്യവാന്റെ അടിമകള്‍). ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.”(47)

നിയമാനുസൃതമായ ലൈംഗികത മാത്രമാണ് ഇസ്‌ലാമികവീക്ഷണത്തില്‍ പുണ്യമാകുന്നതെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ലൈംഗി കത തന്നെ പാപമാണെന്ന് പറയുന്ന പുരോഹിതമതങ്ങളോട് മാത്രമല്ല, ആരോടും എപ്പോഴും എങ്ങനെയും ലൈംഗികബന്ധമാകാമെന്ന് പറയുന്ന ഭൗതികദര്‍ശനങ്ങളോടും ഇസ്‌ലാം ശക്തമായി വിയോജിക്കുന്നുവെന്നര്‍ഥം. സംക്ഷേപിച്ചുപറഞ്ഞാല്‍, ലൈംഗികബന്ധം അടിസ്ഥാനപരമായി ഒരു സല്‍പ്രവര്‍ത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍, ലൈംഗികത പുണ്യമാകുന്നത് അത് വിവാഹ ത്തിലൂടെയാകുമ്പോള്‍ മാത്രമാണ്. വിവാഹേതരമായ ലൈംഗികത നിഷിദ്ധമായ മ്ലേച്ഛവൃത്തിയാകുന്നു. നിയമാനുസൃത ലൈംഗികത പരലോക ത്തെ പ്രതിഫലത്തിന് നിമിത്തമാകുന്നതുപോലെ നിയമവിരുദ്ധ ലൈംഗികത പരലോകത്തെ ശിക്ഷക്ക് നിമിത്തമായിത്തീരുന്നു.

അല്ലാഹു നമ്മുടെ ശരീരത്തില്‍ സംവിധാനിച്ചുവെച്ചിട്ടുള്ള ലൈംഗികാവയവങ്ങളെ ഏതുരൂപത്തില്‍ വിനിയോഗിക്കണമെന്ന് തീരുമാനി ക്കേണ്ടത് നമ്മള്‍ തന്നെയാണ്. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി വിവാഹത്തിലൂടെ ലൈംഗികസംപൂര്‍ത്തീകരണം നേടുന്ന വര്‍ക്ക് ഇഹലോകത്ത് മനസംതൃപ്തിയും പരലോകത്ത് പ്രപഞ്ചനാഥനില്‍ നിന്നുള്ള പ്രതിഫലവും ലഭ്യമാകും. വിവാഹത്തിനു പുറത്തുള്ള അഴുക്കുചാലുകളില്‍ കാമനിവൃത്തിക്കായി ഉഴറിനടക്കുന്നവര്‍ക്കാകട്ടെ, സെക്‌സ് ഇഹലോകത്തും പരലോകത്തും നഷ്ടങ്ങള്‍മാത്രം സമ്മാനിക്കുന്ന തിന്മയായിരിക്കും. അല്ലാഹു നല്‍കിയ ലൈംഗികാവയവങ്ങളെ അല്ലാഹു പറഞ്ഞ രീതിയില്‍ ഉപയോഗിച്ച് നന്മകള്‍ വാരിക്കൂട്ടണമോ, അതല്ല അവയുപയോഗിച്ച് തിന്മകള്‍ സമ്പാദിക്കണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. എന്നാല്‍ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ ഗുണദോഷഫലങ്ങള്‍ ബാധിക്കുന്നത് മനുഷ്യനെത്തന്നെയാണെന്നും, മനുഷ്യന്റെ അനുസരണമോ അനുസരണക്കേടോ അല്ലാഹുവിന് ലാഭമോ നഷ്ടമോ ഉണ്ടാക്കുന്നില്ലെന്നും അവ(ള്‍ക്ക്)ന് ഓര്‍മ വേണം. ഖുര്‍ആന്‍ പറയുന്നു: ”നീ അല്ലാഹുവിനോട് നന്ദി കാണിക്കുക. ആര്‍ നന്ദി കാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.”(48)

ലൈംഗികതയോട് ഏറ്റവും സൃഷ്ടിപരമായ സമീപനം സ്വീകരിച്ചവരായിരുന്നു പ്രവാചകന്‍മാര്‍ എന്നു പറഞ്ഞുവല്ലോ. എന്നാല്‍, വിവാഹേ തരരതിയുടെ കവാടങ്ങളിലൂടെ ഒരിക്കലും പ്രവേശിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അതീവസുന്ദരനായിരുന്ന യൂസുഫ് നബി(അ) യുടെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവകഥ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ ഇക്കാര്യം ജനങ്ങളെ പഠിപ്പിക്കുന്നുണ്ട്. കുലീനയും സുന്ദരിയും രാജകുടുംബാംഗവുമായിരുന്ന ഒരു സ്ത്രീ യൂസുഫ് നബി(അ)യുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായി അദ്ദേഹത്തെ നിര്‍ബന്ധിച്ച് കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോള്‍ യൂസുഫ് നബി (അ)  അവരില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ടുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.(49) നിയമാനുസൃത ഇണയുമായുള്ള രതിസല്ലാപങ്ങള്‍ അപകര്‍ഷലേശമന്യേ നിര്‍വഹിക്കുമ്പോഴും നിയമവിരുദ്ധ ലൈംഗികതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന സന്ദേശമാണ് യൂസുഫ് (അ) സ്വജീവിതത്തിലൂടെ മാനവരാശിയെ പഠിപ്പിച്ചത്.

