ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -1

//ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -1
//ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -1
ആനുകാലികം

ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -1

Print Now
നിരീശ്വരത്വം പുതിയ കാലത്ത് സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് ശാസ്ത്രത്തിന്റെ പേരിലാണ്. അതിനെ സയൻസുമായി ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനങ്ങൾക്ക് ന്യായം ഒന്നുമില്ലെങ്കില്‍ തന്നെയും അത്യാധുനികവും, പുരോഗമനാത്മകവുമായതെല്ലാം തങ്ങളുടേതെന്ന് വിശ്വസിക്കുകയും, വാദിക്കുകയും ചെയ്യുന്നൊരു സ്വഭാവം നവനാസ്‌തികരില്‍ ഇപ്പോള്‍ പൊതുവായിട്ടുണ്ട്.

നാസ്‌തിക ലോകവീക്ഷണങ്ങളുടെ ഒരു സ്വാഭാവിക പരിമിതി അത് നൈസര്‍ഗ്ഗികമായി പ്രകടിപ്പിക്കുന്ന ആശയ ദാരിദ്രമാണ്. അതില്‍ നിന്ന് ശാസ്ത്രത്തിനോ മാനവികതക്കോ, ധാര്‍മ്മികതക്കോ ഉള്ള യാതൊരു യുക്തിയും കിട്ടില്ല. എന്നാൽ കൃത്യമായി ഇങ്ങനൊരു ആശയ ദാരിദ്രം നിലനില്ക്കുമ്പോള്‍ തന്നെയും, അതിനെ നേര്‍ക്ക് നേരെ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന ബോധ്യവും ചരിത്രപരമായി തന്നെ നവനാസ്‌തികള്‍ക്ക് മനസ്സിലായിട്ടുണ്ട്. ഈ ആശയ പ്രതിസന്ധിയെ മറികടക്കാനുളള ധൈഷണിക കൃത്രമത്വം മാത്രമാണ് ശാസ്ത്രം മുതല്‍ മാനവികതവരെ നീളുന്ന എന്തും തങ്ങളുടെ മാത്രമെന്തോ ആണെന്ന സ്വരത്തില്‍ പ്രവര്‍ത്തിക്കുന്ന നാസ്‌തി സംഘടനകളെല്ലാം.

എന്നാല്‍ ക്രത്രിമമായി ചമച്ചുണ്ടാക്കുന്ന ഇത്തരം വാദങ്ങള്‍ തീവ്രമായ അതിവാദങ്ങളിലേക്കും എത്തിക്കാണുന്നു. അതില്‍ തന്നെ പ്രധാന വെല്ലുവിളിയാകുന്നത് ശാസ്ത്രത്തെ അപ നിര്‍മ്മിക്കാന്‍ നാസ്‌തികര്‍ കാണിക്കുന്ന ഉത്സാഹമാണ്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ സയന്‍സിനോട് നാസ്‌തികര്‍ കാണിക്കുന്ന തെറ്റായ സമീപനരീതികള്‍ മുൻപും വിമര്‍ശന വിഷയമായിട്ടുണ്ട്. എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി ശാസ്ത്രജ്ഞരിലായി ഹോസ്റ്റണിലെ (HOUSTON) റൈസ് സർവ്വകലാശാല (RICE UNIVERSITY) നടത്തിയ ഒരു പഠനം PUBLIC UNDERSTANDING OF SCIENCE JOURNAL പ്രസിദ്ധീകരിച്ചിരുന്നു. 

സ്വതന്ത്രമായി തിരഞ്ഞെടുത്ത ഈ ശാസ്ത്രജ്ഞരില്‍ വലിയൊരു ശതമാനം പ്രധാന നിരീശ്വര ചിന്തകനായ ഡോക്കിന്‍സിനെ വിശകലനം ചെയ്തു സംസാരിച്ചുവെന്നും അവരില്‍ തന്നെ എണ്‍പത് ശതമാനം സയന്റിസ്റ്റുകള്‍ പറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതിന് ഡോക്കിൻസ് കാരണക്കാരനാകുന്നുണ്ട് എന്നുമാണ്.

നവനാസ്‌തികരുമായി മുഖാ മുഖങ്ങള്‍!

