ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -3

//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -3
//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -3
ശാസ്ത്രം / തത്ത്വശാസ്ത്രം

ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -3

ഇബ്‌നു ബത്തൂത്ത (1304-1368)

വിശ്വപ്രസിദ്ധ ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ മുഴുവന്‍ പേര് അബു അബ്ദുല്ല മുഹമ്മദ്ബ്‌നു അബ്ദുല്ലാഹിബ്‌നു ബത്തൂത്ത എന്നാണ്. മൊറോക്കോയിലെ റബാത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. ഭൂമിശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും നിയമത്തിലും പരിജ്ഞാനം നേടി. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ചെറുപ്രായത്തിലേ ആഗ്രഹിച്ചിരുന്നു. അറബി സാഹിത്യത്തിലെ പ്രസിദ്ധമായ സില്‍സിലത്തുത്തവാരീഖ് എന്ന സുലൈമാന്റെ ഗ്രന്ഥമാണ് ഇബ്‌നുബത്തൂത്തയെ ഇന്‍ഡ്യയിലേക്ക് ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യത്തിന്റെ മുഴുവന്‍ പേര് തുഹ്ഫത്തുനുള്ളാര്‍ ഫീ ഗറാഇബില്‍ അംസാര്‍ വ അജാഇബില്‍ അസ്ഫാര്‍ എന്നാണ്.

ആദ്യമായി അലക്‌സാണ്‍ഡ്രിയ, കെയ്‌റോ, ഡമാസ്‌കസ് വഴി ഹജ്ജിന് മക്കയിലെത്തി. പിന്നീട് പേര്‍ഷ്യ, ഇറാക്ക്, യമന്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഏഷ്യാമൈനര്‍ എന്ന തുര്‍ക്കിയുടെ വിവരണത്തില്‍ ഉസ്മാനിയാ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിങ്കടല്‍ കടന്ന് കാക്കസസ് പര്‍വതരാഷ്ട്രങ്ങളിലും മംഗോളിയന്‍ സുല്‍ത്താന്‍ മുഹമ്മദ് ഉസ്ബഗിന്റെ രാജധാനിയിലും സന്ദര്‍ശിച്ചു. അവിടുന്ന് കോണ്‍സ്റ്റാന്റിനേപ്പ്ള്‍ (ഇസ്താംബൂള്‍) വഴി ബള്‍ഗേറിയയിലും ട്രാന്‍സ് ഓക്‌സിയാനയിലും, മധ്യേഷ്യയിലെ പുല്‍മേടുകള്‍ കടന്ന് ഉസ്ബക്കിസ്ഥാനിലെ ബുഖാറയിലും ഖുറാസാനിലും ദീര്‍ഘകാലം സഞ്ചരിച്ചു. ഹിന്ദുക്കുഷ് പര്‍വതനിരകള്‍ കടന്ന് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്‍ഡ്യയിലുമെത്തി. (സര്‍വവിജ്ഞാനകോശം: 206-207)

മുഹമ്മദ്ബ്ന്‍ തുഗ്ലക്കിന്റെ കാലത്താണ് ഇന്‍ഡ്യയിലെത്തിയത്. ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ തുഗ്ലക്ക് ജഡ്ജിയായി നിയമിച്ചു. തുഗ്ലക്കിന്റെയും മുഹമ്മദ് ഷായുടെയും അടിമവംശത്തിന്റെയും ഭരണത്തെക്കുറിച്ച് വ്യക്തമായി എഴുതി. ഇന്‍ഡ്യാചരിത്രത്തെക്കുറിച്ച് പക്ഷാപാതിത്വമില്ലാത്ത ഒരു ചരിത്രവിവരണമാണ് അദ്ദേഹം എഴുതിയത്. എന്നാൽ മുഹമ്മദ്‌ബ്‌ൻ തുഗ്ലക്കുമായി അഭിപ്രായവ്യത്യാസങ്ങൾ കാരണം തുഗ്ലക്കിനെ കുറിച്ച് എഴുതിയ പലതും വ്യാജമായിരുന്നു എന്ന് അഭിപ്രായമുണ്ട്.
1342ല്‍ കേരളത്തിലെത്തി. എത്ര ലളിതവും നിഷ്‌കളങ്കവുമായ വിവരണമാണ് അദ്ദേഹത്തിന്റെ കൃതി എന്ന് വായനാക്കാര്‍ക്ക് ബോധ്യപ്പെടും. ഓരോ ചെറിയ പുതുമകളും അദ്ദേഹം രേഖപ്പെടുത്താന്‍ മറന്നിട്ടില്ല. കൂട്ടുകാരുടെ കൂടെ ചൈനയിലേക്ക് പുറപ്പെടാന്‍വേണ്ടി കോഴിക്കോട്ടുനിന്ന് കപ്പല്‍ കയറിയ അദ്ദേഹത്തിന്റെ കപ്പല്‍ കൊടുങ്കാറ്റില്‍പെട്ട് തകര്‍ന്നു. ഭര്യ ഉള്‍പ്പെടെ കുറേപ്പേര്‍ മരണപ്പെട്ടു.

കേരളത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിവരണം നോക്കൂ: ”മലബാറിലെപ്പോലെ നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു പ്രദേശവും ലോകത്തെവിടെയും ഞാന്‍ കണ്ടിട്ടില്ല. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും ഇത്ര കടുത്ത ശിക്ഷ നല്‍കുന്ന രാജ്യവും അപൂര്‍വമാണ്. നാളികേരം മോഷ്ടിച്ചാല്‍ പോലും വധശിക്ഷയായിരുന്നു നല്‍കിയിരുന്നത്. ഉടമസ്ഥന്‍ വരുന്നതുവരെ വീണുകിടക്കുന്ന നാളികേരം അവിടെ കിടക്കും. മലബാറില്‍ 12 രാജാക്കന്‍മാരായിരുന്നു. അവരില്‍ മുസ്‌ലിംകള്‍ ആരുമില്ല. രാജാക്കന്‍മാര്‍ക്ക് 3000 മുതല്‍ 5000 വരെ സൈനികര്‍ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ യാതൊരു പിണക്കവുമില്ലായിരുന്നു.”

