വ-ഹദൈനാഹു-ന്നജ്ദൈന്‍!

//വ-ഹദൈനാഹു-ന്നജ്ദൈന്‍!
//വ-ഹദൈനാഹു-ന്നജ്ദൈന്‍!
ഖുർആൻ / ഹദീഥ്‌ പഠനം

വ-ഹദൈനാഹു-ന്നജ്ദൈന്‍!

Print Now
എന്‍റെ ഖുര്‍ആന്‍വായന

എനിക്കും ഉണ്ടായിരുന്നു ഒരു ഓത്തുപള്ളി കുട്ടിക്കാലം. മദ്രസ്സയില്‍ ചേരുന്നതിന് മുമ്പ് തന്നെ ഏതാനും ചെറിയ സൂറത്തുകള്‍ എനിക്ക് വശമുണ്ടായിരുന്നു. ഖുര്‍ആന്‍ ഓത്ത് അഭ്യസിച്ചത് ഉമ്മയില്‍ നിന്നാണ്. ഉമ്മ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അനുകരിച്ച് ഞാനും മുസ്ഹഫിന്റെ താളുകളില്‍ ഈണമിടും. മേലേ പതിനഞ്ചിന്‍റെ പേജുകളിലാണ് വിരലോടിക്കുന്നതെങ്കിലും ചെറിയ സൂറത്തുകള്‍ “നോക്കി” ഓതുകയായിരുന്നു എന്‍റെ ഹോബി! ആ (അ)ജ്ഞാന രഹസ്യം അറിയാമായിരുന്ന ഉമ്മയുടെ ചില കൂട്ടുകാരികളും എന്‍റെ ധീരനായക പരിവേഷത്തിന് പ്രോത്സാഹനം തന്നു. പിന്നീട് മദ്രസ്സയിൽ അക്ഷരങ്ങളുടെ മനസ്സറിയാൻ നടത്തിയ പ്രയാണങ്ങള്‍ എന്‍റെ ഗൃഹാതുര ഇന്നലെകളിലെ ഒരുപുറ വിശേഷങ്ങളില്‍ നിറം ചാർത്തുന്ന ഓർമ്മകളായി വല്ലപ്പോഴും കടന്നെത്താറുണ്ട്.

ഇന്ന് എന്‍റെ വായനയുടെ തലം മാറി. ഓരോന്നും ഖുര്‍ആനിലൂടെയുള്ള ഓരോ പര്യടനമാണ്. ഇന്നലെവരെ അജ്ഞാതമായ വഴികളിലൂടെയാണ് പല യാത്രകളും പുരോഗമിക്കുന്നത്. പുതിയ വഴിയോരക്കാഴ്ച്ചകള്‍ കണ്ടുകൊണ്ട്, നവ്യാനുഭൂതികൾ ആസ്വദിച്ച്, അറിവിന്‍റെയും, ഒപ്പം നിഗൂഢതകളുടെയും കയങ്ങള്‍ താണ്ടിയുള്ള ഒരു യാത്ര! കയറ്റങ്ങളും, ഇറക്കങ്ങളുമുണ്ട്; ആവര്‍ത്തി‍തമെങ്കിലും വൈരസ്യം ചേക്കേറാത്ത ദൃശ്യങ്ങള്‍ നയനങ്ങള്‍ക്ക് അനുഭവ വേദ്യമാകുന്നുണ്ട്. വീതിയേറിയ രാജ വീഥികളും, ഇടുങ്ങിയ ഒറ്റയടിപ്പാതകളും, ഓരം ചേർന്നൊഴുകുന്ന ബോധ്യാനുഭൂതികളും യാത്രികനില്‍ നിറയ്ക്കുന്ന രംഗയോജനങ്ങള്‍ (scenarios)! ഒപ്പം, ഒഴുക്കിന്‍റെ ആശയ താളത്തിനോട് പെട്ടെന്നങ്ങ് വഴങ്ങിക്കൊടുക്കാതെ ശാഠ്യം പിടിച്ചിരിക്കുന്ന കുസൃതികളായ ചില പദവിന്യാസങ്ങള്‍ ചിലപ്പോഴൊക്കെ ചിന്തയെ തട്ടി ഉണർത്തുന്നുമുണ്ട്.

