സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -1

//സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -1
//സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -1
ആനുകാലികം

സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -1

“…അതെ, ഞാൻ സന്തോഷവാനായിരുന്നു. ആണെന്ന് ഞാൻ കരുതി. ഞാൻ പരിശുദ്ധനായിരുന്നു, എന്റെ ആത്മാവിൽ തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു. മറ്റാരേക്കാളും എനിക്ക് തലയുയർത്തിപിടിച്ചു നിൽക്കാമായിരുന്നു. മറ്റു പട്ടക്കാർ ബ്രഹ്മചര്യം നിലനിർത്തുന്നതെങ്ങനെയെന്ന് എന്നോട് വന്ന് ചോദിച്ചു, ഭിഷഗ്വരന്മാർ വൈദ്യവിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എന്നോട് വന്നാരാഞ്ഞു… എനിക്ക് പ്രായം കൂടിയപ്പോൾ വേറെ ചിന്തകൾ വന്നു. പെണ്ണിന്റെ സാമീപ്യം എന്റെ മാംസത്തെ ഹരം പിടിപ്പിച്ചു തുടങ്ങി. ചെറുപ്പത്തിന്റെ ഗർവിൽ ഞാൻ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്തിരിക്കുന്നു എന്ന് ഞാൻ അഭിമാനിച്ച കാമം എന്റെയുള്ളിൽ തുടൽ പൊട്ടിക്കാൻ ശ്രമിച്ചു. ഞാൻ എത്ര നിന്ദനീയൻ! ആഹാരവും പാനീയവും ഉപേക്ഷിച്ച് പ്രാർത്ഥനയും പഠനവുമായി സന്യാസചര്യയുടെ ആത്മപീഡനങ്ങൾ സ്വയമേറ്റു വാങ്ങി ശരീരത്തെ മനസ്സിന്റെ വരുതിയിൽ നിർത്താൻ ഞാൻ ശ്രമം നടത്തി. ഞാൻ സ്ത്രീകളിൽ നിന്നൊഴിഞ്ഞുമാറി നടന്നു… സത്യത്തിന്റെ ശാശ്വത പ്രകാശം എനിക്ക് മനഃശാന്തി നൽകി. തിന്മയുടെ നിഴലുകൾ മാത്രമേ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നുള്ളൂ. പള്ളിയിലും പാടത്തും തെരുവോരത്തും ഞാൻ അവയെ പോലും കീഴ്‌പ്പെടുത്തി. സ്വപ്നത്തിൽ പോലും അവ എന്നെ അലട്ടുകയില്ല എന്നെനിക്ക് ബോധ്യമായി. ആ വിജയം എനിക്ക് നഷ്ടപ്പെട്ടു പോയെങ്കിൽ അതിൽ കുറ്റക്കാരൻ ദൈവം തന്നെയാണ്. എന്തേ പിശാചിനെ അവൻ മനുഷ്യനെക്കാൾ കരുത്തനായി സൃഷ്ടിച്ചു?… ഒരു ദിവസം ഞാൻ എന്റെ അറയിൽ നിന്ന് ജനാലപ്പാളിയിലൂടെ പുറത്തേക്ക് നോക്കി… അവിടെ നടപ്പാതയിൽ- ഉച്ചസമയമായിരുന്നു, സൂര്യൻ തെളിഞ്ഞു പ്രകാശിച്ചിരുന്നു ആ സമയം- ഒരുവൾ നൃത്തം ചെയ്യുകയായിരുന്നു മനോഹരിയായ ഒരു പെൺകുട്ടി, ദൈവം അവളെ കന്യാമറിയത്തേക്കാൾ സ്നേഹിക്കുമായിരുന്നു എന്നു തോന്നി, ദൈവം അവളെ അമ്മയായി കിട്ടാൻ കൊതിച്ചേനെ എന്നു തോന്നി എനിക്ക്… എന്തൊരു സൗന്ദര്യമായിരുന്നു ഞാനവിടെ കണ്ടത്! അയ്യോ, പെണ്ണേ, അത് നീയായിരുന്നു. ഞാൻ വിസ്മയചകിതനായി, വശ്യവിധേയനായി, എനിക്കുമത്തുപിടിച്ചു. ഞാൻ എത്ര നേരം ആ കാഴ്ച നോക്കി നിന്നു!… വിധി എന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു, എനിക്കു തോന്നി… വീണു പോകാതിരിയ്ക്കാൻ ഞാൻ എന്തിലോ കയറിപ്പിടിച്ചു. സാത്താൻ എനിക്കായി ഒരുക്കിവെച്ച കെണിയാണിതെന്ന് എനിക്ക് മനസ്സിലായി. എന്റെ കൺമുന്നിൽ കണ്ട സൗന്ദര്യം സ്വർഗത്തു നിന്നു വന്നതോ നരകത്തിൽ നിന്നെത്തിയതോ? അവൾ മണ്ണിലുണ്ടായതല്ല തീർച്ച. ഞാൻ എന്നോട് തന്നെ പറഞ്ഞു. അതൊരു മാലാഖയായിരുന്നു. അന്ധകാരത്തിന്റെ മാലാഖ, അഗ്നിജ്വാലയുടെ മാലാഖ… എനിക്ക് പിശാചിന്റെ ജാലം കൂടുതൽ ബോധ്യമായി… നീ നരകത്തിൽ നിന്ന്‌ വന്നവൾ തന്നെ. നീ എന്നെ നിത്യനാശത്തിലേക്ക് തള്ളിവിടാൻ വന്നവളാണ്. അതിൽ ഞാൻ ആത്മാർഥമായി വിശ്വസിച്ചു… നിന്റെ നൃത്തം എന്റെ തലയെ വട്ടം കറക്കി. മന്ത്രവിദ്യയുടെ നിഗൂഢശക്തി എന്റെ ഉള്ളിൽ അതിന്റെ പ്രവൃത്തി തുടർന്നു. എന്റെ ആത്മാവിൽ ഉണരേണ്ടിയിരുന്ന ദൈവശക്തി നിദ്രാധീനമായിപ്പോയി. മഞ്ഞുപാളിയിൽ മുങ്ങിത്താണ് പോകുന്ന ഒരു നിർഭാഗ്യവാനെപ്പോലെ ഞാൻ ആ നിദ്രയിൽ സുഖം കണ്ടു… നിസ്സഹായനായ മനുഷ്യൻ, എനിക്കെന്തു ചെയ്യാൻ കഴിയും?… ആവേശം കൊണ്ടു തന്നെ ജ്വലിപ്പിക്കുന്ന ആ ശരീരം… കണ്ടു നിൽക്കേണ്ടി വരിക, എത്ര ഭയങ്കരമാണ്! … കണ്ടുകണ്ടു മോഹിക്കുക… രാത്രിതോറും ധ്യാനിച്ചു ധ്യാനിച്ചു കിടക്കുക… നിന്നെ കണ്ടു കൊണ്ടിരിക്കുന്നത് എനിക്കു ദൈവ ദർശനത്തേക്കാൾ നിർവൃതിയായിരിക്കും. ഒരു വാക്ക് പറയൂ, നീ എന്നെ കൈയേൽക്കുമോ? നീ ഒന്ന് സമ്മതം മൂളൂ. നമ്മൾ എത്ര സന്തോഷിക്കും!”
(നോട്ടർഡാമിലെ കൂനൻ: വിക്റ്റർ ഹ്യൂഗോ: പേജ്: 275-284, പരിഭാഷ: കെ.പി ശശിധരൻ: ചിന്ത പബ്ലിഷേഴ്സ്)