കേരളത്തിലെ ഉല്‍പന്നങ്ങളായ ചക്ക, മാങ്ങ, കുരുമുളക്, നാളികേരം മുതലായവയെക്കുറിച്ചെല്ലാം വിവരിച്ചിട്ടുണ്ട്. കവുങ്ങും പ്ലാവും അടുത്തുനില്‍ക്കുന്ന സ്ഥലത്ത് ചക്ക കവുങ്ങിന്റെ പഴമാണെന്ന് തെറ്റിദ്ധരിക്കുന്നതും എഴുത്തില്‍ കാണാം. കേരളത്തില്‍നിന്ന് ശ്രീലങ്കയിലെത്തി ആദം മലകയറി. അതിനുശേഷം മാലദ്വീപ് സന്ദര്‍ശിച്ച് ബംഗാളില്‍ എത്തി. ബംഗ്ലാദേശിലെ ധാക്ക സന്ദര്‍ശിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര, ചൈനയിലെ ചിംചിയാങ്, കാന്റണ്‍, ബെയ്ജിങ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. പേര്‍ഷ്യ, മെസപ്പൊട്ടേമിയ, സിറിയ, ഈജിപ്ത്, സ്‌പെയിന്‍ വഴി മൊറോക്കോയിലെ ടാഞ്ചീറിലെത്തി.

ആഫ്രിക്കന്‍ വനാന്തരങ്ങളും സഹാറ മരുഭൂമിയും പിന്നിട്ട് തന്റെ അനുഭവങ്ങള്‍ വര്‍ധിപ്പിച്ചു. യാത്രാവിവരണം ഗ്രന്ഥരൂപത്തിലാക്കാന്‍ 1355ല്‍ ഇബ്‌നു ഈസായി എന്ന എഴുത്തുകാരന്റെ സഹായം ലഭിച്ചു. 1368ല്‍ ജന്മനാനാടായ മൊറോക്കയിലെ ടാൻജീറിൽ തന്നെ മരണപ്പെട്ടു. മലയാളത്തിലും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇബ്‌നു ഖല്‍ദൂന്‍

ചരിത്രകാരന്‍, സഞ്ചാരസാഹിത്യകാരന്‍, സാമൂഹ്യശാസ്ത്രജ്ഞന്‍, തത്ത്വജ്ഞാനി തുടങ്ങിയ മേഖലകളില്‍ പ്രസിദ്ധനായ അബൂസൈദ് അബ്ദുര്‍റഹ്മാനുബ്‌നു മുഹമ്മദ്ബ്‌നു ഖല്‍ദൂന്‍ ടുണീഷ്യയില്‍ ജനിച്ചു. സ്പാനിഷ് (അന്തലൂസ്യന്‍) കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് ടുണീഷ്യയിലേക്ക് മാറി താമസിച്ചു. സഹോദരന്‍ യഹ്‌യ ഖല്‍ദൂനും എഴുത്തുകാരനും ചരിത്രകാരനും ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ ക്വുര്‍ആന്‍ മനഃപാഠമാക്കി. ഹദീഥ്, ഇസ്‌ലാമിക ശരീഅത്ത് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചു. ഇബ്‌നു റുശ്ദ്, ഇബ്‌നു സീന, റാസി, നാസിറുദ്ദീനുത്തൂസി തുടങ്ങിയവരുടെ ജീവചരിത്രം അദ്ദേഹത്തെ സ്വാധീനിച്ചു. 17 വയസ്സായപ്പോള്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥനായ ഇബ്‌നു ഖല്‍ദൂന്‍ അക്കാലത്ത് ഏറ്റവും പ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍ മുഹമ്മദുബ്‌നു റാഹീമുല്‍ ആബിലിയുടെ കീഴില്‍ അഞ്ച് വര്‍ഷം വിദ്യാഭ്യാസം നടത്തി.

മൊറോക്കോയിലും സ്‌പെയിനിലുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സേവനങ്ങള്‍ അധികവും. ഒരു ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് തെറ്റിദ്ധരിച്ച് ഇബ്‌നു ഖല്‍ദൂനെ ജയിലിലടച്ചു. ഒരു വര്‍ഷത്തിനുശേഷം മോചിതനായി. 1362ല്‍ അദ്ദേഹം സ്‌പെയിനിലെ ഗ്രാനഡയിലേക്ക് മാറി താമസിച്ചു. അവിടുത്തെ ഖത്തീബുമായി അഭിപ്രായഭിന്നതിയിലായതിനാല്‍ അള്‍ജീരിയയിലേക്ക് പോയി. അള്‍ജീരിയയിലെ ബുജി നഗരമേധാവിയായി. പിന്നീട് ടുണീഷ്യയിലേക്ക് തിരിച്ചുവന്നു. 1382 മുതല്‍ 25 വര്‍ഷക്കാലം ഈജിപ്തിലായിരുന്നു. അക്കാലത്ത് കെയ്‌റോയിലെ അല്‍ അസ്ഹർ സർവ്വകലാശാലയിൽ അധ്യാപകനായി. നിയമവിദ്യാലയ മേധാവിയായി. ഈജിപ്ത്, പശ്ചിമ അറേബ്യ, സിറിയ എന്നീ രാജ്യങ്ങളില്‍ സഞ്ചരിച്ചു. ദീര്‍ഘമായ ആത്മകഥ എഴുതി.

ഗ്രന്ഥങ്ങള്‍

അല്‍മുഖദ്ദിമയാണ് ഏറ്റവും പ്രസിദ്ധമായ കൃതി. പ്രാചീന മുസ്‌ലിം ചരിത്രത്തെക്കുറിച്ച് ഒരു സമഗ്രമായ നിരൂപണ പഠനമാണിത്. മുഖദ്ദിമ മലയാളത്തില്‍ മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴു വാള്യങ്ങളുള്ള കിതാബുല്‍ ഇബാര്‍, ലുബാബുല്‍ മുഹസ്വല്‍ ഫീ ഉസൂലുദ്ദീന്‍, ശിഫാ ഉസ്സൈലിലിതാഹ് ദീബുല്‍ മസാഇല്‍ തുടങ്ങി പല കൃതികളും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട്. ചരിത്രം എഴുതിയാല്‍ മാത്രം പോര എന്നും സാമൂഹ്യശാസ്ത്ര വീക്ഷണത്തോടെ ചരിത്രത്തെ വിലയിരുത്തണമെന്നും ആണ് ഇബ്‌നു ഖല്‍ദൂന്റെ വീക്ഷണം. യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് ചരിത്രശാസ്ത്രം (Historiography), സാമൂഹ്യശാസ്ത്രം എന്നിവയുടെ പിതാവ്. വിവിധ സംസ്‌കാരങ്ങളെക്കുറിച്ച അദ്ദേഹത്തിന്റെ പഠനങ്ങള്‍ അവയുടെ ഉത്ഥാന പതനങ്ങളെയും അവയുടെ കാരണങ്ങളെയും വിലയിരുത്തുന്നു എന്നതിനാല്‍ പില്‍കാല നൂറ്റാണ്ടില്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് ചരിത്രം മാത്രമല്ല, സംസ്‌കാരങ്ങളിലെ തെറ്റുകള്‍ തിരുത്താനും നന്മയുടെ മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളാനും വളരെയധികം ഉപകാരപ്പെടുന്നു എന്നത് സാധാരണ ചരിത്രകാരന്‍മാരില്‍നിന്നും എന്തുകൊണ്ടും അദ്ദേഹത്തെ വേര്‍തിരിച്ചുനിറുത്തുന്നു. (സര്‍വവിജ്ഞാനകോശം വാള്യം 4 പേജ് 204-205)

