സുഖവും സന്തോഷവും ഒന്നല്ല
മാർഷ്മെല്ലൊ പരീക്ഷണം (Marshmallow Experiment):
1960 കളിൽ സ്റ്റാൻഫോർഡ് പ്രൊഫസർമാരും മനഃശാസ്ത്രജ്ഞരുമായ വാൾട്ടർ മിഷെൽ (Walter Mischel)യും എബ്ബെ ബി. എബ്ബേസൻ (Ebbe B. Ebbesen)യും നടത്തിയ പഠനമാണിത്. വളരെ ലളിതമായ പ്രക്രിയാണ് പരീക്ഷണത്തിൽ ഉള്ളത്.

കുറച്ച് കുട്ടികളെ ഒരു സ്ഥലത്ത് കൊണ്ടുവന്നിരുത്തിയിട്ട്, അവരുടെ ഓരോരുത്തരുടെയും മുമ്പിൽ ഒരു പാത്രം വെക്കുന്നു; പാത്രത്തിൽ ഒരു മാർഷ്മെല്ലൊ.
തുടർന്ന് കുട്ടികൾക്ക് ഒരു ചോയ്സ് കൊടുക്കുന്നു.
“ഒന്നുകിൽ ഇപ്പോൾ തന്നെ ഈ ഒരു മാർഷ്മെല്ലൊ തിന്നാം. അതേ സമയം കുറച്ച് നേരം, കഴിക്കാതെ കാത്തിരുന്നാൽ രണ്ടെണ്ണം തരാം.”
(One treat right now or two treats later)
ഒരു മാർഷ്മെല്ലൊയേക്കാൾ രണ്ടെണ്ണം കിട്ടലാണ് ലാഭം എന്ന് എല്ലാ കുട്ടികൾക്കും അറിയാം. പക്ഷെ രണ്ടെണ്ണം ലഭിക്കണമെങ്കിൽ…
* ക്ഷമയോടെ കാത്തിരിക്കണം
* പരീക്ഷണത്തിൻ്റെ നിയമം പാലിക്കണം
* അച്ചടക്കവും ആത്മനിയന്ത്രണവും പാലിക്കണം

പരീക്ഷണത്തിൽ പങ്കെടുത്ത കുട്ടികളിൽ ചിലർ പെട്ടെന്നു തന്നെ മുമ്പിൽ കണ്ട മാർഷ്മെല്ലൊ തിന്നു. ചിലർ തിന്നാതിരിക്കാൻ പെടാപാടു പെട്ടു, അവസാനം പരാജിതരായി മാർഷ്മെല്ലൊ തിന്നു.
കൊതി ഉളവാക്കുന്ന മാർഷ്മാലോയുടെ ആകർഷണം ചെറുക്കാൻ കുട്ടികൾ ഉപയോഗിച്ച തന്ത്രങ്ങൾ വ്യത്യസ്തമായിരുന്നു. ഇന്നത്തെ YouTube പതിപ്പുകളിൽ, കുട്ടികളുടെ ഈ വ്യത്യസ്ത പ്രതികരണങ്ങൾ കാണാം; അവ വളരെ വാൽസല്യജനകമാണ്.
(https://youtu.be/QX_oy9614HQ?si=xgX9JhpT3UQvdsyI)
ചില കുട്ടികൾ കൈകൾ കൊണ്ട് കണ്ണുകൾ മൂടി, മാർഷ്മാലോ മറച്ച്, സ്വയം ശ്രദ്ധ തിരിക്കാൻ പാട്ട് പാടുന്നു. മറ്റു ചിലർ മുഖം ചുളിച്ചു, കൈകൾ മടിയിൽ അമർത്തി ഇരിക്കുന്നു. ചിലർ മാർഷ്മാലോയുടെ വാസന ശ്വസിക്കുകയും, പകുതി പറിച്ച് കഴിക്കുകയും ചെയ്തു. അതിനെ ആരാധനയോടെ തൊടുകയും, ചുംബിക്കുകയും, സ്നേഹപൂർവ്വം തഴുകുകയും ചെയ്യുന്നവരും അവരിലുണ്ട്.

ചിലർ മാർഷ്മെല്ലൊയിൽ നിന്ന് ചെറിയ കഷ്ണം നുള്ളി തിന്നു. കുറച്ച് പേർ പരീക്ഷണത്തിൽ വിജയിച്ചു; അവർ മാർഷ്മെല്ലൊ ഒട്ടും തിന്നില്ല.
