സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -4

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -4
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -4
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -4

റേബ്യന്‍ ദത്തുപുത്ര സമ്പ്രദായത്തിനുള്ള ഇസ്‌ലാമികമായ തിരുത്തലുകള്‍ ശരീഅത്തില്‍ അവതരിപ്പിക്കുവാനുള്ള സന്ദര്‍ഭമൊരുക്കുവാന്‍ വേണ്ടിയാണ് സയ്‌ദ് (റ) വിവാഹമോചനം ചെയ്ത സയ്‌നബിനെ (റ) അല്ലാഹു നബി(സ)ക്ക് വിവാഹം കഴിച്ചുകൊടുത്തത് എന്ന് ഇതുസംബന്ധമായ ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. ‘തബന്നീ’യുടെ ദര്‍ശനം അറേബ്യന്‍ ബോധമണ്ഡലത്തില്‍ ശക്തമായി വേരുകളാഴ്ത്തിപ്പടര്‍ന്നിരുന്നതുകൊണ്ട്, മറ്റുള്ള വിവാഹങ്ങളിലെപ്പോലെ ആ സമൂഹത്തിലുള്ള മനുഷ്യര്‍ മുന്‍കയ്യെടുത്ത് അത്തരമൊരു വിവാഹം നടക്കുക ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു. തബന്നീ കഴിഞ്ഞതോടെ സയ്‌ദ് (റ) നബി(സ)യുടെ മകനായെന്ന് മനസ്സിലാക്കാൻ അനുശീലിക്കപ്പെട്ടിട്ടുള്ള ഒരു സമൂഹത്തില്‍ ആരാണ് സയ്‌ദ് (റ) വിവാഹമോചനം ചെയ്ത സ്ത്രീക്ക് നബി(സ)യുമായി വിവാഹമാലോചിക്കുക! അറേബ്യയില്‍ അന്ന് ഏറ്റവും ദൃശ്യതയുണ്ടായിരുന്ന ‘തബന്നീ’ജന്യ പുത്രപദവി, തീര്‍ച്ചയായും സയ്‌ദിന്റേത് (റ) ആയിരുന്നു; അതിനെത്തന്നെ പിടിച്ചുകുലുക്കുകയായിരുന്നു ‘തബന്നീ’ സംവിധാനത്തെയാകെ പിഴുതെറിയാനുള്ള മികച്ച വഴി. സയ്‌ദിന്റെ (റ) ‘പുത്രത്വ’ത്തെ ആക്രമിക്കാനും നിഷേധിക്കാനും അദ്ദേഹത്തിന്റെ മുന്‍ഭാര്യയെ നബി (സ) വിവാഹം കഴിക്കുന്നതിനെക്കാള്‍ ഫലപ്രദമായ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്‌ഫോടനാത്മകമായ അത്തരമൊരു കാല്‍വെപ്പിലൂടെ ശരീഅത്ത് അതിന്റെ അടുത്ത വികാസഘട്ടം കടക്കണമെങ്കില്‍ അല്ലാഹുവിന്റെ തന്നെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമായിരുന്നു. ആ സമൂഹത്തിനുള്ളിൽ നിന്നുണ്ടായിവരിക അസാധ്യമായിരുന്ന വിപ്ലവം, അങ്ങനെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് താഴേക്കിറങ്ങിവന്നു. സയ്‌നബിന്റെ (റ) രക്ഷകര്‍തൃത്വം സ്വയം ഏറ്റെടുത്തുകൊണ്ട് -അല്ലാഹുവാണല്ലോ നമ്മുടെയെല്ലാം സാക്ഷാല്‍ രക്ഷാകര്‍ത്താവ്; അവന്‍ താത്കാലികമായി നമ്മുടെ കൈകാര്യകര്‍തൃത്വം ഏല്‍പിച്ചതാണ് ഭൂമിയിലെ നമ്മുടെ രക്ഷിതാക്കളെ. അല്ലാഹു തന്നെ നേരിട്ട് നമുക്കുവേണ്ടി സംസാരിക്കാന്‍ സന്നദ്ധനായാല്‍ പിന്നെ ഭൂമിയിലെ രക്ഷിതാക്കള്‍ക്ക് അതിലെന്ത് ഇടപാടാണ്!- അല്ലാഹു നബി(സ)ക്ക് അവരെ വിവാഹം ചെയ്തുകൊടുത്തതല്ലായിരുന്നുവെങ്കിൽ നബി(സ)ക്കും സയ്‌നബിനും(റ) തന്നെ അങ്ങനെയൊരു വിവാഹത്തിന്റെ സാംഗത്യത്തെക്കുറിച്ച് ആലോചിക്കുക അസാധ്യമായ വിധത്തിലായിരുന്നു ‘തബന്നീ’യുടെ സ്വീകാര്യത. പ്രവാചകന്റെ മറ്റെല്ലാ ഭാര്യമാരില്‍നിന്ന് വ്യത്യസ്തമായി, തന്നെ നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തത് അല്ലാഹുവാണെന്ന് സയ്‌നബ് (റ) പിന്നീട് പലപ്പോഴും അഭിമാനത്തോടുകൂടി പറയാറുണ്ടായിരുന്നു.(20)

