സുന്ദരികളും സുന്ദരന്മാരും -4

//സുന്ദരികളും സുന്ദരന്മാരും -4
//സുന്ദരികളും സുന്ദരന്മാരും -4
ആനുകാലികം

സുന്ദരികളും സുന്ദരന്മാരും -4

ബാല്യകാല സ്‌മരണകൾ

പ്രമുഖ മലയാള ദൃശ്യ മാധ്യമത്തിൽ നടന്ന ഒരു ചർച്ചയിലെ ചില ഭാഗം:

സുരേഷ് ബാബു (ഫാഷൻ ഇവൻ്റ് ഓർഗനൈസർ): “കുട്ടികളുടെ സൗന്ദര്യ മത്സരം നടത്തുന്ന ആളാ ഞാൻ. ‘സുന്ദരി കുട്ടി’ എന്നാണ് ഞങ്ങളുടെ പ്രോഗ്രാമിൻ്റെ പേര്….

ശ്രീകണ്ഠൻ നായർ : ഇതിനീ പേരിടാൻ കാര്യം എന്താണ് ?

സുരേഷ് ബാബു : മനസിൽ നല്ല കഴിവും കോൺഫിഡൻസ് ഉം ഉള്ളവരെയാണ്….

സാജൻ വെള്ളൂർ : സുന്ദരിക്കുട്ടി ന്ന് പറഞ്ഞാ അങ്ങനെ ഉള്ളവരെ അല്ല, സുന്ദരിക്കുട്ടി ന്ന് പറയാ.. പേര് മാറ്റി ഇടാൻ പറ..

സുരേഷ് ബാബു : പുറമെ നിന്ന് ആളുകളെ കൊണ്ട് വന്ന്, ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന “ഗ്രൂമിങ്” കുട്ടികൾക്ക് കൊടുത്താണ് ഞങ്ങൾ കുട്ടികളെ ഈ സ്റ്റേജിൽ അവരെ എത്തിക്കുന്നത്…”

ബിഗ് ബോസ് താരവും ഫാഷൻ ഇൻഡസ്ട്രി നാഷണൽ ജഡ്ജുമായ ജിൻ്റോ:

“ഫാഷൻ ഷോയും ഡിസൈനർ ഷോയും ഉണ്ട്, ഓരോ കമ്പനിയുടെ ഡ്രസ്സ് കാണിക്കേണ്ടി വരും, ബിക്കിനിയുടെ പരസ്യം ആണെങ്കി ബിക്കിനി കാണിക്കേണ്ടി വരും…

കൊച്ചു കുട്ടികൾ ഇങ്ങനെ വന്നിട്ട്, ഫാഷൻ ഷോയിൽ വന്നു നിരന്ന് നിന്നിട്ട് ആ ഒരു പ്രൈസ് മേടിക്കണ സമയത്ത് നമ്മടെ കാരണോർമാർക്ക് ഉണ്ടാവണ ഒരു സന്തോഷം ഉണ്ട്.. അത് നിങ്ങൾക്കൊന്നും പറഞ്ഞാ മനസിലാവില്ല. നിങ്ങൾക്ക് ഇവിടെ കെടന്നു ചെലച്ചാ മതി…”

(തമ്മിൽ തമ്മിൽ: Episode 52 സൗന്ദര്യ മത്സര മേളകൾ വഴി തെറ്റിക്കുന്നോ ??)

കുഞ്ഞ് മക്കളെ കുറിച്ച് അഭിമാനം കൊള്ളാൻ, അവരുടെ ശരീരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും പ്രദർശനം തന്നെ വേണോ ? അവരുടെ ബുദ്ധി, യുക്തി, കല, സാഹിത്യം, പഠനം, നന്മ ഒന്നും പോരെ ?!

എവിടെ നിന്നോ വന്നു ചേർന്ന പല പുരുഷന്മാർ, അവരുടെ ശരീരത്തെയും സൗന്ദര്യത്തെയും നിരന്തരം നിരീക്ഷിക്കുന്നു, ശരീരത്തിൽ കുറ്റങ്ങൾ കണ്ടെത്തുന്നു.

