സെക്യുലറിസം, മതനിരാസം, ഇസ്‌ലാം

//സെക്യുലറിസം, മതനിരാസം, ഇസ്‌ലാം
//സെക്യുലറിസം, മതനിരാസം, ഇസ്‌ലാം
ശാസ്ത്രം / തത്ത്വശാസ്ത്രം

സെക്യുലറിസം, മതനിരാസം, ഇസ്‌ലാം

“മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ..” കുറച്ച് മുൻപ് വരെ കേരളത്തിലെ ഒരു വിഭാഗം നാസ്തികരുടെ സാമൂഹ്യ മാധ്യമ കാമ്പയിനിൻ്റെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. മതം അപരിഷ്കൃതമാണ്, പഴഞ്ചനാണ്, അന്ധവിശ്വാസമാണ് അതിൽ നിന്ന് പുറത്ത് വരാത്തവരും അങ്ങനെ തന്നെ എന്ന ഭാഷയിൽ മാത്രമാണ് പരസ്പരം കലഹിച്ച് കൊണ്ടിരിക്കുന്ന എല്ലാ നാസ്തിക സംഘടനകൾക്കും കേരളത്തിൽ യോജിപ്പുള്ളത്. കൂടാതെ ‘മത പൊട്ടൻ’ ‘മത സാഹിത്യം’ ‘മതാത്മക അന്ധവിശ്വാസം’ തുടങ്ങിയ നിലവാരമില്ലാത്ത പ്രയോഗങ്ങളിലൂടെ മതങ്ങൾ ഇൻഫീരിയർ ആണെന്ന് നാസ്തിക സംഘങ്ങൾ ഭാഷയിലൂടെ പ്രകടിപ്പിച്ച് കൊണ്ടെ ഇരിക്കുന്നു. മത വിശ്വാസികളിൽ ഒരു തരം അപകർഷതാ ബോധം നിർമ്മിക്കുന്നതിന് നാസ്തികർക്കു പുറമേ സെക്യുലറിസ്റ്റ്റുകളും ഇടത് ലിബറൽ ചേരിയുമൊക്കെ ഒരുപോലെ contributions നടത്തിയിട്ടുണ്ട്. മതം സമൂഹത്തിൽ പ്രത്യക്ഷമാകരുത് അത് വ്യക്തി ജീവിതത്തിൽ രഹസ്യമാക്കി വേക്കേണ്ടതാണ് എന്ന ന്യായമുയർത്തി സംഘപരിവാറിൻ്റെ ഹിജാബ് വിലക്കിനെ പിന്തുണച്ചവരിൽ സെക്യുലർ ഇടതുപക്ഷ ചേരിയെയും കാണാമായിരുന്നു. മതത്തിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ചരിത്രത്തിൽ പുരോഗമനം കണ്ടതെന്നും, മതം ചങ്ങലകൾ ആണെന്നും, മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നും നിരന്തരം ഉദ്ബോധിപ്പിക്കപ്പെടുന്നു. ചുരുക്കത്തിൽ കലാലയങ്ങൾ മുതൽ മാധ്യമങ്ങൾ വരെ സ്വന്തം മതത്തെ സംബന്ധിച്ച അപകർഷതാബോധം പ്രത്യക്ഷമായും പരോക്ഷമായും കുത്തി വെക്കുന്നുണ്ട്. ഈ നരേറ്റിവുകൾക്ക് മാറ്റം ഉണ്ടാകാൻ മതത്തെ നിർവചിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ആണ് മാർഗ്ഗം.

എന്താണ് മതം!?

ക്രൈസ്തവതയും, ഹൈന്ദവതയും, ഇസ്‌ലാമും, ബുദ്ദിസവും, ജൈനിസവും ഒക്കെ മതങ്ങളാണ് എന്ന് നമുക്കറിയാം. എന്നാൽ എന്താണ് അവയെ മതങ്ങളാക്കുന്നത്? ഇപ്പുറത്ത് കമ്യൂണിസവും, ലിബറലിസവും, സെക്യുലറിസവും, ഇൻഡിവിജ്വലിസവും ഒക്കെ ഉണ്ടായിട്ടും അവ എന്തുകൊണ്ട് മതങ്ങളായി അറിയപ്പെടുന്നില്ല. ഒന്നിനെ മതം എന്ന് വിളിക്കാനും വിളിക്കാതിരിക്കാനും ഉള്ള മാനദണ്ഡം എന്താണ്?