ഈ പരീക്ഷണം ഒരു തമാശ പോലെ നമുക്ക് ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ പരീക്ഷണത്തിൻ്റെ പ്രസക്തമായ ഭാഗം തുടർന്നുള്ള പഠനങ്ങളിലാണ് വരുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്ത, ഈ കുട്ടികൾ വളരുന്നതോടൊപ്പം ഗവേഷകർ ഇവരെ പിന്തുടർന്നു പഠിച്ചു കൊണ്ടിരുന്നു. ഈ കുട്ടികൾ വളരുന്നതിനനുസരിച്ച് വളരെ അത്ഭുതകരമായ റിസൾട്ടുകളാണ് ഗവേഷകർക്ക് ലഭിച്ചു കൊണ്ടിരുന്നത്. അതായത് മാർഷ്മെല്ലോ ഒരെണ്ണം മുന്നിൽ വെച്ചു രണ്ടാമത്തേത്
കിട്ടുന്നത് വരെ കാത്തിരുന്ന കുട്ടികൾക്ക്; ഭാവിയിൽ എസ്.ഐ.ടി സ്‌കോർ കൂടുതൽ ആയിരുന്നു, അവർ വളർന്നപ്പോൾ പഠനത്തിൽ മികവ് പുലർത്തി. അവരിൽ അഡിക്ഷനുകൾ, പൊണ്ണത്തടി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ള സാധ്യത വളരെ കുറവായിരുന്നു. മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അവർക്ക് വളരെ നല്ല രൂപത്തിൽ പ്രതികരിക്കാൻ പറ്റുന്നു, അവരുടെ സാമൂഹിക ബന്ധങ്ങൾ ആരോഗ്യ പ്രദമായിരുന്നു. 40 വർഷത്തിനു മുകളിൽ ഈ കുട്ടികളെ പിന്നീട് ഗവേഷകർ പിന്തുടർന്നിട്ടുണ്ട്. എന്ത് അളവുകോല് കൊണ്ട് അളക്കുമ്പോഴും, രണ്ടാമത്തെ മാർഷ്മെല്ലോക്ക് വേണ്ടി കാത്തിരുന്ന കുട്ടികൾ, ജീവിതത്തിൽ വിജയം കൈവരിച്ചവരായി മാറുന്നതായാണ് ഗവേഷകർ കണ്ടത്. അവർക്ക്, മുൻമസ്തിഷ്ക ഭാഗമായ പ്രീ ഫ്രണ്ടൽ കോർട്ടക്സ് ശക്തമായിരുന്നു.
(Behave: The Biology of Humans at Our Best and Worst: Robert M. Sapolsky: Page:192)
മാർഷ്മെല്ലൊവ് പരീക്ഷണം, ഒരു സാമൂഹിക പരീക്ഷണം/ മനശാസ്ത്ര പരീക്ഷണം എന്നതിലുപരി ന്യൂറോ സയൻസിലെ പുതിയ പഠനങ്ങളുടെ പിൻബലം കൂടി ഉള്ളതാണ് എന്ന്, ന്യൂറോ സയൻ്റിസ്റ്റായ ഡോ. റോബർട്ട് സപ്പോൾസ്കി തെളിയിക്കുന്നുണ്ട്.
ഒരു ചെറിയ കാര്യത്തിൽ ആത്മനിയന്ത്രണം ശീലിക്കുന്നത് (ഉദാഹരണത്തിന് ഭക്ഷണ നിയന്ത്രണം) പോലും ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഒന്നാണ്.
സ്വാഭാവികമായും, ആത്മനിയന്ത്രണം ജൈവശാസ്ത്രപരമായി, ശക്തമായ പ്രീഫ്രണ്ടൽ കോർട്ടക്സിലേക്കും, ശക്തമായ പ്രീഫ്രണ്ടൽ കോർട്ടക് സാമൂഹിക തലത്തിൽ, വിജയത്തിലേക്കും ആത്യന്തികമായ സന്തോഷത്തിലേക്കും നയിക്കുന്നു.
ന്യൂറോ സയൻ്റിസ്റ്റായ ഡോ. ഡാനിയൽ ലീബർമാൻ എഴുതുന്നു:
“അധികവണ്ണമുള്ള കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനാപകടങ്ങളിൽ പെടാനുള്ള സാധ്യത കൂടുതലാണ്. അതിന് കാരണം അവർ മന്ദഗതിയിൽ നടക്കുന്നതല്ല; അവർക്ക് ആത്മനിയന്ത്രണം കുറവായതിനാലാണ്.
