ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -2

//ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -2
//ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -2
ആനുകാലികം

ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -2

Print Now
ശാസ്ത്രം ദൈവത്തെ കൊല്ലുമോ..?

എല്ലാ മേഖലയിലേക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ശാസ്ത്രമെന്ന അബദ്ധ ധാരണയുള്ളതുകൊണ്ട് തന്നെ ദൈവത്തെ ഖണ്ഡിക്കാനും ശാസ്ത്രത്തെ കൂട്ട്പിടിക്കാന്‍ കഴിയും എന്നൊരു പൊതു വിശ്വാസം നാസ്തികള്‍ക്കിടയില്‍ ഉണ്ട്.

സ്റ്റീഫന്‍ ഹോക്കിങ്ങ് പോലും തന്റെ അവസാന കൃതിയിലൂടെ ശാസ്ത്രം ദൈവമില്ലെന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞു പോയി. വാസ്തവത്തില്‍ എന്താണ് ശാസ്ത്രമെന്നോ അതിന്റെ മേഖലകളും രീതിശാസ്ത്രവുമെന്താണെന്നോ, കാര്യമായി ഗ്രഹിക്കാത്തതോ, ഗ്രഹിച്ചതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ ആണിവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നം. അത് ബോധ്യമാകാന്‍ ശാസ്ത്രത്തെ അതിന്റെ നിര്‍വ്വചനം തൊട്ട് വായിക്കാന്‍ ശ്രമിക്കണം.

അറിവ് എന്നര്‍ത്ഥം വരുന്ന scientia എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് SCIENCE എന്ന വാക്കുണ്ടാകുന്നത്.
അതുകൊണ്ട് തന്നെ ഭൗതിക ലോകത്തെ സംബന്ധിച്ച് മനുഷ്യന്റെ അറിവന്വേഷണമാണ് ശാസ്ത്രം. സയന്‍സിന് പൊതുവായി കൊടുക്കാറുളള നിര്‍വ്വചനം:
“SCIENCE IS THE INTELLECTUAL AND PRACTICAL ACTIVITY ENCOMPASSING THE SYSTEMATIC STUDY OF THE STRUCTURE AND BEHAVIOUR OF THE PHYSICAL AND NATURAL WORLD THROUGH OBSERVATION AND EXPERIMENT”

‘ഭൗതിക ചുറ്റുപാടിന്റെ ഘടനയെയും സംവിധാനത്തെയും എല്ലാം ഗവേഷണ, നിരീക്ഷണങ്ങളിലൂടെ പഠിക്കുന്ന ബൗദ്ധികവും പ്രായോഗികവുമായ പ്രവര്‍ത്തിയാണ് ശാസ്ത്രം.’
സയന്‍സിന്റെ മെത്തഡോളജിയനുസരിച്ച് ഇതിന് അഞ്ച് പടികളാണുള്ളതെന്ന് പൊതുവില്‍ പറയാം.

1. OBSERVATION
2. HYPOTHESIS
3. EXPERIMENT
4. DATA ANALYSIS
5) CONCLUSION

സയന്‍സിനെ സംബന്ധിച്ച ഈ അടിസ്ഥാന വിവരങ്ങളില്‍ നിന്ന് തന്നെ എന്തിന് വേണ്ടിയാണ് ശാസ്ത്രമെന്നും, അതിന്റെ മേഖലയെന്താണെന്നും ബോധ്യമാകും. നമ്മുടെ അന്വേഷണ നിരീക്ഷണ പരിധിയില്‍ ഒതുങ്ങുന്ന ഭൗതികമായതെന്തുമാണ് സയന്‍സിന്റെ മേഖല. അതിനപ്പറുമുള്ള ഒന്നിനെയും സംബന്ധിച്ച മൂര്‍ത്തമായ ഒരു നിലപാടും വാദവും ശാസ്ത്രം മുന്നോട്ട് വെക്കുന്നില്ല. മനുഷ്യന്റെ അന്വേഷണ പരിമിതിക്കുള്ളില്‍ നിന്ന് പദാര്‍ത്ഥ ലോകത്തെ മനസ്സിലാക്കുകയെന്ന ഉദ്ദേശ്യം മാത്രം നിറവേറ്റുന്ന സയന്‍സിന്റെ ജ്ഞാനശാസ്ത്ര രീതിയനുസരിച്ച് പദാര്‍ത്ഥ ലോകത്തിന് അതീതനും അതിനെ തന്നെ സൃഷ്ടിച്ചവനുമായ ഒരു അസ്ഥിത്വത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നു വാദിക്കുന്നതില്‍ പോലും വിഡ്ഢിത്തമുണ്ട്.

