സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -1

//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -1
//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -1
ആനുകാലികം

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -1

أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെ; തിരമാല അതിനെ പൊതിയുന്നു; അതിനുമേൽ വീണ്ടും തിരമാല; അതിനു മീതെ കാര്‍മേഘം; അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുകയില്ല. അല്ലാഹു ആര്‍ക്ക്‌ വെളിച്ചം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല. (ഖുർആൻ: 24: 40)

“أو” = അല്ലെങ്കിൽ.
നൂർ/24ലെ നാല്പതാം സൂക്തത്തിലെ ഈ ആദ്യപദം, അതിനുമുമ്പുള്ള പരാമർശവുമായി സൂക്തത്തിനു ലിങ്കുണ്ടെന്നു കാണിക്കുന്നു. ‘അല്ലെങ്കിൽ'(أو) ഒരു ലിങ്കിംങ് വേർഡ് ആകുന്നു. ‘അങ്ങനെ അല്ലെങ്കിൽ’/അതല്ലെങ്കിൽ’/മുന്നേ പറഞ്ഞ പ്രകാരം അല്ലെങ്കിൽ എന്നെല്ലാമാണ് ഇതിന്റെ സാരം. സ്വാഭാവികമായും മുന്നേ പറഞ്ഞതും, ഈ സൂക്തം കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതുമായ കാര്യം എന്തെന്ന് നാം മനസിലാക്കണം. അവിടെയൊന്ന് സന്ദർശിച്ചു വരാം. സൂറത്ത് നൂറിലെ മുപ്പത്തൊമ്പതാം സൂക്തം പരിചയപ്പെടാം.

ഇതാണാ സൂക്തം:

وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ

സാരം:
സത്യം നിഷേധിച്ച യാതൊരുത്തർ. അവരുടെ കർമ്മങ്ങൾ ‘മരുഭൂമിയിലെ ഉച്ചമരീചിക’ പോലെയാണ്. നന്നായി ദാഹിക്കുന്നവൻ അതിനെ ജലമായി കരുതുന്നു. എത്രത്തോളമെന്നോ അവനവിടെ ചെന്നുനോക്കി, (അത്രയ്ക്കും ശക്തമാണയാളുടെ തെറ്റിധാരണ). എന്നാൽ അവിടെ അയാൾ പ്രത്യേകിച്ചൊന്നും കണ്ടില്ല. അല്ലാഹുവിനെ അതിനരികിൽ കാണുകയും ചെയ്തു. അവൻ അയാളെ കൃത്യമായി വിചാരണ ചെയ്തു. അല്ലാഹു വേഗത്തിൽ വിചാരണ ചെയ്യുന്നവനാകുന്നു.

സത്യനിഷേധികളുടെ കർമ്മങ്ങൾ വൃഥാവിലാകാൻ ഉള്ളതാണെന്നാണ് സൂക്തം പറയുന്നത്. അതായത്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മോക്ഷം സത്യവിശ്വാസികൾക്കുള്ളതാണ്. സത്യനിഷേധികൾ മോക്ഷം പ്രതീക്ഷിക്കേണ്ടതില്ല. തങ്ങൾ ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് പരലോകത്തു പ്രതിഫലം ലഭിക്കുമെന്നും തങ്ങൾ മോക്ഷം പ്രാപിക്കുമെന്നും കരുതുന്നവരെ, കനത്ത ഭാഷയിൽ, കൃത്യമായ ഉപമ നൽകി അല്ലാഹു തിരുത്തുകയാണ്.