വിശ്രുതനായ ഫ്രഞ്ച് സാഹിത്യകാരൻ, വിക്റ്റർ ഹ്യൂഗോയുടെ ‘നോട്ടർഡാമിലെ കൂനൻ’ എന്ന വിശ്വ വിഖ്യാതമായ നോവലിലെ ഒരു വില്യൻ കഥാപാത്രമായ ‘ക്ലോഡ് ഫ്രോല്ലോ’യുടെ ലൈംഗിക മനോവിഭ്രമമാണ് വരികളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. കാമാതുരനായ ഒരു പുരോഹിതൻ, നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ സ്വന്തമാക്കാനായി അവളുടെ കമിതാവിനെ കുത്തി കൊലപ്പെടുത്തുകയും ആഭിചാരം ആരോപിച്ച് അവളെ തടവറയിലടക്കുകയും ചെയ്തതിന് ശേഷം അവളോട് രഹസ്യമായി നടത്തുന്ന പ്രേമാഭ്യർത്ഥനയും ശൃംഗാരവുമാണ് വരികളിൽ. തന്റെ ഉള്ളിൽ ഉടലെടുത്ത കാമാഭിലാഷത്തിന്റെ പൂർണഉത്തരവാദി തന്റെ ‘ഇര’യാണെന്ന് സർഗചാതുര്യത്തോടെയും, ദൈവശാസ്ത്രപരമായും ‘ഫ്രോല്ലോ’ വ്യാഖ്യാനിക്കുന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്.

