അബു അബ്ദുല്ല മുഹമ്മദ് ബിനു ജാബിര്‍ അല്‍ബത്വാനി (850-929)
സാബി മതക്കാരനായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ഇപ്പോഴത്തെ തുര്‍ക്കിയിലെ ഹര്‍വാനിലെ വാനനിരീക്ഷണ കേന്ദ്രത്തിലെ ഉപകരണങ്ങള്‍ നിര്‍മിച്ചത് ജാബിര്‍ ബിന്‍ സിനാന്‍ അല്‍ഹര്‍വാനി എന്ന അദ്ദേഹത്തിന്റെ പിതാവായിരുന്നു. പിതാവില്‍നിന്ന് തന്നെയാണ് മകനും പ്രചോദനമുണ്ടായത്. 489 നക്ഷത്രങ്ങളുടെ പട്ടിക അള്‍ ബത്വാനി തയ്യാറാക്കി. ഒരു വര്‍ഷം എന്നാല്‍ ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയം അഥവാ 365 ദിവസം, 5 മണിക്കൂര്‍, 48 മിനുട്ട്, 14 സെക്കന്‍ഡ് ആണെന്ന് ബത്വാനി കണ്ടെത്തി. അതിന്റെ നൂറ്റാണ്ടുകള്‍ക്കുശേഷം ടെലസ്‌കോപ്പും ആറ്റമിന്‍ ക്ലോക്കും ഉപയോഗിച്ച് കണ്ടെത്തിയതില്‍നിന്ന് ഏതാനും സെക്കന്‍ഡുകളേ വ്യത്യാസമുള്ളൂ. അഥവാ 365 ദിവസം 5 മണിക്കൂര്‍ 48 മിനുട്ട് 45.5 സെക്കന്‍ഡ് ഒരു സെക്കന്‍ഡിന്റെ നൂറിലൊരംശം എന്നാണ് ആധുനിക കണക്കനുസരിച്ച് ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം.
നക്ഷത്രനിരീക്ഷണത്തില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച വാനശാസ്ത്രജ്ഞനാണ് അല്‍ബത്വാനി. സൂര്യന്‍ ഒരു അയനത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുന്ന തീയ്യതികളും അതിനെത്തുടര്‍ന്ന് ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളുടെ കൃത്യമായ കാലഘട്ടവുമെല്ലാം അല്‍ബത്വാനി കണക്കുകൂട്ടിയെടുത്തു. അല്‍ബാറ്റിനിയസ് എന്ന പേരില്‍ പാശ്ചാത്യര്‍ക്കിടയില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം കിത്താബുസ്സിജ്ജ് ആണ്. ടോളമിയുടെ അല്‍മജസ്റ്റ് എന്ന നക്ഷത്രപ്പട്ടികയിലെ തെറ്റ് തിരുത്തിയ അല്‍ബത്വാനിയെ 700 വര്‍ഷങ്ങള്‍ക്കുേശഷം രംഗത്തുവന്ന കോപ്പര്‍ നിക്കസ് തന്റെ On the Revolutions of the Heavenly Spheres എന്ന ഗ്രന്ഥത്തില്‍ പല പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട് (നഷ്ടചരിത്രം 180). സൂര്യന്റെ സഞ്ചാരപഥമയി നമുക്ക് തോന്നുന്ന വൃത്തത്തില്‍ ഭൂമിയുടെ സ്വയംഭ്രമണത്തിലെ അക്ഷരതലത്തെ ഛേദിക്കുന്ന കോണ്‍ അളവ് അദ്ദേഹം ഛായാചിത്ര സഹിതം തന്റെ ഗ്രന്ഥത്തില്‍ എടുത്തുകാട്ടി.
ടോളമിയുടെ രീതിയില്‍നിന്ന് വ്യത്യസ്തമായ ത്രികോണമിതി (Trigonometry) ആണ് അദ്ദേഹം ഇതിന് ഉപയോഗിച്ചത്. സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ബൈത്തുല്‍ ഹിക്മയില്‍ സജീവപങ്ക് വഹിച്ചു. അദ്ദേഹം നക്ഷത്രപ്പട്ടിക 12, 13 നൂറ്റാണ്ടുകളില്‍ ലാറ്റിന്‍, സ്പാനിഷ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഈ യൂറോപ്യന്‍ പതിപ്പുകള്‍ ആധുനിക കാലത്തെ നക്ഷത്രശാസ്ത്രത്തില്‍ (Stellar Astronomy) വന്‍സ്വാധീനം ഉണ്ടാക്കി.
അന്താക്യ എന്ന പുരാതന നഗരത്തിലും സിറിയയിലെ റാഖയിലും അദ്ദേഹം വാനനിരീക്ഷണാലയങ്ങള്‍ നിര്‍മിച്ചു. Geometry, Theoretical …….., Practical Astronomy, Astrology തുടങ്ങിയ ശാസ്ത്രശാഖകളില്‍ അക്കാലത്ത് ഏറ്റവും അഗാധപാണ്ഡിത്യം നേടിയ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സൂര്യനുചുറ്റുമുള്ള ചലനം അദ്ദേഹം കൃത്യമായ കണക്കുകളിലൂടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അല്‍സിജ്ജ് (ALZIJ) എന്ന ഗ്രന്ഥത്തില്‍ 57 അധ്യായങ്ങള്‍ ഉണ്ട്. ഗോളത്തെ കൃത്യമായ അക്ഷാംശ രേഖാംശ ഡിഗ്രികളാക്കി ഭാഗിക്കുകയും വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് നക്ഷത്രങ്ങളും രാശികളും കാണപ്പെടുന്ന രൂപവും പഠനവിധേയമാക്കി. ഗോളീയി ത്രിമാനഗണിതം (Spheric Trigonometry) ആണ് ഇതിന് അദ്ദേഹം ഉപയോഗിച്ചത്. 16 അധ്യായങ്ങളില്‍ അദ്ദേഹം വിശദീകരിക്കുന്നത് എങ്ങനെയാണ് അദ്ദേഹത്തിന്റെ നക്ഷത്രപട്ടിക പ്രായോഗികമായ വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നത് എന്നാണ്. ഗോളശാസ്ത്രരംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് ഒരു അധ്യായത്തില്‍ പ്രത്യേകമായി വിവരിക്കുന്നു.