കേരളത്തിലെ ഒരു പ്രധാന നാസ്‌തിക സംഘടന 2019ലെ തങ്ങളുടെ വാര്‍ഷിക പരിപാടി കോഴിക്കോട് സംഘടിപ്പിക്കുന്ന സമയം. എല്ലായിടത്തും അവരുടെ ഫ്ലെക്‌സുകളും, പരസ്യങ്ങളും പ്രചരിപ്പിക്കുന്ന തിരക്കില്‍ ആയിരുന്നു കേരളാ നാസ്‌തികര്‍.

‘തെളിവുകള്‍ നയിക്കട്ടെ’ എന്നതായിരുന്നു അന്നത്തെ അവരുടെ പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രധാന തലക്കെട്ട് തന്നെ. അന്നാരോ എന്നെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വാട്ട്‌സാപ്പ് നാസ്‌തിക കൂട്ടായ്മയില്‍ ചേര്‍ത്തു.

‘തെളിവുകള്‍ നയിക്കട്ടെ’ എന്നവര്‍ തുടരെ പറയുന്നതില്‍ നിന്നും തെളിവുകള്‍ നയിക്കട്ടെ എന്നത് തന്നെയാണ് നമ്മുടെ സമീപനം എന്നും അതും ഇസ്ലാമുമായി പ്രത്യേകിച്ച് സംഘര്‍ഷമുണ്ടാകുന്നില്ലെന്നും അറിയിച്ചു. അവിടെവെച്ചാണ് തെളിവുകള്‍ എന്നതുകൊണ്ട് നാസ്‌തികര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെ സംബന്ധിച്ച വ്യക്തത ഉണ്ടാകുന്നത്. ശാസ്ത്രം മാത്രമാണ് വിശ്വാസ യോഗ്യമായ തെളിവുകള്‍ നല്‍കുന്നുള്ളുവെന്നും, അതിനാല്‍ ശാസ്ത്രത്തെ മാത്രമേ ജ്ഞാനമാര്‍ഗ്ഗമായി അംഗീകരിക്കാന്‍ കഴിയൂവെന്നും, തെളിവുകള്‍ എന്നതുകൊണ്ട് ശാസ്ത്രീയമായ തെളിവുകള്‍ എന്ന് മാത്രമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും നാസ്‌തിക പ്രതിപക്ഷം അറിയിച്ചു. സയന്റിസം എന്നാണ് തീവ്രമായ ഇത്തരം ശാസ്ത്രമാത്ര വീക്ഷണം വെച്ചു പുലര്‍ത്തുന്നതിനെ അറിയപ്പെടുക. ശാസ്ത്രമെന്താണെന്നോ അതിന്റെ മേഖലയും മെത്തഡോളജിയും എന്താണെന്നോ അറിയാത്തവര്‍ ആണ് സാധാരണയായി ഇത്തരം അധിവാദങ്ങള്‍ ഉന്നയിച്ചു കണ്ടിട്ടുള്ളത്.

ആ പരിമിതി തെളിയിച്ചുകൊടുക്കാന്‍ അന്നവരോട് പറഞ്ഞത് സ്വന്തം പിതാവിനെ ശാസ്ത്രീയമായി തെളിയിക്കുക പോലും അപ്രായോഗികമായിരിക്കും എന്നാണ്.
ഡിഎൻഎ ടെസ്റ്റ് വഴി ഇന്നതെല്ലാം നിഷ്പ്രയാസം കഴിയും എന്നാണ് അതിന് തിരിച്ച് ഒരേ സ്വരത്തില്‍ അവരിൽ നിന്ന് ലഭിച്ച മറുപടി.
എന്നാല്‍ സയന്റിസത്തെ അടിസ്ഥാന വീക്ഷണമായിക്കാണുന്നവരുടെ പരിമിതി ബോധ്യമാകുക ഇവിടെയാണ്.

ഡിഎൻഎ ടെസ്റ്റ് നടത്താം എന്നതൊക്കെ ശരി തന്നെ എന്നാല്‍ എത്ര പേര്‍ക്ക് അത് സ്വയം പരിശോധിച്ചുറപ്പിക്കാന്‍ കഴിയും?
അന്നാ നാസ്‌തിക കൂട്ടായ്മയിലെ ഒരാള്‍ പോലും ‘തനിക്കതറിയാ’മെന്ന അകാശവാദം പറഞ്ഞു വന്നില്ല. അപ്പോള്‍ ഡിഎൻഎ പരിശോധനയുടെ കാര്യത്തില്‍ പോലും സ്വയം മനസ്സിലാക്കി തീര്‍പ്പിലെത്തുന്നതല്ല, മറിച്ച് അതറിയാമെന്ന് പറയുന്ന വിദഗ്ധര്‍ പറയുന്നതിനെ വിശ്വസിക്കുക മാത്രമാണ്. ഇതിൽ എവിടെയാണ് അറിവന്വേഷണത്തിന്റെ ശാസ്ത്ര മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടത്..? അങ്ങനെ ആരോ പറഞ്ഞതിനെ അന്ധമായി വിശ്വസിക്കുന്നതിലും നല്ലതല്ലേ സ്വന്തം പിതാവും മാതാവും പറയുന്നതിനെ തന്നെ യുക്തിപൂര്‍വ്വം അംഗീകരിക്കുന്നത്?