സയ്ദും(റ) സയ്‌നബും(റ) തമ്മില്‍ വേര്‍പിരിയുന്ന അവസ്ഥ വന്നപ്പോള്‍ തന്നെ സയ്‌നബിനെ(റ) വിവാഹം കഴിക്കേണ്ടി വരുമെന്ന് അല്ലാഹു നബി(സ)ക്ക് സൂചന നൽകിയിരുന്നുവെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലാണ് നബി (സ)-സയ്‌നബ് (റ) വിവാഹം പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ വചനമുള്ളത്. എന്നാല്‍ അങ്ങനെ സംഭവിക്കാതിരുന്നെങ്കില്‍ എന്ന്, ജനങ്ങളുടെ പ്രതികരണം ഭയന്നുകൊണ്ട്, നബി (സ) പോലും ആശിച്ചുപോയി എന്ന് ക്വുര്‍ആന്‍ അവിടെ സുചിപ്പിക്കുന്നുണ്ട്. സയ്‌നബിനെ (റ) വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം ജനങ്ങളോട് പറയാന്‍ അധൈര്യപ്പെട്ടതിന്റെ പേരില്‍ പ്രവാചകനെ (സ) ”നീ ജനങ്ങളെ ഭയപ്പെട്ടു; യഥാര്‍ത്ഥത്തില്‍ നീ ഭയക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്”(21) എന്നുപറഞ്ഞ് വിമര്‍ശിച്ചതിനുശേഷമാണ്, അവരെ നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തിരിക്കുന്നുവെന്ന് അല്ലാഹു പ്രസ്താവിക്കുന്നത്. ഒരു പക്ഷേ സയ്‌നബിന്റെ(റ) ഇദ്ദ കാലയളവില്‍ മുഴുവന്‍, നബി(സ)ക്ക് ചര്‍ച്ച ചെയ്യാന്‍ പോലും ധൈര്യം വരാതിരുന്ന കാര്യം, നബി(സ)യുടെ ആശങ്കകളെ മറികടന്നുകൊണ്ട്, ഇദ്ദ തീര്‍ന്നപ്പോള്‍ അല്ലാഹു നേരിട്ട് ക്വുര്‍ആനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു; പ്രവാചകന് (സ) അത് അംഗീകരിക്കുകയല്ലാതെ വേറെ നിര്‍വാഹമൊന്നും ഇല്ലാത്ത തരത്തില്‍. ‘തബന്നീ പുത്രന്‍’മാരെ യഥാര്‍ത്ഥ പുത്രന്‍മാരായി ഗണിച്ചിരുന്ന സമൂഹത്തില്‍ സയ്‌നബിനെ(റ) താന്‍ വിവാഹം ചെയ്യുന്നത് തനിക്ക് വലിയ അഭിമാനക്ഷതമുണ്ടാകുമെന്ന് നബി(സ)ക്ക് തോന്നിയതാകാം ആ വിവാഹത്തിന് തന്റെ ഭാഗത്തുനിന്ന് മുന്‍കയ്യൊന്നുമെടുക്കാതിരിക്കാനും അത് നടക്കാതെ പോയെങ്കില്‍ എന്ന തരത്തില്‍ മൗനം പാലിക്കാനും നബി(സ)യെ പ്രേരിപ്പിച്ചത്. ക്വുര്‍ആനിലെ വല്ല വചനവും നബി (സ) ജനങ്ങളില്‍നിന്ന് മറച്ചുവെക്കുമായിരുന്നെങ്കില്‍, സയ്‌നബ് (റ)-നബി (സ) വിവാഹം പ്രഖ്യാപിക്കുന്ന വചനം അദ്ദേഹം മറച്ചുവെച്ചേനെ എന്ന് ആഇശ (റ) പറയുന്നുണ്ട്.