അല്‍ ബറൂനി (973-1050)

അബൂ റയ്ഹാന്‍ മുഹമ്മദ് ബ്‌നു അഹ്മദുല്‍ ബറൂനി എന്നാണ് മുഴുവന്‍ പേര്. ഉസ്ബക്കിസ്ഥാനിലെ ഖുവാര്‍സമിന്ന് സമീപത്തെ കാത്ത് എന്ന സ്ഥലത്ത് ജനിച്ച അല്‍ബറൂനി സഞ്ചാരസാഹിത്യത്തിലാണ് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതെങ്കിലും, ഭൗമപഠനം, സാമൂഹ്യശാസ്ത്രം, ഊര്‍ജതന്ത്രം, നരവംശശാസ്ത്രം, ഗോളശാസ്ത്രം, രസതന്ത്രം, ചരിത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, മനഃശാസ്ത്രം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങി അനേകം ശാസ്ത്ര-മാനവിക വിജ്ഞാന ശാഖകളില്‍ കഴിവ് തെളിയിച്ച മഹാനാണ്. പേര്‍ഷ്യന്‍, അല്‍ഖവാരിസ് മിയന്‍, അറബി, സംസ്‌കൃതം, ഗ്രീക്ക്, ഹിബ്രു, സിറിയന്‍ എന്നീ ഭാഷകള്‍ അറിയുന്ന ബഹുഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. മഹ്മൂദ് ഗസനിയുടെ ആസ്ഥാനമായിരുന്ന അഫ്ഗാനിസ്ഥാനിലെ ഗസനിയില്‍ അദ്ദേഹം കുറേവര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. മഹ്മൂദ് ഗസനിയുടെ കൂടെ 1017ല്‍ ഇന്‍ഡ്യയില്‍ വന്ന അദ്ദേഹം 13 വര്‍ഷം ഇവിടെ താമസിച്ചു. ഹിന്ദു ആചാര്യന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചു. സംസ്‌കൃതം പഠിച്ചു. ഇന്‍ഡ്യയെക്കുറിച്ച് അദ്ദേഹം എഴുതിയ കിതാബുല്‍ ഹിന്ദ് എന്ന ഗ്രന്ഥം മധ്യകാല ഭാരതചരിത്ര വിജ്ഞാനകോശമാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ഇന്‍ഡ്യന്‍ സംസ്‌കാരവും ചരിത്രവും യൂറോപ്പിന് പരിചയപ്പെടുത്തുന്നതില്‍ ഈ ഗ്രന്ഥം വളരെകൂടുതല്‍ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു മുസ്‌ലിമായ വ്യക്തി സംസ്‌കൃതവും വേദങ്ങളും പഠിക്കുന്നതിന് ഒട്ടും അനുകൂലമല്ലാത്ത, അയിത്തം എന്ന ജാതീയ അസ്പര്‍ശ്യതകള്‍ നിലനിന്നിരുന്ന കാലത്ത് തന്റെ ലക്ഷ്യം നിറവേറ്റുന്നതില്‍ അസാമാന്യമായ ദൃഢനിശ്ചയമാണ് കാഴ്ചവെച്ചത്.

പച്ചമരുന്നുകള്‍ അടിസ്ഥാനമാക്കിയുള്ള ആയുര്‍വേദത്തെയും അതിന്റെ പ്രധാന ഉപജ്ഞാതാക്കളില്‍ ഒരാളായ നാഗാര്‍ജുനനെയും കുറിച്ച് പഠിക്കാനും മധ്യകാല ഇന്‍ഡ്യയെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാന്‍ പറ്റിയ ആധികാരിക ഗ്രന്ഥമായ കപിലന്റെ സാംഖ്യവും പതഞ്ജലി സൂത്രവും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്‍ഡ്യയില്‍ സഞ്ചരിച്ച് ഹൈന്ദവ പണ്ഡിതന്‍മാരെ കണ്ട് സംശയങ്ങള്‍ ചോദിച്ചറിയുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ജ്യോമട്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും പുതിയ സൂത്രവാക്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പ്രകൃതിശാസ്ത്രവും ഭൗതികശാസ്ത്രവും അദ്ദേഹം ആഴത്തില്‍ പഠിച്ചു. ലോഹങ്ങളുടെയും കല്ലുകളുടെയും സാന്ദ്രത കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി. സ്വര്‍ണം, രസം, ചെമ്പ്, പിച്ചള, ഇരുമ്പ്, നാകം, കാരീയം തുടങ്ങിയ ലോഹങ്ങളുടെ സാന്ദ്രത കണ്ടെത്താന്‍ ഉപകരണങ്ങള്‍ കണ്ടെത്തുകയും സാന്ദ്രത അളക്കുന്ന രീതി വിശദീകരിച്ച് എഴുതുകയും ചെയ്തു. വസ്തുക്കളുടെ ഏറ്റവും ചെറിയ അംശത്തെയും പരമാണുവിനെയും കുറിച്ചുള്ള ഗവേഷണം നടത്തണമെന്നും അതുകൊണ്ടുണ്ടാകാവുന്ന നേട്ടങ്ങള്‍ വളരെ വലുതായിരിക്കുമെന്നും പ്രവചിച്ചു. ആറ്റമിക് എനര്‍ജി പ്രായോഗികമായി തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും അതിന്റെ അനന്തസാധ്യതകള്‍ അദ്ദേഹം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു.

