കടപ്പാടും കഷ്ടപ്പാടും
സർവ്വ ദോഷങ്ങൾക്കും ഒരു ഒറ്റമൂലി
എല്ലാവർക്കും ഒരുപോലെ പരിചിതമായ ഒരു വികാരം ഉണ്ട്; ഒരു രോഗാതുരമായ മനസ്ഥിതി: അസംതൃപ്തി !
കാര്യങ്ങളൊന്നും പ്രതീക്ഷിച്ചതു പോലെ നടക്കുന്നില്ലെന്ന അസംതൃപ്തി. ജീവിതത്തിൽ വേണ്ടത്ര വിജയം കൈവരിക്കാനായില്ല, ബന്ധങ്ങളൊന്നും തൃപ്തികരമായ നിലയിലേക്ക് ഉയരുന്നില്ല, ആഗ്രഹിക്കുന്ന കാര്യങ്ങൾ, വസ്തുക്കൾ ലഭിക്കുന്നില്ല.
ഉദാഹരണത്തിന്, നിങ്ങൾ ഏറെ പരിശ്രമിച്ച് ഒരു കാര്യം നേടി എന്ന് കരുതുക. പക്ഷേ, നേടിയ ഉടൻ അത് ശൂന്യമായിത്തോന്നാം. പിന്നെ അടുത്ത വലിയ കാര്യത്തെ നിങ്ങൾ തേടി തുടങ്ങും.
ഈ സ്ഥിരമായ അസംതൃപ്തി പുറം ലോകത്തെ കുറിച്ച കാഴ്ച്ചപ്പാടിനെയും ദോഷകരമായി ബാധിക്കുന്നു.
മറ്റുള്ളവരെ അസൂയയോടെ നോക്കാനും, സ്വന്തത്തെയും സ്വന്തം ജീവിത പരിസരത്തെയും നിരാശയോടെ നോക്കാനും ഈ അസംതൃപ്തി നമ്മെ പ്രേരിപ്പിക്കുന്നു.
പോപ്പ് കൾച്ചർ, പരസ്യങ്ങൾ, സോഷ്യൽ മീഡിയ എല്ലാം ഇതിനെ കൂടുതൽ മോശമാക്കുന്നു; നിങ്ങളുടെ “സ്വപ്നജോലി”, സങ്കൽപ്പങ്ങൾ, മോഹവിലാസങ്ങൾ നേടിയെടുക്കാൻ കഴിയാതെ വന്നാൽ, അത് പരാജയമാണെന്നു ഓർമ്മിപ്പിക്കുന്നു.
നിങ്ങൾക്കു നിരന്തരം മികച്ച അനുഭവങ്ങൾ വേണം, സാമൂഹികമായി ആകർഷകമായ വ്യക്തിത്വവും പ്രഭാവവുമായിരിക്കണം, ധാരാളം സുഹൃത്തുക്കളുണ്ടാകണം, ആത്മസുഹൃത്ത് (soulmate) നെ കണ്ടെത്തണം. മറ്റുള്ളവർക്ക് ഇതെല്ലാം ലഭിച്ചു കഴിഞ്ഞു, അവർ മാത്രമേ യഥാർത്ഥത്തിൽ സന്തോഷിക്കുന്നുള്ളു. നിങ്ങളുടെ ജീവിതത്തിൽ കാര്യപ്പെട്ട് സന്തോഷത്തിന് വകയൊന്നുമില്ല.
കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഗവേഷകർ ഈ പ്രവണതകളെ എങ്ങനെ നേരിടാം എന്ന് പഠനം നടത്തുകയായിരുന്നു. അങ്ങനെയാണ് “പോസിറ്റീവ് സൈക്കോളജി” (ജീവിതത്തെ വിലമതിപ്പിക്കുന്നതെന്ത്?) എന്ന ശാഖയുടെ ഉദയം. അതേ സമയം, നെഗറ്റീവ് വികാരങ്ങൾ മാറ്റാൻ “കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി” (CBT) വികസിച്ചു.
ഈ ശാസ്ത്രജ്ഞർ ഒരേ ഒരു ചോദ്യം ചോദിച്ചു: ചിലർ എന്തുകൊണ്ട് മറ്റുള്ളവരെക്കാൾ സംതൃപ്തരായിരിക്കുന്നു? ഇത്തരം സംതൃപ്തർ അവരുടെ സംതൃപ്തിക്ക് കാരണമായി ചെയ്യുന്ന ശരിയായ കാര്യങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ മറ്റുള്ളവർക്കും ജീവിതത്തിൽ പ്രയോഗിക്കാമോ? എന്താണ് അവരുടെ സംതൃപ്തിയുടെ രഹസ്യം ?
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അവരുടെ കഴിവും, ജീവിത സ്ഥിതിയിലുള്ള അവരുടെ സംതൃപ്തിയും പ്രവചിക്കുന്ന ഏറ്റവും ശക്തമായ ഘടകങ്ങളിൽ ഒന്ന്: കൃതജ്ഞത (Gratitude) യാണ്.
(https://youtu.be/WPPPFqsECz0?si=Nnu_wwSKaTVLq8az)
കൃതജ്ഞത മറ്റൊരു ഹാഷ്‌ടാഗ് ട്രെൻഡ് പോലെയൊ ക്ലീഷെയൊ ആയി തോന്നിയേക്കാം, എന്നാൽ കൃതജ്ഞതയെക്കുറിച്ച് ഇവിടെ നാം ചർച്ച ചെയ്യുന്ന അറിവുകൾ വാചാടോപങ്ങളല്ല, ശാസ്ത്രീയ പഠനങ്ങളിൽ നിന്നാണ്. പഠനങ്ങൾ താഴെ ചേർക്കുന്നുണ്ട്.*
സ്റ്റാൻഫേർഡ് സർവകലാശാല ന്യൂറോസയൻസ് പ്രൊഫസറായ ഡോ. ആൺഡ്രൂ ഹ്യൂബർമാൻ പറയുന്നു:
“കൃതജ്ഞതയെ കുറിച്ച ചർച്ചയിലേക്ക് വരുമ്പോൾ ചിലർ ചിന്തിക്കുക, അതിന് കേവലം ലഘുവായ സ്വാധീനമേ ചെലുത്താൻ സാധിക്കുകയുള്ളു എന്നാവാം. എന്നാൽ, അതിവിദൂരവും അഗാധവുമായ ആരോഗ്യ ഗുണങ്ങളാണ് കൃതജ്ഞതക്കുള്ളത്.
നന്ദി ഉണ്ടാക്കുന്ന ന്യുറോകെമിക്കൽ, ആന്റി-ഇൻഫ്ലമേറ്ററി, ന്യുറൽ സർക്യൂട്ട് സംവിധാന സ്വാധീനങ്ങൾ, എന്നിവ പലപ്പോഴും ഔഷധങ്ങളുടെ ഗുണവീര്യം, ഹൈ ഇൻറൻസിറ്റി ഇന്റർവൽ ട്രെയിനിംഗ്, വ്യായാമം മുതലായ മാർഗ്ഗങ്ങളുടെ ഫലത്തോടു പോലും താരതമ്യപ്പെടുത്താവുന്ന ശക്തി പുലർത്തുന്നതാണ്.
അതിനാൽ കൃതജ്ഞത ഒരു ‘ദുർബലമായ സ്വാധീനം’ മാത്രമാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ, ധാരണ തിരുത്തുക. കാരണം ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്, കൃതജ്ഞത നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഏറ്റവും മികച്ച ദിശയിൽ നയിക്കുന്ന വളരെ ശക്തമായ മാർഗ്ഗമാണെന്നും അതിന്റെ ഫലങ്ങൾ വളരെ ദീർഘകാലം നിലനിൽക്കുന്നവയാണെന്നും തന്നെയാണ്.”
(https://youtu.be/KVjfFN89qvQ?si=D2xK12osTsz1_oJl&t=11m11s)
കൃതജ്ഞതയുടെ ജൈവശാസ്ത്ര പ്രതിഫലനങ്ങൾ
* കൃതജ്ഞത നമ്മുടെ മസ്തിഷ്കത്തിൽ പ്രതിഫലത്തെ സൂചിപ്പിക്കുന്ന ആനന്ദബോധം സൃഷ്ടിക്കുന്നു.
