സുന്ദരികളും സുന്ദരന്മാരും -11

//സുന്ദരികളും സുന്ദരന്മാരും -11
//സുന്ദരികളും സുന്ദരന്മാരും -11
ആനുകാലികം

സുന്ദരികളും സുന്ദരന്മാരും -11

സൗന്ദര്യവും ധനനഷ്ടവും

മേക്കപ്പിടാനുള്ള സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിക്കൂട്ടാൻ, പ്ലാസ്റ്റിക് ശസ്ത്രക്രിയയിലൂടെയും ശസ്ക്രിയേതര മാർഗങ്ങളിലൂടെയും ശരീരം ആകർഷകമാക്കാൻ… ഒരുപാട് ധനം വാരിക്കൂട്ടണം. നമ്മുടെയൊക്കെ ഭാവനകൾക്ക് അതീതമായ സംഖ്യയാണ് സൗന്ദര്യ വർധക മാർഗത്തിൽ ചെലവഴിക്കപ്പെടുന്നത്. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കാം:

ബോളീവുഡ് നടിമാർക്ക് മേയ്ക്കപ്പിട്ട് കൊടുക്കുന്ന, മേയ്ക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ നമ്രത സോണി, ഓരോ സിറ്റിംഗിനും 40,000 രൂപ മുതൽ ഈടാക്കുന്നു. അവളുടെ ബ്രൈഡൽ മേക്കപ്പ് സ്ത്രീകൾക്കിടയിൽ വളരെയധികം ഡിമാന്റുള്ളതാണ്, അതിന് – ഓരോരുത്തരുടേയും രൂപത്തിനനുസരിച്ച് – ₹1,50,000 വരെ ഈടാക്കപ്പെടാം.¹

ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിന് വേണ്ടി ഒരു നടിയെ റെഡിയാക്കാനുള്ള ചെലവ്, “ന്യൂയോർക്ക് പോസ്റ്റ്” കണക്കാക്കുന്നത് $44,000- (3601860 ഇന്ത്യൻ രൂപ) മുകളിലാണ്. കടം വാങ്ങിയ വസ്ത്രത്തിന്റെയും ആഭരണങ്ങളുടെയും വില പോലും ഇതിൽ ഉൾപ്പെടുന്നില്ല…

ചടങ്ങിലേക്ക് താരങ്ങളെ മിനുക്കുന്ന സ്റ്റൈലിസ്റ്റുകൾ ഈടാക്കുന്നത്, കുറഞ്ഞത് ഒരാഴ്ചത്തെ ജോലിക്ക് പ്രതിദിനം $1,500 (124035 രൂപ) എന്ന നിരക്കിലാണ്… കഴിഞ്ഞ വർഷത്തെ അവാർഡ് ദാന ചടങ്ങിനായി ആമി ആഡംസ് എന്ന നടി $530,000 (4,38,28,588.50 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ടിഫാനി ആൻഡ് കോ. ആഭരണങ്ങളാണ് ധരിച്ചത്. കഴിഞ്ഞ വർഷത്തെ ഗോൾഡൻ ഗ്ലോബ്സിൽ ജെന്നിഫർ ആനിസ്റ്റണിന്റെയും ജൂലിയൻ മൂറിന്റെയും മുടി അലങ്കരിച്ച സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ക്രിസ് മക്മില്ലന്റെ പ്രതിദിന നിരക്ക് $2,000 (₹165375 INR) ആണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കൺസൾട്ടേഷനുകളും ടെസ്റ്റ് റണ്ണുകളും അനുവദിക്കുന്നതിന് ഏകദേശം മൂന്ന് ദിവസമെടുക്കും, കൂടാതെ പരിപാടിയുടെ രാത്രിയും ചേർത്ത്, ബില്ല് ഏകദേശം $6,000 (4,96,311.00 ഇന്ത്യൻ രൂപ) ആയി മാറും. നഖം വൃത്തിയാക്കാൻ $300 (INR 24816.75).²

കോടികൾ മുടക്കി മിനുക്കി ഉണ്ടാക്കുന്ന ഈ സെലിബ്രിറ്റി സൗന്ദര്യത്തിന് അടുത്തെങ്കിലും എത്തണമെങ്കിൽ, അൽപ്പം കാശൊന്നും പോരാ. എല്ലു മുറിയെ പണിയെടുത്താൽ, തോലു മുഴുവൻ ചായം പൂശാം എന്നാണ് സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും സ്ത്രീജനങ്ങളോട് ഉപദേശിച്ചു കൊണ്ടിരിക്കുന്നത്.