ഭൗതിക പ്രപഞ്ചത്തെ മാത്രം മനസ്സിലാക്കുക ജ്ഞാനമേഖലയായുള്ള സയന്‍സ് എങ്ങനെയാണ് പ്രപഞ്ചാതീതമായ ഒന്നിനെക്കുറിച്ച് സംസാരിക്കുക?
പ്രപഞ്ചോൽപത്തിയോടെ മാത്രം ഉണ്ടായ ഭൗതിക പ്രതിഭാസങ്ങളെ ആശ്രയിച്ച് മാത്രം പഠിക്കുന്ന ശാസ്ത്രത്തെക്കൊണ്ട് ആ ഭൗതിക വ്യവസ്ഥകള്‍ തന്നെ സൃഷ്ടിച്ച, ഈ ഭൗതിക നിയമങ്ങള്‍ക്കെല്ലാം അതീതമായ ഒരസ്ഥിത്വത്തെയെങ്ങനെയാണ് വിലയിരുത്താന്‍ കഴിയുക?
ചുരുക്കത്തില്‍ ശാസ്ത്രം എന്തുകൊണ്ട് ദൈവത്തെ സംബന്ധിച്ച് സംസാരിക്കുന്നില്ലായെന്ന ചോദ്യം തന്നെ ട്രെയിന്‍ എന്തുകൊണ്ട് പറക്കുന്നില്ല എന്ന് ചോദിക്കുന്നതിന് സമാനമായ വിവരക്കേടാണ്. ട്രെയിന്‍ അതിന്റെ പാതയിലൂടെ മാത്രം സഞ്ചരിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്ന പോലെതന്നെ സയന്‍സ് ഭൗതിക ലോകത്തെ പഠിക്കാനുള്ള മനുഷ്യന്റെ സൃഷ്ടിയാണ്. പ്രപഞ്ചേതരമായ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ സയന്‍സ് ശക്തമല്ല. സ്വാഭാവികമായും ദൈവവും ശാസ്ത്രത്തിന്റെ ജ്ഞാന മേഖലയ്ക്ക് അപ്പുറമാണ്. എന്നാല്‍ ഏകമായ ജ്ഞാനമാർഗ്ഗമേ ഉള്ളുവെന്നും അത് ശാസ്ത്രമാണെന്നുമുള്ള അപ്രായോഗിക അന്ധവിശ്വാസം കൊണ്ടു നടക്കുന്നതാണ് നാസ്തികർ പ്രകടിപ്പിക്കുന്ന പ്രധാന പരിമിതി.

സയന്റിസം നിലനില്‍ക്കുമോ?

ശാസ്ത്രമാത്രവാദം പറയുന്നത് കൊണ്ടുണ്ടാകാവുന്ന ഒരു പ്രധാന പ്രശ്‌നം സയന്‍സിന്റെ അടിത്തറയെ തന്നെ നിഷേധിക്കുന്ന അവസ്ഥയിലേക്കത് കൊണ്ടെത്തിക്കുമെന്നതാണ്. ഇത്തരം തീവ്രമായ സമീപനം ശാസ്ത്രത്തിന്റെ ലളിത ഘടനയെ ഇല്ലാതാക്കുകയും പകരം ശാസ്ത്ര രീതികളെ കൂടുതല്‍ ദുര്‍ഗ്രഹമാക്കുകയും ചെയ്യുന്നു. സയന്‍സ് പ്രവര്‍ത്തിക്കുന്നത് തന്നെ തത്ത്വശാസ്ത്രപരമായ ചില യുക്തികളെ അടിസ്ഥാനമാക്കിയാണ്. ഇങ്ങനെ സ്വയം തന്നെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത പ്രാഥമിക യുക്തിയിലാണ് സയന്‍സ് നിലനില്‍ക്കുന്നത് എന്ന് പറയാം. അപ്പോള്‍ ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കൂ എന്ന് വാശിപിടിക്കുന്നവര്‍ക്ക് അതിന്റെ അടിത്തറകളെ തന്നെ നിഷേധിക്കേണ്ടതായി വരും.
ശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില തത്ത്വശാസ്ത്ര യുക്തികള്‍ ഇവയാണ്.