* ബന്ധങ്ങൾ, സൗഹൃദങ്ങൾ, സാമൂഹിക സമ്പർക്കം എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്ക പാതകളെ കൃതജ്ഞത ഉത്തേജിപ്പിക്കുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
* മറ്റുള്ളവരുടെ വികാരങ്ങളും ഉദ്ദേശങ്ങളും മനസ്സിലാക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു.
* പോസിറ്റീവ് ഓർമ്മകൾ സൂക്ഷിക്കാനും, നല്ല അനുഭവങ്ങളെ മാത്രം സഹജമായി തിരഞ്ഞെടുത്ത് ഓർമ്മയിലേക്ക് തിരിച്ച് കൊണ്ടു വരാനും കൃതജ്ഞത സഹായിക്കുന്നു.
* സ്വന്തത്തെ മറ്റുള്ളവരുമായി നടത്തുന്ന ദോഷകരമായ താരതമ്യം (social comparison), അസൂയ, സ്വാർത്ഥത, നിരാശ, തുടങ്ങിയ നെഗറ്റീവ് സ്വഭാവങ്ങളെ കുറയ്ക്കുന്നു.
* ആത്മാരാധന (narcissism), കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവം (cynicism), ഭോഗാസക്തി (materialism) എന്നിവ ഇല്ലാതാക്കുന്നു.
* ഈ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ, നന്ദിയുള്ളവർ സാധാരണയായി സന്തുഷ്ടരാണ്.
* ബന്ധങ്ങൾ സ്ഥാപിക്കാനും സുഹൃത്തുക്കളെ നേടാനും അവർക്ക് എളുപ്പവുമാണ്.
കൃതജ്ഞതയുടെ “Positive feedback loop” (സകാരാത്മക പ്രതികരണ ചക്രം) ഇപ്രകാരമാണ്:
കൃതജ്ഞത കൂടുതൽ പോസിറ്റീവ് വികാരങ്ങൾ ഉണർത്തുന്നു → →കൂടുതൽ സൗഹൃദപരമായ പെരുമാറ്റം → കൂടുതൽ ബന്ധങ്ങൾ → കൂടുതൽ നല്ല അനുഭവങ്ങൾ → കൂടുതൽ കൃതജ്ഞത ഉണർത്തുന്നു → വീണ്ടും പോസിറ്റീവ് വികാരങ്ങൾ → കൂടുതൽ സൗഹൃദപരമായ പെരുമാറ്റം →
അതേ സമയം കൃതജ്ഞത ഇല്ലെങ്കിൽ ഈ “feedback loop” നെഗറ്റീവായി ദിശമാറുന്നു:
കൃതജ്ഞത ഇല്ലായ്മ കൂടുതൽ നെഗറ്റീവ് വികാരങ്ങൾ ഉണർത്തുന്നു → നെഗറ്റീവ് വികാരങ്ങൾ കൂടുതൽ അസൗഹൃദപരമായ പെരുമാറ്റം ഉണ്ടാക്കുന്നു→ കൂടുതൽ ഏകാന്തത → കൂടുതൽ ചീത്ത അനുഭവങ്ങൾ → കൂടുതൽ കൃതജ്ഞത കുറക്കുന്നു → വീണ്ടും നെഗറ്റീവ് വികാരങ്ങൾ → കൂടുതൽ അസൗഹൃദപരമായ പെരുമാറ്റം →
* കൃതജ്ഞത ഉള്ളവർക്ക് വിഷാദ രോഗം, അഡിക്ഷൻ, വൈകാരിക ക്ഷയം എന്നിവ കുറവാണ്.
* ദുരന്തങ്ങളെ (Trauma) നേരിടുന്നതിൽ അവർ മികച്ച നിലവാരം പുലർത്തുന്നു. കഴിഞ്ഞു പോയ ഒരു ദുന്തത്തെ കുറിച്ച മാനസിക വ്യഥ മറികടക്കുന്ന കാര്യത്തിലാണെങ്കിലും വരാനിരിക്കുന്ന ദുരന്തത്തെ അതിജയിക്കാനുള്ള ശക്തിയിലാണെങ്കിലും കൃതജ്ഞത സഹായകരമാവുന്നു.
* കൃതജ്ഞത ശുഭാപ്തി വർദ്ധിപ്പിക്കുന്നു. (Emmons & McCullough, 2003).
* നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ഡോ. ഡേവിഡ് ഡിസിയാനോയുടെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്: “കൃതജ്ഞതയുള്ളവർ കൂടുതൽ സത്യസന്ധരും ക്ഷമയുള്ളവരും ഉദാരരുമായിരിക്കും എന്നാണ്; അവർ കൂടുതൽ പരസഹായികളായിരിക്കും. അവർ കുറച്ച് മാത്രമേ ചതിക്കുകയോ കള്ളം പറയുകയോ ചെയ്യൂ.”
(https://youtu.be/Whe2Jh9q6jI?si=s8aNQLZjL0j4b58t)
* കൃതജ്ഞതയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ – ഒരാൾ മറ്റൊരാൾക്ക് നന്ദി ചെയ്യുന്നതൊ, ഒരാളോടുള്ള കടപ്പാടിൻ്റെയൊ ഒരു കഥ കേൾക്കുന്നത് പോലും – കൊണ്ട് ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ സാധിക്കും. പല രീതിയിലുള്ള ഹൃദയമിടിപ്പുകളെ ഒരേ താളത്തിൽ ക്രമീകരിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടു. അഥവാ കൃതജ്ഞ കൊണ്ട്, ഹൃദയ-രക്തക്കുഴലുകളുടെ ആരോഗ്യം നിയന്ത്രിക്കാനാകും എന്നതിൻ്റെ സൂചനയായി ഈ കണ്ടെത്തലിനെ മനസ്സിലാക്കാം.
* മസ്തിഷ്കത്തിലെ, Medial prefrontal cortex (MPFC) എന്ന ഭാഗം, നമ്മുടെ പ്രവർത്തനങ്ങൾ, അധ്വാനങ്ങൾ, അനുഭവങ്ങൾ, എന്നിവക്ക് പശ്ചാത്തലവും വ്യാഖ്യാനവും നൽകുന്നു. പോസറ്റീവായ വ്യാഖ്യാനത്തിലൂടെ നമ്മുടെ ത്യാഗങ്ങൾ ശരീരത്തിന് പോസറ്റീവായ അനന്തരഫലങ്ങളും ഹോർമോണൽ പ്രവർത്തനങ്ങളും നടത്തുന്നു. തുടർന്ന് ആരോഗ്യം മെച്ചപ്പെടുന്നു.
എന്നു വച്ചാൽ കഷ്ടപ്പാടുകൾ സ്വന്തം ഇഷ്ടപ്രകാരമാവുമ്പോൾ ശരീരത്തിലെ മസ്തിഷ്ക – ഹോർമോണൽ പ്രവർത്തനങ്ങൾ പോസിറ്റീവ് ദിശയിലേക്ക് മാറുന്നു, അനിഷ്ടത്തോടെ ചെയ്യുമ്പോൾ മസ്തിഷ്ക – ഹോർമോണൽ പ്രവർത്തനങ്ങൾ നെഗറ്റീവ് ദിശയിലേക്ക് മാറുന്നു, രണ്ട് എലികളിൽ സ്വന്തം ഇഷ്ടപ്രകാരം Running wheel ൽ(എലിക്ക് ഓടി വ്യായാമം ചെയ്യാൻ ഉതകുന്ന ഒരു യന്ത്ര ചക്രം) ഓടുന്ന എലിയുടെ മസ്തിഷ്കം പ്രസ്തുത പ്രവർത്തനത്തോട് പോസിറ്റീവായി പ്രതികരിക്കുകയും, എലിക്ക് ആരോഗ്യകരമായ മെച്ചം (ഉദാഹരണത്തിന് രക്ത സമ്മർദ്ദം കുറയുക) ലഭിക്കുകയും ചെയ്തു. അതേ സമയം, ഒന്നാമത്തെ എലി ഓടുമ്പോഴെല്ലാം സ്വേച്ഛപ്രകാരമല്ലാതെ ഓടാൻ വിധിക്കപ്പെട്ട രണ്ടാമത്തെ എലിയുടെ മസ്തിഷ്കം പ്രസ്തുത പ്രവർത്തനത്തോട് നെഗറ്റീവായി പ്രതികരിക്കുകയും, എലിക്ക് ആരോഗ്യകരമായ ദോഷങ്ങൾ (ഉദാഹരണത്തിന് രക്ത സമ്മർദ്ദം വർധിക്കുക) ഉണ്ടാവുകയും ചെയ്തു.