ഭൂമിശാസ്ത്രത്തിലും അല്‍ബറൂനി എഴുതിയിട്ടുണ്ട്. സിന്ധു താഴ്‌വര ആദ്യകാലത്ത് ജലാശയമായിരുന്നു എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ആധുനികകാലത്തുപോലും ചര്‍ച്ചകള്‍ക്കും ഗവേഷണത്തിനും വക നല്‍കുന്നു. അദ്ദേഹം ഇന്‍ഡ്യയെക്കുറിച്ച് എഴുതിയ ഗ്രന്ഥം അല്‍ബറൂനി കണ്ട ഇന്‍ഡ്യ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അല്‍ബറൂനിയേക്കാള്‍ വലിയ ഒരു ബഹുമുഖ ശാസ്ത്രജ്ഞനെ കണ്ടെത്താന്‍ കഴിയാത്തത്രയും വിജ്ഞാനശാശകളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്‍ഡ്യയെക്കുറിച്ചുള്ള തഹ്ഖീഖുല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ ഇന്‍ഡ്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക അവസ്ഥകളും ഹിന്ദു മതത്തെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെടുന്നു. കാശ്മീരിലും ബനാറസിലും മറ്റും ഒതുങ്ങി നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മുസ്‌ലിംകളെ മ്ലേച്ഛന്മാരായി കാണുകയും അകറ്റുകയും ചെയ്യുന്ന ജാതീയവ്യവസ്ഥയെ അദ്ദേഹം വിമര്‍ശിക്കുകയും ഇസ്‌ലാമിന്റെ മാനവികത ഇന്‍ഡ്യക്കാര്‍ മനസ്സിലാക്കണമെന്നും ഓര്‍മിപ്പിച്ചു.
വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ഭാരതീയ ജനതയിലുള്ള സ്വാധീനത്തെയും ആര്യന്‍മാരുടെ സംസ്‌കാരത്തെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. ഗ്രീസിലെയും ഇന്‍ഡ്യയിലെയും ഈജ്പിതിലെയും ശാസ്ത്രീയ പുരോഗതി താരതമ്യം ചെയ്തു. ഗണിതശാസ്ത്രത്തിലും അക്കങ്ങള്‍ ഉപയോഗിക്കുന്നതിലും കാലഗണനാ സമ്പ്രദായത്തിലും പ്രാചീന ജ്യോതിശാസ്ത്രത്തിലും ഇന്‍ഡ്യയിലെ വിജ്ഞാനത്തെ അദ്ദേഹം പ്രശംസിച്ചു. ജ്യോതിഷത്തിന് വേണ്ടിയാണെങ്കിലും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളും ചലനങ്ങളും സംബന്ധിച്ച വിജ്ഞാനവും അക്ഷാംശ രേഖാംശ രേഖകള്‍, കാലാവസ്ഥയില്‍ അവയുടെ സ്വാധീനം, രാജ്യങ്ങള്‍ തമ്മിലുള്ള അകലങ്ങള്‍, ഭൂഗോളത്തിന്റെ ആകൃതി, അത് ഭൂപടമാക്കുന്ന രീതി, അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറത്ത് ജനവാസമുള്ള കരപ്രദേശം ഉണ്ടെന്ന പ്രവചനം, ഭൂമിയില്‍ സംഭവിക്കുന്ന ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍, കടല്‍ കരയായും കര കടലായും മാറുന്നതും അതിനുള്ള തെളിവുകളും, സിന്ധു നദീതടങ്ങളില്‍ ഉദ്ഖനന ഗവേഷണങ്ങള്‍ നടത്തിയാല്‍ പുരാജീവി വിജ്ഞാനത്തില്‍ അമൂല്യ വിജ്ഞാനങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രവചനം, സൗരയൂഥത്തിലെ ഗ്രഹങ്ങളുട അളവുകള്‍, നക്ഷത്രങ്ങളിലേക്കുള്ള ദൂരം, പ്രകാശം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നത് മുതലായ അനേകം വിജ്ഞാനങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കപ്പെട്ടു.

അല്‍ ബറൂനിയുടെ നൂറ്റാണ്ടുകള്‍ക്കുശേഷം യൂറോപ്പില്‍നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഇന്‍ഡ്യയിലെത്താമെന്ന് മനസ്സിലാക്കിയ ക്രിസ്റ്റോഫര്‍ കൊളംബസ് യാദൃശ്ചികമായി അമേരിക്കാ വന്‍കര കണ്ടെത്തിയപ്പോള്‍ അല്‍ ബറൂനിയുടെ പ്രവചനം യാഥാര്‍ത്ഥ്യമായി. ഉത്തരധ്രുവത്തില്‍ ആറുമാസം തുടര്‍ച്ചയായി രാത്രിയും ആറുമാസം തുടര്‍ച്ചയായി പകലുമാണ് എന്ന് ധ്രുവപ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കാലത്താണ് അല്‍ ബറൂനി വ്യക്തമാക്കിയത്. ഭൂമിയുടെ ഗോളാകൃതിയെയും സ്വന്തം അച്ചുതണ്ടിലും സൂര്യനുചുറ്റുമുള്ള ചലനത്തെയും അച്ചുതണ്ടിന്റെ ചെരിവിനെയും കുറിച്ചുള്ള വ്യക്തമായ ധാരണയാണ് അതിന് കാരണമാക്കിയത്. കൊളംബസ് ഭൂമി ചുറ്റി യാത്ര ചെയ്യുന്നതിന് മുമ്പ് ഭൂമി പരന്നതാണെന്ന വിശ്വാസക്കാരായിരുന്നു മുസ്‌ലിംകള്‍ എന്ന ആരോപണം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ പഠനങ്ങള്‍.

