ശരീഅത്ത് വേണ്ടാത്തവരെ ആരും നിർബന്ധിക്കുന്നില്ല !!

//ശരീഅത്ത് വേണ്ടാത്തവരെ ആരും നിർബന്ധിക്കുന്നില്ല !!
//ശരീഅത്ത് വേണ്ടാത്തവരെ ആരും നിർബന്ധിക്കുന്നില്ല !!
ആനുകാലികം

ശരീഅത്ത് വേണ്ടാത്തവരെ ആരും നിർബന്ധിക്കുന്നില്ല !!

മാധാനപൂര്‍ണമായ ഇഹലോകജീവിതവും മരണാനന്തരം ശാശ്വതസമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്‍തുടരണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണ് ശരീഅത്ത്. ആത്മീയവും ഭൗതികവുമായ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുകയും സമാധാന-സംതൃപ്തമായ ജീവിതം ആസ്വദിക്കുവാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതിനുള്ള വിധിവിലക്കുകളാണ് ശരീഅത്തിലുള്ളത്.

ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്. ശരീഅത്ത് നിര്‍ദേശിക്കുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുകയും സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും നിയമനിർദേശങ്ങൾ പാലിക്കുകയും ചെയ്യുമ്പോഴാണ് തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാവുകയെന്ന് മുസ്‌ലിം കരുതുന്നു. ശരീഅത്തിന്റെ ഭാഗമായ നമസ്കാരം മുതൽ ഹജ്ജ് വരെയുള്ള കർമ്മാനുഷ്ടാനങ്ങൾ മുസ്‌ലിമിന് എത്രത്തോളം പ്രധാനപ്പെട്ടവയാണോ അത് പഠിപ്പിക്കുന്ന കുടുംബ-ദാമ്പത്യ-സാമ്പത്തിക-സാമൂഹിക നിയമങ്ങളും അത്രത്തോളം തന്നെ പ്രധാനപ്പെട്ടവയാണ്. അവയെല്ലാം പാലിക്കാൻ മുസ്‌ലിംകൾ ശ്രമിക്കുന്നത് ദൈവപ്രീതിയാഗ്രഹിച്ചുകൊണ്ടാണ്; അവൻ നൽകുന്ന ഐഹികവും പാരത്രികവുമായ അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ്.

സമ്പത്ത് അല്ലാഹുവിന്റേതാണെന്നും അതിന്റെ കൈകാര്യകർതൃത്വം ഏല്പിക്കപ്പെട്ടവർ അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് അത് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും വേണ്ടതെന്നും വിശ്വസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്തിലെ സാമ്പത്തികമായ അനുശാസനകളെല്ലാം നിർബന്ധമായും അനുസരിക്കപ്പെടേണ്ടവയാണ്. ഒരാൾ സമ്പാദിക്കുന്നതിന്റെ നിശ്ചിതമായ ശതമാനം പ്രയാസങ്ങളനുഭവിക്കുന്ന അർഹരായ അവകാശികൾക്കുളളതാണെന്ന ദൈവികകല്പന പാലിച്ചുകൊണ്ടാണ് മുസ്‌ലിംകൾ സകാത്ത് കൊടുക്കുന്നത്. ഓരോ വർഷവുമുള്ള തന്റെ സമ്പാദ്യം എത്രയാണെന്നും എങ്ങനെയുള്ളതാണെന്നും കണക്കാക്കി അതിന്റെ 2.5, 5, 10, 20 ശതമാനങ്ങളിൽ എത്രയാണോ അർഹർക്കായി നീക്കിവെക്കേണ്ടതെന്ന് ദൈവം കല്പിച്ചത് അതുപ്രകാരം നീക്കി വെക്കുകയും അർഹർക്ക് നൽകുകയും ചെയ്യുന്നവനാണ് വിശ്വാസി. അഞ്ച് ശതമാനം നൽകേണ്ട സ്വത്തിന്റെ സകാത്ത് മൂന്ന് ശതമാനമാക്കി കുറയ്ക്കാനോ എട്ട് അവകാശികളെക്കുറിച്ച് പറഞ്ഞതിൽ ഒരെണ്ണം കൂടി കൂട്ടുവാനോ ആർക്കും പാടില്ലെന്നാണ് അവൻ മനസ്സിലാക്കുന്നത്. അല്ലാഹു നൽകിയ സ്വത്തിലെ സകാത്ത് എത്രയാണെന്നും ആർക്കൊക്കെയാണ് നൽകേണ്ടതെന്നും അല്ലാഹു കണക്കാക്കിയിട്ടുണ്ട്; അത് കൊടുക്കുക മാത്രമാണ് വിശ്വാസികളുടെ ചുമതല; ചോദ്യം ചെയ്യാതെ അങ്ങനെ ചെയ്യുമ്പോഴാണ് ഒരാൾ മുസ്‌ലിമാകുന്നത്; ജീവിതത്തെ അല്ലാഹുവിന് സമർപ്പിച്ചവനായിത്തീരുന്നത്.

