സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -3

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -3
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -3
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -3

Print Now
യ്‌ദ് (റ) നബി(സ)യുടെ ‘പുത്രന്‍’ ആയതിനാല്‍ നബി (സ) സയ്‌ദിന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചത് ശരിയായില്ല എന്ന വാദമാണ് നബി (സ)-സയ്‌നബ് (റ) വിവാഹത്തിനെതിരില്‍ സമകാലീനരായ വിമര്‍ശകരില്‍ നിന്ന് ഉന്നയിക്കപ്പെട്ടത്‌. മകന്‍ വിവാഹമോചനം ചെയ്ത ഭാര്യയെ പിതാവ് സ്വീകരിക്കുന്നത് നിഷിദ്ധമാണെന്ന ഇസ്‌ലാമിക നിയമം പിതാവ് മുഹമ്മദ് നബി (സ) സ്വന്തം കാര്യത്തില്‍ ലംഘിച്ചു എന്നതായിരുന്നു ആക്ഷേപം. സയ്‌ദ് (റ) നബി(സ)യുടെ പുത്രനല്ലെന്ന യാഥാര്‍ത്ഥ്യത്തെ കഴുത്തുഞെരിച്ച് കൊന്നുകൊണ്ടാണ് ഈ വിവാദം തഴച്ചത്‌. എന്നാല്‍ സയ്‌ദും (റ) നബി(സ)യും തമ്മില്‍ രക്തബന്ധമില്ലെന്ന തീര്‍ത്തും പ്രകടമായ യാഥാര്‍ത്ഥ്യം ബഹളത്തില്‍ മുങ്ങിപ്പോകാനുള്ള അടിസ്ഥാന കാരണം സയ്‌ദ് (റ) നബി(സ)യുടെ പുത്രനായി അറിയപ്പെടാനിടയാക്കിയ ‘തബന്നീ’ സമ്പ്രദായത്തെ അറബികള്‍ അക്ഷരാര്‍ത്ഥത്തില്‍ സാധുവായി പരിഗണിച്ചിരുന്നു എന്നതാണ്.

നബി (സ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന പ്രചാരണവുമായി രംഗത്തുവന്നത് പ്രധാനമായും കപടവിശ്വാസികളാണ്. ഇസ്‌ലാമില്‍ അകമേ വിശ്വസിച്ചിട്ടില്ലാത്ത, എന്നാല്‍ പുറമേക്ക് വിശ്വാസികളായി അഭിനയിച്ച് മദീനയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായി ജീവിച്ചിരുന്ന, മുനാഫിക്വുകള്‍ എന്ന് ക്വുര്‍ആന്‍ വിളിക്കുന്ന ഈ വിഭാഗം, ഉപജാപങ്ങള്‍ക്ക് കുപ്രസിദ്ധരായിരുന്നു. അവരഴിച്ചുവിട്ട ആരോപണങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് ക്വുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബിലെ നാല്‍പതാമത്തെ വചനം അവതരിപ്പിക്കപ്പെട്ടത്.(16) ”മുഹമ്മദ് നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു പുരുഷന്റെയും പിതാവല്ല, പ്രത്യുത അദ്ദേഹം അല്ലാഹുവിന്റെ ദൂതനും നബിമാരില്‍ അവസാനത്തെയാളുമാകുന്നു” എന്ന ആശയമുള്ള പ്രസിദ്ധമായ ഈ വചനം, മുഹമ്മദ് നബി(സ)യുടെ ആണ്‍മക്കളാരും ജീവിച്ചിരിപ്പില്ലെന്ന ലളിത യാഥാര്‍ത്ഥ്യത്തെ ഊന്നിപ്പറയുക വഴി, സയ്‌ദ് (റ) നബി(സ)യുടെ മകനല്ലെന്ന വസ്തുതക്ക് അടിവരയിടുകയായിരുന്നു. മക്കളല്ലാത്തവരെ മക്കളാക്കുന്ന ‘തബന്നീ’ വ്യവസ്ഥിതിയുടെ കടയ്ക്കലാണ് അത് ആഞ്ഞുവെട്ടിയത്. അറേബ്യയില്‍ കാലങ്ങളായി നിലനിന്നുപോന്നിരുന്ന ഒരു സംവിധാനത്തെ അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്‌ലാമിക ശരീഅത്തിന്റെ അവ്വിഷയകമായ തീര്‍പ്പിനെ വിശ്വാസികള്‍ക്കുമുന്നില്‍ വിശദീകരിക്കുകയായിരുന്നു ക്വുര്‍ആന്‍. ഇതോടെ ‘തബന്നീ’ മുസ്‌ലിംകള്‍ക്ക് നിഷിദ്ധമായിത്തീര്‍ന്നു. നേരത്തെ ‘തബന്നീ’ വഴി മക്കളായി സങ്കല്‍പിക്കപ്പെട്ടവരൊന്നും യഥാര്‍ത്ഥ മക്കളല്ലെന്ന തിരിച്ചറിവിലേക്ക് അവര്‍ വളരുകയും ചെയ്തു.

