സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -5

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -5
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -5
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -5

ബി (സ) – സയ്‌നബ് (റ) വിവാഹത്തെ ഉപജീവിച്ചുള്ള ആധുനിക ഇസ്‌ലാം വിമർശന രചനകൾ, ഈ പഠനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചപോലെ, നബി (സ) യുടെ സമകാലീനരായിരുന്ന ഇസ്‌ലാം വിമർശകരാരും ഉന്നയിച്ചിട്ടില്ലാത്ത ചില ആരോപണങ്ങളിലാണ് അഭിരമിക്കുന്നത്. നബി (സ) സയ്‌നബിന്റെ (റ) സൗന്ദര്യം കണ്ട് അവരെ ആഗ്രഹിച്ചുപോയെന്നും ഇതാണ് സൈനബുമായുള്ള വിവാഹത്തിലേക്ക് നയിച്ചതെന്നുമുള്ള വാദമാണ് ആധുനിക വിമർശകരുടെ ഇവ്വിഷയകമായുള്ള പ്രചാരണങ്ങളുടെയെല്ലാം അച്ചുതണ്ട്. നബി(സ)യെ വ്യക്തിഹത്യ നടത്താൻ അതിയായ ആഗ്രഹമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമകാലികരായ ശത്രുക്കൾ, നബി (സ) – സയ്‌നബ് (റ) വിവാഹവുമായി ബന്ധപ്പെട്ട് ഇത്രയും ഒച്ചപ്പാടുകളുണ്ടായിട്ടും ഒരിക്കൽപോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വാദം, ഇവ്വിഷയകമായ പിൽകാല വിമർശകഭാവനകളുടെ ‌ കേന്ദ്രസ്ഥാനത്തു വരാനുള്ള കാരണമെന്തായിരിക്കും ? നബി (സ) – സയ്‌നബ്‌ (റ) വിവാഹത്തിന്‌ നബി(സ)യുടെ ലൈംഗികാഗ്രഹങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ആഖ്യാനം ചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതെവിടെയാണ് എന്ന അന്വേഷണം ഇവിടെ പ്രസക്തമാണ്.

മുഹമ്മദ് നബി (സ)യുടെ മരണശേഷമുള്ള പതിറ്റാണ്ടുകളിൽ രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് നേരത്തെ ബൈസന്ററ്റീൻ റോമിന്റെ ഭാഗമായിരുന്ന സിറിയ, ജോർദാൻ, ഫിലസ്ത്വീൻ തുടങ്ങിയ പ്രദേശങ്ങൾ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധീനതയിൽ വരികയും നാലാം ഖലീഫ അലി(റ)ക്കു ശേഷം ഇസ്‌ലാമിക രാജ്യത്തിന്റെ സാരഥ്യം വഹിച്ച ഉമവീ കുടുംബത്തിന്റെ ഭരണ സിരാകേന്ദ്രം ദമസ്‌കസ് ആയിത്തീരുകയും ചെയ്‌തതോടെ ജന്മം കൊള്ളാനാനാരംഭിച്ച ക്രൈസ്തവ നബിവിമർശന സാഹിത്യങ്ങളിലാണ് ഈ അന്വേഷണം ചെന്നെത്തുന്നത്. നേരത്തെ കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവ ചക്രവർത്തിമാർക്കു കീഴിൽ ജീവിച്ചിരുന്ന ജെറുസലേമിലെയും ദമസ്‌കസിലെയുമൊക്കെ ക്രൈസ്തവ സമുദായം ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായിത്തീരുകയും ഇസ്‌ലാമിക സമൂഹവുമായുള്ള സമ്പർക്കങ്ങളിലൂടെ അവരിൽ പലരും ഇസ്‌ലാം സ്വീകരിക്കാനാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ക്രൈസ്തവർക്കിടയിൽ അന്ന് കൊടുമ്പിരികൊണ്ടിരുന്ന ആഭ്യന്തര ദൈവശാസ്ത്ര സംവാദങ്ങൾക്കൊപ്പം ഇസ്‌ലാം കൂടി ക്രൈസ്തവ മതപണ്ഡിതമാരുടെ രചനാവിഷയമായിത്തീർന്നത്. മധ്യപൗരസ്ത്യ ദേശത്തെ ഗ്രീക്ക് ഓർത്തഡോക്‌സ് ക്രൈസ്തവ പാരമ്പര്യത്തിലെ അതിപ്രസിദ്ധനായ ദൈവശാസ്ത്ര താർക്കികൻ ദമസ്‌കസുകാരനായ ജോൺ (ജോൺ ഓഫ് ദമസ്‌കസ്) സി.ഇ. എട്ടാം നൂറ്റാണ്ടിൽ രചിച്ച The Fount of Knowldege എന്ന മതസമർത്ഥന പുസ്‌തകത്തിൽ മുസ്‌ലിംകളുമായുള്ള സംവാദങ്ങളിൽ പിടിച്ചുനിൽക്കാൻ ക്രൈസ്തവ പുരോഹിതരെ വൈജ്ഞാനികമായി പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘Heresy of the Ishmaelites’ എന്ന അധ്യായം ഉൾപെടുത്തപ്പെട്ടതാണ്‌ ഈ നിരയിലെ ശ്രദ്ധേയമായ ആദ്യത്തെ സംഭവം. ക്രിസ്‌തുമതം ഉന്നതവും ഇസ്‍ലാം ‘ദൈവദോഷ’വുമാണെന്ന് സ്ഥാപിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നബി (സ)-സയ്‌നബ് (റ) വിവാഹത്തെ ജോൺ അതിൽ പരാമർശിക്കുന്നത് കാണാം. സയ്‌ദിന്റെ (റ) ഭാര്യയായ സയ്‌നബുമായി (റ) നബി (സ) പ്രണയത്തിലായി എന്നും അതാണ് അവർ തമ്മിലുള്ള വിവാഹത്തിൽ കലാശിച്ചത് എന്നുമാണ് ജോൺ ആരോപിക്കുന്നത്. നബി (സ) – സയ്‌നബ് (റ) വിവാഹത്തിന്റെ കാരണങ്ങളിലേക്ക് പ്രണയം ചേർക്കപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായി, ഈ ലേഖകൻ അന്വേഷിച്ചേടത്തോളം,‌ ജോണിന്റെ ഈ പുസ്തകത്തിലാണ്.(25)