ആകർഷണം കുറഞ്ഞ ശരീര ഭാഗങ്ങൾ, വിഷം വമിക്കുന്ന ചായങ്ങൾ തേച്ചും, ആശ്വാസം കിട്ടാത്ത ചമയങ്ങൾ കെട്ടിച്ചും പരിഹരിക്കാൻ പണിയെടുക്കുന്നു.

പ്രായത്തിന് അനാരോഗ്യകരമായ വിധം പട്ടിണി കിടക്കാനും തിന്നത് ഛർദ്ദിക്കാനും പ്രേരിപ്പിക്കുന്നു.

“സുന്ദരി”യെന്ന ബാഹ്യമായ സങ്കുചിതത്വത്തിൽ അവളെ അമർത്തി ചുരുക്കുന്നു.

ഒരു പരിധി വരെ ജനിതകമായി / ജന്മനാൽ ലഭിക്കുന്ന “സൗന്ദര്യ”ത്തിൻ്റെ കാര്യത്തിൽ, മറ്റുള്ളവരോട് സ്വന്തത്തെ താരതമ്യം ചെയ്തും മത്സരിച്ചും മാനസിക ആഘാതം ഏൽപ്പിക്കുന്നു.

ഇതൊക്കെയാണ് അവരുടെ ബാല്യകാല സ്മരണകൾ !

കുഞ്ഞുങ്ങളെ വേട്ടയാടുന്ന പേഡോഫൈലുകൾക്ക് മുമ്പിൽ ഈ കുരുന്നുകളെ കാഴ്ച്ചക്ക് വെക്കുകയും സമൂഹത്തിൻ്റെ നെറുകയിൽ അവരുടെ നിഷ്‌കളങ്കതയെ ലൈംഗികവത്കരിച്ച് (Sexualise)കാണിക്കുകയും ചെയ്യുന്നു എന്നത് ഒരു വശത്ത്.

പുറമെ, ചെറുപ്രായത്തിൽ തന്നെ, അവരെ ‘സൗന്ദര്യാതുരത’യിലേക്കും, സൗന്ദര്യ ദാരിദ്ര്യത്തിലേക്കും തള്ളിയിടുകയാണ് ഈ മത്സരങ്ങൾ ചെയ്യുന്നത്. അതിഗുരുതരമായ മാനസിക രോഗങ്ങളും സമ്മർദ്ദങ്ങളും കുട്ടികളിൽ ഇത് വിത്ത് പാകുന്നു; അപകടകരമായ ശാരിരിക ആരോഗ്യ പ്രശ്‌നങ്ങളും തുടർന്ന് ഉടലെടുക്കുന്നു.

അമ്പരപ്പിക്കുന്ന അത്രയും ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികൾ തങ്ങളുടെ ശരീരസൗന്ദര്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു.

* അഞ്ചു വയസ്സുള്ള പെൺകുട്ടികളിൽ മുപ്പത്തിനാല് ശതമാനവും എപ്പോഴെങ്കിലുമൊക്കെ ഭക്ഷണത്തിൽ നിയന്ത്രണം (diet) ഏർപ്പെടുത്താറുണ്ട്.¹

അഞ്ച് വയസ്സുകാരികളിൽ ഇരുപത്തിയെട്ട് ശതമാനം പേരും സിനിമയിലും ടെലിവിഷനിലും കാണുന്ന സ്ത്രീകളെപ്പോലെ തങ്ങളുടെ ശരീരം മാറണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഫോർക്കും സ്പൂണും ശരിക്ക് പിടിക്കാൻ അറിയാത്ത, ചോറ് ഉരുള ആക്കാൻ നന്നായി പഠിച്ചിട്ടില്ലാത്ത പ്രായക്കാർ ഭക്ഷണ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്നു. സ്വന്തം ശരീരത്തെ കുറിച്ച് ആകുലതയിൽ ബാല്യം ചെലവഴിക്കുകയും ചെയ്യുന്നു. എത്രമാത്രം സങ്കടകരമാണ് ഈ അവസ്ഥ.

സ്വന്തം ശരീരം കൊണ്ട് ഈ ലോകത്ത് എങ്ങനെയൊക്കെ ചലിക്കണമെന്ന് പഠിച്ചു വരുന്നതേയുള്ളൂ ഈ കുരുന്നുകൾ; പക്ഷേ അതിനോടകം തന്നെ തങ്ങളുടെ രൂപത്തെക്കുറിച്ച് അവർ ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു, തങ്ങളുടെ ശരീരം എങ്ങനെയെങ്കിലും ഒന്ന് വലുപ്പം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു.