സത്യവിശ്വാസം എങ്ങനെയാണെന്നും, എന്തെല്ലാം കാര്യങ്ങൾ വിശ്വസിച്ചാലാണ് ഒരാൾ വിശ്വാസി /മുഅ്മിന് ആകുന്നതെന്നും അഥവാ കാഫിർ ആയിത്തീരുന്നതെന്നും വിശുദ്ധ ഖുർആനിൽ അനേക സ്ഥലങ്ങളിൽ വിവരിക്കുന്നുണ്ട്. പ്രധാന വിശ്വാസ കാര്യങ്ങൾ ആറാണ്. അല്ലാഹുവിന്റെ ഏകത്വം, അവന്റെ ദൂതന്മാർ, മലക്കുകൾ, വേദങ്ങൾ, അന്ത്യനാൾ, വിധി എന്നിവയിലുള്ള വിശ്വാസമാകുന്നു സത്യവിശ്വാസത്തിന്റെ കാതൽ. ഇനിയും ചുരുക്കിപ്പറഞ്ഞാൽ മുഹമ്മദ് നബിയുടെ ദൗത്യവും സന്ദേശവും സത്യമാണെന്നു വിശ്വസിക്കുകയും അതിനു വിഘാതമായത് വിശ്വാസത്തിലും കർമ്മത്തിലും ഇല്ലാതിരിക്കുകയുമാണ് സത്യവിശ്വാസം. ഇത് വിശ്വസിക്കാത്തവരാണ് കാഫിർ /സത്യനിഷേധി. അവരുടെ കർമ്മങ്ങൾക്ക് ഫലമില്ല എന്നാണ് ഈ സൂക്തം വിളംബരം ചെയ്യുന്നത്.

സൂക്തത്തിലെ ഉപമയിൽ നിന്നും ഈ ആശയം എല്ലാവർക്കും ലഭിക്കും. മരുഭൂമിയിൽ ഇത്തരം അനുഭവം ഉണ്ടായവർക്കും അതേക്കുറിച്ച് കേട്ടുകേൾവി മാത്രം ഉള്ളവർക്കും ഈ മിനിമം ആശയബോധ്യം ഉണ്ടാകും. ഖുർആന്റെ സംബോധിതരായ എല്ലാവരും മരുഭൂമിയിൽ യാത്ര ചെയ്തു, ഉപമയിലെ മരീചിക അനുഭവിക്കണം എന്നില്ല. മരുഭൂമിയിൽ ഉള്ളവരേക്കാൾ ഏറെ അതിനു പുറത്തുള്ളവരോടാണ് ഖുർആൻ ഇപ്പോഴും സംസാരിക്കുന്നത്. ആദ്യ സംബോധിതരായ മക്ക മദീന നിവാസികളിൽ എല്ലാവർക്കുപോലും മരീചിക അനുഭവം ഉണ്ടാകണമെന്നില്ല. എന്നാൽ കേട്ടറിവ് മിക്കവർക്കും ഉണ്ടാകാം.

സത്യനിഷേധികളുടെ കർമ്മങ്ങളെയാണ് ഇവിടെ ഉപമിക്കുന്നത്. കർമ്മങ്ങൾ നല്ലതും തിയ്യതും ഉണ്ട്. ശാരീരികവും മാനസികവുമുണ്ട്. സനാതനമായിട്ടുള്ള മൂല്യങ്ങളും തദടിസ്ഥാനത്തിലുള്ള സൽക്കർമ്മങ്ങളും വിശ്വാസികൾ മാത്രമല്ല ഉൾക്കൊള്ളുന്നതും പ്രവർത്തിക്കുന്നതും. സത്യവിശ്വാസികൾ അല്ലാഹുവിൽ പ്രചോദിതരായി ‘ഇഖ്‌ലാസോടെ’ ചെയ്യുന്നു; അവിശ്വാസികൾ മറ്റാരുടെയോ /മറ്റെന്തിന്റെയോ പ്രചോദനത്തിൽ ചെയ്യുന്നു. അതിനാൽ, വിശ്വാസികൾക്ക് ‘കൂലി’ ലഭിക്കും. അവിശ്വാസികൾ ‘അവസാന നിമിഷത്തിൽ’ അല്ലാഹുവിൽ നിന്നും കൂലി പ്രതീക്ഷിക്കുന്നത് ശരിയല്ലല്ലോ. പെൻഷൻ പ്രായം വരെ പ്രൈവറ്റ് കമ്പനിയിൽ തൊഴിലെടുത്തിട്ട്, പെൻഷനായാൽ ഗവൺമെൻറ് ‘ശമ്പളം’ തരണമെന്ന് വാശിപിടിക്കുന്ന അന്യായം അതിലുണ്ട്.