ഐവാ സർവകലാശാലയിലെ ഗവേഷകർ ഏഴ്, എട്ട് വയസ്സുള്ള 240 കുട്ടികളെ തെരഞ്ഞെടുത്തു. തിരക്കേറിയ റോഡ് മുറിച്ചുകടക്കുമ്പോൾ അവർ എത്ര നേരം കാത്തുനിൽക്കുന്നു, എത്രത്തോളം അപകടത്തിൽപ്പെടുന്നു എന്നിവ പരിശോധിച്ചു. (ആരും യഥാർത്ഥത്തിൽ വാഹനാപകടത്തിൽപെട്ടില്ല; ഗവേഷകർ വെർച്വൽ റിയാലിറ്റി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.)
സാധാരണയായി അധികവണ്ണക്കാർ അല്പം മന്ദഗതിയിൽ നടക്കാറുണ്ടെങ്കിലും, ഈ പരീക്ഷണത്തിൽ ഭാരത്തിന് കുട്ടികൾ എത്ര വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നു എന്നതിൽ യാതൊരു സ്വാധീനവും ഉണ്ടായില്ല. എന്നാൽ കുട്ടികളുടെ ഭാരം കൂടുന്നതനുസരിച്ച് അവർ ട്രാഫിക്കിലേക്ക് വേഗത്തിൽ ചാടിപ്പോകുന്ന പ്രവണത കണ്ടു. കുറഞ്ഞ ഭാരം ഉള്ള കുട്ടികൾ കൂടുതലായി കാത്തുനിന്നപ്പോൾ, അധികവണ്ണമുള്ള കുട്ടികൾ കുറച്ച് നേരം മാത്രമേ കാത്തിരുന്നുള്ളൂ.
അധികവണ്ണമുള്ള കുട്ടികൾ വരാനിരിക്കുന്ന വാഹനങ്ങൾക്കും തങ്ങൾക്ക് ഇടയിൽ വളരെ ചെറിയ സുരക്ഷിത ദൂരമാണ് (buffer) വിട്ടുനൽകിയത് എന്നതും പരീക്ഷകർ ശ്രദ്ധിച്ചു. അതായത്, വാഹനങ്ങൾ വളരെ അടുത്തെത്തിയ ശേഷമാണ് അവർ കടക്കാൻ ശ്രമിച്ചത്. അതിനാൽ, അവർ കൂടുതലായി അപകടത്തിൽപ്പെടുകയും ചെയ്തു.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 83)
ഭക്ഷണത്തിൽ, നിയന്ത്രണം വിട്ട്, സ്വന്തം ദേഹേച്ഛയ്ക്ക് വിധേയമായി തിന്നുന്ന ശീലം, അധികവണ്ണമുള്ള കുട്ടികളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദോഷകരമായി ബാധിക്കുന്നു എന്നർത്ഥം. റോഡ് മുറിച്ചുകടക്കുമ്പോൾ പോലും ഈ ആത്മനിയന്ത്രണമില്ലായ്മ ദുസ്സ്വാധീനം ചെലുത്തുന്നു എന്നർത്ഥം. നശ്വരമായ സുഖങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ അവരുടെ പ്രീഫ്രണ്ടൽ കോർട്ടക്സിനെ ദുർബലമാക്കുന്നു എന്നതാണ് കാരണം.
ശ്രദ്ധ കേന്ദ്രീകരിക്കൽ, വികാര നിയന്ത്രണം, സാമൂഹിക ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, സ്വയം വിലയിരുത്തലും ആത്മബോധവും, ലക്ഷ്യം നിശ്ചയിച്ച് ആലോചിക്കൽ, പ്രലോഭനങ്ങളെയും പ്രേരണകളെയും നിയന്ത്രിക്കൽ, നൈതിക തീരുമാനങ്ങൾ എടുക്കൽ, ധാർമ്മിക ചിന്ത തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്ന മസ്തിഷ്ക കേന്ദ്രമാണ് പ്രീ ഫ്രണ്ടൽ കോർട്ടക്സ്.