സൂര്യനും ഭൂമിയും തമ്മില്‍ അടുത്തും ഏറ്റവും ദൂരെയും വരുന്ന തരത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നത് അഥവാ ദീര്‍ഘവൃത്താകൃതിയിലാണ് എന്നദ്ദേഹം വരച്ചുകാണിച്ചു. കോപ്പര്‍ നിക്കസ് മാത്രമല്ല, അല്‍ബത്വാനിയുടെ നൂറ്റാണ്ടുകള്‍ക്കുശേഷം വന്ന ടൈക്കോ ബ്രാഹെ, കെപ്ലര്‍, ഗലീലിയോ തുടങ്ങിയ ലോകപ്രസിദ്ധരായ ജ്യോതിശാസ്ത്ര വാനനിരീക്ഷണ ശാസ്ത്രജ്ഞന്‍മാരെല്ലാം അദ്ദേഹത്തിന്റെ പഠനങ്ങളും കണ്ടുപിടുത്തങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. (https://mathshistory.st-andrews.ac.uk›Al-Battani)
അനേകം ഗ്രന്ഥങ്ങള്‍ വേറെയും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്രിസ്താബ്ദം 929ല്‍ ബാഗ്ദാദില്‍ നിന്ന് റാഖയിലേക്കുള്ള യാത്രയില്‍ 79-ാം വയസ്സില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
അല്‍ഫര്‍ഗാനി
ഉസ്ബക്കിസ്ഥാനിലെ ഫര്‍ഗാനസ് എന്ന സ്ഥലത്ത് ജനിച്ച അബ്ദുല്‍ അബ്ബാസ് അഹ്മദ് ബിന്‍ മുഹമ്മദ്ബ്‌നു കസീറുല്‍ ഫര്‍ഗാനി അല്‍ഫര്‍ഗാനസ് എന്ന പേരിലാണ് പാശ്ചാത്യലോകത്ത് അറിയപ്പെടുന്നത്. ഗോളശാസ്ത്രത്തിലാണ് ഏറ്റവും പ്രസിദ്ധനായതെങ്കിലും ഭൗമപഠനത്തിലും അഗാധപാണ്ഡിത്യം നേടി. ഭൂമിയുടെ ചുറ്റളവ് കണക്കുകൂട്ടി അബ്ബാസിയ ഖലീഫ അല്‍ മഅ്മൂനിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഗവേഷണങ്ങള്‍ നടത്തി. പിന്നീട് കെയ്‌റോയിലേക്ക് പോയി. 856ല്‍ ഈജിപ്തില്‍ വാനനിരീക്ഷണനിലയം സ്ഥാപിച്ചു. നൈല്‍ നദിയിലെ വെള്ളപ്പൊക്കം അളക്കാനുള്ള ഉപകരണം സ്ഥാപിച്ചു. നിനൈമീറ്റര്‍ എന്നാണ് അത് അറിയപ്പെടുന്നത്. അല്‍ജഫരി എന്ന കനാലിന്റെ നിര്‍മാണത്തിന് അദ്ദേഹത്തെ മേല്‍നോട്ടം വഹിക്കാന്‍ ഖലീഫ അല്‍മുതവക്കില്‍ ഏല്‍പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗോളശാസ്ത്രഗ്രന്ഥമാണ് (A compendium of the science of stars)
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരുവില്‍ വരുന്ന മാറ്റം അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ജോണ്‍ സെവില്ലയും ജെറാഡോഫ് ക്രിമോണയും അദ്ദേഹത്തിന്റെ ഗ്രന്ഥം 12-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയിലേക്കും 13-ാം നൂറ്റാണ്ടില്‍ ജേക്കബ് അനാട്ടോളി ഹിബ്രുവിലേക്കും പരിഭാഷപ്പെടുത്തി. ക്രിസ്റ്റോഫര്‍ കൊളംബസ് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ച് കടന്ന് അമേരിക്കയിലേക്ക് നടത്തിയ കപ്പല്‍ യാത്രയില്‍ അള്‍ഫര്‍ഗാനിയുടെ കണ്ടെത്തലുകളും കണക്കുകളുമാണ് ഉപയോഗപ്പെടുത്തിയത്.
ടോളമി ഗോളശാസ്ത്രഗ്രന്ഥം സാധാരണക്കാര്‍ക്കുകൂടി മനസ്സിലാക്കാവുന്ന ശൈലിയില്‍ ഗണിതശാസ്ത്ര കണക്കുകളെ ലഘൂകരിച്ച് ഗ്രന്ഥമാക്കി. Elements എന്ന പേരിലാണ് യൂറോപ്പിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് ആകാശനിരീക്ഷണത്തിനുള്ള പല ഉപകരണങ്ങളും അദ്ധേഹം നിര്‍മിച്ചു. അല്‍ മുദ്ഖിലു ഇലാ ഇല്‍മി ഹയാത്തില്‍ ഫലക് എന്ന ഗോളശാസ്ത്ര ഗ്രന്ഥം പ്രസിദ്ധമാണ്.
കെയ്‌റോയില്‍ 66-ാം വയസ്സില്‍ അല്‍ഫര്‍ഗാനി മരണപ്പെട്ടു.
കൊളംബസ്, അദ്ദേഹത്തിന്റെ ഭൂമിശാസ്ത്ര, വാനശാസ്ത്ര കണക്കുകള്‍ മനസ്സിലാക്കിയതില്‍ ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. അമേരിക്കന്‍ വന്‍കരയില്‍ എത്തിയ കൊളംബസ് അത് ഏഷ്യാ വന്‍കരയാണെന്നും താന്‍ എത്തിയത് ഇന്‍ഡ്യയിലാണെന്നും തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് അവിടുത്തെ ആദിമനിവാസികളെ റെഡ് ഇന്‍ഡ്യന്‍സ് എന്നുവിളിച്ചത്. മെക്‌സിക്കോ ഉള്‍കടലിലെ ദ്വീപുകള്‍ക്ക് പശ്ചിമേന്ത്യന്‍ ദ്വീപുകള്‍ (West Indies) എന്നും നാമകരണം ചെയ്തു. മരണം വരെ ഇന്‍ഡ്യയിലാണ് എത്തിയത് എന്ന തെറ്റിദ്ധാരണയിൽ തന്നെയാണ് കൊളംബസ്.