(https://pmc.ncbi.nlm.nih.gov/articles/PMC5145912
https://greatergood.berkeley.edu/article/item/how_to_relieve_stress)
നമ്മുടെ പ്രയാസകരവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങൾക്ക് കൃതജ്ഞത പോസിറ്റീവായ പശ്ചാത്തലം നൽകുന്നു. പ്രവർത്തനങ്ങൾക്കും അനുഭവങ്ങൾക്കും പശ്ചാത്തലവും അർത്ഥവും പകരുന്ന മസ്തിഷ്കത്തിലെ, Medial prefrontal cortex (mPFC) ശക്തമാവുന്നു. ഫലമായി ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നമുക്ക് സ്വമനസ്സാൽ പ്രവർത്തിക്കാൻ സാധിക്കുന്നു. തുടർന്ന് നമ്മുടെ ത്യാഗങ്ങൾക്ക് പോസിറ്റീവായ ആരോഗ്യ ഫലങ്ങൾ ഉണ്ടാവുന്നു.
* കൃതജ്ഞത, പ്രിഫ്രോണ്ടൽ കോർട്ടക്സിനെ ശക്തമാക്കുന്നു; ആത്മനിയന്ത്രണത്തെ ശക്തിപ്പെടുത്തുന്ന മസ്തിഷ്ക ഭാഗമാണിത്.
* കൃതജ്ഞത മസ്തിഷ്‌കത്തെ മാറ്റി മറിക്കുന്നു:
ഉത്കണ്ഠയും ഭയവും കുറയ്ക്കുന്നു, പ്രചോദനം വർദ്ധിപ്പിക്കുന്നു
* ആൻ്റീരിയർ സിംഗുലേറ്റ് കോർട്ടക്സ് (Anterior Cingulate Cortex) ശക്തിപ്പെടുത്തുന്നതിലൂടെ കരുണയും അനുകമ്പയും വളർത്തുന്നു
* കൃതജ്ഞതയിലൂടെ പ്രതിരോധ ശേഷി വർധിക്കുന്നു, അണുബാധയും വീക്കവും (inflammation) കുറയുന്നു.
Brain, behavior and Immunity, എന്ന വിശ്വപ്രസിദ്ധ വൈദ്യശാസ്ത്ര ആനുകാലികത്തിൽ, 2021 ൽ പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിൻ്റെ ശീർഷകം ഇപ്രകാരമാണ്: “സ്ത്രീകളിൽ കൃതജ്ഞത (Gratitude) നൽകുന്ന ആരോഗ്യഗുണങ്ങളുടെ നാഡീകോശപരമായ (Neural) പ്രവർത്തനങ്ങൾ”
(Exploring Neural Mechanismes of the Health Benefits of Gratitude in Women: A Randomized Control Trial.)
പഠനത്തിൻ്റെ രത്നച്ചുരുക്കം ഇപ്രകാരമാണ്:
തുടർച്ചയായി കൃതജ്ഞത വളർത്തുന്ന പ്രവൃത്തികൾ (gratitude practice) നടത്തിയ സ്ത്രീകൾക്ക്, മസ്തിഷ്കത്തിലെ അമിഗ്ഡല (amygdala) പ്രദേശത്തിലെ പ്രവർത്തനം കുറവായി കാണപ്പെട്ടു. ഭീഷണി, ഭീതി എന്നിവ തിരിച്ചറിയലും അനുഭവപ്പെടലുമായി ബന്ധപ്പെട്ട തലച്ചോറിലെ (fear network) പ്രധാനഘടകമാണ് അമിഗ്ഡല.
അതേസമയം, TNF-alpha യും IL-6 ഉം പോലുള്ള inflammatory cytokines (ശരീരത്തിൽ സജീവമായ, കോശങ്ങളിൽ നിന്ന് പുറത്തുവിടപ്പെടുന്ന രാസപദാർത്ഥങ്ങൾ) വളരെ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ഇവ സാധാരണയായി ശരീരത്തിൽ ക്ഷതമോ വ്യവസ്ഥാപിതമായ മാനസിക-ശാരീരിക സമ്മർദ്ദമോ (systemic stress) ഉണ്ടാവുമ്പോൾ സജീവമാകുന്നവയാണ്.
അതുകൊണ്ട് കൃതജ്ഞതാ പാലനം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും അണുബാധ/ വീക്കം കുറയ്ക്കുന്നതിലും വൻ പങ്ക് വഹിക്കുന്നു.
* സെറോട്ടോണിൻ്റെ ജൈവപരമായ ഉൽപാദനം മസ്തിഷ്കത്തിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യം ദൃഢപ്പെടുത്തുന്നു. സെറോട്ടോണിൻ, ‘സംതൃപ്തി’ ഉളവാക്കുകയും തൃപ്തികരമായ ജീവിതം സമ്മാനിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, കൃതജ്ഞതയുടെ ശാരീരികവും മാനസികവുമായ, ജൈവശാസ്ത്ര ഗുണങ്ങൾ എണ്ണമറ്റതാണ്. മൊത്തത്തിൽ, മനുഷ്യ ജീവിതത്തെ അതിജീവനാത്മകമായി പുനർനിർമ്മിക്കുന്ന അതിശക്തവും
മനോഹരവുമായ അനുഭവമാണ് നന്ദി. അക്ഷരാർത്ഥത്തിൽ ജീവൻ്റെ ഹൃദയ സ്പന്ദനം. ഇത്രമേൽ സ്വാധീന ചാലകം പടർത്തുന്ന, കൃതജ്ഞതയെന്ന അനുഭവം എങ്ങനെയും നാം സ്വന്തമാക്കുകയും ശീലിക്കുകയും ചെയ്തെ മതിയാവൂ. അതിനുള്ള മാർഗമെന്താണ് ?
രാവിലെ ഉണരുമ്പോൾ, ജീവിതത്തിൽ ഉള്ളതെന്ന് കരുതുന്ന അഞ്ചൊ പത്തൊ അനുഗ്രങ്ങൾ ഓർക്കുക (ഉദാഹരണത്തിന്, രാവിലെ ലഭിച്ച കാപ്പി, വളർത്തു പൂച്ച, സൂര്യപ്രകാശം എന്നിവയെ കുറിച്ചെല്ലാം മനസ്സിൽ നന്ദിപൂർവ്വം സ്മരിക്കുക), അവ എഴുതി വെക്കുക (gratitude journalling), നന്ദിയെ ഇതിവൃത്തമാക്കിയ കഥകൾ കേൾക്കുക… തുടങ്ങി താരതമ്യേന ദുർബലവും സൂക്ഷ്മവും, വളരെ യാന്ത്രികവും കൃത്രിമവുമായ പല കൃതജ്ഞതാഭ്യാസങ്ങൾ (gratitude Practices) പല ശാസ്ത്രജ്ഞരും ഗവേഷകരും നിർദ്ദേശിക്കുന്നുണ്ട്. പക്ഷെ പല കാരണങ്ങളാലും ഈ കൃതജ്ഞതാഭ്യാസങ്ങൾ യുക്തിരഹിതമാണ്.
കാരണം ഇത്തരം കൃതജ്ഞതാഭ്യാസങ്ങളിൽ, നമ്മുടെ നന്ദി ആരോടാണ് നമ്മുക്ക് തോന്നുന്നത്, നാം ആർക്കാണ് നന്ദി പ്രകാശിപ്പിക്കേണ്ടത് എന്നൊന്നും പ്രസക്തമൊ പ്രസ്താവിതമൊ അല്ല !
