വേണോ വിവാഹം? !! -4

//വേണോ വിവാഹം? !! -4
//വേണോ വിവാഹം? !! -4
ആനുകാലികം

വേണോ വിവാഹം? !! -4

സ്വീഡനിലെ കരീനമാർ പറയുന്നു: “hej!” “ഹലോ !

‘കരീന എന്താ കല്യാണം കഴിക്കാത്തത്?’ ഞാൻ ചോദിച്ചു.

‘സ്വാഭാവികമായ ഒരു ഇന്ത്യൻ ജിജ്ഞാസ.’ കരീന പൊട്ടിച്ചിരിച്ചു…

‘ബാലൻ, ഇത് സ്വീഡനാണ്. സ്വീഡിഷ് സ്ത്രീയുടെ ജീവിതലക്ഷ്യം ഭർത്താവും കുടുംബവും കുട്ടികളുമല്ല. സാഹിത്യം, കല, രാഷ്ട്രീയം, ശാസ്ത്രം, വ്യവസായം അങ്ങനെ ഏതെങ്കിലും രംഗത്ത് സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയുമാണ്.’

(ചിദംബരസ്‌മരണ: ബാലചന്ദ്രൻ ചുള്ളിക്കാട്)

**********************************

ലോകത്തെ ഏറ്റവും ഏകാന്തമായ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വീഡന് ആണെന്നാണ് ചില സെൻസസുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 47% ഏകാന്തരായ ഒരു രാജ്യം.
(https://www.worldatlas.com/places/10-loneliest-nations-in-the-world.html)

ഈ തനിച്ചുള്ള താമസവും ജീവിതവും കുറക്കാനും, കൂടുതൽ ആളുകളെ ഒന്നിച്ചു താമസിപ്പിക്കുന്നതിനും വേണ്ടി സ്വീഡിഷ് സർക്കാർ നിരവധി കൂട്ടത്താമസ സമുച്ചയങ്ങൾ സ്‌പോൺസർ ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥ, അണുകുടുംബത്തെ ലക്ഷ്യമാക്കിയുള്ള സാമൂഹിക പ്രവണത, വയോജന സംഖ്യയുടെ വർദ്ധനവ് എന്നിവ കാരണം സ്വീഡനിലെ ഒറ്റത്താമസസമുച്ഛയങ്ങളുടെ അനുപാതം തുടർന്നും ഉയർന്നുകൊണ്ടേയിരിക്കാനാണ് സാധ്യത.
(https://ourworldindata.org/lonely-not-alone)

വിവാഹം, കുടുംബം, കുട്ടികൾ, സ്നേഹ ബന്ധങ്ങൾ എന്നിവയെല്ലാം വലിച്ചെറിഞ്ഞ് കല, സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം, വ്യവസായം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ മാത്രം ഓടി നടക്കുന്ന ഒരു സമൂഹത്തെ ഗവൺമെൻ്റിന് -എത്ര ശ്രമിച്ചാലും- എങ്ങനെ ബന്ധിപ്പിക്കാനും ഒന്നിപ്പിക്കാനും സാധിക്കും!?

സ്വീഡൻ, നോർവെ, ഫിൻലൻ്റ്, ഡെൻമാർക് തുടങ്ങിയ നോർഡിക് രാജ്യങ്ങളുടെ എല്ലാം അവസ്ഥ ഇതു തന്നെയാണ്. സമ്പൽ സമൃദ്ധി നിറഞ്ഞ ഏകാന്ത ജീവിതങ്ങൾ.

“കഴിഞ്ഞ ചില പതിറ്റാണ്ടുകളിലായി, നോർഡിക് രാജ്യങ്ങളിലെ മുഴുവൻ മേഖലയിലെയും ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്, വെറും പത്ത് വർഷത്തിനിടെ അത് വിവിധ രാജ്യങ്ങളിൽ 7 ശതമാനം (ഡെൻമാർക്ക്) മുതൽ 25 ശതമാനം (ഫിൻലാൻഡ്) വരെ താഴ്ന്നിട്ടുണ്ട്.”