Religion എന്ന വാക്കിന് പ്രമുഖ ഡിക്ഷണറികൾ കൊടുക്കുന്ന പരമ്പരാഗത നിർവ്വചനങ്ങൾ നോക്കാം:
“ഒരു ദൈവത്തിലോ ദൈവങ്ങളിലോ ഉള്ള വിശ്വാസവും ആരാധനയും, അല്ലെങ്കിൽ അത്തരം എന്തിലെങ്കിലുമുള്ള വ്യവസ്ഥാപിത വിശ്വാസ-ആരാധന”.(കാമ്പ്രിഡ്ജ് ഇംഗ്ലീഷ് ഡിക്ഷണറി).
“ഒരു ദൈവത്തിലോ ദൈവങ്ങളുടെയോ അസ്തിത്വത്തിലുള്ള വിശ്വാസം, അവരെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അല്ലെങ്കിൽ ഒരു ആത്മീയ നേതാവിന്റെ പഠിപ്പിക്കലുകൾ” (ഓക്സ്ഫോർഡ് ലേർണേഴ്‌സ് ഡിക്ഷണറി)

സാധാരണ എന്താണ് മതം (religion) എന്ന ചോദ്യത്തിന് അത് ദൈവവിശ്വാസവുമായി ചേർന്ന് നിൽക്കുന്ന വീക്ഷണം മാത്രമാണ് എന്ന് സ്ഥാപിക്കാൻ ഈ നിർവചനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ കേവലം മതത്തെ സംബന്ധിച്ച പരമ്പരാഗത പൊതുബോധം പകർത്തിയിരിക്കുക മാത്രമാണ് ഓക്സ്ഫോർഡും കേംബ്രിഡ്ജും പോലുള്ള ഈ ഡിക്ഷണറികൾ പോലും ചെയ്തിരിക്കുന്നത്. കേവല നിഘണ്ടുക്കൾക്ക് അപ്പുറം ഈ നിർവചനത്തെ സംബന്ധിച്ച അക്കാദമിക ചർച്ചകൾ ശ്രദ്ധിക്കാത്ത വ്യക്തികളാണ് ഇതിൽ വീഴുന്നത്. മതം കേവലം ദൈവ വിശ്വാസം ഉൾക്കൊള്ളുന്ന ഒരു ദർശനത്തിന്റെ പേര് മാത്രമാണ് എന്ന പൊതുധാരണയുടെ പരിമിതികൾ താഴെ പറയുന്നവയാണ്.

1) ദൈവവിശ്വാസമുള്ള ലോക വീക്ഷണങ്ങൾ മാത്രമേ മതം ആകൂ എങ്കിൽ ബുദ്ധിസം, താവോയിസം, കൺഫ്യൂഷനിസം എന്നിവകളെ മതങ്ങൾ എന്ന് വിളിക്കാൻ കഴിയില്ല. കാരണം ഇവയുടെ ചില പതിപ്പുകൾ എങ്കിലും ദൈവമില്ലാത്ത എന്നാൽ ചില എത്തിക്കൽ ഫിലോസഫിക്കൽ വീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ദർശനങ്ങളാണ്. non theistic religions എന്നാണ് ഇവ അറിയപ്പെടുന്നത്. മതമാകാൻ ദൈവ സങ്കല്പങ്ങൾ അനിവാര്യമല്ല എന്നിത് തെളിയിക്കുന്നു.

2) ദൈവവിശ്വാസം ഉൾക്കൊള്ളുന്നതിനാൽ അത് മതം ആകണം എന്നുമില്ല. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്ന എന്നാൽ മതങ്ങൾക്ക് ആ ദൈവവുമായി ഒരു ബന്ധവുമില്ല എന്ന് വാദിക്കുന്ന ചിന്താഗതിക്കാർ ഉണ്ട്. ഡീയിസ്ട്ടുകൾ (deists), മതരഹിത ആത്മീയത മുന്നേറ്റങ്ങൾ എന്നിവ അവക്കുദാഹരണം. ദൈവ വീക്ഷണം ഉള്ളതുകൊണ്ട് മത വിരുദ്ധമായി തന്നെ രൂപപ്പെട്ട ഈ മുന്നേറ്റങ്ങളെ മതമായി പറയാൻ കഴിയില്ലല്ലോ.

3) മതങ്ങളെ അവയുടെ സ്വഭാവവും ആയി ചേർത്തുള്ള ക്ലാസ്സിഫിക്കേഷനുകൾ ഉണ്ട്. അവയിലൊന്നും ദൈവമോ അഭൗതിക വിശ്വാസങ്ങളോ അനിവാര്യം ആകുന്നില്ല എന്ന് കാണാം. ഉദാഹരണത്തിന് functionalism. ഇതനുസരിച്ചു മതത്തെ നിർവചിക്കുന്നത് അത് നിർവഹിക്കുന്ന ധർമ്മത്തെ മുൻനിർത്തിയാണ്. മതം നിർമ്മിക്കുന്ന ഏകാത്മക ബോധം, ധാർമിക ഏകോപനം, സാമൂഹ്യ ക്രമം, ജീവിതത്തിനു നൽകുന്ന അർത്ഥതലം തുടങ്ങിയ അതിന്റെ ധർമങ്ങൾ ആണ് ഒന്നിനെ മതം ആക്കുന്നത് എന്ന വീക്ഷണം. ഇതനുസരിച്ച് ഒരു മോറൽ കോഡിനകത്ത് സമൂഹത്തെ ഏകോപിപ്പിക്കുന്ന ധർമ്മം നിർവഹിക്കുന്നത് എന്തോ അതാണ് മതം. എങ്കിൽ ലിബറലിസവും കമ്യൂണിസവും, നിരീശ്വര സംഘടനകളും ഈ വീക്ഷണത്തിൽ മതമാണ്.