അനന്തരാവകാശ സ്വത്തിന്റെ സ്ഥിതിയും അങ്ങനെതന്നെ. ഒരാൾ മരണപ്പെട്ടാൽ അയാളുടെ സ്വത്തിൽ ആർക്കൊക്കെ, എത്രയൊക്കെ അവകാശമാണുണ്ടാവുകയെന്ന് ഖുർആൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ അനന്തരാവകാശനിയമത്തിന്റെ മുഴുവൻ തത്ത്വങ്ങളും മൂന്ന് ആയത്തുകൾക്കുള്ളിൽ അതിസുന്ദരമായി ഖുർആൻ അടുക്കി വെച്ചിട്ടുണ്ട്. നാലാം അധ്യായമായ സൂറത്തുന്നിസാഇലെ 11, 12, 176 വചനങ്ങളാണവ. മറ്റൊരു കർമ്മകാര്യവും ഇത്രയും കൃത്യമായി ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടില്ല; അതിൽ നിന്ന് തന്നെ അനന്തരാവകാശ നിയമങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിയും. അനന്തരാവകാശനിയമങ്ങൾ വിവരിക്കുന്ന ഓരോ ആയത്തുകൾക്ക് ശേഷവും ‘ഇത് അല്ലാഹുവിൽ നിന്നുള്ള ഓഹരി നിർണ്ണയമാണ്’ (4: 11) , ‘ഇത് അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശമാണ്’ (4: 12)‘നിങ്ങൾ പിഴയ്ക്കാതിരിക്കാൻ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ച് തരികയാണ്’ (4: 176) എന്നിങ്ങനെയുള്ള അവയുടെ പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന പരാമർശങ്ങളുണ്ട്. അവ കൂടാതെ ‘ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു’ വെന്നും അവ അനുസരിക്കുന്നവർക്കാണ് സ്വർഗ്ഗമെന്നും ധിക്കരിക്കുന്നവർക്ക് നരകമാണുണ്ടാവുകയെന്നും (4: 13, 14) കൂടി ഖുർആൻ വ്യക്തമാക്കുന്നുമുണ്ട്. മനസ്സിൽ അല്പമെങ്കിലും വിശ്വാസമുള്ളവർക്കൊന്നും തന്നെ അല്ലാഹു കല്പിച്ച അനന്തരാവകാശ നിയമങ്ങളൊന്നും ലംഘിക്കുവാൻ മനസ്സ് വരാത്ത രൂപത്തിലുള്ളതാണ് ഖുർആനിലെ ഈ പരാമർശങ്ങൾ. പരലോകബോധത്തിന്റെ ലാഞ്ചനയെങ്കിലുമുള്ളവരെല്ലാം തങ്ങളുടെ അനന്തരസ്വത്ത് പടച്ചവന്റെ നിയമങ്ങൾ പ്രകാരമാണ് വീതിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കർക്കശമായ ഈ വചനങ്ങൾ ദൈവികമാണെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ്.

ഇസ്‌ലാമികമായി ജീവിക്കുകയും അങ്ങനെ പരലോകമോക്ഷം ലഭിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് ഇന്ത്യൻഭരണഘടനയുടെ ഭാഗമായ 1937ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്റ്റ്. വൈയക്തികജീവിതത്തിൽ ശരീഅത്ത് അനുസരിക്കുവാൻ അത് ഇന്ത്യൻ മുസ്‌ലിംകളെ അനുവദിക്കുന്നു. കേരളത്തിലൂടെ ഇന്‍ഡ്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനകാലം മുതല്‍ തന്നെ മുസ്‌ലിംകൾ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യത്തിന്റെ രേഖീകരണം മാത്രമാണത്. ഹിന്ദുഭരണകാലത്തും മുസ്‌ലിം ഭരണകാലത്തും പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള വൈദേശികാധിനിവേശ ശക്തികളുടെ ഭരണകാലങ്ങളിലുമെല്ലാം അനുവദിക്കപ്പെട്ടിരുന്ന ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കുവാനും തര്‍ക്കങ്ങളില്‍ അതനുസരിച്ച് വിധി ലഭിക്കുവാനുമുള്ള അവകാശത്തിന്റെ നിയമരൂപമാണ് ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്റ്റ്. അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ഇഷ്ടദാനം, വഖഫ് എന്നീ കാര്യങ്ങളിൽ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പു കല്‍പിക്കേണ്ടത് ശരീഅത്തനുസരിച്ചാകണമെന്ന് വ്യവസ്ഥപ്പെടുത്തുന്ന ഈ നിയമം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ ദർപ്പണം കൂടിയാണ്.

