വേണോ വിവാഹം? !! -7

//വേണോ വിവാഹം? !! -7
//വേണോ വിവാഹം? !! -7
ആനുകാലികം

വേണോ വിവാഹം? !! -7

മനസ്സിനുള്ളിൽ ഒരു തുലാസ് ?!

ഡോ. അന്ന ലംബ്കി എഴുതുന്നു:

“ആനന്ദവും (സുഖവും) വേദനയും മസ്തിഷ്കത്തിലെ ഒരേ ഭാഗത്താണ് പ്രോസസ്സ് ചെയ്യപ്പെടുന്നത്.

ആനന്ദവും വേദനയും തലച്ചോറിന്റെ ഒരേ ഭാഗങ്ങളിൽ തന്നെ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്ന് ന്യുറോസയന്റിസ്റ്റുകൾ കണ്ടെത്തി, കൂടാതെ ഇവ എതിർപ്രക്രിയ (opponent-process) രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നും കണ്ടെത്തി കഴിഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സുഖവും വേദനയും ഒരു തുലാസിനെ പോലെ പ്രവർത്തിക്കുന്നു…

നമ്മുടെ തലച്ചോറിനുള്ളിൽ ഒരു തുലാസുണ്ടെന്ന് കരുതൂ — മധ്യത്തിൽ ഒരു അക്ഷം (fulcrum) ഉള്ള ഒരു തുലാസ് പോലെ.

നാം ആനന്ദം അനുഭവിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കത്തിലെ “റിവാർഡ് പാത്ത്‌വേ”യിൽ ഡോപ്പാമിൻ പുറത്തിറങ്ങുകയും തുലാസ് സന്തോഷത്തേക്കുള്ള ഭാഗത്തേക്ക് ബാലൻസ് കൂടുതലാകുകയും ചെയ്യുന്നു. ഈ ബാലൻസ് എത്ര കൂടുതലായി, എത്ര വേഗത്തിൽ സന്തോഷത്തേക്കു മാറുന്നുവോ, അത്രയും കൂടുതൽ ആനന്ദം നമുക്ക് അനുഭവപ്പെടുന്നു.

നമ്മുടെ മസ്തിഷ്കത്തിൽ ഒരു സുഖവും വേദനയും സമതുലിതമാക്കുന്ന ഒരു ഓട്ടോമാറ്റിക് സ്വയം നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുണ്ട് എന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

സുഖ ദുഖ തുലാസിൻ്റെ ബാലൻസ് ഓരോ തവണയും സന്തോഷത്തിലെ ഭാഗത്തേക്കു ചായുമ്പോൾ, അതിനെ വീണ്ടും സമതുലിതമാക്കാൻ ശക്തമായ സ്വയം നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങും. ഈ സ്വയം നിയന്ത്രണങ്ങൾ, നാം സ്വന്തമായി ചിന്തിച്ച് നടത്തുന്നതൊ നമ്മുടെ മനസ്സിൻ്റെ നിയന്ത്രണത്തിൽ ഉള്ള കാര്യമൊ അല്ല. ഒരു റിഫ്‌ളെക്‌സിനെപ്പോലെ സ്വയമേവ സംഭവിക്കുന്നതാണ്.

ഈ സ്വയം നിയന്ത്രണ സംവിധാനത്തെ, സന്തോഷത്തിന്റെ ഭാഗം ഭാരമുള്ളപ്പോൾ അതിനെ എതിരിട്ട് വേദനയുടെ ഭാഗത്തേക്ക് കയറുന്ന ചെറിയ ‘ഗ്രെംലിന്’കളായി ചിന്തിക്കാം. ഈ ഗ്രെംലിനുകൾ ശരീരത്തിന്റെ ഹോമിയോസ്റ്റാസിസ് (homeostasis) പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്നു — ഏത് ജീവജാലത്തിനുമുള്ള ശരീരത്തിന്റെ സമതുലിതാവസ്ഥ നിലനിർത്താനുള്ള പ്രവണതയാണ് ഇത്.