(22) അത്രത്തോളം പ്രയാസകരമായിരുന്നു നബി(സ)ക്ക് അല്ലാഹുവിന്റെ ആ തീരുമാനം. എന്നാല്‍ ശരീഅത്തിലെ, ആ സമൂഹത്തെ സംബന്ധിച്ചേടത്തോളം സ്വീകരിക്കാന്‍ ഏറെ പ്രയാസകരമായിരുന്ന ഒരു നിലപാട്, സ്വന്തം അഭിമാനത്തിന് വില കല്‍പിക്കാതെ പ്രായോഗികമാക്കി കാണിച്ചുകൊടുക്കാന്‍ നബി(സ)യോട് അല്ലാഹു ആജ്ഞാപിക്കുകയായിരുന്നു. സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല ഇസ്‌ലാമികമായ ശരിതെറ്റുകളെ തീരുമാനിക്കുന്നതെന്ന വലിയ പാഠം എക്കാലത്തെയും വിശ്വാസികള്‍ക്കുവേണ്ടി ഈ സംഭവം ബാക്കിവെക്കുന്നു. ”തങ്ങളുടെ ദത്തുപുത്രന്‍മാര്‍ വിവാഹമോചനം ചെയ്ത സ്ത്രീകളെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് വിശ്വാസികള്‍ക്ക് ബോധ്യപ്പെടുന്നതിനുവേണ്ടി”യാണ് അല്ലാഹു സയ്‌നബ് (റ)-നബി (സ) വിവാഹം നടത്തിയത് എന്നുപറഞ്ഞുകൊണ്ടാണ് പരാമൃഷ്ട ക്വുര്‍ആന്‍ വചനം അവസാനിക്കുന്നത്. ദത്തുപുത്രന്‍ യഥാര്‍ത്ഥ പുത്രനല്ലെന്ന് ഏറ്റവും തീവ്രമായിത്തന്നെ സ്ഥാപിക്കുക എന്ന സാമൂഹ്യപരിഷ്‌കരണപരമായ ദൗത്യമാണ് ആ വിവാഹത്തിനുള്ളതെന്ന് ക്വുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ടെന്ന് സാരം. ”അല്ലാഹു നബി(സ)ക്കുമേല്‍ ചുമത്തിയ ഈ തീരുമാനത്തില്‍ അദ്ദേഹത്തിന് യാതൊരു കുറ്റവുമില്ല” എന്ന് പറഞ്ഞുകൊണ്ടാണ് തൊട്ടടുത്ത വചനം ആരംഭിക്കുന്നത്.(23) നബി (സ)-സയ്‌നബ് (റ) വിവാഹം അല്ലാഹുവിന്റെ ആജ്ഞയായിരുന്നുവെന്നും അത് അനുസരിക്കാന്‍ നിര്‍ബന്ധിതനാവുക മാത്രമാണ് നബി (സ) ചെയ്തതെന്നും അത് തെറ്റും കുറ്റവുമായി ചിലര്‍ക്കൊക്കെ അനുഭവപ്പെടുന്നത് അവര്‍ക്ക് പാരമ്പര്യമായി കിട്ടിയ തെറ്റിദ്ധാരണകൾ മൂലമാണെന്നും അവരുടെ എതിര്‍പ്പുകളുണ്ടാക്കുന്ന പ്രയാസത്തെ സൃഷ്ടിപരമായ ഒരു സാമൂഹ്യമാറ്റത്തിന്റെ പേറ്റുനോവുകളായി കണ്ട് ക്ഷമിച്ചാല്‍ മതിയെന്നും വിശുദ്ധ ക്വുര്‍ആന്‍ തന്നെ പരിശുദ്ധ പ്രവാചകനെ തെര്യപ്പെടുത്തുന്നത് സൂറത്തുല്‍ അഹ്‌സാബില്‍നിന്ന് സ്പഷ്ടമാകുന്ന സ്ഥിതിക്ക്, നബി (സ)-സയ്‌നബ് (റ) വിവാഹത്തിന്റെ ചരിത്രവും ദര്‍ശനവും മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ലെന്നതാണ് നേര്.