സൂക്തത്തിൽ അടങ്ങിയ മറ്റു ചില സൂചനകൾ പറയാം:

ഒന്ന്. ഇതിൽ പ്രകാശ ശാസ്ത്രം അടങ്ങിയിട്ടുണ്ട്

മരുഭൂമിയെ പരിചയപ്പെടുത്താൻ അറബിയിൽ അനേക പദങ്ങൾ ഉണ്ടായിരിക്കെ, ഖീഅത്തിൽ സംഭവിക്കുന്ന സറാബ് പോലെ (كَسَرَابٍ بِقِيعَةٍ )എന്നാണു സൂക്തത്തിലെ പ്രയോഗം. സറാബ് (Mirage) പോലെ എന്ന് മതിയാക്കാതെ ‘ഖീഅത്തിൽ സംഭവിക്കുന്ന’ കൂട്ടിച്ചേർത്തത് വെറുതെയാകാൻ തരമില്ല. നിരീക്ഷണ പടുക്കളായ അറബികൾക്ക് ആ പദം പ്രകാശിപ്പിക്കുന്ന ആശയം മനസ്സിലായിരിക്കാം. എന്നാൽ, മരുഭൂ അനുഭവം ഇല്ലാത്ത ഖുർആൻ പഠിതാവിനു ‘ഖീഅത്തിൽ സംഭവിക്കുന്ന സറാബ്’ എന്ന പ്രയോഗത്തിൽ അടങ്ങിയ പൊരുൾ തിരിച്ചറിയാൻ ഫിസിക്സും ഒപ്റ്റിക്സും ഫോട്ടോണിക്സും പഠിക്കണം. പ്രകാശത്തിന്റെ റിഫ്രാക്ഷൻ പഠിക്കണം. ഒരുപക്ഷേ മറ്റുവിധത്തിൽ ഉണ്ടാകുന്ന സറാബ് അറബികൾക്ക് പരിചയമില്ലാത്തതിനാൽ, ഖീഅത്തിൽ മാത്രമേ സറാബ് ഉണ്ടാവുകയുള്ളൂ എന്ന് ധരിച്ചിരിക്കാം.

എത്ര തരം സറാബ് (Mirage) ഉണ്ടെന്നും ഖീഅത്തിലെ സറാബിന്റെ സവിശേഷതയെന്തെന്നും കൂടുതൽ കൃത്യമായി മനസ്സിലാക്കുമ്പോൾ, അതുമായി അവിശ്വാസികളുടെ മിഥ്യാധാരണ എങ്ങനെ സാധർമ്മ്യം പ്രാപിക്കുന്നു എന്ന് വ്യക്തമാകും. മരുഭൂ നിവാസികളായ ഖുർആന്റെ ആദ്യ സംബോധിതർക്കും കഴിഞ്ഞ കാല മുഫസ്സിറുകൾക്കും തിരിച്ചറിയാൻ കഴിയാതിരുന്ന കൂടുതൽ കാര്യങ്ങൾ ശാസ്ത്രത്തിന്റെ സഹായത്തോടെ ഇതിനെ സമീപിച്ചാൽ ലഭിച്ചുതുടങ്ങും. കാരണം, ഖീഅത്തിലെ സറാബ് ഒരു ഭൗതിക പ്രതിഭാസമാണ്.
ഖീഅത്ത് = മരുഭൂമി എന്നാണ് പൊതുവെ പരിഭാഷ. എന്നാൽ അതിന്റെ ശരിയായ വിവക്ഷ പ്രത്യേക ഘടനയുള്ള മരുഭൂമിയെന്നാണ്. അതെന്താണെന്നു മനസ്സിലാക്കാൻ, അറബി പദങ്ങളുടെ കൃത്യമായ ധ്വനി വിവരിക്കുന്ന പദകോശങ്ങൾ പരിശോധിക്കണം. അബൂ മൻസൂർ സആലബി യുടെ ‘ഫിഖ്ഹുല്ലുഗ:’ വിവരിക്കുന്നു:

إذا اتسعت الأرض ولم يتخللها شجر أو خمر فهي الفضاء والبراز والبراح ثم الصحراء والعراء ثم الرهاء والجهراء , فإذا كان مستوية مع الاتساع فهي الخبث والجدد ثم الصحصج والصردح ثم القاع والقرقر ثم القرف والصفصف

വൃക്ഷമോ പ്രകാശത്തെ മറക്കുന്ന കുന്നോ മലയോ ഇല്ലാത്തതും നിരപ്പായതും നീണ്ടു പരന്നുകിടക്കുന്നതുമായ ഭൂമിയാണ് ഖീഅത്ത്. എന്നാൽ വല്ലാതെ വിശാലമായതുമല്ല. ഇത്തരമൊരു പ്രതലത്തിൽ കാണപ്പെടുന്ന മരീചികയെ കുറിച്ചാണ് പ്രതിപാദ്യം.