(https://www.nordicstatistics.org/news/all-time-low-nordic-fertility-rates/)

ഐക്യരാഷ്ട്ര സഭയുടെയും വീക്ഷണത്തിൽ, 2.1 എന്നുള്ളതാണ് ഒരു നാട്ടിൽ ഉണ്ടാവേണ്ട ജനനനിരക്കിൻ്റെ പരിധി.

ജനനനിരക്കിലെ ഇടിവിനെയും പ്രായം കൂടുന്ന ജനസംഖ്യയെയും നേരിടുന്നതിനായി നോർഡിക് രാജ്യങ്ങൾ കുടിയേറ്റത്തിൽ (imigration) കൂടുതൽ ആശ്രയിച്ചുവരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന പ്രവണതയായ കുടിയേറ്റം, അവിടത്തെ രാജ്യത്തിൻ്റെ ജനസംഖ്യാ വർധനവിന്റെ വലിയൊരു പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ദശകങ്ങളിൽ ജനനനിരക്ക് കുറഞ്ഞതോടെ, മതിയായ തൊഴിൽശേഷിയുള്ള ജനസംഖ്യയെ നിലനിർത്തുകയും ജനസംഖ്യ ചുരുങ്ങുന്നത് തടയുകയും ചെയ്യുന്നതിൽ കുടിയേറ്റം നിർണായകമായ പങ്ക് വഹിക്കുന്നു.

“നോർഡിക് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു, മൊത്തം ജനസംഖ്യാ വർധനവിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗം കുടിയേറ്റവും, മൂന്നിൽ ഒരുഭാഗം സ്വാഭാവിക വർധനവുമാണ് വഹിക്കുന്നത്. പ്രത്യേകിച്ച് നോർവേ, സ്വീഡൻ, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായി ഉയർന്നു, സ്വാഭാവിക വർധനവിനെ ഏറെ മറികടന്ന് ജനസംഖ്യാ വർധനവിന്റെ പ്രധാന ഉറവിടമായി കുടിയേറ്റം മാറി.”
(https://mixedmigration.org/the-changing-politics-of-immigration-in-nordic-countries/)

എന്നു വെച്ചാൽ സ്വീഡനിൽ ഇന്ന് ജനിക്കുന്ന മൂന്ന് കുട്ടികളിൽ ഒന്ന് മാത്രമെ സ്വീഡൻകാരുടെതായി ഉള്ളു. ബാക്കി രണ്ട് കുട്ടികളും കുടിയേറ്റക്കാരുടെ കുട്ടികളാണ്. ഈ പ്രവണത തുടർന്നാൽ സ്വീഡൻകാർ തന്നെ ഈ ലോകത്ത് ഇല്ലാതായി തീരുമെന്നർത്ഥം. കല, സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം എന്നിവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ ഏറ്റവും അടിസ്ഥാനപരമായി വേണ്ട കാര്യം “ഉണ്ടാവുക” എന്നുള്ളതാണ് എന്നതിൽ തർക്കമില്ലല്ലൊ.

ഈ കുറഞ്ഞ ജനനിരക്കിൻ്റെ കാരണം സുതരാം വ്യക്തമാണെങ്കിലും നോർഡിക് ബുദ്ധിജീവികൾക്ക് ഇപ്പോഴും അത് പിടികിട്ടിയിട്ടില്ല:

“എന്തുകൊണ്ട്?

ജനനനിരക്ക് താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം നിലവിൽ വ്യക്തമായിട്ടില്ല. എല്ലാ പ്രായവിഭാഗങ്ങളിലും ഇതേ തരത്തിലുള്ള ഇടിവ് കാണാനാകുന്നു.

