ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -4

//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -4
//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -4
ശാസ്ത്രം / തത്ത്വശാസ്ത്രം

ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -4

ജാഹിള്

അബൂ ഉസ്മാന്‍ അംറൂബ്‌നു ബഹ്ര്‍ അല്‍കിനാനിഅല്‍ ബസ്വരി എന്നാണ് മുഴുവന്‍ പേര്. തുറിച്ച കണ്ണുള്ളവന്‍ എന്നര്‍ത്ഥം വരുന്ന ജാഹിള് നിരവധി വിജ്ഞാന ശാഖകളില്‍ പ്രസിദ്ധനാണ്. അബ്ബാസിയാ ഭരണകാലത്ത് ബസ്വറയില്‍ ജനിച്ചു. 140ഓളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം അല്‍ഹയവാന്‍ എന്ന ജന്തുശാസ്ത്ര ഗ്രന്ഥമാണ്. 350ലധികം ജന്തുക്കളെപ്പറ്റിയുള്ള പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ജന്തുക്കളുടെ വലുപ്പക്രമത്തിലാണ് വിവരണം. അഥവാ ആന പോലുള്ള ജീവികള്‍ മുതല്‍ ഉറുമ്പുകള്‍ വരെ അതില്‍ ഉള്‍ക്കൊള്ളുന്നു. പിശുക്കന്‍മാരെക്കുറിച്ചുള്ള അല്‍ബുഖലാഅ് ആണ് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം.

കിതാബുല്‍ ബയാന്‍ വത്തബ്‌യില്‍ എന്ന ഗ്രന്ഥം അറബി സാഹിത്യത്തിലെ നിരവധി പ്രസിദ്ധ പണ്ഡിതന്‍മാരുടെ വചനങ്ങളും ക്വുര്‍ആനും നബിവചനങ്ങളും ഉള്‍ക്കൊള്ളുന്നു. ഫഖ്‌റുസ്സൂദാന്‍ വല്‍ബൈളാന്‍ എന്ന ഗ്രന്ഥം വെളുത്തവരും കറുത്തവരും തമ്മിലുള്ള സാങ്കല്‍പിക സംവാദമാണ്. അരനൂറ്റാണ്ടുകാലം ബാഗ്ദാദിലായിരുന്നു ജാഹിളിന്റെ ജീവിതം. അദ്ദേഹത്തിന്റെ കുടുംബം എത്യോപ്യ വംശജരായിരുന്നു. അബ്ബാസിയ ഖലീഫ അല്‍ മഅ്മൂന്റെ സമകാലികനാണ്. സാമര്‍റയിലും കുറച്ചുകാലം കഴിച്ചുകൂട്ടിയിരുന്നു. മുഅ്ത്തസിലി എന്ന മുസ്‌ലിം വിഭാഗത്തിന്റെ അനുകൂലിയായിരുന്നുവെങ്കിലും മുഅ്ത്തസിലി പണ്ഡിതനായി അറിയപ്പെടുന്നില്ല. ശാസ്ത്രത്തിലും അറബി സാഹിത്യത്തിലും അഗാധ പാണ്ഡിത്യമുള്ളവര്‍ അപൂര്‍വമാണ്. എന്നാല്‍ ജാഹിള് ഈ രണ്ട് വിഭാഗത്തിലും പ്രസിദ്ധനാണ്. മനാഖിബുത്തര്‍ക്ക് എന്ന ഗ്രന്ഥം The Journal of the Asiatic Society 1915ല്‍ Exploits of the Turks എന്ന പേരില്‍ പ്രിസിദ്ധീകരിച്ചു. തുര്‍ക്കി സൈനികരുടെ ഗുണങ്ങളാണ് അതിലെ പ്രധാന വിഷയം.

ഗ്രന്ഥശാലയിലെ ഗ്രന്ഥങ്ങള്‍ മറിഞ്ഞുവീണപ്പോള്‍ അതിനുള്ളില്‍പെട്ട് ജാഹിള് മരണപ്പെട്ടതായി പറയപ്പെടുന്നു.

അല്‍ജസാരി

തുര്‍ക്കിയിലെ സിസ്ര്‍ (Cizre) ഗ്രാമത്തില്‍ ജനിച്ച ബദീഉസ്മാന്‍ അബ്ദുല്‍ ഇസ്സ്ബിന്‍ ഇസ്മായീല്‍ ബ്‌നുര്‍റസാസ് അല്‍ ജസാരി സര്‍വകലാ വല്ലഭനായ ഒരു ശാസ്ത്രജ്ഞനായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലായിരുന്നു ഏറ്റവും പ്രസിദ്ധനായത്. ചെറുപ്പത്തില്‍ അര്‍ത്തു വര്‍ക്ക്‌ഷോപ്പില്‍ പിതാവിന്റെയും അമ്മാവന്റെയും കൂടെ തൊഴില്‍ പഠിച്ചു. പല പണി ആയുധങ്ങളുടെയും പ്രയോഗം പഠിച്ചു. ചെറിയ ഘടകങ്ങള്‍ ഉപയോഗിച്ച് വലിയ ഉപകരണങ്ങള്‍ പഠിച്ചു. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രങ്ങളെക്കുറിച്ച് അല്‍ജസാരി ചിന്തിച്ചു. ലോഹക്കുഴലുകളും പാത്രങ്ങളും നാളികളും മരത്തിന്റെ ബക്കറ്റും ചട്ടങ്ങളും ബെല്‍റ്റുകളും പ്രത്യേകമായ രീതിയില്‍ ഘടിപ്പിച്ചാല്‍ അതിന്റെ വിവരങ്ങളും ശേഖരിച്ചുവെക്കാന്‍ സാധിക്കുമെന്ന് അല്‍ ജസാരി മനസ്സിലാക്കി. കൃത്രിമ ബുദ്ധിയുടെ തുടക്കം കുറിക്കുന്ന യന്ത്രങ്ങളായതിനാല്‍ കൂടെ ആള്‍ നില്‍ക്കേണ്ടതില്ല. നിറുത്താനും റിപ്പയര്‍ ചെയ്യാനും മാത്രമാണ് ആളുകള്‍ ആവശ്യമുള്ളത്. മുസ്‌ലിം ലോകത്തെ മിക്ക ശാസ്ത്രജ്ഞന്‍മാരും അവര്‍ നിര്‍മിച്ച ഉപകരണങ്ങള്‍ നിര്‍മിച്ച രീതിയും അളവുകളും കൃത്യമായി എഴുതി വെച്ചില്ല. എന്നാല്‍ അല്‍ ജസീരി ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു. യന്ത്രനിര്‍മാണ വിജ്ഞാനീയം എന്നൊരു പുസ്തകം അദ്ദേഹം എഴുതി. The Book of Knowledge of Ingenious Mechanical Devices എന്ന ഇംഗ്ലീഷ് പതിപ്പ് 20-ാം നൂറ്റാണ്ടിലാണ് പുറത്തിറങ്ങിയത്. ഉപകരണങ്ങളുടെ രൂപരേഖയും ചിത്രങ്ങളും അതില്‍ ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഈ പുസ്തകം മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അക്കാലത്ത് അമൂല്യ ഗ്രന്ഥമായിരുന്നു. അത് യൂറോപ്പിലും എത്തി. കുരിശ് യുദ്ധക്കാരായിരിക്കാം അത് യൂറോപ്പില്‍ എത്തിച്ചത്.