രണ്ട്: സൂക്തത്തിൽ മനശാസ്ത്രം അടങ്ങിയിട്ടുണ്ട്

മരുഭൂമിയിലെ മരീചിക എന്ന പ്രതിഭാസം ദാഹിക്കുന്നവന് മാത്രമല്ല അനുഭവപ്പെടുക. വയർ നിറയെ വെള്ളം കുടിച്ചവർക്കും മരീചിക കാണാനാകും. എന്നാൽ ഖീഅത്തിലെ സറാബ് വെള്ളമാകുന്നുവെന്ന് കേവല ദാഹമുള്ളവൻ കരുതുന്നു എന്നുമല്ല പറഞ്ഞത്. ٱلظَّمْآنُ എന്ന പദം ദാഹത്തിന്റെ തീക്ഷ്ണതയെ കാണിക്കുന്നു. ശക്തമായ ദാഹമുള്ളവൻ എന്നർത്ഥം. അതായത്, പ്രകാശത്തിന്റെ കബളിപ്പിക്കൽ മാത്രമല്ല, ശരീരത്തിന്റെ ശക്തമായ ആവശ്യം മനസ്സിലുണ്ടാക്കുന്ന തീവ്രമായ തോന്നലും അത് കണ്ണിൽ വരുത്തുന്ന മിഥ്യാകാഴ്ചയും ഈ വരികളിൽ സൂചിപ്പിക്കുന്നുണ്ട്. ദാഹം ശാരീരികം ആണെങ്കിൽ ‘തോന്നൽ’ (يَحْسَبُهُ) മാനസികമാണ്. സറാബ് ജലസ്രോതസ്സാണെന്നു അവനെ ശക്തമായി ധരിപ്പിച്ചത് അതുകൂടിയാണ്. ആ ധാരണയുടെ പുറത്താണ് അതിന്റെ അടുത്തേക്ക് അവൻ കടന്നുചെല്ലുന്നത്.

സത്യനിഷേധികളുടെ അശാന്തമായ മനസ്സിന്റെ വരണ്ട അവസ്ഥ ഇവിടെ വ്യക്തമാക്കുന്നു. തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സൽക്കർമ്മങ്ങൾ കൊണ്ട് മാത്രം ശാന്തിയും മനസ്സമാധാനവും ലഭിക്കുമെന്ന അവരുടെ ഉൽക്കടമായ അഭിലാഷവും, ലഭിക്കണേ എന്ന തീവ്രമായ ‘പ്രാർത്ഥന’യും ഈ ഉപമയിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നു. മോക്ഷം ലഭിക്കുമെന്ന മിഥ്യാധാരണ/ ലഭിക്കാനുള്ള തീക്ഷ്ണ മോഹം വിഫലമാണെന്ന് അനുവാചകരെ ബോധ്യപ്പെടുത്തുന്നു.

ഈ ഉപമക്ക് പുറമെ അടുത്ത ഉപമയിലൂടെ, സംഗതിയുടെ മറ്റൊരു വശമാണ് അല്ലാഹു പ്രകാശിപ്പിക്കാൻ പോകുന്നത്, അടുത്ത സൂക്തത്തിൽ. അതിലേക്ക് പ്രവേശിക്കുന്നത് ‘അല്ലെങ്കിൽ’ എന്ന കണക്റ്റർ ഉപയോഗിച്ചാണ്. ‘അല്ലെങ്കിൽ’ പലതരമുണ്ട്.

1. മുകളിൽ പറഞ്ഞകാര്യം അത്ര കൃത്യമല്ല, അതിനാൽ ഇനിപ്പറയുന്ന ഉപമ നോക്കൂ എന്ന അർത്ഥം ധ്വനിപ്പിക്കുന്ന ‘അല്ലെങ്കിൽ’. (ശങ്ക ധ്വനിപ്പിക്കുന്ന ‘അല്ലെങ്കിൽ’). അതല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
2. ‘മറ്റൊരു ഉപമകൂടി നൽകാം, ഏതാ വേണ്ടതെന്നു വെച്ചാൽ എടുത്തോ’, ‘മുകളിൽ പറഞ്ഞതോ ഇനി പറയുന്നതോ ഏതാണോ നിനയ്ക്ക് കൂടുതൽ ക്ലിക്ക് ആകുന്നത്, അതെടുക്കാം’ എന്ന അർത്ഥത്തെ ധ്വനിപ്പിക്കുന്ന ‘അല്ലെങ്കിൽ’ ഉണ്ട് (التخيير). ആ അർത്ഥം ഇവിടെ സ്വീകാര്യമാണ്.
3. മറ്റൊരു. ‘വേറൊരു വശത്തിലൂടെ പറഞ്ഞാൽ’ എന്ന ആശയം നൽകുന്ന’അല്ലെങ്കിൽ’ ഉണ്ട് (التنويع). സെക്കന്റ് ഡൈമൻഷൻ. അതാണിവിടെ കൂടുതൽ ഫിറ്റ്.