അല്‍ ബറൂനി എഴുതിയ 180ല്‍പരം ഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ചിരുന്നു. അല്‍ ബറൂനി ഫില്‍ മസ്ഊദി ഫില്‍ ഹൈഅത്തി വന്നുജൂം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥവും അത്തഫ്ഹീമുലിഅവാഇലിസ്വിനാ അത്തിത്തന്‍ളീം എന്ന തൊഴിലും അവയുടെ വിഭവനജവും സംബന്ധിച്ച ഗ്രന്ഥവും വളരെ ആധികാരികമാണ്. മുകളില്‍ പറഞ്ഞ ഗോളശാസ്ത്രഗ്രന്ഥം മഹ്മൂദ് ഗസനിയുടെ മകന്‍ മസ്ഊദിന് സമര്‍പ്പിച്ചു. ഒരു ആനയ്ക്ക് ചുമക്കാവുന്ന വെള്ളി പാരിതോഷികം നല്‍കിയെങ്കിലും അദ്ദേഹം അത് മുഴുവനും പൊതുഖജനാവിലേക്ക് ദാനം ചെയ്തു. സഞ്ചരിക്കുന്ന സര്‍വവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന അല്‍ ബറൂനിയുടെ ജന്മത്തിനുശേഷം ആയിരം വര്‍ഷം തികഞ്ഞ 1973ല്‍ യുനസ്‌കോയും ഓറിയന്റലിസ്റ്റ് കോണ്‍ഗ്രസും സഹസ്രാബ്ദി ആഘോഷിച്ചു. 1971ലും 72ലും താഷ്‌കന്റില്‍ അല്‍ ബറൂനിയെക്കുറിച്ച് ശാസ്ത്രസമ്മേളനങ്ങള്‍ നടന്നു.

സ്‌പെയിനിലെ ശാസ്ത്രനാഗരിക നവോത്ഥാനം

അമേരിക്കയിലെ കൊളംബിയ, പ്രിന്‍സ്ട്ടൺ എന്നീ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസറായിരുന്ന Dr. Philip K. Hitti തന്റെ History of The Arabs എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു.

“Muslim Spain wrote one of the brightest chapters in the history of medieval Europe. Between the middle of the eight and the beginning of the thirteenth centuries, the Arabic-speaking people were the main bearers of the torch of culture and civilization throughout the world. Moreover they were the medium through which ancient science and philosophy were recovered supplemented and transmitted such a way as to make possible the renaissance of europe.” (Page: 557)

മധ്യകാല യൂറോപ്പിന്റെ ബുദ്ധിപരമായ ചരിത്രത്തിലെ അത്യന്തം ശോഭനമായ അധ്യായങ്ങളില്‍ ഒന്ന് മുസ്‌ലിം സ്‌പെയിന്‍ രചിച്ചു. നാം മുമ്പ് വായിച്ചതുപോലെ എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ ലോകത്തുടനീളമുള്ള സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദീപശിഖാവാഹകര്‍ അറബി സംസാരിക്കുന്ന ജനതയാണ്. പുരാതന ശാസ്ത്രവും തത്ത്വചിന്തയും വീണ്ടെടുക്കുകയും പരിപോഷിപ്പിക്കുകയും പ്രേഷണം ചെയ്യപ്പെടുകയും വഴി യൂറോപ്പിന്റെ നവോത്ഥാനത്തിന് അടിത്തറ ഒരുക്കിയത് അവരാണ്.

ക്രിസ്താബ്ദം 711 മുതല്‍ 1492 വരെയുള്ള 781 വര്‍ഷം അറബ് മുസ്‌ലിംകളായിരുന്നു സ്‌പെയിന്‍ ഭരിച്ചിരുന്നത്. ഉമവീ ഖലീഫ വലീദുബ്‌നു അബ്ദുല്‍ മാലികിന്റെ കീഴില്‍ ഉത്തരാഫ്രിക്കന്‍ ഗവര്‍ണര്‍ ആയിരുന്ന മുസബ്‌നു നസ്വീര്‍ നിയോഗിച്ച ത്വാരിഖ്ബ്‌നു സിയാദ് എന്ന സേനാനായകന്‍ ആഫ്രിക്കയിലെ മൊറോക്കോയില്‍നിന്ന് 13 കിലോമീറ്റര്‍ വീതിയുള്ള ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് യൂറോപ്പിലെ സ്‌പെയിന്‍ കീഴടക്കി. ക്രിസ്താബ്ദം 711ലായിരുന്നു ഈ സംഭവം. അതിനുശേഷം എട്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ബനൂഹമൂദ്, ബനൂസയ്ര്‍, ബനൂഹൂദ്, ബനൂദുനൂര്‍, ബനൂഅബ്ബാദ്, മുറാബിത്വ്, മുവഹ്ഹിദ്, തോര്‍മത്ത് തുടങ്ങിയ മുസ്‌ലിം വംശങ്ങള്‍ സ്‌പെയിന്‍ ഭരിച്ചു. എന്നാല്‍ സ്‌പെയിനിലെ നവോത്ഥാന ചരിത്രത്തില്‍ എടുത്തുപറയേണ്ട സംഭവം ഉമവിയ്യ രാജകുമാരനായ അബ്ദുറഹ്മാന്‍ ഒന്നാമന്‍ അബ്ബാസിയാ കൂട്ടക്കൊലയില്‍ നിന്ന് ഒളിച്ചോടി തന്റെ വിശ്വസ്ത സഹായിയായ ബദ്‌റിന്റെ കൂടെ നീണ്ട അഞ്ചുവര്‍ഷം കൊണ്ട് വേഷപ്രച്ഛന്നനായി സിറിയ മുതല്‍ സീനായും, സഹാറ മരുഭൂമിയും അറ്റ്‌ലസ് പര്‍വതനിരകളും കടന്ന് നടത്തിയ യാത്ര ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. വിശപ്പടക്കാന്‍ ഒരു റൊട്ടിക്കഷ്ണമോ അത് വാങ്ങാന്‍ ഒരു ദിര്‍ഹമോ പോലും കയ്യിലില്ലാതെ വിദൂരമായ സ്‌പെയിനിലേക്ക് എത്തിയ അബ്ദുറഹ്മാന്‍ സ്‌പെയിനിലെ നടത്തിയ 32 വര്‍ഷത്തെ ഭരണം സ്‌പെയിനിനെ വിദ്യാഭ്യാസ പുരോഗതിയില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്.