4) മതത്തെ ആധികാരികമായി നിർവചിക്കുന്ന പല പഠനങ്ങളും ദൈവ രഹിതമായി തന്നെ അതിന് നിലനില്പുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. സോഷ്യോളജിസ്റ്റ് ആയ Emile Durkheim തൻ്റെ The Elementary Forms of Religious Life എന്ന ഗ്രന്ഥത്തിൽ ജനങ്ങളെ ധാർമികമായി ഒരുമിപ്പിക്കുന്ന വീക്ഷണം എന്നാണ് മതത്തെ നിർവചിക്കുന്നത്.

(Emile Durkheim (1912), who defines religion as whatever system of practices unite a number of people into a single moral community,whether or not those practices involve belief in any unusual realities). മറ്റൊരു സാമൂഹ്യ ശാസ്ത്രജ്ഞനായ പോൾ തില്ലിച്ചിൻ്റെ അഭിപ്രായത്തിൽ “മതം ഒരു വ്യക്തിയുടെ മൂല്യ ബോധത്തെ നിയന്ത്രിക്കാൻ ആധിപത്യ ശേഷിയുള്ള അയാളുടെ വീക്ഷണമാണ്”.
(Paul Tillich (1957), who defines religion as whatever dominant concern serves to organize a person’s values (whether or not that concern involves belief in any supernatural realities).)

ചുരുക്കത്തിൽ മനുഷ്യന് ജീവിതത്തെ സംബന്ധിച്ച് ഒരേകമാന വീക്ഷണം നൽകുകയും സംഘടിതമായി സമൂഹത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് എന്താണോ അതാണ് മതം. ഒരു ശരിയിൽ വിശ്വസിക്കുന്നവർ, സമൂഹത്തിന് ധാർമികമായ ഏകോപനം വേണമെന്ന് വാദിക്കുന്നവർ, ജീവിതത്തെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും ഒരു പ്രത്യേക ധാരണ കൊണ്ട് നടക്കുന്നവരെല്ലാം മത അനുയായികൾ തന്നെയാണ്. ചുരുക്കത്തിൽ ബുദ്ദിയുറച്ച മനുഷ്യരെല്ലാം മതത്തെ കൊണ്ട് നടക്കുന്നുണ്ട്. ഒരു വ്യക്തി തനിക്ക് മതം ഇല്ലെന്ന് പറഞാൽ അദ്ദേഹത്തിന് മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് അർത്ഥം.

മതം എന്താണ് എന്ന് തന്നെ മനസ്സിലാക്കാൻ കഴിയാത്ത മത വിശ്വാസികളെയും, മത വിരോധികളെയും സൃഷ്ടിച്ചത് വാസ്തവത്തിൽ എന്തായിരിക്കും? ഈ പ്രശ്നത്തിന് നരവംശ ശാസ്ത്രജ്ഞനായ തലാൽ അസദ് തൻ്റെ genealogies of religion എന്ന ഗ്രന്ഥത്തിൽ മറുപടി പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ western കൊളോണിയൽ അധിനിവേശം രൂപപ്പെടുത്തിയ ഒരു ചിന്തയാണിത്. ഇന്നത്തെ മതത്തെ സംബന്ധിച്ച ആധുനിക ധാരണകൾ എല്ലാം രൂപപ്പെടുന്നത് ജ്ഞാനോദയ കാലത്തെ യൂറോപ്പിലാണ്. രാഷ്ട്രീയത്തെയും മതത്തെയും രണ്ടായി പരിഗണിക്കണമെന്ന ചിന്തകരുടെ അഭിപ്രായം രൂപപ്പെടുന്നത് ജ്ഞാനോദയ കാലത്തെ യൂറോപ്പിലെ മാത്രം പ്രത്യേക സാഹചര്യത്തെ കണ്ടാണ്. പിന്നീടത് കൊളോണിയൽ അധിനിവേശങ്ങൾ വഴി ലോകത്ത് പ്രചരിക്കപ്പെട്ടു. ഈ അധിനിവേശങ്ങൾ പ്രാദേശികമായി അന്യരുടെ ലോക വീക്ഷണങ്ങളെ എല്ലാം മതങ്ങൾ എന്ന കാറ്റഗറിയിലേക്ക് ഒതുക്കുകയും അവകൾ ഇൻഫീരിയർ ആണെന്ന പൊതുബോധം വളർത്തുകയും മതമല്ലാത്ത ഞങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളാണ് ബദലെന്ന ചിന്തയെ പ്രചരിപ്പിക്കുകയും ചെയ്തു.