‘മുകളിൽ പറഞ്ഞത് സത്യനിഷേധികളുടെ പ്രത്യക്ഷ സൽക്കർമ്മങ്ങളുടെ ദുഖ/നഷ്ട പര്യവസാനത്തെക്കുറിച്ചാണെങ്കിൽ, ഇനി ഞാൻ അവരുടെ ഉള്ളിലുള്ള വിശ്വാസ നികൃഷ്ടതയുടെ, മനോഭാവ വൈകല്യത്തിന്റെ, മാനസിക അന്ധതയുടെ, ചിന്താ ഭ്രംശങ്ങളുടെ അവസ്ഥയെക്കാണിക്കുന്ന ഉപമ പറയാം’ എന്ന അർത്ഥത്തിൽ. അതിങ്ങനെ:

أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ يَجْعَلِ ٱللَّهُ لَهُ نُوراً فَمَا لَهُ مِن نُورٍ

ഈ സൂക്തത്തിന്റെ സാരം, വിശദമായി പരിശോധിക്കാം.
كظلمات :

• ഇരുട്ടുകൾ പോലെയാകുന്നു.
• ഇരുട്ടുകളിൽ നിപതിച്ചവനെ പോലെയാകുന്നു.
• ഇരുട്ടുകളിൽ നിപതിച്ചവന്റെ കർമ്മങ്ങൾ പോലെയാകുന്നു.

ക: പോലെ.

സമീകരണത്തിനും സദൃശീകരണത്തിനും ഉപയോഗിക്കുന്ന അവ്യയമാണ് ക. അനുവാചകന് കാര്യം കൂടുതൽ വ്യക്തമാക്കുകയാണ് ഇതിന്റെ പൊതുവായ താല്പര്യം.

വിവിധ ടൂളുകൾ ഉപയോഗിച്ചും വിവിധ സ്റ്റൈലുകളിലും സമീകരണ സദൃശീകരണ സാഹിത്യ ശൈലി ഖുർആൻ ധാരാളമായി പ്രയോഗിക്കുന്നുണ്ട്. അതിലൊരു ടൂൾ മാത്രമാണ് ക/കാഫ്. ക തന്നെ മൂന്നുതരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

1. مثل.. كمثل
എന്ന രീതിയിൽ. ഇങ്ങനെ പത്തിടങ്ങളിലെങ്കിലും വന്നിട്ടുണ്ട്.
2 . مثل.. ك
എന്ന ശൈലിയിൽ. ആറിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു.
3 . ك, كأن , كأنّ , كأيّن

എന്നിങ്ങനെ മുന്നൂറിലേറെ സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു.
മുകളിലെ സൂക്തവുമായി ലിങ്കുള്ളതിനാൽ ക ഇടപെട്ടു സാദൃശ്യപ്പെടുത്തുന്ന കാര്യം/ വ്യക്തി അവിടെയാണുള്ളത്. “സത്യം നിഷേധിച്ചർ/അവരുടെ വിചാരവിശ്വാസങ്ങൾ” ആണത്. “അവരുടെ സൽക്കർമ്മങ്ങൾ, ദാഹാർത്തൻ ജലമാണെന്നു കരുതിച്ചെല്ലുന്ന ഉച്ച മരീചിക പോലെയാകുന്നു” എന്ന് ഉപമിച്ചതിന്റെ മറ്റൊരു ഡൈമെൻഷൻ.

