വ്യഭിചാരം വൻപാപമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ആ ദുർവൃത്തിയിൽ ഏർപ്പെടുന്നവർക്കുള്ള പരലോക ശിക്ഷയും ഇഹലോകത്ത് -ഒരു ഇസ്‌ലാമിക രാഷ്ട്രം- നടപ്പാക്കേണ്ട പ്രതിക്രിയയും ക്വുർആനിലും സ്വഹീഹായ ഹദീസുകളിലും വിശദീകരിക്കപ്പെട്ടു. വ്യഭിചരിച്ചവർ തന്നെ പശ്ചാത്തപിക്കുകയൊ പ്രതിക്രിയക്ക് വിധേയമാവുകയൊ ചെയ്താൽ അവർ പാപവിമുക്തരായി മാറിയതായി ഇസ്‌ലാം പഠിപ്പിക്കുന്നു. അവരെ പോലും ആക്ഷേപിക്കുന്നതും ശപിക്കുന്നതുമെല്ലാം നബി (സ) നിശിതമായി വിമർശിച്ചു. (സ്വഹീഹു മുസ്‌ലിം: 1695)
പശ്ചാത്തപിച്ച വ്യഭിചാരിയെ കുറ്റം പറയുന്നതു പോലും എതിർത്ത ഇസ്‌ലാം, വ്യഭിചാരത്തിൽ ജനിച്ച നിരപരാധിയായ കുഞ്ഞിനെ ആക്ഷേപിച്ചു എന്ന ആരോപണം എത്രമാത്രം ബാലിശമാണ്.
വ്യഭിചാരത്തിലൂടെ പിറന്ന കുഞ്ഞിൻ്റെ ശിക്ഷയെ കുറിച്ച് ഒരു സൂചന പോലും ഇസ്‌ലാമിക പ്രമാണങ്ങളിൽ നമ്മുക്ക് കാണാൻ കഴിയുന്നില്ല.
എന്തിനേറെ പറയണം! ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ് നിലനിന്നിരുന്ന അവിഹിത ബന്ധങ്ങളിലൂടെ ജനിച്ചവരെങ്കിലും സദ്‌വൃത്തരായ വ്യക്തികൾ, അജ്ഞാത കുടുംബങ്ങളിൽ നിന്ന് വന്നെത്തിയ അടിമകൾ പിതാക്കന്മാർ ആരാണെന്ന് അറിയില്ലെങ്കിലും അവർ മുസ്‌ലിംകൾക്ക് “സഹോദരങ്ങളും” “മിത്രങ്ങളും ” ആണെന്നാണ് ക്വുർആൻ പ്രഖ്യാപിച്ചത്.
“ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.”
(ക്വുർആൻ: 33:5)
എന്നിരിക്കെ, ക്വുർആൻ പിതൃരഹിതരെ അവരുടെ മാതാപിതാക്കളുടെ തെറ്റിൻ്റെ പേരിൽ ആക്ഷേപിച്ചു എന്ന് ആരോപിക്കുന്നത് എത്രമാത്രം അനീതിയാണ്!
പാപം അനന്തരമെടുക്കുക എന്ന സങ്കൽപ്പം ഇസ്‌ലാം സമൂലം നിരസിച്ചു. അപരാധിയായ മാതാപിതാക്കളാൽ നിരപരാധികളായ മക്കളൊ അപരാധികളായ മക്കളുടെ കാരണം മാതാപിതാക്കളൊ ശിക്ഷിക്കപ്പെടുകയില്ല.
“പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല.”
(ക്വുർആൻ: 35:18)
“അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.”
(ക്വുർആൻ: 53:38)
“ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചു വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു.”
(ക്വുർആൻ: 52:21)
അപ്പോൾ പിന്നെ, ഇസ്‌ലാമോഫോബുകൾ ജൽപ്പിച്ചുണ്ടാക്കുന്നത് പോലെ, വ്യഭിചാരപുത്രനെന്ന് ഒരാളെ ആക്ഷേപിക്കേണ്ട കാര്യം എന്തിരിക്കുന്നു?
{ عُتُلِّۭ بَعۡدَ ذَ ٰلِكَ زَنِیمٍ }
“ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായവനെ. (അങ്ങനെയുള്ളവനെയൊന്നും നീ അനുസരിച്ചുപോകരുത്.)”