ഇന്നത്തെ മിക്കവാറും എല്ലാ യന്ത്രങ്ങളുടെയും അവിഭാജ്യ ഘടകമായ ക്രാം ഷാഫ്റ്റ് കണ്ടുപിടിച്ചത് അല്‍ ജസാരിയാണ്. മനുഷ്യാധ്വാനം കുറക്കുന്ന ഓട്ടോമേഷന്‍ പ്രക്രിയയുടെ തുടക്കമായിരുന്നു അത്. നാഗരികതയുടെ ഒരു കുതിച്ചുചാട്ടമായിരുന്നു ഈ കണ്ടുപിടുത്തം. കാളകളോ ജലചക്രങ്ങളോ ഇല്ലാതെ വെള്ളം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്ന പമ്പ് നിര്‍മിച്ചത് അദ്ദേഹമാണ്. ചെമ്പ് കുഴലുകളും ക്രാങ്ക് ഷാഫ്റ്റും ചക്രപ്പല്ലുകള്‍ ചേര്‍ന്ന ഗീറുകളും വാല്‍വുകളും കൊണ്ട് നിര്‍മിച്ച പമ്പാണ് വെള്ളം മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചത്. അനേകകാലം ഈ പമ്പുകള്‍ എഞ്ചിനീയര്‍മാര്‍ക്ക് ഒരു പ്രചോദനമായിരുന്നു. നദിയുടെ ഒഴുക്കിന്റെ ശക്തി അനുകൂലമാക്കി എടുത്ത് വെള്ളം നദീതടങ്ങളിലും തെരുവുകളിലും എത്തിച്ചു. ഈജിപ്‌തിലെ അൽഫയൂമിൽ യൂസുഫ് നബി നിർമ്മിച്ച നദിയിൽ ഇപ്പോഴും ഈ പ്രക്രിയ ഉപയോഗിക്കുന്നതായി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. സൂക്ഷ്മമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു ഇനം ജലപമ്പും അദ്ദേഹം നിര്‍മിച്ചു. ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ജലപ്രവാഹത്തെ നിയന്ത്രിക്കുന്ന ഘടികാരമായിരുന്നു അത്. നാലടി ഉയരവും ആറടി വീതിയുമുള്ള ആനയുടെ രൂപത്തിലുള്ള ഈ ഘടികാരത്തിന്റെ മുകളിലിരിക്കുന്ന കിളി ഓരോ മണിക്കൂറിലും ചിലച്ചുകൊണ്ടിരിക്കും.

ഈ യന്ത്രവിദ്യകളെല്ലാം പെട്ടെന്ന് യൂറോപ്പിലെത്തി. പല ആധുനിക യന്ത്രങ്ങളിലും ഇന്നും ഉപയോഗിക്കുന്ന ക്രാം ഷാഫ്റ്റ് അല്‍ ജസാരിയാണ് നിര്‍മിച്ചത് എന്ന് അധികമാര്‍ക്കും അറിയില്ല. ഉദാഹരണമായി ടൈലറിങ് മെഷീന്റെ പെഡലില്‍ നാം കാല്‍പാദം മുകളിലേക്കും താഴേക്കും ചലിപ്പിക്കുമ്പോള്‍ ബെല്‍റ്റ് മുഖേന അത് യന്ത്രത്തിലേക്ക് എത്തിക്കുന്ന രീതി ഇതിനൊരു ഉദാഹരണമാണ്. അതിന്റെ പേരില്‍ ഭൗതികലോകത്ത് അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും ആധുനിക ലോകത്ത് ഓരോ മെഷീന്‍ ചലിക്കുമ്പോഴും അതിന്റെ പുണ്യം അല്‍ ജസാരിയ്ക്ക് അല്ലാഹു എത്തിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇബ്‌നു രിദ്‌വാന്‍ (988-1061)

അബുല്‍ ഹസന്‍ അലിയ്യുബ്‌നു രിദ്‌വാന്‍ അല്‍ മിസ്വരി എന്നാണ് മുഴുവന്‍ പേര്. ഈജിപ്തിലെ ഗീസയില്‍ ജനിച്ചു. ഫാത്തിമിയാ ഭരണകൂടത്തിന്റെ ഭരണകാലത്ത് കെയ്‌റോയിലെ ജ്യോതിശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരുന്നു ഇബ്‌നു റിദ്‌വാന്‍. കൗമാരപ്രായം മുതല്‍ക്കുതന്നെ നക്ഷത്ര പരീക്ഷണത്തില്‍ ഇബ്‌നു റിദ്‌വാന്‍ തല്‍പരനായിരുന്നു. എങ്കിലും ജ്യോതിശാസ്ത്രരംഗത്ത് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത് 1005ല്‍ സംഭവിച്ച സൂപ്പര്‍ നോവ എക്‌സ്‌പ്ലോഷന്‍ എന്ന നക്ഷത്രസ്‌ഫോടനം ആണ്. രാത്രിയില്‍ ആകാശത്തിന്റെ തെക്കുഭാഗത്ത് ശക്തമായ പ്രകാശത്തോടെ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. കെയ്‌റോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മതില്‍കെട്ടിനും അല്‍ഹക്കീം പള്ളി മിനാരങ്ങള്‍ക്കും നൈല്‍ നദിയുടെയും ഗീസയിലെ ലോകപ്രസിദ്ധമായ പിരമിഡുകളുടെയും മുകളില്‍ നഗരത്തിന്റെ തെക്കുഭാഗത്ത് അത് ഉജ്വലമായി തിളങ്ങിനിന്നു.

ഇബ്‌നു റിദ്‌വാന്‍ കാഴ്ച ഇങ്ങനെ വിവരിക്കുന്നു. ”അന്ന് സൂര്യന്‍ ഇടവം രാശിയിലായിരുന്നു. വൃശ്ചികം രാശിക്ക് 15 ഡിഗ്രി മാറിയായിരുന്നു ആ കാഴ്ച. ശുക്രന്റെ രണ്ടിരട്ടി വലുപ്പമുള്ള ഒരു ഗോളമായിരുന്നു അത്. അതിന്റെ പ്രകാശം കൊണ്ട് ആകാശം തിളങ്ങി. നിശ്ചലമായി തോന്നിച്ച ആ ഗോളം സൂര്യന്‍ കന്നിയിലേക്ക് ചെരിയും വരെ ഓരോ ദിവസവും രാശി ചക്രത്തിലൂടെ നീങ്ങിക്കൊണ്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി.”