കാപ്പി, വളർത്തു പൂച്ച, സൂര്യപ്രകാശം എന്നിവക്കെല്ലാം നന്ദിയുണ്ട്; പക്ഷെ ആരോട് എന്നറിയില്ല, എന്തിന് എന്നും പറയുന്നില്ല. ചരടില്ലാതെ തൂക്കിയിട്ട നന്ദി !
കാപ്പി ഉണ്ടാക്കി തന്ന അമ്മയോടൊ അല്ലെങ്കിൽ ഭാര്യയോടൊ? കാപ്പിപ്പൊടി വാങ്ങാൻ കാശ് കൊടുത്ത അച്ചനോടൊ ഭർത്താവിനോടൊ ? സർവ്വോപരി ഒരു കാപ്പി കുടിക്കാൻ പ്രാപഞ്ചികമായ എല്ലാ സൗകര്യങ്ങളും സാധ്യതകളും ഒരുക്കിയ ദൈവത്തോടൊ ? ഈ പശ്ചാത്തലങ്ങൾ ഒന്നുമില്ലാതെ എങ്ങനെ മനസ്സിൽ നന്ദി ഉളവാകും ?
നന്ദി ആരോഗ്യത്തിന് നല്ലതാണ് അതിനാൽ മനസ്സിൽ നന്ദി നിറക്കാൻ ശ്രമിക്കുന്നതിലെ കൃത്രിമത്വം, എത്രമേൽ പരിഹാസ്യകരവും സ്വാധീനരഹിതവുമായിരിക്കും അത്.
കൂടാതെ, കൃതജ്ഞതയുടെ ഈ മഹാ സൽസ്വാധീനങ്ങൾ ലഭിക്കാൻ നാം മറ്റുള്ളവർക്ക്/ മറ്റുള്ളവക്ക് അങ്ങോട്ട് നന്ദി ഉള്ളവരായാൽ പോര. നമ്മളോട് ഇങ്ങോട്ട് നന്ദിയും കടപ്പാടും വെച്ചു പുലർത്തുന്നവർ ഉണ്ടാവണം, നമ്മോട് ഇങ്ങോട്ട് നന്ദിയും കടപ്പാടും ചെയ്യപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാവണം, അതാണ് ഏറ്റവും ശക്തമായ കൃതജ്ഞതാനുഭവം എന്ന് സ്റ്റാൻഫേർഡ് സർവ്വകലാശാല ന്യൂറോ സയൻ്റിസ്റ്റായ ആണ്ട്രൂയ് ഹൂബർമാൻ പ്രത്യേകം ഉണർത്തുന്നുണ്ട്.
(https://youtu.be/KVjfFN89qvQ?si=D2xK12osTsz1_oJl&t=1h19m41s)
നമ്മോട് കടപ്പെട്ടവർ ഉണ്ടാവണമെങ്കിൽ, നമ്മോട് ഇങ്ങോട്ട് നന്ദി ചെയ്യപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാവണമെങ്കിൽ കൃത്രിമമായ കൃതജ്ഞതാഭ്യാസങ്ങളിൽ ഏർപ്പെട്ടാൽ പോരാ എന്നത് വളരെ യുക്തിപരമായ അനുമാനമാണ്. കൃതജ്ഞ സഹജവും ജൈവവും സമ്പൂർണ്ണവുമായി അനുഭവിക്കണമെങ്കിൽ ഏറ്റവും മികച്ച നേർവഴി ബന്ധങ്ങളാണ്; ദൈവവുമായുള്ള ബന്ധം, ദാമ്പത്യ ബന്ധം, കുടുംബ ബന്ധം.
കടപ്പാടും കഷ്ടപ്പാടും
“ഡെല്ല അവന്റെ അടുത്തേക്ക് ഓടി.
“ജിം, പ്രിയനേ,” അവൾ വിളിച്ചു, “ഞാൻ എന്റെ മുടി മുറിച്ചു വിറ്റു; നിനക്കൊരു സമ്മാനം വാങ്ങാനായി. എന്റെ മുടി വീണ്ടും വളരും. നിനക്ക് വേണ്ടിയാണ് ഞാനത് വിറ്റത്.”
ജിം ഡെല്ലയെ മാറോടണച്ചു. ഒരു നിമിഷം നമുക്ക് ദൂരെ കണ്ണും നട്ട് നിൽക്കാം. ഒരാഴ്ചയിൽ എട്ട് ഡോളറോ, അല്ലെങ്കിൽ ഒരു വർഷം ഒരു ദശലക്ഷം ഡോളറോ, എത്രയാണ് നമ്മുക്കുള്ളത് എന്നതിൽ എന്ത് വ്യത്യാസം? ഈ ചോദ്യത്തിന് പലരും നമ്മുക്ക് എതിരായ ഉത്തരം പറഞ്ഞേക്കാം, പക്ഷേ നമുക്കറിയാം അത് തെറ്റാണെന്ന്.
“ഡെൽ, നീ ശരിക്കും മനസ്സിലാക്കണം,” അവൻ പറഞ്ഞു. “നിന്റെ മുടി മുറിച്ചു എന്നതൊന്നും നിന്നെക്കുറിച്ചുള്ള എന്റെ സ്നേഹം കുറയ്ക്കാൻ ഒരിക്കലും കാരണമാവില്ല. പക്ഷേ നീ എൻ്റെ സമ്മാനപ്പൊതി തുറന്നാൽ, ഞാൻ വീട്ടിൽ വന്നപ്പോൾ എന്താണ് എന്നെ കുഴക്കിയത് എന്ന് നിനക്ക് മനസ്സിലാവും.”
വെളുത്തു മെലിഞ്ഞ വിരലുകൾ കൊണ്ട് അവർ സമ്മാനപ്പൊതി കീറി. ആദ്യം ഒരു സന്തോഷനാദം; പിന്നെ അത് കണ്ണീരിലേക്ക് മാറി.
അവിടെ കിടക്കുന്നത്— ഒരു മനോഹരമായ ചീർപ്പ്! ഡെല്ല ഏറെക്കാലം കടയുടെ ജനലിൽ കണ്ടും, ആഗ്രഹിച്ചും നിന്നിരുന്ന ആ ചീർപ്പ്. അവളുടെ മനോഹരമായ മുടിക്കായി, കല്ലുകൾ കൊണ്ട് അലങ്കരിച്ച മനോഹര ചീർപ്പ്. അവൾക്കറിയാമായിരുന്നു അവ ഏറെ വിലയുള്ളതാണ്, തനിക്ക് സ്വന്തമാക്കാനാകില്ലെന്ന്. അവയെ സ്വന്തമാക്കുമെന്ന പ്രതീക്ഷ പോലും ഇല്ലാതെ അവൾ നോക്കി നിന്നിരുന്നു. എന്നാൽ ഇപ്പോൾ അവൾക്കത് സ്വന്തമായിരുന്നു— പക്ഷേ അവൾക്ക് മുടി ഇല്ലാതെയായിരിക്കുന്നു…
അടുത്തത് ഡെല്ല ജിമ്മിന് വേണ്ടി വാങ്ങിയ സമ്മാനം നൽകാനുള്ള ഊഴമായിരുന്നു. അവൾ ജിമ്മിനോട് പറഞ്ഞു: “നിന്റെ വാച്ചിനൊപ്പം ഇടാൻ പാകത്തിലുള്ള ഒരു സ്വർണ്ണ ചെയ്നാണ് ഞാൻ വാങ്ങിയത്. നിന്റെ വാച്ച് തരൂ. അവ രണ്ടും കൂടി ചേരുന്നുണ്ടോ എന്ന് നോക്കണം.”
ജിം ഇരുന്ന് ചിരിച്ചു.