“നോർഡിക് രാജ്യങ്ങൾ പൊതുവേ നല്ല ക്ഷേമരാജ്യങ്ങളാണ്,” എന്ന് രാഷ്ട്രീയശാസ്ത്രജ്ഞയും ജനസംഖ്യാ വിദഗ്ധയുമായ നൊറ സാഞ്ചസ് ഗാസൻ പറയുന്നു. “നോർഡിക് രാജ്യങ്ങൾക്ക് നല്ല സാമൂഹിക പിന്തുണയുണ്ട്; അവ സ്ഥിരതയുള്ള രാജ്യങ്ങളാണ്, ഉയർന്ന സാമൂഹിക വിശ്വാസ നിലവാരത്തോടുകൂടിയ. പൊതുവേ, കുട്ടികളെ വളർത്തുന്നതിനുള്ള നല്ല സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്ന് ഈ രാജ്യങ്ങളെ കുറിച്ച് കരുതപ്പെടുന്നു. എങ്കിലും, ജനനനിരക്ക് താഴ്ന്നുകൊണ്ടിരിക്കുന്നുവെന്ന് നാം കാണുന്നു.”
(https://www.nordicstatistics.org/news/all-time-low-nordic-fertility-rates/)

ജനസംഖ്യാ വിദഗ്ധയായ, ഈ നൊറ സാഞ്ചസ് ഗാസൻ തന്നെ വിവാഹം ചെയ്തിട്ടുണ്ടോ ? അവർക്ക് കുട്ടികളുണ്ടോ ? എന്നതൊക്കെ ഈ വിഷയത്തിൽ പ്രസക്തമായ ചോദ്യങ്ങളല്ലെ !

ഏകാന്ത പഥികരായി ജീവിക്കുന്ന സമൂഹങ്ങൾക്ക് ‘വ്യക്തിമുദ്ര പതിപ്പിക്കാനുള്ള’ പ്രചോദനം കുറയുകയാണ് ചെയ്യുന്നത്. മനുഷ്യൻ്റെ ജീവിതത്തിന് അർത്ഥവും സഫലതയും നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ജീവിത അടിത്തറകളാണ് മതവും കുടുംബവും. അവ ഉപേക്ഷിക്കുന്നതിലൂടെ തങ്ങളുടെ ആത്മ സാക്ഷാൽക്കാരത്തിനായി ഒഴിഞ്ഞിരിക്കാം, ജീവിതം സമർപ്പിക്കാം എന്നൊക്കെയുള്ള ചിന്തകൾ കേവലം വ്യാമോഹങ്ങളാണെന്ന് സ്വീഡനുകാരടക്കം എല്ലാ നോർഡിക്/ സ്കാൻ്റനേവിയൻ രാജ്യങ്ങളും ഇന്ന് അനുഭവിച്ചറിയുന്നുണ്ട്. വ്യക്തിമുദ്ര പതിപ്പിക്കാൻ ആദ്യം വ്യക്തി വേണ്ടെ ? ആത്മഹത്യ പെരുകുന്ന ഒരു സമൂഹത്തിൽ എങ്ങനെ ആത്മസാക്ഷാൽകാരം സാധ്യമാവും ?

വ്യക്തിക്ക് ജീവിക്കാൻ തോന്നണ്ടെ ? ജീവിതത്തിന് അസ്തിത്വപരമായ ഒരു നീതീകരണം വേണ്ടെ ? ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിച്ചു മുന്നോട്ട് നീങ്ങാൻ ഒരു പ്രചോദനം ജീവിതത്തിൽ വേണ്ടെ ? കല, സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകൾ വിലമതിക്കണമെങ്കിൽ മനുഷ്യ ജീവിതത്തിന് ഒരു വിലയും അർത്ഥവും ഉണ്ട് എന്ന് വിശ്വസിക്കണ്ടെ ? ജീവിതത്തിന് മൂല്യവും ലക്ഷ്യവും ധർമ്മവും നൽകാൻ സഹായിക്കുന്ന ‘വിശ്വാസം’ കളഞ്ഞു കുളിച്ചു. ഭൗതികമായ പ്രചോദനമായ ദാമ്പത്യവും കുടുംബവും കൂടി തമസ്കരിച്ചതിലൂടെ കല്ലറയിൽ കരിങ്കൽ മുദ്ര കുത്തിയ പടിയായി കാര്യങ്ങൾ.