ഈ വിഷയത്തില്‍ സയന്റിസം അനുസരിച്ചാണെങ്കില്‍ സ്വയം തന്നെ ഈ ജനിതക വിവരങ്ങൾ വിലയിരുത്താനും, പരിശോധിക്കാനും കഴിയണം. ഇങ്ങനെ ജനിതകത്തെ സൂക്ഷ്മ പഠന വിധേയമാക്കിയേ അച്ഛനെ അംഗീകരിക്കാവൂ എന്ന് വാദിക്കുന്നത് അപ്രായോഗികം ആണെന്ന് മാത്രമല്ല ശാസ്ത്രത്തെ പൊതു ജീവിതത്തില്‍ ദുഷ്‌കരമാക്കലുമാണ്.

ഇതൊക്കെ സയന്റിസം പറഞ്ഞു വരുന്നവര്‍ക്ക് തന്നെ ഏറെക്കുറെ ബോധ്യമുള്ളത് കൊണ്ടാണല്ലോ അവരാരും ഇന്നുവരെ ഡിഎൻഎ പരിശോധന വെച്ച് അച്ഛനെ നിര്‍ണ്ണയിക്കാതിരുന്നത്.

പ്രശ്നം ഇവിടെയും തീര്‍ന്നില്ല. ശാസ്ത്രം ഒരു വിഷയത്തില്‍ നൂറ് ശതമാനം തീര്‍പ്പിലെത്തുന്ന അവസ്ഥയുണ്ടാകില്ല. അഥവാ ലഭിക്കുന്ന പുതിയ അറിവുകള്‍ക്കനുസരിച്ച് തിരുത്തി മുന്നേറുക എന്നതായിരിക്കും ശാസ്ത്രത്തിന്റെ നിലപാട്. എന്നുവെച്ചാല്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നാസ്‌തികരിലാരെങ്കിലും സ്വന്തം അച്ഛനെ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അത് സംശയത്തിന്റെ നിഴലിലാണെന്ന് പറയേണ്ടി വരും. പുതിയ ശാസ്ത്ര രീതികൾ അനുസരിച്ച് ചിലപ്പോള്‍ മാറാവുന്നതേ ഉള്ളൂ നിങ്ങളുടെ പിതൃസങ്കലപവും!!! ജ്ഞാനശാസ്ത്രപരമായി സയന്റിസത്തിന്റെ പ്രശ്‌നങ്ങളും പരിമിതികളും ബോധ്യപ്പെടുത്തികൊടുക്കാന്‍ ഇത്രയും അവതരിപ്പിച്ചതിന് നാസ്‌തിക ഗ്രൂപ്പിന്ന് തന്നെ ബാന്‍ തരുകയാണ് ചെയ്തത്. ഈ ചര്‍ച്ചകൊണ്ട് അവരെ അവഹേളിക്കുകയാണ് ഞാന്‍ ചെയ്തത് എന്നാണ് അതിനു ന്യായമായി പറഞ്ഞത്. പക്ഷേ സ്വന്തം പിതാവിനെ പോലും ജ്ഞാനശാസ്ത്രപരമായി ഉറപ്പിക്കാന്‍ കഴിയാത്ത ഒരു വീക്ഷണം മുന്നോട്ടുവെച്ചതിലൂടെ ഇവര്‍ സ്വയം തന്നെ അപഹാസ്യരായതാണ്. അത് തുറന്നു പറഞ്ഞുവെന്ന കുറ്റമേ ഞാന്‍ ചെയ്‌തൊള്ളൂ…
നവനാസ്‌തികരുമായുള്ള പല ചര്‍ച്ചകളും ഇക്കോലത്തിൽ ആണ് അവസാനിക്കാറുള്ളത്.