ഉമവീ പ്രതാപകാലത്ത് ദമസ്‌കസിൽ വളർന്ന, അറബിഭാഷാ പ്രാവീണ്യമുള്ള, ഖുർആനുമായി സാമാന്യമായ സമ്പർക്കം സാധ്യമായ ക്രൈസ്‌തവ പണ്ഡിതനാണ് ജോൺ. എന്നാൽ ഇസ്‌ലാമിക പ്രമാണങ്ങളെയോ നബിചരിത്രത്തെയോ വിശദമായി പഠിക്കുവാൻ അദ്ദേഹത്തിന് അവസരമുണ്ടായിട്ടില്ലെന്ന് നടേ പറഞ്ഞ പുസ്തകാധ്യായത്തിലൂടെ ഒരാവർത്തി കടന്നുപോകുന്ന ആർക്കും ബോധ്യമാകും. ഖുർആൻ അങ്ങിങ്ങായി വായിക്കുകയോ കേൾക്കുകയോ ചെയ്യുകയും ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന മുസ്‌ലിംകളുമായി സംഭാഷണങ്ങളിലേർപെടുകയും ചെയ്തത് വഴി ലഭിച്ച അതിപരിമിതമായ അറിവുകളും ധാരണകളും വെച്ച്, തന്റെയത്രപോലും ഇസ്‌ലാമിക വിദ്യാഭ്യാസമില്ലാത്ത ക്രൈസ്തവ പുരോഹിത വായനക്കാർക്കു മുന്നിൽ ഇസ്‍ലാമിൽ ആധികാരിക പാണ്ഡിത്യം ചമയുകയാണ് ജോൺ ചെയ്തത്. പരമ്പരാഗത ക്രൈസ്തവ യുക്തികളെ തൃപ്തിപ്പെടുത്തും വിധം, ഇസ്‌ലാമിക പാരമ്പര്യത്തെയും അറബ് ചരിത്രത്തെയും ഊഹങ്ങളും അർധസത്യങ്ങളും കളവുകളും ചേർത്ത് വികലമാക്കി അവതരിപ്പിക്കുന്ന ജോണിന്റെ രചനയിലാണ് നബി (സ) – സയ്‌നബ് (റ) വിവാഹത്തെ സംബന്ധിച്ച ഓറിയന്റലിസ്റ്റ്-മിഷനറി ആരോപണങ്ങളുടെ ആദ്യരൂപം കാണാനാകുന്നത് എന്ന വസ്തുതയിൽ നിന്നാണ് ഇതുസംബന്ധമായ ചർച്ചകൾ ആരംഭിക്കേണ്ടത്. സയ്‌ദിനെ(റ), ജോൺ വിശേഷിപ്പിക്കുന്നത് നബി(സ)യുടെ ‘സുഹൃത്ത്’ എന്നാണ്. സയ്‌ദ് (റ) നബി(സ)യുടെ ‘തബന്നീ’ പുത്രനായി സ്വീകരിക്കപ്പെട്ടതിനെക്കുറിച്ചോ അറേബ്യയിൽ നിലവിലുണ്ടായിരുന്ന തബന്നീ സമ്പ്രദായത്തെക്കുറിച്ചോ യാതൊരു സൂചനയും പുസ്തകത്തിലെ പ്രതിപാദനത്തിൽ ഇല്ല. നബി – സയ്‌ദ് – സയ്‌നബ് സംഭവത്തെ സംബന്ധിക്കുന്ന ഖുർആൻ വചനങ്ങൾ പോലും ജോൺ തന്റെ ആഖ്യാനത്തിൽ ഉദ്ധരിക്കുന്നില്ല. അവ അദ്ദേഹം കണ്ടിട്ടുപോലുമില്ലെന്ന് വേണം മനസ്സിലാക്കാൻ. തബന്നീ വ്യവസ്ഥിതിയെ ഇസ്‌ലാം അടിവേരോടെ പിഴുതെറിഞ്ഞുകഴിഞ്ഞിരുന്ന, അത് സംബന്ധമായ ഓർമ്മകൾ പോലും സമൂഹത്തിൽ നേർത്തുവന്നിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചയാൾ എന്ന നിലയിൽ നബി (സ) സയ്‌നബിനെ (റ) വിവാഹം കഴിച്ചുവെന്ന് എവിടെ നിന്നൊക്കെയോ കേട്ടുമനസ്സിലാക്കിയ ജോണിന് പ്രസ്തുത വിവാഹത്തിന്റെ സന്ദർഭം പൂർണമായും അജ്ഞാതമായിരുന്നുവെന്ന് സാരം. സയ്‌ദ് (റ) വിവാഹമോചനം ചെയ്ത സയ്‌നബിനെ(റ) നബി (സ) വിവാഹം ചെയ്തുവെന്ന അറിവുമാത്രം വെച്ച്, പ്രസ്തുത വിവാഹത്തെ അനിവാര്യമാക്കിയ സാമൂഹ്യസാഹചര്യത്തെക്കുറിച്ച് ധാരണയില്ലാതിരുന്ന, അതും നബിയോട് കഠിന വിരോധമുണ്ടായിരുന്ന ഒരാൾ, തന്റെ വന്യഭാവനയിൽ വിരിഞ്ഞ ‘പ്രണയം’ എന്ന വിശദീകരണവുമായി രംഗത്തുവരികയാണുണ്ടായതെന്ന് ചുരുക്കം.