നോട്ടർഡാമിലെ അർക്കദ്യാക്കോൻ (കിഴക്കിന്റെ സഭയിലെ പുരോഹിതശ്രേണിയിൽ വൈദികരുടെ ഗണത്തിൽ ഏറ്റവും ഉയർന്ന അധികാരസ്ഥാനമാണ്) ആയ ‘ക്ലോഡ് ഫ്രോല്ലോ’ക്ക്, ‘അസ്മരാൾഡ’ എന്ന നാടോടി സുന്ദരിയോട് ജനിക്കുന്ന ‘അപ്രതീക്ഷിതമായ’ അനുരാഗാത്മക ഭ്രമവും, അവളെ സ്വന്തമാക്കാനായി സംഘടിപ്പിക്കുന്ന മനുഷ്യവേട്ടയും അധികാര ചൂഷണവും കൊലപാതകങ്ങളും ശേഷം മോഹഭംഗത്തിന് പ്രതികാരമായി അവൾക്ക് വധശിക്ഷ നൽകുന്നതും… ഈ കാമാന്ധതയാൽ പ്രചോദിതമായ മനുഷ്യവേട്ടയുടെ ഇരയായ അനാഥനും കൂനനും വികൃതനുമായ ‘ക്വാസിമോദൊ’ എന്ന ഒരു കപ്യാരുടെ കദന കഥയുമൊക്കെയാണ് 15 ആം നൂറ്റാണ്ടിലെ പാരീസിനെ ഇതിവൃത്തമാക്കി രചിക്കപ്പെട്ട ഈ നോവലിന്റെ ഉള്ളടക്കം.

മനുഷ്യ പ്രകൃതിയുടെ അനിഷേധ്യ ഘടകമായ ലൈംഗികത നിഷിദ്ധമാക്കപ്പെട്ട പുരോഹിത വൃന്ദം അനുദിനം അനുഭവിക്കുന്ന ആന്തരിക സംഘട്ടനവും മാനസിക സംഘര്‍ഷവും രോഗാതുരമായ അവസ്ഥയിലേക്ക് അവരെ എങ്ങനെ വലിച്ചിഴക്കുന്നു എന്ന് സുന്ദരമായി അനാവരണം ചെയ്യുന്നുണ്ട് നോവൽ. ഒപ്പം ഈ ലൈംഗിക വേട്ടയുടെ അപരിമിതമായ കാലപ്പഴക്കത്തിലേക്കും നോവൽ വിരൽ ചൂണ്ടുന്നു.