അഞ്ചു മുതൽ ഒൻപത് വയസ്സുവരെയുള്ള പെൺകുട്ടികളിൽ 40 ശതമാനം പേരും തങ്ങൾ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.²

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളിൽ മൂന്നിലൊന്ന് പേരും തങ്ങൾക്ക് വണ്ണം വെക്കുമോ എന്ന് എപ്പോഴും ഭയപ്പെടുന്നു.³

ഈ കൊച്ചു പെൺകുട്ടികൾക്ക് തങ്ങളുടെ ശരീരഭാരത്തെക്കുറിച്ച് ആശങ്കയുണ്ടാകുന്നത് ആരോഗ്യപ്രശ്നങ്ങൾ ഓർത്തല്ല. മറിച്ച്, പെൺകുട്ടികൾക്ക് ഭംഗി പ്രധാനമാണെന്നും ഈ സമൂഹത്തിൽ മെലിഞ്ഞിരിക്കുക എന്നത് ആ ഭംഗിയുടെ പ്രധാന ഭാഗമാണെന്നും അവർ, സൗന്ദര്യ പ്രദർശന സംസ്‌കാരത്തിലൂടെ മനസ്സിലാക്കുന്നു എന്നതാണ് സത്യം.

കുട്ടികളുടെ ശരീര സങ്കല്പങ്ങൾ:

കുട്ടിക്കാലം മുതൽക്കേ പെൺകുട്ടികളിൽ രൂപപ്പെടുന്ന ശരീര സങ്കല്പങ്ങളെയും (Body Image), അവയിൽ മാധ്യമങ്ങൾക്കും സൗന്ദര്യ പ്രദർശന സംസ്‌കാരത്തിനും മാതാപിതാക്കൾക്കും ഉള്ള സ്വാധീനത്തെയും കുറിച്ച് നടന്ന പഠനങ്ങൾ ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ മുന്നോട്ട് വെക്കുന്നു.

1. ബാർബി പാവകളുടെ സ്വാധീനം (Dittmar et al., 2006)
ഈ പഠനമാണ് ‘ബാർബി ഇഫക്റ്റിനെ’ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.⁴

5 മുതൽ 8 വയസ്സുവരെയുള്ള പെൺകുട്ടികളിൽ ബാർബി പാവകളുടെ ചിത്രങ്ങൾ കാണിക്കുന്നത് അവരുടെ ശരീര സംതൃപ്തി (Body satisfaction) കുറയ്ക്കുന്നതായും മെലിഞ്ഞ ശരീരം വേണമെന്ന ആഗ്രഹം വർദ്ധിപ്പിക്കുന്നതായും ഈ ഗവേഷണം കണ്ടെത്തി.

2. ഭക്ഷണശീലവും പാവകളും (Anschutz & Engels, 2010)⁵
പാവകളുമായി കളിക്കുന്നത് കുട്ടികളുടെ ഭക്ഷണരീതിയെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ വിഷയം.

6-10 വയസ്സുള്ള പെൺകുട്ടികൾക്ക് മെലിഞ്ഞ പാവകളെയും (ബാർബി) ശരാശരി വണ്ണമുള്ള പാവകളെയും നൽകി. മെലിഞ്ഞ പാവകളുമായി കളിച്ച കുട്ടികൾ കളിക്ക് ശേഷം നൽകിയ ലഘുഭക്ഷണം വളരെ കുറഞ്ഞ അളവിൽ മാത്രമേ കഴിച്ചുള്ളൂ. പാവകളുടെ രൂപം കുട്ടികളിൽ ഒരുതരം ‘ഭക്ഷണ നിയന്ത്രണ’ മനോഭാവം (Dietary restraint) ഉടനടി ഉണ്ടാക്കുന്നു എന്ന് ഇത് തെളിയിച്ചു.

3. മാതാപിതാക്കളുടെ സ്വാധീനം (Davison & Birch, 2001)⁶
കുട്ടികളുടെ ശരീര സങ്കല്പം രൂപപ്പെടുന്നതിൽ മാതാപിതാക്കൾക്ക് എത്രത്തോളം പങ്കുണ്ട് എന്നതായിരുന്നു ഈ പഠനം.