ഇവിടെ എന്തിനാണ് മറ്റൊരു ഡൈമെൻഷനിലേക്ക് തിരിയുന്നത്, ‘അവരുടെ കർമ്മങ്ങൾ’ എന്ന് മുകളിലെ സൂക്തത്തിൽ വ്യക്തമാക്കിയതാണല്ലോ? കർമ്മങ്ങളെ വിശ്വാസങ്ങളായി ഇവിടെ വ്യതിചലിപ്പിക്കുന്നത്, ഖുർആനിലെ പ്രത്യക്ഷ പരാമർശത്തെ ദുർവ്യാഖ്യാനിക്കലല്ലേ? അല്ല.

أعمالهم എന്ന പദത്തിൽ കേവല ശാരീരിക പ്രവർത്തനങ്ങൾ മാത്രമല്ല ഉൾപ്പെടുക. ഖുർആൻ തന്നെ ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്. കർമ്മങ്ങളും വിശ്വാസങ്ങളും വകതിരിച്ചു പ്രത്യേകം പറയുമ്പോൾ മാത്രമേ അങ്ങനെ അർത്ഥം കല്പിക്കേണ്ടതുള്ളൂ. പ്രവൃത്തി/വിശ്വാസം പ്രത്യേകം പറയാത്ത സാഹചര്യത്തിൽ أعمال കർമ്മത്തെയും വിശ്വാസത്തെയും ഉൾക്കൊള്ളുന്നു.

“അവരുടെ അമലുകൾ അവർക്ക് നഷ്ടമായി ഭവിക്കുന്നതാണ്” (2 /167),
“ആർ നല്ല അമല് ചെയ്തോ അതിന്റെ ഗുണഫലം അയാൾക്കുണ്ട്”(41 /46 , 45 /15 ),
“ഓരോ ആത്മാവിനും അത് ചെയ്ത അമലുകൾക്ക് അനുസൃതമായ പ്രതിഫലം നല്കപ്പെടുന്നതാണ്.”(16 /111)
തുടങ്ങിയ ഒട്ടേറെ സൂക്തങ്ങളിൽ വന്നിട്ടുള്ള അമലുകൾ കേവല ശാരീരിക കർമ്മങ്ങൾ അല്ല. അമലുകൾക്ക് ഇങ്ങനെ രണ്ടു തലം ഉള്ളതുകൊണ്ടുതന്നെയാണ്, വാചകത്തിന്റെ തുടക്കത്തിലെ “അല്ലെങ്കിൽ” (أو) മറ്റൊരു ഇനത്തെ പരിചയപ്പെടുത്തുന്ന “അല്ലെങ്കിൽ” ആയി നാം പരിഗണിച്ചത്. ഒട്ടേറെ ആധികാരിക മുഫസ്സിറുകൾ ഇവ്വിധം വ്യാഖ്യാനിച്ചിട്ടുണ്ട്.

സത്യനിഷേധികളുടെ സൽക്കർമ്മങ്ങൾ മരീചിക പോലെ നിരാശജനിപ്പിക്കുന്നതാണെന്നു ഉപമിച്ചപോലെ, ഇവിടെ സത്യം നിഷേധിച്ചവരെ/അവരുടെ വികല വിചാര വിശ്വാസങ്ങൾ എന്തിനോടാണ് ഉപമിക്കുന്നത് ? മൂന്നു സാധ്യതകൾ കാണുന്നു. മുകളിൽ കൊടുത്ത മൂന്ന് അർത്ഥങ്ങൾ കണ്ടുവല്ലോ.

• “ആഴമുള്ള കടലിലെ ഇരുട്ടുകൾ പോലെ” എന്ന അർത്ഥം പ്രത്യക്ഷമാണ്. കർമ്മങ്ങൾ സമം ഇരുട്ടുകൾ.
• എന്നാൽ, സൂക്തത്തിന്റെ അവസാന ഭാഗത്ത് ‘കൈപുറത്തെടുക്കുന്ന’ ഒരാളെക്കുറിച്ച് പരാമർശിക്കുന്നതിനാൽ, ഇവിടെ ഉപമിക്കുന്നത് ആ വ്യക്തിയെ ആണെന്ന വ്യാഖ്യാനവും പ്രസക്തമാണ്. അതായത്, “ആഴമുള്ള സമുദ്രത്തിലെ ഇരുട്ടുകളിൽ നിപതിച്ച വ്യക്തിയെപ്പോലെ” എന്ന്. മുന്നേ പ്രത്യക്ഷമായോ, സാങ്കല്പികമായോ കടന്നുവരാത്ത ഒരാളെക്കുറിച്ച് “അയാൾ കൈപുറത്തെടുക്കുന്ന നേരം അത് കാണാൻ സാധ്യമല്ല” എന്നെങ്ങനെ പറയും ?! ഈ അയാൾ ആരാണ് ? أخرج എന്ന വെർബിൽ അടങ്ങിയിട്ടുള്ള ഹുവ (അയാൾ) മുന്നേ പരാമർശിക്കപ്പെടണമല്ലോ.