ലോക പ്രസിദ്ധ കലാകാരിയായ, ബ്രിട്ട്നി സ്പിയർസ്, സ്ത്രീകളെ ഉപദേശിക്കുന്നു…

“നിനക്ക് ആകർഷകമായ ശരീരം വേണോ?
നിനക്ക് ഒരു ബുഗാട്ടി വേണോ?
നിനക്ക് ഒരു മസെരാട്ടി വേണോ?
നീ നന്നായി പണിയെടുക്കൂ, പട്ടീ (പെണ്ണേ)…

(പെണ്ണിനെ പട്ടിയെന്ന് വിളിക്കാനുള്ള അർഹത ബ്രിട്ട്നി സ്പിയർസിനെ പോലുള്ള “ശാക്തീകരണം” നേടിയ സ്ത്രീകൾക്ക് ഉണ്ടത്രെ)

ബിക്കിനിയിൽ ആകർഷകമായി തോന്നണൊ?
നീ നന്നായി പണിയെടുക്കൂ, പട്ടീ…

നിങ്ങൾക്ക് ആർഭാഢമായി ജീവിക്കണോ?
ഒരു വലിയ മാളികയിലാണോ താമസിക്കേണ്ടത്?
ഫ്രാൻസിൽ പാർട്ടി ആസ്വദിക്കണൊ?

നീ നന്നായി പണിയെടുക്കൂ, പട്ടി…
നീ നന്നായി പണിയെടുക്കൂ, പട്ടീ…
നീ നന്നായി പണിയെടുക്കൂ, പട്ടീ…
നീ നന്നായി പണിയെടുക്കൂ, പട്ടീ…

ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കൂ, പട്ടീ! (ആഹ്-ആഹ്)

ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കൂ, പട്ടീ! (ആഹ്-ആഹ്)

എന്തും കൊണ്ടുവരൂ, അലാറം അടിക്കട്ടെ …
മടുത്താലും നിർത്തരുത്, ചാമ്പ്യൻ ആകുക…”

ബ്രിട്‌നി സ്പിയേഴ്‌സിന്റെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിലൊന്നാണ് “വർക്ക് ബിച്ച്” (” Work, Bitch” ജോലി ചെയ്യൂ പെണ്ണേ/പട്ടി), YouTube-ൽ 500 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടുകയും നിരവധി വർക്ക്ഔട്ട് പ്ലേലിസ്റ്റുകളിൽ പ്രധാനമായി മാറുകയും ചെയ്ത ഗാനം.

“വർക്ക് ബിച്ച്” കേവലം ആകർഷകമായ ഒരു ഗാനം മാത്രമല്ല, അത് പ്രതീക്ഷയുടെയും ദൃഢതയുടെയും നിശ്ചയദാർഢ്യത്തിന്റെയും സന്ദേശമാണ്. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് വിജയം നേടുന്നതെന്നും നമ്മുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി പോരാടാൻ നാം തയ്യാറാവണമെന്നും അതിലെ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ബ്രിട്ടനി സ്പിയേഴ്സിന്റെ ഗാനത്തിന്റെ വ്യക്തിപരമായ പ്രാധാന്യത്തിന് പുറമെ, സമൂഹത്തിലും ജനകീയ സംസ്കാരത്തിലും അതിന്റെ സ്വാധീനം അനൽപമാണ്. ഗാനത്തിന്റെ പ്രചോദനാത്മക ശക്തി ലോകമെമ്പാടുമുള്ള ശ്രോതാക്കളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കാലാതീതമായ ക്ലാസിക് ആക്കി മാറ്റിയിരിക്കുന്നു…” എന്ന് ഫെമിനിസ്റ്റുകൾ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നു.³