അറിവിന്‍റെ നിധിശേഖരങ്ങളുടെ രഹസ്യ അറകളിലേക്കുള്ള താക്കോല്‍ വഴികളല്ലേ അവകളെന്ന് തോന്നാറുണ്ട്. അവ മറ്റൊരു ലോകം നമുക്കു മുന്നില്‍ തുറക്കുന്നതായ അനുഭവങ്ങളുമുണ്ട്. ഖുര്‍ആന്‍ എന്നെന്നും ശ്രദ്ധേയമായിരിക്കാനും, അര്‍ത്ഥതലം വികസിച്ചു കൊണ്ടിരിക്കാനും പടച്ചവന്‍ ചെയ്ത സംവിധാനമാണ് അതിലെ ഈ പദസമ്പത്ത് എന്നാണ്‌ എന്‍റെ വിശ്വാസം. ഖുര്‍ആന്‍റെ അപ്രമാതിത്വം എന്നെന്നും നിലനിര്‍ത്താനുള്ള അല്ലാഹുവിന്‍റെ പദ്ധതി നടപ്പില്‍ വരുത്തുന്നതില്‍ ഈ പദപ്പ്രയോഗങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

“ഇതു തന്നെയാണ് സത്യമെന്ന് അവര്‍ക്ക് ബോധ്യമാകുവോളം ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നമ്മുടെ ദൃഷ്ഠാന്തങ്ങള്‍ നാം കാണിച്ചുകൊണ്ടേയിരിക്കും (ഖുര്‍ആന്‍ 41:53).

നവനാഗരികതയ്ക്ക് വിദ്യയെ അടിത്തറയാക്കി നിഷ്കര്‍ഷിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ അവതരണ സമാരംഭം അനിതരസാധാരണമായേ ലോക സംസ്കൃതിക്ക് വീക്ഷിക്കാനാകൂ. പഥമ പഞ്ചസൂക്തങ്ങളിലെ ഒരു പദം ഉള്‍ക്കൊള്ളുന്ന അര്‍ത്ഥ വൈവിധ്യം തന്നെ നമ്മെ അത്ഭുതപ്പെടുത്തും. “അലഖ്” രക്തപിണ്ഡമായി മനസ്സിലാക്കിയപ്പോഴും, ശേഷം അട്ടയെപ്പോലെ അള്ളിപ്പിടിച്ച് കിടക്കുന്നതെന്ന് അറിഞ്ഞപ്പോഴും ആശയതലങ്ങളില്‍ ഉണ്ടായ വിസ്ഫോടനം സ്വാംശീകരിക്കാന്‍ ആ പദത്തിന് കഴിയുന്നു എന്നതാണ് ഖുര്‍ആന്‍ പദാവലിയുടെ സവിശേഷത. പദങ്ങളുടെ പ്രയോഗത്തിലെ കാര്‍ക്കശ്യം നിലനിര്‍ത്തിക്കൊണ്ടാണ് ഇങ്ങനെ ആശയ സാകല്യം സാധ്യമാക്കിയിരിക്കുന്നത്.

രംഗയോജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വഴങ്ങാത്ത പ്രയോഗങ്ങളില്‍ ഖുര്‍ആന്‍വായന വല്ലപ്പോഴും ഉടക്കുമ്പോള്‍ കൂടുതല്‍ പരിഗണന ആവശ്യപ്പെടുന്നവയാണ് അവ എന്ന് തോന്നിയിട്ടുണ്ട്.

മനുഷ്യര്‍ക്ക് നൽകപ്പെട്ടിരിക്കുന്ന പ്രത്യേക അനുഗ്രഹങ്ങൾ എടുത്തു പറഞ്ഞ് വിഷയം അവതരിപ്പിക്കുന്ന ശൈലി ഖുര്‍ആനില്‍ ഏറെ കാണാനാവുന്നതാണ്. രണ്ട് കണ്ണുകളും, നാവും, രണ്ട് ചുണ്ടുകളും, വ്യക്തമായ രണ്ട് വഴികളും മനുഷ്യര്‍ക്ക് അനുഗ്രഹിച്ച് നൽകിയത് എടുത്തു പറയുന്നു സൂറത്ത് ബലദ്. അടിമ വിമോചനം, സ്വബന്ധുക്കളായ അനാഥരുടെയും, അഗതികളായവരുടെയും അന്നദാനം തുടങ്ങിയ ചില പ്രത്യേക കാര്യങ്ങളിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ് ഇതിവൃത്തം.