അബൂബക്കര്‍ മുഹമ്മദ് ബ്‌നു സകരിയ്യ അര്‍റാസി (865 -925)
പാശ്ചാത്യലോകത്ത് Rhazes എന്നറിയപ്പെടുന്ന ഈ മഹാപണ്ഡിതന്‍ ഇറാന്‍ തലസ്ഥാനമായ ടെഹറാന് സമീപം സ്ഥിതിചെയ്യുന്ന റയ്യ് എന്ന സ്ഥലത്ത് ജനിച്ചു. ബാഗ്ദാദിലെ പ്രസിദ്ധമായ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനായിരുന്നു അര്‍റാസി. ബാഗ്ദാദ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാംസം കെട്ടിത്തൂക്കി ഏറ്റവും അവസാനം മാംസം ചീയുന്നത് എവിടെയാണോ അവിടെയാണ് ആശുപത്രി സ്ഥാപിക്കാന്‍ അദ്ദേഹം സ്ഥലം തെരഞ്ഞെടുത്തത്. 113 ഗ്രന്ഥങ്ങളും 28 ചെറുഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പുരാതന കെമിസ്ട്രിയില്‍ ഏറ്റവും പ്രസിദ്ധമായ അദ്ദേഹത്തിന്റെ ഗ്രന്ഥം കിതാബുല്‍ അസ്‌റാര്‍ (രഹസ്യങ്ങളുടെ ഗ്രന്ഥം) ആണ്. ആള്‍ക്കെമിയാണ് ആധുനിക കെമിസ്ട്രിയുടെ അടിസ്ഥാന ശാസ്ത്രം. യൂറോപ്പിലെ ശാസ്ത്രപുരോഗതിക്ക് കാരണമാക്കിയ ഗ്രന്ഥങ്ങളില്‍ ഒന്ന് ഈ ഗ്രന്ഥത്തിന്റെ ലാറ്റിന്‍ ഭാഷയാണ്. ജെറാഡ് ഓഫ് ക്രിമോണയാണ് പരിഭാഷപ്പെടുത്തിയത്. Dispiritibus at Corporibus എന്നാണ് ലാറ്റിനില്‍ അതിന്റെ പേര്. യൂറോപ്യന്‍ ശാസ്ത്രത്തിന്റെ പിതാവായ റോജര്‍ ബെക്കണ്‍ തന്റെ പഠനത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് റാസിയുടെ കിതാബുല്‍ മന്‍സൂരിയുടെ ലാറ്റിന്‍ പരിഭാഷയാണ്. വസൂരിയെയും അഞ്ചാംപനിയെയും കുറിച്ച് മെഡിക്കല്‍ സയന്‍സില്‍ എഴുതപ്പെട്ട ഒരു ആധികാരിക ഗ്രന്ഥമാണ് അത്. റാസിയുടെ എല്ലാ ഗ്രന്ഥങ്ങളും വെനീസില്‍വെച്ച് ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അല്‍ഹാവി എന്ന പുസ്തകത്തില്‍ ലാറ്റിന്‍ ഭാഷയിൽ 15 പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്രത്തിലും രസതന്ത്രത്തിലും മാത്രമല്ല ശാസ്ത്രപഠനത്തിന്റെ മാര്‍ഗരീതികളെക്കുറിച്ച് എഴുതിയ സീറത്തുല്‍ ഫല്‍സഫിയ്യ ഉള്‍പ്പെടെ ഫിലോസഫി, ദൈവശാസ്ത്രം തുടങ്ങിയ ശാഖകളിലും അദ്ദേഹം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അല്‍മായ അഥവാ ഉല്‍കൃഷ്ട ജീവിതം എന്ന 20000 പേജുകളുള്ള ഗ്രന്ഥം എഴുതാന്‍ നീണ്ട 15 വര്‍ഷങ്ങള്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുകയും കൈ തളര്‍ന്ന് പോവുകയും ചെയ്തു. എന്നിട്ടും അദ്ദേഹം നിറുത്തിയില്ല. ഒരു സഹായി മറ്റ് ഗ്രന്ഥങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും മറ്റൊരാള്‍ റാസി പറയുന്നത് കേട്ടെഴുതുകയും ചെയ്തു. അങ്ങനെയും കുറെ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു.
അമിതമായി ഭക്ഷിക്കുകയോ സുഖലോലുപതയില്‍ മുഴുകുകയോ ചെയ്യാത്ത, ശാസ്ത്ര ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയായിരുന്നു അദ്ദേഹം. കൊട്ടാരങ്ങളില്‍ ഉന്നതമായ ജീവിതം അദ്ദേഹത്തിന് കിട്ടുമായിരുന്നിട്ടും സാധാരണക്കാരുടെ കൂടെയുള്ള ജീവിതമാണ് ഈ മഹാന്‍ തെരഞ്ഞെടുത്തത്. ഒരു നൂറ്റാണ്ടിനുശേഷം ഇബ്‌നുസീന രംഗത്തുവരുന്നതുവരെ അക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ വൈദ്യശാസ്ത്രജ്ഞനായിരുന്നു റാസി. ക്രിസ്താബ്ദം 925ല്‍ 60-ാം വയസ്സില്‍ റയ്യില്‍വെച്ച് മരണപ്പെടുമ്പോള്‍ വിലമതിക്കാനാവാത്ത വന്‍ശാസ്ത്ര സമ്പത്താണ് ലോകത്തിന് സമര്‍പ്പിച്ചത്.
മുഹമ്മദ് ബ്‌നു മൂസാ അല്‍ ഖവാരിസ്മി (780 850)
ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, വാനശാസ്ത്രം തുടങ്ങിയ നിരവധി ശാസ്ത്രശാഖകളില്‍ അഗാധപണ്ഡിതനും ഗവേഷകനും ആയിരുന്നു അല്‍ ഖവാരിസ്മി.