അഞ്ച് വയസ്സുള്ള പെൺകുട്ടികളിലെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾക്ക് പ്രധാന കാരണം അവരുടെ അമ്മമാർക്ക് സ്വന്തം ശരീരത്തോടുള്ള അതൃപ്തിയാണെന്ന് ഈ പഠനം കണ്ടെത്തി. അമ്മമാർ തങ്ങളുടെ വണ്ണത്തെക്കുറിച്ച് ആകുലപ്പെടുന്നത് കണ്ട് വളരുന്ന കുട്ടികൾ വളരെ നേരത്തെ തന്നെ ‘ഡയറ്റിംഗ്’ ചിന്തകളിലേക്ക് എത്തുന്നു.

4. മാധ്യമങ്ങളും ശരീര ഭാരവും (Grabe et al., 2008)⁷

മാധ്യമങ്ങളിലെ ‘മെലിഞ്ഞ ശരീര’ മാതൃകകൾ സ്ത്രീകളെയും പെൺകുട്ടികളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള 77 പഠനങ്ങളുടെ ഒരു വിശകലനമായിരുന്നു (Meta-analysis) ഇത്.

മാധ്യമങ്ങളിലെ മെലിഞ്ഞ രൂപങ്ങൾ നിരന്തരമായി കാണുന്നത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ശരീരത്തെക്കുറിച്ചുള്ള അതൃപ്തിക്കും ഭക്ഷണ ക്രമക്കേടുകൾക്കും (Eating disorders) കാരണമാകുന്നു എന്ന് ഈ വലിയ പഠനം സ്ഥിരീകരിച്ചു.

സോഷ്യൽ മീഡിയയും കൂട്ടുകാരും (Peer Pressure) കുട്ടികളിലെ മേക്കപ്പ് ഉപയോഗത്തെയും ശരീര സങ്കൽപ്പങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഗവേഷണ വിവരങ്ങൾ ഇങ്ങനെ:

1. സോഷ്യൽ കംപാരിസൺ തിയറി (Social Comparison Theory)⁸
ലിയോൺ ഫെസ്റ്റിംഗർ (Leon Festinger) അവതരിപ്പിച്ച ഈ സിദ്ധാന്തം പറയുന്നത്, മനുഷ്യർ തങ്ങളെത്തന്നെ വിലയിരുത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ടാണ് എന്നാണ്.

കുട്ടികൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഇൻഫ്ലുവൻസർമാരെ തങ്ങളുടെ ‘റോൾ മോഡലായി’ കാണുന്നു. സാധാരണക്കാരായ കുട്ടികൾ ഡിജിറ്റൽ ഫിൽട്ടറുകൾ ഉപയോഗിച്ച് മിനുക്കിയെടുത്ത ചിത്രങ്ങളുമായി സ്വന്തം മുഖത്തെ താരതമ്യം ചെയ്യുന്നു. ഇത് കുട്ടികളിൽ ‘അപ്‌വേഡ് സോഷ്യൽ കംപാരിസൺ’ (Upward Social comparison: നമ്മളേക്കാൾ കൂടുതൽ ആകർഷകത്വമോ ശാരീരിക സൗന്ദര്യമോ ഉണ്ടെന്ന് നാം കരുതുന്ന വ്യക്തികളുമായി നമ്മുടെ സ്വന്തം സൗന്ദര്യത്തെ താരതമ്യം ചെയ്യുകയ്യും നമ്മൾ അവരേക്കാൾ പിന്നിലാണെന്ന് ചിന്തിക്കുകയും ചെയ്യുന്ന മാനസിക പ്രവണതയാണിത്) ഉണ്ടാക്കുകയും സ്വന്തം രൂപത്തെക്കുറിച്ച് അപകർഷതാബോധം വളർത്തുകയും ചെയ്യുന്നു എന്ന് ഗവേഷണങ്ങൾ തെളിയിച്ചു.

2. ‘സെഫോറ കിഡ്‌സ്’ (Sephora Kids)⁹ പ്രതിഭാസവും പുതിയ പഠനങ്ങളും അടുത്ത കാലത്തായി (2023-24) വലിയ ചർച്ചയായ ഒന്നാണ്.

