പണം പോയി പകിട്ട് വരട്ടെ !
ഡോ. റെനി എംഗൽ എഴുതുന്നു:
“(സൗന്ദര്യാതുരതയാൽ എൻ്റെ അടുത്ത് കൗൺസല്ലിംഗിന് വന്ന ഒരു പെൺകുട്ടിയായ) ഗാബ്രിയേൽ, കൗമാരപ്രായത്തിലേക്ക് അടുത്തപ്പോഴാണ് ഒടുവിൽ കൂടുതൽ സ്ത്രീത്വമുള്ള ബാഹ്യരൂപം രൂപപ്പെടുത്തിയെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് ലഭിച്ചത്; അതോടെ അവൾ എത്ര സുന്ദരിയാണെന്ന് അപരിചിതർ പോലും അഭിപ്രായപ്പെടാൻ തുടങ്ങി. അത്തരം ശ്രദ്ധ ലഭിക്കുന്നതിനായി അവൾ കൊതിച്ചിരുന്നു. മുൻപൊരിക്കലും അവൾക്കത് ലഭിച്ചിട്ടുണ്ടായിരുന്നില്ല, എത്ര കിട്ടിയാലും അവൾക്ക് മതിയാകുമായിരുന്നതുമില്ല. എന്നാൽ ആ ലോകത്തേക്ക് പ്രവേശിച്ചതിന് ഗാബ്രിയേലിന് വലിയൊരു വില നൽകേണ്ടി വന്നു. പതിമൂന്നാം വയസ്സായപ്പോഴേക്കും അവൾ കടുത്ത ‘സൗന്ദര്യ ഭ്രമത്തിൻ്റെ’ പിടിയിലായിക്കഴിഞ്ഞിരുന്നു. പ്രായപൂർത്തിയായതോടെ അവളുടെ ഇടുപ്പുകൾ വണ്ണം വെയ്ക്കാൻ തുടങ്ങിയപ്പോൾ, കലോറി ഉപഭോഗം അപകടകരമാംവിധം കുറച്ചുകൊണ്ടാണ് അവൾ അതിനെ പ്രതിരോധിച്ചത്; ചില ദിവസങ്ങളിൽ ഒരു ആപ്പിളും ഒരു പഴവും മാത്രമാണ് അവൾ ആകെ കഴിച്ചിരുന്നത്. ഉച്ചഭക്ഷണം ഒഴിവാക്കി ആ പണം ഉപയോഗിച്ച് അവൾ മേക്കപ്പ് സാധനങ്ങൾ വാങ്ങിക്കൂട്ടി. മാഗസിനുകളിൽ കാണുന്നതുപോലെ ആകാൻ മാത്രമാണ് അവൾ ആഗ്രഹിച്ചത്. ‘കോസ്മോഗേൾ’ (CosmoGirl) മാഗസിൻ ഒരു വേദപുസ്തകം പോലെയാണ് അവൾ വായിച്ചിരുന്നത്.
ഇപ്പൊൾ cosmoGirl കാണുന്നത് അവൾക്ക് വെറുപ്പാണെങ്കിലും ഈ രോഗത്തിൽ നിന്ന് അവൾ പൂർണമായും മുക്തയല്ല.
മറ്റെന്തിനേക്കാളും കൂടുതൽ പണം ഗാബ്രിയേൽ ഇപ്പോഴും ചെലവഴിക്കുന്നത് മേക്കപ്പിന് വേണ്ടിയാണ്. കൂടാതെ
“അമ്മ ഒരുങ്ങാൻ ഭയങ്കര സമയമെടുക്കുന്നു!”, “അമ്മയ്ക്ക് മേക്കപ്പ് ഭ്രാന്താണ്!” എന്നൊക്കെ തന്റെ മകൾ പറയുന്നത് ഗാബ്രിയേൽ കേൾക്കാറുണ്ട്.”¹
കൺസൾട്ടൻ്റ് ആയി ജോലി നേടിയപ്പോൾ തൻ്റെ സ്ഥാപനത്തിലെ സ്ത്രീ ജോലിക്കാർ ധരിക്കേണ്ട വസ്ത്രവും മറ്റും പഠിപ്പിക്കുന്ന ഒരു ക്ലാസിലൂടെ ജെസ്സ് എന്ന സ്ത്രീ പഠിച്ച കാര്യങ്ങൾ അവർ ഡോ. റെനി എംഗലിനോട് വിവരിക്കുന്നത് ഇപ്രകാരമാണ്:
“ജോലിക്ക് പോകുമ്പോൾ സ്ത്രീകൾ എന്തൊക്കെ ധരിക്കണം എന്നതിനെക്കുറിച്ച് etiquette (പെരുമാറ്റച്ചട്ട) അധ്യാപിക ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ജെസ്സ് അത് വിശദീകരിച്ചു, “നിങ്ങൾക്ക് വെറുതെ വസ്ത്രങ്ങൾ ധരിച്ച് പോകാൻ കഴിയില്ല. നിങ്ങൾ ധരിക്കുന്നത് ഒരു ‘ഔട്ട്ഫിറ്റ്’ (outfit – പൂർണ്ണമായ വസ്ത്രധാരണം) ആയിരിക്കണം എന്നാണ് അവർ പറഞ്ഞത്.”