അല്ലാഹുവിന്റെ യുക്തിഭദ്രമായ ഈ സാമൂഹ്യപരിഷ്‌കരണ പദ്ധതി ഇസ്‌ലാമിക സമൂഹത്തില്‍ ഉടനടി പൂര്‍ണമായ ഫലങ്ങളുണ്ടാക്കി. ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെടുകയും നബി (സ) തന്നെ അന്നുവരെ അചിന്ത്യമായിരുന്ന ഒരു മാറ്റത്തിന്റെ പ്രോദ്ഘാടകനാവുകയും ചെയ്തതോടെ സര്‍വരും സ്വാഭാവികമായും മാറുകയായിരുന്നു. സൂറത്തുല്‍ അഹ്‌സാബിലൂടെ അല്ലാഹു നടത്തിയ ഈ ഇടപെടലുകളെത്തുടര്‍ന്ന്, മദീനയില്‍ ‘തബന്നീ’ പ്രക്രിയയിലൂടെ ‘പുതിയ പിതാക്കളെ’ ലഭിച്ചിരുന്നവരെല്ലാം അവരുടെ യഥാര്‍ത്ഥ പിതാക്കളിലേക്കുതന്നെ ചേര്‍ത്തുവിളിക്കപ്പെടാന്‍ തുടങ്ങിയെന്നും പ്രമുഖ പ്രവാചക ശിഷ്യനായിരുന്ന അബൂ ഹുദയ്‌ഫ(റ)യും അദ്ദേഹത്തിന്റെ ദത്തുപുത്രന്‍ സാലിമും (റ) ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വന്നവരില്‍ പ്രധാനികളായിരുന്നുവെന്നും ആഇശ (റ) പറഞ്ഞുതന്നിട്ടുണ്ട്.(24) ആളുകളുടെ മുഖം ചുളിയുന്നത് ഗൗനിക്കാതെ ഒരു മാറ്റത്തിന് മുന്നില്‍നില്‍ക്കുകയും ഒടുവില്‍ എല്ലാവരെയും ആ പുതിയ നിലപാടിലേക്ക് കൂടെക്കൂട്ടുകയും ചെയ്ത ആദര്‍ശ സ്ഥാപനത്തിന്റെ വഴിയില്‍ സ്വന്തം അഭിമാനത്തെപ്പോലും തൃണവല്‍ഗണിച്ച, ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവിനെയാണ് സയ്‌നബിനെ (റ) വിവാഹം കഴിക്കുന്ന നബി(സ)യില്‍ നമ്മള്‍ കാണുന്നതെന്ന് ചുരുക്കം.

(തുടരും)

കുറിപ്പുകള്‍

20. തിര്‍മിദി, ജാമിഅ് (കിതാബു തഫ്‌സീരില്‍ ക്വുര്‍ആനി അന്‍ റസൂലില്ലാഹ്). See, also, Ella Landau-Tasseron (Tr.), The History of Al Tabari Vol. XXXIX, p. 182.
21: ക്വുര്‍ആന്‍ 33: അഹ്‌സാബ്: 37.
22. ബുഖാരി, സ്വഹീഹ് (കിതാബുത്തൗഹീദ് -ബാബു വ കാന അര്‍ശുഹു അലല്‍ മാഅ്, വഹുവ റ്വബ്ബുല്‍ അര്‍ശില്‍ അള്വീം).
23. ക്വുര്‍ആന്‍ 33: അഹ്‌സാബ്: 38.
24. നസാഇ, സുനന്‍ (കിതാബുന്നികാഹ് -ബാബു തസവ്വുജില്‍ മൗലൽ അറബിയ്യ).

print

No comments yet.

Leave a comment

Your email address will not be published.