1) സ്ഥലത്തിന്റെ സ്ഥായി സ്വഭാവം (spacial regularity)

സയന്റിഫിക് മെത്തഡോളജി ഉപയോഗിച്ച് ശാസ്ത്രീയമായി ഒരു വിഷയത്തില്‍ എത്തുന്ന തീര്‍പ്പ് (conclusion) മറ്റൊരിടത്തും അതുപോലെ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന ബുദ്ധിപരമായ അനുമാനത്തില്‍ നിന്നാണ് എല്ലാ ശാസ്ത്രീയ നിയമങ്ങളും, സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നത്. അതല്ലാതെ സകല സ്ഥല മാനങ്ങളിലും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച്, എല്ലായിടത്തും അതിന്റെ ഫലം ഒന്നു തന്നെയാണെന്ന് നിരീക്ഷിച്ച് ഒരു ശാസ്ത്രത്തിനും പ്രായോഗികമായി നിലനില്‍ക്കാന്‍ കഴിയില്ല.

ഉദാഹരണത്തിന് ഇന്‍ഡ്യയില്‍ നിന്നുകൊണ്ടൊരു കല്ല് ഉയര്‍ത്തി വിട്ടാൽ അത് താഴേക്ക് പതിക്കുന്നു എന്ന നിരീക്ഷണത്തില്‍ നിന്നും ഈ പരീക്ഷണം അമേരിക്കയില്‍ ചെന്ന് ചെയ്താലും സമാനമായ അനന്തരഫലം തന്നെയാണ് ഉണ്ടാവുകയെന്നാണ് ശാസ്ത്രം തീര്‍പ് കല്‍പ്പിക്കുക. അഥവാ ശാസ്ത്ര നിയമങ്ങള്‍ spacio temporally invariable ആണെന്ന തത്ത്വശാസ്ത്രാനുമാനത്തെ (philosophical assumption) അടിസ്ഥാനമാക്കിയാണ് സയന്‍സ് ഇവിടെ കണ്‍ക്ലൂഷനുകളില്‍ എത്തുന്നത്.

കുറച്ചുകൂടി പ്രാപഞ്ചികമായി പറഞ്ഞാല്‍ സൂക്ഷ്മ ലോകത്ത് ക്വാണ്ടം കണികകള്‍ക്ക് ഒരേ സമയത്ത് വ്യത്യസ്ത ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമെന്നും (quantum super position), ക്വാണ്ടം ബലതന്ത്രത്തിന്റെ ലോകത്ത് എന്റാന്‍ഗിള്‍ഡ് ആകുന്ന (quantum entanglement) രണ്ടു കണികകള്‍ക്ക് പ്രകാശ വേഗത്തേക്കാള്‍ പെട്ടെന്ന് പരസ്പരം സന്ദേശം കൈമാറാന്‍ കഴിയും എന്നുമൊക്കെ ശാസ്ത്രീയമായി നമ്മള്‍ മനസ്സിലാക്കുന്നത് പ്രപഞ്ചത്തിലെ സകല കണികകളെയും, പഠന വിധേയമാക്കിയിട്ടല്ല.

മറിച്ച് ചുരുക്കം ചില എക്സ്പെരിമെന്റുകളിലൂടെ നിരീക്ഷിക്കപ്പെടുന്ന സൂക്ഷ്മ കണികകളുടെ സ്വഭാവം മനസ്സിലാക്കുകയും പ്രപഞ്ചത്തിലാകമാനം സൂക്ഷ്മ കണികകളുടെ സ്വഭാവം അതാണെന്ന് വിധികല്‍പിക്കുകയും ചെയ്യുന്ന സര്‍വ്വ സാമ്യതത്ത്വം (DOCTRINE OF UNIFORMITY) അനുസരിച്ചു മാത്രമേ പ്രായോഗികമായി ശാസ്ത്രത്തിന് നിലനില്‍പ്പൊള്ളൂ. ഇതാണെങ്കില്‍ യുക്തിപരവും, തത്ത്വശാസ്ത്രപരവുമായ ഒരനുമാനം മാത്രമാണ്.