ലിബറലിസം ഒരു മതമെന്ന നിലയിൽ

സമൂഹത്തിൽ സംഘടിതമായി പ്രവർത്തിക്കുന്ന ഏതൊരു മൂല്യ സങ്കല്പവും മതമാണ്. ഈ നിർവ്വചനം അംഗീകരിച്ച് കഴിഞ്ഞാൽ സെക്യുലറിസത്തിൽ തന്നെ ചില പ്രായോഗിക വൈരുധ്യങ്ങൾ ഉണ്ടെന്നതിലേക്ക് അതെത്തും. സെക്കുലറിസം മതത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്ന കാഴ്ചപ്പാടാണ്. എന്നാൽ ഒരു മൂല്യ വ്യവസ്ഥയുടെ പിന്തുണയില്ലാതെ സമൂഹത്തെ നയിക്കാൻ രാഷ്ട്രത്തിന് കഴിയില്ല. അപ്പോൾ ഏതൊരു രാഷ്ട്രവും ഒരു സോഷ്യൽ ഓർഡറിനെ നിർമ്മിക്കാൻ ചില അടിസ്ഥാന ആശയങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അതിനർത്ഥം സെക്യുലർ രാഷ്ട്രങ്ങളായി അറിയപ്പെടുന്ന ഒരു ആധുനിക രാഷ്ട്രത്തിനും പൂർണ്ണ അർത്ഥത്തിൽ സെക്യുലർ ആകാൻ കഴിയില്ല എന്നാണ്. വ്യക്തി കേന്ദ്രീകൃത താൽപര്യങ്ങൾക്ക് ആണ് പ്രഥമ പ്രാധാന്യം ലഭിക്കേണ്ടത്, പരമ്പരാഗത മതമൂല്യങ്ങൾ പൊതു സമൂഹത്തിൽ ഇടപെടരുത്, തുടങ്ങിയ മൂല്യങ്ങൾക്കുമേൽ പ്രവർത്തിക്കുന്ന ലിബറലിസമാണ് മിക്ക സെക്യുലർ രാഷ്ട്രങ്ങളുടെയും നിലവിലെ മതം. ഈ മതകീയ സ്വഭാവത്തെ വ്യത്യസ്ത സെക്യുലർ സോഷ്യോളജിസ്റ്റുകൾ തന്നെ സമ്മതിക്കുന്നുണ്ട്. ചാൾസ് ടെയ്‌ലർ തൻ്റെ A Secular age എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: “Secularism is not just the absence of religion; it is a positive commitment to certain values and goals. It involves a set of beliefs and practices that provide individuals with a sense of identity, community, and moral guidance. In many ways, secularism functions in a similar way to traditional religions, by providing individuals with a framework for understanding the world and their place in it.” (p. 3)

(സെക്യുലറിസം എന്നത് കേവലം മതത്തിന്റെ അഭാവം മാത്രമല്ല; അത് ചില മൂല്യങ്ങളോടും ലക്ഷ്യങ്ങളോടുമുള്ള കടുത്ത പ്രതിബദ്ധതയാണ്. വ്യക്തികൾക്ക് സ്വത്വബോധം, സംഘടിത ബോധം, ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്ന ഒരു കൂട്ടം വിശ്വാസങ്ങളും വീക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾക്ക് ലോകത്തെയും അതിൽ അവരുടെ സ്ഥാനവും മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകിക്കൊണ്ട് പലതരത്തിൽ സെക്യുലറിസം പരമ്പരാഗത മതങ്ങൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു.”)

വിശ്വാസത്തിന്റെ അന്ത്യം എന്ന കൃതിയിൽ സാം ഹാരിസ് എഴുതുന്നു: “Secularism is not just about the absence of religion; it is about something far more positive: the establishment of a rational basis for human values. Secularism should be considered a project to outgrow traditional religion and replace it with something better.” (p. 224)

(സെക്യുലറിസം എന്നത് മതത്തിന്റെ അഭാവം മാത്രമല്ല; ഇത് കൂടുതൽ പോസിറ്റീവ് ആയ ഒന്നാണ്, മാനുഷിക മൂല്യങ്ങൾക്ക് യുക്തിസഹമായ അടിത്തറ സ്ഥാപിക്കലാണത്. പരമ്പരാഗത മതത്തെ മറികടന്ന് മെച്ചപ്പെട്ട എന്തെങ്കിലും കൊണ്ടുവരാനുള്ള പദ്ധതിയായി സെക്യുലറിസത്തെ കണക്കാക്കണം.” (പേജ് 224)

മറ്റൊരു നവനാസ്തിക ബുദ്ദിജീവിയായ ഡാനിയൽ ദെനട്ട്‌ എഴുതുന്നു: “Secularism is not just an absence of religion; it is a positive commitment to certain values and goals. It is not just an alternative to religion; it is an alternative form of religion. It provides its adherents with many of the same benefits that traditional religions provide: community, moral guidance, existential significance. But it does so without relying on supernatural beliefs or practices.” (p. 327)