ഒരു പ്രാവശ്യം തുലാസ് സമതുലിതമായാൽ, അത് വേദയുടെ വശത്തേക്ക് താഴുന്നത് തുടരുന്നു, സുഖത്തിൻ്റെ ഭാഗത്തേക്ക് താഴ്ന്നതിന് തുല്യവും വിപരീതവുമായ അളവിൽ വേദനയുടെ വശത്തേക്ക് ചായുന്നു.

ടോളറൻസ് (Neuroadaptation)

ആനന്ദം അനുഭവിച്ചതിനു ശേഷം ക്രേവിംഗ് (ആനന്ദദായകമായ കാര്യം ഇനിയും വേണം/ ചെയ്യണം എന്ന ആഗ്രഹം) ഉണ്ടാകുന്നത് നമുക്കെല്ലാവർക്കും പരിചിതമാണ്. ഉദാഹരണത്തിന്, ഒരു പൊട്ടറ്റോ ചിപ്സ് കഴിച്ച ശേഷം രണ്ടാമത്തേത് എടുക്കാനോ, ഒരു വീഡിയോ ഗെയിം വീണ്ടും കളിക്കാനോ, ഒരു വീഡിയോ വീണ്ടും കാണാനോ, റീൽസും ഷോർട്ട്സും തുടർച്ചയായി കാണാനോ മനസ്സ് ശക്തമായി ആഗഹിക്കുക സ്വാഭാവികമാണ്. ആ നല്ല അനുഭവം വീണ്ടും നേടുകയോ, അത് മങ്ങിപ്പോകാതെ സൂക്ഷിക്കുകയോ ചെയ്യാനാണ് മനസ്സ് ശ്രമിക്കുന്നത്. അതിന് ലളിതമായ പരിഹാരം, കൂടുതലായി ചിപ്പ്സ് കഴിക്കുകയോ, ഗെയിം കളിക്കുകയോ, വീഡിയോ കാണുകയോ ചെയ്യുന്നതാണ്. പക്ഷേ അങ്ങനെ ചെയ്താൽ ഒരു പ്രശ്നമുണ്ട്.

ഒരേ തരത്തിലുള്ള ആനന്ദ ഉത്തേജനത്തിന് ആവർത്തിച്ച് ആകൃഷ്ടമായാൽ, ആദ്യം ആനന്ദത്തിലേക്ക് വളഞ്ഞിരുന്ന ബാലൻസ് ക്ഷീണിക്കുകയും അതിന്റെ ആസ്വാദനം, കുറഞ്ഞ സമയം മാത്രം തുടരുകയും ചെയ്യുന്നു; അതേസമയം പിന്നീട് വേദനയിലേക്ക് വളയുന്ന പ്രതികരണം ശക്തവും ദൈർഘ്യമേറിയതുമാകുന്നു! ഈ പ്രക്രിയയെ ശാസ്ത്രജ്ഞർ ന്യൂറോഅഡാപ്റ്റേഷൻ (Neuroadaptation) അല്ലെങ്കിൽ ടോളറൻസ് (Tolerance) എന്നാണ് വിളിക്കുന്നത്. അഥവാ, ഒരു ആനന്ദദായകമായ കാര്യം അല്ലെങ്കിൽ ഒരു സുഖം ആവർത്തിച്ച് ആസ്വദിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആസ്വാദനം കുറയുകയൊ ഇല്ലാതാവുകയൊ ചെയ്യുന്ന അവസ്ഥയാണ് ടോളറൻസ്. ടോളറൻസിനെ തുടർന്ന് നമ്മുടെ ഉള്ളിൽ, സുഖത്തിൻ്റെ ആവർത്തനം വേദന വർധിപ്പിക്കാൻ ആരംഭിക്കുന്നു.