സയന്റിസം സ്വയം ഖണ്ഡിതമാണ് (SCIENTISM IS SELF REFUTING)

ചുറ്റുപാടുകളെ സംബന്ധിച്ച് ശരിയായ അറിവ് നേടാന്‍ യോഗ്യമായ ഒരേയൊരു ജ്ഞാനമാര്‍ഗ്ഗം ശാസ്ത്രം മാത്രമാണെന്ന നിലപാടിനെയാണ് പൊതുവില്‍ ശാസ്ത്ര മാത്രവാദം (SCIENDISM) എന്നു വിളിക്കുന്നത്. എന്നാല്‍ സയന്‍സിനെ ആധാരമാക്കി മാത്രമേ അറിവ് നേടാന്‍ കഴിയൂ എന്ന വാദം സ്വയം തന്നെ ഈ മാനദണ്ഡമനുസരിച്ച് ശരിയാകില്ലെന്നതാണ് ഇതിലെ പ്രഥമ വൈരുദ്ധ്യം. ശാസ്ത്രത്തിലൂടെ മാത്രമേ എല്ലാം അറിയാന്‍ കഴിയൂ എന്ന് വാദിക്കണമെങ്കില്‍ സര്‍വ്വതിനെയും സംബന്ധിച്ച് അത്തരത്തില്‍ അറിവു തരാന്‍ സയന്‍സ് യോഗ്യമായതാണെന്ന് വിശ്വസിക്കണം.

എന്നാല്‍ സയന്‍സ് നമ്മുക്കെല്ലാത്തിനെയും സംബന്ധിച്ച അറിവ് തന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണുത്തരം. അപ്പോള്‍ ശാസ്ത്രത്തെക്കൊണ്ട് ഭാവിയില്‍ അതിനാകും എന്ന ധാരണ വെറും അനുമാനം (ASSUMPTION) മാത്രമാണ് എന്നു വരും.

സയന്‍സിലൂടെ മാത്രമേ എല്ലാം അറിയാന്‍ കഴിയൂ എന്ന വാദം സ്വയംതന്നെ വെറും അനുമാനവും വിശ്വാസവുമാണെന്ന് വന്നാല്‍ ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കൂ എന്നു വാശിപിടിക്കുന്നവർക്ക് അതെങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? അഥവാ ഒരനുമാനത്തില്‍ വിശ്വസിച്ചാണ് ശാസ്ത്രമാത്രവാദം തന്നെയുണ്ടാക്കുന്നത്. അതിനാൽ തന്നെ സ്വന്തംവാദത്തിന്റെ അടിത്തറ അതിനെ ഖണ്ഡിച്ചാണ് നിലനില്‍ക്കുന്നതും. സ്വയം വൈരുദ്ധ്യാത്മകമായ (SELF CONTRADICTORY)ഒരു നിലപാടാണിതെന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്.

സയന്റിസത്തിന്റെ നവനാസ്‌തിക രൂപങ്ങള്‍

ഓരോ തരത്തിലുള്ള അറിവന്വേഷണങ്ങള്‍ക്കും അതിനതിന്റെതായ മേഖലകളുണ്ട്. എന്നാല്‍ സർവ്വ മേഖലയിലും സയന്‍സിനെ ഉപയോഗിക്കാം എന്ന അതിരു കടന്ന വാദത്തിലെത്തുന്നതിനെയാണ് ശാസ്ത്രമാത്രവാദം (SCIENTISM) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
“SCIENCE MODELED ON THE NATURAL SCIENCES IS THE ONLY SOURCE OF REAL KNOWLEDGE”
ശരിയായ അറിവ് നേടാന്‍ യോഗ്യമായ ഒരേയൊരു മാര്‍ഗ്ഗം ശാസ്ത്രം മാത്രമാണെന്ന നിലപാട് എന്നാണ് ഭൗതിക ശാസ്ത്രകാരനായ ലാൻ ഹച്ചിൻസൺ (LAN HUTCHINSON) സയന്റിസത്തെ നിർവ്വചിക്കുന്നത്.

