സുന്ദരികളും സുന്ദരന്മാരും -5

//സുന്ദരികളും സുന്ദരന്മാരും -5
//സുന്ദരികളും സുന്ദരന്മാരും -5
ആനുകാലികം

സുന്ദരികളും സുന്ദരന്മാരും -5

ആരാണ് സെഫോറ കുട്ടികൾ ?

ഡോ. റെനി എംഗൽൻ എഴുതുന്നു:

“ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ബുക്ക്സ്റ്റോറിൽ വിൽക്കാൻ വെച്ചിരുന്ന കുഞ്ഞുടുപ്പുകളെച്ചൊല്ലി അടുത്തകാലത്തുണ്ടായ ഒരു വിവാദം ഒന്ന് ആലോചിച്ചുനോക്കൂ.

അവിടുത്തെ ഒരു ജീവനക്കാരൻ പകർത്തിയ ആ വസ്ത്രങ്ങളുടെ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിൽ ഇടത് വശത്ത് പെൺകുട്ടികൾക്കായി കരുതിയ വയലറ്റ് നിറത്തിലുള്ള ഉടുപ്പിൽ എഴുതിയിരുന്നത് “എനിക്ക് എന്റെ തുടകളെ വെറുപ്പാണ്” (I hate my thighs) എന്നായിരുന്നു. എന്നാൽ വലത് വശത്ത് ആൺകുട്ടികൾക്കായി തുന്നിയ ചെറിയൊരു ‘സൂപ്പർമാൻ’ ആവരണത്തോടു കൂടിയ ഉടുപ്പിലാകട്ടെ, “ഞാൻ അതിശയിപ്പിക്കുന്നവനാണ്” (I’m super) എന്നുമാണ് ഉണ്ടായിരുന്നത്.

“എനിക്ക് എന്റെ തുടകളെ വെറുപ്പാണ്” എന്ന വാചകം വെറുമൊരു തമാശയ്ക്കായി എഴുതിയതാണെന്നായിരുന്നു അതിന്റെ നിർമ്മാതാക്കളുടെ വാദം. ലിംഗഭേദമില്ലാതെ തന്നെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കെല്ലാം നല്ല തടിച്ച തുടകൾ ഉണ്ടാകാറുള്ളതുകൊണ്ട് അതൊരു തമാശയായി എടുത്താൽ മതിയെന്ന് അവർ പറഞ്ഞു. എന്നാൽ സ്വന്തം ശരീരത്തെ വെറുക്കാൻ പ്രേരിപ്പിക്കുന്ന ആ വരികൾ ഒരു പെൺകുഞ്ഞിന്റെ ഉടുപ്പിൽ തന്നെ വന്നത് വെറുമൊരു യാദൃശ്ചികതയല്ലെന്ന് പലർക്കും തോന്നി. സ്വന്തം ശരീരത്തോട് തന്നെ അറപ്പും വെറുപ്പും തോന്നിത്തുടങ്ങുന്നത് ഒരു പെൺകുട്ടി സ്ത്രീയായി വളരുന്നതിന്റെ ഭാഗമാണെന്നും, അത് എത്ര നേരത്തെയാണ് തുടങ്ങുന്നതെന്നും ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.”¹

“ഏഴ് വയസ്സുകാരിയായ ലെയ്‌ (Leigh) കൗതുകവും ബുദ്ധിശക്തിയുമുള്ള ഒരു കൊച്ചു മിടുക്കിയാണ്.
“ലെയ്‌, ലോകത്തെ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയെ നിനക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ? കാണാൻ നല്ല ഭംഗിയുള്ള ഒരാൾ… നിന്റെ മനസ്സിൽ അങ്ങനെയൊരാളെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ,” ഞാൻ അവളോട് പറഞ്ഞു.
ലെയ്‌ കണ്ണുകൾ ചെറുതായി ഒന്ന് ചിമ്മി തലയാട്ടി. “അവൾക്ക് നീളമുള്ള നിവർന്ന മുടിയുണ്ടാകും (straight hair), നല്ലപോലെ മേക്കപ്പ് ഇട്ടിട്ടുണ്ടാകും, പിന്നെ ഹൈ ഹീൽസ് ചെരുപ്പും. അവൾ മെലിഞ്ഞവളായിരിക്കും. അവളുടെ കൈകളും കാലുകളും ഒക്കെ നല്ല മെലിഞ്ഞിരിക്കും.” ഒരു സിനിമ നടിയ്ക്കോ മറ്റോ വേണ്ടതായിട്ടുള്ള കൃത്യമായ അളവുകോലുകൾ വായിക്കുന്നത് പോലെയായിരുന്നു അവളുടെ വിവരണം.”²