അഥവാ, ഒരു ആനന്ദദായകമായ കാര്യം ആവർത്തിച്ച് ആസ്വദിക്കുമ്പോൾ, അതിനോട് തുല്യമായ രീതിയിൽ നമ്മുടെ ഉള്ളിലെ വേദനയുടെ ഭാഗത്തെ, ‘ഗ്രെംലിനുകൾ’ വർദ്ധിക്കുകയും, വലുതാകുകയും വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

തുടർന്ന് അതേ ആനന്ദം അനുഭവിക്കാൻ കൂടുതൽ അളവിൽ ആ ഇഷ്ടവസ്തു ആവശ്യമായി വരുന്നു. ഉദാഹരണത്തിന്, വീഡിയൊ ഗെയിം നൽകുന്ന ആനന്ദം ആവർത്തിക്കപ്പെടുമ്പോൾ, ആസ്വാദനം കുറയുകയും, മുമ്പത്തേക്കാൾ കൂടുതൽ ഗെയിം കളിച്ചാൽ മാത്രം ആസ്വാദനം ലഭിക്കുകയും ചെയ്യും. ആസ്വാദനം ലഭിക്കാൻ ഇഷ്ടവസ്തുവിൻ്റെ അളവ് കൂട്ടി കൊണ്ടിരിക്കേണ്ടി വരുന്നു. (ഒപ്പം വേദന സഹിക്കാനുള്ള നമ്മുടെ ശേഷി കുറഞ്ഞു കുറഞ്ഞു വരുന്നു.)
ആനന്ദം നേടാൻ കൂടുതൽ അളവ് ആവശ്യമായി വരുന്ന അവസ്ഥയെ ടോളറൻസ് (Tolerance) എന്നാണ് വിളിക്കുന്നത്. ഇതാണ് അഡിക്ഷൻ (addiction) ഉണ്ടാവുന്നതിന് കാരണം.

ഇഷ്ടാനുഭവങ്ങൾ ദീർഘകാലം ആവർത്തിച്ച് അനുഭവിക്കുമ്പോൾ, ആനന്ദവും വേദനയും തമ്മിലുള്ള തുലനം ക്രമേണ വേദനയുടെ ഭാഗത്തേക്ക് ചാഞ്ഞുപോകുന്നു. ആനന്ദം അനുഭവിക്കാനുള്ള കഴിവ് കുറയുകയും വേദനയ്ക്കുള്ള അനുഭൂതി വർധിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ ‘ഹേഡൊണിക്’ (ആനന്ദ) സെറ്റ് പോയിന്റ് മാറുന്നു.

ഈ അവസ്ഥയെ നിങ്ങൾക്ക് ഇപ്രകാരം ഭാവനയിൽ കാണാം – വേദനയുടെ ഭാഗത്ത് കൂടാരം കെട്ടി, ഇൻഫ്ലേറ്റബിൾ മെത്തകളും പോർട്ടബിൾ ബാർബിക്യൂകളും കൊണ്ടു ക്യാമ്പ് ചെയ്ത് ഇരിക്കുന്ന ചെറു ‘ഗ്രെംലിനു’കൾ പോലെ. അതായത് ഇഷ്ടാനുഭവങ്ങൾ ദീർഘകാലം ആവർത്തിച്ച് അനുഭവിക്കുമ്പോൾ, ‘ഗ്രെംലിനു’കൾ വേദയുടെ/ ദുഖത്തിൻ്റെ ഭാഗത്ത് പെരുകുകയും സ്ഥിരതാമസമാക്കുകയും ചെയ്തു.

ശാസ്ത്രം നമ്മോട് പറയുന്നത് ഓരോ ആനന്ദത്തിനും സുഖത്തിനും ഒരു വില കൊടുക്കേണ്ടി വരുമെന്നും, ആ ആനന്ദത്തിന് ശേഷം ഉണ്ടാകുന്ന വേദന എന്ന വില, ദീർഘകാലം നിലനിൽക്കുന്നതും, നാം ആസ്വദിച്ച ആ ആനന്ദത്തെക്കാൾ കൂടുതൽ തീവ്രവുമാണ് എന്നുമാണ്.
ആനന്ദം നൽകുന്ന ഉത്തേജകങ്ങളുമായി ദീർഘകാലവും ആവർത്തിതമായും സമ്പർക്കത്തിലാകുമ്പോൾ, വേദന സഹിക്കാനുള്ള നമ്മുടെ ശേഷി കുറയുകയും, ആനന്ദം അനുഭവിക്കണമെങ്കിൽ ആവശ്യമായിവരുന്ന അളവ് ഉയരുകയും ചെയ്യുന്നു.