സ്വിറ്റ്‌സര്‍ലണ്ട് മുതല്‍ ചൈന വരെ എല്ലായിടത്തും ഇത് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതെന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. ആയിരം വര്‍ഷം കഴിഞ്ഞ് ജ്യോതിശാസ്ത്രജ്ഞര്‍ ബഹിരാകാശ സഞ്ചാരമൊക്കെ നടത്തിയപ്പോഴാണ് മനസ്സിലായത്, അതൊരു സൂപ്പര്‍ നോവയായിരുന്നു. അതായത് നക്ഷത്ര വിസ്‌ഫോടനം. ആകാശത്തെ ഈ വിസ്മയം ധാരാളം വാനനിരീക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും ഒരു ജ്യോതിശാസ്ത്രജ്ഞര്‍ക്കുകൂടി ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ സ്ഥാനവും സമയവും സംബന്ധിച്ച കൃത്യമായ വിവരങ്ങളോടെ അത് രേഖപ്പെടുത്തിയത് ഇബ്‌നു രിദ്‌വാനാണ്. രിദ്‌വാന്‍ പറഞ്ഞ വിവരങ്ങള്‍വെച്ച് പില്‍ക്കാലത്ത് ശാസ്ത്രജ്ഞര്‍ പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളുടെ സ്ഥാനം കണ്ടെത്തി. കണ്ടെത്തിയ വര്‍ഷം ചേര്‍ത്ത് അവരതിന് സൂപ്പര്‍ നോവ 1006 എന്ന് പേരിട്ടു. ഭൂമിയില്‍നിന്ന് 7000 പ്രകാശവര്‍ഷം അകലെയായിരുന്നു അത്.

ആസ്‌ടോളജിയിലും ആസ്‌ട്രോഫിസിക്‌സിലും ഗ്രീക്ക് വൈദ്യശാസ്ത്രത്തിലും പണ്ഡിതനായിരുന്നു അദ്ധേഹം. ഗ്യാലക്‌സിയെക്കുറിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥം ജെറാഡോഫ് ക്രിമോണ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥത്തിന്റെ പരിഭാഷയാണ് The Revolution of Nativities എന്ന പേരില്‍ 1524ല്‍ വെനീസില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഈജിപ്തിലെ രോഗങ്ങളും പ്രതിവിധികളും എന്ന പേരില്‍ വൈദ്യശാസ്ത്രത്തിലും അദ്ദേഹം ഗ്രന്ഥം എഴുതിയിട്ടുണ്ട്.
1061ല്‍ 73-ാം വയസ്സില്‍ ഇറാക്കിലെ ബാഗ്ദാദില്‍ മരണപ്പെട്ടു.

അബ്ദുല്‍ അബ്ബാസുന്നബാത്വി (1166-1239)

അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ മുഫര്‍ജിബിന്‍ അബ്ദുല്ല എന്നാണ് പേര്. സ്‌പെയിനിലെ സെവില്ലയില്‍ ജനിച്ചു. സസ്യശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയില്‍ പ്രസിദ്ധനായ ശാസ്ത്രജ്ഞനായിരന്നു. ഉത്തരാഫ്രിക്കയിലും ഇറാക്കിലും മധ്യപൗരസ്ത്യനാടുകളിലും സസ്യശാസ്ത്ര ഗവേഷണത്തിനായി യാത്ര ചെയ്തു. ബൈസാന്‍ഡിയന്‍, ഗ്രീക്ക് വംശത്തിലെ പിന്‍മുറയില്‍പെട്ട മാതാവിന്റെ പുത്രനായതിനാല്‍ ഇബ്‌നു റൂമിയ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹം സ്‌പെയിനിലെ സെവില്ലയില്‍ ഒരു ഫാര്‍മസി തുടങ്ങി. സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി നടത്തിയ യാത്രകളിലെ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് Botanical Journey എന്ന പേരില്‍ അറിയപ്പെടുന്നത്.
മതരംഗത്തും ഏറെ പ്രസിദ്ധനാണ്. ഇബ്‌നു ഹസമിന്റെ പഠനങ്ങള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

അസ്സഹ്‌റാവി (936-1013)

അബുല്‍ ഖാസിം ഖലഫ് ബിന്‍ അബ്ബാസ് അസ്സാഹ്‌റാവി അല്‍ അന്‍സ്വാരി സ്‌പെയിനിലെ മദീനത്തുസ്സഹ്‌റായില്‍ ജനിച്ചു. ലാറ്റിന്‍ ഭാഷയില്‍ അല്‍ബുഖാസിസ് എന്നറിയപ്പെടുന്നു. മനുഷ്യശരീരശാസ്ത്രം, ശസ്ത്രക്രിയ, ഔഷധശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രസിദ്ധനായിരുന്നു. ഏറ്റവും പ്രധാന ഗ്രന്ഥം കിതാബുത്തസ്‌രീഫ് ആണ്. മദീനയിലെ അന്‍സ്വാരികളുമായുള്ള കുടുംബബന്ധത്തിലൂടെയാണ് അന്‍സ്വാരി എന്നറിയപ്പെടുന്നത്. ജീവിതത്തില്‍ അധികകാലവും സ്‌പെയിനിലെ കൊര്‍ഡോവയിലായിരുന്നു. സ്‌പെയിനിലെ ഖലീഫ അല്‍ഹകം രണ്ടാമന്റെ കൊട്ടാര ഡോക്ടറായിരുന്നു. മനുഷ്യശരീരത്തില്‍ ആദ്യമായി ലാന്‍സറുപയോഗിച്ച് സര്‍ജറി നടത്തുന്നതിനെക്കുറിച്ച് അടിസ്ഥാനപരമായി എഴുതിയ ‘അത്തസ്വ്‌രീഫു ലിമന്‍ അജസ എനിത്തഅ്‌ലീഫ്’ ആണ് ‘കിതാബുത്വസ്‌രീഫ്’ എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധമായ ഗ്രന്ഥം. മുറിവുകള്‍, പൊള്ളലുകള്‍, എല്ലുകള്‍ പൊടിച്ച് ശരിപ്പെടുത്തിയശേഷം നടത്തുന്ന സര്‍ജറി, ശരീരം കീറി പരിശോധിക്കല്‍ തുടങ്ങിയ അനേകം ചികിത്സാ രീതികള്‍ ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അസ്സഹ്‌റാവി ലോകത്തിന് പരിചയപ്പെടുത്തി. ജെറാഡോഫ്ക്രിമോണ എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. വെനീസിലും ബെയ്‌സ്‌ലറിലും ഓക്‌സഫോഡിലും നിരവധി എഡിഷനുകള്‍ പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ സര്‍ലാണോ, മോണ്ട്പില്ലര്‍ തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റികളില്‍ മെഡിക്കല്‍ സയന്‍സിലെ സര്‍ജറി റഫറന്‍സായി നൂറ്റാണ്ടുകളോളം ഈ ഗ്രന്ഥം ഉപയോഗിച്ചു. യൂറോപ്യന്‍ മെഡിക്കല്‍ സയന്‍സിന്റെ അടിസ്ഥാന ഗ്രന്ഥമായ ഹസ്ദാബില്‍ ശാബറതത്ത്, സഹ്‌റാവിയുടെ ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പതിപ്പായിരുന്നു. പ്രസവശുശ്രൂഷകള്‍ക്കാവശ്യമായ കൊടില്‍ സ്വന്തമായി തയ്യാറാക്കി. പ്രസവശുശ്രൂഷ, ദന്തചികിത്സ, ഔഷധ വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം എഴുതിയ ആധികാരികമായ ഗ്രന്ഥം 30 വാള്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സങ്കീര്‍ണമായ വൈദ്യശാസ്ത്ര പ്രയോഗങ്ങളടങ്ങിയ ഈ ഗ്രന്ഥം യൂറോപ്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത് സാഹസികമായ ഒരു ദൗത്യമായിരുന്നതിനാല്‍ 300 വര്‍ഷങ്ങള്‍ക്കുശേഷമാണ് അത് വിജയകരമായത്. ആധുനിക കാലത്ത് പ്ലാസ്റ്റിക് സര്‍ജറി എന്നറിയപ്പെടുന്ന ഓപ്പറേഷന്‍ രീതിക്ക് അദ്ദേഹമാണ് തുടക്കം കുറിച്ചത്. അമിതമായ കൊഴുപ്പ് അടിഞ്ഞുതൂങ്ങിയ രോഗികളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ നീക്കം ചെയ്തു തുന്നിക്കെട്ടി ചികിത്സിക്കുന്നതില്‍ അസ്സഹ്‌റാവി വിജയിച്ചു. ആധുനിക അനസ്‌തേഷ്യക്ക് പകരം രോഗിയെ മയക്കാന്‍ അദ്ദേഹം മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. മൂത്രനാളിയിലൂടെ നേര്‍ത്ത വെള്ളിക്കമ്പി പ്രവേശിപ്പിച്ച് മൂത്രക്കല്ല് പൊട്ടിക്കുന്ന രീതി അദ്ദേഹം സ്‌പെയിനില്‍ പ്രാവര്‍ത്തികമാക്കി.

