വ്യക്തികളെ വിധിക്കാന്‍ ധൃതിപ്പെടാതിരിക്കുക!

//വ്യക്തികളെ വിധിക്കാന്‍ ധൃതിപ്പെടാതിരിക്കുക!
//വ്യക്തികളെ വിധിക്കാന്‍ ധൃതിപ്പെടാതിരിക്കുക!
ഖുർആൻ / ഹദീഥ്‌ പഠനം

വ്യക്തികളെ വിധിക്കാന്‍ ധൃതിപ്പെടാതിരിക്കുക!

Print Now

അലി (റ) പറയുന്നു: ”എന്നെയും സുബൈര്‍, മിക്ദാദ് എന്നിവരെയും (ഒരു ദൗത്യത്തിനായി) അല്ലാഹുവിന്റെ ദൂതന്‍ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പുറപ്പെടുക. ‘ഖാഖ്’ തോട്ടത്തില്‍ നിങ്ങളെത്തിയാല്‍ പല്ലക്കില്‍ സഞ്ചരിക്കുന്ന ഒരു സ്ത്രീയുണ്ടാകും. അവരുടെ അടുക്കല്‍ ഒരു രഹസ്യഎഴുത്തുമുണ്ടാകും. അത് നിങ്ങള്‍ അവരില്‍ നിന്നും എടുത്തുകൊണ്ടുവരിക. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. ആ തോട്ടം എത്തുവോളം ഞങ്ങളുടെ കുതിരകള്‍  പാഞ്ഞു. അവിടെയെത്തിയപ്പോള്‍ ആ സ്ത്രീയതാ അവിടെ! ഞങ്ങള്‍ പറഞ്ഞു: എഴുത്ത് പുറ ത്തെടുക്കൂ. എന്റെ അടുക്കല്‍ ഒരു എഴുത്തുമില്ലെന്ന് അവര്‍ പറഞ്ഞു. എഴുത്ത് തന്നില്ലെങ്കില്‍ വസ്ത്രമൂരി ഞങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞപ്പോള്‍ മുടിക്കെട്ടില്‍ നിന്നും അവര്‍ എഴുത്ത് പുറത്തെടുത്തു. അതുമായി ഞങ്ങള്‍ പ്രവാചകന്റെ അടുത്തെത്തി. ആ എഴുത്തില്‍ ഇപ്രകാരമുണ്ടായിരുന്നു. ഹാത്വിബ് ഇബ്‌നു ബല്‍ത്തഗഃയില്‍ നിന്നും മക്കയിലെ വിഗ്രഹാരാധകരിലേക്കുള്ള എഴുത്ത് അല്ലാഹുവിന്റെ ദൂതരുടെ ചില രഹസ്യങ്ങളെപ്പറ്റി വിവരമറിയിക്കുന്നത്….!! അല്ലാഹുവിന്റെ തിരുദൂതര്‍ ചോദിച്ചു: ‘ഹാത്വിബ് എന്താണിത്? അദ്ദേഹം പറഞ്ഞു: എന്റെ മേല്‍ (വിധിക്കുന്നതില്‍) ധൃതിപ്പെടരുത്. അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഖുറൈശികളില്‍ (കുടുംബബന്ധങ്ങളില്ലാതെ) ഒറ്റപ്പെട്ട വ്യക്തിയായിരുന്നു. താങ്കളുടെ കൂടെയുള്ള മുഹാജിറുകള്‍ക്ക് (മക്കയില്‍ നിന്നും പലായനം ചെയ്ത് മദീനയിലെത്തിയ       പ്രവാചകാനുചരന്‍മാര്‍) അവരുടെ സ്വത്തും കുടുംബവും സംരക്ഷിക്കുന്ന അടുത്ത ബന്ധങ്ങള്‍ മക്കയിലുണ്ട്. അത്തരത്തിലുള്ള കുടുംബങ്ങള്‍ എനിക്കില്ലെങ്കിലും എന്നോടുള്ള അടുപ്പം അവര്‍ കാത്തുസൂക്ഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ഈ പ്രവര്‍ത്തനത്തിലൂടെ അവരോട് അടുപ്പമുണ്ടാക്കാനല്ലാതെ എന്റെ മതത്തില്‍ (ഇസ്‌ലാമില്‍) നിന്നും ഞാന്‍ പിന്തിരിഞ്ഞിട്ടില്ല. ഇസ്‌ലാമിനു ശേഷം സത്യനിഷേധത്തെ ഞാന്‍ തൃപ്തിപ്പെട്ടിട്ടുമില്ല. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: അദ്ദേഹം നിങ്ങളോട് സത്യമാണ് പറഞ്ഞത്. ഉടനെ ഉമര്‍ (റ) പറഞ്ഞു: ഈ കപടവിശ്വാസിയുടെ കഴുത്തുവെട്ടാന്‍ എന്നെ അനുവദിക്കൂ. അപ്പോള്‍ പ്രവാചകന്‍ (സ) മൊഴിഞ്ഞു: തീര്‍ച്ചയായും അദ്ദേഹം ബദര്‍ (യുദ്ധത്തില്‍) പങ്കെടുത്തിട്ടുണ്ട്. താങ്കള്‍ക്കറിയുമോ ബദറില്‍ പങ്കെടുത്തവരോട് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്തുകൊളളുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു.” (ബുഖാരി: 4028)