ഇവിടെ, കണ്ണിന്‍റെ ധര്‍മ്മം പോലെ, നാവിന്‍റെയും ചുണ്ടുകളുടെയും സേവനങ്ങള്‍ പോലെ, ആര്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്ത മഹത്തായ ഒരു അനുഗ്രഹമായി രണ്ട് മാര്‍ങ്ങള്‍ നൽകിയതും എണ്ണിയിരിക്കുന്നു (و هدينه النجدين). ഈ രണ്ടു വഴികള്‍ അല്ലാഹു നമുക്ക് നൽകി എന്ന് പറയുന്നത് ഒട്ടും അര്‍ത്ഥശങ്കക്കിടമില്ലാതെയാണ്. “നാം രണ്ട് കണ്ണുകള്‍ അവന് നല്കിയില്ലേ?” എന്ന് ചോദിക്കുമ്പോള്‍, “തീര്‍ച്ചയായും അതെ” എന്ന മറുപടിയല്ലാതെ മറ്റൊന്നും പറയാനാവാത്ത വിധം സ്വീകാര്യമായ, സംശയലേശമന്യേ വസ്തുനിഷ്ഠമായ സംഗതിയാണ് ഈ രണ്ടു വഴികളുടെ കാര്യത്തിലും പറഞ്ഞിരിക്കുന്നത് എന്ന് സ്പഷ്ഠം.

ഏതാണീ രണ്ടു മാര്‍ഗ്ഗങ്ങള്‍? കണ്ണുകളും, നാവും, ചുണ്ടുകളും പോലെ രണ്ടു വഴികളെക്കുറിച്ചുള്ള ബോധ്യവും സര്‍വ്വാംഗീകൃതമാണെന്ന സൂചന, പ്രത്യക്ഷത്തിൽ എങ്കിലും സമാനതയുള്ളതും, ആര്‍ക്കും ഭിന്നാഭിപ്രായമില്ലാത്തതുമായ രണ്ട് വഴികളാണെന്ന് അടിവരയിടുന്നു. രണ്ടിന്‍റെയും ഉണ്മ അംഗീകരിക്കാത്തവരായി ലോകത്ത് ഒരാളുമില്ല എന്ന് വ്യക്തം.

ചീത്തയായ ധാരാളം വഴികളിൽ നിന്നും നല്ലതേതെന്ന ബോധ്യം അനുഗ്രഹം തന്നെ; സംശയമില്ല. എന്നാല്‍ “നല്ലതായ ഒരു വഴിയും, ചീത്തയായ മറ്റൊരുവഴിയും” എന്ന അംഗീകൃത വ്യാഖാനത്തിനപ്പുറത്തേക്ക് അതിന്‍റെ അർത്ഥതലം വ്യാപിക്കുന്നതായി തോന്നുന്നു. നല്ല വഴിയും, ചീത്ത വഴിയും ആപേക്ഷികങ്ങളാകയാല്‍ തന്നെ അഭിപ്രായൈക്യവും അസംഭവ്യം.

തന്നെയുമല്ല, നബി(സ)യുടെ അധ്യാപനങ്ങൾ ‘ഒരേയൊരു നല്ല വഴിയും, ഒന്നിൽ പരിമിതപ്പെടാത്ത അനേകം ചീത്ത വഴികളും’ പരിചയപ്പെടുത്തുമ്പോൾ, പ്രതിപാദന ഗൗരവവും, അതോടൊപ്പം പടച്ചവന് ഒരു ഹുദയായി അനുഗ്രഹിച്ചത് (هدينه النجدين) ചീത്തയിലേക്ക് ചേർത്ത് ഉൾക്കൊള്ളുന്നതും അനുവാചകനിൽ ഒരു ചേര്‍ച്ചക്കുറവ് മുള പൊട്ടിക്കുന്നില്ലേ? അഥവാ, അല്ലാഹു കനിഞ്ഞു നൽകിയ ആ ബോധനത്തിന്, “നന്മയുടെയും തിന്മയുടെയും ഓരോ വഴികളെ കുറിച്ചുള്ള നമ്മുടെ ബോധ്യം” എന്ന വ്യാഖാനം മതിയാവാതെ വരുന്നു.