“അടുത്തകാലത്ത് എന്റെ ഒരു ബന്ധു തന്റെ ആറുവയസ്സുകാരിയായ മകളെയും കൂട്ടി ‘ഡിസ്നി വേൾഡ്’ സന്ദർശിക്കുകയുണ്ടായി. അവിടെ സിൻഡ്രെല്ലയെയും സ്നോ വൈറ്റിനെയുമൊക്കെ കണ്ടപ്പോൾ ആ കുട്ടി പരാതി പറയാൻ തുടങ്ങി: “ഇവരൊന്നും ശരിക്കുള്ള രാജകുമാരിമാരല്ല. രാജകുമാരിമാരെപ്പോലെ വേഷം കെട്ടിയ വെറും സാധാരണക്കാരായ സ്ത്രീകളാണിവർ.” അവൾ പുച്ഛത്തോടെ തുടർന്നു, “എനിക്കത് കണ്ടാലേ മനസ്സിലാകും, കാരണം ഇവരുടെ മുഖമൊക്കെ വല്ലാതെ ‘ബസ്റ്റഡ്’ (busted) ആണ്.”
ആദ്യം ഈ കഥ കേട്ടപ്പോൾ എനിക്ക് കാര്യം പിടികിട്ടിയില്ല. അവരുടെ മുഖം ശരിക്കും തകർന്നിരിക്കുകയാണെന്നാണ് (broken) അവൾ ഉദ്ദേശിച്ചതെന്ന് ഞാൻ കരുതി. എന്നാൽ ‘ബസ്റ്റഡ്’ എന്നാൽ ‘കാണാൻ ഒട്ടും ഭംഗിയില്ലാത്തത്’ എന്നാണെന്ന് ഇന്നത്തെ ഏത് കൊച്ചു കുട്ടിയും പറഞ്ഞുതരും.
“നീ എവിടെ നിന്നാണ് ഈ വാക്ക് പഠിച്ചത്?” എന്ന് അവളുടെ അമ്മ ചോദിച്ചു.
“യൂട്യൂബിൽ നിന്ന്,” തോളുയർത്തിക്കൊണ്ട് ഒരു ചിരിയോടെ അവൾ മറുപടി നൽകി.
പെൺകുട്ടികൾക്ക് സൗന്ദര്യം അത്യാവശ്യമാണെന്ന് മാത്രമല്ല, ആ സൗന്ദര്യം അങ്ങേയറ്റം തികവുള്ളതായിരിക്കണം (perfection) എന്ന ബോധ്യത്തോടെയാണ് ഇന്നത്തെ കുട്ടികൾ വളരുന്നത്. രാജകുമാരിമാരായി അഭിനയിക്കാൻ വന്ന സ്ത്രീകളെ കാണുമ്പോൾ പോലും, “ഇതത്ര പോര, ഇതിലും മികച്ചത് ഞാൻ കണ്ടിട്ടുണ്ട്” എന്ന് ചിന്തിക്കുന്ന നിലയിലേക്ക് അവരുടെ ലോകം മാറിപ്പോയിരിക്കുന്നു.”³

കുഞ്ഞു മനസ്സുകളെ പോലും കാർന്നു തിന്നുന്ന ഈ സൗന്ദര്യ ദാരിദ്ര്യ അർബുദം, ഒരു ആഗോള പ്രതിഭാസമാണ് എന്ന് ഓർക്കണം, ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിലും വീട്ടിലും ശക്തിപ്പെടുന്നു. മുമ്പ് അവലോകനം ചെയ്ത, കൗൺസലിംഗ് അനുഭവങ്ങളും പഠനങ്ങളും ഗവേഷണങ്ങളും നമ്മുടെ നാട്ടിൽ അല്ലല്ലോ, പാശ്ചാത്യൻ നാടുകളിലല്ലെ എന്ന് അവഗണിക്കാൻ കഴിയാത്തത്ര, ത്വരിതമായാണ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ – പ്രത്യേകിച്ചും പെൺകുട്ടികളുടെ – മനസ്സും സംസ്‌കാരവും പാശ്ചാത്യവൽകരിക്കപ്പെടുന്നത്.

ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കാം…

രാവിലെ സ്കൂളിലും വൈകുന്നേരം ട്യൂഷനും പിന്നെ ക്ലാസിൽ തൊട്ടു viva exam ന് വരെ മേക്കപ്പ് ഉം മറ്റു കോസ്മെറ്റിക്സും ഉപയോഗിക്കുന്ന പെൺകുട്ടികളെ ധാരാളം കാണാം.. അമ്പരപ്പിക്കുന്ന വസ്തുത അക്കൂട്ടത്തിൽ 14 പോലും തികയാത്ത കുട്ടികളും ഉണ്ടെന്നതാണ്. നമ്മുടെയെല്ലാം പരിസരങ്ങളിലും ചിലപ്പോഴൊക്കെ വീട്ടിൽ തന്നെയും കാണാം ഈ ചായവും ചമയവും പുരണ്ട കുഞ്ഞു മുഖങ്ങൾ.