സയ്‌ദ് (റ) നബി(സ)യുടെ പുത്രനായി കരുതപ്പെട്ടിരുന്നു എന്ന വസ്തുതയെപ്പോലെത്തന്നെ, സയ്‌നബ് (റ) നബി(സ)യുടെ അമ്മായിയുടെ മകളാണെന്നും നബി(സ)യാണ് അവരും സയ്‌ദും(റ) തമ്മിലുള്ള വിവാഹത്തിന് മുൻകയ്യെടുത്തതെന്നും സയ്‌ദും(റ) സയ്‌നബും(റ) തമ്മിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ ഒരിക്കലും വിവാഹമോചനത്തിലേക്ക് പോകാതിരിക്കാനാണ് നബി (സ) സയ്‌ദിനെ(റ) ഉപദേശിച്ചതെന്നുമുള്ള അസന്നിഗ്‌ധമായ ചരിത്രയാഥാർത്ഥ്യങ്ങളും ജോണിന്റെ പ്രബന്ധത്തിൽ തീർത്തും അദൃശ്യമാണ്. ഇക്കാര്യങ്ങളൊന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് വായനക്കാരിൽ നിന്ന് അവ അദ്ദേഹം മറച്ചുവെച്ചു. നബി(സ)ക്ക് ചെറുപ്പം മുതൽക്കേ പരിചയമുണ്ടായിരുന്ന ഒരാളാണ് സയ്‌നബ് (റ) എന്നുവന്നാൽ,‌ അവർക്ക്‌ വിവാഹപ്രായമായപ്പോൾ നബി (സ) അവരെ വിവാഹം കഴിക്കുക പോയിട്ട്‌ അവരുമായി വിവാഹം ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം അനാവൃതമായാൽ, സയ്നബ് ‌(റ) അവരുടെ മുപ്പതുകളുടെ പകുതിയിൽ ഭർത്താവ്‌ നഷ്ടപ്പെട്ട്‌ വിധവയായപ്പോൾ അവരെ സ്വയം വിവാഹം കഴിക്കാതെ സയ്‌ദിന്(റ) വിവാഹം കഴിപ്പിച്ചുകൊടുത്തതും ആ വിവാഹം തകരാതെ നോക്കാൻ ഉപദേശിച്ചതും നബി (സ)യാണെന്ന് വ്യക്തമായാൽ, ‘സുഹൃത്തായ സയ്‌ദിന്റെ ഭാര്യയുമായി പ്രവാചകൻ പ്രണയത്തിലായി’ എന്ന കഥയിലെ വിടവുകൾ സ്വയം വെളിപ്പെടുമെന്ന് ആർക്കാണറിയാത്തത് !

