സംസ്ക്കരണത്തിന്റെ വ്രത നാളുകൾ

//സംസ്ക്കരണത്തിന്റെ വ്രത നാളുകൾ
//സംസ്ക്കരണത്തിന്റെ വ്രത നാളുകൾ
വായനക്കാരുടെ സംവാദം

സംസ്ക്കരണത്തിന്റെ വ്രത നാളുകൾ

കോവിഡ് 19 ലോകത്താകമാനം വ്യാപിക്കുമ്പോൾ ലോകം ഭീതിയിലാണ്. തന്നെയോ, തന്റെ പ്രിയപ്പെട്ടവരേയോ എപ്പോഴാണ് ഈ ഇത്തിരിക്കുഞ്ഞൻ വൈറസ് മരണത്തേരിലേറ്റുന്നതെന്നറിയാതെ ഓരോരുത്തരും നെടുവീർപ്പിടുകയാണ്. രോഗ ബാധിതരുടെ അവസ്ഥകളും, രോഗ വ്യാപനത്തിന്റെ വേഗതയും തെല്ലൊന്നുമല്ല മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. ജനിച്ച മനുഷ്യൻ ഒരിക്കൽ മരണത്തിന് മുമ്പിൽ മുട്ടുമടക്കിയിരിക്കും. അത് നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. അതിനാൽ ഇത്തരുണത്തിൽ ഭയത്തേക്കാളേറെ ജാഗ്രതയും, കരുതലുമാണ് വേണ്ടത്.

കോടാനു കോടി മനുഷ്യർ ഈ സുന്ദര ഭൂമിയിൽ ജീവിച്ചിരുന്നു, ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. അവരുടെ എല്ലാവരുടെയും ചെയ്തികൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും, അത് നാളെ അവരുടെ മുമ്പാകെ വെളിപ്പെടുത്തുമെന്നും സർവ്വശക്തൻ പറഞ്ഞപ്പോൾ പലർക്കും അവിശ്വസനീയമായിരുന്നു. കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ഉണ്ടാക്കുന്ന ‘റൂട്ട് മാപ്’ മനുഷ്യന്റെ ചിന്തകളെ തൊട്ടുണർത്തേണ്ടതുണ്ട്. ഇന്ന് ജീവിക്കുന്ന ഏകദേശം 8 ബില്യൺ മനുഷ്യർക്കിടയിൽ നിന്നും ഒരു മനുഷ്യന്റെ സഞ്ചാര വഴികൾ ഒപ്പിയെടുക്കാൻ ഇന്നിന്റെ മനുഷ്യന് സാധിക്കുന്നുവെങ്കിൽ മരണ ശേഷം ഓരോ മനുഷ്യന്റെയും നന്മ തിന്മകൾ തൂക്കി കണക്കാക്കാൻ ഈ മനുഷ്യ ബുദ്ധിയെ സൃഷ്ടിച്ച സൃഷ്ടാവിന് നിഷ്പ്രയാസം സാധിക്കുമെന്നതിൽ സംശയമൊന്നുമില്ല.

വീടിന് പുറത്തിറങ്ങാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ തന്റെ വീടകങ്ങളെ സാങ്കേതിക മികവ് കൊണ്ട് പലരും മത പ്രഭാഷണ വേദികളും, രാഷ്ട്രീയ, മത, സാമൂഹിക കൂടിയാലോചനക്കുമുള്ള സ്ഥലങ്ങളാക്കി മാറ്റുകയായിരുന്നു. ഇതിനായി നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ‘സൂം’ ഉപയോഗിക്കുമ്പോഴും ഓരോരുത്തരും അങ്കലാപ്പിലാണ്. സൂം പ്ലാറ്റ്ഫോമിനെ ഉപയോഗിച്ച് ആരെങ്കിലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലുള്ള തന്റെ ചെയ്തികളെ വീക്ഷിക്കുമോ എന്നുള്ള ഭയം അവനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മനുഷ്യന്റെ ഓരോ ചെയ്തികളും ഇവിടെ രേഖപ്പെടുത്തുന്നു എന്ന നാഥന്റെ ഓർമപ്പെടുത്തലുകളെ ശരിവെക്കുകയാണോ ഇവയെല്ലാം എന്ന് തോന്നിപ്പോവുക സ്വാഭാവികം മാത്രം.