പൗലോസ് അപ്പോസ്തലന്റെ ഉപദേശമായി ബൈബിളിൽ ഉദ്ധരിക്കപ്പെട്ട പ്രസ്ഥാവനകളാണ് ക്രിസ്തീയ സമൂഹത്തിലെ സ്ത്രീ പുരുഷ വൈദിക ബ്രഹ്മചര്യത്തിന്റെ അടിത്തറ: “നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു…
വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു… നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.”
(കൊരിന്ത്യർ 1 – അദ്ധ്യായം 7: 1,8,32,33,34)

മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ പ്രകൃതിയായ ലൈംഗികതയെ, പരിവർജ്ജ്യമായ ഒരു ദേഹേച്ഛയായി കേവലവൽക്കരിച്ചതിന്റെ തിക്തഫലമാണ് ക്രിസ്ത്യൻ പുരോഹിത സമൂഹത്തിലെ ഈ ലൈംഗിക അസന്തുലിതാവസ്ഥയും അരാജകത്വവും. ബ്രഹ്മചര്യത്തെ പരിശുദ്ധിയായും ലൈംഗികതയെ വൃത്തികേടായും തെറ്റിദ്ധരിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്റെ യുക്തിദൗർബല്യം മാത്രമാണ്. ബ്രഹ്മചര്യം പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വൈദിക സമൂഹത്തിന്റെ ചരിത്രത്തിലെയും വർത്തമാനത്തിലെയും ലൈംഗിക അരാജകത്വവും അപകീർത്തിയും. മതം തങ്ങളിൽ അടിച്ചേൽപ്പിച്ച ഈ പ്രകൃതി വിരുദ്ധമായ നിയമം പ്രയോഗവൽക്കരിക്കാനൊ പ്രത്യക്ഷമായി ത്യജിക്കുവാനോ കഴിയാത്ത ഒരു സമൂഹത്തിൽ ശക്തമായ ലൈംഗിക അടിയൊഴുക്ക് സംജാതമാകുക സ്വാഭാവികമാണ്. ഈ അപ്രായോഗികമായ ‘മതവിധി’യുടെ യഥാർത്ഥ ഇരകൾ ചൂഷണ മനസ്കരായ പൗരോഹിത്യ വൃന്ദവുമായി സമ്പർക്കം പുലർത്തേണ്ടിവരുന്ന കന്യാസ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ എന്നിവരാണ്. ലൈംഗിക ദുരുപയോഗത്തിന് സ്വയം വിധേയരാവുക എന്നത് ഒരു മതബാധ്യതയാണെന്ന മിഥ്യാബോധം പിടികൂടിയവരാണ് ഇരകളിൽ ചിലരെങ്കിൽ മറ്റു ചിലർ പീഢനങ്ങളിലൂടെയും ഭീഷണികളിലൂടെയും അപകീർത്തിപ്പെടുത്തലിലൂടെയും അടിച്ചമർത്തപ്പെടുന്നു. ഇരകളിൽ ചിലരെ ഒറ്റുകാരും പിഴച്ചവരുമായി മുദ്രകുത്തി തേജോവധം ചെയ്തും മറ്റു ചിലരെ അജ്ഞാതമായ രീതിയിൽ ചിത്രവധം ചെയ്തും ഈ പൗരോഹിത്യ കുരിശുപട ലൈംഗിക നായാട്ട് തുടരുകയാണ്.

സമകാലിക സംഭവ വികാസങ്ങളെ ചരിത്രപരമായ വീക്ഷണകോണിലൂടെ ഗവേഷണം നടത്തുക എന്ന ദൗത്യത്തോടെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും മിയാമി യൂണിവേഴ്സിറ്റിയിലെയും ചരിത്ര വിഭാഗങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ‘ഒറിജിൻസി’ൽ (ORIGINS) ഈ ‘സെക്സ് ക്രുസൈയ്ഡി’ന്റെ ചരിത്രപഥം അനാവരണം ചെയ്യപ്പെടുന്നുണ്ട്. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ തുടർന്ന് വായിക്കുക:

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ച് പണ്ഡിതനായ ഇറാസ്മസിന്റെ രചനയിൽ “കുമ്പസാരത്തിന്റെ മറവിൽ പരാമർശിക്കപ്പെടാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യുന്ന പുരോഹിതരുടെ കരാള ഹസ്തങ്ങളിൽ ഇരകളായി വിശ്വാസികൾ പതിക്കുന്നു” എന്ന് പരാമർശിക്കുന്നുണ്ട്.