(ക്വുർആൻ: 68:13)
എന്ന ക്വുർആനിക വചനത്തിൽ അവിഹിത ബന്ധങ്ങളിലെ സന്താനങ്ങൾ ഏവരും ആക്ഷേപാർഹരാണ് എന്ന ആശയം നിലനിൽക്കുന്നില്ല. വചനത്തിലെ “സനീം” എന്ന പദം കൊണ്ട് “വ്യഭിചാര പുത്രൻ” എന്ന് മാത്രമാണ് അർത്ഥമെന്നും, മാതാപിതാക്കളുടെ വ്യഭിചാരവുമായി യാതൊരു ബന്ധവുമില്ലാത്ത സന്താനത്തെ “തെറി” വിളിക്കുന്നത് ദൈവനീതിക്ക് ചേരുമൊ എന്നൊക്കെയാണ് ദുർവ്യാഖ്യാനം.
എന്നാൽ, വചനത്തിലെ “സനീം” എന്ന പദത്തിന് “വ്യഭിചാര പുത്രൻ” എന്ന് മാത്രമല്ല അർത്ഥം. ഒട്ടനവധി അർത്ഥങ്ങളിൽ നിന്നും ഈ അർത്ഥം മാത്രം തേടിപ്പിടിച്ച് പദത്തിന് ചാർത്തിയാൽ തന്നെ,കേവലം അവിഹിത ബന്ധത്തിലുള്ള ജന്മം കൊണ്ട് മാത്രം ഒരാൾ ആക്ഷേപാർഹനാണ് എന്നു ക്വുർആൻ വാദിക്കുന്നുമില്ല.
വിമർശന വിധേയമായ ക്വുർആനിക വചനത്തിൻ്റെ വിവിധ വ്യാഖ്യാനങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഈ വസ്തുത വ്യക്തമാവുന്നതാണ്. അവ ഹ്രസ്വമായി താഴെ ചേർക്കട്ടെ:
1. ക്വുർആനിക വചനത്തിലെ, ദുഷ്കീര്‍ത്തി നേടിയവനെന്ന് അർത്ഥം നൽകപ്പെട്ട “സനീം” (زَنِیمٍ) എന്ന പദം നമ്മുക്കൊന്ന് ചർച്ചക്കെടുക്കാം.
തൻ്റേതല്ലാത്ത സമൂഹത്തിലേക്കും കുടുംബത്തിലേക്കും – അവരിൽ നിന്ന് അല്ലാഞ്ഞിട്ടും – ജനന പരമ്പര ചേർത്ത് പറയുന്ന വ്യക്തിക്കാണ് “സനീം” (زَنِیمٍ) എന്ന് ഭാഷാപരമായി വിളിക്കപ്പെടുന്നത്. അപ്പോൾ ഈ വ്യക്തി അവിഹിതത്തിൽ പിറന്നവനൊ അല്ലാത്തവനൊ ആവട്ടെ തൻ്റേതല്ലാത്ത പിതാവിനെ പിതാവായും, തൻ്റെതല്ലാത്ത കുടുംബത്തെ കുടുംബമായും സ്വയം പ്രചരിപ്പിക്കുന്നുവെങ്കിൽ അയാളാണ് “സനീം” (زَنِیمٍ). ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുണ്ടായിരുന്ന അറബികളിൽ, അവിഹിത ബന്ധങ്ങളിൽ പിറന്നവരാണ് കൂടുതലും ഇങ്ങനെ വ്യാജ പിതൃത്വം പ്രചരിപ്പിച്ചിരുന്നത് എന്നതൊഴിച്ചാൽ, അവിഹിത ബന്ധങ്ങളിൽ പിറന്നു എന്നതു കൊണ്ട് മാത്രം ഒരു നല്ല മനുഷ്യനെയും ഇസ്‌ലാം ആക്ഷേപിച്ചിട്ടില്ല.