മക്കയിലെ അതിക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ മതസ്വാതന്ത്ര്യത്തിനായി മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകാനുച രന്‍മാരാണ് ‘മുഹാജിറുകള്‍’. അതില്‍ ഒരുവനായി ‘ഹാത്വിബും’ ഉണ്ടായിരുന്നു. മദീനയില്‍ സമാധാനജീവിതമാഗ്രഹിച്ച മുസ്‌ലിംകള്‍ ക്കെതിരെ വീണ്ടും അക്രമമഴിച്ചുവിടുകയായിരുന്നു മക്കയിലെ സത്യനിഷേധികളുടെ ഉദ്ദേശ്യം. വന്‍സൈന്യവുമായി ദുര്‍ബല മുസ്‌ലിം സൈന്യത്തെ വിഴുങ്ങിക്കളയാനാഗ്രഹിച്ചായിരുന്നു ‘ബദര്‍’ രണഭൂമിയിലേക്ക് അവരുടെ വരവ്. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് രണ്ടിരട്ടി വരുന്ന ശത്രുസൈന്യത്തിനുമുമ്പില്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായ തുല്യതയില്ലാത്ത ത്യാഗമായിരുന്നു ‘ബദര്‍’. ആ ബദറിലും ‘ഹാത്വിബ്’ സാക്ഷിയായിരുന്നു. കാലക്രമേണ ഇസ്‌ലാം വളര്‍ന്നു, മുസ്‌ലിംകള്‍ എല്ലായിടത്തും പരന്നു. അങ്ങനെ പുറത്താക്കപ്പെട്ട മാതൃഭൂമിയിലേക്ക് തിരിച്ചുപോക്കെന്ന ആശയവും സ്വപ്‌നവും നാമ്പിട്ടു. അത് രഹസ്യമായി നടപ്പാക്കാനായിരുന്നു മുസ്‌ലിംകളുടെ കൂടിയാലോചിച്ചുള്ള തീരുമാനം.    ഈ തീരുമാനം മക്കയിലെ സത്യനിഷേധികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന, ഒരുവേള ‘രാജ്യദ്രോഹപര’മെന്നു വിശേഷിപ്പിക്കാവുന്ന അബദ്ധമാണ് ഹാത്വിബില്‍ നിന്നും സംഭവിച്ചത്. തീര്‍ച്ചയായും ശിക്ഷക്കര്‍ഹമായ ഗുരുതര പിഴവുതന്നെ. പക്ഷേ, പ്രവാചകന്‍ ഹാത്വിബ് ഈ തെറ്റുചെയ്യുവാനുള്ള പ്രേരണ എന്താണെന്ന് ആരായുകയാണ് ആദ്യം ചെയ്തത്. മക്കയില്‍ തിരിച്ചെത്തിയാല്‍ പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം കുടുംബബന്ധങ്ങളുണ്ടിവിടെ. ഹാത്വിം ഏകനാണ്; മക്കയില്‍ തിരിച്ചെത്തിയാല്‍ സ്വാഗതം ചെയ്യാന്‍ ബന്ധുമിത്രാദികളില്ല. ഈ രഹസ്യവാര്‍ത്ത ചോര്‍ത്തിക്കൊണ്ടാണെങ്കിലും കുറച്ചു മിത്രങ്ങളെ ഉണ്ടാക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. അദ്ദേഹം പറഞ്ഞ ന്യായം സത്യസന്ധമാമെന്ന് പ്രവാചകന്‍ (സ) അംഗീകരിക്കുന്നു. ‘കപടവിശ്വാസി’യെന്നു വിധിച്ച് ശിക്ഷ നടപ്പാക്കാന്‍ ധൃതിപ്പെട്ട ഉമര്‍ എന്ന പ്രവാചകാനുചരന് അദ്ദേഹത്തിന്റെ അനവദാനതയും ഇസ്‌ലാമിന്റെ വിശാലതയും പ്രവാചകന്‍ പഠിപ്പിച്ചുകൊടുത്ത ‘ബദര്‍’ എന്ന മഹാത്യാഗം വരിച്ച ഒരു മഹാനാണ് ഹാത്വിം. ഒരായിരം മഹത്വങ്ങളും സേവനങ്ങളും മറന്ന് ഒരു തിന്മയുടെയും വീഴ്ചയുടെയും പേരില്‍ വ്യക്തികളെയും വ്യക്തിത്വങ്ങളെയും വിലയിടിച്ചു കാണരുത്. തെറ്റു ചെയ്യുന്നവരെയെല്ലാം കാരണമാരായാതെ കശാപ്പ് ചെയ്യുന്ന ലഹളകൂട്ടങ്ങളോ വൈകാരികതയാല്‍ നയിക്കപ്പെടുന്ന ‘സദാചാര പട്ടാള’മോ ആകേണ്ടവരല്ല മുസ്‌ലിംകള്‍ എന്ന് ഉമറെന്ന ശിഷ്യനും മറ്റനുചരര്‍ക്കും പ്രവാചകന്‍ പഠിപ്പിച്ചുകൊടുത്തു. ‘ഭക്ഷ്യാവശ്യത്താലോ പട്ടിണിയുള്ള കാലഘട്ടത്തിലോ നടക്കുന്ന മോഷണങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കരുത്’ എന്ന് പ്രവാചകനുശേഷം ഭരണസാരഥ്യം ഏറ്റെടുത്തപ്പോള്‍ ഒരു നിയമമാവിഷ്‌കരിക്കാന്‍ ഉമറിനെ (റ) പ്രേരിപ്പിച്ചത് പ്രവാചകന്‍ പകര്‍ന്ന ഈ പാഠമാകാം. (മുസ്വന്നഫു അബ്ദുര്‍റസാഖ്: 18990)