സോഷ്യൽ മീഡിയ തുറന്നു നോക്കുമ്പോൾ ഇതേ കാഴ്ചകളും മുഖങ്ങളും ഇരട്ടി ഇരട്ടി എണ്ണത്തിൽ വിവിധ ലൈറ്റുകളുടെയും ഫിൽട്ടറുകളുടെയും അകമ്പടിയോടെ റീലുകളും വീഡിയോകളും ആയി കാണാവുന്നതാണ്.

ഇന്ന് 6–12 വയസ്സുള്ള കുട്ടികൾ പോലും സ്കിൻകെയർ റൂട്ടീൻ, മേക്കപ്പ് ട്യൂട്ടോറിയൽ, ആളുകൾക്ക് ബ്രാൻഡഡ് കോസ്മെറ്റിക്സ് പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. “Sephora kids” എന്ന ട്രെൻഡ് അതിന്റെ ഒരു ഉദാഹരണമാണ്.⁴

8 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ (Generation Alpha) വലിയ തോതിൽ സെഫോറ പോലുള്ള ആഡംബര സൗന്ദര്യവർദ്ധക സ്റ്റോറുകളിലേക്ക് എത്തുകയും, മുതിർന്നവർ ഉപയോഗിക്കുന്ന വിലകൂടിയ സ്കിൻകെയർ ഉൽപ്പന്നങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

വിലകൂടിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന ഈ ഉപഭോക്തൃ സംസ്കാരം (Consumer Culture), കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ appearance-based identity (കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വം) യിലേക്ക് നയിക്കുന്ന മുതലാളിത്ത കെണിയാണ്. സാമൂഹ്യ മാധ്യമങ്ങൾ, ഈ മുതലാളിത്ത സംസ്‌കാരത്തിൻ്റെ ‘വർക്ക്ഷോപ്പു’കൾ ആയി മാറിയിരിക്കുകയാണ്; സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഈ സൗന്ദര്യ ദാരിദ്ര സംസ്‌കാരത്തിൻ്റെ പരിശീലകരും !

പുറമെ, കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുക എന്നത് തന്നെ pedophile കൾക്കു ഒരു സൗകര്യമാണെന്ന് വസ്തുതയാണ്. അങ്ങനെയിരിക്കെ സ്വന്തം ശരീരത്തിലും മുഖത്തും ചമയപ്പണികൾ നടത്തി എട്ടും പൊട്ടും തിരിയാതെ സ്വയം പദാർത്ഥവൽക്കരിച്ചും ലൈംഗികവൽകരിച്ചും കുട്ടികൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ അത്തരം ലൈംഗിക ചൂഷകർക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ് എന്നതിൽ ആർക്കാണ് സംശയം?

ഡോ. റെനി എംഗൽൻ തുടരുന്നു:

“നമ്മുടെ ചിന്തകളിലും പെരുമാറ്റത്തിലും മാത്രമല്ല, നമ്മുടെ സംസ്കാരത്തിലും ‘സൗന്ദര്യരോഗത്തിന്റെ’ (Beauty Sickness) ലക്ഷണങ്ങൾ പ്രകടമാണ്. ലോകത്തെ സുപ്രധാനമായ പല കാര്യങ്ങളേക്കാളും ഒരു നടിയുടെ പുതിയ ചിത്രത്തിന് പ്രാധാന്യം നൽകപ്പെടുന്ന ഒന്നായി ഈ രോഗം ബാധിച്ച സംസ്കാരം മാറിയിട്ടുണ്ടാവും. ശാസ്ത്രമോ ഗണിതമോ പഠിക്കുന്നതിനേക്കാൾ വലിയ കഴിവ് മേക്കപ്പ് ഇടാൻ പഠിക്കുന്നതാണെന്ന് ഈ രോഗാതുര സംസ്‌കാരം പെൺകുട്ടികളെ പഠിപ്പിക്കുന്നു.
നിങ്ങൾ ഈ സൗന്ദര്യരോഗത്തിന് അടിമയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം കുറ്റമാണെന്ന് കരുതരുത്. കാരണം, രോഗം ബാധിച്ച ഒരു സംസ്കാരം രോഗികളായ മനുഷ്യരെ മാത്രമേ സൃഷ്ടിക്കൂ.” ⁵

(തുടരും)

***********

Reference:

1: Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: page 30

2: Ibid : page 14

3: Ibid : page 15

4: https://pubmed.ncbi.nlm.nih.gov/40911742/

5: Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: page 18

print

1 Comment

  • This is a test comment.

    Test User 27.04.2026

Leave a comment

Your email address will not be published.