എല്ലുകൊണ്ട് നിര്‍മിച്ച കൃത്രിമ പല്ലുകള്‍ വെച്ച് പിടിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് അതുല്യമായിരുന്നു. ഖലീഫയുടെ ബോഡിഗാര്‍ഡില്‍പെട്ട കുതിര സവാരിക്കാരന്‍ കുതിരപ്പുറത്തുനിന്ന് തെറിച്ചുവീണ് ശരീരമാസകലം തകര്‍ന്ന അവസ്ഥയിലായിരുന്നു. സഹ്‌റാവി അദ്ദേഹത്തെ വിജയകരമായി ചികിത്സിച്ചു. മുറിവുകളും ചലവും, തൈറോയ്ഡ്, മിഡ്‌വൈഫറി, രക്തക്കുഴലുകള്‍ തുടങ്ങി നിരവധി ശരീരശാസ്ത്രവിജ്ഞാനങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിനുപയോഗിക്കുന്ന കൊടില്‍, ചെവിയുടെ ഉള്‍ഭാഗവും മൂത്രനാളിയും പരിശോധിക്കുന്ന ഉപകരണം, തൊണ്ടയില്‍ കുടുങ്ങിയവ പുറത്തെടുക്കുന്ന ഉപകരണം തുടങ്ങിയവ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. പ്രസവം സുഖമമാക്കാന്‍ പറ്റിയ രൂപത്തില്‍ കിടക്കുന്ന രീതി അദ്ദേഹം കണ്ടെത്തിയെങ്കിലും മറ്റുപല കണ്ടുപിടുത്തങ്ങളും ഹൈജാക്ക് ചെയ്യപ്പെട്ടപോലെ ഇത് ജര്‍മന്‍ ഡോക്ടര്‍മാരുടെ പേരില്‍ അറിയപ്പെട്ടു. ഇരുന്നൂറിലധികം വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ രൂപരേഖ അദ്ദേഹം വരച്ചുവെച്ചിരുന്നു. കുറഞ്ഞ പരിഷ്‌കരണങ്ങളോടെ ഇക്കാലത്ത് അവ ഉപയോഗിക്കപ്പെടുന്നുണ്ട്.

ബര്‍ബര്‍ കൂലിപ്പട്ടാളക്കാരുടെ അഴിഞ്ഞാട്ടത്തില്‍ അക്കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ഗ്രന്ഥാലയങ്ങള്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത് അസ്സഹ്‌റാവി നേരിട്ടുകണ്ടു. പ്രിയപ്പെട്ടവര്‍ വെട്ടേറ്ററ്റു വീഴുന്ന കാഴ്ച അദ്ദേഹത്തെ തളര്‍ത്തി. മനുഷ്യശരീര ചികിത്സാരംഗത്ത് അതുല്യമായ ചികിത്സാരീതികള്‍ കണ്ടുപിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത് ആധുനിക ലോകത്തിന് സര്‍ജറിയില്‍ ഒരു കുതിച്ചുചാട്ടത്തിനുള്ള വഴി ഒരുക്കിയശേഷമാണ് അസ്സഹ്‌റാവി എന്ന മഹാനായ ഈ വൈദ്യശാസ്ത്രജ്ഞന്‍ 1073ല്‍ 73-ാം വയസ്സില്‍ ലോകത്തോട് വിടവാങ്ങിയത്. (നഷ്ടചരിത്രം പേജ്: 273)

ഇബ്‌നു ഖുര്‍ദാദ് ബെ

അബൂല്‍ ഖാസിം ഉബൈദുള്ളാഹിബ്‌നു ഖുര്‍ദാദ് ബെ അറബി സഞ്ചാരി, ഭൂമി ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു. എഡി ഒന്‍പതാം നൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുവരെ ഇന്‍ഡ്യയില്‍ വന്ന അനേകം സഞ്ചാരികള്‍ ഇന്‍ഡ്യയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റവും നന്നായി ഇന്‍ഡ്യയെക്കുറിച്ച് എഴുതിയ സഞ്ചാരിയാണ് ഇബ്‌നു ഖുര്‍ദാദ് ബെ. അദ്ദേഹത്തിന്റെ Book of Roads and Kingdoms (രാജ്യങ്ങളും മാര്‍ഗങ്ങളും) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ക്രിസ്താബ്ദം ഒമ്പതാം നൂറ്റാണ്ടിലാണ് എഴുതിയത്. സാഹിത്യഭംഗി കുറവാണെങ്കിലും ലളിതമായ ശൈലിയില്‍ മധ്യകാല ഇന്‍ഡ്യയെപ്പറ്റി ധാരാളം വിവരിച്ചിട്ടുള്ള കൃതിയാണത്. പൗരസ്ത്യനാടുകളെക്കുറിച്ച് അറബികള്‍ക്കുണ്ടായിരുന്നു അറിവിനെക്കുറിച്ചും ഏഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അതില്‍ വ്യക്തമായി വിവരിക്കുന്നു. ഭൂമിശാസ്ത്രജ്ഞര്‍ക്കും സഞ്ചാരികള്‍ക്കും വര്‍ഷങ്ങളോളം ഈ ഗ്രന്ഥം ഒരു ഗൈഡായിരുന്നു. ഖലീഫമാരുടെ കീഴില്‍ ഉയര്‍ന്ന പദവി അലങ്കരിച്ചിരുന്നതിനാല്‍ വിവിധ രാജ്യങ്ങളുടെ ഭരണകര്‍ത്താക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇന്‍ഡ്യ, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം യാത്ര ചെയ്യുകയും അനുഭവങ്ങള്‍ സഞ്ചാരസാഹിത്യ കൃതികളിലൂടെ ലോകത്തിനു നല്‍കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ഇന്‍ഡ്യയില്‍ നിലനിന്നിരുന്ന നാട്ടുരാജാക്കന്‍മാരെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്‍ഡ്യയിലെ കാട്ടാനകളും നാട്ടാനകളും, ഹിന്ദുക്കളിലെ ബ്രാഹ്മണ ശൂദ്രന്‍മാരുടെ ആചാരങ്ങൾ അദ്ദേഹം എടുത്തുപറയുന്നുണ്ട്.