ശാസ്ത്രത്തിന്റെ വിഷയത്തില്‍ കൂടുതല്‍ തീവ്രമായ അതിവാദങ്ങള്‍ ഉന്നയിക്കുന്ന ഈ പ്രവണത കേവല സൈദ്ധാന്തിക സാധ്യതയായല്ല പറയുന്നത് മറിച്ച് പല ആധുനിക ബുദ്ധി ജീവികളില്‍ പോലും സയന്റിസത്തിന് ജീവിക്കുന്ന ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. സുപ്രസിദ്ധമായ കുറച്ച് ശാസ്ത്ര വചനങ്ങള്‍ നോക്കുക-
“THE COSMOS IS ALL THAT IS,OR EVER WAS,OR EVER WILL BE”
‘ഈ പ്രപഞ്ച ഘടന ഇവിടെയുള്ളതാണ്. മുമ്പുണ്ടായിരുന്നതാണ്. ഇനി ഉണ്ടായിരിക്കുകയും ചെയ്യും.’
കാള്‍ സാഗന്‍, കോസ്‌മോസ്

“THE MORE THE UNIVERSE SEEMS COMPREHENSIBLE THE MORE IT ALSO SEEMS POINTLESS”
എത്ര കൂടുതല്‍ പ്രപഞ്ചത്തെ മനസ്സിലാക്കുന്നുവോ, അത്രയും അതിന് പുറകിലെ ഉദ്ദേശ്യമില്ലായ്മയാണ് ബോധ്യമാകുന്നത്.
സ്റ്റീഫന്‍ വെയ്ന്‍ബര്‍ഗ്, ദി ഫസ്റ്റ് ത്രീ മിനുറ്റ്‌സ്.

“SCIENCE CAN ANSWER MORAL QUESTIONS”
ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സയന്‍സിനെക്കൊണ്ടാകും.
സാം ഹാരിസ്, ടെഡ് ടാൾക്ക്‌.

പ്രപഞ്ചമോ അതിന്റെ ഭൗതിക രൂപമോ എല്ലാ കാലത്തും ഇവിടെ നിലനിന്നിരുന്നുവെന്നും, ഇനി നിലനില്‍ക്കുമെന്നും ശാസ്ത്രത്തെ വെച്ച് പറയാന്‍ കഴിയുന്നൊരു വാദമല്ല. സയന്‍സിന്റെ അന്വേഷണ പരിമിതികള്‍ക്കപ്പുറം നില്‍ക്കുന്ന കാര്യങ്ങളെയാണ് ശാസ്ത്രീയ വീക്ഷണം എന്ന മട്ടില്‍ കാള്‍ സാഗാന്‍ പറഞ്ഞു പോകുന്നത്. കടുത്ത ഭൗധികവാദം കലർന്ന മുന്ധാരണ മാത്രമാണ് ഇതിലുള്ളത്.

പ്രപഞ്ചത്തെ കൂടുതല്‍ മനസ്സിലാക്കും തോറും അതിന് പിറകിലെ അര്‍ത്ഥമില്ലായ്മ തെളിയുന്നു എന്ന സ്റ്റീഫന്‍ വെയ്ന്‍ബര്‍ഗിന്റെ പരാമര്‍ശവും സയൻഡിസം കലര്‍ന്നതാണ്. ഒരിക്കലും ഒന്നിന്റെ ഉദ്ദേഷ്യമോ, ഉദ്ദേശ്യമില്ലായ്മയോ വിശദീകരിക്കൽ സയൻസിന്റെ ഉദ്ദേശം ആകുന്നില്ല.
ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സയന്‍സിനാകും എന്ന് സാം ഹാരിസ് പറയുമ്പൊഴും, ശാസ്ത്രത്തിന്റെതല്ലാത്ത ഒരു മേഖലയിലേക്ക് അതിനെ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്ന ശാസ്ത്രമാത്ര മനോഭാവമാണ് പ്രകടമാകുന്നത്.

പൊതുവില്‍ സയന്‍സിന് അന്യമായ മേഖലകളിലേക്കതിനെ തള്ളിക്കയറ്റുകയും അതിലൂടെ സയന്‍സിനെയും, ജ്ഞാന ശാസ്ത്ര മേഖലകളെയെല്ലാം തന്നെയും മലീമസമാക്കുകയെന്ന വ്രത്തികെട്ട വിരോധഭാസമാണ് സയന്റിസം കൊണ്ട് സംഭവിക്കുന്നത്. ഓരോ മേഖലകളെയും മനസ്സിലാക്കാന്‍ അതിനതിന്റെതായ രീതിശാസ്ത്രമാണ് ഉപയോഗിക്കേണ്ടതെന്നത് പ്രാഥമിക യുക്തിയാണ്.