“ഡെല്ല,” അവൻ പറഞ്ഞു, “ചീർപ്പ് വാങ്ങാനായി ഞാൻ എന്റെ വാച്ച് വിറ്റു…
സാരമില്ല, നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം…”
…സമ്മാനങ്ങൾ നൽകുന്നവരിൽ, ഇവർ രണ്ടുപേരുമാണ് ഏറ്റവും വിവേകികൾ. സമ്മാനങ്ങൾ സ്വീകരിക്കുന്നവരിലും, ഇവരെ പോലെ വിവേകികളായ ആരുമില്ല. ലോകത്തെവിടെയുള്ള മനുഷ്യരിലും അവർ തന്നെയാണ് ഭാഗ്യവാന്മാർ.”
(ഒ.ഹെൻറി എഴുതിയ “The Gift of the Magi” കഥയുടെ സംക്ഷിപ്തം)
******************************
വൈകം മുഹമ്മദ് ബഷീറിൻ്റെ “അമ്മ” എന്ന ചെറുകഥയിൽ നിന്ന്:
“ഞാൻ ഇതുവരെ പറഞ്ഞതും ഇനി പറയാൻ പോകുന്നതും എന്റെ അമ്മയെപ്പറ്റിയാണ്. ഇത്തരം സംഭവങ്ങൾ, ഭാരതത്തിലെ ഓരോരോ അമ്മമാരെപ്പറ്റിയും ഓരോരോ മക്കൾക്കും പറയാൻ കാണും…
ഞാൻ വൈക്കം തലയോലപ്പറമ്പിൽനിന്നു നൂറ്റിച്ചില്വാനം മൈൽ ദൂരെ കോഴിക്കോട്ടേക്ക് ഉപ്പുസത്യാഗ്രഹത്തിനു പോയ കഥ…
“വരിക വരിക സഹജരേ, സഹനസമരസമയമായ്…”
അങ്ങനെ ഞാനും പോയി… അന്നു സന്ധ്യക്ക് എന്റെ അമ്മ അടുക്കളയിൽ ആഹാരം പാകം ചെയ്കയായിരുന്നു. അമ്മ ഒന്നും അറിഞ്ഞിരുന്നില്ല. ഞാൻ അമ്മയോട് ഒരു ഗ്ലാസ് വെള്ളം അവസാനമായി വാങ്ങിക്കുടിച്ച് ഉമ്മായെ ഒന്നു നോക്കിയിട്ട് ഇറങ്ങിനടന്നു…
(സമര ജീവിതത്തിൽ പരാജിതനായി എന്ന വിഷണ്ണതയോടെ, കാലം കുറച്ചു കഴിഞ്ഞ് വൈക്കം മുഹമ്മദ് ബഷീർ, സ്വന്തം നാട്ടിലേക്ക്/ വീട്ടിലേക്ക് തിരിച്ചു ചെന്നു.)
…രാത്രി മൂന്നു മണി കഴിഞ്ഞിരുന്നു. ഞാൻ വീട്ടിൽ, മുറ്റത്തു ചെന്നപ്പോൾ “ആരാത്?” എന്ന് എന്റെ മാതാവു ചോദിച്ചു. ഞാൻ വരാന്തയിൽ കയറി. അമ്മ വിളക്കുകൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോടു ചോദിച്ചു:
“നീ വല്ലതും കഴിച്ചോ മകനേ?”
ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്. എന്റെ മാതാവു മാത്രം ഉറക്കമിളച്ചിരിക്കുന്നു! വെള്ളവും കിണ്ടിയും കൊണ്ടു വച്ചിട്ട്, മാതാവ് എന്നോടു കൈകാലുകൾ കഴുകാൻ പറഞ്ഞു. എന്നിട്ടു ചോറുമ്പാത്രം നീക്കിവച്ചുതന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കദ്ഭുതം തോന്നി. “ഞാൻ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?”
അമ്മ പറഞ്ഞു: “ഓ.. ചോറും കറിയും വെച്ച് എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും.”
നിസ്സാരമായ ഒരു പ്രസ്താവന. ഞാൻ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച് എന്റെ വരവും കാത്തിരുന്നു!
******************************
മാതാവ്, പിതാവ്, ഭാര്യ, ഭർത്താവ് സഹോദരങ്ങൾ… ബന്ധങ്ങളോടുള്ള കടപ്പാടുകളുടെ കഥകൾ ഏതു കേട്ടാലും വായിച്ചാലും നമ്മുടെ നയനങ്ങൾ നീർച്ചാലുകൾ വെട്ടാറില്ലേ? മനസ്സ് വിങ്ങുകയും വികാരങ്ങൾ വിക്ഷുബ്ധമാവുകയും ചെയ്യും. അവരുടെ സേവനങ്ങൾ അംഗീകരിക്കുമ്പോൾ കടപ്പാടാൽ നമ്മുടെ കണ്ഠമിടറും. നമുക്ക് വേണ്ടി നമ്മുടെ കുടുംബം നയിച്ച സാഹസങ്ങളും, കഴിച്ച താപസങ്ങളും, അനുഭവിച്ച വേദനകളും പരിവേദനങ്ങളും, നെടുവീർപ്പുകളും, നിദ്രാവിഹീനതകളും, സേവനങ്ങളും സ്നേഹസാന്ത്വനങ്ങളും… എല്ലാം അനുസ്മരിക്കുമ്പോൾ മനസ്സിൽ നന്ദി നാമ്പിടുന്നു.
ബന്ധങ്ങളാണ് നന്ദിയുടെ നീരുറവ എന്നർത്ഥം. കടപ്പാടുകളുടെ ഉറവിടം കഷ്ടപ്പാടുകളാണ്. സ്വന്തം ക്ഷേമം മാത്രം ലക്ഷ്യമാക്കി, ജീവിതം ജീവിച്ചു തീർത്ത ആത്മകേന്ദ്രീകൃതരായ വ്യക്തികളെ ആരാണ് കടപ്പാടോടു കൂടി ഓർക്കുക? നല്ല കാലത്ത് സ്വന്തം കാര്യം മാത്രമെ ചിന്തിച്ചിട്ടുള്ളു; ഉത്തരവാദിത്തങ്ങളുടെ നൂലാമാലകൾ പിണയുന്നതു കൊണ്ട് വിവാഹവും കുടുംബവും കുട്ടികളുമെല്ലാം വേണ്ടെന്ന് വെച്ചു; എന്തൊരു സ്വസ്‌ഥവും ശാന്തവും സ്വതന്ത്രവുമാണ് ഏകാന്തത എന്ന് സ്വന്തത്തെ പറഞ്ഞ് പറ്റിക്കാൻ ജീവിതമുടനീളം ശ്രമിച്ച്. അവസാന തുള്ളി അഡ്രനലിനും വറ്റി, ചോരത്തിളപ്പ് കെട്ടടങ്ങിയപ്പോൾ ഈ ഏകാന്തപഥികരെ സുഭഗമായി ഓർക്കാൻ ആളില്ല! അവർ ആരുടെയും കണ്ണിൻ്റെ കുളിർമയല്ലായിരുന്നു, ആരുടെയും മനസ്സിലെ പ്രതീക്ഷയൊ കാത്തിരിപ്പൊ അല്ലായിരുന്നു. ആരുടെയും അശ്രുകണങ്ങൾ ഒപ്പിയ സഹജീവിതം അവർക്കില്ല. ആർക്കും വേണ്ടി നയിച്ച കുതിപ്പിൻ്റെയും കിതപ്പിൻ്റെയും കഥ പറയാനില്ല അവർക്ക്. അനന്തമായ അസ്തിത്വ ആധിക്യങ്ങൾ കാട് പിടിച്ച ഭൂമിയുടെ കോണിലെവിടെയൊ ഒരു പാഴായ തരിശ്ശു നിലമായി അവരുടെ ജീവിതം പരിണമിച്ചു. ജീവിതത്തിൽ ഒരിക്കലും ആർക്കും വേണ്ടി കഷ്ടപ്പെട്ടതും ഇല്ല; കടപ്പാടുകളും ഇല്ല. സഹപ്രവർത്തകർ, സഹജോലിക്കാർ, സാമൂഹിക ബന്ധങ്ങൾ, ലോകർ നമ്മോട് വെച്ചു പുലർത്തുന്ന കൃതജ്ഞത എത്രമാത്രം നശ്വരവും, ഉപരിപ്ലവകരവുമായിരിക്കും എന്ന് നമുക്ക് അൽപ്പം ആലോചിച്ചാൽ മനസ്സിലാവുന്നതെ ഉള്ളു. സ്വന്തം ഇണക്കും കുട്ടികൾക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ടവരേക്കാൾ കടപ്പാടുകൾ വാരിക്കൂട്ടിയർ വേറെ ആരുണ്ട് ? സഹജീവികളുടെ കൃതജ്ഞത ആകർഷിച്ച് ആവാഹിക്കുന്ന കാന്തികവലയമാണ് വിവാഹവും കുടുംബവും.