2. കാലത്തിന്റെ സ്ഥായി സ്വഭാവം (temporal regularity)

നിരീക്ഷിക്കപ്പെടുന്ന ഏതൊരു പ്രതിഭാസത്തിനും നിത്യമായ നില നില്‍പ്പുണ്ടെന്നും കാലാന്തരത്തില്‍ പ്രകൃതി നിയമങ്ങള്‍ക്ക് സ്ഥായിയാണെന്നും ഉള്ള മാനുഷിക അനുമാനത്തിന് പുറത്ത് തന്നെയാണ് ഏതൊരു ശാസ്ത്രീയ സിദ്ധാന്തവും നിര്‍മ്മിതമാകുന്നത്. ഉദാഹരണത്തിന് ഭൂമിയില്‍ നിന്നും ഉയര്‍ത്തിയ കല്ല് കൈവിട്ടാല്‍ താഴെ പതിക്കും എന്ന നിരീക്ഷണത്തില്‍ നിന്നും, ഈ പരീക്ഷണം നാളെയും, അതിനടുത്ത ദിവസവുമായി തുടര്‍ന്നാലും സമാനമായ ഫലം തന്നെയാകും കിട്ടുകയെന്ന അനുമാനത്തിലാണ് ശാസ്ത്ര ലോകം എത്തിച്ചേരുക. ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളും നിയമങ്ങളും, എല്ലാം നിര്‍മിതമാകുന്നതും തുടരെ തുടരെ അതുപയോഗിക്കുന്നതും ഈ അനുമാനത്തിന് പുറത്ത് തന്നെ. അതല്ലാതെ നാളെയും ഭൂമിയില്‍ നിന്നും ഒരു വസ്തു ഉയര്‍ത്തി കൈ വിട്ടാല്‍ അത് സമാന ഫലം തന്നെയുണ്ടാക്കും എന്ന് ശാസ്ത്രീയമായി ഗവേഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് ഉറപ്പ് വരുത്താനൊന്നും കഴിയില്ല. അഥവാ ഫിലോസഫിക്കലായ ഒരനുമാനം ആണിതും.

ശാസ്ത്ര ലോകത്ത് സുസ്ഥിര നിയമങ്ങള്‍ (laws and constants) നിലനില്‍ക്കുന്നത് പോലും ഈ ഫിലോസഫിയെ ആശ്രയിച്ചാണ്.

കോൺസ്റ്റന്റ് എന്ന പദത്തിന് തന്നെ അര്‍ത്ഥം മാറ്റമില്ലാത്തതെന്നും, ശാശ്വതമായതെന്നും ഒക്കെയാണല്ലോ. ഉദാഹരണത്തിന് ശാസ്ത്രമനുസരിച്ച് പ്രകാശവേഗത ഒരു കോണ്‍സ്റ്റന്റ് ആണ്. സെക്കന്റില്‍ 299792458 മീറ്റര്‍ വേഗത എന്നതാണ് അതിന്റെ കണക്ക്. ഗ്രാവിറ്റേഷണല്‍ കോണ്‍സ്റ്റാന്റിന്റെ മൂല്യമായി G=6.67430×10^11 M^3 KG^1 5^2 എന്നും കണക്കാക്കുന്നു.
എന്നാല്‍ പ്രപഞ്ചത്തിന്റെ കഴിഞ്ഞ 14 ബില്യണ്‍ വര്‍ഷത്തെ കാലം മുഴുവന്‍ ഇവ ഈ മൂല്യം തന്നെയാണ് പ്രകടിപ്പിച്ചിരുന്നതെന്ന് നേരിട്ടുള്ള ഒരു നിരീക്ഷണ പരീക്ഷണം കൊണ്ടും തെളിയിക്കാന്‍ കഴിയില്ല. മറിച്ചവ പ്രകടിപ്പിക്കുന്ന സ്വഭാവത്തില്‍ നിന്ന് തത്ത്വശാസ്ത്രപരമായിയെത്തുന്ന തീര്‍പ്പാണ് അതിന്റെ ശാശ്വത പ്രകൃതമെന്ന നിഗമനം.