അബ്ബാസീ ഖലീഫ അല്‍ മഅ്മൂന്‍ ബൈത്തുല്‍ ഹിമ എന്ന പ്രസിദ്ധമായ ഗ്രന്ഥശാല സ്ഥാപിച്ചപ്പോള്‍ അല്‍ ഖവാരിസ്മിയെ അങ്ങോട്ട് ക്ഷണിച്ചുവരുത്തി. അരിസ്റ്റോട്ടിലിന്റെയും സോക്രട്ടീസിന്റെയും പൈതഗോറസിന്റെയും ടോളമിയുടെയും പഠനങ്ങളും ഗ്രന്ഥങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഗ്രീക്ക് ഭാഷ പഠിച്ച ഈ അറബ് മുസ്‌ലിം ശാസ്ത്രജ്ഞന്‍ അന്നറിയപ്പെട്ട ലോകത്തിലെ എല്ലാ ഗണിത ശാസ്ത്രവിജ്ഞാനങ്ങളിലും പരമാവധി പഠനം നടത്തി. പുരാതന ഇന്‍ഡ്യയിലെ ഗണിതശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തന്‍ സംസ്‌കൃതത്തില്‍ രചിച്ച ബ്രഹ്മസ്ഫുട സിദ്ധാന്തം എന്ന ഗ്രന്ഥം അദ്ദേഹം സംഘടിപ്പിച്ചു. സിന്ധ് ഹിന്ദ് അഥവാ സിദ്ധാന്ത എന്ന പേരില്‍ അതിന്റെ അറബി പരിഭാഷ ചെയ്യിപ്പിച്ചു. സംസ്‌കൃതത്തിലും അറബിയിലുമുള്ള അദ്ദേഹത്തിന്റെ പരിഭാഷകള്‍ പിന്നീട് നഷ്ടപ്പെട്ടെങ്കിലും ലാറ്റിന്‍ തര്‍ജ്ജമ കാലത്തെ അതിജീവിച്ചു.
അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇപ്രാകാരമായിരുന്നു. ”ഭക്ഷണ നിയന്ത്രണം കൊണ്ട് ചികിത്സിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളില്‍ മരുന്ന് ഉപയോഗിക്കരുത്. ഒറ്റമൂലികള്‍ കൊണ്ട് സുഖപ്പെടുത്താന്‍ പറ്റുന്നിടത്ത് കുടുതല്‍ മരുന്ന് ഉപയോഗിക്കരുത്. വൈദ്യന്‍ അറിവുള്ളവനും രോഗി അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കുന്നവനുമാണെങ്കില്‍ രോഗവ്യാപനം വളരെ കുറയും. ഡോക്ടമാര്‍ക്ക് വൈദ്യശാസ്ത്രജ്ഞാനം മാത്രമല്ല ധാര്‍മികബോധവും ഉണ്ടായിരിക്കണം. ഒഴിവ് സമയങ്ങള്‍ വിനോദങ്ങള്‍ക്ക് ഉപയോഗിക്കരുത്. തൊഴിലില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടത്തണം. ധാരാളം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ഡോക്ടമാരുമായി ആശയവിനിമയങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്യണം. വൈദ്യശാസ്ത്രത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിക്കണം. വ്യക്തിപരമായ അറിവും പരിജ്ഞാനവും മാത്രം ആശ്രയിക്കരുത്.” (ഹസന്‍ ഇബ്രാഹിം താരീഖുല്‍ ഇസ്‌ലാം 3: 438)
ഇബ്‌നു സീന (980-1037)
മുഴുവന്‍ പേര് അബൂ അലിയ്യ് ഹുസൈനുബ്‌നു അബ്ദുല്ല എന്നാണ്. അശ്ശൈഖ് (ഗുരു), അര്‍റഈസ് (നേതാവ്) എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടു. പാശ്ചാത്യലോകത്ത് അദ്ദേഹം അറിയപ്പെട്ടത് അവിസെന്ന എന്ന പേരിലാണ്. റാസിക്ക് ശേഷം വൈദ്യശാസ്ത്ര രംഗത്ത് ഇത്രയധികം ലോകപ്രസിദ്ധി നേടിയ ശാസ്ത്രജ്ഞന്‍ വേറെയില്ല. ഇപ്പോഴത്തെ ഉസ്ബക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിലെ ബുഖാറ നഗരത്തിനടുത്തുള്ള അഫ്‌ഷോണ എന്ന പ്രദേശത്ത് ക്രിസ്താബ്ദം 980ല്‍ ജനിച്ചു.
സമാനിയ്യ ഭരണകൂടത്തിന്റെ കാലഘട്ടമായിരുന്നു അത്. 57 വര്‍ഷം ജീവിച്ചു. അഞ്ചാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ബുഖാറയിലേക്ക് മാറി താമസിച്ചു. പത്ത് വയസ്സായപ്പോഴേക്കും ക്വുര്‍ആന്‍ മനഃപാഠമാക്കി. പിന്നീട് മതവിജ്ഞാനവും അന്നറിയപ്പെടുന്ന ലോകത്തിലെ ഗണിതശാസ്ത്രവും പഠിച്ചു. തത്ത്വശാസ്ത്രത്തിലും അഗാധപാണ്ഡിത്യം നേടി. സമാനി സുല്‍ത്താന്‍ നൂഹിനെ ചികിത്സിക്കാന്‍ അവസരം കിട്ടി. രോഗം സുഖപ്പെട്ടതോടെ സുല്‍ത്താന്റെ ഗ്രന്ഥശാലയിലേക്ക് പ്രവേശനം ലഭിച്ചു. ആ ലൈബ്രറി അക്കാലത്ത് ലോകത്തില്‍ തന്നെ അതുല്യമായിരുന്നു.