ഒരിക്കല്‍ വേദന അനുഭവിക്കാന്‍ ഉള്ള ബോധവും കഴിവും ഗര്‍ഭസ്ഥ ശിശുവിനുണ്ടായാല്‍ പിന്നെ ഗര്‍ഭഛിദ്രം ശരിയാണോ എന്ന ചര്‍ച്ച എത്തിക്‌സുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
അറിവ് ശരിയായ ധാരണയാണോ നല്‍കുന്നതെന്ന വിഷയം ജ്ഞാനശാസ്ത്രം (EPISTEMOLOGY) ആണ് കൈകാര്യം ചെയ്യുന്നത്.

അനന്തമായ ഭൂതകാലം (ETERNAL PAST) നിലനില്‍ക്കുക സാധ്യമാണോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ലോജിക്കിനെയും ഉപയോഗിക്കുന്നു.
ജനിതക മാറ്റങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന പുതിയ അറിവുകള്‍ എങ്ങനെയാണ് പരിണാമ ലോക വീക്ഷണത്തെത്തന്നെ മാറ്റി മറിക്കുക എന്ന ചര്‍ച്ച സയന്‍സിന്റെ തന്നെ തത്ത്വശാസ്ത്രവുമായി (PHILOSOPHY OF SCIENCE) ബന്ധപ്പെട്ട് കിടക്കുന്നു.

ഗണിതം പ്രകൃതിയുമായി എങ്ങനെ യോജിച്ച് കിടക്കുന്നുവെന്നും, അവയുടെ യഥാര്‍ത്ഥ നിലനില്‍പ്പങ്ങനെയാണെന്നും ചിന്തിക്കുന്നത് ഗണിത തത്ത്വശാസ്ത്രജ്ഞരാണ് (PHILOSOPHERS OF MATHS).

ഇങ്ങനെ നിരവധി അനവധി വിഷയങ്ങളും അവയ്ക്ക് അവയുടെതായ മേഖലകളും ഉള്ളപ്പോള്‍ ഈ ബഹുസ്വര ചിന്തയെ തന്നെ നിരാകരിച്ച് പകരം എല്ലാ മേഖലകളിലും ശാസ്ത്രം മാത്രം മതിയെന്ന ചപലമായ ചിന്തയില്‍ സയന്റിസം എത്തുന്നു.

ശാസ്ത്ര പ്രചാരകരെന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള നീന്‍ ഡീഗ്രായ്‌സ് ടൈസണും ( NEIL DEGRASSE TYSON) ലോറന്‍സ് ക്രോസും (LAWRENCE KRAUSE) ഒക്കെ സയന്റിസത്തിന്റെ ചുവടുപിടിച്ച് ഫിലോസഫി തന്നെ കാലഹരണപ്പെട്ട് പോയിരിക്കുന്നുവെന്ന് പറഞ്ഞവരാണ്. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായാ സ്റ്റീഫന്‍ ഹോക്കിങ്ങ് ഫിലോസഫി മരിച്ചു കഴിഞ്ഞു എന്നു പോലും പറഞ്ഞ് പോയിരിക്കുന്നു. മൂവരും നാസ്‌തികരാണ് എന്നതാണ് വായിച്ചെടുക്കാവുന്ന മറ്റൊരു സാമ്യത.

നാസ്‌തികരും, ശാസ്ത്രമാത്ര വാദികളുമൊക്കെ ഒരേ കൂട്ടര്‍ തന്നെയാകുന്നതിന്റെ യുക്തി പ്രമുഖ തത്ത്വശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് ഫീസർ (EDWARD FESER) ബെന്‍ ഷഫീറോവെന്ന(BEN SHAPIERO) മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഒരു തരത്തിലുളള വിദ്യാഭ്യാസ രീതിയുടെ തന്നെ പ്രശ്‌നമാണിതെന്നാണ് സയൻഡിസത്തിന് കാരണമായി അദ്ദേഹം പറയുന്നത്.

ചരിത്രത്തിലേക്ക് നോക്കിയാല്‍ കേവലമായ ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ മാത്രം അറിവ് നേടി ഒതുങ്ങുന്നു വിദ്യാഭ്യാസ രീതിയല്ല മറിച്ച് സമഗ്രമായ ലോക ബോധമുണ്ടാക്കാന്‍ അതിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അറിയപ്പെടുന്ന ചിന്തകരെല്ലാം കടുത്ത ദൈവ വിശ്വാസികള്‍ കൂടി ആയിരുന്നുവെന്നു കാണാം.