ഇസ്‌ലാം അത് കൊണ്ട് തന്നെയാണ് മനുഷ്യന്റെ പുറവും അകവും നന്നാവേണ്ടതുണ്ട് എന്ന് ഉത്‌ഘോഷിക്കുന്നത്‌. യുറോപ്യൻ രാജ്യങ്ങളിൽ ഒരാളുടെ പേഴ്സണാലിറ്റി നന്നായാൽ മതി എന്ന് വിശ്വസിക്കുന്നവരാണ്. പുറമെയുള്ള അവന്റെ സ്വഭാവം നന്നായാൽ അവൻ എല്ലാം തികഞ്ഞവനാണ് എന്ന് സമൂഹം വിലയിരുത്തുന്നു. ലാറ്റിൻ വാക്കിൽ നിന്നും ഉത്ഭവിച്ച പേഴ്സണാലിറ്റിക്ക് ‌ ‘മുഖം മൂടി’ എന്നാണർത്ഥം. ഒരു മനുഷ്യന്റെ യാഥാർഥ്യത്തെ മറക്കുന്ന മൂടുപടമായി ഒരു മനുഷ്യന്റെ വ്യക്തിത്വം മാറുന്നുവോ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ട പുണ്യങ്ങളുടെ പൂക്കാലത്തിലാണ് നാമിന്ന് നിലകൊള്ളുന്നത്.

ചീത്തയായ പ്രവർത്തനങ്ങളും, വാക്കുകളും, അവിവേകത്തോടെയുള്ള പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവൻ അവന്റെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുന്നത് വെറുതെയാണ്. അല്ലാഹുവിന് അങ്ങിനെയുള്ളവന്റെ നോമ്പ് ആവശ്യമില്ല, അവന് ഒരു പ്രതിഫലവും ലഭിക്കുന്നതല്ല, എന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വിശ്വാസികൾക്ക് താക്കീത് നൽകുന്നു. നോമ്പിന്റെ ആത്മാവായി പറയുന്ന ശാരീരിക, മാനസിക സംസ്ക്കരണം എത്രത്തോളം നമ്മിൽ ഉണ്ടാവുന്നെന്ന് ചിന്തിക്കേണ്ടുന്ന സമയമാണിത്. ആമാശയത്തിന് മാത്രം നോമ്പുണ്ടായാൽ പോര. കാരുണ്യവാന്റെ കല്പനകൾക്കനുസരിച്ച് തന്റെ ചിന്തകൾക്കും, കണ്ണിനും, കാതിനും, നാവിനും, ശരീരത്തിലെ ഓരോ അവയവത്തിനും നോമ്പെന്ന പരിച കൊണ്ട് സംരക്ഷണ വലയം തീർത്തെങ്കിൽ മാത്രമേ സംസ്ക്കാര സമ്പന്നരായ ഒരു വിശ്വാസിയായി മാറാൻ നമുക്ക് സാധിക്കൂ.
അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: നോമ്പ് പരിചയാണ്. അതിനാൽ നിങ്ങളിൽ ഒരുവന് അവന്റെ നോമ്പ് ദിവസമായാൽ അവൻ അനാവശ്യം പ്രവർത്തിക്കരുത്. അട്ടഹസിക്കരുത്. അവൻ മറ്റാരെയും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാൽ ഞാൻ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോൾ, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോൾ.
(ബുഖാരി. 3. 31. 128)

നോമ്പ് കാലമായാലും, തനിക്ക് കുറച്ചൊക്കെ മ്യൂസിക്കും, സിനിമയും, കോമഡിയും ആസ്വദിക്കാതിരിക്കാൻ സാധിക്കില്ലെന്ന് വാശി പിടിക്കുന്നവർ ഇന്ന് വർദ്ധിച്ചത് പോലെ. അവന്റെ കയ്യിലെ സ്മാർട്ട് ഫോണുകൾ നാഥന്റെ കല്പനകളെ കാറ്റിൽ പറത്താൻ അവനോട് മന്ത്രിക്കുന്നത് പോലെ. പാപങ്ങൾ ചെയ്യാനായി കതകടക്കുമ്പോൾ കതകിന്റെ വിടവിലൂടെ അവന് ശ്വസിക്കാൻ ആവശ്യമായ വായുവിനെ കടത്തി വിടുന്ന കാരുണ്യവാനോട് പാപ മോചനത്തിനായി ആവശ്യപ്പെടാൻ നാമെന്തിന് മടിക്കണം.

പ്രവാചകാദ്ധ്യാപനങ്ങളും, ഖുർആനിക വചനങ്ങളും മനസ്സിൽ സന്നിവേശിപ്പിച്ച് ഈ റമദാനിനെ തന്റെ ആയുസ്സിന്റെ അവസാന റമദാനായി കരുതിയാൽ മാത്രമേ സത്പ്രവർത്തികളുടെ ഭണ്ഡാരം നിറക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും സടകുടഞ്ഞെഴുന്നേൽക്കാൻ നാം ഇനിയും തയ്യാറായില്ലെങ്കിൽ റമദാൻ തീരുന്നത് പോലും നാമറിയുകയില്ല.

print

No comments yet.

Leave a comment

Your email address will not be published.