മുഹമ്മദ് നബി (സ) യുടെ കാര്യമെടുക്കുക. ലൈംഗികാരാജകത്വം കൊടികുത്തിവാണിരുന്ന അറേബ്യന്‍ സമൂഹത്തിലാണ് അദ്ദേഹം ജനിച്ചത്. വിവാഹപൂര്‍വരതി ഒരുകുറ്റകൃത്യമായിത്തന്നെ പരിഗണിക്കപ്പെടാതിരുന്ന ആ സമൂഹത്തില്‍ ജീവിച്ചിട്ടും ഇരുപത്തിയഞ്ചാം വയസ്സില്‍ വിവാഹിതനാകുന്നതുവരെ യാതൊരു വിധത്തിലുള്ള ലൈംഗികവര്‍ത്തനവും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. വിവാഹി തനായതിനു ശേഷമാകട്ടെ, അദ്ദേഹത്തിന്റെ രതിജീവിതം നിയമാനുസൃത ജീവിതപങ്കാളികളില്‍ ഒതുങ്ങിനില്‍ക്കുന്ന തുമായിരുന്നു. സജീവമായ ലൈംഗികജീവിതം നയിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോഴും വ്യഭിചാരത്തിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും അകന്ന് നിന്ന് മാതൃകയാകാന്‍ അന്തിമപ്രവാചകന് (സ) കഴിഞ്ഞു. ഇതിനാണ് സംശുദ്ധി എന്നു പറയുന്നത്. മാതൃകായോഗ്യമായ ജീവിതവിശുദ്ധി. ഈ ജീവിതവിശുദ്ധിയാണ് മനുഷ്യരെല്ലാവരും അനുകരിക്കേണ്ടത്. വിവാഹത്തില്‍ നിന്നു തന്നെ അകന്നുനില്‍ക്കുകയാണ് ജീവിതവി ശുദ്ധിയുടെ ലക്ഷണമെന്ന് തെറ്റുധരിച്ച പാവങ്ങളുണ്ട്. അവര്‍ക്ക് പ്രവാചകജീവിതത്തിലെ സെക്‌സിന്റെ സാന്നിധ്യം അസംഗതമായി അനുഭവപ്പെടാറുമുണ്ട്. ഇതൊരു മനോരോഗമാണ്; സെക്‌സ് വൃത്തികേടായി തോന്നുന്ന മനോരോഗം! ഈ മനോേരാഗമുള്ളവര്‍ക്കാണ് മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങളെയും സ്വര്‍ഗസ്ത്രീകളെ സംബന്ധിച്ച ഖുര്‍ആനിക വര്‍ണനകളെയും കുറിച്ച് കേള്‍ക്കുമ്പോള്‍ ചേപ്പറ തോന്നുന്നത്. കാര്യമായ ചികിത്സ ലഭിച്ചാല്‍ മാത്രമേ ഇത്തരക്കാരുടെ അസുഖം മാറൂ. ഇസ്‌ലാമിനെയും മുഹമ്മദ് നബി (സ) യെയും വിമര്‍ശിക്കുന്നവര്‍ ആര്‍ജവമുണ്ടെങ്കില്‍ ചെയ്യേണ്ടത് പ്രവാചകജീവിതത്തില്‍ നിയമവിധേയമല്ലാത്ത ലൈംഗികവര്‍ത്തനങ്ങളുണ്ടാ യിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്, അല്ലാതെ നിയമാനുസൃതമായ ലൈംഗികജീവിതത്തില്‍ അദ്ദേഹത്തിന് പുലര്‍ത്താന്‍ കഴിഞ്ഞ സജീവതയില്‍ അസൂയപ്പെട്ട് കാലം കഴിക്കുകയല്ല.