(زَنُمَ) أصل يدلّ على تعليق شيء بشيء. من ذلك الزَّنِيم، وهو الدّعِيّ، وكذلك المُزَنَّم ، وشبه بزَنَمَتي العنز، وهما اللتان تتعلقان من أذنها. والزَّنَمة: اللحمة المتدلية في الحلق
” ‘സനുമ ‘ (زَنُمَ) എന്ന ഭൂതകാലക്രിയ സൂചിപ്പിക്കുന്നത്, ഒരു വസ്തു മറ്റൊരു വസ്തുവിൻമേൽ തൂക്കി ഇടുക എന്ന അർത്ഥത്തിലാണ്. ഇതിൽ നിന്നാണ് ‘സനീം’ (الزَّنِيم) എന്ന പദം വ്യുൽപന്നമായത്. ‘സനീം’ എന്നാൽ പിതാവല്ലാത്തവരിലേക്ക് പരമ്പര ചേർക്കപ്പെടുന്നവനാണ്. മുസന്നമ് എന്ന പദവും അപ്രകാരം തന്നെയാണ്. ആടിൻ്റെ കാതിൻ്റെ തൂങ്ങി കിടക്കുന്ന ഭാഗത്തെ സനമ
എന്ന് വിളിക്കുന്നു. തൊണ്ടയിൽ തൂങ്ങി കിടക്കുന്ന മാംസാവയവത്തെ സനമ: എന്ന് വിളിക്കുന്നു. ”
(മകായീസുല്ലുഗ: 3:29)
الدعي في النسب، الذي ينتسب إلى قوم وهو ليس منهم
‘സനീം’ എന്നാൽ ‘ദഇയ്യ്’ അഥവാ പിതാവല്ലാത്തവരിലേക്ക് പരമ്പര ചേർക്കപ്പെടുന്നവരാണ്. ഇത്, ക്വുർആൻ: 68:13, ക്വുർആനിക വചനത്തെ വിശദീകരിച്ചു കൊണ്ട്
പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് (റ), ഇക്‌രിമ, സഈദിബ്നുൽ മുസ്വയ്യിബ് തുടങ്ങിയവർ വ്യക്തമാക്കിയിട്ടുണ്ട്.
(തഫ്സീറു ത്വബ്‌രി: 23:164,165)
‘ദഇയ്യ്’ അഥവാ പിതാവല്ലാത്തവരിലേക്ക് പരമ്പര ചേർക്കുക എന്നത് ഇസ്‌ലാം ശക്തമായി പ്രതിഷേധിച്ച വൻപാപമാണ്. ഈ മഹാ വ്യാജ പ്രചാരകരെയാണ് സനീം എന്ന് ക്വുർആൻ വിശേഷിപ്പിച്ചതും.
“നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്… അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.”
(ക്വുർആൻ: 33:5)
നബി (സ) പറഞ്ഞു: തൻ്റെ പിതാവല്ലാത്തവനെ, (സ്വപിതാവല്ല എന്ന്) അറിഞ്ഞു കൊണ്ട് പിതാവെന്ന് വിളിക്കുന്നവൻ (ചെറിയ)
സത്യനിഷേധത്തിൽ അകപ്പെട്ടു.
(സ്വഹീഹുൽ ബുഖാരി: 3508, സ്വഹീഹു മുസ്‌ലിം: 61)
നബി (സ) പറഞ്ഞു: തൻ്റെ പിതാവല്ലാത്തവനെ, സ്വപിതാവല്ല എന്ന് അറിഞ്ഞു കൊണ്ട് പിതാവെന്ന് ആരെങ്കിലും വിളിച്ചാൽ അവന് സ്വർഗം നിഷിദ്ധമാണ്.
(സ്വഹീഹുൽ ബുഖാരി: 6766, സ്വഹീഹു മുസ്‌ലിം: 63)
അബൂ ഹഫ്സ് അൽ ഫാകിഹാനി എഴുതി:
“തൻ്റേതല്ലാത്ത കുടുംബ പരമ്പരയിലേക്ക് ചേർത്ത് പറയുന്നതും സ്വന്തം കുടുംബ പരമ്പര നിഷേധിക്കുന്നതും നിഷിദ്ധമാണെന്നതിൽ യാതൊരു സംശയവും ഇല്ല. എന്നു മാത്രമല്ല അത് വൻപാപവും കൂടിയാണ്. കാരണം അത്തരം വ്യാജ പ്രചാരണങ്ങളിലൂടെയും അവകാശവാദത്തിലൂടെയും മഹാ വിപത്തുകൾ ഉടലെടുക്കുന്നു. കുടുംബ പരമ്പര കൂടി കലരുന്നു, നിഷിദ്ധ വിവാഹബന്ധങ്ങൾ അനുവദനീയവും അനുവദനീയമായ വിവാഹബന്ധങ്ങൾ നിഷിദ്ധവുമായി പരിണമിക്കുന്നു. അനന്തരാവകാശത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നു. ഇങ്ങനെ ദൂര വ്യാപകമായ ദോഷങ്ങളും നിഷിദ്ധങ്ങളും ഈ പ്രവണതയിലൂടെ സംഭവിക്കുന്നു.”