അരിസ്റ്റോട്ടിലും, ദെക്കാര്‍ത്തെയും, അല്‍ഗസാലിയും, ന്യൂട്ടണുമൊക്കെ ദൈവത്തെയംഗീകരിച്ചത് അവര്‍ക്ക് ലോകത്തെ സംബന്ധിച്ച് സമഗ്രമായ ബോധം കൂടി ഉണ്ടായത് കൊണ്ടാണ്. ഫിലോസഫിയും, ജ്ഞാനശാസ്ത്രവും, പ്രകൃതി ശാസ്ത്രവും, ലോജിക്കും എത്തിക്‌സും തിയോളജിയും എല്ലാം അവര്‍ക്കൊരു പോലെ പഠന വിഷമയങ്ങളായിരുന്നുവെന്നു കാണാം.

പഠനം ഏതെങ്കിലും ഒരു വിഷയത്തെ ചുറ്റിപ്പറ്റി മാത്രമാകുമ്പോള്‍ ഇല്ലാതാകുന്നത് സമഗ്രമായ ലോകബോധമാണ്.

ഉദാഹരണത്തിന് റിച്ചാർഡ് ഡോക്കിൻസിനെ തന്നെയെടുക്കാം. അദ്ദേഹം വലിയ ശാസ്ത്രജ്ഞനും, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളാണെന്നതും ഒക്കെ നേരാണ്. എന്നാല്‍ ജീവശാസ്ത്രം ആണ് അദ്ദേഹത്തിന്റെ മേഖല. അതിനെ ചുറ്റിപ്പറ്റി മാത്രമാണ് അദ്ദേഹത്തിന്റെ അറിവുകളും. തത്ത്വശാസ്ത്രത്തിൽ തനിക്ക് വലിയ പരിജ്ഞാനം ഒന്നുമില്ലെന്ന് ഡോക്കിൻസ് തന്നെ സമ്മതിച്ചിട്ടുമുണ്ട്.

ഇത് തന്നെയാണ് സ്റ്റീഫന്‍ ഹോക്കിംങ്‌സില്‍ എത്തുമ്പോഴും പ്രശ്‌നം ഭൗതിക ശാസ്ത്രം (PHYSICS) ആണ് ഹോക്കിംങ്‌സിന്റെ കേന്ദ്രവിശയം. എന്നതുകൊണ്ട് തന്നെ കാര്യമായ തത്ത്വശാസ്ത്ര നിലവാരം ഇദ്ദേഹത്തിലും കാണുന്നില്ല. ഉദാഹരണത്തിന് ഹോക്കിംങ്സിന്റെ അവസാന പുസ്തകമായ ബ്രീഫ് ആൻസേഴ്സ് ടു ദി ബിഗ് ക്വസ്റ്റ്യൻസ് എന്ന കൃതിയിലെ ഒരു വാചകം നോക്കുക.

‘I THINK THE UNIVERSE WAS SPONTANEOUSLY CREATED OUT OF NOTHING ACCORDING TO THE LAWS OF SCIENCE’
‘ഭൗതിക ശാസ്ത്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ശൂന്യതയില്‍ നിന്നും പൊടുന്നനെ ഉണ്ടായി വന്നതാകും പ്രപഞ്ചമെന്നാണ് താന്‍ കരുതുന്നത്.’

ദൈവമില്ലെന്ന് വാദിക്കാന്‍ ഇതെഴുതുമ്പോള്‍ തന്നെയും തത്ത്വശാസ്ത്രപരമായ വിവരമില്ലായ്മ അദ്ദേഹത്തില്‍ തെളിഞ്ഞ് കാണാവുന്നതാണ്. ഒന്നാമതായി ഭൗതികശാസ്ത്ര നിയമങ്ങളുനുസരിച്ച് പ്രപഞ്ചമുണ്ടാകാം എന്ന് വാദിച്ചാല്‍ പിന്നെയത് ശൂന്യതയല്ല. അവിടെ പ്രപഞ്ചത്തിന് കാരണമായി ഒരു ഭൗതിക നിയമ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആ നിയമവും വ്യവസ്ഥയും എങ്ങനെയവിടെ സംവിധാനിക്കപ്പെട്ടു വെന്ന പ്രശ്‌നമാണ് അതുണ്ടാകുന്നത്. കൂടാതെ നിശ്ചിത സ്വഭാവം കാണിക്കുന്ന ഒരു വ്യവസ്ഥയില്‍ നിന്നും ഒരു പ്രത്യേക സമയത്ത് മാത്രം പ്രപഞ്ചമെന്തുകൊണ്ടുണ്ടായിയെന്നും, അതിന് കാരണമായതെന്തെന്നുമുള്ള ഒട്ടനേകം ചോദ്യങ്ങളുണ്ട്.
എന്നാല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ മാത്രം ബോധ്യമാകുന്ന ഈ പ്രശ്‌നങ്ങളെക്കണ്ടില്ലെന്നു നടിച്ച് ഒരു ശൂന്യതയും കുറച്ച് നിയമങ്ങളും മാത്രം മതി പ്രപഞ്ചമുണ്ടാക്കാന്‍ എന്നു പറഞ്ഞ് സ്വയം തന്നെയൊരു പുകമറയുണ്ടാക്കുകയാണ് അദ്ദേഹം.