ആനന്ദങ്ങളും സുഖങ്ങളും സൃഷ്ടിക്കുന്ന ഈ സമസ്യക്ക് ഒരു പരിഹാരമുണ്ട് എന്നും ന്യൂറോസയൻസ് നമ്മെ പഠിപ്പിക്കുന്നു. അതെന്താണെന്ന് അടുത്തതായി പരിശോധിക്കാം

വേദനയെ തേടിയുള്ള യാത്ര

ഇടവിട്ട് വേദനകൾ അനുഭവിക്കുകയാണെങ്കിൽ, നമ്മുടെ സ്വാഭാവിക ‘ഹെഡോണിക് സെറ്റ് പോയിന്റ് ‘ ആനന്ദത്തിന്റെ ഭാഗത്തേക്ക് ചായുന്നു; ഇതിലൂടെ നമ്മിൽ വേദന, കുറവ് സ്വാധീനം ഉണ്ടാക്കുകയും കാലക്രമേണ കൂടുതൽ ആനന്ദം അനുഭവിക്കാൻ കഴിയുകയും ചെയ്യുന്നു.

വേദനാജനകമായ ഉത്തേജനങ്ങൾക്ക് സ്വമനസ്സാലെ ആവർത്തിച്ച് വിധേയമായാൽ, നമ്മിൽ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു:

* (മാനസികവും ശാരീരികവുമായ) വേദന സഹിക്കാനുള്ള കഴിവ് വർദ്ധിക്കുന്നു. വലിയ വേദനകൾ പോലും താരതമ്യേന കുറഞ്ഞ അനുഭൂതി ഉളവാക്കുന്നു.

* സുഖം അല്ലെങ്കിൽ ആനന്ദം കൂടുതൽ ആസ്വാദ്യകരമായി മാറുന്നു.

(നമ്മുടെ മസ്തിഷ്കം മാനസികവും ശാരീരികവുമായ വേദനകൾ – വേർത്തിരിവില്ലാതെ – ഒരുപോലെയാണ് കാണുന്നതെന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.)

ഒരു ശാസ്ത്രീയ പരീക്ഷണത്തിൽ, നായക്ക് നിയന്ത്രിതമായി വേദന നൽകുന്നത് തുടർന്നപ്പോൾ നായയുടെ മനപ്രയാസവും ഹൃദയമിടിപ്പും അതിന് അനുസരിച്ച് ക്രമീകരിക്കപ്പെട്ടു. തുടക്കത്തിലെ പ്രതികരണം (വേദന) കുറച്ചുനേരം മാത്രമുള്ളതും ദുർബലവുമായിത്തീർന്നു. പിന്നീട് സംഭവിച്ച പ്രതികരണം (ആനന്ദം) കൂടുതൽ ദൈർഘ്യമുള്ളതും ശക്തമായി തീർന്നു.

സുഖത്തിന്/ ആനന്ദത്തിന് നമ്മൾ നൽകേണ്ട വില വേദനയാണെങ്കിൽ, വേദനയ്ക്കുള്ള പ്രതിഫലം ആനന്ദമാണ്.

ഹോർമേസിസ് (Hormesis) എന്ന ശാസ്ത്രം

താരതമ്യേന ചെറിയതോ മിതമായതോ ആയ പ്രയാസങ്ങളും വേദനകളും ഉത്തേജനങ്ങൾ — ഉദാഹരണത്തിന് അനിഷ്ടകരമായ തണുപ്പ്, ചൂട്, ഗുരുത്വാകർഷണത്തിലെ മാറ്റങ്ങൾ, ഭക്ഷണ നിയന്ത്രണം, വ്രതം, വ്യായാമം എന്നിവ — നൽകുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന പ്രയോജനകരമായ പ്രതികരണങ്ങളെ പഠിക്കുന്ന ശാസ്ത്രശാഖയാണ് ഹോർമേസിസ്.