നവോത്ഥാന നഗരങ്ങളിലും പട്ടണങ്ങളിലും കുമ്പസാര വേളകളിൽ സാമൂഹികമായി ഉന്നത നിലയുള്ള സ്ത്രീകൾ, പ്രബോധകരും കുമ്പസാരക്കാരും ആയി സേവനമനുഷ്ഠിച്ചിരുന്ന ഇടവക പുരോഹിതന്മാരുമായി തനിച്ച് സഹവസിക്കുന്നു എന്നതിന് പുറമെ ഈ അവസരങ്ങളിൽ ഈ സ്ത്രീകൾ അവരുടെ കുടുംബങ്ങൾക്ക് പുറത്തുള്ള പുരുഷന്മാരുമായി, മേൽനോട്ടമില്ലാതെ കണ്ടുമുട്ടുന്നു. ഇറാസ്മസ് തിരിച്ചറിഞ്ഞതുപോലെ, അത്തരം രഹസ്യ കൂടികാഴ്ച്ചകൾ അനുചിതമായ ബന്ധങ്ങൾക്ക് വളക്കൂറുള്ള ഭൂമിയായി വർത്തിക്കുന്നു.
( https://origins.osu.edu/article/catholic-church-sexual-abuse-pope-confession-priests-nuns )

നവീകരണം വികസിച്ചപ്പോൾ, ഈ പ്രശ്നം റോമൻ സഭയിലെ നേതാക്കൾക്കിടയിൽ വലിയ ആശങ്കക്ക് കാരണമായി. ചില ആരോപണങ്ങളും സംശയങ്ങളും കിംവദന്തിയും അപവാദമായും തള്ളിക്കളയപ്പെട്ടെങ്കിലും സഭയുടെ പ്രതിച്ഛായയ്ക്ക് ഇത്തരം വിവാദങ്ങൾ വഴി വന്നുഭവിച്ച മാനഹാനിയും അഭിമാനക്ഷതവും പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

ഇത്തരം വിവാദങ്ങളിൽ നിന്ന് ഉൾത്തിരിഞ്ഞുണ്ടായ ഒരു പരിണിതഫലമാണ് നൂതമായ ഒരു ‘കുമ്പസാരക്കൂടി’ന്റെ വികാസം. പുരോഹിതരും കുമ്പസാരക്കാരും -പ്രത്യേകിച്ച് സ്ത്രീകളുമായി- തമ്മിലുള്ള അനുചിതമായ സമ്പർക്കങ്ങൾ ഒഴിവാക്കാൻ വേണ്ടി പള്ളി ഫർണിച്ചറിന്റെ ഉള്ളടക്കത്തിലെ വിചിത്രമായ മരകഷണം മനപൂർവ്വം രൂപകൽപ്പന ചെയ്യപ്പെട്ടതായിരുന്നു.