തൽക്ഷണ ആനന്ദം (Instant gratification) അഥവാ ഉടൻ ലഭിക്കുന്ന സുഖങ്ങളെ പിൻതുടരും തോറും നമ്മുടെ പ്രീ ഫ്രണ്ടൽ കോർട്ടക്സ് ദുർബലമായി മാറുന്നു. വൈകിയ ആനന്ദം (Delayed gratification) അഥവാ കാത്തിരുന്ന് ലഭിക്കുന്ന സുഖങ്ങൾക്കായി നാം സഹനവും അച്ചടക്കവും ആത്മനിയന്ത്രണവും ദീക്ഷിക്കുമ്പോൾ നമ്മുടെ പ്രീ ഫ്രണ്ടൽ കോർട്ടക്സ് ശക്തമാവുന്നു. നമ്മുടെ വൈകാരികവും, വൈചാരികവും, സാമൂഹികവും, ധാർമ്മികവുമായ തിരഞ്ഞെടുപ്പുകളും പ്രതികരണങ്ങളും ഗുണകരമായി ഭവിക്കുന്നു. വ്യക്തിത്വം മാതൃകാപരമായി മാറുകയും ജീവിതത്തിൽ വിജയവും ദീർഘകാല ആസ്വാദനവും സാധ്യമാവുന്നു.
ആദർശനിഷ്ഠ, ആത്മനിയന്ത്രണം, അച്ചടക്കം എന്നിവ നൈമിഷികമായ സുഖങ്ങൾ നിഷേധിക്കുമെങ്കിലും ആത്യന്തികമായ സന്തോഷം നമുക്ക് സമ്മാനിക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും അച്ചടക്കവുമില്ലാത്ത സുഖങ്ങൾ, നൈമിഷികമായ ആനന്ദങ്ങൾ നൽകിയേക്കാമെങ്കിലും ആത്യന്തികമായ പരാജയവും ദുഖവുമാണ് നൽകുക. തോന്നുന്നതെല്ലാം തോന്നുമ്പോൾ തോന്നുന്ന രീതിയിൽ ചെയ്യുക എന്നത് ആത്യന്തികമായ പരാജയത്തിൻ്റെയും ദുഃഖത്തിൻ്റെയും മുഖമുദ്രയാണ്. അച്ചടക്കവും നിയന്ത്രണവുമാണ് ജീവിത സന്തോഷത്തിൻ്റെ ദീർഘകാല പദ്ധതി.

ഖേദകരമെന്ന് പറയട്ടെ, തൽക്ഷണ ആനന്ദങ്ങളാണ് (Instant gratification) ആധുനിക മനുഷ്യർക്ക് പ്രിയങ്കരം. ജീവിതത്തിൻ്റെ ചടുലമായ ആദ്യപകുതിയിൽ പരമാവധി തൽക്ഷണ സുഖങ്ങൾ ആസ്വദിക്കുക എന്നതാണ് പലരുടെയും ജീവിത ലക്ഷ്യം; പ്രത്യാഘാതങ്ങളുടെ ഘട്ടമായ ജീവിതത്തിൻ്റെ രണ്ടാം പകുതിയെ കുറിച്ച് പിന്നീട് ആലോചിക്കാം എന്നതാണ് മനോനില. സർവ്വോപരി, നശ്വരമായ ഇഹലോകത്തിനായി അനശ്വരമായ പരലോക ക്ഷേമം പരിത്യജിക്കുക എന്നതാണ് മനുഷ്യരുടെ പൊതുവായ പ്രകൃതി.
“അല്ല, നിങ്ങള്‍ ക്ഷണികമായതിനെ ഇഷ്ടപ്പെടുന്നു. പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.”
(ക്വുർആൻ: 75: 20,21)
ഓർക്കുക ബെല്ലും ബ്രെയ്ക്കുമില്ലാത്ത വണ്ടി, സഞ്ചാരം നിർബാധം സാധ്യമാക്കുകയല്ല ചെയ്യുക. യാത്ര എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് ചെയ്യുക. നൂൽ ബന്ധനം വിച്ഛേദിച്ച പട്ടം കൂടുതൽ ഉയരുകയല്ല; നിലം പതിക്കുകയാണ് ചെയ്യുക. ജീവിതം വിജയവിഹായസ്സിലേക്ക് ഉയർന്ന് പൊങ്ങണമെങ്കിൽ, ആനന്ദം ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാവണമെങ്കിൽ, സുഖങ്ങൾ അർത്ഥ പൂർണത പ്രാപിച്ച് ആസ്വാദ്യകമായി തുടരണമെങ്കിൽ, ജീവിതം സന്തുഷ്ടമാവണമെങ്കിൽ…
അച്ചടക്കവും, ആത്മനിയന്ത്രണവും, നിയമങ്ങളും ചട്ടങ്ങളും ഉണ്ടായെ മതിയാവൂ എന്ന് മാർഷ്മെല്ലൊ പരീക്ഷണം നമ്മെ പഠിപ്പിക്കുന്നു.