വ്രതം ഡോപമീൻ സർക്യൂട്ടുകളെ പുനസംഘടിപ്പിക്കുകയും അഡിക്ഷനുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഡോപമീൻ സർക്യൂട്ടുകളെ പുനസംഘടിപ്പിക്കാൻ എടുക്കുന്ന ദൈർഘ്യം ഏകദേശം 30 ദിവസമാണ്.

അമേരിക്കൻ ടോക്‌സിക്കോളജിസ്റ്റും ഹോർമേസിസ് രംഗത്തെ പ്രമുഖനുമായ എഡ്വാർഡ് ജെ. കലബ്രീസ് ഇതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “മിതമായ പരിസ്ഥിതിയിലോ സ്വയം ഏർപ്പെടുത്തുന്ന വെല്ലുവിളികളിലോ ജീവക സംവിധാനങ്ങൾ കാണിക്കുന്ന അനുയോജ്യമായ പ്രതികരണങ്ങളാണ് ഇവ; അതിലൂടെ ജൈവിക സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും കൂടുതൽ കഠിനമായ വെല്ലുവിളികളെ നേരിടാനുള്ള ശേഷിയും മെച്ചപ്പെടുന്നു.”

ചൂടിനെക്കുറിച്ചുള്ള ഒരു ഉദാഹരണം:
കൃത്രിമമായി 20 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതലുള്ള ചൂട് (35°C, രണ്ട് മണിക്കൂർ) തുടരെ അനുഭവിച്ച പുഴുക്കൾ, അത് അനുഭവിക്കാത്ത പുഴുക്കളേക്കാൾ 25 ശതമാനം കൂടുതൽ കാലം ജീവിക്കുകയും പിന്നീട് ഉയർന്ന ചൂടിനെ അതിജീവിക്കാൻ 25 ശതമാനം കൂടുതൽ സാധ്യത കാണിക്കുകയും ചെയ്തു.

ഫ്രൂട്ട് ഈച്ചകളുടെ ഉദാഹരണം പറയാം:
ഒരു പരീക്ഷണത്തിൽ, രണ്ട് മുതൽ നാല് ആഴ്ച വരെ സെൻട്രിഫ്യൂജിൽ കറക്കത്തിന് വിധേയമായ ഈച്ചകൾ, കറക്കത്തിന് വിധേയമാവാത്ത ഈച്ചകളേക്കാൾ കൂടുതൽ കാലം ജീവിക്കുകയും വയസ്സായപ്പോഴും കൂടുതൽ ചലനശേഷിയോടെ ഉയർന്നു പറക്കാനും ദീർഘമായി കയറാനും കഴിയുകയും ചെയ്തു.”

(Dopamine Nation: Finding Balance in the Age of Indulgence: Anna Lembke: 43-47,112-116)

റമദാൻ മാസത്തിലെ 30 ദിവസം വ്രതം, ഐച്ഛീക വ്രതങ്ങൾ വേറെയും ഇസ്‌ലാം പുണ്യ പ്രവർത്തനങ്ങളായി പരിചയപ്പെടുത്തി.
(ക്വുർആൻ: 2:183, 184)

തണുപ്പ് കോച്ചുന്ന കുളിരിൽ കാലത്തുള്ള നമസ്കാരത്തിനും സംഘടിത നമസ്കാരത്തിൻ്റേയും പ്രാധാന്യം മുഹമ്മദ് നബി (സ) ഊന്നി പറഞ്ഞു:

“ആരെങ്കിലും രണ്ട് തണുത്ത (സമയങ്ങളിലുള്ള) നമസ്കാരങ്ങൾ (അസ്ർ, സുബ്ഹി) നിർവ്വഹിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.”
(സ്വഹീഹുൽ ബുഖാരി: 574)

(അതേ സമയം അപകടകരമായ താപനിലയും, ശൈത്യവും ഉള്ളപ്പോൾ വീട്ടിൽ തന്നെ നമസ്കരിക്കാൻ അനുവാദം നൽകി.)