എന്താണ് ഒരു വസ്ത്രത്തെ ‘ഔട്ട്ഫിറ്റ്’ ആക്കുന്നത്?
താൻ പഠിച്ച കാര്യങ്ങൾ തത്തയെ പോലെ ജെസ്സ് ഉരുവിടാൻ തുടങ്ങി:
“അതോ,” “സ്ത്രീകളെ സംബന്ധിച്ച് ഒരു ഔട്ട്ഫിറ്റ് ആകണമെങ്കിൽ അതിൽ എപ്പോഴും കുറഞ്ഞത് മൂന്ന് ഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഒരു പാന്റും ഷർട്ടും മാത്രം ധരിച്ചാൽ അത് ഔട്ട്ഫിറ്റ് ആകില്ല. അതിനോടൊപ്പം ഭംഗിയുള്ള ഒരു മാലയോ അല്ലെങ്കിൽ നല്ലൊരു ബെൽറ്റോ കൂടി ചേർത്താൽ, അത് ഔട്ട്ഫിറ്റായി.”
“രണ്ട് ഭാഗങ്ങളുള്ള വസ്ത്രത്തേക്കാൾ മൂന്ന് ഭാഗങ്ങളുള്ളതിന് ചെലവ് കൂടുതലായിരിക്കുമല്ലോ,” ഞാൻ ജെസ്സിനോട് ചൂണ്ടിക്കാട്ടി.
“മൂന്നാകുമ്പോൾ ചെലവ് വളരെ കൂടുതലാണ്!” അവൾ അത് ശരിവെച്ചു.
“അനുസരിച്ചു പോകാൻ വലിയ ചെലവും ബുദ്ധിമുട്ടുമുള്ള ഒരു മാനദണ്ഡമാണല്ലോ ഇതൊക്കെ?,” ഞാൻ പറഞ്ഞു.
“അതേ, തീർച്ചയായും,” ജെസ്സ് അത് സമ്മതിച്ചു. “പ്രത്യേകിച്ച് ഇതിലേക്ക് ഹാൻഡ്ബാഗുകളും ആഭരണങ്ങളും നഖം മാനിക്യൂർ ചെയ്യുന്നതുമൊക്കെ കൂടിച്ചേരുമ്പോൾ. അല്ലാതെ നമുക്ക് വെറുതെ ഒരു കീറിപ്പറിഞ്ഞ ഹാൻഡ്ബാഗും തൂക്കി നടക്കാൻ കഴിയില്ലല്ലോ.”
ഈ സംസാരമെല്ലാം കേട്ടപ്പോൾ, ബാഹ്യസൗന്ദര്യത്തിനായി ഇത്രയധികം സമയവും പണവും ചെലവഴിക്കേണ്ടി വരുന്ന ഒരു ചുറ്റുപാടിലല്ല ഞാൻ ജോലി ചെയ്യുന്നത് എന്നോർത്ത് എനിക്ക് വലിയ ആശ്വാസം തോന്നി.”²
“നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ‘ദി സൈക്കോളജി ഓഫ് ബ്യൂട്ടി’ എന്ന കോഴ്സിൽ, വിദ്യാർത്ഥികൾ സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന പണം കണക്കാക്കാൻ ഞാൻ ഒരു ആക്ടിവിറ്റി നൽകാറുണ്ട്. വസ്ത്രങ്ങൾ, ആരോഗ്യത്തിനായുള്ള ജിം ഫീസുകൾ, സോപ്പും ടൂത്ത് പേസ്റ്റും പോലുള്ള അടിസ്ഥാന ശുചിത്വ വസ്തുക്കൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം മേക്കപ്പ്, മാനിക്യൂർ, ഹെയർകട്ട്, വാക്സിംഗ്, ഷേവിംഗ് ക്രീം, ലോഷനുകൾ തുടങ്ങിയ മറ്റ് സൗന്ദര്യവർദ്ധക ചെലവുകൾ മാത്രമാണ് കണക്കാക്കുന്നത്.