3. ക്രമാവസ്ഥ (ORDER)

ഒരു വസ്തുവില്‍ നിന്നും അതിന്റെ ക്രമവും ക്രമരാഹിത്യവും നിരീക്ഷിക്കാനും, അതിന് പിറകില്‍ അടങ്ങിയിരിക്കുന്ന ഇന്റലിജൻസ് മനസ്സിലാക്കിയെടുത്ത് സയന്‍സില്‍ ഉപയോഗിക്കാനും മനുഷ്യന് കഴിയും എന്നാല്‍ ഒന്നിന് ക്രമമുണ്ടെന്നോ ക്രമരാഹിത്യമുണ്ടെന്നോ ശാസ്ത്രത്തിന് തീര്‍പ്പ് പറയാന്‍ കഴിയില്ല. അത് പൂര്‍ണ്ണമായും മനുഷ്യയുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

4. ഗണിതത്തിന്റെ പ്രായോഗികത. (MATHEMATICAL APPLICABILITY)

ഗണിത നിയമങ്ങളിലും അക്കങ്ങളുടെ മൂല്യങ്ങളിലും സമവാക്യങ്ങളിലും, എല്ലാം പ്രവര്‍ത്തിക്കുന്നത് ലോജിക് ആണ്. അതല്ലാതെ ശാസ്ത്രീയ മെത്തഡോളജി ഉപയോഗിച്ചല്ല ഒരു തീർപ്പില്‍ എത്തുന്നത്. എന്നാല്‍ ഈ ഗണിതത്തെ തന്നെ പ്രപഞ്ച ഭാഷയായി അംഗീകരിച്ചും, അതുപയോഗിച്ചുള്ള സമവാക്യങ്ങള്‍ ശാസ്ത്ര രംഗത്ത് പ്രയോഗിച്ചുമാണ് സയന്‍സ് തന്നെ മുന്നോട്ട് പോകുന്നത്.

ഉദാഹരണത്തിന് സ്ട്രിംഗ് തിയറി പ്രകാരം ഒന്നുകഴിഞ്ഞ് അഞ്ഞൂറ് പൂജ്യങ്ങള്‍ വേണ്ട സംഖ്യയുടെ അത്രയും പ്രപഞ്ചങ്ങള്‍ ഉണ്ടാകാം എന്ന് ഗണിത സമവാക്യങ്ങള്‍ ഉപയോഗിച്ച് അനുമാനിക്കുന്നു. എന്നാല്‍ സയന്‍സിന്റെ രീതിശാസ്ത്രം ഉപയോഗിച്ചല്ല ഈ തീര്‍പ്പിലെത്തുന്നത്. മറിച്ച് ഗണിതശാസ്ത്രപരമായാണ്.

5. കാര്യ-കാരണ ബന്ധം (CAUSE EFFECT RELATIONS)

നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യത്തിനും പിറകില്‍ ഒരു കാരണം ഉണ്ടെന്ന അനുമാനം ഉപയോഗിച്ചാണ് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ചാണ് ഓരോ കാര്യത്തിനും (EFFECT) പിറകിലുള്ള കാരണത്തെ (CAUSE) ശാസ്ത്രം അന്വേഷിക്കുന്നത്. 
ഇതും യുക്തിപരമായ മാനുഷിക നിരീക്ഷണങ്ങളുടെ പുറത്തുള്ള അനുമാനങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അഥവാ ഓരോന്നിനും കാരണമന്വേഷിക്കേണ്ടതുണ്ടെന്ന യുക്തിയില്‍ നിന്നാണ് ഇതാരംഭിക്കുന്നത് തന്നെ.

ഇവയെല്ലാം സയന്‍സിന്റെ അടിത്തറയായി നിലനില്‍ക്കുബോള്‍ തന്നെയും ഇവയൊന്നും ശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങളും (methodologies) മാനദണ്ഡങ്ങളും അനുസരിച്ച് സ്ഥാപിക്കപ്പെട്ടവയല്ല.