“സൗന്ദര്യ മത” പ്രബോധകരായ, സെലിബ്രിറ്റികളോടും ഇൻഫ്ലുവൻസർമാരോടുമുള്ള അനുകരണാത്മകത, സാധാരണക്കാരായ സ്ത്രീകളെ, തങ്ങളുടെ സമ്പാദ്യത്തിൻ്റെ ഭീമമായ വിഹിതം, “സൗന്ദര്യ ദേവത”ക്ക് കാണിക്ക അർപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

ഡോ. റെനി എംഗൽൻ എഴുതുന്നത് കാണുക:

“ബാഹ്യരൂപം ഭംഗിയായി നിലനിർത്താൻ” സ്ത്രീകൾക്ക് മേലുണ്ടാകുന്ന സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ, അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം സൗന്ദര്യവർദ്ധക വ്യവസായത്തിലേക്ക് (beauty industry) ഒഴുകിയെത്തുന്നതിൽ അത്ഭുതപ്പെടാനില്ല.
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കപ്പെടുന്ന പണത്തിന്റെ 85 ശതമാനവും സ്ത്രീകളുടേതാണ്. വിപണി ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, 2015-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോസ്മെറ്റിക്സ് രംഗത്തെ വരുമാനം 60 ബില്യൺ (57,76,21,20,00,000 ഇന്ത്യൻ രൂപ) ഡോളറിലധികമായിരുന്നു; ഇതിൽ 8 ബില്യൺ ഡോളറിലധികം (7,70,21,44,00,000 ഇന്ത്യൻ രൂപ) മേക്കപ്പ് ഇനങ്ങൾക്ക് മാത്രമായി ചെലവഴിക്കപ്പെട്ടതാണ്.

‘യൂഗവ്’ (YouGov) നടത്തിയ സർവേയിൽ പകുതിയിലധികം പുരുഷന്മാരും രാവിലെ തയ്യാറെടുക്കുമ്പോൾ ഒരു ഉൽപ്പന്നവും ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കിയപ്പോൾ, ശരാശരി ഒരു സ്ത്രീയുടെ കൈവശം 40 വ്യത്യസ്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉണ്ടെന്നാണ് ‘സ്റ്റോഎവേ’ (Stowaway) എന്ന കോസ്മെറ്റിക് കമ്പനി അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
പേഴ്സണൽ ഫിനാൻസ് വെബ്‌സൈറ്റായ ‘മിന്റ് ഡോട്ട് കോം’ (Mint.com) കണക്കാക്കുന്നത് പ്രകാരം, ശരാശരി ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് ഏകദേശം 15,000 ഡോളർ (14,44,146 ഇന്ത്യൻ രൂപ) മേക്കപ്പിനായി മാത്രം ചെലവഴിക്കുന്നുണ്ട്.

‘വൈ.ഡബ്ല്യു.സി.എ.’ (YWCA) അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ, സൗന്ദര്യസംരക്ഷണത്തിനായി ചെലവഴിക്കുന്ന ഈ പണം മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. അവരുടെ കണക്കുകൂട്ടൽ അനുസരിച്ച്, സാധാരണഗതിയിൽ സൗന്ദര്യത്തിനായി ചെലവഴിക്കുന്ന പണത്തിൽ നിന്ന് മാസം 100 ഡോളർ വീതം നിങ്ങൾ സമ്പാദിച്ചുവെക്കുകയാണെങ്കിൽ, അഞ്ച് വർഷം കൊണ്ട് ഒരു പബ്ലിക് കോളേജിലോ യൂണിവേഴ്സിറ്റിയിലോ ഒരു വർഷത്തെ പഠനത്തിന് ആവശ്യമായ ട്യൂഷൻ ഫീസിനുള്ള തുക കണ്ടെത്താൻ കഴിയും.”⁴