ഈ സുവര്‍ണാവസരം അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തി. വായിച്ച ഓരോ ഗ്രന്ഥവും മനഃപാഠമാക്കി. 21-ാം വയസ്സില്‍ ഗ്രന്ഥകര്‍ത്താവായി. തത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, മതഭാഷാ ശാസ്ത്രങ്ങള്‍, കല തുടങ്ങിയ വിഷയങ്ങളില്‍ ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ എഴുതി. അവയില്‍ ഏറ്റവും പ്രസിദ്ധമായത് കിതാബുശിഫാഅ്, അല്‍ഖാനൂനു ഫിത്വിബ്ബ് എന്നിവയാണ്. 12-ാം നൂറ്റാണ്ടില്‍ ജെറാഡോഫ് ക്രിമോണ അല്‍ഖാനൂനുഫിത്തിബ്ബ് ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ലാറ്റിനില്‍ തന്നെ അതിന്റെ 15 പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഹിബ്രുവിലും ഇംഗ്ലീഷിലും ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ത്വബ്‌രിസ്ഥാനിലെ ഭരണാധികാരിയായ ശംസുല്‍ മഅലില്‍ ഖാബൂസിന്റെ മന്ത്രിയായി പ്രവര്‍ത്തിച്ചു. മഹ്മൂദ് ഗസനിയുടെ ക്ഷണം നിരസിച്ചതിനാല്‍ നാട് വിട്ടുപോകേണ്ടി വന്നു. 1980ല്‍ യുനസ്‌കോയുടെ നേതൃത്വത്തില്‍ ഇബ്‌നു സീനയുടെ ആയിരാമത്തെ ജന്മവാര്‍ഷികം ആഘോഷിച്ചു. 12 മുതല്‍ 17-ാം നൂറ്റാണ്ടുവരെ പാശ്ചാത്യ പൗരസ്ത്യനാടുകളില്‍ വൈദ്യശാസ്ത്രരംഗത്തെ ആധികാരിക വിജ്ഞാനകോശമായിരുന്നു അല്‍ഖാനൂന്‍. വൈദ്യശാസ്ത്ര രംഗത്തെ ബൈബ്ള്‍ എന്നാണ് ഡോ. ഓസിലാര്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. സുല്‍ത്താന്‍ നൂഹിന്റെ ഗ്രന്ഥശാല എങ്ങനെയോ കത്തിനശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ ഇബ്‌നു സീന കത്തിച്ചതാണ് ലൈബ്രറി എന്ന് പ്രചരിപ്പിച്ചു. അത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. മര്‍വ്, ഖുറാസാന്‍, ഖാബൂസ്, ഗോള്‍ഗന്‍ തുടങ്ങിയ നാടുകളില്‍ ചുറ്റി സഞ്ചരിച്ചു. ക്രിസ്താബ്ദം 1037ല്‍ ഇറാനിലെ ഹമദാനില്‍ വച്ച് അന്ത്യശ്വാസം വലിച്ചു.
1953ലാണ് റോമില്‍ അല്‍ഖാനൂനു ഫിത്വിബ്ബ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. The Canon of Medicine എന്ന പേരിലാണ് ഇംഗ്ലീഷ് പതിപ്പ് അറിയപ്പെടുന്നത്. ലാറ്റിനില്‍ മെറ്റീരിയ മെഡിക്ക എന്നറിയപ്പെടുന്ന ഈ വൈദ്യശാസ്ത്ര വിജ്ഞാനകോശത്തില്‍ ഇബ്‌നു സീന ശ്വാസകോശ രോഗങ്ങള്‍, ക്ഷയരോഗം, വെള്ളത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗങ്ങള്‍, അസ്ഥികളിലും സന്ധികളിലുമുള്ള മരവിപ്പ്, അതിന്റെ കാരണങ്ങള്‍, പ്രതിവിധികള്‍, ആമാശയ വിരകള്‍ തുടങ്ങി നിരവധി വൈദ്യശാസ്ത്ര വിവരങ്ങള്‍ പഠനഗവേഷണങ്ങളിലൂടെ 11 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് അത്ഭുതം തന്നെ. 1980ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സോവിയറ്റ് ലിറ്ററേച്ചറിന്റെ 114-ാം പേജില്‍ ഇബ്‌നു സീനയെക്കുറിച്ച് മുഅ്മിന്‍ നോട്ട് രചിക്കുകയും പീറ്റര്‍ ടെമ്പസ്റ്റ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത അവിസെന്നയുടെ തൊട്ടില്‍ (Avicenna’s cradle) എന്ന കവിതയുണ്ട് എന്നത് അദ്ദേഹത്തിന് അറബ് ലോകത്തില്‍ മാത്രമല്ല അനറബി രാഷ്ട്രങ്ങളില്‍ കൂടിയുള്ള ജനസമ്മിതിയെയും പ്രസിദ്ധിയേയും സൂചിപ്പിക്കുന്നു.
നിരവധി പാശ്ചാത്യ പൗരസ്ത്യ സര്‍വകലാശാലകളില്‍ പ്രാമാണികമായ വൈദ്യശാസ്ത്ര പഠനഗ്രന്ഥമായിരുന്നു അല്‍ ഖാനൂന്‍. 760 വ്യത്യസ്ത മരുന്നുകളെപ്പറ്റി, അതിന്റെ ഉപയോഗങ്ങളും അതില്‍ എടുത്തുപറയുന്നു. നാഡിയുടെ ഓരോ മിഡിപ്പിനും രണ്ട് ചലനങ്ങളും വിരാമങ്ങളും, നാഡി സ്പന്ദനത്തിന്റെ 22 തരം അസാധാരണ സ്പന്ദനങ്ങള്‍, തലച്ചോറിലെ പ്രധാന ഘടകങ്ങള്‍, നേത്രരോഗങ്ങളും ചികിത്സകളും തുടങ്ങിയ പഠനങ്ങള്‍ അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ കിതാബുശിഫാ (The Book of Healing) 18 വാള്യങ്ങളുള്ള ഗ്രന്ഥമാണ്. ഭൂമിശാസ്ത്രം, തത്ത്വശാസ്ത്രം, ഗണിതം, ഖനനം, അതിഭൗതികശാസ്ത്രം, തര്‍ക്കശാസ്ത്രം, മനഃശാസ്ത്രം, മിനറല്‍, വെജിറ്റബിള്‍, മൃഗങ്ങള്‍, കാലാവസ്ഥ, മലകളുടെ രൂപീകരണം, ഭൂകമ്പങ്ങള്‍, ഉല്‍ക്കകള്‍, സമുദ്രങ്ങള്‍, ഫോസിലുകള്‍ തുടങ്ങി നിരവധി വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണത്. ലോകത്ത് ആദ്യമായി സര്‍ജറിക്ക് അനസ്‌തേഷ്യ ഉപയോഗിച്ചത് അദ്ദേഹമാണ്. ഹമദാനിലാണ് അദ്ദേഹത്തിന്റെ ഖബറിടം.