മനുഷ്യന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള തത്ത്വശാസ്ത്രപരമായ വീക്ഷണങ്ങളാണിവയെല്ലാം. ഈ തത്ത്വശാസ്ത്രപരമായ അനുമാനങ്ങളെ ഉപേക്ഷിച്ച് സയന്‍സിന് നിലനില്‍ക്കുകപോലും സാധ്യമല്ല. അഥവാ ശാസ്ത്രത്തെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കൂ എന്നു വാശിപിടിക്കുന്നവര്‍ക്ക് ശാസ്ത്രത്തിനെത്തന്നെ ജ്ഞാനമാര്‍ഗ്ഗമായി അംഗീകരിക്കാന്‍ കഴിയില്ല.  

ഒട്ടും ശാസ്ത്രീയമല്ലാത്ത എന്നാല്‍ അടിസ്ഥാനപരമായി ശാസ്ത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന അതിന്റെ ഫിലോസഫിയെ നിരാകരിച്ചാല്‍ പിന്നെ സയന്‍സിന് തന്നെ നിലനില്‍പ്പില്ലാതാകും.
ശാസ്ത്രമാത്രവാദം അടിസ്ഥാനപരമായി സയന്‍സിനെത്തന്നെ നശിപ്പിക്കലാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

ശാസ്ത്രവും അതിന്റെ പരിമിതികളും (SCIENCE AND IT’S LIMITS)

മനുഷ്യന്റെ യുക്തിപരമായ അന്വേഷണങ്ങള്‍ക്കുള്ള ഒരു ടൂള്‍ മാത്രമാണ് സയന്‍സ്. അതിനാല്‍ത്തന്നെ അതിനതിന്റെതായ ധാരാളം പരിമിതികളും ഉണ്ടെന്ന് കാണാം. ഈ പരിമിതികളെക്കൂടി ഉള്‍ക്കൊണ്ട് ശാസ്ത്രത്തെ അതിന്റെ നിജസ്ഥിതിയില്‍ നോക്കിക്കണ്ടാലേ ലോകത്തെ സംബന്ധിച്ച ഒരു യാഥാര്‍ത്ഥ്യ ബോധമുണ്ടാകാന്‍ അതുപകരിക്കൂ. ഈ പരിമിതികള്‍ അവരുടെ സ്വഭാവ പ്രകൃതി തന്നെയാണ്. ചിലത് നോക്കാം.

1. ധാര്‍മ്മികമായ വിധി നിര്‍ണ്ണയങ്ങള്‍ നടത്താന്‍ സയന്‍സ് ഉപയോഗിക്കാനാകില്ല.

ധാര്‍മ്മികമായി ഒബ്‌ജക്റ്റീവായ ശരി തെറ്റുകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നവര്‍ തന്നെയാണ് പല നാസ്തികരും. എന്നാല്‍ ശാസ്ത്രീയമായി ഏതൊന്നിന്റെയും ധാര്‍മ്മിക നിലവാരം വിലയിരുത്തുക സാധ്യമല്ല. ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ജനങ്ങളെ കൊല്ലാം എന്ന് കണ്ടെത്താന്‍ സയന്‍സിനാകും.

എന്നാല്‍ അങ്ങനെ കൊല്ലുന്നത് തെറ്റാണെന്ന് ധാര്‍മ്മികമായി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സയന്‍സിനാകില്ല. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിനെക്കൊല്ലുന്നത് തെറ്റാണെന്ന് ശാസ്ത്രമാത്രവാദികളായ നാസ്തികര്‍ തന്നെ അംഗീകരിക്കുമെങ്കിലും ഇതൊരിക്കെലും ശാസ്ത്രീയമായി മനസ്സിലാക്കാന്‍ പറ്റുന്നതല്ല. അഥവാ ശാസ്ത്രേതരമായ ബോധ്യങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് ശാത്രമാത്ര വാദികളായ നാസ്തികര്‍ തന്നെയും.

2. എന്തുകൊണ്ടെന്ന ചോദ്യത്തിന് (THE WHY QUESTION) ഉത്തരം നല്‍കാന്‍ സയന്‍സിനാകുന്നില്ല.