പ്രതിപാതന പശ്ചാത്തലം, ധൂർത്തിലെ മാൽസര്യത്തോടൊപ്പം, പാവങ്ങളെ അവഗണിക്കുന്ന ദുരഭിമാനികളായ പ്രമാണി വർഗ്ഗത്തെ ബോധവൽക്കരിക്കുന്നതാണ്.

ക്ലേശങ്ങള്‍ സഹിക്കാനുള്ള പ്രകൃതിയോടെ അല്ലാഹു സൃഷ്ടിച്ച മനുഷ്യരില്‍ ചിലര്‍ യാതൊരു വീണ്ടു വിചാരവുമില്ലാതെ ധൂര്‍ത്തടിക്കാനും ധൂര്‍ത്തടിക്കുന്നതില്‍ വീമ്പ് പറഞ്ഞ് ദുരഭിമാനം കൊള്ളാനും മല്‍സരിക്കുന്നു! അതേ സമയം നരക തുല്യ ജീവിതം നയിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന കാര്യത്തിനോ, സ്വകുടുംബത്തിലെ തന്നെ പട്ടിണി കിടന്നു നരകിക്കുന്ന അനാഥരുടെയും, അശരണരുടെയും കാര്യത്തിനോ ഒരു പരിഗണനയും നൽകുന്നില്ല; കഷ്ടം! അവരുടെ ധൂര്‍ത്തും, അവഗണനയും ചോദ്യം ചെയ്യപ്പെടില്ലെന്ന് അവര്‍ കരുതുകയും ചെയ്യുന്നു. അവര്‍ക്ക് കാണാനുള്ള രണ്ടു കണ്ണുകളും, വീമ്പു പറഞ്ഞു നടക്കാനുള്ള നാവും ചുണ്ടുകളും നൽകിയതോടൊപ്പം, കുറ്റമറ്റതും അനുവര്‍ത്തിക്കാവുന്നതുമായ സുവ്യക്തമായ രണ്ട് വഴികളുടെ ബോധനവും നൽകപ്പെട്ടതാണ്. രണ്ടില്‍ ഇഷ്ടപ്പെട്ട ഒരു വഴി തിരഞ്ഞെടുക്കട്ടെ. അവരുദ്ദേശിക്കുന്ന നിര്‍വൃതി അതില്‍ കിട്ടും; ഒട്ടേറെ പേർക്ക്‌ അത് അനുഗ്രഹവുമായി ഭവിക്കുകയും ചെയ്യും. എന്നാല്‍ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അതോടൊപ്പം പരലോകത്ത് വമ്പിച്ച പ്രതിഫലം നേടാനുമാകും. അതിക്രമികളെ കാത്ത് അടച്ചു പൂട്ടപ്പെട്ട അഗ്നിയുണ്ട് എന്ന വസ്തുത അവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

പ്രസക്തമായ രണ്ടു വഴികളില്‍ ഇഷ്ടപ്പെട്ട ഏത് വഴി തിരഞ്ഞെടുത്താലും തങ്ങളുദ്ദേശിക്കുന്ന നിര്‍വൃതി നേടാം. അത് അശരണര്‍ക്ക് അനുഗഹമായി ഭവിക്കുന്നതല്ലേ ആര്‍ക്കും ഒരു ഗുണവുമില്ലാതെ പാഴാക്കുന്നതിലും നല്ലതെന്ന സദുദ്ദ്യേശ്യ വിചാരം അവരില്‍ ഉണര്‍ത്തുകയും, അതോടൊപ്പം പരലോകത്തെ വമ്പിച്ച പ്രതിഫലം അധികമായി ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടാമത്തെ വഴിയിലേക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. ഒരു സല്‍കര്‍മ്മം ചെയ്യുമ്പോള്‍ രണ്ട് കാഴ്ചപ്പാടുകളാണ് അതിന് പ്രേരകമായി ഭവിക്കാറുള്ളത്. അതില്‍ ഒന്ന് കാപട്യരഹിതമായ ഭൗതിക ലക്ഷ്യം; അതായത് മനസ്സില്‍ സദുദ്ദേശമില്ലാതെ ആരെങ്കിലും കാണാൻ ചെയ്യുന്ന കര്‍മ്മങ്ങള്‍ അല്ലാത്തത് എന്നര്‍ത്ഥം; കാരണം കാപട്യമുള്ള കര്‍മ്മം പൊള്ളയും, സല്‍കമ്മമായി ഗണിക്കപ്പെടാത്തതുമാണ്. രണ്ടാമത്തേത് ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍.