വ്യക്തിനിഷ്ഠമായ ലക്ഷ്യങ്ങൾക്കായി കല്യാണവും കുട്ടികളും കുടുംബവുമൊക്കെ വേണ്ടെന്ന് വച്ച സ്വീഡിഷ് വനിതകൾ ആത്മഹത്യയിലൂടെ ‘വ്യക്തി മുദ്ര’ എന്നന്നേക്കുമായി മായ്ച്ചു കളയുന്ന തിരക്കിലാണ്:

2019-ൽ സ്ത്രീകളുടെ ആത്മഹത്യ നിരക്കിൽ സ്വീഡൻ മറ്റ് രാജ്യങ്ങൾക്കിടയിൽ എട്ടാം സ്ഥാനത്ത് നിലനിൽക്കുന്നു. 2019-ൽ ദക്ഷിണകൊറിയ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു, 100,000 പേരിൽ 12.6 ആളുകൾ ആത്മഹത്യ ചെയ്തത് രേഖപ്പെടുത്തിയിരുന്നു, ഇത് 2018ലിനെ കണക്കിനെ അപേക്ഷിച്ച് 2.3% കുറവാണ്. ബെൽജിയം, ജപ്പാൻ, നോർവേ യഥാക്രമം ഈ റാങ്കിങ്ങിൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്നുവെന്ന് കണ്ടെത്തി.
(https://www.nationmaster.com/nmx/timeseries/sweden-female-suicide-rates)

“Why Nordic countries might not be as happy as you think” (എന്തുകൊണ്ടാണ് നോർഡിക് രാജ്യങ്ങൾ നിങ്ങൾ കരുതുന്നത്ര സന്തോഷവാന്മാരായിരിക്കില്ല…) എന്ന ബി.ബി.സി യുടെ ലേഖനത്തിൽ സൂചിപ്പിക്കുന്ന ചില കണക്കുകളും ശ്രദ്ധേയമാണ്:

നോർഡിക് മേഖലയിൽ താമസിക്കുന്ന 12.3% ആളുകളും തങ്ങൾ മാനസികമായ രോഗങ്ങളും അനാരോഗ്യങ്ങളും അനുഭവിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 13.5% ചെറുപ്പക്കാർ തങ്ങളെത്തന്നെ അപ്രകാരം വിശേഷിപ്പിക്കുന്നു…

ഡെൻമാർക്കിൽ, 16 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 18.3% പേർ തങ്ങൾ മോശം മാനസികാരോഗ്യമുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു – ആ പ്രായത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ബാധിച്ച സ്ത്രീകളുടെ എണ്ണം 23.8% ആയി ഉയർന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് സഹായം തേടുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ -അഞ്ചുവർഷത്തിനിടയിൽ- 40 ശതമാനം വർധനയാണ് നോർവേയിൽ ഉണ്ടായിട്ടുള്ളത്.
(www.bbc.com/news)

2019 ൽ സ്വീഡനിൽ, ഒരു ലക്ഷത്തിൽ 14.7 ആത്മഹത്യകളുണ്ടായിരുന്നു. ചരിത്രപരമായി, 1960 കളിലെ സ്വീഡനിലെ ആത്മഹത്യാനിരക്കിന്റെ ഉയർന്ന നിരക്കാണ്, വികസിത രാജ്യങ്ങളിലെ ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കിലെ ‘റെക്കോഡ്‘.

മദ്യ ഉപഭോഗത്തിലൂടെയുള്ള മരണ നിരക്കിൽ, ലോക രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിൻലാന്റും, പതിനാലാം സ്ഥാനത്ത് ഡെൻമാർക്കും അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകയാണ്.