(റിയാദുൽ അഫ്ഹാം: 5:83)
2.
ചിലരുടെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മാംസഭാഗമാണ് സനമ: (زَنَمَةٌ). അത്തരം രൂപ പ്രകൃതിയിലുള്ള ഒരു വ്യക്തി ക്വുർആൻ അവതരണ സന്ദർഭത്തിൽ ജീവിച്ചിരുന്നു. ക്വുർആൻ അഭിസംബോധകർക്ക് അടയാളത്തിലൂടെ അയാളെ തിരിച്ചറിയാനായി, അയാളുടെ രൂപ പ്രകൃതി വർണിക്കുകയാണ് സനീം എന്ന പദപ്രയോഗത്തിലൂടെ ക്വുർആൻ ചെയ്തത്.
عَنِ ابْنِ عَبَّاسٍ رضي الله عنهما: ( عُتُلٍّ بَعْدَ ذَلِكَ زَنِيمٍ ) قَالَ: ( رَجُلٌ مِنْ قُرَيْشٍ لَهُ زَنَمَةٌ مِثْلُ زَنَمَةِ الشَّاةِ ).
പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ആയത്തിലൂടെ സനീം എന്ന് വിളിച്ചിരിക്കുന്നത്… ക്വുറൈശികളിലെ ഒരു വ്യക്തിയാണ്; അയാൾക്ക് കഴുത്തിൽ സനമ: (തൂങ്ങി കിടക്കുന്ന മാംസഭാഗം) ഉണ്ടായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 4917)
ഈ വ്യക്തിയെ തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് സനീം എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. അതിനപ്പുറം ഒരർത്ഥവും ഈ പദത്തിന് ഈ വചനത്തിൽ ഇല്ല.
(തഫ്സീറു ത്വബ്‌രി: 23:165)
പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
“അധികമായി സത്യം ചെയ്യുന്നവനും,നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായവനെ. നന്മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയും ക്രൂരനുമായവനെ…”
(ക്വുർആൻ: 68: 10-12)
എന്നതു വരെ ക്വുർആൻ അവതരിപ്പിക്കപ്പെടുകയും (അധികമായി സത്യം ചെയ്യുന്ന, കുത്തുവാക്ക് പറയുന്ന… തുടങ്ങിയ പൊതുവായ വിശേഷണങ്ങൾ കൊണ്ട്) വിശേഷിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ ഞങ്ങൾക്ക് ആരെയാണ് ഉദ്ദേശിക്കപ്പെട്ടത് എന്ന് മനസ്സിലായില്ല. “…അതിനു പുറമെ സനീമിനെയും (തൂങ്ങിയ കഴുത്തുള്ള) നീ അനുസരിച്ചുപോകരുത്.”
(ക്വുർആൻ: 68: 13) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോളാണ് ഞങ്ങൾക്ക് ആളെ മനസ്സിലായത്.
(തഫ്സീറു ത്വബ്‌രി: 23:165)
സനീം എന്നത് ഒരു പ്രത്യേക ശരീരഘടനയാൽ ജനങ്ങൾക്കിടയിൽ വിഖ്യാതനായ ഒരു വ്യക്തിയെ ഉദ്ദേശിച്ചാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മുഫസ്സിറുകൾ (ക്വുർആൻ വ്യാഖ്യാതാക്കൾ) പ്രസ്‌താവിച്ചതായി ഇമാം ത്വബ്‌രി പറയുന്നു.
(തഫ്സീറു ത്വബ്‌രി: 23:166)
ഇവിടെ അയാളുടെ ശരീരഘടനയെ ആക്ഷേപിച്ചിട്ടില്ല; പൊതുവായ വർണനകൾ കൊണ്ട് ആളെ തിരിച്ചറിയാതെ ആയപ്പോൾ തിരിച്ചറിയാനായി അടയാളം സൂചിപ്പിച്ചിട്ടുള്ളു എന്ന് പ്രത്യേകം ഉണർത്തട്ടെ.
3.
തിന്മയുടെയും ഉപദ്രവത്തിൻ്റെയും വിഷയത്തിൽ ഖ്യാതി നേടിയവൻ എന്നാണ് ‘സനീം ‘ എന്ന വിശേഷണത്തിനർത്ഥം.