സമൂഹത്തില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഈ രണ്ട് സമീപന രീതികളിലായിക്കൊണ്ടാണല്ലോ നടക്കുന്നത്. ഒരു നല്ല കാര്യം ചെയ്യുന്നത് എല്ലാവരും അംഗീകരിക്കുന്നു. കഷ്ടപ്പെടുന്നവരുടെ സഹായത്തിന്നായി മുന്നിട്ടിറങ്ങുന്നവന് ജനങ്ങളില്‍ നല്ല സ്വീകാര്യതയാണ്. അതിന് അവന്‍റെ മതം ഒരു തടസ്സമല്ല എന്നതും വസ്തുതയാണ്. മദ്യത്തിനും മറ്റ് സാമൂഹ്യ തിന്മകള്‍ക്കുമെതിരിലുള്ള പ്രയത്നം സര്‍വ്വരും ശ്ലാഘിക്കുന്നു. സ്ത്രീധനമെന്ന ദുരാചാരത്തെ ചെറുക്കാനായി മുന്നോട്ട് വരുന്നവര്‍ക്ക് സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കുന്നു. ഇതൊക്കെ സമൂഹം കാണുന്നത് മതപരമായ ഒരു കര്‍മ്മമെന്ന നിലക്കല്ല.

സാമൂഹ്യ പ്രശ്നങ്ങളില്‍ വിശ്വാസി ഇടപെട്ടേ പറ്റൂ എന്ന് ഇസ്‌ലാമിലെ കര്‍മ്മ പരിപാടികളില്‍ നിന്ന് ബോധ്യമാണ്. നിര്‍ദ്ദിഷ്ഠ രീതികളെല്ലാം വിശ്വാസിക്ക് പരലോകത്ത് പ്രതിഫലം വാഗ്ദാനം ചെയ്തു പ്രോല്‍സാഹിപ്പിക്കപ്പെട്ടതാണ്. സക്കാത്തിലും, സദഖയിലും പരിമിതമല്ല അല്ലാഹുവിന്‍റെ പരിഹാര രീതികള്‍. വിശ്വാസികള്‍ ഇടപെടാതിരിക്കുകയോ, വിശ്വാസം ബലപ്പെട്ടതല്ലാത്ത അവസ്ഥയോ ആയാലും കാര്യങ്ങള്‍ മുറപോലെ നടന്നിരിക്കും. ഭൂമിയിലുള്ള സകല ജീവജാലങ്ങളും അല്ലാഹുവിന്‍റെ സൃഷ്ടികളായിരിക്കെ അവയുടെ ഉപജീവന ബാധ്യത അവന്‍റെയടുത്താണെന്ന് സുറത്ത് ഹൂദിൽ കൃത്യമായി വിവരിച്ചിരിക്കുന്നു (ഹൂദ്:6).