യഥാർത്ഥത്തിൽ, സയ്‌ദ് ഇബ്‌നു ഹാരിഥ (റ) നബി(സ)യുടെ ദത്തുപുത്രനല്ലായിരുന്നുവെങ്കിൽ നബി (സ) – സയ്‌നബ് (റ) വിവാഹത്തിന്റെ പേരിൽ ഒരു വിവാദവും അറേബ്യയിൽ ഉണ്ടാകുമായിരുന്നില്ല. സയ്‌ദ് (റ) സയ്‌നബിനെ (റ) വിവാഹമോചനം ചെയ്യുന്നതിലോ അദ്ദേഹം വിവാഹമോചനം ചെയ്ത സ്ത്രീയെ നബി (സ) ഭാര്യയായി സ്വീകരിക്കുന്നതിലോ അസാധാരണമോ നിയമവിരുദ്ധമോ ആയ യാതൊന്നുമില്ലെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. അതുകൊണ്ടാണ് ‘പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു’ എന്നതല്ലാത്ത മറ്റൊരു വിമർശനവും അതിനെതിരിൽ അന്ന് ഉന്നയിക്കപ്പെടാതിരുന്നത്. എങ്കിൽ പിന്നെ, നബി(സ)യും സയ്‌ദും(റ) തമ്മിൽ കൽപിക്കപ്പെട്ടിരുന്ന തബന്നീ ബന്ധത്തെക്കുറിച്ച് അജ്ഞനായ ജോണിന് നബിചരിത്രത്തിലെ സയ്‌നബ് (റ) അധ്യായം സ്തോഭജനകമായി അനുഭവപ്പെട്ടതും അതിനെ, ഒരുപക്ഷേ ചരിത്രത്തിലാദ്യമായി പ്രണയത്തിന്റെ മേമ്പൊടി ചേർത്ത് ഇസ്‌ലാം വിമർശനത്തിനുള്ള ഒരുപകരണമാക്കി പരിവർത്തിപ്പിച്ചതും എന്തുകൊണ്ടാകും? ജോൺ, തീവ്രമായ ബ്രഹ്മചര്യം ഉയർന്ന ആത്മീയ ജീവിതത്തിന് അനിവാര്യമാണെന്ന ക്രൈസ്തവ നിലപാടിന്റെ ശക്തനായ വക്താവും അതിന്റെ പ്രയോഗവൽക്കരണത്തിന് വേണ്ടി ദമസ്‌കസ് വിട്ട് ജറുസലേമിലെ പ്രസിദ്ധമായ ഒരു സന്യാസിമഠത്തിൽ സ്ഥിരതാമസമാക്കിയ പുരോഹിതനുമായിരുന്നുവെന്ന വസ്തുത ഓർത്താൽ ഇത് എളുപ്പത്തിൽ മനസ്സിലാക്കാനാവും. ആദിപാപത്തിന്റെ ഫലമായി മനുഷ്യനിലുണ്ടായ ഒരപകടമായി രതിത്വരയെ കാണുകയും സ്വയം നിയന്ത്രിക്കാൻ നിർവാഹമില്ലാത്തവൻ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് സിദ്ധാന്തിക്കുകയും സമൂഹത്തെ നയിക്കേണ്ട വിശുദ്ധ പുരുഷന്മാർ വിവാഹമടക്കമുള്ള എല്ലാ തരം ലൈംഗിക വ്യവഹാരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ചെയ്യേണ്ടതെന്ന് ധ്വനിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള പൗലോസിയൻ തത്ത്വശാസ്ത്രമാണ് ജോൺ അടക്കമുള്ളവരുടെ ക്രിസ്തുവ്യാഖ്യാനത്തിന്റെ പ്രഭവം. ലൈംഗിക വിരക്തി വഴി മോക്ഷവും വിശുദ്ധിയും നേടിയെടുക്കാൻ തുനിഞ്ഞ അനേകം അതികഠിന സന്യാസി ശൃംഖലകൾ മധ്യപൗരസ്ത്യ ദേശത്ത് തളിർത്തുകൊണ്ടിരുന്ന ഒരു കാലത്ത്, ആ പ്രവണതയിലേക്ക് ആവേശത്തോടെ ചേർന്ന് നിന്നുകൊണ്ടാണ് ജോൺ ആശ്രമവാസിയാകുന്നത്.