രണ്ട് ആളുകൾക്കിടയിലുള്ള തടികൊണ്ടുള്ള പാനലുകൾ ശാരീരിക ബന്ധത്തെ പൂർണമായും തടഞ്ഞു. സംഭാഷണങ്ങൾ പരസ്പരം കേൾക്കാൻ അനുവദിക്കുന്നതോടൊപ്പം കാഴ്ചയെ ആകർഷിക്കുന്നത് തടയാൻ ഒരു ഗ്രിൽ സ്ഥാപിക്കപ്പെട്ടതും ഈ ഒരു പശ്ചാത്തലത്തിന്റെ ഫലമായി കൊണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ ഇറ്റലിയിൽ വികസിപ്പിച്ചെടുക്കപ്പെട്ട ഈ ഫർണിച്ചർ, ഇരുപതാം നൂറ്റാണ്ട് വരെ കത്തോലിക്കാ സഭയുടെ ലോകമെമ്പാടുമുള്ള രൂപതകളിൽ നിർദ്ദേശിച്ചിട്ടുള്ള സാധാരണ ഉപകരണമായി മാറി. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ഉപയോഗിക്കപ്പെടുന്നുണ്ടല്ലൊ.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളോടുള്ള നിയമപരവും സ്ഥാപനപരവുമായ പ്രതികരണം ഒരു നീണ്ട കാലയളവിന് ശേഷമായിരുന്നു നിർമ്മിക്കപ്പെട്ടത്. അതിന്റെ നേരിട്ടുള്ള ഉത്ഭവം 1558 -ൽ സ്പെയിനിലാണ്, ഗ്രാനഡയിലെ ഒരു സ്ത്രീ ഭക്ത തന്റെ കുമ്പസാരക്കാരൻ തന്നെ സ്ഥിരമായി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുന്നുവെന്ന് ഒരു ജെസ്യൂട്ടിനോട് വെളിപ്പെടുത്തുന്നതായാണ് സംഭവം. കത്തോലിക്കാ ലോകത്ത് അവശേഷിക്കുന്ന ഇൻക്വിസിഷൻ ആർക്കൈവുകളിൽ ഇപ്പോഴും പുരോഹിതർക്കെതിരായ ആയിരക്കണക്കിന് കേസുകളുടെ രേഖകൾ അടങ്ങിയിരിക്കുന്നു.

കത്തോലിക്കാ യൂറോപ്പ് മുതൽ അമേരിക്ക, ഇന്ത്യ തുടങ്ങി മറ്റു പല ഇടങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഇൻക്വിസിഷൻ രേഖകളിൽ -16 ആം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി 19 ആം നൂറ്റാണ്ടിന്റെ തുടക്കം വരെ- വിവാദ കേസുകൾ പരന്നുകിടക്കുന്നു. ഇത്തരം വേദനാജനകമായ സാഹചര്യത്തിൽ ഇരകളായ സ്ത്രീകൾ അനാവശ്യമായ സാമൂഹികശ്രദ്ധയ്ക്ക് വിധേയമാകുമായിരുന്നു. കുടുംബങ്ങളിൽ നിന്ന് പോലും പീഢനാനുഭവങ്ങൾ മറച്ചുവെക്കാൻ അപമാനബോധം ഇരകളായ സ്ത്രീകളെ പ്രേരിപ്പിച്ചു. ചില കോൺവെന്റുകളിൽ, കന്യാസ്ത്രീകൾ, കുമ്പസാരിപ്പിക്കുന്ന പുരോഹിതന്മാരിൽ നിന്നുമുള്ള ലൈംഗിക ചൂഷണാനുഭവങ്ങൾ അധികൃതരെ അറിയിക്കാൻ സംഘടിക്കുകയുണ്ടായി.

നിരവധി കേസുകൾ അറിയപ്പെടുന്നെങ്കിലും, നിരവധി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു. വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഏത്ര അനുപാതം അപലപിക്കപ്പെട്ടു? എത്ര അനുപാതം അവഗണിക്കപ്പെട്ടു? എത്രത്തോളം കേസുകൾ രേഖയാക്കപ്പെട്ടു? എത്ര കുറ്റവാളികൾ പിടിക്കപ്പെട്ടു? കുമ്പസാരക്കൂടിന് പുറത്ത് നടന്നിരുന്ന അനാശാസ്യങ്ങൾ എത്ര സാധാരണമായിരുന്നു? ആൺകുട്ടികൾക്കോ ​​പുരുഷന്മാർക്കോ നേരെയുള്ള കുറ്റകൃത്യങ്ങൾ എത്രത്തോളമായിരുന്നു? എല്ലാത്തിനുമുപരി, കുറ്റക്കാരായി കണ്ടെത്തിയ പുരോഹിതർക്ക് എന്ത് സംഭവിച്ചു? അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കപ്പെട്ടു? ഈ ചോദ്യങ്ങൾക്കൊന്നും മറുപടികളില്ല !!

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.