ഇബ്‌നു ഹൈസം (965-1040)
ഇറാഖിലെ ബസ്വറയിലാണ് ഹസനുബ്‌നു ഹൈസം ജനിച്ചത്. ബുവൈഹിദ് ഭരണകൂടത്തിന്റെ കാലമായിരുന്നു അത്. മതപഠനവും സാമൂഹ്യസേവനവുമായിട്ടായിരുന്നു തുടക്കം. പിന്നീട് ശാസ്ത്രരംഗത്തേക്ക് തിരിഞ്ഞു. ഗണിതശാസ്ത്രത്തില്‍ അവഗാഹം നേടി. ഈജിപ്തില്‍ ഫാത്വിമിയ്യ ഖലീഫ ഹാകിം ഭരിക്കുന്ന കാലത്ത് നൈല്‍ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അത് അസാധ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടെങ്കിലും ഖലീഫയുടെ മുന്നിലെത്തി പരാജയം സമ്മതിച്ചാലുള്ള ഭവിഷത്ത് ഓര്‍ത്ത് അദ്ദേഹം ഖലീഫയില്‍നിന്ന് അകന്നുജീവിച്ചു. ഇക്കാലത്ത് അദ്ദേഹം ഭ്രാന്ത് അഭിനയിച്ചാണ് കഴിഞ്ഞുകൂടിയത്.
പിന്നീട് ഇബ്‌നു ഹൈസം രാജസദസ്സില്‍ വന്നില്ല. പക്ഷേ കെയ്‌റോയില്‍ തന്നെ താമസിച്ച് ശാസ്ത്രഗവേഷണങ്ങള്‍ തുടര്‍ന്നു. സമ്പന്നയായ മുസ്‌ലിം വനിതയും ഖലീഫയുടെ സഹോദരിയുമായ സിത്ത് അല്‍ മുല്‍ക്ക് അദ്ദേഹത്തിന് പഠനത്തിനാവശ്യമായ രഹസ്യ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ആ വീട്ടില്‍ അടച്ചിരുന്നാണ് ഹൈസം ഗവേഷണങ്ങള്‍ തുടര്‍ന്നത്.പ്രകാശത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കൂടുതല്‍ ഗവേഷണങ്ങളും നടന്നത്. ഖലീഫ ഹാകിമിന്റെ മരണശേഷമാണ് ഇബ്‌നു ഹൈസം പരസ്യമായി രംഗത്തിറങ്ങിയത്. പിന്നീട് ഖലീഫയായ സഹോദരി സിത്ത് അല്‍ മുല്‍ക്ക് ഇബ്‌നു ഹൈസത്തിന് ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കിക്കൊണ്ടിരുന്നു. ഖലീഫ നല്‍കിയ വസതി ഉപേക്ഷിച്ച് അല്‍ അസ്ഹറിന് സമീപത്തെ ചെറിയ കെട്ടിടത്തിലേക്ക് മാറി. അവിടെ വച്ച് അദ്ദേഹം ശിഷ്യന്‍മാര്‍ക്ക് ഗണിതം പഠിപ്പിച്ചു.
ഇബ്‌നു ഹൈസം ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമാണ് കിതാബുല്‍ മനാളിര്‍ (The Book of Optics). കണ്ണില്‍നിന്ന് പുറപ്പെടുന്ന പ്രകാശം വസ്തുവില്‍തട്ടി പ്രതിഫലിക്കുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നത് എന്ന ടോളമിയുടെ Emission theory തെറ്റാണെന്നും പ്രകാശം വസ്തുക്കളില്‍ തട്ടി പ്രതിഫലിച്ച് കണ്ണിലെത്തുമ്പോഴാണ് നാം അവയെ കാണുന്നത് എന്ന Intromission theory ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചത് ഇബ്‌നു ഹൈസം ആണ്. കേട്ടാല്‍ നിസ്സാരമാണെന്ന് തോന്നുന്നുവെങ്കില്‍ അക്കാലത്ത് സര്‍വരാലും അംഗീകരിക്കപ്പെട്ടു നില്‍ക്കുന്ന ഒരു സിദ്ധാന്തത്തെ തിരുത്തി തെളിയിച്ചുകൊടുക്കുക എന്നത് മഹത്തായ കണ്ടുപിടുത്തം തന്നെയാണ്. നിലവിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ അനുവാദമില്ലാത്ത കാലമായിരുന്നു അത്. കാഴ്ചക്കുള്ള പ്രതിബിംബം പതിയുന്നത് കണ്ണിലെ റെറ്റിനയിലാണെന്നും അത് ഓപ്ടിക് നെര്‍വിലൂടെ തലച്ചോറിലെത്തുമ്പോഴാണ് നാം കാണുന്നത് എന്നദ്ദേഹം സമര്‍ത്ഥിച്ചു. George Sarton തന്റെ An Introduction to the History of Science എന്ന ഗ്രന്ഥത്തില്‍ ഏറ്റവും വലിയ മുസ്‌ലിം ഭൗതിക ശാസ്ത്രജ്ഞനും പ്രകാശ ശാസ്ത്രത്തിലെ മഹത്തായ പഠിതാവുമാണ് ഇബ്‌നു ഹൈസം എന്നാണ് വിവരിച്ചത്. Roger Bacon, Magnum opus എന്ന ഗ്രന്ഥം എഴുതിയത് ഇബ്‌നു ഹൈസമിന്റെ പ്രകാശ ശാസ്ത്രഗ്രന്ഥത്തിന്റെ പരിഭാഷ പഠനം നടത്തിയതിനാലാണെന്ന് അദ്ദേഹം സമ്മതിക്കുന്നു (Garaudy 1989, 400). ഇബ്‌നു ഹൈസമിന് ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ രംഗത്തുവരുന്നത് വരെയും അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ലോകത്തില്‍ ഒരു ശാസ്ത്രജ്ഞനും സാധിച്ചിട്ടില്ല. ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ കിതാബുല്‍ മനാളിര്‍ എഴുതപ്പെട്ട് ആയിരം വര്‍ഷം തികഞ്ഞ 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി യുനസ്‌കോയുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ടു.