അക്കാലത്ത് ഇന്‍ഡ്യയിലുണ്ടായിരുന്ന 42 ജാതികളെക്കുറിച്ചും അവരുടെ പ്രത്യേകതകളെക്കുറിച്ചും അതില്‍ എടുത്തുപറയുന്നു. ദൈവത്തെ മാത്രം ആരാധിക്കുന്നവരും എല്ലാത്തിനെയും നിഷേധിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ വന്ന അദ്ദേഹം ഇവിടുത്തെ ഉല്‍പന്നമായ കുരുമുളകിനെക്കുറിച്ച് പറയുന്നു. ”മരത്തില്‍ പടര്‍ന്നു കയറുന്ന സസ്യമാണത്. വട്ടത്തിലുള്ളതും അറ്റം നീണ്ടതുമാണ്. ഇലകള്‍ ഉണ്ട്. കുലകളിലാണ് കുരുമുളക് മണികള്‍ വളരുന്നത്. മൂപ്പെത്തിയാല്‍ പറിച്ചെടുത്ത് ഉണക്കും. അതാണ് അമൂല്യമായ കുരുമുളക് (ഹുബൂബുല്‍ ഫുല്‍ഫുല്‍). ഭക്ഷ്യധാന്യത്തില്‍ സ്വയംപര്യാപ്തമായ കേരളം വളപട്ടണം, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അരി കയറ്റി അയച്ചിരുന്നു. തുടങ്ങിയ പല കാര്യങ്ങളും അദ്ധേഹം വിവരിക്കുന്നുണ്ട്. 912ല്‍ ഇബ്‌നു ഖുര്‍ദാദ് ബെ അന്തരിച്ചു.

ജാബിറുബ്‌നു അഫ്‌ലഹ് (1100-1150)

മുഹമ്മദ് ജാബിറുബ്‌നു അഫ്‌ലഹ് സ്‌പെയിനിലെ പ്രസിദ്ധനായ ഗണിതശാസ്ത്രജ്ഞനായിരുന്നു. വാനശാസ്ത്രത്തിലും പണ്ഡിതനായിരുന്നു. ഇസ്‌ലാഹുല്‍ മജസ്റ്റി എന്ന വാനശാസ്ത്ര ഗ്രന്ഥമാണ് അദ്ദേഹത്തെ പ്രസിദ്ധിയിലേക്കുയര്‍ത്തിയത്. ടോളമിയുടെ കൃതിയിലെ തെറ്റുകള്‍ കണ്ടെത്തുകയും തിരുത്തുകയും ചെയ്ത ജാബിര്‍ ഇശ്ബീലിയ സ്‌പെയിനിനിലെ (സെവില്ലയിൽ) ജനിച്ചു. വാനശാസ്ത്ര പഠനത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗോളീയ ത്രിമാനഗണിത(Spherical trigonometry)ത്തില്‍ അഗാധ പാണ്ഡിത്യമുള്ള ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ചന്ദ്രന്റെയും സൂര്യന്റെയും ഇടയിലാണ് ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമെന്ന ടോളമിയുടെ നിഗമനം തെറ്റാണെന്ന് ജാബിര്‍ തെളിയിച്ചു. അദ്ദേഹത്തിന്റെ ഇസ്‌ലാഹുല്‍ മജസ്റ്റിന്റെ ഹിബ്രു പരിഭാഷകള്‍ പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജെറാഡോഫ് ക്രിമോണ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം ജബര്‍ ഫിലിയസ് അഫ്‌ല എന്നാണ് പാശ്ചാത്യലോകത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കിതാബുല്‍ ഹൈഅ എന്ന വാനശാസ്ത്രഗ്രന്ഥവും ജെറാഡ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

അല്‍ ബൈത്വാര്‍ (1197-1248)

അബ്ദുല്ലാഹിബ്‌നു അഹ്മദ് ബ്‌നു ബൈത്വാര്‍ എന്ന സ്പാനിഷ് സസ്യശാസ്ത്രജ്ഞന്‍ മലാഗയില്‍ ജനിച്ചു. പിതാവ് മൃഗരോഗ ചികിത്സകനായിരുന്നു. അതിനാലാണ് ഇബ്‌നുല്‍ ബൈത്വാര്‍ എന്നറിയപ്പെട്ടത്. അദ്ധേഹം, അബുല്‍ അബ്ബാസുന്നബാത്വിയില്‍ നിന്നാണ് സസ്യശാസ്ത്രം പഠിച്ചത്. സ്‌പെയിനിലെയും തുര്‍ക്കിയിലെയും ഉത്തരാഫ്രിക്കയിലെയും കുറ്റിക്കാടുകളില്‍ 25 വര്‍ഷത്തോളം ചുറ്റിനടന്ന് ഔഷധച്ചെടികൾ ശേഖരിച്ച് അവയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തി. ആയിരത്തിനാന്നൂറ് ഔഷധച്ചെടികളെയും മുന്നൂറിലധികം ഫലലൃക്ഷങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ എഴുതി. ഏറ്റവും പ്രസിദ്ധമായ ഫില്‍അദ് വിയത്തുല്‍ മുഫ്‌റദ -അല്‍ജാമിഉഫില്‍ അദ്‌വിയത്തുല്‍ മുഫ്‌റദ എന്നിവയാണ്. ജെറാഡോഫ് ക്രിമോണ 1785ല്‍ ഇബ്‌നു ബൈത്വാറിന്റെ ഗ്രന്ഥം ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അതിനുപുറമെ ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലേക്ക് ഇബ്‌നു ബൈത്വാറിന്റെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

അന്നത്തെ അന്തുലുസ് (സ്‌പെയിന്‍) സാമ്രാജ്യത്തില്‍ വന്‍കാര്‍ഷിക, വ്യാവസായിക, സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് കാരണമാക്കിയത് ഇബ്‌നു ബൈത്വാറിന്റെ ഗവേഷണങ്ങളാണ്. നെല്ല്, ശര്‍ക്കര, കരിമ്പ്, പരുത്തി, കുങ്കുമം തുടങ്ങിയ നിരവധി സസ്യങ്ങള്‍ സ്‌പെയിനില്‍ എത്തിക്കുകയും അതിന്റെ പാടങ്ങളും കൃഷികളും ഉണ്ടാക്കിയത് മുസ്‌ലിംകളാണ്. ഇംഗ്ലീഷിലുള്ള പല കാര്‍ഷിക ഉല്‍പന്നങ്ങളുടെയും പേരുകള്‍ അറബി ഭാഷയില്‍ നിന്നു വന്നതാണ്.