8-12 വയസ്സുള്ള കുട്ടികൾ മുതിർന്നവർ ഉപയോഗിക്കുന്ന വിലകൂടിയ സ്കിൻ കെയർ, മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണതയാണിത്.

* Tiggeman & Slater (2013) പഠനം¹⁰:
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ ശരീരത്തെക്കുറിച്ചുള്ള അതൃപ്തി (Body dissatisfaction) സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരേക്കാൾ വളരെ കൂടുതലാണെന്ന് ഈ പഠനം കണ്ടെത്തി.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വാധീനം: ‘Get Ready With Me’ (GRWM) വീഡിയോകൾ കാണുന്ന കുട്ടികൾ മേക്കപ്പ് എന്നത് ഒരു കളി എന്നതിലുപരി ഒരു നിത്യജീവിത ചര്യയാണെന്ന് വിശ്വസിച്ചു തുടങ്ങുന്നു. ഇത് അവരുടെ പണമിടപാട് ശീലങ്ങളെയും താൽപ്പര്യങ്ങളെയും ചെറിയ പ്രായത്തിൽ തന്നെ മാറ്റുന്നു.
ഈ ഇൻഫ്ലുവൻസർ മാരുടെ അദ്ധ്യയനം മൂലം സൗന്ദര്യ വർദ്ധക വസ്തുക്കൾക്കായി പണം ചെലവഴിക്കുന്നത് അരി വാങ്ങുന്നത് പോലെ പ്രധാനപ്പെട്ടതാണ് എന്ന് കുട്ടികൾക്ക് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

3. പിയർ ടോക്കും ബോഡി ഇമേജും¹¹ (Appearance-Focused Conversations)
കൂട്ടുകാർക്കിടയിലെ സംസാരവിഷയങ്ങൾ കുട്ടികളുടെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് Jones (2004) നടത്തിയ പഠനം വിശദീകരിക്കുന്നു.

കൂട്ടുകാർ സൗന്ദര്യത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കൂടുതൽ സംസാരിക്കുമ്പോൾ (Peer Appearance Talk), അത് കുട്ടികളിൽ ഭക്ഷണ ക്രമക്കേടുകൾക്കും (Eating disorders) മേക്കപ്പിനോടുള്ള അമിത താൽപ്പര്യത്തിനും വഴിവെക്കുന്നു എന്നാണ് കണ്ടെത്തൽ.

* സാമൂഹിക സമ്മർദ്ദം: ഗ്രൂപ്പിലെ ഭൂരിഭാഗം കുട്ടികളും മേക്കപ്പ് ഉപയോഗിക്കുമ്പോൾ, മറ്റുള്ള കുട്ടികൾക്ക് അത് ഉപയോഗിച്ചില്ലെങ്കിൽ താൻ പുറന്തള്ളപ്പെടുമോ (Social exclusion) എന്ന ഭയം ഉണ്ടാകുന്നു. ഇത് ഒരുതരം അദൃശ്യമായ സമ്മർദ്ദമാണ്.

4. ഡിജിറ്റൽ ഡിസ്മോർഫിയ (Digital Dysmorphia)

ആധുനിക ക്ലിനിക്കൽ മനഃശാസ്ത്രം ചർച്ച ചെയ്യുന്ന പുതിയൊരു വിഷയമാണിത്.

* ഫിൽട്ടർ സ്വാധീനം: ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഫിൽട്ടറുകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ കാണുന്ന കുട്ടികൾക്ക്, കണ്ണാടിയിൽ കാണുന്ന യഥാർത്ഥ മുഖം ‘അപൂർണ്ണമാണെന്ന്’ തോന്നുന്നു. ഈ അപൂർണ്ണത പരിഹരിക്കാൻ അവർ മേക്കപ്പിനെ ഒരു മറയായി ഉപയോഗിക്കുന്നു.

* ഗവേഷണ ഫലം: ഫിൽട്ടറുകൾ നൽകുന്ന അമിത സൗന്ദര്യം ലഭിക്കാനായി കുട്ടികൾ മേക്കപ്പിലൂടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റാൻ ശ്രമിക്കുന്നത് അവരുടെ സ്വത്വബോധത്തെ (Sense of identity) ദോഷകരമായി ബാധിക്കുന്നു.