പ്രകാശ ശാസ്ത്രത്തിന്റെ പിതാവ് (Father of Optics ) എന്നറിയപ്പെട്ട അദ്ദേഹം കിതാബുല്‍ മനാളിറില്‍ സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശങ്ങളുടെ പ്രത്യേകതകള്‍, മഴവില്ലും സൂര്യപ്രകാശത്തിന്റെ റിഫ്‌ളക്ഷനും റിഫ്‌റാക്ഷനും, നേത്രഗോളത്തിന്റെ പ്രവര്‍ത്തനരീതി, ഉദയാസ്തമന സമയങ്ങളില്‍ സൂര്യന്റെ വലുപ്പ വ്യത്യാസം തോന്നുന്നതിനുള്ള കാരണം, കോണ്‍കേവ്, കോണ്‍വെക്‌സ് ലെന്‍സുകളുടെ പ്രത്യേകതകള്‍ തുടങ്ങി പ്രകാശവുമായി ബന്ധപ്പെട്ട എത്രയോ കണ്ടുപിടുത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് അത്.
ലിയാണാര്‍ ഡാവിഞ്ചിയുടെയും കെപ്ലറുടെയും ദെക്കാര്‍ത്തെയുടെയും പേരില്‍ ചാര്‍ത്തപ്പെട്ട പിന്‍ഹോള്‍ ക്യാമറ (obscure camera) എന്ന കണ്ടുപിടുത്തം ഡാവിഞ്ചിയുടെ 500 വര്‍ഷം മുമ്പ് ഇബ്‌നു ഹൈസമാണ് നടത്തിയത്. (Michael Hamilton Morgan, Lost History, Page 152-153).
നവോത്ഥാന കാലത്തെയും നവോത്ഥാനന്തര കാലത്തെയും പല ചിന്തകരെയും പോലെ മുസ്‌ലിം പ്രതിഭകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കണ്ടെത്തലുകള്‍ പുനുരാവിഷ്‌കരിക്കുകയാണ് ചെയ്തത്.
പ്രകാശ ശാസ്ത്രത്തിനുപുറമെ ഇബ്‌നു ഹൈസം ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയിട്ടുണ്ട്. കാല്‍ക്കുലസിന്റെ പ്രാഥമിക രൂപങ്ങളിലൊന്നിന് രൂപം നല്‍കിയത് ഇബ്‌നു ഹൈസം ആണ്. ഇന്‍ഡ്യയിലെ ഗണിതശാസ്ത്രജ്ഞരെ പോലും ഇത് സ്വാധീനിച്ചിരുന്നു. സന്ധ്യാപ്രകാശത്തിന്റെ ദൈര്‍ഘ്യത്തിന് പിന്നിലുള്ള ഭൗതിക-ഗണിത ശാസ്ത്ര കാരണങ്ങള്‍ അദ്ദേഹം കണ്ടെത്തി. ചക്രവാളത്തില്‍നിന്ന് സൂര്യന്‍ 19 ഡിഗ്രി താഴുന്നതുവരെയേ സന്ധ്യാശോഭ നിലനില്‍ക്കൂ എന്നദ്ദേഹം കണക്കുകൂട്ടിയെടുത്തു. അന്തരീക്ഷത്തിന്റെ ഉയരം അളക്കുന്നതിന്റെയടുത്ത് വരെ അത് എത്തി. അത് പരീക്ഷിച്ചുറപ്പിക്കാന്‍ ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഗലീലിയോയുടെയും ന്യൂട്ടന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുരുത്വാകര്‍ഷണത്തെപ്പറ്റി അദ്ദേഹം മനസ്സിലാക്കിയിരുന്നു. പ്രകാശ ശാസ്ത്രത്തിനുപുറമെ വൈദ്യശാസ്ത്രം, ഗണിതം, അസ്‌ട്രോണമി എന്നീ വിജ്ഞാന ശാഖകളിലും കഴിവ് തെളിയിച്ച ആ മഹാപ്രതിഭ 1040ല്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ മരണപ്പെട്ടു.
ജാബിറുബ്‌നു ഹയ്യാന്‍
പേര്‍ഷ്യയില്‍ ഖുറാസാനിലുള്ള അറബ് കുടുംബത്തിലെ ഹയ്യാന്‍ എന്ന വൈദ്യന്റെ മകനായിരുന്നു. 722ല്‍ ജാബിറുബ്‌നു ഹയ്യാന്‍ ജനിക്കുമ്പോള്‍ ഉമവിയാക്കളായിരുന്നു ഭരണം നടത്തിയിരുന്നത്. ഹാറൂന്‍ റഷീദിന്റെ കൊട്ടാരത്തില്‍ ചികിത്സകനായിട്ടാണ് ജാബിര്‍ എത്തിയത്. പിന്നീട് കൊട്ടാരത്തിലെ രസതന്ത്രജ്ഞനായി നിയമിതനായി. പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും രഹസ്യങ്ങള്‍ തേടി അലയുകയാണ് ജാബിറിന്റെ ബുദ്ധി. സുദീര്‍ഘമായ അന്വേഷണങ്ങളാണ് സത്യാന്വേഷണ വിജയത്തിലേക്കുള്ള മാര്‍ഗമെന്ന് ജാബിര്‍ ഉറച്ചുവിശ്വസിക്കുകയും അലസതയില്ലാത്ത, കഠിനാധ്വാനത്തിന്റെ പാതയിലൂടെ അദ്ദേഹം മുന്നേറുകയും ചെയ്തു. ആദ്യകാലത്ത് സൂഫിസത്തില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. തന്റെ കണ്ടെത്തലുകളോടും ചിന്തകളോടും വിരോധമുള്ളവര്‍ തന്റെ എഴുത്തുകളും ഗ്രന്ഥങ്ങളും നശിപ്പിച്ചേക്കുമോ എന്നുഭയപ്പെട്ട ജാബിര്‍ നിഗൂഢ ഭാഷയിലാണ് അവ എഴുതിവെച്ചിരുന്നത്.
ആദ്യമായി ദ്രാവകങ്ങള്‍ വാറ്റിയെടുക്കാനുള്ള പാത്രം നിര്‍മിച്ചത് അദ്ദേഹമാണ്. ഹൈഡ്രോക്ലോറിക് ആസിഡ് കണ്ടുപിടിച്ചത് അദ്ദേഹമാണ്. പിന്നീട് അതിനെ നൈട്രില്‍ ആസിഡുമായി യോജിപ്പിച്ച് അക്വാറീജിയ എന്ന വീര്യമേറിയ ലായനി നിര്‍മിച്ചു. സ്വര്‍ണവും പ്ലാറ്റിനവും ലയിക്കുന്ന ദ്രാവകമാണ് അക്വാറീജിയ. ചെറുനാരങ്ങയും വിനാഗിരിയും വിനാഗിരിയില്ലാത്ത വീഞ്ഞിലുമുള്ള മൂന്ന് വ്യത്യസ്ത ആസിഡുകളെ അദ്ദേഹം വേര്‍തിരിച്ചു.