ഈ കണക്കുകൾ പലപ്പോഴും ഞെട്ടിക്കുന്നതാണ്. ഒരു വിദ്യാർത്ഥിനി വർഷത്തിൽ ഏകദേശം 5,000 ഡോളർ (4,78,220.75 രൂപ) ഇതിനായി ചെലവഴിക്കുമ്പോൾ, സ്വന്തമായി മുടിവെട്ടുകയും ഫ്രീ സാമ്പിളുകൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥിക്ക് വർഷത്തിൽ 50 ഡോളർ മാത്രമേ ചെലവ് വരുന്നുള്ളൂ. കൃത്യമായ കണക്കുകൾ ഇതിലും കൂടുതലായിരിക്കാം. ഈ സർവേയിൽ ശരാശരി ഒരു സ്ത്രീ, പുരുഷനേക്കാൾ മൂന്നിരട്ടി പണം സൗന്ദര്യത്തിനായി ചെലവഴിക്കുന്നതായി കാണാം. ഇതിനകം തന്നെ പുരുഷന്മാരേക്കാൾ കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾ ബാഹ്യസൗന്ദര്യത്തിനായി ഇത്രയധികം പണം ചെലവഴിക്കേണ്ടി വരുന്നത് തികച്ചും അന്യായമാണ്.”³
“ഹഫിംഗ്ടൺ പോസ്റ്റിലെ (Huffington Post) ഒരു എഴുത്തുകാരൻ, ഒരു മാസം മുഴുവൻ “തന്റെ കാമുകിയെപ്പോലെ അഭിനയിച്ചു”—അതായത് അവൾ ഒരു മാസം വാങ്ങാറുള്ള എല്ലാ “ബാത്ത്റൂം സാധനങ്ങളും” അവനും വാങ്ങി. പൊതുവെ അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത കൂട്ടത്തിലാണ് കാമുകിയെന്ന് കരുതിയിരുന്നതുകൊണ്ട് തന്നെ, അവൾ പതിവായി ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ വലിയൊരു നിര കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി. ബോഡി സ്ക്രബുകൾ, ലോഷനുകൾ, കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറ്റാനുള്ള ക്രീം, മസ്കാര, കൺസീലർ, ബ്ലഷ്, മേക്കപ്പ് റിമൂവർ… അങ്ങനെ അവൻ വിചാരിച്ചതിലും നീളമേറിയതായിരുന്നു ആ ലിസ്റ്റ്; അതിന്റെ ചെലവാകട്ടെ വളരെ കൂടുതലുമായിരുന്നു. ഇതൊക്കെ അനാവശ്യ വസ്തുക്കൾ മാത്രം ആണെന്ന് ഈ ലേഖനത്തിന് താഴെ കമൻ്റ് ചെയ്തവർക്ക് അറിയാത്ത ഒരു കാര്യം എന്താണെന്ന് വെച്ചാൽ
പല സ്ത്രീകളെ സംബന്ധിച്ചും ഈ ഉൽപ്പന്നങ്ങൾ ഒഴിവാക്കാനാകാത്ത ഒന്നാണ്; കാരണം ആ തോന്നൽ നമ്മൾ ജീവിക്കുന്ന ഈ സംസ്കാരത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ്.”⁴
“കമ്പനികൾ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മാത്രമാണ് ‘ബ്യൂട്ടി സിക്നെസ്സ്’ (ബാഹ്യസൗന്ദര്യത്തോടുള്ള അമിതാസക്തി) പ്രോത്സാഹിപ്പിക്കുന്നത് എന്നത് ഒരിക്കലും മറക്കരുത്; നിങ്ങളുടെ ബാഹ്യരൂപത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു അതൃപ്തി നിലനിർത്തുന്നതിൽ അവർക്ക് പ്രത്യേക താല്പര്യമുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങളെ ആ സൗന്ദര്യ സങ്കൽപ്പങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചാണ് ആ കമ്പനികളുടെ ലാഭം നിലനിൽക്കുന്നത്.
അമേരിക്കൻ രീതിയിലുള്ള വ്യക്തിസ്വാതന്ത്ര്യ ചിന്തകൾക്കപ്പുറം, സ്ത്രീകളുടെ സൗന്ദര്യസംബന്ധമായ ആശങ്കകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു സവിശേഷ കാരണമാകുന്നതിന് മറ്റൊരു വശം കൂടിയുണ്ട്. പാശ്ചാത്യവൽക്കരണവും സൗന്ദര്യഭ്രമവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ യു.എസ്. വിപണനക്കാരും അവിടുത്തെ വിനോദ വ്യവസായവും (entertainment industry) വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന ക്രീമുകൾ മുതൽ (ഇവയുടെ വരുമാനം 2020-ഓടെ 23 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കിയിരുന്നത്) ഡബിൾ ഐലിഡ് സർജറികൾ (double eyelid surgeries – പല കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറ്റവും സാധാരണയായി നടക്കുന്ന പ്ലാസ്റ്റിക് സർജറി പ്രക്രിയ) വരെ, നമ്മൾ വിറ്റഴിക്കുന്ന ആ സൗന്ദര്യ സങ്കല്പത്തെ അനുകരിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾ പണം ചെലവഴിക്കുന്നുണ്ട്; ആ സങ്കല്പമാകട്ടെ ഒട്ടും ചെലവ് കുറഞ്ഞതുമല്ല.”⁵
************
References:
1. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 42
2. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 109
3. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 113
4. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 114
5. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 117

No comments yet.