വിവാഹത്തിലൂടെ നന്മയും വ്യഭിചാരത്തിലൂടെ തിന്മയും ആക്കിമാറ്റാവുന്ന ഒന്നാണ് ലൈംഗികത എന്ന ഇസ്‌ലാമിക നിലപാടിന്റെ ഭൂമികയില്‍ നിന്ന് നോക്കുമ്പോള്‍ ലൈംഗികതയോട് മൂന്ന് തരം സമീപനങ്ങളാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത് എന്ന് പറയാന്‍ കഴിയും. ഒന്നാമത്തേത് ലൈംഗികതയെ സമ്പൂര്‍ണമായി തിരസ്‌കരിക്കുകയെന്ന സന്യാസത്തിന്റെ നിലപാടാണ്. സെക്‌സില്‍ നിന്ന് സമ്പൂര്‍ണമായി അകന്നുനിന്ന് ഇഹലോകത്തെ വികാരശമനവും പരലോകത്തെ പ്രതിഫലവും നഷ്ടപ്പെടുത്തുന്ന ഇവര്‍ക്ക് ഇന്നത്തെ ലോകത്ത് ഏറെയൊന്നും ആരാധകരില്ല. ബ്രഹ്മചര്യം പുണ്യമാണെന്ന ധാരണ വളര്‍ത്തിയിരുന്ന മതങ്ങളുടെ അനുയായികള്‍ പോലും പ്രസ്തുത നിലപാടിലെ മാനവികവിരുദ്ധത തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണല്ലോ ഈ ലേഖനാരംഭത്തില്‍ നാം സൂചിപ്പിച്ചത്. രണ്ടാമത്തെ വിഭാഗം പ്രവാചകന്‍മാരുടെ പാത പിന്തുടര്‍ന്ന് വിവാഹത്തിലൂടെ മാത്രം സെക്‌സിനെ സമീപിക്കുന്ന വിവേകശാലികളാണ്. മൂന്നാമത്തെ കൂട്ടര്‍, ലൈംഗികതയെ വിവാഹത്തിന്റെ കള്ളികള്‍ക്കുള്ളിലൊതുക്കിക്കൂടെന്ന വാദക്കാരാണ്. ഇഹലോകത്തും പരലോകത്തും നാശനഷ്ട ങ്ങള്‍ക്ക് നിമിത്തമാകുമെന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയ വ്യഭിചാരത്തെ സിദ്ധാന്തവല്‍കരിക്കാനും പ്രയോഗവല്‍കരിക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഇക്കൂട്ടരുടെ ആരവങ്ങള്‍ ഇപ്പോള്‍ ലോകത്ത് വളരെയധികം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അവരുടെ വായാടിത്തങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സമൂഹമുഖ്യധാര സന്നദ്ധമായാല്‍ ഭീകരമായ ദുന്തങ്ങളെയാണ് മാനവരാശിക്ക് അഭിമുഖീകരിക്കേണ്ടി വരിക എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 • കുറിപ്പുകള്‍
  1. ‘Who’s Behind The Good News’, Good News, May-June 2009, p.16.
  2. 1 കൊരിന്ത്യര്‍ 7:1.
  3. Ibid, 7:27.
  4. Ibid, 7:8.
  5. Ibid, 7:38.
  6. Scott Ashley, ‘Why Marriage Matters’, Good News, op.cit, p.2.
  7. ഖുര്‍ആന്‍ 2:168.
  8. ഖുര്‍ആന്‍ 2:172.
  9. ഖുര്‍ആന്‍ 6:141.
  10. ഖുര്‍ആന്‍ 6:142.
  11. ഖുര്‍ആന്‍ 7:26.
  12. ഖുര്‍ആന്‍ 7:31.
  13. ഖുര്‍ആന്‍ 62:10.
  14. ഖുര്‍ആന്‍ 71:10-13.
  15. ഖുര്‍ആന്‍ 23:51.
  16. ഖുര്‍ആന്‍ 7:32.
  17. ഖുര്‍ആന്‍ 5:87.
  18. മുസ്‌ലിം, അഹ്മദ്, നസാഈ.
  19. ഖുര്‍ആന്‍ 30:21.
  20. ഖുര്‍ആന്‍ 16:72.
  21. ഖുര്‍ആന്‍ 24:32.
  22. ബുഖാരി, മുസ്‌ലിം.
  23. ത്വബ്‌റാനി.
  24. നസാഇ.
  25. ത്വബ്‌റാനി.
  26. ത്വബ്‌റാനി.
  27. മുസ്‌ലിം, അഹ്മദ്.
  28. ഖുര്‍ആന്‍ 13:38.
  29. ഖുര്‍ആന്‍ 57:27.
  30. അഹ്മദ്, നസാഇ.
  31. ഖുര്‍ആന്‍ 33:21.
  32. ഇബ്‌നുമാജഃ.
  33. ബുഖാരി, മുസ്‌ലിം.
  34. അഹ്മദ്, അബൂദാവൂദ്.
  35. ഇബ്‌നുഹിബ്ബാന്‍, അഹ്മദ്, ത്വബ്‌റാനി.
  36. ഖുര്‍ആന്‍ 78:31-33.
  37. ഖുര്‍ആന്‍ 37:48,49.
  38. ഖുര്‍ആന്‍ 56:22,23.
  39. ഖുര്‍ആന്‍ 56:35-37.
  40. ഖുര്‍ആന്‍ 55:56-58.
  41. ഖുര്‍ആന്‍ 55:70-76.
  42. ഖുര്‍ആന്‍ 44:54.
  43. ഖുര്‍ആന്‍ 52:20.
  44. ബുഖാരി.
  45. മുസ്‌ലിം.
  46. ഖുര്‍ആന്‍ 17:32.
  47. ഖുര്‍ആന്‍ 25:68.
  48. ഖുര്‍ആന്‍ 31:12.
  49. ഖുര്‍ആന്‍ 12:23-25 കാണുക.

No comments yet.

Leave a comment

Your email address will not be published.