Death Rate Per 100,000
Age Standardized
12 FINLAND 7.22
14 DENMARK 7.10

മയക്കുമരുന്ന് ഉപഭോഗത്തിലൂടെയുള്ള മരണ നിരക്കിൽ, ലോക രാജ്യങ്ങളുടെ പട്ടികയിലും അഗ്ര ശ്രേണിയിൽ സ്കാന്റിനേവിയൻ രാജ്യങ്ങളായ നോർവേയ് (ആറാം സ്ഥാനം), ഫിൻലാന്റ് (എട്ടാം സ്ഥാനം), സ്വീഡൻ (പത്തൊമ്പതാം സ്ഥാനം), ഐസ് ലാന്റ് (ഇരുപതാം സ്ഥാനം), ഡെൻമാർക്ക് (ഇരുപത്തൊന്നാം സ്ഥാനം) എന്നിവർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Death Rate Per 100,000
Age Standardized

6 NORWAY 6.40
8 FINLAND 5.49
19 SWEDEN 3.62
20 ICELAND 3.55
21DENMARK 3.38
(https://www.worldlifeexpectancy.com/cause-of-death/suicide/by-country/)

ജനസംഖ്യാപരമായി ഏറ്റവും കൂടുതൽ നാസ്തികരുള്ള, രാജ്യങ്ങളായ ചൈന, ജപ്പാൻ, റഷ്യ, വിയറ്റ്നാം തുടങ്ങി രാജ്യങ്ങളിലെ കണക്കുകൾ ഇതിലേറെ ഭയങ്കരം.
(www.independent.co.uk/news/uk)

എന്തുകൊണ്ടാണ് ചിലർ ആത്മഹത്യ ചെയ്യുന്നത്?

ഈ ചോദ്യമാണ് പതിനൊന്നാം നൂറ്റാണ്ടിലെ മഹാനായ ഫ്രഞ്ച് സമൂഹശാസ്ത്രജ്ഞനായ, എമിൽ ദുർഖൈം തന്റെ പ്രശസ്ത കൃതി On Suicide (ആത്മഹത്യയെ കുറിച്ച്) എഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ചിന്തകളെ പിടിച്ചുകുലുക്കിയ വലിയ സമസ്യകളിൽ ഒന്ന്.

ഈ ചോദ്യത്തിന് അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങളിൽ പലതും മനശ്ശാസ്ത്രപരമായ കാരണങ്ങളേക്കാൾ സാമൂഹ്യശാസ്ത്രപരമായ കാരണങ്ങൾ ആയിരുന്നു. ആത്മഹത്യയെ പഠിക്കുന്നതിനിടയിൽ, ആരാണ് സ്വന്തം ജീവൻ അവസാനിപ്പിക്കുന്നത് എന്ന് പരിശോധിക്കുമ്പോൾ അതിൽ ആഴത്തിലുള്ള സാമൂഹിക ശൈലി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.

ദുർഖൈം അന്നത്തെ യൂറോപ്പിനെ അവലോകനം ചെയ്ത്, ആ കാലഘട്ടത്തിൽ കൂടുതൽ ആത്മഹത്യ ചെയ്യുന്നവർ ആരാണെന്ന ഒരു സാമൂഹ്യ ശാസ്ത്ര പഠനം നയിച്ചപ്പോൾ, അവിവാഹിതർ വിവാഹിതരെക്കാൾ കൂടുതലായി ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളവർ ആയിരുന്നു എന്ന് മനസ്സിലായി.
(Emile Durkheim, On Suicide, ed. Richard Sennett, trans. Robin Buss, illustrated ed. (London: Penguin, 2006))

ആത്മഹത്യയിൽ കാണുന്ന ഈ സാമൂഹ്യ ശൈലി/ മാതൃകകൾ ദുർഖൈമിനെ ബന്ധങ്ങളുടെ പവിത്രതയെ കുറിച്ച് ഉൽബുദ്ധനാക്കി.

നമ്മുടെ ജീവിതത്തിൽ നാം പുരോഗമിക്കുകയോ, പരാജയപ്പെടുകയോ ചെയ്യുന്നതിൽ, സാമൂഹ്യബന്ധങ്ങളുടെ ഗുണനിലവാരവും സ്വഭാവവും എത്രത്തോളം വലിയ സ്വാധീനം ചെലുത്തുന്നു എന്ന നിഗമനത്തിലേക്ക് എത്താൻ നിർബന്ധിതനാക്കി. പ്രത്യേകിച്ച് മാരകമായ നിരാശയുടെ അഗാധ ഗർത്തത്തിൽ ഒരു വ്യക്തിയെ വീഴ്‌ത്തുന്നതിലും ബന്ധങ്ങളുടെ വരൾച്ച കാരണമാവുന്നു എന്ന് അദ്ദേഹം വീക്ഷിച്ചു.