കൊര്‍ഡോവയില്‍ ഖലീഫയുടെ കൊട്ടാരത്തിലെ ലൈബ്രറിയില്‍ നാലുലക്ഷം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക പ്രിന്റിങ് ടെക്‌നോളജി നിലവിലുള്ള ഈ കാലത്ത് പല കോളേജ് ലൈബ്രറികളില്‍ പോലും നാലു ലക്ഷം ഗ്രന്ഥങ്ങള്‍ ഉണ്ടാകില്ല. മുസ്‌ലിം സ്‌പെയിന്‍ നല്‍കിയ മഹത്തായ സംഭാവനകളെപ്പറ്റി ഡോ. കെ അജ്‌റം തന്റെ The Miracle of Islamic Science എന്ന ഗ്രന്ഥത്തില്‍ എടുത്തുപറയുന്നുണ്ട്.

മുസ്‌ലിം സ്‌പെയിന്‍ അന്‍ദുലുസ് എന്ന പേരിലാണ് അറബിയില്‍ അറിയപ്പെടുന്നത്. അക്കാലത്ത് മുസ്‌ലിംകള്‍ എത്തിപ്പെട്ട ഏതുനാടുകളിലും വിദ്യാഭ്യാസം അവരുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിരുന്നു. ക്വുര്‍ആനും ഇസ്‌ലാമും ആയിരുന്നു അവരുടെ പ്രചോദനം. മധ്യകാലഘട്ടത്തില്‍ ലോകത്തിലെ മിക്ക പ്രദേശങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന കാലഘട്ടത്തില്‍ സ്‌പെയിനിലും അബ്ബാസിയ ഭരണപ്രദേശങ്ങളിലും സാക്ഷരത മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ശാസ്ത്രനാഗരിക സാംസ്‌കാരിക നവോത്ഥാനവും വ്യാപകമായിരുന്നു. ലോകം മുഴുവനും സ്ത്രീകള്‍ക്ക് എഴുത്തും വായനയും നിഷേധിച്ച കാലത്ത് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസം കണ്ട് ചരിത്രകാരന്‍മാര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

മുസ്‌ലിം സ്‌പെയിനിലെ പ്രധാന നഗരങ്ങളെല്ലാം ലോകപ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കോര്‍ഡോവ, ഗ്രാനഡ, സെവില്ല, മലാഗ എന്നീ പ്രധാന നഗരങ്ങളില്‍ ഉന്നതപഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. മതപരമായ വിഷയങ്ങള്‍ മാത്രമല്ല, അസ്‌ട്രോണമി, ഗണിതശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, നിയമം, രസതന്ത്രം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പഠനവും ഗവേഷണവും ഉണ്ടായിരുന്നു.

ആധുനിക യൂറോപ്പിന്റെയും അമേരിക്ക ഉള്‍പ്പെടുന്ന പാശ്ചാത്യ ലോകത്തിന്റെയും ശാസ്ത്രനാഗരിക മുന്നേറ്റത്തിന്റെ അടിസ്ഥാനകാരണം മധ്യകാല ഇസ്‌ലാമിക നവോത്ഥാനമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

അറബ് മുസ്‌ലിം ശാസ്ത്രജ്ഞന്‍മാരിലൂടെ യൂറോപ്പിലുണ്ടായ ശാസ്ത്രനവോത്ഥനം ശാസ്ത്രരംഗത്ത് മാത്രമല്ല വിവിധ മതക്കാര്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനും കാരണമായി. ഒരു മുസ്‌ലിമും ഒരു ജൂതനും ഒരു ഗ്രീക്കുകാരനും ഒരു ക്രിസ്ത്യാനിയും ചേര്‍ന്നുണ്ടാക്കിയ സാലര്‍നോയിലെ മെഡിക്കല്‍ സ്‌കൂളിലൂടെ യൂറോപ്യന്‍മാര്‍ അറബ് വൈദ്യശാസ്ത്രരംഗത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചു. അസ്സാഹ്‌റാവിയുടെ തസ്‌രീഫും അര്‍റാസിയുടെ അല്‍ഹാവിയും ഇബ്‌നുസീനയുടെ അല്‍ഖാനൂന്‍ ഫിത്ത്വിബ്ബും ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ജെറാഡോഫ് ക്രിമോണയും ഇബ്‌നു ജസ്‌ല തഖ്‌വീമുല്‍ അബ്ദാന്‍ ഭാഷാന്തരം ചെയ്ത ഫര്‍റാജ്ബ്‌നു സലീമും സാലര്‍ണോ മെഡിക്കല്‍ സ്‌കൂളിന്റെ സ്ഥാപകരില്‍ പ്രധാനികളായിരുന്നു.