ശാസ്ത്രം ചുറ്റുപാടുകളെ വായിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പ്രകൃതി അടിസ്ഥാനപരമായി ഒരു പ്രത്യേക സ്വഭാവം പ്രകടിപ്പിക്കുന്നതിന്റെ കാരണമെന്തെന്നതിനെ സംബന്ധിച്ച് പറയാന്‍ സയന്‍സ് അശക്തമാണ്.

കണികാതരംഗ സ്വഭാവം ഒരുപോലെ കാണിക്കുന്ന ഒരു ക്വാണ്ടം അവസ്ഥ നിരീക്ഷിക്കപ്പെടുമ്പോള്‍ മാത്രമെങ്ങനെ കണികാസ്വഭാവത്തിലോട്ട് (PARTICLE NATURE) മാത്രമായി ചുരുങ്ങുന്നു എന്ന പ്രശ്‌നത്തിന് മറുപടിയായി അതിന്റെ സ്വഭാവം (BEHAVIOUR) അങ്ങനെയാണെന്ന് പറയുകയെ ആധുനിക ശാസ്ത്രം ചെയ്യുന്നുള്ളൂ. അതെന്തുകൊണ്ട് ആ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന അടിസ്ഥാനപരമായ ചോദ്യത്തിന് കൃത്യമായ വിശദീകരണം പറയാന്‍ കഴിയാതാകുന്നു.

ഇത് ഈ വിഷയത്തില്‍ മാത്രമുള്ള പ്രത്യേക പ്രശ്‌നമല്ല. മറിച്ച് പൊതുവില്‍ അടിസ്ഥാന ഗുണങ്ങള്‍ എന്തുകൊണ്ട് പ്രപഞ്ചത്തില്‍ കാണപ്പെടുന്നുവെന്ന ചോദ്യത്തിനെ സയന്‍സ് അഭിമുഖീകരിക്കുന്നില്ല.

3. സ്ഥിര സത്യങ്ങളില്ല മാറാവുന്നതാണ്

ശാസ്ത്രം നിരീക്ഷണങ്ങളില്‍ (OBSERVATIONS) നിന്നാണ് തീര്‍പ്പുകളിലേക്കെത്തുന്നതെന്നതു കൊണ്ട് അത് പൂര്‍ണ്ണമായ സത്യങ്ങളിലേക്കെത്തിക്കുന്നുവെന്ന പൊതു ധാരണയുണ്ട്. എന്നാല്‍ അത് അബദ്ധമാണ്. ഏതൊരു നിരീക്ഷണവും പരിമിതമാണ് എന്നതുകൊണ്ട് തന്നെ അവകൊണ്ട് പൂര്‍ണ്ണമായ ശരികളെ നിശ്ചയിക്കാനുമാകില്ല.

ഇവയെ ഇങ്ങനെ സംഗ്രഹിക്കാം:

1. പരിമിതമായ നിരീക്ഷണങ്ങളില്‍ നിന്നും പൂര്‍ണ്ണമായ ശരികളെ നിര്‍ണ്ണയിക്കാന്‍ കഴിയില്ല.

2.ശാസ്ത്ര സത്യങ്ങള്‍ പോലും പരിമിതമായ നിരീക്ഷണങ്ങളില്‍ നിന്നുണ്ടാകുന്നവയാണ്.

3. അതിനാല്‍ ശാസ്ത്രത്തെക്കൊണ്ട് ഒരു വിഷയത്തിലും പൂര്‍ണ്ണ തീര്‍പ്പിലെത്താന്‍ ആകില്ല.
സയന്‍സിന്റെ ഈ പരിമിതികൊണ്ട് തന്നെ ശാസ്ത്ര സത്യങ്ങളുടെ ആധികാരികത ചോദ്യ ചിഹ്നമാണെന്ന അഭിപ്രായം സയന്‍സിന്റെ ഫിലോസഫേഴ്‌സ് തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണ്.

4. മറ്റൊരാള്‍ അനുഭവിക്കുന്ന വ്യക്തിപരമായ സൗന്ദര്യബോധം ശാസ്ത്രീയമായി വിലയിരുത്താന്‍ കഴിയില്ല.

5. മനുഷ്യന്റെ അന്വേഷണ പരിമിതികള്‍ക്കകത്ത് മാത്രം പ്രവര്‍ത്തിക്കുന്നതാണ് ശാസ്ത്രം.