(സെക്യുലറിസം എന്നത് മതത്തിന്റെ അഭാവം മാത്രമല്ല; അത് ചില മൂല്യങ്ങളോടും ലക്ഷ്യങ്ങളോടും ഉള്ള ഒരു നല്ല പ്രതിബദ്ധതയാണ്. അത് മതത്തിന്റെ ഒരു ബദൽ രൂപമാണ്. സാമൂഹ്യ നിർമ്മിതി, ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങൾ, സ്വത്വബോധം തുടങ്ങി പരമ്പരാഗത മതങ്ങൾ നൽകുന്ന അതേ ആനുകൂല്യങ്ങൾ സെക്യുലറിസം അതിന്റെ അനുയായികൾക്ക് നൽകുന്നു. എന്നാൽ അമാനുഷിക വിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആശ്രയിക്കാതെ അത് ചെയ്യാൻ സെക്യുലറിസത്തിന് കഴിയുന്നു.” (പേജ് 327)

ചുരുക്കത്തിൽ പരമ്പരാഗത മത വിശ്വാസങ്ങൾക്ക് ബദലാവുക എന്ന സ്വഭാവത്തിൽ തന്നെ മതകീയ സ്വഭാവത്തിൽ സെക്യുലർ ലിബറൽ ആശയങ്ങൾ പ്രവർത്തിക്കുന്നു എന്ന് അതിൻ്റെ പ്രധാന വക്താക്കൾ തന്നെ പറയുന്നുണ്ട്.

സെക്യുലറിസം സമം ജനാധിപത്യം?

ഒരു രാഷ്ട്രം സെക്യുലർ ആവുകയെന്നാൽ പൂർണ്ണമായും ജനാധിപത്യപരമാവുകയാണ് എന്നാണ് അർത്ഥമെന്നും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ് എന്നും ഒരു പൊതു ധാരണയുണ്ട്. എന്നാൽ പൂർണ്ണമായും സെക്യുലർ ആയ ഒരു രാഷ്ട്രത്തിന് അതേ നിലയിൽ ജനാധിപത്യപരമാവാൻ കഴിഞ്ഞോളണം എന്നില്ല. സെക്യുലർ രാഷ്ട്രമെന്നാൽ അതിൻ്റെ ധാർമിക മൂല്യവശങ്ങളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മതത്തെ മാറ്റി നിർത്തിയ ഇടമായിരിക്കണം. എന്നാൽ ഒരു രാഷ്ട്രത്തിലെ ജനങ്ങൾ മത മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന സാമൂഹ്യ ഗതിയിൽ ജനാധിപത്യപരമായ തീരുമാനങ്ങളിൽ മത മൂല്യങ്ങൾക്ക് പങ്കുണ്ടാവും. ഉദാഹരണത്തിന് സെക്യുലർ രാഷ്ട്രമായ അമേരിക്കയിൽ തന്നെ ഗർഭ ഛിദ്രത്തിന് എതിരെ കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. അതിന് പ്രേരണ ജൂത ക്രൈസ്തവ മത മൂല്യങ്ങളുടെ സ്വാധീനമാണ്. സ്വവർഗ്ഗ വിവാഹത്തിന് എതിരെയും, ട്രാൻസ് ജെൻഡർ ഐഡിയോളജിക്ക് എതിരെയും നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങൾക്ക് പിറകിലും മതകീയ മൂല്യങ്ങൾക്ക് പങ്കുണ്ട്. അപ്പോൾ ഒരു ജനാധിപത്യ തീരുമാനത്തിന് കീഴ്‌പ്പെടുന്ന രാഷ്ട്രത്തിന് ജനങ്ങളുടെ മതത്തിൻ്റെ വിശ്വാസവിചാരങ്ങൾക്ക് പ്രാധാന്യം നൽകാതെയിരിക്കാനാകില്ല. അപ്പോൾ മതത്തെ പൂർണ്ണമായും ഒഴിച്ച് നിർത്തിയുള്ള രാഷ്ട്രീയം സാധ്യമല്ല എന്ന് വരുന്നു. പക്ഷേ അങ്ങനെ രാഷ്ട്രീയം മത മൂല്യങ്ങളെ അനുസരിക്കുന്നത് സെക്കുലറിസത്തിന് എതിരാണ്. ഇനി പൂർണ്ണമായും മതത്തെ ഒഴിച്ച് നിർത്തണം എന്നു തീരുമാനിച്ചാൽ അത് ജനങ്ങളുടെ വിശ്വാസ ആദർശത്തെ കണക്കിലെടുക്കാത്ത ജനാധിപത്യ വിരുദ്ധ നിലപാടാകും. ജനങ്ങളുടെ പൊതു താൽപര്യത്തെ അവഗണിച്ച് രാഷ്ട്രം സ്വന്തം മൂല്യങ്ങളെയും ധാരണകളെയും അടിച്ചേൽപ്പിക്കുന്നു എന്നാൽ അർത്ഥം രാഷ്ട്രത്തിന് സ്വന്തം മതം ഉണ്ടെന്നാണ്. ചുരുക്കത്തിൽ ഇത്തരം ആന്തരിക വൈരുധ്യങ്ങൾ ചേർന്നല്ലാതെ സെക്യുലരിസത്തിന് പ്രവർത്തിക്കാൻ ആകില്ല.

