സൗന്ദര്യം ‘ബുദ്ധി’ മുട്ടിക്കുമ്പോൾ…
“Stroop test
മനുഷ്യന്റെ ചിന്താപരമായ ശേഷികളെ (Mental resources) കുറിച്ചുള്ള പഠനങ്ങളിൽ ഗവേഷകർ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് സ്‌ട്രൂപ്പ് ടെസ്റ്റ്. ഇതിന്റെ നിർദ്ദേശങ്ങൾ ലളിതമാണെങ്കിലും ഇത് കൃത്യമായി ചെയ്തു തീർക്കാൻ നല്ല ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്.
ഒരു പട്ടികയിലെ വാക്കുകൾ നോക്കി അവ ഏത് നിറത്തിലുള്ള മഷിയിലാണ് അച്ചടിച്ചിരിക്കുന്നത് എന്ന് വേഗത്തിൽ (ഉച്ചത്തിൽ) പറയുകയാണ് ഈ പരീക്ഷണം. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും, വാക്കുകളുടെ അർത്ഥവും അവയുടെ നിറവും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോൾ ഇത് പ്രയാസകരമായി മാറുന്നു.
ഉദാഹരണത്തിന്, ‘പട്ടി’ (Dog) എന്ന വാക്ക് വയലറ്റ് മഷിയിലാണ് അച്ചടിച്ചിരിക്കുന്നത് എങ്കിൽ ‘വയലറ്റ്’ എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ മഞ്ഞ (Yellow) എന്ന വാക്ക് നീല മഷിയിലാണ് എഴുതിയിരിക്കുന്നത് എങ്കിൽ ‘നീല’ എന്ന് പറയാൻ കൂടുതൽ പ്രയത്നം ആവശ്യമാണ്. കാരണം, ആ വാക്ക് കാണുന്ന നിമിഷം തന്നെ, അതിൻ്റെ നിറം പറയാൻ നിങ്ങളുടെ തലച്ചോർ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ പൊരുത്തപ്പെടാത്ത നിരവധി വാക്കുകൾ തുടർച്ചയായി പറയേണ്ടി വരുന്നത് മാനസികമായി വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.

സൈക്കോളജി ഓഫ് വിമൻ ക്വാർട്ടർലി’ (Psychology of Women Quarterly) പ്രസിദ്ധീകരിച്ച ഒരു പഠനം തെളിയിക്കുന്നത്, സ്വിംസ്യൂട്ട് (നീന്താൻ ഉപയോഗിക്കുന്ന അൽപ്പ വസ്ത്രം) ധരിക്കുന്നത് സ്ത്രീകളുടെ സ്‌ട്രൂപ്പ് ടെസ്റ്റിലെ (Stroop test) പ്രകടനത്തെ മോശമായി ബാധിക്കുന്നു എന്നാണ്. ഇതിന് കാരണം, അവരുടെ ചിന്താശേഷിയുടെ (Cognitive resources) ഒരു വലിയ ഭാഗം സ്വന്തം ശരീരത്തെ സ്വയം നിരീക്ഷിക്കാനായി മാറ്റിവെക്കേണ്ടി വരുന്നു എന്നതാണ്.¹
നമുക്ക് ചുറ്റുമുള്ള ലോകത്ത് സ്വാധീനം ചെലുത്താൻ നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും അത്യന്താപേക്ഷിതമാണ്. സ്വന്തം ശരീരത്തെ (ലുക്കിനെ) നിരീക്ഷിക്കുന്നതിനായി വിലപ്പെട്ട ഈ ശ്രദ്ധ നമ്മൾ ബലികഴിക്കേണ്ടി വരുന്നത് വലിയ നഷ്ടമാണ്. നമ്മുടെ മനസ്സിന് ഇതിനേക്കാൾ പ്രധാനപ്പെട്ട ഒട്ടേറെ ഇടങ്ങളിൽ വ്യാപരിക്കാനുണ്ട്.
സ്വന്തം ശരീരത്തിന്റെ ബാഹ്യരൂപത്തെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. ശരീരത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള സദാസമയ നിരീക്ഷണം (Body surveillance) നിങ്ങളുടെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച്, ഏകാഗ്രത ആവശ്യമുള്ള പ്രയാസകരമായ ജോലികൾ ചെയ്യുമ്പോൾ ഇത് നിങ്ങളുടെ കോഗ്നിറ്റീവ് പെർഫോമൻസിനെ (Cognitive performance) തടസ്സപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമുള്ള സമയങ്ങളിലായിരിക്കും ശരീരത്തെക്കുറിച്ചുള്ള ഈ നിരീക്ഷണം ഏറ്റവും വലിയ തടസ്സമായി മാറുന്നത്.
വിദ്യാഭ്യാസ മേഖലയിലുള്ള പെൺകുട്ടികളിലും സ്ത്രീകളിലും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ!
പെൺകുട്ടികൾ തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച് ആകുലപ്പെടുമ്പോൾ അവരുടെ സ്കൂൾ പാഠങ്ങൾ, പരീക്ഷാ ഫലങ്ങൾ, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് എന്നിവയെ അത് എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടാകും?
പതിനേഴുകാരിയായ ഒരു വിദ്യാർത്ഥി, ആർട്ടെമിസ് പറഞ്ഞതുപോലെ:
“എന്റെ തലച്ചോർ രണ്ട് പകുതികളായി വിഭജിക്കപ്പെട്ടതുപോലെയാണ്. ഒരു പകുതി എന്റെ ശരീരത്തെക്കുറിച്ചും മറുപകുതി പഠനത്തെക്കുറിച്ചും ചിന്തിക്കുന്നു.”