“ഡയറ്റ് (ഭക്ഷണനിയന്ത്രണം) ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ, ദീർഘകാലത്തേക്ക് യാതൊരു ഫലവും ഉറപ്പുനൽകാനില്ലെങ്കിലും, അവർക്ക് ഒരു ചെറിയ പ്രതീക്ഷ നൽകിക്കൊണ്ട് അവരുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം (പ്രതിവർഷം ഏകദേശം 20 ബില്യൺ ഡോളർ അഥവാ 19,25,86,70,00,000 രൂപ) കൈക്കലാക്കാൻ ഡയറ്റ് വ്യവസായം എപ്പോഴും സന്നദ്ധമാണ്.

സൗന്ദര്യസംരക്ഷണത്തിനായി പണം ചെലവഴിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് കോസ്മെറ്റിക് സർജറിയും അതുമായി ബന്ധപ്പെട്ട മറ്റ് ചികിത്സകളും; ഇത്തരം പ്രക്രിയകളിൽ 90 ശതമാനത്തിലധികവും നടക്കുന്നത് സ്ത്രീകളിലാണ് എന്നത് ഓർക്കുക.

കോസ്മെറ്റിക് സർജറികളും, ശരീരത്തിലേക്ക് അധികം തുളച്ചുകയറാത്ത ബോടോക്സ് (Botox), ഫില്ലറുകൾ തുടങ്ങിയ കുത്തിവെപ്പുകളും എത്രത്തോളം വേഗത്തിലാണ് ജനപ്രിയമാകുന്നതെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. ‘അമേരിക്കൻ സൊസൈറ്റി ഫോർ ഏസ്തെറ്റിക് പ്ലാസ്റ്റിക് സർജറി’യുടെ കണക്കനുസരിച്ച്, 1997-ന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ത്രീകൾ നടത്തുന്ന കോസ്മെറ്റിക് സർജറികളുടെ എണ്ണത്തിൽ 538 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്.

2015-ൽ സ്തനവലിപ്പം വർദ്ധിപ്പിക്കുന്ന സർജറികൾക്ക് (breast augmentation) മാത്രമായി 1 ബില്യൺ ഡോളറിലധികം ചെലവഴിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ ഞാൻ ഒരു ഡെർമറ്റോളജിസ്റ്റിന്റെ (ചർമ്മരോഗ വിദഗ്ദ്ധൻ) ക്ലിനിക്കിൽ സാധാരണ പരിശോധനയ്ക്കായി പോയപ്പോൾ, താഴെ പറയുന്ന സൗന്ദര്യവർദ്ധക ചികിത്സകളുടെ പരസ്യങ്ങളാണ് അവിടെ കണ്ടത്: ബോടോക്സ്, സ്കിൻ ഫില്ലറുകൾ, ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് കുറയ്ക്കുന്ന കൂൾ സ്കൾപ്റ്റിംഗ്, റേഡിയോ ഫ്രീക്വൻസി വഴിയുള്ള ചുളിവുകൾ മാറ്റൽ, ലേസർ ചർമ്മ പുനരുജ്ജീവന ചികിത്സ, ലിപ്പോസക്ഷൻ (കൊഴുപ്പ് നീക്കം ചെയ്യൽ), കണ്ണിന്റെ മുകളിലെയും താഴെയും ഭാഗങ്ങൾ ഭംഗിയാക്കൽ എന്നിവയായിരുന്നു അവ.”⁵

**********

References:

1.https://www.google.com/amp/s/www.scoopwhoop.com/amp/fashion/mickey-contractor-puneet-saini-how-much-bollywood-make-up-artists-charge/

2.https://www.harpersbazaar.com/celebrity/latest/a13644/how-much-it-costs-to-get-an-actress-golden-globes-ready/

3.https://oldtimemusic.com/the-meaning-behind-the-song-work-bitch-by-britney-spears/

4. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 115

5. Beauty Sick: How the Cultural Obsession with Appearance Hurts Girls and Women: Renee Engeln: Page 116

print

No comments yet.

Leave a comment

Your email address will not be published.