ഔട്ട് ഗ്രൂപ്പ് ബയാസും, സെക്യുലർ- ഇസ്‌ലാമിക സമീപനങ്ങളും

ബഹു മതങ്ങളുടെ ഭൂമികയിൽ രാഷ്ട്രം അതിൽ ഒന്നിനോട് പൊളിറ്റിക്കലായി ചേർന്ന് നിൽക്കുന്നത് മറ്റ് മതങ്ങളോട് കാണിക്കുന്ന വിവേചനമാകും എന്ന യുക്തിയിലാണ് മതങ്ങളെ മാറ്റി നിർത്തിയുള്ള പൊളിറ്റിക്കൽ സമീപനം മതിയെന്ന ചിന്തക്ക് ന്യായമുണ്ടാകുന്നത്. എന്നാൽ സെക്യുലർ ലിബറൽ സമീപനങ്ങളെ ശരിയായ അർത്ഥത്തിൽ വായിച്ചാൽ മതമായി തന്നെ കാണാമെന്ന് നാം കണ്ടു. അതിനർത്ഥം പൊളിറ്റിക്കലായി ഒരു കൂട്ടം ദർശനങ്ങളെ മാറ്റി നിർത്തുകയും മറ്റൊരു കൂട്ടം ലിബറൽ മത മൂല്യങ്ങളോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന വിവേചനം സെക്യുലർ രാഷ്ട്രങ്ങളിൽ എല്ലാം ആരോപിക്കാമെന്നാണ്. എന്നാൽ മതമായി ഇവയെ നിർവചിക്കുമ്പോൾ മാത്രമാണ് ഈ പ്രശ്നം.

എന്തുകൊണ്ടാണ് കേവലം നിർവചനം മാറ്റുമ്പോൾ മാത്രം ഈ പ്രശ്നം ഉണ്ടാകുന്നത്? മനുഷ്യൻ സ്വാഭാവികമായും അന്യ സംഘത്തോട് വിവേചനം കാണുന്ന പ്രകൃതത്തിലാണ് ഉള്ളത്. തങ്ങളല്ലാത്ത മറ്റൊരു വിഭാഗം എപ്പോഴും തങ്ങൾക്ക് എതിരായിരിക്കും എന്ന out group bias മനുഷ്യനുണ്ട്. ഈ അവസ്ഥയിൽ ആ outgroup bias-നേ മറികടക്കാൻ കഴിയുന്ന വീക്ഷണം എന്ന സ്വഭവത്തിലാണ് മതങ്ങൾക്കിടയിൽ നിന്നും മതം അല്ലാത്തത് എന്ന അർത്ഥത്തിൽ സെക്യുലർ ലിബറലിസങ്ങളെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടാണ് ഒരേ സമയം ഒരു വ്യക്തിക്ക് ക്രിസ്ത്യൻ ലിബറൽ ആകാനും, ഹിന്ദു ലിബറൽ ആകാനും ഒക്കെ കഴിയുന്നത്. ക്രിസ്ത്യൻ ആയിരിക്കുമ്പോൾ തന്നെ ലിബറൽ വീക്ഷണങ്ങൾക്ക് അനുസരിച്ച് തൻ്റെ മതത്തെ വായിക്കാൻ കഴിയുന്നത് കൊണ്ടാണ് ഈ സമന്വയം സാധ്യമാകുന്നത്. അഥവാ ക്രൈസ്തവതയുമായി വൈരുദ്യത്തിലാകാത്ത, ക്രൈസ്തവതക്ക് ബദൽ അല്ലാത്ത ദർശനമാണ് ലിബറലിസം എന്ന് ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നതു കൊണ്ടാണ് ഈ സമന്യയങ്ങൾ ഉണ്ടാകുന്നത്. ഇന്നത്തെ പാശ്ചാത്യ ക്രൈസ്തവ സമൂഹം മുഴുവൻ ഈ സ്വഭാവത്തിൽ ലിബറലിസം ബാധിച്ചു കഴിഞ്ഞവരാണ്. അതേ സമയം muslim christian എന്ന പദം ഉണ്ടാകാതിരിക്കാൻ കാരണവും ഇത് തന്നെ. ഇസ്‌ലാം തങ്ങളുമായി വൈരുദ്യത്തിൽ കഴിയുന്ന ബദൽ വീക്ഷണവും അന്യ ദർശനവും ആണെന്ന പൊതുബോധം ഇസ്‌ലാമിനെ ജനങ്ങൾ അടുത്തറിയുന്നതിൽ നിന്ന് തടയുന്നു. ഇസ്‌ലാമിനെ out group bias ഓടെ മാറ്റി നിർത്താൻ കാരണമാകുന്നു.