വൈദ്യശാസ്ത്രത്തിലെ സിറപ്പ് അറബിയില്‍ പാനീയം എന്ന അര്‍ത്ഥം വരുന്ന ശറാബ് ആല്‍ക്കഹോള്‍ എന്നത് അറബിയിലെ അല്‍ കുഹ്‌ലും മലയാളികള്‍ വയറിളക്കാന്‍ ഉപയോഗിക്കുന്ന സുന്നാമാക്കി അറബിയിലെ സന്നാഅ്മക്കി അഥവാ മക്കയിലെ മൈലാഞ്ചിയും ആല്‍ക്കലി എന്ന പദം അറബിയിലെ അല്‍ഖാലിയും ആണ്. ദൈവികഗ്രന്ഥമായ ക്വുര്‍ആനില്‍നിന്ന് പ്രചോദനം ഉൾകൊണ്ട് മദീനയില്‍നിന്ന് മുഹമ്മദ് നബിയുടെ ഇസ്‌ലാമിക പ്രബോധനത്തിലൂടെ വളര്‍ന്ന് പന്തലിച്ച നവോത്ഥാന വൃക്ഷം സ്‌പെയ്‌നിലെ ടൊളേഡോ, പിറനീസ്, ആല്‍പ്‌സ് പര്‍വതനിരകളും ലോറെയ്‌നും ജര്‍മനിയും ഫ്രാന്‍സും കടന്ന് ഇംഗ്ലീഷ് ചാനല്‍ വരെ എത്തി. ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍വെച്ച് 1140ല്‍ റെയ്മണ്ട് ടൊളേഡോ ഗ്രഹപ്പട്ടികയനുസരിച്ച് അസ്‌ട്രോണമിയില്‍ ഗവേഷണപഠനം നടത്തിയതും ടൂഈസില്‍വെച്ച് 1143ല്‍ ടോളമിയുടെ പ്ലാനിസിഫോറിയം എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയതും നാര്‍ബോണില്‍വെച്ച് അബ്രഹാം എസ്ര 1160ല്‍ അത് ഖവാരിസ്മിയുടെ ഗ്രഹപ്പട്ടികക്ക് വിശദീകരണം എഴുതിയ വിഖ്യാതഗ്രന്ഥം ഉപയോഗിച്ച് മോണ്ട് പിഗ്ലര്‍ യൂറോപ്പിലെ വാനശാസ്ത്രഗവേഷണം പുരോഗമിപ്പിച്ചതുമെല്ലാം അറബ് മുസ്‌ലിം നവോത്ഥാനത്തിന്റെ തുടര്‍ച്ചയായ നേട്ടങ്ങളായിരന്നു. അക്കാലത്ത് അറബ് ഭാഷ പഠിക്കുന്നതും അറബ് മുസ്‌ലിം ശാസ്ത്രജ്ഞരുടെ അനുയായിയാണ് എന്നു പറയുന്നതും അഭിമാനകരമായിരുന്നു യൂറോപ്പിലെ ക്രിസ്ത്യന്‍ യുവാക്കള്‍ക്കും പുരോഹിതന്‍മാര്‍ക്കും. കിഴക്കന്‍ ഫ്രാന്‍സിലെ ക്ലെണിയില്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ചില്‍വെച്ച് അറബ് ശാസ്ത്രജ്ഞരുടെ വാനശാസ്ത്രം പഠിക്കാന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. ജര്‍മനിയിലെ ലോറെയ്‌നും ലിഷേയും ഗോര്‍ഷെയും കോള്‍ഗ്നെയുമെല്ലാം അറബ് ശാസ്ത്രപഠന കേന്ദ്രങ്ങളായിരുന്നു. ജര്‍മനിയില്‍നിന്ന് വിജ്ഞാനം ഇംഗ്ലണ്ടിലേക്കും വ്യാപിച്ചു. ക്രിസ്താബ്ദം 953ല്‍ ജര്‍മനിയിലെ രാജാവായ ഓട്ടോലൊതാര്‍ജിയന്‍ ക്രിസ്ത്യന്‍ സന്യാസിയായ ജോണിനെ കൊര്‍ഡോവയിലെ മുസ്‌ലിം സര്‍വകലാശാലയിലേക്ക് അയച്ച് മൂന്ന് വര്‍ഷം അവിടെ താമസിക്കാന്‍ വേണ്ട ചെലവുകള്‍ എല്ലാം നല്‍കി അറബി ഭാഷയും ശാസ്ത്രവും പഠിപ്പിച്ച് ജര്‍മനിയില്‍ തിരിച്ചുകൊണ്ടുവന്നതും നിരവധി ശാസ്ത്രഗ്രന്ഥങ്ങള്‍ ജര്‍മനിയിലേക്ക് കൊണ്ടുവന്നതുമെല്ലാം യൂറോപ്യന്‍മാര്‍ക്ക് അറബ് മുസ്‌ലിം ശാസ്ത്ര നവോത്ഥാനത്തോടുള്ള മതിപ്പ് കാരണമായിരുന്നു. (അവലംബം: ശാസ്ത്രപരീക്ഷണം ക്വുര്‍ആനില്‍, പേജ് 151-153) ചുരുക്കത്തില്‍ മധ്യകാലഘട്ടത്തില്‍ ശാസ്ത്രമുന്നേറ്റത്തിന്റെ നേട്ടങ്ങള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് ക്രിസ്ത്യാനികളും പാശ്ചാത്യലോകവുമാണ്.

2017ല്‍ സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയ പോലും ഇവിടെ പറഞ്ഞ നവോത്ഥാനത്തിന്റെ ഉജ്വല കേന്ദ്രമായിരുന്നു. അതിന്റെ തലസ്ഥാനമായ ബാഴ്‌സലോണ (അറബിയില്‍ ബര്‍ശലൂന) മുസ്‌ലിം ഭരണകാലത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിരുന്നു.

അല്‍ ഖുജന്‍ദി (940-1000)

അബൂമഹ്മൂദ് ഹാമിദ്ബ്‌നു ഖിള്‌റുല്‍ ഖുജന്‍ദി എന്നാണ് മുഴുവന്‍ പേര്. ത്വജിക്കിസ്ഥാനിലെ ഖുജന്‍ദ് എന്ന സ്ഥലത്ത് ജനിച്ചതുകൊണ്ടാണ് ഖുജന്‍ദി എന്നറിയപ്പെടുന്നത്. ജ്യോതിശാസ്ത്രം, ഗണിതം, ത്രിമാനഗണിതം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്നു. നാസറുദ്ദീനുതൂസി എന്ന വാനശാസ്ത്രജ്ഞന്‍ ഖുജന്‍ദിയുടെ പഠനങ്ങളെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ബുവൈഹിദ് ഭരണാധികാരിയായ ഫഖ്‌റുദൗലയില്‍നിന്ന് അദ്ദേഹത്തിന് ശക്തമായ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്.

പത്താം നൂറ്റാണ്ടില്‍ അദ്ദേഹം ഒരു ഭീമന്‍ ജ്യോതിശാസ്ത്ര ഉപകരണം (Sextant) നിര്‍മിച്ചു. ഇറാനിലെ ടെഹ്‌റാനുസമീപം റയ്യിലെ മലമുകളിലാണ് അത് സ്ഥാപിച്ചത്. പ്രകാശത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്‌നു ഹൈസം നിര്‍മിച്ച പിന്‍ഹോള്‍ ക്യാമറയുടെ വലിയ പരിഷ്‌കരിച്ച മാതൃക നക്ഷത്രപഠനത്തിന് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം നിര്‍മിച്ചത്. ആകാശത്തില്‍ നക്ഷത്രങ്ങളുടെ സ്ഥാനങ്ങളുടെ അളവ് ഒരു ഡിഗ്രിയെക്കാളും എത്രയോ ചെറിയ അംശമായി കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഉപകരണത്തിലൂടെ സാധിച്ചിരുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് 24 ഡിഗ്രിയാണെന്നാണ് ഇന്‍ഡ്യന്‍ ജ്യോതിശാസ്ത്രജ്ഞരുടെ 23.51 ഡിഗ്രി കണ്ടുപിടുത്തം. എന്നാല്‍ ഖുജന്‍ദി പറയുന്നത് 23 ഡിഗ്രി 32.19 സെക്കന്‍ഡ് ആണെന്നാണ്. എങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് അതിൽ മാറ്റം വരും.