‘അവകാശമില്ലാത്ത ധനം എടുക്കലാണ് മോഷണം. വിശക്കുന്നവന്‍ എടുത്ത ധനം അവന്റെ അവകാശമായതിനാല്‍ അതിനെ മോഷണമെന്ന് നിര്‍വചിക്കാനാകില്ലെന്ന് ഉമറിന് മനസ്സിലായി’ എന്ന് ശൈഖ് മുഹമ്മദ്  അല്‍മദനി നിരീക്ഷിക്കുന്നത് കാണാം. പട്ടിണിമൂലം മോഷ്ടിച്ച വനെയല്ല, അവനെ അതിലേക്കെത്തിച്ച ഗവര്‍ണര്‍മാര്‍ക്കാണ് ശിക്ഷ നടപ്പാക്കേണ്ടതെന്ന അഭിപ്രായത്തിലേക്ക് എത്തപ്പെട്ടു ഉമര്‍ (റ) എന്നത് സ്വാഭാവികം. ധൃതി പിശാചില്‍ നിന്നാണെന്നും ശാന്തതയും അവധാനതയുമാണ് മുസ്‌ലിംകളുടെ സ്വഭാവമെന്നും പ്രവാചകന്‍ (സ) തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. വ്യക്തികളെ വിലയിരുത്തുന്നതിലും വിധിക്കുന്നതിലും ഹാത്വബിന്റെ കഥ നമുക്ക് മാര്‍ഗദര്‍ശിയാകണം.