ഉദാഹരണം
ഇംഗ്ലീഷ് മലയാളം അറബിപദം അറബി ഉച്ഛാരണം
Rice അരി അറുസ്
Sugarcane കരിമ്പ് ഖസ്വുബുസുക്കര്‍
Cotton ഖുത്വ്ന്‍ ഖുത്വ്ന്‍
Saffaron കുങ്കുമം സഅഫറാന്‍
ഇസ്‌ലാം ചരിത്രവും വികാസവും (1025-1026)

നാസറുദ്ദീനുതൂസി (1201-1274)

മുഹമ്മദ് ബിന്‍ അല്‍ഹസന്‍ അതൂസി എന്നതാണ് മുഴുവന്‍ പേര്. ഇറാനിലെ ഖുറാസാന് സമീപത്തെ തൂസ് എന്ന ഗ്രാമത്തില്‍ ഷിയാ കുടുംബത്തില്‍ ജനിച്ചു. ക്വുര്‍ആന്‍, ഹദീഥ്, കര്‍മശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, വാനശാസ്ത്രം എന്നീ ശാഖകളില്‍ അഗാധപാണ്ഡിത്യം നേടി. യുവാവായപ്പോള്‍ പിതാവ് മരണപ്പെട്ടു. പിതാവിന്റെ വസ്വിയ്യത്ത് പ്രകാരം വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത് പണ്ഡിതന്‍മാരില്‍നിന്ന് വിജ്ഞാനം ശേഖരിച്ചു. 150 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ 25 എണ്ണം പേര്‍ഷ്യന്‍ ഭാഷയിലാണ്. കിതാബുശക്‌ലുല്‍ ഖത്വ (5 വാള്യം)

മംഗോളിയന്‍ പുല്‍മേടുകളില്‍നിന്ന് ആര്‍ത്തുലച്ചുവന്ന താര്‍ത്താരി സൈന്യത്തിന്റെ കിരാതമായ ആക്രമണം നടന്നത് 1258ലായിരുന്നു. അവര്‍ പില്‍കാലത്ത് മുസ്‌ലിംകളായിത്തീര്‍ന്നു. കുബ്‌ളയ് ഖാന്‍ ആയിരുന്നു പിന്നീട് അധികാരത്തില്‍ വന്ന മംഗോള്‍ നേതാവ്. മംഗോള്‍ ആക്രമണത്തിന് ഒരു വര്‍ഷത്തിനുശേഷം 1259ല്‍ അസര്‍ബൈജാനിലെ മാരഗേഹ് എന്ന നഗരത്തില്‍ ഒരു കരിങ്കല്‍ മലയിലാണ് വാനശാസ്ത്രജ്ഞനായ നാസറുദ്ദീനുതൂസി വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. ആയിരം അടി നീളവും നാന്നൂറ് അടി വീതിയുമുള്ള കേന്ദ്രം ആറടി കനമുള്ള ചുറ്റുമതിലോടുകൂടിയ കോട്ട കൂടിയാണ്. ഈ പടുകൂറ്റന്‍ വാനനിരീക്ഷണ കേന്ദ്രം മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി. ഏറ്റവും പുതിയതരം ജ്യോതിശാസ്ത്ര ഉപകരണങ്ങളായിരുന്നു അതില്‍ സ്ഥാപിച്ചത്. 12 അടി വലുപ്പത്തില്‍ ചെമ്പില്‍ നിര്‍മിച്ച ക്വാഡ്രന്റ് അതിലൊന്നായിരുന്നു. ചൈനയില്‍ നിന്നാണ് തുസി ഇതില്‍ പല വിജ്ഞാനങ്ങളും ഗ്രഹിച്ചത്.

ചൈനയില്‍നിന്നുള്ള വിജ്ഞാനം മുസ്‌ലിം ലോകത്തും മുസ്‌ലിം ലോകത്തെ വിജ്ഞാനം ചൈനയിലും എത്തിക്കൊണ്ടിരുന്നു എന്നതാണ് മംഗോളിയന്‍ ഭരണകാലത്തുണ്ടായ ഒരു നേട്ടം. മാരഗേഹ് വാനനിരീക്ഷണം മംഗോളിയന്‍ നിയന്ത്രണത്തില്‍ ഗ്രീക്ക് അറബിക് പേര്‍ഷ്യന്‍ ജ്യോതിശാസ്ത്ര ഗവേഷണത്തിന് നിരവധി സംഭാവനകള്‍ നല്‍കി. മാത്രമല്ല, ഈ വാനനിരീക്ഷണത്തില്‍ സേവനമനുഷ്ഠിച്ച പ്രഗല്‍ഭ ശാസ്ത്രജ്ഞരില്‍ ചിലരാണ് മഴവില്ല് രൂപപ്പെടുന്നതിന് ആദ്യമായി ശാസ്ത്രീയ വിശദീകരണം നല്‍കിയ അല്‍ഷീറാസി, പ്രസിദ്ധ സിസേറിയന്‍ സര്‍ജന്‍ അല്‍ ഉര്‍ദി, മാരഗേഹിലെ നാലുലക്ഷത്തോളം ഗ്രന്ഥങ്ങളുടെ ലൈബ്രേറിയനായിരുന്ന അല്‍ഫുത്തി മുതലായവര്‍. അല്‍തൂസിയുടെ ഗവേഷണങ്ങളുടെ പ്രായോഗിക നേട്ടങ്ങള്‍ ഇവര്‍ വിശാലമായ മുസ്‌ലിം ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചു. ഡമാസ്‌കസിലും അന്തോക്യായിലും ബാഗ്ദാദിലും കെയ്‌റോയിലും ഫെസിലും കൊര്‍ഡോവയിലും സെവില്ലയിലും ടൊളോഡോയിലും നടന്നുകൊണ്ടിരുന്ന ഗവേഷണങ്ങള്‍ മാരഗേഹില്‍ സമ്മേളിച്ചു. 1267ല്‍ കുബ്‌ളയ് ഖാന്‍ എന്ന മംഗോള്‍ ഭരണാധികാരിയുടെ കൊട്ടാരത്തിലേക്ക് മുസ്‌ലിം പണ്ഡിതനായ ജമാലുദ്ദീന്‍ കൊണ്ടുവന്ന വിശിഷ്ട വസ്തുക്കളായിരുന്നു പതിനായിരം വര്‍ഷത്തേക്ക് നിലനില്‍ക്കുന്ന പേര്‍ഷ്യന്‍ കലണ്ടര്‍, ഏഴ് ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍, മരത്തില്‍ നിര്‍മിച്ച ഗ്ലോബ് എന്നിവ. നാസറുദ്ദീനുതൂസിയാണ് ഇവയുടെ ശില്‍പി.