വാസ്തവത്തിൽ പാശ്ചാത്യ ലോകത്ത് നിലവിൽ കാണുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിച്ചാൽ അതിൽ പലതും പ്രധാനമായും ലിബറൽ മൂല്യങ്ങൾക്ക് ക്രൈസ്തവ ജൂത പാരമ്പര്യവുമായി ഉണ്ടാകുന്ന ധാർമിക അഭിപ്രായ വ്യത്യാസങ്ങളാണ്. അമിത ലൈംഗികത ടെക്സ്റ്റ് ബുക്കുകളിൽ പോലും നിറച്ച് കുഞ്ഞുങ്ങളെ സ്വതന്ത്ര രതിക്ക് ഒരുക്കുന്ന ലിബറൽ പാഠ്യ പദ്ദതികളോട് മത വിശ്വാസികളായ രക്ഷിതാക്കൾക്ക് കലഹിക്കേണ്ടി വരുന്നത് ലിബറൽ ലോകത്ത് നിന്ന് കാണാം. ജെൻഡർ ന്യൂട്രാലിറ്റി, സ്വവർഗ്ഗ ലൈംഗികത, അബോർഷൻ റൈറ്റ്സ്, വിവാഹ വിരുദ്ധത, ലഹരി സ്വാതന്ത്ര്യം, ജെൻഡർ രാഷ്ട്രീയം, ട്രാൻസ് ഐഡിയോളജികൾ, മത നിഷേധം.. എന്നിവക്ക് ലിബറൽ ഭരണകൂടങ്ങൾ പിന്തുണ നൽകുന്നതിനോട് ആണ് അവിടെയുള്ള കൺസർവേറ്റീവുകൾക്ക് വിയോജിപ്പ്. ഇത്രയും വിശ്വാസ അന്ധരമുള്ള മറ്റൊരു മതം തന്നെയാണ് ലിബറലിസം എന്നിത് തെളിയിക്കുന്നു.

എന്നാൽ സാമൂഹ്യ വിഷയങ്ങളിൽ മറ്റ് മതങ്ങളുമായി ഇത്രയൊന്നും അന്തരമില്ലാത്ത ഒന്നാണ് ഇസ്‌ലാം. ആ നിലക്ക് രാഷ്ട്രീയമായും വ്യക്തിപരമായും ലിബറലിസത്തേക്കാൽ ഏതൊരു ദർശനത്തിനും ചേർന്ന് നിൽക്കാനിടം ഇസ്‌ലാമിലുണ്ട്. ഇസ്‌ലാം അന്യ ദർശനങ്ങളോട് സ്വീകരിച്ച മനഃശാസ്ത്രം നിരീക്ഷിച്ചാൽ അത് മനസ്സിലാകും. ആദ്യമായി ഇസ്‌ലാം മാറ്റി നിർത്തലുകളുടെ പ്രധാന കാരണമായ outgroup bias-നേ ഉടക്കാൻ ശ്രമിച്ചതായി കാണാം. നാസ്തിക ലിബറൽ ചേരി ക്രൈസ്തവ ജൂത ദർശനങ്ങളെ അപരിഷ്കൃത, അന്ധ വിശ്വാസങ്ങൾ എന്ന പേരിൽ മാറ്റി നിർത്തുമ്പോൾ ഇസ്‌ലാം അവരുടെ വേദങ്ങളെ അംഗീകരിക്കുന്നുണ്ട്. അവരുടെ പ്രവാചകന്മാരെ പ്രവാചകന്മാരായി തന്നെ പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാം ഒരേ പാരമ്പര്യം ഉൾക്കൊള്ളുന്നു എന്ന ആശയം പറയുന്നു. അഥവാ മറ്റ് പാരമ്പര്യ മതങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ അന്യമായി കാണേണ്ടതില്ല. സ്വാഭാവികമായും കാലക്രമേണ മനുഷ്യ ഇടപെടലുകൾക്ക് വിധേയമായ അവരുടെ തന്നെ വേദ ഗ്രന്ഥങ്ങളുടെ ശരിയായ വായനയാണ് ഖുർആൻ, വളച്ചൊടിക്കപ്പെട്ട അവരുടെ തന്നെ പ്രവാചകന്മാർ പറഞ്ഞ ആശയത്തെ ഒരിക്കൽ കൂടി പരിചയപ്പെടുത്തുക ആണ് ഇസ്‌ലാം. ഈ നിലക്ക് അന്യതകൾ ഇല്ലാത്ത അവനവൻ്റെ തന്നെ ആശയത്തിൻ്റെ ശരിയായ രൂപമായി ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നു. ഈ സ്വഭാവത്തിൽ പ്രവാചകൻമാർ കടന്നു ചെന്നിട്ടില്ലാത്ത സമുദായങ്ങളില്ല എന്ന ഖുർആനിക വചനത്തെ പിൻപറ്റി ഏത് പ്രാദേശിക വിശ്വാസ ആചാരങ്ങൾക്കും ഇസ്‌ലാമിൽ ലയിക്കാൻ കഴിയുന്നു. ചുരുക്കത്തിൽ ഉൾക്കൊള്ളൽ ക്ഷമത കൊണ്ടും പ്രായോഗികത കൊണ്ടും, ഏകോപന ശക്തി കൊണ്ടും ലോകത്തിന് ലിബറൽ ദർശനത്തേക്കാൾ സ്വീകാര്യമാകാനുള്ള potentiality ഇസ്‌ലാമിനുണ്ട്. ലിബറൽ അരാജകത്വങ്ങളോട് മറ്റ് വിശ്വാസങ്ങൾക്ക് കലഹിക്കേണ്ട അവസ്ഥയുള്ളപ്പോൾ സാമൂഹ്യ സദാചാര വിഷയങ്ങളിൽ അവരുടെ മൂല്യങ്ങളെ ഇസ്‌ലാം ഇസ്‌ലാമായിത്തന്നെ സംരക്ഷിക്കുന്നു. അതിനെ അന്യവത്കരിക്കാനുള്ള നിരന്തര ശ്രമങ്ങളെ അതിജീവിക്കാൻ കഴിഞ്ഞാൽ ലോക രാഷ്ട്രീയത്തിൽ തന്നെ ഇസ്‌ലാമിന് ശോഭന ഭാവിയുണ്ട്.