ഇങ്ങനെയൊരാൾക്ക്, മുഹമ്മദ് നബി (സ)യുടെ ജീവചരിത്രം നടുക്കമുണ്ടാക്കാതിരിക്കാൻ യാതൊരു തരവുമില്ല. കാരണം, ലൈംഗിക വികാരങ്ങളെ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായും ലൈംഗിക ബന്ധത്തെ പുണ്യകർമമായുമാണ് ഇസ്‌ലാം വിലയിരുത്തുന്നത്. വിവാഹം ഇസ്‌ലാമിക പാരമ്പര്യത്തിൽ ആത്മീയോൽകർഷത്തിന് തടസ്സമല്ല, പ്രത്യുത അനുപൂരകമാണ്. രാഷ്ട്രനേതാക്കളും ഗോത്രത്തലവന്മാരുമൊക്കെ അക്കാലഘട്ടത്തിൽ സാധാരണയായി ചെയ്തിരുന്നപോലെത്തന്നെ, ബഹുഭാര്യത്വത്തിന്റെ സാധ്യതകളെ ഏറ്റവും സമൃദ്ധമായി ഉപയോഗപ്പെടുത്തികൊണ്ടുതന്നെയാണ് മുഹമ്മദ് നബി (സ) മദീനയിൽ നിലനിന്നത്. മനുഷ്യപ്രകൃതിയുടെ നിരാകരണമാണ് ആത്മീയതയുടെ താൽപര്യമെന്ന് ധരിച്ചുവശായി ലൈംഗികതയെ അമർത്തിവെച്ച് ‘വിശുദ്ധ’ ചില്ലുകൂടാരങ്ങളിൽ ശ്വാസംമുട്ടി നിന്നിരുന്ന ഹതഭാഗ്യർക്ക്, വിശുദ്ധിയുടെ മറുകര കാണിച്ച നബിജീവിതത്തിലെ ബഹുഭാര്യത്വം അസ്വസ്ഥജനകമാകുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു! നബി (സ) സയ്‌നബിനെ(റ) വിവാഹാം കഴിക്കുന്നതിനെ അതിന്റെ സ്വാഭാവികതയിലെടുക്കാൻ ജോണിന് കഴിയാത്തത് അതുകൊണ്ടാണ്. ബഹുഭാര്യത്വവും അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും അനുവദിക്കുന്ന ഖുർആൻ വചനങ്ങളെ ക്രിസ്ത്യൻ വായനക്കാരനിൽ സംഭ്രാന്തി ജനിപ്പിക്കും വിധം അവതരിപ്പിച്ചശേഷം, അതിന്റെ ഒരു പ്രായോഗിക ദൃഷ്ടാന്തം എന്ന നിലയിലാണ് ജോൺ സയ്‌നബിന്റെ(റ) കാര്യം പറയുന്നത്; അല്ലാതെ, നബി (സ) – സയ്‌നബ് (റ) വിവാഹവുമായി നേർക്കുനേരെ ബന്ധമുള്ള ഖുർആൻ വചനങ്ങളോ ഹദീഥുകളോ ഒന്നും പരിശോധിച്ചുകൊണ്ടല്ല. ഇസ്‌ലാമിക ലൈംഗിക ദര്‍ശനത്തിന്റെ ഉദാരതയാണ് ജോണിന്റെ യഥാര്‍ത്ഥ പ്രമേയമെന്നര്‍ത്ഥം. ലൈംഗികത പാപമാണെന്ന മൂഢധാരണയില്‍ ജീവിതം വരണ്ടുതീരുന്ന ജോണ്‍ അടക്കമുള്ള പുരോഹിതന്മാരോട് സഹതാപം മാത്രമേ മുസ്‌ലിംകള്‍ക്കുള്ളൂ. ”വിവാഹം കഴിക്കുക; കാരണം ഈ സമുദായത്തിലെ ഏറ്റവും നല്ല മനുഷ്യനായ മുഹമ്മദ് നബി(സ)ക്കാണ്‌ ഏറ്റവും അധികം ഭാര്യമാരുണ്ടായിരുന്നത്”(26) എന്ന, പ്രവാചകശിഷ്യനായ ഇബ്‌നു അബ്ബാസിന്റെ(റ) പ്രസ്താവന അനാവൃതമാക്കുന്ന മുസ്‌ലിം മനോഭാവത്തിന്റെ ജൈവിക സൗന്ദര്യം മനസ്സിലാകണമെങ്കില്‍, അവര്‍ക്കാദ്യം തീര്‍ത്തും പെണ്‍വിരുദ്ധമായ പൗലോസിയയന്‍ ചിന്താചട്ടക്കൂടിനെ ഭേദിക്കാനാകണം.