1270ല്‍ കുബ്‌ളയ് ഖാന്‍ തന്റെ കൊട്ടാരത്തില്‍ മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞരെയാണ് നിയമിച്ചത്. ജ്യോതിശാസ്ത്ര ഗവേഷണത്തിനുവേണ്ടി നിര്‍മിച്ച രണ്ട് സമിതികളില്‍ ഒന്നില്‍ മുസ്‌ലിംകളെയും മറ്റേതില്‍ ചൈനക്കാരെയുമാണ് കുബ്‌ളയ് ഖാന്‍ നിയമിച്ചത്.

ചുരുക്കത്തില്‍ വാനനിരീക്ഷണത്തിലും ചൈനയില്‍ ഉണ്ടായ നവോത്ഥാനവും അറബ് മുസ്‌ലിംകളുടെ സ്വാധീനമാണ് എന്നു വ്യക്തമാണ്. ഇപ്പോഴത്തെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രത്തിന്റെ തലവന്‍ പേര്‍ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ജമാലുദ്ദീന്‍ ആയിരുന്നു. ഇതെല്ലാം തൂസിയുടെ ഗവേഷണത്തില്‍ നിന്ന് പരന്നൊഴുകിയ ശാസ്ത്രനവോത്ഥാനത്തിന്റെ പ്രവാഹമായിരുന്നു. ഗ്രഹചലനങ്ങള്‍ കണക്കുകൂട്ടിയെടുക്കാന്‍ പറ്റിയ കൃത്യതയുള്ളതും നക്ഷത്രവിവരങ്ങള്‍ അടങ്ങിയതുമായ പട്ടിക തൂസി തയ്യാറാക്കി. 12 വര്‍ഷം നീണ്ടുനിന്ന വാനനിരീക്ഷണങ്ങളുടെ ഫലമാണത്. ടോളമിയുടെ വാനനിരീക്ഷണ ഗ്രന്ഥം തെറ്റ് തിരുത്തി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. തൂസിയുടെ വാനശാസ്ത്ര ഗണിത സിദ്ധാന്തം 250 വര്‍ഷങ്ങള്‍ക്കുശേഷം കോപ്പര്‍ നിക്കസ് പുനരാവിഷ്‌കരിച്ചു. സ്വയം കറങ്ങുന്നതിനിടയില്‍ ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന വ്യതിയാനം 50.3 ആര്‍ക്ക് സെക്കന്‍ഡ് ആണെന്ന് തൂസി കണക്കുകൂട്ടി. അഥവാ 25000 വര്‍ഷങ്ങള്‍കൊണ്ട് ഭൂമിയുടെ അച്ചുതണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കുംവിധത്തില്‍ ചലനത്തില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് ടെലസ്‌കോപ്പുകളോ ആധുനിക ഉപകരണങ്ങളോ ഇല്ലാത്ത അക്കാലത്ത് അദ്ദേഹം കണക്കുകൂട്ടി എടുത്തു. 19-ാം നൂറ്റാണ്ടില്‍ ചാണ്ട്‌ലര്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ശരിയല്ല. ലോകത്ത് ആദ്യമായി ഗോളീയ ത്രിമാനഗണിതത്തില്‍ ആറ് വ്യത്യസ്ത ത്രികോണങ്ങള്‍ രൂപപ്പെടുത്തിയത് അദ്ദേഹമാണ്.

ചുരുക്കത്തില്‍, ബാഗ്ദാദിന്റെ പതനത്തിനുശേഷം വാനശാസ്ത്ര നവോത്ഥാനത്തിന്റെ ഗവേഷണങ്ങള്‍ കെട്ടുപോകാതെ മുസ്‌ലിം ലോകത്തിന്റെയും അവരില്‍നിന്ന് യൂറോപ്പിലും ചൈനയിലും സോവിയറ്റ് യൂണിയനിലും എത്തിച്ചതിലും പ്രധാനമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ നാസറുദ്ദീനുതൂസിയാണ്. ചൈന ചന്ദ്രപരിവേഷണത്തില്‍ വളരെ മുന്നിലെത്തിയതിലും തൂസിയുടെ ഗവേഷണ സ്വാധീനമുണ്ട് എന്ന് മനസ്സിലാക്കാം. ചൈന തൂസിയുടെ ജ്യോതിശാസ്ത്ര സംഭാവനകള്‍ പരിഗണിച്ച്, ചന്ദ്രനിലെ 64 കിലോമീറ്റര്‍ നീളമുള്ള ഒരു ഗര്‍ത്തത്തിനും സൗരയൂഥത്തിലെ ഒരു ഛിന്ന ഗ്രഹത്തിനും തുസിയുടെ പേര് നല്‍കി. അദ്ധേഹം 1274ല്‍ 73-ാം വയസ്സില്‍ ബാഗ്ദാദില്‍ അന്തരിച്ചു.

ഈ ശാസ്ത്ര നവോത്ഥാനം പില്‍കാലത്ത് എന്തുകൊണ്ട് നഷ്ടപ്പെട്ടു?

അബ്ബാസിയ ഖിലാഫത്തിലും സ്‌പെയിനിലും, ക്വുര്‍ആനിന്റെ പ്രചോദനത്തിലൂടെ വികസിച്ചുവന്ന, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ശാസ്ത്രനവോത്ഥാനം പില്‍കാലത്ത് മുസ്‌ലിംകള്‍ക്ക് നഷ്ടമായതിന്റെ കാരണങ്ങള്‍ നമുക്ക് പഠനവിധേയമാക്കാം.

മംഗോളിയന്‍ താര്‍ത്താരികളുടെ ആക്രമണം

ക്രിസ്താബ്ദം 1528ല്‍ മംഗോളിയന്‍ താര്‍ത്താരി നാടോടി ഗോത്രങ്ങളുടെ നേതാവായ ചെങ്കിസ് ഖാന്റെ പ്രതിനിധി ഹൊലാഗോ ഖാന്റെ നേതൃത്വത്തില്‍ ആര്‍ത്തുലച്ചുവന്ന കൊലയാളി സൈന്യം ബാഗ്ദാദ് നഗരം ചുട്ടെരിച്ചു. ലോകശാസ്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മ ചുട്ടെരിച്ചു. നാലു ലക്ഷം അമൂല്യ ഗ്രന്ഥങ്ങളുള്ള ആ ഗ്രന്ഥശാലയിലെ ഗ്രന്ഥങ്ങള്‍ ടൈഗ്രീസ് നദിയിലിട്ട് നദിയുടെ ഒഴുക്കുപോലും തടസ്സപ്പെട്ടു. അനേകായിരം ഗ്രന്ഥങ്ങള്‍ ചുട്ടുകളഞ്ഞു. പത്ത് ലക്ഷത്തില്‍പരം മുസ്‌ലിംകളെ കൊന്നൊടുക്കി.