സൂറത്തുല്‍ അഹ്‌സാബിലെ പല വചനങ്ങളും നബി (സ)-സയ്‌നബ് (റ) വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ‘തബന്നീ’ സംവിധാനത്തിന്റെ പൊള്ളത്തരവും അധാര്‍മികതയും സ്പഷ്ടമാക്കി അവതരിപ്പിക്കപ്പെട്ടതാണ്. അധ്യായത്തിന്റെ നന്നേ തുടക്കത്തില്‍ തന്നെ ഒരാളുടെയും ശരീരത്തിനുള്ളില്‍ രണ്ട് ഹൃദയങ്ങളില്ലാത്ത പോലെ തന്നെ ഒരാള്‍ക്ക് രണ്ട്‌ പിതാക്കളുണ്ടാവുകയും അസാധ്യമാണെന്ന് സൂചിപ്പിക്കുകയും ‘നിങ്ങളുടെ ദത്തുപുത്രന്‍മാരെ അല്ലാഹു നിങ്ങളുടെ യഥാര്‍ത്ഥ പുത്രന്‍മാരാക്കിയിട്ടില്ല’ എന്ന് പ്രഖ്യാപിക്കുകയും ‘നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവരുടെ യഥാര്‍ത്ഥ പിതാക്കളിലേക്ക്‌ ചേര്‍ത്താണ് നിങ്ങള്‍ വിളിക്കേണ്ടത്’ എന്നു കല്‍പിക്കുകയും ചെയ്തുകൊണ്ടുള്ള വചനങ്ങള്‍ കാണാം. ഭാര്യമാരോട് കോപം തോന്നുമ്പോള്‍ ‘നീയെനിക്ക് എന്റെ ഉമ്മയെപ്പോലെയാണ്’ എന്നു പ്രസ്താവിച്ച് അവരുമായുള്ള ശാരീരികബന്ധം അവസാനിപ്പിക്കുന്ന, ‘ളിഹാര്‍’ എന്നറിയപ്പെട്ടിരുന്ന ഒരു രീതിയും അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ‘ഭാര്യമാരെ അല്ലാഹു നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല’ എന്നുപറഞ്ഞുകൊണ്ട് പ്രസ്തുത സമ്പ്രദായത്തെയും അതേ വചനങ്ങളില്‍ നിരോധിക്കുന്നുണ്ട്.(17)

പിതാവല്ലാത്തവരെ പിതാവായി കണക്കാക്കുന്നതും മാതാവല്ലാത്തവരെ മാതാവായി കണക്കാക്കുന്നതുമൊന്നും അല്ലാഹു അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്ന ഈ ക്വുര്‍ആന്‍ വചനങ്ങള്‍, ഇസ്‌ലാമിക നീതിബോധത്തിന്റെയും സാമൂഹ്യ സങ്കല്‍പത്തിന്റെയും ഉജ്ജ്വലമായ പ്രകാശനങ്ങളാണ്. ഇസ്‌ലാമിക ദായക്രമത്തിലും വിവാഹനിയമങ്ങളിലുമെല്ലാം രക്തബന്ധം വളരെ നിര്‍ണായകമാണ്. യഥാര്‍ത്ഥ രക്തബന്ധമല്ലാത്തതൊന്നും അവിടങ്ങളില്‍ പരിഗണനീയമല്ലെന്ന നിയമത്തെ അവ സംക്ഷേപിക്കുന്നു. ഏതൊരാളെയും അയാളുടെ യഥാര്‍ത്ഥ പിതാവിലേക്ക് ചേര്‍ത്താണ് വിളിക്കേണ്ടതെന്ന അനുശാസനം, ഓരോരുത്തരുടെയും പിതാവാരാണ് എന്ന് കൃത്യമായി അറിയപ്പെടുക എന്നത് സദാചാരനിഷ്ഠമായ ഒരു സാമൂഹ്യക്രമത്തിന്റെ ലക്ഷണമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൂടിയാകാം നിര്‍ഗളിക്കുന്നത്. കുടിയേറിയവരോ തെരുവില്‍നിന്ന് ലഭിച്ചവരോ ഒക്കെ ആയുള്ള അപൂര്‍വം ചിലരുടെ പിതാവാരാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയുണ്ടെങ്കില്‍പോലും അവരുടെ വളര്‍ത്തച്ഛന്‍മാരിലേക്ക് അവരെ ചേര്‍ത്തുപറയുന്നത് വളര്‍ത്തച്ഛന്‍ എന്നു സ്പഷ്ടമായി സൂചിപ്പിച്ചുകൊണ്ടാകണം എന്നും യഥാര്‍ത്ഥ അച്ഛന്റെ പരിവേഷം വളര്‍ത്തച്ഛന് നല്‍കരുത് എന്നും സൂറതുല്‍ അഹ്‌സാബിലെ പരാമൃഷ്ട വചനങ്ങള്‍ പ്രത്യേകമായി എടുത്തുപറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ആരുടെയെങ്കിലും നാവുകൊണ്ട് പറഞ്ഞുണ്ടാക്കാന്‍ കഴിയുന്നതല്ല രക്തബന്ധമെന്നും കല്‍പിതമായ കുടുംബപരമ്പരകളെയൊന്നും അല്ലാഹു അംഗീകരിക്കുന്നില്ലെന്നും കുടുംബ പരമ്പരകളില്‍ കൃത്രിമം കാണിക്കുന്നത് ഗൗരവമുള്ള കുറ്റമാണെന്നുമെല്ലാം കൂടി ക്വുര്‍ആന്‍ മുസ്‌ലിംകളെ ബോധ്യപ്പെടുത്തുന്നുവെന്ന് ചുരുക്കം.