തണുത്ത വെള്ളത്തിൽ നമസ്കാരത്തിനായി വുദൂഅ് (അംഗശുദ്ധി) ചെയ്യുന്നത് അത്യധികം പ്രോത്സാഹിപ്പിച്ചു, അത്തരം സന്ദർഭങ്ങളിൽ ശരീരത്തിൽ പരമാവധി വെള്ളമാക്കാനും പ്രചോദിപ്പിച്ചു:

“നിങ്ങളുടെ പാപങ്ങൾ മായ്ച്ചു കളയുകയും പദവികൾ ഉയർത്തുകയും ചെയ്യുന്ന ചിലത് ഞാൻ അറിയിച്ചു തരട്ടെ, വെറുപ്പു തോന്നുന്ന (തണുത്ത) സന്ദർഭങ്ങളിൽ വുദൂഅ് (അവയവങ്ങൾ കൂടുതൽ) കയറ്റി കഴുകുക, പള്ളികളിലേക്കുളള കാലടികൾ വർദ്ധിപ്പിക്കുക (കൂടുതൽ ദൂരം നടക്കുക)…”
(സ്വഹീഹു മുസ്‌ലിം: 251)

കല്ലും മണലും വെയിലും തണുപ്പും സഹിച്ച്, പള്ളിയിലേക്കുള്ള കാൽനട യാത്രയെ വാനോളം പുകഴ്ത്തി:

“ഒരു മനുഷ്യൻ വുദൂഅ് ശരിയായി നിർവ്വഹിച്ച്, ഈ മസ്ജിദുകളിൽ ഏത് മസ്ജിദിലേക്കെങ്കിലും പ്രവേശിക്കുമ്പോൾ, അവൻ ഓരോ ചുവടുവെക്കുമ്പോഴും അല്ലാഹു അവന് ഒരു പ്രതിഫലം എഴുതുകയും, ഓരോ ചുവട് കൊണ്ടും അവന്റെ സ്ഥാനം ഉയർത്തുകയും, ഓരോ ചുവടിനോടും കൂടി അവന്റെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും.”
(സ്വഹീഹു മുസ്‌ലിം: 654)

മൊത്തത്തിൽ, അനിഷ്ടകരമായ വെല്ലുവിളികളെ സ്വമേധയാ ഏറ്റെടുക്കുന്നത് സ്വർഗാർഹനായ ഒരു വിശ്വാസിയുടെ അടയാളമായി നബി (സ) പഠിപ്പിച്ചു:

“സ്വർഗം പ്രയാസകരമായ കാര്യങ്ങൾ (പ്രവർത്തനങ്ങൾ) കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു. നരകം ദേഹേച്ഛകൾ കൊണ്ടും വലയം ചെയ്യപ്പെട്ടിരിക്കുന്നു.”
(സ്വഹീഹു മുസ്‌ലിം: 2822)

ഇത്തരം ആത്മീയ ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും എല്ലാം ആത്മീയമായ ലക്ഷ്യങ്ങൾ സുവിധിതമാണ്. ആത്മീയവും പാരത്രികവുമായ പ്രതിഫലങ്ങൾ സ്വന്തമാക്കുമ്പോൾ തന്നെ, ജൈവശാസ്ത്ര വീക്ഷണത്തിൽ
ഇത്തരം കർമ്മങ്ങളെ പരിശോധിക്കുമ്പോൾ അവയുടെ ന്യൂറോണൽ- സൈകളോജിക്കലുമായ മഹാ ദൗത്യവും ഗുണങ്ങളും വ്യക്തമാണ്. ഡോ. അന്ന ലംബ്കെയുടെയും മറ്റു അനവധി ശാസ്ത്രജ്ഞരുടെയും ഗവേഷണങ്ങളുടെ വെളിച്ചത്തിൽ, നമ്മുടെ സുഖലോലുപതയോടുള്ള ഇഷ്ടവും, പ്രയാസങ്ങളോടും വെല്ലുവിളികളോടുമുള്ള അനിഷ്ടവും പുനർവിചിന്തനത്തിന് വിധേയമാക്കിയെ മതിയാവൂ എന്ന് ബോധ്യപ്പെടുന്നു.