‘On Suicide’ എന്ന പുസ്തകത്തിൽ, ദുർഖൈം ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും പ്രസക്തമായ രണ്ടു ആത്മഹത്യ പ്രവണതകൾ വിശദീകരിച്ചു. ഒന്നാമതായി, മനുഷ്യർ എത്രത്തോളം ഇതരരുമായി സ്ഥിരമായ സാമൂഹ്യ ബന്ധത്തിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് (അദ്ദേഹം അതിനെ “ഇന്റഗ്രേഷൻ” integration എന്നു വിളിച്ചു) ശ്രദ്ധിച്ചു.

സാമൂഹിക ബന്ധങ്ങളിൽ പൊരുത്തപ്പെടാത്ത, പരിപാലനവും ശ്രദ്ധയും ലഭിക്കാത്തവരും, മറ്റുള്ളവർക്ക് ഇവ നൽകാത്തവരുമായ, പുരുഷന്മാരും സ്ത്രീകളും “ഈഗോയിസ്റ്റിക് ആത്മഹത്യ” (egoistic suicide) എന്ന തരം ആത്മഹത്യക്ക് കൂടുതൽ വിധേയരാകുന്നു. ഇത്, ആഴത്തിലുള്ള ഏകാന്തതയുടെ പ്രകടനമായോ, മറ്റുള്ളവരുമായി ബന്ധമില്ലായ്മയെക്കുറിച്ചുള്ള പ്രതിഫലനമായോ കാണപ്പെടുന്നു.
(Durkheim, On Suicide, 224-33.)

രണ്ടാമത്, നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അർത്ഥവും നൽകാൻ നമുക്ക് വ്യക്തമായ മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും ആശ്രയം വേണം. സാമൂഹ്യശാസ്ത്രജ്ഞർ ഇതിനെ “നോമോസ്” എന്ന് വിളിക്കുന്നു (ഗ്രീക്ക് ഭാഷയിലെ പദം, മനുഷ്യന്റെ പ്രവർത്തികളെ നിയന്ത്രിക്കുന്ന അമൂർത്തമായ നിയമങ്ങളും ആശയങ്ങളും). ഇത് നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, ഊടും പാവും, ബെല്ലും ബ്രെയ്ക്കും നിയമിക്കുന്നു.

ജീവിതത്തിൽ സൂചിതമായ മാനദണ്ഡങ്ങളും മൂല്യങ്ങളും ഇല്ലാത്ത പുരുഷന്മാർക്കും സ്ത്രീകൾക്കും, അവരുടെ ജീവിതത്തിൽ ക്രമവും, മുറയും ദിശയും ലക്ഷ്യവും ഇല്ലാതിരിക്കുന്ന അവസ്ഥ വരികയും, “അനോമിക് ആത്മഹത്യ” (anomic suicide) എന്ന വിഭാഗം ആത്മഹത്യക്ക് കൂടുതൽ വിധേയരാകുകയും ചെയ്യുന്നു.
(Durkheim, On Suicide, 262-305.)

എന്തെങ്കിലുമൊരു അർത്ഥത്തിനോ അല്ലെങ്കിൽ ഏതെങ്കിലും ഒരാൾക്ക് വേണ്ടിയോ ജീവിക്കുന്നതിൻ്റെ പ്രാധാന്യം അത്യന്തം അധികമാണ് എന്ന് ചുരുക്കം. ദുർഖൈമിന്റെ വാക്കുകളിൽ പറഞ്ഞാൽ:
“ഒരു മനുഷ്യന് തന്നെക്കാൾ മഹത്തായതോ അല്ലെങ്കിൽ തന്റെ ജീവിതകാലം കഴിഞ്ഞും നിലനിൽക്കുന്നതായതോ ആയിട്ടുള്ള ഒരു ലക്ഷ്യവുമായി ബന്ധപ്പെടാതെ ജീവിക്കാൻ കഴിയില്ല.”