വഹ്‌യിന്റെ ശാസ്ത്ര വിശകലനം.

വഹ്‌യിനെ (ദിവ്യബോധനം) ഒരിക്കലും ശാസ്ത്രീയമായ അവലോകനങ്ങളിലൂടെ മനസ്സിലാക്കുക സാധ്യമല്ലെന്നും അതുകൊണ്ട് വഹ്‌യ് തന്നെ സാധ്യമല്ലെന്നതുമാണ് സയന്റിസത്തിന്റെ ചുവടുപറ്റി നാസ്തികര്‍ ഉന്നയിച്ചുകാണുന്ന മറ്റൊരു വാദം. ശാസ്ത്രത്തിന്റെതല്ലാത്ത മേഖലകളിലേക്ക് അതിനെ കടത്താന്‍ ശ്രമിക്കുന്നതിലെ അബദ്ധമൊക്കെ നേരത്തെ വ്യക്തമാക്കിയതാണ്.

ഈ വിഷയത്തിലെ പ്രധാന പ്രശ്‌നം വ്യക്തിപരമായ അനുഭവങ്ങളെ മനസ്സിലാക്കൽ ശാസ്ത്രത്തിന്റെ മേഖലയോ ഉദ്ദേശമോ അല്ലാത്തതാണ്.

ഇത് ലളിതമായി മനസ്സിലാക്കാന്‍ ഒരു ചിന്താപരീക്ഷണം കൂടെ ചേര്‍ക്കാം.
ഒരു പ്രത്യേക സ്വഭാവത്തിലുള്ള ജനിതക ഉള്‍പരിവര്‍ത്തനം (GENETIC MUTATION) സംഭവിക്കുക വഴി നിങ്ങള്‍ക്ക് പ്രപഞ്ചത്തിന്റെ അഞ്ചാമത്തെ മാനത്തെ (DIMENSION) അനുഭവിക്കാവുന്ന ഒരു കഴിവ് വികസിച്ചുവന്നു എന്ന് കരുതുക. എന്നാല്‍ ഇന്നുവരെയുളള ശാസ്ത്രത്തിന് നീളം, വീതി, ഉയരം തുടങ്ങിയ മൂന്ന് സ്ഥലമാനത്തോടൊപ്പം സമയം കൂടെ ചേര്‍ത്ത നാല് മാനങ്ങളെയേ അറിയൂ. സ്വാഭാവികയമായും നിരീക്ഷണപരമായ പരിമിതികള്‍ ഉള്ളതുകൊണ്ട് തന്നെ നിങ്ങള്‍ക്കുണ്ടാവുന്ന അനുഭവത്തെ മനസ്സിലാക്കാനോ വിലയിരുത്താനോ സയന്‍സിനാകില്ല. ഇത് തികച്ചും ശാസത്രത്തിന്റെതായ അന്വേഷണ പരിമിതികൊണ്ട് സംഭവിക്കുന്നതാണ്. 

അപ്പോള്‍ ഇത്തരമൊരവസ്ഥയില്‍ ശാസ്ത്രത്തിനെങ്ങനെയാണ് നിങ്ങളുടെ അനുഭവം ശരിയെന്ന് പറയാന്‍ കഴിയുക? തീര്‍ച്ചയായും ഭൂരിപക്ഷ മനുഷ്യ സമൂഹത്തിന് അതനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഇതിനെ ശാസ്ത്രലോകം അംഗീകരിക്കൂ.
എങ്കില്‍ ഭൂരിപക്ഷമാണോ ഒരു സത്യത്തെ നിര്‍ണ്ണയിക്കുന്നത് എന്ന ചോദ്യമുണ്ടാകും. തീച്ചയായും അല്ല. അഥവാ ഭൂരിപക്ഷം അംഗീകരിക്കാത്തത് കൊണ്ട് ഒരു കാര്യം സത്യമല്ലാതാകുന്നില്ല. ഇത് തന്നെയാണ് വഹ്‌യിന്റെ കാര്യത്തിലുള്ള പ്രകൃതവും.

1 Comment

  • ماشاء الله

    Ibrahim 25.01.2021

Leave a comment

Your email address will not be published.