വിവാഹം കടപ്പാടുകളുടെ ലോകത്തേക്കുള്ള കവാടമാണ്. വിവാഹത്തിലെ ഓരോ കഷ്ടപ്പാടും കൃതാർത്ഥമാണ്. ദാമ്പത്യ- കുടുംബ ജീവിതത്തിൽ നാം നേരിടുന്ന ഓരോ പ്രശ്നങ്ങളും പ്രയാസങ്ങളും നമ്മെ കുടുംബാംഗങ്ങളുടെ കൃതജ്ഞതയുടെ സ്വീകാര്യരാക്കുന്നു. നമ്മുടെ ഭാര്യക്കും ഭർത്താവിനും മക്കൾക്കും വേണ്ടി നാം സഹിക്കുന്ന ഓരോ കഷ്ടപ്പാടും, അവർക്ക് വേണ്ടി നാം ചെയ്യുന്ന ഓരോ പരിശ്രമങ്ങളും നമ്മൾക്ക് തന്നെ -മാനസികവും ശാരീരികവുമായ സ്വസ്‌തിതിക്കും ക്ഷേമത്തിനും കാരണമാവുന്ന, ലോകത്തെ ഏറ്റവും സമ്പൂർണ്ണവും സാർത്ഥകവും നൈസർഗികവുമായ കൃതജ്ഞതാഭ്യാസമാണ്. നമ്മുടെ ഇണയോടും കൂടപ്പിറപ്പുകളോടും നാം തിരിച്ചും കടപ്പെട്ടവരാണ് എന്ന വസ്തുത നമ്മെ അങ്ങോട്ട് തിരിച്ചും നന്ദി ചെയ്യുന്നതിനായി പ്രചോദിപ്പിക്കുന്നു. നന്ദി ചെയ്യുകയും നന്ദി ചെയ്യപ്പെടുകയും ചെയ്യുന്ന ധന്യമായ ജീവിത രീതിയാണ് വിവാഹം നമുക്ക് മുമ്പിൽ മലർക്കെ തുറന്നു വെക്കുന്നത്.
അപ്പോൾ കഷ്ടപ്പാടുകളൊന്നും അപര സഹായം മാത്രമല്ല; ഏറ്റവും മികച്ച ആത്മപരിപോഷണവും ആത്മഹർഷവുമാണ് എന്ന് എത്ര പേർ തിരിച്ചറിയുന്നു !!
ക്വുർആൻ പറഞ്ഞു:
“ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു (ആരുടെയും നന്ദിക്ക്) ആവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാകുന്നു.
(ക്വുർആൻ: 31: 12)
കുടുംബത്തിൽ നിന്നും നാം ആസ്വദിച്ച ഓരോ കുളിരാനുഭവങ്ങളും കടപ്പാട് കൊണ്ട് വിവർത്തനം ചെയ്യാൻ മതം ഉൽഘോഷിക്കുന്നു. ദൈവത്തോടുള്ള കടപ്പാടിനോട് ചേർത്ത് മാതാപിതാക്കളോടുള്ള കടപ്പാടിനെ ദൈവം വിലമതിച്ചു:
“മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു – ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. - എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.”
(ക്വുർആൻ: 31: 14)
അബ്ദുല്ലാഹിബ്നു ഉമർ (റ) കഅ്ബ വലയം ചെയ്യുമ്പോൾ, ഒരു വൃദ്ധയെ തന്റെ ചുമലിൽ വഹിച്ചുകൊണ്ട് കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന ഒരു ഗ്രാമീണനെ അദ്ദേഹം കണ്ടു. ആ ഗ്രാമീണൻ അദ്ദേഹത്തോട് ചോദിച്ചു: ഇത് എന്റെ മാതാവാണ്. എൻ്റെ മാതാവിനോട് എനിക്കുള്ള ബാധ്യത ഞാൻ നിറവേറ്റിയെന്ന് താങ്കൾ കരുതുന്നുണ്ടോ, ഓ ഇബ്നു ഉമർ? അപ്പോൾ ഇബ്നു ഉമർ (റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം, നീ നിൻ്റെ മാതാവിന് വേണ്ടി എന്തു ചെയ്താലും, അത് നിന്നെ പ്രസവിക്കുന്ന സമയത്ത് അവർ അയച്ച ഒരു നെടുവീർപ്പിന് പോലും തുല്യമാവില്ല.”
തൻ്റെ ഇണയോടുള്ള നന്ദികേടിനെ നരക പ്രവേശനത്തിന് കാരണമായ അപരാധമായി നബി (സ) പഠിപ്പിച്ചു. ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും ചെയ്യുന്ന ഏത് നന്ദികേടും ഇക്കാര്യത്തിൽ സമമാണെന്ന് ഇബ്നു ഹജർ അൽഅസ്കലാനിയെ പോലുള്ള ഹദീസ് പണ്ഡിതന്മാർ വിശദീകരിച്ചു.
സഹജീവികളോട് നന്ദി ചെയ്യാത്തവരോട് ദൈവവും നന്ദി ചെയ്യില്ലെന്നും നബി (സ) ഉണർത്തി.
(തുർമുദി: 1955)
കുറച്ച് നന്മകൾക്ക് പോലും നന്ദി ചെയ്യാത്തവൻ, കുറേ നന്മകൾക്കും നന്ദി ഇല്ലാത്തവനായിരിക്കും എന്ന് അദ്ദേഹം (സ) ഉണർത്തി.
(സവാഇദുൽ മുസ്നദ്: 18449)
ഞാൻ എന്തിന് എൻ്റെ സുഖങ്ങൾ മറ്റുള്ളവർക്കായി ത്യജിക്കണം?!
നിങ്ങളുടെ ആസ്വാദനങ്ങൾ നിങ്ങൾ എന്തിന് മറ്റൊരാൾക്കായി ഒഴിവാക്കണം?
എന്തിന് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം?
നിങ്ങളുടെ ആഗ്രഹങ്ങളെ കോമ്പ്രമൈസ് ചെയ്യുന്ന എന്തും ഒഴിവാക്കുക. അത്ര തന്നെ.
അത് വിവാഹമൊ, കുട്ടികളൊ, കുടുംബമൊ എന്തുമാവട്ടെ.
ഇതാണ് ഇപ്പോഴത്തെ റിലേഷൻഷിപ്പ് ട്രൈനർമാരുടെ “വിലപ്പെട്ട” ഉപദേശം!
തോന്നിയത് പോലെ ജീവിക്കുക എന്ന് പറയാൻ സൈകോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും ആവശ്യം ഉണ്ടോ ? സ്വയം പ്രചോദിതമായ തോന്നലുകളല്ലെ തോന്നിയവാസം; അതിന് സൈകോളജിയിൽ ഡിഗ്രി പാസായ “വിദഗ്ധരുടെ” ആവശ്യമെന്താണ് ? കാലത്തിൻ്റെ, പ്രായത്തിൻ്റെ ചപലത എന്ത് -തെറ്റായി- ആഗ്രഹിക്കുന്നോ, അതിന് കൂട്ടികൊടുപ്പുകാരാവാൻ വല്ല തിണ്ണ മിടുക്കും വിവരവും വിദ്യാഭ്യാസവും വേണോ ?