ഗവേഷകർ ഒരു ലാബ് പരീക്ഷണത്തിലൂടെ സ്ത്രീകളിലെ ‘സെൽഫ് ഒബ്‌ജക്റ്റിഫിക്കേഷൻ’ (Self-objectification) അഥവാ ‘സ്വന്തത്തെ പദാർത്ഥവൽകരിച്ച്/ ലൈംഗികവൽകരിച്ച് കാണുന്ന പ്രവണത’ പരീക്ഷിച്ചു.
കണ്ണാടിയുള്ള ഒരു മുറിയിൽ തനിച്ച് ഒരു സ്വിംസ്യൂട്ട് (Bathing suit) ധരിക്കാൻ അവരോട് ആവശ്യപ്പെട്ടു. മിക്ക സ്ത്രീകൾക്കും സ്വിംസ്യൂട്ട് ധരിക്കുന്ന പ്രക്രിയ തന്നെ അവരുടെ ശരീരത്തിന്റെ വലുപ്പത്തിലേക്കും ആകൃതിയിലേക്കും ശ്രദ്ധ തിരിക്കാൻ പര്യാപ്തമായിരുന്നു. അതിലുപരിയായി, ഇത്തരത്തിൽ സ്വിംസ്യൂട്ട് ധരിച്ച സ്ത്രീകൾക്ക് കണക്ക് പരീക്ഷയിൽ കുറഞ്ഞ മാർക്ക് മാത്രമേ ലഭിച്ചുള്ളൂ എന്ന് ഈ പഠനങ്ങൾ തെളിയിച്ചു.
“ദാറ്റ് സ്വിംസ്യൂട്ട് ബികംസ് യു” (That Swimsuit Becomes You) എന്നായിരുന്നു ഈ പഠനത്തിന്റെ പേര്.²
“ബോഡി ഓൺ മൈ മൈൻഡ്” (Body on My Mind) എന്ന മറ്റൊരു പഠനത്തിൽ, സ്വിംസ്യൂട്ട് (നീന്താൻ ഉപയോഗിക്കുന്ന അൽപ്പ വസ്ത്രം) ധരിക്കുന്നത് ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധത്തിന് (Body shame) കാരണമാകുമെന്ന് കണ്ടെത്തി.³
വസ്ത്രം മാറി പത്ത് മിനിറ്റിന് ശേഷവും ശരീരത്തെക്കുറിച്ചുള്ള ആ ചിന്തകൾ അവരുടെ മനസ്സിൽ തന്നെ നിന്നു. സ്ത്രീകളെ അവരുടെ ബാഹ്യരൂപത്തെക്കുറിച്ച് ചിന്തിപ്പിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഒരിക്കൽ തലച്ചോർ ആ വഴിക്ക് ചിന്തിച്ചു തുടങ്ങിയാൽ, അതിൽ നിന്നും പിന്തിരിയുക എന്നത് പ്രയാസകരമാണ്. ഈ പഠനങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ മറ്റാരും (പ്രത്യേകം മറ്റു പുരുഷന്മാരും ആരും തന്നെ) സ്വിംസ്യൂട്ടിൽ കണ്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവർ തങ്ങളെത്തന്നെ സ്വയം സ്വിംസ്യൂട്ടിൽ കണ്ടു എന്നത് മാത്രം മതിയായിരുന്നു അവരിൽ ബുദ്ധിപരമായ ദുർബലത സംഭവിക്കാൻ.” ⁴
ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് (British Institute of Food Research) നടത്തിയ പഠനമനുസരിച്ച്, വളരെ കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണം (Very low calorie diets) കഴിക്കുന്നവരിൽ ചിന്താശേഷി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡയറ്റിംഗ് ചെയ്യാത്ത സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ, കഠിനമായ ഡയറ്റിംഗ് പിന്തുടരുന്നവർക്ക് ഓർമ്മശക്തി (Memory), ഏകാഗ്രത (Attention), പ്രതികരണ സമയം (Reaction time) എന്നിവ പരിശോധിക്കുന്ന ടാസ്ക്കുകളിൽ കുറഞ്ഞ മാർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.
അതായത്, ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതിരിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമതയെയും നേരിട്ട് ബാധിക്കുന്നു എന്ന് ഈ പഠനം വ്യക്തമാക്കുന്നു.⁵
ചുരുക്കത്തിൽ, സൗന്ദര്യഭ്രമം കൂടുന്നതിന് അനുസരിച്ച്, ബുദ്ധിസാമർത്ഥ്യം കുറയുന്നു. മേക്കപ്പും ഫാഷനും നഗ്നതാ പ്രദർശനവും, സ്‌ത്രീകളുടെ ബുദ്ധി, യുക്തി, ചിന്ത, പഠനം, ഏകാഗ്രത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സൗന്ദര്യാതുരതയ്ക്ക് കൊടുക്കേണ്ട വില സ്വന്തം ചിന്താശേഷി തന്നെയാണ്!
***********
Reference:
1: Quinn DM, Kallen RW, Twenge JM, Fredrickson BL. The disruptive effect of self-objectification on performance. Psychology of Women Quarterly. March 2006;30(1):59–64.
2. Fredrickson BL, Roberts TA, Noll SM, Quinn DM, Twenge JM. That swimsuit becomes you: Sex differences in self-objectification, restrained eating, and math performance. Journal of Personality and Social Psychology. July 1998;75(1):269–284.
3. Quinn DM, Kallen RW, Cathey C. Body on my mind: The lingering effect of state self-objectification. Sex Roles. December 2006;55(11–12):869–874.
4. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 74,75
5. Ibid: Page 98

No comments yet.