5. അകാലത്തിലുള്ള ലൈംഗികവൽക്കരണം¹²(The Sexualization of Girls)
American Psychological Association (APA – 2007) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം:

* അമേരിക്കൻ സംസ്‌കാരത്തിലുടനീളം, പ്രത്യേകിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ, സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിപ്രസരമുള്ള രീതിയിലാണ് ചിത്രീകരിക്കപ്പെടുന്നത്.
പ്രൈം-ടൈം ടെലിവിഷൻ പരിപാടികൾ, ടെലിവിഷൻ പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ, മാഗസിനുകൾ, ഫാഷൻ ഷോകൾ എന്നിങ്ങനെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇത്തരം ചിത്രീകരണങ്ങൾ കാണാൻ സാധിക്കും എന്ന് ഒരുപാട് പഠനങ്ങൾ കണ്ടെത്തി കഴിഞ്ഞു.¹³

* മാധ്യമങ്ങളും കൂട്ടുകാരും നൽകുന്ന സമ്മർദ്ദം മൂലം കുട്ടികൾ മുതിർന്നവരെപ്പോലെ ഒരുങ്ങുന്നത് അവരുടെ മാനസികാരോഗ്യത്തെ തകർക്കുന്നു.

* ഇത് പെൺകുട്ടികളിൽ വൈജ്ഞാനിക ശേഷി (Cognitive functioning) കുറയാനും, ആത്മവിശ്വാസം തകരാനും കാരണമാകുന്നു. ബാഹ്യസൗന്ദര്യത്തിന് മാത്രം പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിൽ തങ്ങൾക്ക് മറ്റ് കഴിവുകൾ ഉണ്ടാവില്ലെന്ന് അവർ സ്വയം വിശ്വസിക്കുന്നു.
ചുരുക്കത്തിൽ:
സോഷ്യൽ മീഡിയയും കൂട്ടുകാരും ചേർന്ന് കുട്ടികൾക്ക് നൽകുന്നത് ‘അപ്രാപ്യമായ സൗന്ദര്യ മാനദണ്ഡങ്ങൾ’ (Unattainable Beauty Standards) ആണ്. ഇത് കുട്ടികളുടെ സ്വാഭാവികമായ വളർച്ചയെ തടസ്സപ്പെടുത്തുകയും അവരെ മാനസികമായി തളർത്തുകയും ചെയ്യുന്നു.

(തുടരും)

***********

Reference:

1. Damiano SR, Paxton SJ, Wertheim EH, McLean SA, Gregg KJ. Dietary restraint of 5-year-old girls: Associations with internalization of the thin ideal and maternal, media, and peer influences. International Journal of Eating Disorders. 2015;48(8):1166–1169.

2. Dohnt H, Tiggemann M. The contribution of peer and media influences to the development of body satisfaction and self-esteem in young girls: A prospective study. Developmental Psychology. 2006;42(5):929.

3. Shapiro S, Newcomb M, Burns Loeb T. Fear of fat, disregulated-restrained eating, and body-esteem: Prevalence and gender differences among eight- to ten-year-old children. Journal of Clinical Child Psychology. 1997;26(4):358– 365.

4.https://pubmed.ncbi.nlm.nih.gov/16569167/

5.https://pubmed.ncbi.nlm.nih.gov/21212808/

6.https://pubmed.ncbi.nlm.nih.gov/12120101/

7.https://pubmed.ncbi.nlm.nih.gov/18444705/

8.https://journals.sagepub.com/doi/10.1177/001872675400700202

9.https://pubmed.ncbi.nlm.nih.gov/40911742/#:~:text=Abstract,safer%20skincare%20practices%20among%20children

10.https://pubmed.ncbi.nlm.nih.gov/23712456/

11.https://pubmed.ncbi.nlm.nih.gov/15355169/

12.https://www.apa.org/pi/women/programs/girls/report

13. Grauerholz & King, 1997; L. M. Ward, 1995, Lin, 1997, Gow, 1996; R. C. Vincent, 1989, Krassas, Blauwkamp, & Wesselink, 2001, 2003; Plous & Neptune, 1997

print

No comments yet.

Leave a comment

Your email address will not be published.