മനുഷ്യ വർഗ്ഗത്തിൻ്റെ മനശാസ്ത്രത്തെയും ജൈവശാസ്ത്രത്തെയും കുറിച്ച വസ്തുനിഷ്ടമായ പഠനങ്ങളൊ ഗവേഷണങ്ങളൊ ഒന്നുമില്ലാതെ നാർസിസിസവും (ആത്മാനുരാഗം) സ്വാർത്ഥതയും സമൂഹത്തിൽ പ്രചരിപ്പിക്കുന്നവർ നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യവും കുടുംബവും നശിപ്പിക്കാതിരിക്കട്ടെ.
ശാസ്ത്രീയ പഠനങ്ങളെ കുറിച്ച തികഞ്ഞ അജ്ഞത, പോപ് സൈകോളജി വിവരക്കേടുകൾ വിളമ്പി വ്യൂവ്സ് കൂട്ടാനുള്ള കുടിലത, രണ്ടും ഒത്തു ചേരുമ്പോൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നതിൽ ഒരു മനസങ്കോചവും തോന്നില്ല.
ആത്മാരാധനയും സ്വാർത്ഥതയും തഴച്ചു വളരുമ്പോൾ, ഹൃദയത്തിൽ കൃതജ്ഞത കിളിർക്കില്ല. ഫലനിരപേക്ഷകമായ പ്രേമവും സേവനവും തൻ്റെ ജീവിത പങ്കാളിക്ക് സമർപ്പിക്കുമ്പോഴെ മനസ്സിൽ നന്ദിയുടെ ആനന്ദം ലഭിക്കുകയുള്ളു. മനുഷ്യൻ്റെ മസ്തിഷ്കവും ശരീരവും സ്വാർത്ഥരായി ജീവിക്കാൻ ഉതകുന്ന രീതിയിലല്ല ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്, ത്യാഗശീലത്താൽ ക്ഷേമം സിദ്ധിക്കുന്ന തരത്തിലാണ്:
TIME മാഗസിൻ പ്രസിദ്ധീകരിച്ച ഒരു കണ്ടെത്തൽ കാണുക:
“നിങ്ങളുടെ ഭർത്താവിനോ ഭാര്യക്കൊ വേണ്ടി നിങ്ങൾ എന്തെങ്കിലും നല്ലതു ചെയ്യുന്നത് നിങ്ങളുടെ വൈകാരിക ക്ഷേമത്തെ (emotional well-being) മെച്ചപ്പെടുത്താനാകുമെന്നാണ് ഒരു പുതിയ പഠനം പറയുന്നു— ഭർത്താവ് അല്ലെങ്കിൽ ഭാര്യ നിങ്ങളുടെ ആ നല്ല പ്രവൃത്തിയെ/ഉപകാരത്തെ അറിഞ്ഞില്ലെങ്കിൽ പോലും ഈ ആരോഗ്യ മികവ് പ്രകടമാവും.
“മറ്റുള്ളവരിൽ നിന്ന് ഉപകാരവും സേവനവും ലഭിക്കുന്നതിനേക്കാൾ, മറ്റുള്ളവർക്ക് അങ്ങോട്ട് അവ നൽകുന്നതാണ് കൂടുതൽ ഗുണകരമെന്നത് ശാസ്ത്രീയമായി തെളിഞ്ഞു” എന്ന് അമേരിക്കൻ സൈകോളജിക്കൽ അസോസിയേഷൻ പുറത്തിറക്കുന്ന, ‘Emotion’ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം വ്യക്തമാക്കുന്നു.”
(https://time.com/4674982/kindness-compassion-marriage)
“മുകളിലെ കൈയ്യാണ് താഴത്തെ കൈയ്യേക്കാൾ ഉത്തമം” (അഥവാ മറ്റുള്ളവർക്ക് എല്ലാം നൽകുന്നവരാണ് മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുന്നവരേക്കാൾ ഉത്തമം) എന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചത് സാന്ദർഭികമായി സ്മരിക്കുക.
(സ്വഹീഹുൽ ബുഖാരി: 1427)
Emotion ജേണലിലെ പഠനം തുടർന്ന് വായിക്കുക:
“ഈ സിദ്ധാന്തം പരീക്ഷിക്കാൻ, സൈക്കോളജിസ്റ്റുകൾ 175 പുതുവിവാഹിത ഭർത്താക്കന്മാരെയും ഭാര്യമാരെയും, ശരാശരി 7 മാസത്തോളം വിവാഹിതരായവരെയും പിന്തുടർന്ന് പഠിച്ചു. പങ്കാളികളിൽ ആരെങ്കിലും സ്വന്തം ഇച്ഛകളെ ത്യജിച്ച്, സ്വന്തം ഇണയുടെ ആവശ്യങ്ങൾ നിറവേറ്റിയതായുള്ള സംഭവങ്ങൾ, രണ്ടാഴ്ച്ച കാലയളവിൽ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. കൂടാതെ അവർ ദിവസേന തങ്ങളുടെ മാനസിക സൗഖ്യനിലയും രേഖപ്പെടുത്താൽ ആവശ്യപ്പെട്ടു.
പരീക്ഷണത്തിൽ പങ്കെടുത്ത ദമ്പതികൾ ദിവസത്തിൽ ശരാശരി 0.65 കരുണാപൂർണ പ്രവർത്തനങ്ങൾ തൻ്റെ പങ്കാളിക്ക് വേണ്ടി ചെയ്യുകയും, 0.59 പ്രവർത്തനങ്ങൾ തൻ്റെ പങ്കാളിയിൽ നിന്ന് സ്വീകരിക്കുകയും ചെയ്തു. പങ്കാളിക്ക് വേണ്ടി അങ്ങോട്ട് ചെയ്തു കൊടുത്ത സേവനങ്ങൾക്ക്/ ത്യാഗങ്ങൾക്ക് ഉദാഹരണം:
* പങ്കാളിയുടെ സൗകര്യത്തിനായി സ്വന്തം പ്ലാൻ മാറ്റി വെക്കുക
* പങ്കാളിയോട് സ്നേഹം അല്ലെങ്കിൽ നന്ദി പ്രകടിപ്പിക്കുക
* ജോലിക്ക് പോകുന്നതിനുമുമ്പ് പങ്കാളിയുടെ കാറിൻ മുകളിൽ വീണ മഞ്ഞ് നീക്കം ചെയ്യുക….
ദമ്പതികൾ ഇരുവരും ഇത്തരം സേവനങ്ങൾ/ ത്യാഗങ്ങൾ പരസ്പരം ചെയ്യുന്നതും പരസ്പരം നന്ദി ചെയ്യുന്നതും കൂടുതൽ ആരോഗ്യദായകമാണ് എന്ന സ്വാഭാവിക നിഗമനം പരീക്ഷണം തെളിയിച്ചു എന്ന് മാത്രമല്ല.
അത്യന്തം രസകരമായ കണ്ടെത്തൽ, താൻ ചെയ്ത സേവനങ്ങൾ/ ത്യാഗങ്ങൾ മറ്റെ പങ്കാളിയുടെ ശ്രദ്ധയിൽപ്പെടാതിരുന്നാലും, പ്രവർത്തകർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യ പ്രയോജനങ്ങൾ ഉണ്ടായി എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ, സേവനങ്ങൾ/ ത്യാഗങ്ങൾക്കുള്ള മാനസികാരോഗ്യ ഗുണങ്ങൾ സേവനങ്ങൾ സ്വീകരിക്കുന്നവരേക്കാൾ 45% കൂടുതലായിരുന്നു.
സ്വാർത്ഥമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും സന്തോഷം കണ്ടെത്താമെന്നത്, പരിണാമവാദ വീക്ഷണത്തിലൂടെയും ശരിയാണ് എന്ന് University of Rochester ലെ സൈക്കോളജി പ്രൊഫസർ ഹാരി റീസി, ഈ പഠനത്തെ മുൻനിർത്തി പറയുന്നു. “മനുഷ്യർ മറ്റുള്ളവർക്ക് നൽകാൻ ജൈവശാസ്ത്രപരമായി സംവിധാനിക്കപ്പെട്ട ജീവിയാണ്,” അദ്ദേഹം പറയുന്നു. “നാം സഹകരണ ജീവിതം നയിക്കേണ്ട ജീവവർഗ്ഗമാണ്, നമ്മളുടെ മസ്തിഷ്കവും പ്രകൃതിയും സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മെക്കാനിസങ്ങൾ ഉള്ളടങ്ങിയതാണ്.”