“എനിക്ക് എപ്പോൾ വേണമെങ്കിലും ഉറങ്ങാം, ഉണരാം, എവിടേക്കും യാത്ര ചെയ്യാം, ഒന്നിനും ആരോടും സമ്മതം ചോദിക്കുകയൊ ആരുടെയും സൗകര്യം കാത്തു നിൽക്കുകയൊ വേണ്ട. നിയമങ്ങളൊ നിയന്ത്രണങ്ങളോ ഇല്ല. വിവാഹിതർക്കൊ, കുട്ടികളുള്ളവർക്കൊ ഇതെല്ലാം ചെയ്യാൻ കഴിയുമൊ ?” എന്നാണ് ഇൻസ്റ്റാഗ്രാം റീലിൽ ചില അവിവാഹിതരായ സ്ത്രീകൾ ചോദിക്കുന്നത്.
“ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, ആർക്കും വേണ്ടി മോഹങ്ങളും അഭിലാഷങ്ങളും ത്യജിക്കേണ്ടതില്ല. ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡം പേറി നടു ഒടിയില്ല.” എന്നാണ് ചില അവിവാഹിതരായ പുരുഷന്മാരുടെ ആഘോഷഭേരി.
ജീവിതം മുഴുവനായും ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസ്സമാണ് എന്നാണ് ഇൻസ്റ്റാ പണ്ഡിറ്റുകൾ നമ്മെ പഠിപ്പിക്കുന്നത് എന്നർത്ഥം.
യഥാർത്ഥത്തിൽ, മീശ വെച്ച കുഞ്ഞുങ്ങളാണ് ഇവർ; മുതിർന്നവരല്ല. ശരീരത്തോളം പ്രായം
മനസ്സിന് (Mental Age) എത്തിയിട്ടില്ല. സുഖവും (Pleasure) സന്തോഷം അല്ലെങ്കിൽ സമാധാനം (Happiness, Peace) തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച അജ്ഞതയാണ് ഈ അപക്വ ജീവിത വീക്ഷണങ്ങളിലെല്ലാം നിഴലിക്കുന്നത്.
“ഞാൻ സ്കൂളിൽ പഠിക്കുന്നില്ല. എങ്കിൽ നേരവും കാലവും നോക്കാതെ കളിച്ചു നടക്കാമല്ലൊ.
എനിക്ക് മാതാപിതാക്കളെ വേണ്ട, തോന്നുന്ന മിഠായി തിന്നാം, നിയമങ്ങൾ ഒന്നും പാലിക്കേണ്ട.” “ഞാൻ ഇനി ജോലിക്ക് പോവുന്നില്ല, ഇഷ്ടമുള്ളപ്പോളൊക്കെ ഉറങ്ങാമല്ലൊ” എന്നൊക്കെ ചിന്തിക്കുന്നത് എത്രമാത്രം ബാലിശമാണൊ അത്രതന്നെ ബാലിശമാണ് ഇൻസ്റ്റാ പണ്ഡിറ്റുകളുടെ വിവാഹ-സന്താന- കുടുംബ വിരുദ്ധ പ്രസ്താവനകൾ.