ഒന്നുമില്ലായ്മയില്‍ നിന്നുമൊരു പ്രപഞ്ചം (A UNIVERSE FROM NOTHING) എന്ന പേരില്‍ പ്രസിദ്ധമായ പുസ്തകമെഴുതിയിട്ടുളള ലോറന്‍സ് ക്രോസിനും സമാനമായ അബദ്ധം പിണഞ്ഞതായി കാണാം. ശൂന്യത (NOTHINGNESS) എന്നദ്ദേഹം ഇവിടെ വിളിക്കുന്നത് ക്വാണ്ടം ബലതന്ത്രത്തിന്റെ ലോകത്തെയും നിയമങ്ങളെയുമാണ്. അവയെ പൊതുവില്‍ ശൂന്യതയെന്ന് പേരിട്ട് വിളിച്ചദ്ദേഹം വായനക്കാരെ കൂടി കബളിപ്പിക്കാന്‍ നോക്കുന്നു.

ഇത്തരം അബദ്ധ യുക്തികള്‍ കൊണ്ടൊന്നും ദൈവമില്ലാതാകില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലെന്നത് പോട്ടെ ശൂന്യതയില്‍ നിന്നും പ്രപഞ്ചം തുടങ്ങി എന്നെഴുതുന്നത് അനാദിയായ പ്രപഞ്ചത്തില്‍ വിശ്വസിച്ചിരുന്ന നാസ്‌തിക ഭൂതകാലത്തിന് കിട്ടുന്ന അടിയാണെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധവും ഇവര്‍ക്കില്ലാതാകുന്നു.

ശൂന്യതയില്‍ നിന്നും പ്രപഞ്ചം സ്രഷ്ടിക്കപ്പെട്ടെങ്കിന്‍ ദൈവ വീക്ഷണങ്ങളുമായി സംമ്പൂര്‍ണ്ണമായി ഇത് ഒത്തുപോകുമെന്ന സാമാന്യ തത്ത്വശാസ്ത്രബോധവും ഇവര്‍ക്കന്യമാകുന്നു. പരിണാമം (BIOLOGICAL EVOLUTION) കൊണ്ട് ദൈവത്തെയില്ലാതാക്കാന്‍ കാലങ്ങളായി പണിയെടുത്തുകൊണ്ടിരിക്കുന്ന ഡോക്കിന്‍സിന്റെയും പ്രധാന പരിമിതി ഈ തത്ത്വശാസ്ത്രപരമായ അജ്ഞാനമാണ്.

ഇവ്വിശയകരമായ ഫ്രാന്‍സീസ് ബേക്കണിന്റെ സുപ്രസിദ്ധമായ ഒരു വാക്യം കൂട്ടിച്ചേര്‍ത്ത് അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.

A LITTLE PHILOSOPHY INCLINETH MAN’S MIND TO ATHEISM,BUT DEPTH IN PHILOSOPHY BRINGETH MEN’S MINDS ABOUT TO RELIGION.
‘തത്ത്വശാസ്ത്രത്തിലുള്ള അല്‍പജ്ഞാനം മനുഷ്യരെ നാസ്‌തികനാക്കാം എന്നാൽ അതിനെ ആഴത്തിൽ മനസ്സിലാക്കുന്നത് നിങ്ങളെ ആസ്തിക ചിന്തകളിൽ എത്തിക്കും.”
(ഫ്രാൻസിസ് ബേക്കൺ)

(തുടരും)

1 Comment

  • ماشاء الله

    Ibrahim 25.01.2021

Leave a comment

Your email address will not be published.