നമുക്ക് അറിയാവുന്നതും, അറിയാത്തതുമായ എത്രയെത്ര സന്നദ്ധ സംഘടനകള്‍ ഇന്ന് ലോകത്ത് പ്രവര്‍ത്തിക്കുന്നു! അശരണരുടെ ഉന്നമനത്തിന്നായി, രോഗം മൂലം പ്രയാസപ്പെടുന്നവര്‍ക്കായി, യുദ്ധക്കെടുതികളിലോ പ്രകൃതി ദുരന്തങ്ങളിലോ അകപ്പെട്ടവര്‍ക്കായി, മനുഷ്യാവകാശ സംരക്ഷണത്തിന്നായി, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന്നായി, ശിശുക്ഷേമത്തിന്നായി, പറവകള്‍ക്കും ജന്തുക്കള്‍ക്കുമായി, കടലിലെ ജീവികള്‍ക്കായി, കാലഹരണപ്പെട്ടു തുടങ്ങിയ ജന്തുക്കളുടെ പുനരധിവാസത്തിന്നായി, പ്രകൃതി സംക്ഷണത്തിന്നായി, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘടനകളും, സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്ക്കൊക്കെ പ്രവര്‍ത്തിക്കാന്‍ ആളും അര്‍ത്ഥവും മാത്രമല്ല, സമയവും, പ്രയത്നങ്ങളും ആവശ്യമുണ്ട്; സാമ്പത്തികവും അല്ലാത്തതുമായുള്ള ബാധ്യതകള്‍ ഉണ്ട്; ക്ലേശങ്ങള്‍ സഹിക്കേണ്ടതുണ്ട്. അവയില്‍ മഹാ ഭൂരിപക്ഷവും മറ്റെന്തെങ്കിലും ഗൂഢ ലക്ഷ്യത്തിനാണ് പ്രവർത്തിക്കുന്നത് എന്ന് കരുതാനാവില്ല. പരലോകത്ത് ഒരു നന്മ ഉദ്ദേശിച്ചാണെന്ന് പറയാനും പറ്റില്ല; കാരണം അത് വൈയക്തിക വിശ്വാസത്തിലും, അതിന്‍റെ സാധുത തൗഹീദിലും അധിഷ്ഠിതമാണ്.

സൽകർമ്മങ്ങൾക്ക് സമൂഹത്തിലുള്ള സ്വീകാര്യത അല്ലാഹു ഏർപ്പെടുത്തിയ ഒരു ദൃഷ്ഠാന്തമാണ്; അത് എന്നും സമൂഹത്തിൽ നിലനിൽക്കുന്നു. പ്രവർത്തിക്കുന്നവൻ എന്ത് മനസ്ഥിതിയിൽ ചെയ്താലും സൽകർമ്മങ്ങൾ അംഗീകരിക്കപ്പെടുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മോഹിച്ചാണ് ഒരാൾ അത് ചെയ്യുന്നതെങ്കിൽ പ്രത്യേക അഭൗതിക നേട്ടം അവന് വേറെയുണ്ട്. എന്നാൽ അങ്ങനെ ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തികളും സാമൂഹികമായി അംഗീകരിക്കപ്പെടുന്നവയാണ്.

തീർച്ചയായും പടച്ചവൻ സൂചിപ്പിച്ച ആ ഒരു ബോധനം തന്നെയാണ് ഇങ്ങനെ പ്രവർത്തിക്കാനും അതിന്നായി ക്ലേശങ്ങൾ സഹിക്കാനും പ്രേരകമെന്ന് കാണാം.

അനുബന്ധമായി, ഏതാനും വർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ നടന്ന ഒരു സംഭവം ഇതിലേക്ക് ചേർത്ത്‌ വായിക്കുന്നത് ഉചിതമായി തോന്നുന്നു.

പശ്ചിമ ബംഗാളിൽ ജോതി ബസു തന്റെ 23 വർഷത്തെ മുഖ്യമന്ത്രിക്കസേര വിട്ട് സ്വയം വിരമിക്കാൻ തീരുമാനിച്ചപ്പോൾ (Nov. 2000) ഇന്ത്യയിൽ ഏറ്റവുമധികം കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയെന്ന റെക്കോർഡ് ആഘോഷമാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്‌ പരിപാടിയുണ്ടായിരുന്നു. ജോതി ബസു അതിനെ ശക്തമായി എതിർത്തതിനാൽ അത് സംഭവിച്ചില്ല എന്ന് മാത്രം. തുടർന്ന് ബുദ്ധ-ദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായി ചാർജ്ജെടുത്തപ്പോൾ ബസുവിന്റെ ഓഫീസ് ഒരു മ്യൂസിയമാക്കാൻ തീരുമാനിച്ചു. എന്നാൽ ഇത് വിഡ്ഢിത്തമാണെന്നും ഈ നീക്കത്തിൽ നിന്നു പിന്മാറണമെന്നുമുള്ള ബസുവിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന മാനിച്ചാണ് അവർ അതിൽ നിന്നും പിന്തിരിഞ്ഞത്.