കാരണം ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒതുങ്ങി നിൽക്കുന്ന സുഖാസ്വാദനങ്ങൾ, ദീർഘകാല അടിസ്ഥാനത്തിലുള്ള സന്തോഷത്തെ ഇല്ലാതാക്കും. ഒരു വർഷം തോന്നിയത് പോലെ മിഠായി തിന്ന് സുഖിക്കുമ്പോൾ പിൻകാലങ്ങളിൽ പല്ല് കൊഴിഞ്ഞ് കഷ്ടപ്പെടേണ്ടി വരും. മാതാപിതാക്കൾ നിയമങ്ങൾ നിശ്ചയിച്ചത് കൊണ്ട്, പല സുഖങ്ങളും ആഗ്രഹങ്ങളും ബാല്യത്തിൽ ത്യജിക്കപ്പെട്ടിട്ടുണ്ടാവാം. പക്ഷെ ദീർഘകാല അടിസ്ഥാനത്തിലുള്ള ജീവിതത്തിൻ്റെ സന്തോഷവും വിജയവും അവർ വരച്ച അതിരുകൾക്ക് ഉള്ളിൽ നിൽക്കുന്ന കുട്ടികൾക്കാണ് ലഭിക്കുക. തീർച്ചയായും ജോലിക്ക് പോയില്ലെങ്കിൽ, ഒന്നോ രണ്ടോ വർഷം സുഖമായി കിടന്നുറങ്ങാം. പക്ഷെ പിന്നീട് കിടപ്പാടം നഷ്ടപ്പെട്ടെന്ന് വരും. ഇതെല്ലാം എത്ര സുവിധിതമായ ജീവിത യാഥാർത്ഥ്യങ്ങളാണ്.
ഒരുപാട് ആഗ്രഹങ്ങളും (wants) ആവശ്യങ്ങളും (needs) നമുക്കുണ്ട്. ആഗ്രഹങ്ങളേക്കാൾ പ്രധാനപ്പെട്ടതാണ് ആവശ്യങ്ങൾ. കാരണം ആഗ്രഹങ്ങളുടെ ആസ്വാദനം മിക്കവാറും ഹ്രസ്വകാല അടിസ്ഥാനത്തിൽ ഉള്ളതൊ നൈമിഷികമൊ ആയിരിക്കും. എന്നാൽ ആവശ്യങ്ങളുടെ സ്വാധീനവും ആസ്വാദനവും മിക്കവാറും ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതൊ അനശ്വരമൊ ആയിരിക്കും. ഒരു കുട്ടിക്ക് തന്നെ മാതാപിതാക്കളുടെ നിയമം ലംഘിച്ച് ‘സ്വാതന്ത്ര്യം’ നേടാനും ഇഷ്ടമുള്ള മിഠായികൾ ഇഷ്ടമുള്ളത്ര തിന്നാനുമുള്ള ‘ആഗ്രഹങ്ങൾ’ (wants), മാതാപിതാക്കളുടെ നിയമങ്ങൾ ഉറപ്പാക്കുന്ന ‘സുരക്ഷ’, ‘ആരോഗ്യം’, ‘അച്ചടക്കം’, ‘ആത്മനിയന്ത്രണം’ തുടങ്ങിയ ‘ആവശ്യങ്ങൾ’ (Needs).
കൂടാതെ, ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ഓരോ ആവശ്യങ്ങളാണ് നമുക്ക് ഉണ്ടാവുക. ശൈശവം, ബാല്യം, കൗമാരം, യുവത്വം, മധ്യവയസ്കത, വാർദ്ധക്യം തുടങ്ങിയ ഓരോ ജീവിത ഘട്ടങ്ങളിലും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റപ്പെടണം. അതിന് രണ്ട് കാര്യങ്ങൾ ഉറപ്പു വരുത്തണം:
1. ജീവിതത്തിലെ ഒരു ഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ അതിനു മുമ്പുള്ള ഘട്ടത്തിൽ പരിശ്രമിക്കൽ അനിവാര്യമായി വരുന്നു. ഉദാഹരണത്തിന്, യുവത്വത്തിലും മധ്യവയസ്സിലും തൊഴിൽ ആവശ്യമാണ്. അതിന് സഹായകരമായ വിദ്യ ബാല്യത്തിലും കൗമാരത്തിലും നേരത്തെ അഭ്യസിക്കണം.
2. ജീവിതത്തിലെ ഈ ഘട്ടത്തിലെ ആവശ്യങ്ങൾക്കൊ, അടുത്ത ഘട്ടത്തിലെ ആവശ്യങ്ങൾക്കൊ ഈ ഘട്ടത്തിലെ ആഗ്രഹങ്ങൾ തടസ്സമാവാതെ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, വാർദ്ധക്യത്തിൽ അവശ്യമായി വരുന്ന ധനം മധ്യവയസ്സിൽ വിനോദയാത്ര എന്ന ആഗ്രഹത്തിനായി ചെലവഴിച്ച് തീർക്കരുത്. മധ്യവയസ്സിലും വാർദ്ധക്യത്തിലും അത്യാവശ്യമായ ആരോഗ്യം യുവത്വത്തിൽ ലഹരിയിലൂടെയും സാഹസികതകളിലൂടെയും നശിപ്പിച്ചു കളയാൻ പാടില്ല.