മറ്റുള്ളവർക്കായി പണം ചെലവിടുന്നതിന്റെ മനോഗുണങ്ങൾ പ്രൊഫസർ റീസി പഠിക്കുന്നു. മറ്റുള്ളവർക്കു വേണ്ടി ചെലവിടുന്നതിൽ, ദാതാവിന് സൗഖ്യം ലഭിക്കുന്നു; അത് അപരനെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കുമ്പോൾ ഇത് ശക്തമാവുന്നു. തിരിച്ച് പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടാവുമ്പോൾ ഈ മാനസികാരോഗ്യ ഗുണങ്ങൾ അത്ര ശക്തമല്ല എന്നും അദ്ദേഹം പറയുന്നു.”
(https://time.com/4674982/kindness-compassion-marriage)
മറ്റുള്ളവർക്ക് വേണ്ടി നാം ചെയ്യുന്ന ത്യാഗങ്ങളെ സൂചിപ്പിക്കാൻ, ക്ഷേമ-വിനിമയ അനുപാതം (WTRs: Welfare trade-off ratios) എന്ന സംജ്ഞ ഉപയോഗിക്കാറുണ്ട്. മറ്റൊരാളുടെ ക്ഷേമത്തിന് വേണ്ടി സ്വന്തം ക്ഷേമത്തെ ത്യജിക്കുന്ന അനുപാതം, സ്വന്തം ക്ഷേമത്തിനേക്കാൾ മറ്റൊരാളുടെ ക്ഷേമത്തിന് നൽകുന്ന മൂല്യത്തിൻ്റെ അനുപാതം, ഇതാണ് WTRs.
ഡോ. ഡാവിഡ് എം. ബസ്സ് എഴുതുന്നു:
“ഓരോ ദാമ്പത്യബന്ധത്തിനും ദിവസേന ഒരുപാട്, ക്ഷേമ-വിനിമയ അനുപാത (WTRs) തീരുമാനങ്ങൾ നമുക്ക് എടുക്കേണ്ടതായി വരുന്നു, ഇത് ഇരു ദമ്പതികളുടെയും തുടർന്നുള്ള ദാമ്പത്യത്തിൽ സ്വാധീനം ചെലുത്തുന്നു.
ഞാന്‍ പാത്രങ്ങൾ കഴുകണോ, അതോ എന്റെ പങ്കാളിക്ക് കഴുകാൻ ഇടണോ ?
കരയുന്ന കുഞ്ഞിനെ ഞാൻ എടുക്കണോ, അതൊ ഞാൻ ഉറങ്ങുന്നതായി ഭാവിക്കണോ?
എനിക്ക് മനസ്സ് ഇല്ലാത്തപ്പോൾ എന്റെ പങ്കാളിയുടെ ലൈംഗിക ആഗ്രഹം തൃപ്തിപ്പെടുത്തണോ, അതൊ “തലവേദനയുണ്ട്” എന്ന് പറയണോ?
ശമ്പളവർദ്ധനവ് സ്വന്തത്തിനായി ചെലവിടണോ, അല്ലെങ്കിൽ പങ്കാളിക്ക് വിലയേറിയ സമ്മാനം കൊടുക്കണോ?
ഈ തീരുമാനങ്ങളിൽ സ്വന്തം താൽപര്യങ്ങളെക്കാൾ തൻ്റെ പങ്കാളിയുടെ താൽപര്യത്തിന് എത്ര മൂല്യം നൽകുന്നു എന്നതാണ് സ്വക്ഷേമ-വിനിമയ അനുപാതം (WTR).
നിങ്ങളുടെ WTR ഉയർന്നാൽ, നിങ്ങൾ പരസഹായി(യും മാതൃകാ ഇണയും) ആണ്. നിങ്ങളുടെ WTR കുറഞ്ഞാൽ, നിങ്ങൾ സ്വാർത്ഥനാണ്; പങ്കാളിയുടെ ക്ഷേമത്തിന് നിങ്ങൾ കുറഞ്ഞ മുൻഗണന നൽകുന്നു.”
(Bad Men: The Hidden Roots of Sexual Deception, Harassment and Assault: David Buss: 243)
WTR , 0 ആണെങ്കിൽ നിങ്ങൾ പൂർണ്ണ സ്വാർത്ഥത (pure selfishness) ഉള്ള വ്യക്തിയാണെന്നത് സൂചിപ്പിക്കുന്നു.
WTR, 0 ത്തേക്കാൾ കൂടുതൽ ആയാൽ (> 0) നിങ്ങളിൽ കുറേക്കൂടി പരോപകാരിത്വം (altruism) കാണിക്കുന്നതായി അർത്ഥം.
WTR, 1 ആയാൽ, ഒരാൾ മറ്റൊരാളുടെ ക്ഷേമത്തെയും തന്റെ ക്ഷേമത്തോളം തന്നെ വിലമതിക്കുന്നു എന്ന് കാണിക്കുന്നു.
(www.sciencedirect.com
https://shorturl.at/kIrQI)
WTR (Welfare Trade-off Ratio) ഉയരുന്നതോടൊപ്പം നന്ദിയും (gratitude) കൂടുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.
(* Benefit valuation predicts gratitude: Evolution and Human Behavior 38 (2017) 18–26.
* grateful.org
https://shorturl.at/liTrd)
ജീവിത പങ്കാളിക്കുവേണ്ടി, മക്കൾക്കു വേണ്ടി, മാതാപിതാക്കൾക്കു വേണ്ടി ആത്മാർത്ഥമായും ഫലനിരപേക്ഷമായും ത്യാഗങ്ങൾ സഹിക്കുന്നതാണ് സ്വാർത്ഥരായി സുഖിക്കുന്നതിനേക്കാൾ നമ്മുക്ക് ഗുണകരം. നമ്മുടെ ചേതന പരോപകാരത്താൽ സജീവമാവുന്നതാണ്. പക്ഷെ ഇതൊന്നും പോപ് സൈകോളജി നമുക്ക് പഠിപ്പിച്ചു തരില്ല എന്ന് മാത്രം.
********************************
* പഠനങ്ങൾ:
1. https://www.frontiersin.org/journals/psychology/articles/10.3389/fpsyg.2015.01491/full
2. https://youtu.be/KVjfFN89qvQ?si=D2xK12osTsz1_oJl
3. https://youtu.be/Whe2Jh9q6jI?si=s8aNQLZjL0j4b58t
4. Robert Emmons
(PhD, Professor of psychology at the University of California, Davis
Founding editor-in-chief of The Journal of Positive Psychology)
Author: The Little Book of Gratitude. Create a life of happiness and wellbeing by giving thanks.
5. The Science of Gratitude, 2018
https://ggsc.berkeley.edu/images/uploads/GGSC-JTF_White_Paper-Gratitude-FINAL.pdf
6. Positive psychology in practice, 2008
https://www.health.harvard.edu/mind-and-mood/positive_psychology_in_practice
7. Gratitude, retrieved 2019
https://www.psychologytoday.com/us/basics/gratitude
8. Gratitude uniquely predicts satisfaction with life: Incremental validity above the domains and facets of the five factor model, 2008
http://citeseerx.ist.psu.edu/viewdoc/download?doi=10.1.1.526.2823&rep=rep1&type=pdf
9. Upstream reciprocity and the evolution of gratitude, 2006
https://www.ncbi.nlm.nih.gov/pmc/articles/PMC2197219/
10. The evolution of reciprocal altruism, 1971
https://greatergood.berkeley.edu/images/uploads/Trivers-EvolutionReciprocalAltruism.pdf
11. Evolutionary Mechanisms for Loneliness, 2014
https://www.ncbi.nlm.nih.gov/pmc/articles/PMC3855545/
12. https://youtu.be/WPPPFqsECz0?si=Nnu_wwSKaTVLq8az
വേണോ വിവാഹം? !!
ഭാഗം -6 👇
https://www.snehasamvadam.org/വേണോ-വിവാഹം-6/

No comments yet.