വളരെ ശ്രദ്ധാപൂര്‍മേ ഒരാളെപ്പറ്റി നാം വിധി പറയാവൂ.അവിശ്വാസം (കുഫ്ര്‍), നിഷേധം (ജഹ്ദ്), കപടവിശ്വാസം (നിഫാഖ്), പുത്തന്‍വാദം (ബിദ്അത്ത്) എന്നിവയാണെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നുന്ന വല്ല കാര്യം ഒരു വ്യക്തിയില്‍ നിന്നും പ്രകടമായാല്‍ പോലും അയാളെ അവിശ്വാസിയെന്നോ, നിഷേധിയെന്നോ, പുത്തന്‍വാദിയെന്നോ ഒക്കെ വിധിക്കാനും വിളിക്കാനും ചിലപ്പോള്‍ ന്യായമുണ്ടാകില്ല. ”പ്രസ്തുത വ്യക്തി പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവനോ, അപരിഷ്‌കൃതനോ, ബുദ്ധി കുറഞ്ഞവനോ ആകാമല്ലോ. അതുമല്ലെങ്കില്‍ പ്രമാണങ്ങളെ ശരിയായി പഠിക്കാത്തവനോ അവയിലെ വിഷയാധിഷ്ഠിത പ്രസ്താവനകള്‍ കേള്‍ക്കുവനോ ആകാം. അല്ലെങ്കില്‍ കേട്ടിരിക്കും, പക്ഷേ അയാളുടെ അടുക്കല്‍ അത് സ്ഥിരപ്പെട്ടിട്ടുണ്ടാകില്ല. അല്ലെങ്കില്‍ അയാളുടെ അടുക്കല്‍ അവയെ വ്യാഖ്യാനിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കുന്ന മറ്റുവല്ല എതിര്‍വാദമോ തടസ്സമോ ഉണ്ടായേക്കാം. അത് തെറ്റാണെങ്കില്‍ കൂടിയും” എന്നെല്ലാം വിശദീകരിക്കുന്നുണ്ട് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ (മജ്മൂഉല്‍ ഫതാവ: 3/229)

ജീവിതത്തില്‍ ഒരുപാട് പാപങ്ങള്‍ ചെയ്ത ഒരാളുടെ കഥ പ്രവാചകശ്രേഷ്ഠന്‍ നമുക്ക് പഠിപ്പിച്ചുതന്നു. ”ഞാന്‍ മരിച്ചാല്‍ എന്നെ നിങ്ങള്‍ കത്തിച്ചുകരിക്കണം. എന്നിട്ട് എന്നെ പൊടിയാക്കി നദിയിലൊഴുക്കണം. അല്ലാഹുവാണേ, (ഞാന്‍ ചെയ്തുകൂട്ടിയ അക്രമങ്ങള്‍മൂലം) ലോകത്താരെയും ശിക്ഷിക്കാത്ത തരത്തില്‍ അല്ലാഹു എന്നെ ശിക്ഷിക്കുക തന്നെ ചെയ്‌തേക്കും.” എന്ന് അയാള്‍ മരണത്തിനുമുമ്പ് മക്കളോട് ഉപദേശിച്ചു. മരണശേഷം അയാളുടെ മൃതദേഹം അപ്രകാരം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹു അയാളെ പുനരുജ്ജീ വിപ്പിച്ചു. ”ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്” എന്ന് ആയാളോടു ചോദിക്കപ്പെട്ടപ്പോള്‍, ”നിന്നോടുള്ള ഭയം കൊണ്ട്” എന്നയാള്‍ മറുപടി പറഞ്ഞു. അല്ലാഹു അയാളോട് കരുണ ചെയ്യുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കുകയുമാണ് ഉണ്ടായത്. (ബുഖാരി: 7506, മുസ്‌ലിം: 2757,2758).