കല്യാണം, കുട്ടികൾ, കുടുംബ ജീവിതം തുടങ്ങിയ ആവശ്യങ്ങൾ (need) പല ആഗ്രഹങ്ങൾക്കും (wants) വേണ്ടി ഉപേക്ഷിക്കുന്നതിലെ മൂഢമായ ബാലിശത തിരിച്ചറിയുന്നതിൻ്റെ പേരാണ് പക്വത. ജീവിതത്തിൻ്റെ രണ്ടാം പകുതിയിൽ നിർണായകമായി മാറുന്ന ആവശ്യങ്ങൾക്ക് (needs) എതിരായി ഒന്നാം പകുതിയിലെ ആഗ്രഹങ്ങൾ (wants) വന്നാൽ സംശയലേശമന്യെ ആവശ്യങ്ങളെ മുന്തിക്കുകയാണ് ജീവിത സ്വസ്‌തിയുടെ രഹസ്യം.
സുഖവും സന്തോഷവും രണ്ടും രണ്ടാണ് !
അതെ, സുഖവും സന്തോഷവും രണ്ടും രണ്ടാണ്! ഈ വ്യത്യാസത്തെ കുറിച്ച തിരിച്ചറിവാണ് ‘അഡൾട്ട്ഹുഡ്’ ന്റെ ആദ്യ അടയാളങ്ങളിൽ ഒന്ന്.
* സുഖങ്ങൾ നൈമിഷിക ആസ്വാദനങ്ങളാണ്. സന്തോഷം/ സമാധാനം ദീർഘകാല അടിസ്ഥാനത്തിലുള്ള ജീവിത ആസ്വാദനമാണ്.
* സന്തോഷം/ സമാധാനമാണ് സുഖങ്ങളെക്കാൾ Superior. സുഖം സന്തോഷത്തിൻ്റെ ഒരു ഭാഗം മാത്രമാണ്.
* സുഖങ്ങൾക്ക് അർത്ഥവും ആദർശാടിത്തറയും ഉണ്ടെങ്കിലെ ശരിക്കും ആസ്വാദ്യകരമാവു. അർത്ഥമില്ലാത്ത സുഖങ്ങൾ ഞൊടിയിടയിൽ ദുഖവും വേദനയുമായി പരിണമിക്കും.
* നിയമങ്ങളൊ നിയന്ത്രണങ്ങളോ ഇല്ലാത്ത, അനിയന്ത്രിതമായ സുഖാസ്വാദനങ്ങൾ നിരർത്ഥകതയിലേക്കും നിസ്സംഗതയിലേക്കും നയിക്കും.
* വേദനയും ദുഖവും പ്രയാസങ്ങളും ഒപ്പമുണ്ടാവുമ്പോൾ മാത്രമെ സന്തോഷം സജീവമാകു.
“എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ട്. തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ട്.”
(ക്വുർആൻ: 94: 5, 6)
* സന്തോഷം ഒരു ഉപോൽപ്പന്നം (By-Product) ആണ്; ഒരു പാർശ്വഫലം. അർത്ഥപൂർണമായ ജീവിതം നയിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന പ്രതിഫലമാണ് സന്തോഷം. അല്ലാതെ പിന്തുടർന്ന് സ്വന്തമാക്കാവുന്ന ഒന്നല്ല. സന്തോഷം ഒരു ശലഭത്തെ പോലെയാണ്; പിന്തുടരും തോറും അത് പറന്നകലും. പിന്തുടരൽ നിർത്തിയാൽ അത് തോളിൽ വന്നിരിക്കും.
കേവലം ഒരു തത്ത്വജ്ഞാന ചർച്ചക്ക് അപ്പുറം, സൈക്കോളജി, സൈക്യാട്രി, ന്യൂറോസയൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു കൂലങ്കഷ പഠനം നടത്തിയാൽ മുകളിൽ സൂചിപ്പിച്ച പോയൻ്റുകൾ സുതരാം ബോധ്യപ്പെടും.
വേണോ വിവാഹം? !!
ഭാഗം -7 👇
https://www.snehasamvadam.org/വേണോ-വിവാഹം-7/

No comments yet.