അബ്ബാസ്ബ്‌നു ഫിര്‍നാസ് (810-887)

അബുല്‍ ഖാസിം അബ്ബാസ്ബ്‌നു ഫിര്‍നാസ് സ്‌പെയിനിലെ റോണ്ടയില്‍ ജനിച്ച ശാസ്ത്രജ്ഞനായിരുന്നു. വാനശാസ്ത്രം, മനുഷ്യശരീരശാസ്ത്രം, രസതന്ത്രം, എഞ്ചിനീയറിങ് സംഗീതവിദഗ്ധ്യം, അറബി തുടങ്ങിയ നിരവധി വിജ്ഞാനശാഖകളില്‍ അവഗാഹം നേടി. വ്യോമയാന ശാസ്ത്രത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്നു. ആദ്യമായി ചിറകുകെട്ടി ആകാശത്തില്‍ പറന്ന വ്യക്തിയാണ് അദ്ദേഹം. ജലഘടികാരം, ഗ്ലാസ്, ലെന്‍സുകള്‍ തുടങ്ങിയവ നിര്‍മിച്ചു. മനുഷ്യന് ആകാശത്തില്‍ പറക്കാം എന്ന ചിന്തയുടെ തുടക്കം കുറിച്ച അബ്ബാസ് ധീരമായി അത് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

സ്‌പെയിനിലെ കൊര്‍ഡോവയില്‍ ഫിര്‍മെന്‍ എന്ന യുവാവ് ഈ അഭ്യാസപ്രകടനം നടത്തുന്നതായി പ്രഖ്യാപിച്ചു. അര്‍മെന്‍ ഫിര്‍മെന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. കൊര്‍ഡോവയിലെ പ്രസിദ്ധമായ പള്ളി മിനാരത്തില്‍നിന്ന് താഴേക്ക് ചാടുമെന്ന് ഫിര്‍മെന്‍ പരസ്യം ചെയ്തത് കേട്ടറിഞ്ഞ് ആളുകള്‍ ഒരുമിച്ചുകൂടി. മുകളിലെത്തിയ ഫിര്‍മെന് ചാടാന്‍ പേടി തോന്നി. ദീര്‍ഘനേരം സംശയിച്ചുനിന്ന അദ്ദേഹത്തെ ചിലര്‍ പരിഹസിച്ചു. ചിലര്‍ പ്രോത്സാഹിപ്പിച്ചു. ഫിര്‍മെന്‍ പന്തയം വെച്ച തുക കിട്ടാനായിരുന്നു ഈ സാഹസികത. അവസാനം അദ്ദേഹം ചാടി. ബൈക്കില്‍ സ്പീഡില്‍ യാത്ര ചെയ്യുന്ന വ്യക്തിയുടെ ഷര്‍ട്ട് കാറ്റുനിറഞ്ഞ് വീര്‍ക്കുന്നതുപോലെ ഫിര്‍മെന്റെ കോട്ട് കാറ്റുനിറഞ്ഞ് വീര്‍ത്തു. സാവധാനത്തില്‍ വീണതിനാല്‍ പരുക്കില്ലാതെ നിലംതൊട്ടു. ചെറിയ പരുക്കുകളോടെ രക്ഷപെട്ടു.

ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരിക്കുന്ന കാണികളില്‍ അബ്ബാസ്ബ്‌നു ഫിര്‍നാസ് എന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. 70 വയസ്സുണ്ടായിരുന്ന അദ്ദേഹം നിര്‍മിച്ച, ഉപകരണം വവ്വാലിനെപോലെ ചിറകുകള്‍ കെട്ടി, കാറ്റ് അനുകൂലമായപ്പോള്‍ അദ്ദേഹം ജബലുല്‍ അറൂസ് മലഞ്ചെരുവിലേക്ക് ചാടി. കാറ്റില്‍ പൊങ്ങിപ്പറന്ന ഫിര്‍നാസിനെ കണ്ട് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. 10 മിനുട്ടിലധികം ആകാശത്തില്‍ തുടര്‍ന്നു. പക്ഷേ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. കാരണം അപ്പോഴാണ് താന്‍ താഴേക്കിറങ്ങാന്‍ യാതൊരു സംവിധാനവും ചെയ്തിട്ടില്ലല്ലോ എന്ന് അദ്ദേഹം ഓര്‍ത്തത്. പറക്കുന്നതിന്റെ ആവേശം മാത്രമായിരുന്നു മനസ്സില്‍. അതിനാല്‍ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചില്ല.

പെട്ടെന്നാണ് അദ്ദേഹം നിലത്തുവന്നു വീണത്. എല്ലുകള്‍ പൊട്ടി. ആളുകള്‍ ഓടിക്കൂടി. പിന്നീട് ചികിത്സയുടെ നീണ്ടകാലമായിരുന്നു. 12 വര്‍ഷം അദ്ദേഹത്തെ ഇതിന്റെ വേദനകള്‍ വേട്ടയാടി. എങ്കിലും അതിനിടയില്‍ കുറച്ച് സുഖപ്പെട്ട കാലത്ത് സ്‌പെയിനിലെ അമീറിനുവേണ്ടി ചലിക്കുന്ന നക്ഷത്രബംഗ്ലാവ് നിര്‍മിച്ചു. കൃത്രിമമായി ഇടിയും മിന്നലും ഉണ്ടാകുന്ന പ്രതീതി ഉണ്ടാക്കി. മണല്‍ ഉരുക്കി ചില്ല് പാത്രങ്ങളുണ്ടാക്കി. കടുത്ത വേദന അനുഭവിക്കുന്നതിനിടയിലും ഗവേഷണം തുടര്‍ന്നു.

മനുഷ്യന്‍ ചിറക് കെട്ടി പറക്കുന്ന ഗ്ലൈഡിങ് എന്ന ഉപകരണത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് അത് വികസിച്ചു. 1903ല്‍ റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന്റെ 12 നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു അത്. ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിനും ബ്രിട്ടനിലെ ഒരു ചെറിയ എയര്‍ലൈനിനും കൊര്‍ഡോവയിലെ ഒരു പാലത്തിനും അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടു. 887ല്‍ സ്‌പെയിനിലെ കൊര്‍ഡോവയില്‍വെച്ച് അദ്ദേഹം മരണപ്പെട്ടു. (നഷ്ടചരിത്രം 2018).

print

No comments yet.

Leave a comment

Your email address will not be published.