ദാമ്പത്യ സഹവാസത്തിൽ ഇണയിൽ നിന്നും പ്രയാസകരമായ ചില അനുഭവങ്ങളൊക്കെ ഉണ്ടായേക്കാം. അവ സഹിച്ചാൽ ജീവിതം ആസ്വാദ്യകരവും വേദനയുടെ സഹന ക്ഷമത വർധിതവും ആവുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്ര പഠനങ്ങളിൽ നിന്നും നാം മനസ്സിലാക്കുന്നു. ഒപ്പം, അവരുമായുള്ള സഹവാസത്തിലെ മറ്റ് ആയിരമായിരം നന്മകൾ സ്വന്തമാക്കാം:

നബി (സ) പറഞ്ഞു:
“ഒരു വിശ്വാസി ഒരു വിശ്വാസിനിയെ വെറുക്കരുത്. അവളിൽ ഒരു സ്വഭാവം നിങ്ങൾ വെറുക്കുന്നുവെങ്കിൽ തൃപ്തികരമായ മറ്റു സ്വഭാവങ്ങളും ഉണ്ടല്ലൊ.”
(സ്വഹീഹു മുസ്‌ലിം: 1469)

ജോലി സ്ഥലത്തേക്കുള്ള യാത്രയിലെ വെയിലും അടുക്കളയിലെ ചൂടും ഒന്നും നഷ്ടങ്ങളല്ല. കൊച്ചു കൊച്ചു പിണക്കങ്ങളും തർക്കങ്ങളും നമ്മെ ശക്തരാക്കുന്നു, പ്രശ്നങ്ങളും പ്രതിസന്ധികളും ശക്തമായ ദുരന്തങ്ങളെ നേരിടാൻ നമ്മുക്ക് കരുത്തു പകരുന്നു. കുടുംബത്തിന് വേണ്ടി അധ്വാനിച്ച്, ക്ഷീണിതനായി വന്ന്, ഭാര്യയും മക്കളുമൊത്തിരുന്ന് കഴിക്കുന്ന ചായയും കടിയുമാണ് ഏറ്റവും സ്വാദുള്ള വൈകുന്നേര തീറ്റ. കുട്ടികൾക്ക് സ്നേഹവായ്പോടെയും ക്ഷമയോടെയും കഥ പറഞ്ഞു കൊടുത്ത് ഉറങ്ങുന്ന അച്ചൻ്റെ ഉറക്കമാണ് ഏറ്റവും ഗാഢമായ ഉറക്കം. താരാട്ട് പാടി കുഞ്ഞുറങ്ങി എന്ന് ഉറപ്പു വരുത്തി വിശ്രമിക്കുന്ന വിശ്രമമാണ് ഏറ്റവും സംതൃപ്തമായ വിശ്രമം. കുട്ടികൾക്കൊക്കെ ഭക്ഷണം ഉരുളയാക്കി തീറ്റിച്ച്, അത് കഴിഞ്ഞ്, അൽപ്പം വിശപ്പ് സഹിച്ച് ഉണ്ണുന്ന ഭക്ഷണമാണ് ഏറ്റവും രുചികരമായ ഭക്ഷണം.

തോന്നുമ്പോളെല്ലാം തോന്നിയ പോലെ ആസ്വദിക്കുന്ന സുഖങ്ങൾക്ക് ഒരു “സുഖവും” ഉണ്ടാവില്ല. കല്യാണവും കുട്ടികളും കുടുംബജീവിതവുമെല്ലാം നമ്മെ, നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ആനന്ദങ്ങളിൽ നിന്നും ‘രക്ഷപ്പെടുത്തുന്നു’. സുലഭതയും സമൃദ്ധിയും പരവതാനി വിരിച്ച സുഖലോലുപതയിൽ നിന്നും വ്യുൽപ്പന്നമാവുന്ന അപകടങ്ങളിൽ നിന്നും കാവലേകുന്നു.

വേണോ വിവാഹം? !!

ഭാഗം -8 👇

https://www.snehasamvadam.org/വേണോ-വിവാഹം-8

print

No comments yet.

Leave a comment

Your email address will not be published.