കാര്യം അതല്ല; ബസു ചെയ്തത് ഒരു ഉത്തമ കാര്യമാണെന്ന് വിവേകമതികളെല്ലാം അംഗീകരിക്കുന്നു. വക്രതയില്ലാതെ, നേരേചൊവ്വേ ചിന്തിക്കുന്ന ഒരാൾ അതേ ചെയ്യൂ. (അത്തരം ആൾക്കാർ – പ്രത്യേകിച്ച് രാഷ്ട്രീയ വേദികളിൽ – ഇന്ന് നന്നേ വിരളം!) എന്നാൽ കമ്മ്യൂണിസമെന്ന നിരീശ്വര-നിർമ്മത പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ബസു എന്തായാലും പരലോകത്ത് ഒരു മോക്ഷമോ, പ്രതിഫലമോ മോഹിച്ചല്ല ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതെന്നത് തീർച്ചയാണ്. ഖുർആൻ സൂചിപ്പിച്ച രണ്ട് വഴികളുടെ പ്രസക്തി ഇവിടെ കാണാം.

വിശ്വാസികളിൽ പലരും ജുകുപ്സാവഹമായി, ഒരു പക്ഷെ, കണ്ടിരിക്കാനിടയുള്ള അവിശ്വാസിയുടെ സൽകർമ്മങ്ങൾക്ക്‌ സമർത്ഥമായ ഒരു റഫറൻസ് കൂടിയല്ലേ ഈ ഖുർആൻ പരാമർശം!

അതെ, ഒരു സാമൂഹ്യ നന്മ നമുക്ക് വേണമെങ്കിൽ ദൈവപ്രീതി ഉദ്ദേശിച്ച് ചെയ്യാം; അല്ലെങ്കിൽ ദീനാനുകമ്പയുടേയും, വിവേകത്തിന്റെയും വഴിക്ക് സ്വീകരിക്കാം. രണ്ടായാലും ഗുണഭോക്താവ് സമൂഹമാണ്. പരിഹരിക്കപ്പെടുന്നത് ഒരു സാമൂഹിക പ്രശ്നമാണ്. അപ്രകാരം ഒരാൾക്ക് തിരെഞ്ഞെടുക്കാവുന്ന വ്യക്തമായ രണ്ട് വഴികൾ, അഥവാ സമീപന രീതികളെ കുറിച്ചുള്ള ബോധനം, നമ്മുടെ സ്വന്തം കണ്ണുകളെപ്പോലെ, നാവിനെയും, ചുണ്ടുകളെയും പോലെ, സ്രഷ്ടാവ് മനുഷ്യർക്ക് നൽകിയതാണ്. ഈ രണ്ട് മാഗ്ഗത്തിൽ പെടാത്ത ഒരു സൽകർമ്മവും നമുക്ക് ചെയ്യാൻ സാധ്യമാവില്ല. അതാണ് ആ രണ്ടു വഴികളെന്നാണ് എന്റെ വായന എനിക്ക് ബോധ്യപ്പെടുത്തിത്തന്നത്.

ഇതുപോലെ, നൽകപ്പെട്ട പരിഭാഷയോട് ഭാഗികമായി ഇണങ്ങാതെ നിൽക്കുന്ന പ്രയോഗങ്ങൾ വേറെയും കണ്ടെത്തിയേക്കാം. അതൊക്കെ നമുക്ക് മുന്നിൽ പുതിയ വാതായനങ്ങൾ തുറന്നു തരികയാണ് ചെയ്യുന്നത്.

“ഇതു (ഈ ഖുർആൻ) തന്നെയാണ് സത്യമെന്ന് അവർക്ക് ബോധ്യമാകുവോളം ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നമ്മുടെ ദൃഷ്ഠാന്തങ്ങൾ നാം കാണിച്ചുകൊണ്ടേയിരിക്കും” (ഖുർആൻ 41:53).

No comments yet.

Leave a comment

Your email address will not be published.