മുസ്‌ലിം പേരുള്ളവനാണ് എന്നതുകൊണ്ട് മാത്രം ഒരാൾ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് പ്രകാരം തന്റെ സ്വത്ത് വിഭജിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഇസ്‌ലാമികമായി ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തവർക്ക് വിവാഹം മുതൽ തന്നെ ശരീഅത്തിന്റെ വരുതിയിൽ നിന്ന് പുറത്ത് കടക്കാൻ അനുവാദമുണ്ട്. 1957 ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുകയാണ് അതിനുള്ള പോംവഴി. ഇസ്‌ലാമികമായി സാധൂകരിക്കാനാവാത്തതാണെങ്കിലും മുസ്‌ലിം പേരുള്ള ആരെങ്കിലും അങ്ങനെ വിവാഹിതരാവുകയാണെങ്കിൽ അത് ആരും തടയുകയില്ല. അങ്ങനെ വിവാഹിതരാകുന്നവർക്ക് പിന്നെ ശരീഅത്തിലെ നിയമങ്ങളൊന്നും ബാധകമാവുകയില്ല. ദാമ്പത്യബന്ധങ്ങളിലും കുടുംബവ്യവഹാരങ്ങളിലും അനന്തരാവകാശത്തിലുമെല്ലാം പിന്നെ അവർക്ക് ബാധകമാവുക ഇന്ത്യൻ മാരേജ് ആക്ടും ഹിന്ദു സക്സഷൻ ആക്റ്റുമെല്ലാമാണ്. അവരുടെ കാര്യങ്ങളിൽ അവയനുസരിച്ച് വിധിക്കുന്നതിന് ആരും തന്നെ തടസ്സം നിൽക്കുകയില്ല.

ഇസ്‌ലാമികശരീഅത്ത് ശരിയല്ലെന്നോ തങ്ങൾക്ക് കാമ്യമല്ലെന്നോ കരുതുന്നവർ ചെയ്യേണ്ടത് ശരീഅത്തിന്റെ വരുതിയിൽ നിന്ന് പുറത്തുകടക്കാൻ ഭരണഘടന അനുവദിക്കുന്ന മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ തേടുകയാണ്; അല്ലാതെ ശരീഅത്ത് പ്രകാരം ജീവിക്കുവാനും അതിന്നനുസരിച്ച് തങ്ങളുടെ കുടുംബ-ദാമ്പത്യ-അനന്തരാവകാശ കാര്യങ്ങൾ തീരുമാനിക്കുവാനും അവിടെയുണ്ടാകുന്ന തർക്കങ്ങളിൽ അത് പ്രകാരം വിധി ലഭിക്കുവാനുമുള്ള ഭക്തരായ വിശ്വാസികളുടെ അവകാശത്തെ ഹനിക്കാൻ ശ്രമിക്കുകയല്ല. ഏക സിവിൽകോഡിന്റെ പേരിലാണെങ്കിലും സ്ത്രീ-പുരുഷ സമത്വത്തിന്റെ പുകമറയുപയോഗിച്ചു കൊണ്ടാണെങ്കിലും ഇസ്‌ലാമികശരീഅത്തനുസരിച്ച് ജീവിക്കുവാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ഹനിക്കാൻ കൂട്ടായ്മകളുണ്ടാക്കുന്നവർ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ കടയ്ക്ക് കത്തി വെക്കാനാണ് ശ്രമിക്കുന്നത്.

ലിബറലിസം പഠിപ്പിക്കുന്ന രീതിയിലുള്ള സ്ത്രീ-പുരുഷ സമത്വം യഥാർത്ഥത്തിൽ പെണ്ണിനെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് അവ പ്രയോഗിച്ച് പരാജയപ്പെട്ട നാടുകളിലെ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുടുംബസ്ഥാപനത്തെ തകരാതെ നയിക്കുന്നതിന് സഹായിക്കുന്ന ശരീഅത്ത് നിയമങ്ങൾ മാതാപിതാക്കളുടെയും ഭാര്യാഭർത്താക്കളുടെയും ആൺ-പെണ്മക്കളുടെയുമെല്ലാം അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും പരിഗണിച്ചുകൊണ്ടുള്ളവയാണ്. വിശ്വാസികളും വിശ്വാസിനികളുമെല്ലാം ഒരേപോലെ അവയാണ് തങ്ങളുടെ ജീവിതവിജയത്തിനാവശ്യമെന്ന് കരുതുന്നവരാണ്. ശരീഅത്തനുസരിച്ച് ജീവിക്കുവാനുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യാതെ ശരീഅത്ത് ആവശ്യമില്ലാത്തവർ അതിന്റെ വരുതിയിൽ നിന്ന് രക്ഷപ്പെടുവാൻ ഭരണഘടന നൽകുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്; അതാണ് മാന്യത.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Alhamdulillah
    Allahuvinte vidhivilakukal paalikkanum ath anusarich jeevikkanum allah Thoufeek cheyyatte.

    Khadeeja 29.09.2024

Leave a comment

Your email address will not be published.