ഇത് മുസ്‌ലിംകളുടെ നവോത്ഥാനവീര്യം കുറയുന്നതിന് കാരണമായി. അറബി ഭാഷയിലായിരുന്നു ബൈത്തുല്‍ ഹിക്മയിലെ ഗ്രന്ഥങ്ങള്‍. അവയുടെ പരിഭാഷകള്‍ ലാറ്റിന്‍, ഗ്രീക്ക് ഭാഷകളില്‍ യൂറോപ്പില്‍ നിലനിന്നത് തടഞ്ഞിട്ടില്ല. ഈ ഭാഷാപരമായ അകല്‍ച്ചയും പഴയകാല നവോത്ഥാനത്തെക്കുറിച്ചുള്ള അറിവ് ആധുനിക മുസ്‌ലിം ലോകത്തിന് അറിയാതിരിക്കാന്‍ കാരണമായിട്ടുണ്ട്.

ക്രിസ്താബ്ദം എട്ട് മുതല്‍ 13 വരെ നൂറ്റാണ്ടുകളാണ് മുസ്‌ലിം നവോത്ഥാന കാലഘട്ടം – അതിനുശേഷമുള്ള ഏഴ് നൂറ്റാണ്ടുകളുടെ വിടവ് നവോത്ഥാനത്തെക്കുറിച്ചുള്ള ആധുനിക മുസ്‌ലിം ലോകത്തിനുള്ള അറിവില്ലായ്മക്ക് കാരണങ്ങളിലൊന്നാണ്.
മുസ്‌ലിം ശാസ്ത്രജ്ഞരുടെ പേരുകള്‍, അവര്‍ മുസ്‌ലിംകളാണെന്ന് അറിയാത്തവിധത്തില്‍ മാറ്റം വരുത്തിയതും ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ചുള്ള അറിവ് നഷ്ടപ്പെടാന്‍ കാരണമായി.
ഉദാ: ഇബ്‌നു സീന (Avicenna), അല്‍ഖുവാരിസ്മി (Algorism), ജാബിറുബ്‌നു ഹയ്യാന്‍ (Geber), ജാബിറുബ്‌നു അഫ്‌ല (Geber Philias Afla), അല്‍ബ്‌റൂജി (Alpetragius) മുതലായവ.

നവോത്ഥാന കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്‍മാരുടെ മതപരമായ വീക്ഷണങ്ങളോടും കാഴ്ചപ്പാടുകളോടുമുള്ള അകല്‍ച്ച കാരണം അവരുടെ ശാസ്ത്രനേട്ടങ്ങളെ രംഗത്തു കൊണ്ടുവരുന്നത് പില്‍കാലത്ത് തടസ്സമായി. ഈ വീക്ഷണം ഒട്ടും ശരിയല്ല. ഉദാഹരണമായി സര്‍സയ്യിദ് അഹ്മദ് ഖാന്റെ മതപരമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്. മതരംഗത്ത് നമുക്ക് യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നുവെച്ച് അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്ന വിശ്വവിഖ്യാതമായ സര്‍വകലാശാലയുടെ സ്ഥാപകനാണ് അദ്ദേഹം എന്ന് അംഗീകരിക്കുന്നതിന് എന്താണ് തടസ്സം?
മുസ്‌ലിം രാഷ്ട്രങ്ങളിലെ ആഭ്യന്തര കലാപങ്ങളും വ്യത്യസ്ത മതസംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ഖണ്ഡനമണ്ഡനങ്ങളും പൂര്‍വിക നവോത്ഥാനത്തെക്കുറിച്ച് പഠനങ്ങളില്‍നിന്ന് അകന്നുപോകാന്‍ കാരണമായി.

പാശ്ചാത്യ നാഗരിക സംസ്‌കാരങ്ങളുടെ സ്വാധീനമുള്ള യൂറോപ്യന്‍മാര്‍ കരുതിക്കൂട്ടിത്തന്നെ മുസ്‌ലിം നവോത്ഥാനത്തെ പില്‍കാല തലമുറകള്‍ക്ക് കിട്ടാത്തവണ്ണം മറച്ചുവെച്ചു. അതിനെക്കുറിച്ചുള്ള അറിവുകള്‍ സിലബസുകളില്‍നിന്ന് ഒഴിവാക്കി. മാത്രമല്ല, അതിന്റെയെല്ലാം കുത്തകക്കാരും അവകാശികളും അമുസ്‌ലിംകളായ യൂറോപ്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരുടെ പേരുകളിലാക്കി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിനെക്കുറിച്ചും ക്വുര്‍ആനിനെക്കുറിച്ചും ആഴത്തില്‍ പഠിക്കാത്തവരും പാശ്ചാത്യനാഗരികതയെക്കുറിച്ച് ഉയര്‍ന്ന മതിപ്പ് വെച്ചുപുലര്‍ത്തി. ഇസ്‌ലാമിനെയും ക്വുര്‍ആനിനെയും കുറിച്ച് അവരുടെ മനസ്സില്‍ അഭിമാനത്തിനുപകരം അപകര്‍ഷതാബോധമാണ് നിലനില്‍ക്കുന്നത്.

ഖുർആനിൽ ശാസ്ത്രസൂചനകളുണ്ടെന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കുന്ന പല പണ്ഡിതന്മാരും ആധുനിക നവോത്ഥാന പ്രസ്ഥാനങ്ങളിൽ പോലും ഉണ്ട് എന്നത് ഒരു വസ്‌തുതയാണ്‌. ചിന്തിക്കാനും പഠിക്കാനും പ്രേരിപ്പിക്കുന്ന ഖുർആനിക വചനങ്ങൾ ഉറങ്ങിക്കിടക്കുന്ന മനസ്സുകൾക്ക് പ്രചോദനമായിത്തീരണം. ശാസ്ത്രത്തോടും ശാസ്ത്രപഠന ഗവേഷണങ്ങളോടുമുള്ള വിമുഖത മാറ്റണം. അബ്ബാസിയ സ്പെയിൻ ശാസ്ത്ര നവോത്ഥാന വീണ്ടും ആവർത്തിക്കുന്നതിനുള്ള ഒരു ഉയർത്തെഴുന്നേല്പിനുള്ള ഒരു വിത്തായി തീരട്ടെ ഈ ഗ്രന്ഥം. എന്ന് പ്രാർത്ഥിച്ചുകൊണ്ട് സർവശക്തനായ അല്ലാഹുവിന്റെ തീരുനാമത്തിൽ ഈ ഗ്രന്ഥം വായനക്കാർക്ക് സമർപ്പിക്കുന്നു.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.