” അസ്സനീം എന്നാൽ ജനങ്ങളെ ദ്രോഹിക്കുന്നതിൽ പ്രസിദ്ധൻ എന്നാണർത്ഥം; രൂപ പ്രകൃതിയിൽ വ്യതിരിക്തമായ (സനമ്) ആടിനെ പോലെ കീർത്തി നേടിയവൻ” എന്ന് ചില പ്രവാചകാനുചരന്മാർ പ്രസ്‌താവിച്ചിരിക്കുന്നു.
(മസാവിഉൽ അഖ്ലാക്: 111, മുസ്തദ്റക്: 2:499)
ഇതേ വ്യാഖ്യാനം ഇമാം ദഹബിയും ഇബ്നു തൈമിയയും തങ്ങളുടെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്.
(അൽ ജവാബു സ്വഹീഹ്: 6: 486)
ചുരുക്കത്തിൽ, അവിഹിതത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം ഒരാൾ മോശക്കാരനാണെന്ന് ക്വുർആൻ എവിടെയും പ്രസ്‌താവിച്ചിട്ടില്ല. വിമർശന വിധേയമായ പദത്തിനെ (സനീം) ഏത് രൂപത്തിൽ പഠിക്കുമ്പോഴും, പദത്തെ സംബന്ധിച്ച ഏത് വ്യാഖ്യാനം എടുക്കുമ്പോഴും വിമർശകർ ഉന്നയിക്കുന്ന “തന്തക്കു വിളി” കാണാൻ കഴിയില്ല.
مَنْ أبْطأَ بهِ عملُهُ لمْ يُسرِعْ بهِ نَسبُهُ
കുടുംബം നന്നാവുകയും കർമ്മം മോശമാവും ചെയ്താൽ ഒരു ഗുണവുമില്ലെന്നും കർമ്മം നന്നായാൽ കുടുംബം മോശമായതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്നുമാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.
(അബൂ ദാവൂദ് :3643, ദാരിമി: 344, ഇബ്നു ഹിബ്ബാൻ: 84)
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ പറഞ്ഞു:
“അവിഹിത ബന്ധത്തിൽ ജനിച്ച സന്താനം വിശ്വസിക്കുകയും സൽകർമ്മം അനുഷ്ടിക്കുകയും ചെയ്താൽ സ്വർഗത്തിൽ പ്രവേശിക്കും. വിശ്വസിക്കുകയൊ സൽകർമ്മം അനുഷ്ടിക്കുകയൊ ചെയ്തില്ലെങ്കിൽ, മറ്റുള്ളവർ (ശരിയായ ബന്ധത്തിൽ ജനിച്ചവർ) തങ്ങളുടെ കർമ്മങ്ങളുടെ പേരിൽ വിചാരണക്കും പ്രതിഫലത്തിനും വിധേയമാവുന്നതു പോലെ തന്നെ വിധേയനാവും. കർമ്മമാണ് പ്രതിഫലത്തിന് ആധാരം; കുടുംബ പരമ്പരയല്ല. അവിഹിതത്തിൽ ജനിച്ച വ്യക്തിയുടെയും കർമ്മം നന്നായാൽ അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. അല്ലാഹുവിൻ്റെ അടുക്കൽ ആദരണീയൻ.
(മജ്മൂഉൽ ഫതാവാ: 4:312)
ഇനി സാന്ദർഭികമായി പറയട്ടെ, ഒരാൾ വ്യഭിചാര പുത്രനാണ് എന്ന് മാത്രം പറയുന്നത് എങ്ങനെയാണ് നാസ്തിക വീക്ഷണ കോണിൽ തെറിവിളിയാവുക? വ്യഭിചാരം മനുഷ്യാവകാശമാണ് എന്നും നന്മയാണെന്നും വിശ്വസിക്കുന്ന നാസ്തികരെ സംബന്ധിച്ചിടത്തോളം ഒരാൾ വ്യഭിചാര പുത്രനാണ് എന്ന് മാത്രം പറയുന്നത് ഒരു സെൻസസ് റിപ്പോർട്ട് എന്നതിനപ്പുറം ഒരു അധിക്ഷേപമായി മാറുന്നത് എങ്ങനെ എന്ന് ഒന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. “സനീം” എന്നത് അവകാശ പ്രഖ്യാപനമായി കണ്ട് ശാന്തിയടയുകയല്ലെ “സ്വതന്ത്ര ലൈംഗികത”യുടെ വക്താക്കൾ ചെയ്യേണ്ടത് ?!
No comments yet.