”ഈ മനുഷ്യന്‍ അല്ലാഹുവിന്റെ ശക്തിയിലും പൊടിച്ച് ഒഴുക്കികളഞ്ഞാലും തിരിച്ചുകൊണ്ടുവരാനുള്ള അവന്റെ കഴിവിലും സംശ യിച്ചു; അല്ല അയാള്‍ മടക്കപ്പെടില്ല എന്നുതന്നെ വിശ്വസിച്ചു. ഇത് ‘അവിശ്വാസം’ ആണെന്നതില്‍ മുസ്‌ലിംകളെല്ലാവരും യോജിക്കുന്നു. എന്നാല്‍ ഹദീഥില്‍ പ്രസ്താവിക്കപ്പെട്ടയാള്‍ ഒരു അജ്ഞനായ വ്യക്തിയാണ്. അറിവ് അല്‍പം മാത്രമുള്ള ഒരു വിശ്വാസി. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുത്തു. ഗവേഷണപടുക്കളും പ്രവാചകചര്യയെ അനുഗമിക്കുന്നതില്‍ ഉത്സുകരുമായ പണ്ഡിതര്‍ ഇപ്രകാരം പൊറുക്കപ്പെടാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവരാണ്.” (മജ്മൂഉല്‍ ഫതാവ)

”തന്നെ ദഹിപ്പിക്കണമെന്ന് ആയാള്‍ പറഞ്ഞത് അങ്ങേയറ്റത്തെ പരിഭ്രമത്തിന്റെ അവസ്ഥയിലാണ്. ഭയം അയാളുടെ ചിന്താശേഷിയെ മരവിപ്പിച്ചു. അങ്ങനെ അയാള്‍ ഒരു അശ്രദ്ധനും ബുദ്ധിഭ്രമം സംഭവിച്ചവനും ആയിമാറി; അപ്രകാരമുള്ളവരില്‍ നിന്നും സംഭവിക്കുന്ന തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയില്ല”എന്ന് ഇമാം നവവി പറയുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം).
അപ്പോള്‍ ‘പറഞ്ഞതും’ ‘പറഞ്ഞവനെയും’ അല്ലെങ്കില്‍ ‘പ്രവര്‍ത്തനത്തെയും’ ‘പ്രവര്‍ത്തിച്ചവനെയും’ നാം നോക്കി കാണേണ്ടത് വ്യത്യസ്ത രീതിയിലാണ്. പ്രവര്‍ത്തനങ്ങളെ നമുക്ക് വര്‍ഗീകരിക്കുകയോ വിധിക്കുകയോ ചെയ്യാം. എന്നാല്‍ അവ പ്രവര്‍ത്തിച്ചവരെ ‘പ്രവര്‍ത്ത നങ്ങളുടെ’ നിഴലില്‍ വിധിക്കുന്നത് എപ്പോഴും ശരിയാകണമെന്നില്ല എന്ന് വിശദീകരിക്കുന്നുണ്ട് ശൈഖ് ഊസൈമീന്‍ (അല്‍ ഖവാഇദുല്‍ മുസ്‌ലിം)

പ്രവര്‍ത്തനങ്ങളെ -അവ എത്ര ഗുരുതരമായ തെറ്റായി കൊള്ളട്ടെ- അവയ്ക്കുപിന്നിലെ കാരണങ്ങളും പ്രേരണകളും ചോദനയും ഒഴികഴി വുകളുമൊന്നും നോക്കാതെ വ്യക്തികളെ വിലയിരുത്തരുതെന്നര്‍ത്ഥം. അവ ഒരുപക്ഷേ അല്ലാഹുവിന്റെയടുക്കല്‍ മാപ്പിനര്‍ഹ മായി രിക്കാം. പ്രത്യക്ഷങ്ങള്‍ മാത്രമറിയുന്ന നമുക്കാണോ പരോക്ഷങ്ങളറിയുന്ന അല്ലാഹുവിനാണോ ഒരു വ്യക്തിയെപ്പറ്റി വിധിപറയാന്‍ അര്‍ഹതയെന്ന് ചിന്തിച്ചുനോക്കൂ.

1 Comment

  • Masha Allah

    Mubashira 18.03.2019

Leave a comment

Your email address will not be published.