ഭാഷാപരമായി ചോദ്യം ന്യായമാണ്. അതിനാൽ, ക ഇടപെട്ടു സാദൃശ്യപ്പെടുത്തുന്ന “പിഴച്ച വിചാര/ വിശ്വാസങ്ങൾ ഉള്ള വ്യക്തി”, “ആഴമുള്ള സമുദ്രത്തിലെ ഇരുട്ടുകളിൽ നിപതിച്ച വ്യക്തി ” പോലെയായി. കാഫിനുശേഷം ആ വ്യക്തിയെ സങ്കൽപ്പിക്കുന്നു.
ഇങ്ങനെ വ്യാഖ്യാനിച്ച പല ഖുർആൻ വ്യാഖ്യാതാക്കളെയും കാണാം.

1. പ്രസിദ്ധ വൈയ്യാകരണൻ, ഹിജ്റ നാലാം നൂറ്റാണ്ടിലെ/ ക്രി പത്താം നൂറ്റാണ്ടിലെ ഇബ്നു അലിയ്യിൽ ഫാരിസി, ഭാഷാപരമായി യോജിപ്പുള്ളത് ഈ വ്യാഖ്യാനത്തിനാണെന്നു പറയുന്നു.

2. ഹി 375 ൽ മരണപ്പെട്ട അബു ല്ലൈസുസ്സമർഖന്ദി രേഖപ്പെടുത്തുന്നു:
يعني مثل الكفار كمثل من في الظلمات، فشبه قلب المؤمن بالقنديل وشبه قلب الكافر بالظلمات، يعني مثل رجل يكون في بحر عميق في ليل كثير الماء..

3. ഇക്കാര്യം എട്ടാം നൂറ്റാണ്ടിലെ പ്രമുഖ ഭാഷാ പടുവും ഖുർആൻ വ്യാഖ്യാതാവുമായ അബൂ ഹയ്യാൻ നിഷേധിക്കാതെ ഉദ്ധരിക്കുന്നു. പത്താം നൂറ്റാണ്ടിലെ ഖത്തീബ് ഷിർബീനി വളരെ പ്രാമുഖ്യത്തോടെ അതംഗീകരിക്കുന്നു. മാത്രമല്ല, ഒട്ടുമിക്ക വ്യാഖ്യാതാക്കളും ആഴത്തിൽ പതിച്ച ഒരാളെ ഈ സൂക്തത്തിൽ സങ്കല്പിക്കുന്നുണ്ട്.

• എന്നാൽ, മറ്റുചിലർ ഉപമയിലെ ഉപമാനത്തെ സങ്കൽപ്പിക്കുന്നത്, “ആഴമുള്ള സമുദ്രത്തിൽ നിപതിച്ച വ്യക്തിയുടെ വിശ്വാസം” പോലെ എന്നാണ്. അതായത്, ഉപമാനം വ്യക്തിയല്ല.
ഉപമാനം എന്താണോ, അത് സൂക്തത്തിലെ തുടർന്നുള്ള സർവ്വനാമത്തിന്റെ സൂചകത്തെ സ്വാധീനിക്കുന്നു. സൂക്തത്തിൽ ‘ഒരു വ്യക്തി’ മുങ്ങിക്കിടക്കുന്നതായി കാണുന്നതിനാൽ, അയാളെ പുറത്തെടുത്ത്, വാചക ഘടന/ വാക്യാർത്ഥം ഭംഗിയാക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. അതായത്, كظلمات എന്ന ഭാഗത്തിന് ‘ഇരുട്ടുകളിൽ നിപതിച്ച വ്യക്തിയെപ്പോലെ’ എന്ന് മനസ്സിലാക്കുക.

ഇരുട്ടുകൾ എന്ന ബഹുവചനം എന്തിനാണ്, ഇരുട്ട് എന്ന് പോരേ? പ്രകാശത്തിന്റെ അഭാവമാണല്ലോ ഇരുട്ട്? നോക്കാം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.