നബി (സ)-സയ്‌നബ് (റ) വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ വസ്തുത, പ്രസ്തുത വിവാഹം അല്ലാഹുവാണ് നടത്തിയത് എന്നതത്രെ. വധുവിന്റെ രക്ഷിതാവും വരനും തമ്മില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹക്കരാറില്‍ ഏര്‍പ്പെടുകയും വരന്‍ വധുവിന് വിവാഹമൂല്യം (മഹ്‌ർ) നല്‍കുകയും ചെയ്യുകയാണ് ഇസ്‌ലാമിക വിവാഹത്തിന്റെ നിര്‍ദിഷ്ട രീതി. എന്നാല്‍ സയ്‌നബിന്റെ (റ) കാര്യത്തില്‍ ”അവളെ ഞാന്‍ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു” (‘സവ്വജ്‌നാകഹാ’) എന്ന് അല്ലാഹു നബി(സ)യോട് പറയുകയാണുണ്ടായത്. സാധാരണ നിലയില്‍ വധുവിന്റെ രക്ഷിതാവ് വരനോട് പറയേണ്ട വര്‍ത്തമാനമാണിത്. സയ്‌ദ് (റ) ത്വലാക്വ് ചൊല്ലിയതിനെത്തുടര്‍ന്ന് സയ്‌നബിന്റെ (റ) ഇദ്ദ കാലം അവസാനിച്ചപ്പോള്‍ അല്ലാഹു സയ്‌നബിന്റെ (റ) രക്ഷാകര്‍തൃസ്ഥാനം നേരിട്ട് ഏറ്റെടുത്ത് നബിക്ക്‌ അവരെ വിവാഹം ചെയ്തുകൊടുക്കുകയാണുണ്ടായതെന്ന് ക്വുര്‍ആന്‍ അസന്നിഗ്ധമായി വിശദീകരിച്ചിട്ടുണ്ട്.(18) അല്ലാഹു നികാഹ് നടത്തിയ വിവരമറിയിച്ച് നബി (സ) സയ്‌നബി(റ)നടുത്തേക്ക് പോവുകയാണ് ചെയ്തത്. വേറെ ചടങ്ങുകളൊന്നും കൂടാതെ തന്നെ അവരുടെ സമാഗമം ഭാര്യയും ഭര്‍ത്താവും എന്ന നിലയില്‍ ആയിരുന്നു. നബി (സ) റൊട്ടിയും ഇറച്ചിയുമുള്ള സാമാന്യം വിപുലമായ ഒരു വിവാഹസദ്യ ഒട്ടേറെപേരെ ക്ഷണിച്ചുകൊണ്ട് നടത്തി നികാഹ് സമൂഹത്തില്‍ വ്യാപകമായി പരസ്യമാക്കുകയുണ്ടായി;(19) നബി(സ)യുടെ മറ്റു വിവാഹങ്ങള്‍ക്കൊന്നും ഇത്ര വലിയ ഒരു സല്‍ക്കാരം ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാക്കാനാകുന്നത്.

(തുടരും)

കുറിപ്പുകള്‍

16. Ella Landau – Tasseron, op.cit, p.9.
17. ക്വുര്‍ആന്‍ 33: അഹ്‌സാബ്: 4,5.
18. ക്വുര്‍ആന്‍ 33: അഹ്‌സാബ്: 37.
19. മുസ്‌ലിം, op.cit.

No comments yet.

Leave a comment

Your email address will not be published.