തുരുമ്പിക്കാത്ത ഇരുമ്പും ഉരുക്കും വസ്ത്രങ്ങളില്‍ മുക്കുന്ന കളറും കണ്ടുപിടിച്ചു. ആല്‍ക്കലി എന്ന പദം രസതന്ത്ര ലോകത്തില്‍ ആദ്യം ഉപയോഗിച്ചത് അദ്ദേഹമാണ്. അതുകൊണ്ട് ആസിഡുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ജാബിറുബ്‌നു ഹയ്യാന്‍ കണ്ടെത്തി. ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന കൃത്യതയുള്ള ത്രാസ്, തീ പിടിക്കാത്ത പേപ്പര്‍, ഇരുട്ടില്‍ പ്രകാശിക്കുന്ന മഷി, ഹെയര്‍ഡൈ മുതലായവ വികസിപ്പിച്ചെടുത്തു. (അവലംബം: Lost History, Page 228, Michael Hamilton Morgan – Translation: V.T Satheeshkumar)
ആധുനിക രസതന്ത്രശാസ്ത്ര(Chemistry)ത്തിന് അടിത്തറയിട്ടത് അദ്ദേഹമാണ്. കിതാബു റഹ്മ, കിതാബുത്തജ്മീഅ്, അസ്സാബാഖുശര്‍ഖി തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധ ഗ്രന്ഥങ്ങളാണ്.
അല്‍കിന്ദി
അബൂയൂസുഫ് യഅ്ഖൂബബ്‌നു ഇസ്ഹാഖ് അല്‍കിന്ദി എന്നാണ് മുഴുവന്‍ പേര്. തത്വശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, മനുഷ്യശരീരശാസ്ത്രം, ദൈവശാസ്ത്രം, ഊര്‍ജശാസ്ത്രം, പ്രകാശശാസ്ത്രം, രസതന്ത്രം, മനഃശാസ്ത്രം, ഔഷധഗുണ ശാസ്ത്രം, വാനശാസ്ത്രം, സംഗീതം, ജ്യോതിഷം തുടങ്ങിയ അനേകം വിജ്ഞാനശാഖകളില്‍ പണ്ഡിതനായിരുന്നു. ഇറാക്കിലെ കൂഫയിലാണ് ജനിച്ചത്. ബാഗ്ദാദിലാണ് ആദ്യകാല വിദ്യാഭ്യാസം. പിന്നീട് ബൈതുല്‍ ഹിക്മയില്‍ പഠനഗവേഷണ മേഖലകളില്‍ ഇടപെട്ടു. ഗ്രീക്ക് ഭാഷയിലെ ശാസ്ത്രകൃതികള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന്റെ മേല്‍നോട്ടം വഹിക്കാന്‍, അബ്ബാസിയ ഖലീഫമാര്‍ അല്‍കിന്ദിയെയാണ് നിയമിച്ചത്. സുഗന്ധങ്ങള്‍, വാളുകള്‍, ആഭരണങ്ങള്‍, സ്ഫടികം, കാലിഗ്രഫി, ചായംകൊടുക്കല്‍ (Dying), വേലിയേറ്റം, കണ്ണാടി, ഭൂകമ്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ശാസ്ത്രപഠന ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി. ഖലീഫ മുതവക്കില്‍ കിന്ദിലെ കാലിഗ്രഫിസ്റ്റായി നിയമിച്ചുവെങ്കിലും പിന്നീട് അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസം കാരണം അദ്ദേഹത്തെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ഖലീഫ മുസ്തഅ്‌സിം തന്റെ മകന് ട്യൂഷന്‍ നല്‍കാന്‍ അദ്ദേഹത്തെ നിയമിച്ചു. അല്‍ മുഅ്തമിദിന്റെ കാലഘട്ടത്തില്‍ മരണപ്പെട്ടു. ഗ്രന്ഥങ്ങളും ഗവേഷണളുമായി 250ഓളം പ്രബന്ധങ്ങള്‍ രചിച്ചു. അല്‍കിന്ദിയുടെ മിക്ക ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു. നേത്രശാസ്ത്രത്തെപ്പറ്റി അദ്ദേഹം എഴുതിയ ഒഫ്താല്‍മോളജി ഗ്രന്ഥം വളരെക്കാലം പാശ്ചാത്യലോകത്ത് റഫറന്‍സ് ഗ്രന്ഥമായിരുന്നു. ‘ഡീആസ്പക്റ്റിബസ്’ എന്നാണ് അതിന്റെ ലാറ്റിന്‍ പതിപ്പിന്റെ പേര്. അറബി, പഹ്‌ലവി, ഗ്രീക്ക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. സംഗീതത്തെ അടയാളം കൊണ്ട് രേഖപ്പെടുത്തുന്ന രീതി (Music notation) ആദ്യമായി തുടങ്ങിയത് അദ്ദേഹമാണ്. സംഗീതവിഷയത്തില്‍ മാത്രം നാല് ഗ്രന്ഥങ്ങള്‍ രചിച്ചു. അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ ചുരുക്കി അറബി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ടോളമിയുടെയും യൂക്ലിസിന്റെയും ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചു. അദ്ദേഹത്തിന്റെ 24 ഫിലോസഫി ഗ്രന്ഥങ്ങള്‍ കെയ്‌റോയില്‍ അറബിയില്‍ പ്രസിദ്ധീകരിച്ചു. ലാറ്റിന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ ലിപ്‌സിങ്, ബെയ്‌റൂട്ട്, ബെര്‍ലിന്‍, പാരീസ്, റോം, സ്റ്റോക്ക്‌ഹോം എന്നീ നഗരങ്ങളില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ അച്ചടിക്കപ്പെട്ടു. ഖലീഫ മുഅ്തമിദിന്റെ കാലത്ത് ഏകാന്തനായി മരണപ്പെട്ടുവെന്നാണ് കരുതുന്നത്. അവസാന കാലത്തെപ്പറ്റി ചരിത്രത്തില്‍ വ്യക്തമായ അറിവില്ല.
No comments yet.