print

1 Comment

  • കൃത്യം.
    സത്യത്തിൽ യൂറോപ്യന്മാരുടെ മതം അവരുടെ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടപ്പോൾ അല്ലെങ്കിൽ ഇതര മതസ്ഥർക്ക് നീതി ലഭ്യമാക്കാൻ തങ്ങളുടെ മതം അപര്യാപ്തമാണ് എന്ന് തോന്നിയപ്പോൾ ആണ് സെക്യൂലറിസത്തിൽ അഭയം പ്രാപിച്ചത്. നിലവിലെ സെക്കുലർ മൂല്യങ്ങളെക്കാൾ “സെക്കുലർ” ആയിരുന്നു ആരംഭഘട്ടത്തിൽ തന്നെ ഇസ്ലാം. മദീനയിലെ ജൂതന്മാരുമായി പ്രവാചകൻ ഉണ്ടാക്കിയ കരാർ ഉദാഹരണം. ഫലസ്തീനിൽ ജൂതരും ക്രിസ്ത്യാനികളും ഭരിച്ചപ്പോൾ അന്യമതസ്ഥരെ ആട്ടിപ്പായിക്കുകയോ കൊന്നൊടുക്കുകയോ ചെയ്തു. എന്നാൽ ഇസ്ലാം ഭരണത്തിന് കീഴിൽ ആണ് ഈ മൂന്ന് മതസമൂഹങ്ങളും അവിടെ പ്രശ്നങ്ങൾ ഇല്ലാതെ ഒരുമിച്ച് പ്രാർത്ഥിച്ചിരുന്നത് എന്ന് കാണാം.

    ഒരു നാടിനെ യുദ്ധത്തിൽ കീഴപ്പെടുത്തിയാൽ ആ നാട്ടിലെ ജനങ്ങളെ ഒന്നുങ്കിൽ കൊല്ലുക അല്ലെങ്കിൽ മതംമാറ്റുക എന്നത് ആയിരുന്നു അത് വരെയുള്ള മതങ്ങളുടെ ഒക്കെ modus operandi. അമേരിക്ക ഒക്കെ ഉദാഹരണം. എന്നാൽ ഇസ്ലാം ആ നാട്ടിലുള്ള ആളുകൾക്ക് മതസ്വാതന്ത്ര്യവും അവരുടെ ആരാധനാലയങ്ങൾക്ക് പ്രൊട്ടക്ഷൻ നൽകിയിട്ടുള്ളതായി കാണാം. അവരുടെ മതവിശ്വാസങ്ങൾക്ക് അനുസൃതമായി അവർക്ക് ശരിഅ അല്ലാത്ത കോടതികൾ വരെ അനുവദിച്ചിരുന്നതായി കാണാം. ഇന്നും ഏതെങ്കിലും സെക്കുലർ രാജ്യത്ത് ശരിഅ നിയമം മുസ്ലിങ്ങൾക്ക് മാത്രമായി അനുവദിച്ചു തരില്ല.

    Fawaz 10.05.2023

Leave a comment

Your email address will not be published.