വിവാഹത്തോട് എന്ന പോലെ വിവാഹമോചനത്തോടും ക്രൈസ്തവപാരമ്പര്യത്തിനുള്ള പ്രതിലോമപരമായ നയം നബി(സ)-സയ്‌നബ് വിവാഹത്തോടുള്ള ജോണിന്റെ സമീപനത്തെ സ്വാധീനിക്കുന്നത് കാണാം. നബി – സയ്‌നബ് വിവാഹം വ്യഭിചാരതുല്യമാണ് എന്നാണ് ജോണ്‍ പ്രബന്ധത്തില്‍ ആരോപിക്കുന്നത്. ലൈംഗിക അസാന്മാർഗികതയല്ലാത്ത മറ്റൊരു കാരണം കൊണ്ടും ഭാര്യയെ വിവാഹമോചനം ചെയ്തുകൂടെന്ന പുതിയ നിയമ പാഠത്തിൽ(27) ഊട്ടപ്പെട്ട ജോണിന്‌, സയ്ദും(സ) സയ്നബും(റ) തമ്മിൽ പിരിഞ്ഞതിനെ, അത്തരം വേർപിരിയലുകളെ ഇസ്‌ലാം അംഗീകരിക്കുന്നതിനെ, ഒക്കെ തന്നെ നടുക്കത്തോടു കൂടിയേ കാണാനാകൂ. ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഭാര്യാഭർത്താക്കന്മാർക്കിടയിലും ചിലപ്പോൾ പരിഹരിക്കാൻ കഴിയാത്ത വിധമുള്ള പ്രശ്‌നങ്ങളുണ്ടാകാമെന്നും ഒത്തുപോകാൻ കഴിയില്ലെന്ന് വന്നാൽ അത്തരക്കാരെ പിരിയാൻ അനുവദിക്കണമെന്നും അവരെ താൽപര്യമില്ലാത്ത ബന്ധത്തിൽ തന്നെ തുടരാൻ നിർബന്ധിക്കുന്നത്‌ ക്രൂരമാണെന്നുമുള്ള ഇസ്‌ലാമിക വീക്ഷണം മനുഷ്യപ്രകൃതത്തെ ഉൾകൊണ്ടുകൊണ്ടുള്ളതാണെന്ന്‌ മനസ്സിലാകണമെങ്കിൽ ജോണിനെപ്പോലുള്ളവർ ആദ്യം ലൈംഗികതയെ പേടിച്ച്‌ ‘ആത്മീയത’യുടെ ദന്തഗോപുരങ്ങളിൽ കതകടച്ച്‌ ജീവിക്കുന്നത്‌ മതിയാക്കി ശരീരത്തോട്‌ സത്യസന്ധതയുള്ള മനുഷ്യരായി മണ്ണിലിറങ്ങി കുടുംബജീവിതം നയിച്ചുനോക്കണം. ഒരു പുരുഷൻ വിവാഹമോചനം ചെയ്‌ത സ്ത്രീയെ മറ്റൊരു പുരുഷൻ വിവാഹം കഴിക്കുന്നത്‌ വ്യഭിചാരമാണെന്ന സുവിശേഷ ഫോർമുലയാണ്(28)‌ നബി (സ) – സയ്നബ്‌ (റ) വിവാഹത്തെ വിശകലനം ചെയ്യുമ്പോൾ ജോണിന്‌ തികട്ടി വരുന്നത്‌. ഖുർആനിലെ ചില വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, അവയിലെ വിവാഹമോചന, പുനർവിവാഹ അവകാശങ്ങളെ ലൈംഗിക അരാജകത്വമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്‌ നബി-സയ്നബ്‌ സംഭവത്തെക്കുറിച്ചുള്ള ചർച്ചയിൽ ജോൺ. ഒരു ഭാര്യാഭർതൃ ബന്ധം പിരിയുക, പിരിഞ്ഞ പങ്കാളികൾ പുതിയ ഇണകളെ കണ്ടെത്തുക എന്നതൊക്കെ തീർത്തും സ്വാഭാവികമാണെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാന വിവേകം പോലും ഇല്ലാത്ത, ചിന്തയെ പുതിയ നിയമ എഴുത്തുകാർക്ക്‌ വിറ്റ ഒരു ക്രൈസ്തവ പുരോഹിതന്റെ ലൈംഗിക ഭീതി മിഷനറിമാർ അനന്തരമെടുക്കുന്നത്‌ മനസ്സിലാക്കാം; പക്ഷേ മനുഷ്യന്റെ ലൈംഗികാവകാശങ്ങളെക്കുറിച്ചും വൈയക്തിക സ്വാതന്ത്ര്യങ്ങളെക്കുറിച്ചും വാചാലരാകുന്ന ഭൗതികവാദികൾ അയാളുടെ സ്ഥലജല വിഭ്രമം പങ്കിടേണ്ട കാര്യമെന്താണ്‌? നവോത്ഥാന കാലത്ത്‌ ക്രൈസ്തവ പൗരോഹിത്യത്തിന്റെ ലൈംഗിക ജഡിലതയോട്‌ പോരാടിയാണ്‌ യൂറോപ്യൻ ജനാധിപത്യം ജന്മം കൊണ്ടതെന്ന പ്രാഥമിക ഓർമ പോലും അവർക്ക്‌ നഷ്ടപ്പെട്ടുപോകുന്നത്‌ എന്തുകൊണ്ടാണ്‌?

(തുടരും)

കുറിപ്പുകള്‍

25. ഗ്രീക്ക് ഭാഷയിലാണ് ജോണിന്റെ രചന. നിരവധി ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ പല കാലങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.
26. ബുഖാരി, സ്വഹീഹ് (കിതാബുന്നികാഹ്‌ – ബാബു കഥ്‌‌റതിന്നിസാഅ്). ക്രൈസ്തവ ബ്രഹ്‌മചര്യം ഇസ്രാഈൽ സമൂഹത്തിന്‌ ലഭിച്ച ദിവ്യവെളിപാടുകളുടെയൊന്നും അടിസ്ഥാനത്തിൽ വളർന്നുവന്നതല്ലെന്നും പ്രത്യുത പുരോഹിതന്മാർ സ്വേഛപ്രകാരം വികസിപ്പിച്ചതാണെന്നും ക്വുർആൻ പ്രസ്താവിക്കുന്നുണ്ട്‌. (57: ഹദീദ്‌: 28).
27. മത്തായി, സുവിശേഷം, 5: 31-2, 19: 3-12.
28. മത്തായി, സുവിശേഷം 5: 31-2; ലൂക്കോസ്‌, സുവിശേഷം, 16: 18.

print

No comments yet.

Leave a comment

Your email address will not be published.