ജീവിതത്തിന്റെ കാറ്റും കോളും തരണം ചെയ്യാൻ ഒരു വ്യക്തിക്ക് ദിശാനക്ഷത്രം കാഴ്ചയിൽ ഉണ്ടെങ്കിൽ എളുപ്പമാവുന്നത് പോലെ:

അദ്ദേഹം പറയുന്നു,: “ജീവിതം,.. അതിനൊരു ലക്ഷ്യമില്ലെങ്കിൽ അത് അസഹനീയമാണ്. പിന്തുടരാൻ തക്ക മൂല്യം ഉള്ള ലക്ഷ്യമോ അർത്ഥമോ ഉണ്ടെങ്കിൽ മാത്രമാണ് അത് സഹനീയമാകുന്നത്.”
(Durkheim, On Suicide, 226.)

വിവാഹവും മറ്റു കുടുംബബന്ധങ്ങളും ദുർഖൈം കണ്ടെത്തിയ രണ്ടു രൂപത്തിലുള്ള ആത്മഹത്യയിൽ നിന്ന് രക്ഷ നൽകുന്ന പ്രധാന മാർഗങ്ങളാണ്. വിവാഹം നമ്മെ മറ്റൊരു വ്യക്തിയിലേക്കും, ആ ബന്ധം സൃഷ്ടിക്കുന്ന കുട്ടികളിലേക്കും ബന്ധിപ്പിക്കുന്നു.

ഈ ബന്ധങ്ങൾ മറ്റുള്ളവരിൽ നിന്നുള്ള പരിപാലനവും ശ്രദ്ധയും നമ്മിലേക്ക് വരാൻ സഹായിക്കുന്നു. അതുപോലെ, സ്വന്തത്തെ മാത്രം ചുറ്റിപ്പറ്റി നിൽക്കാതെ, മറ്റൊരാൾക്ക് വേണ്ടി ദിവസവും ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ഈ കുടുംബബന്ധങ്ങൾ നമ്മെ വിശാലമായ തലത്തിൽ സമൂഹവുമായി ബന്ധപ്പെടാൻ സഹായിക്കുന്നു; അത് കുടുംബ ബന്ധുക്കളൊ, സ്കൂളുകളോ, മദ്രസകളൊ, കുട്ടികളുടെ കളിസ്ഥലമൊ, പാർക്കോ ആയിരിക്കാം, അവിടെയുള്ള സഹജീവികളുമായുള്ള സംസർഗത്തിലേക്ക് നമ്മെ ബന്ധിപ്പിക്കുന്നു. അഥവാ വിവാഹവും കുടുംബവും ജീവിതത്തിൽ കൂടുതൽ ബന്ധങ്ങൾ സൃഷ്ടിക്കുന്നു.

ഇത്തരം ബന്ധങ്ങൾ നമുക്ക് ഈ ലോകത്തിൽ ഏകാന്തത അനുഭവപ്പെടുന്നതിൽ നിന്നും, എല്ലാം അവസാനിപ്പിക്കാം എന്നതു പോലെയുള്ള “ഈഗോയിസം” അനുഭവപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.

വിവാഹവും ജീവിതത്തിൻ്റെ അർത്ഥവും

സ്വീഡനിൽ നിന്ന് ഒരു വാർത്താ റിപ്പോർട്ട് ഇവിടെ ചേർക്കാം:

“സ്വീഡന്റെ വടക്കൻ ഭാഗത്തുള്ള ഒരു നഗരത്തിൽ, ഏകാന്തതയുടെ പ്രതിസന്ധി നേരിടാൻ വളരെ ലളിതമായൊരു മാർഗം കണ്ടെത്തിയിട്ടുണ്ട് — ഏകാന്തതാ നിർമ്മാർജനം വെറും ഒരു “ഹലോ”യിലൂടെയാണ് തുടങ്ങുന്നത്.

“ഹായ്” പറയൂ

സ്വീഡനിലെ ലൂലിയോ നഗരം, ആളുകൾ തമ്മിൽ പരസ്പരം “ഹലോ” പറഞ്ഞ് അഭിവാദ്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു എന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. “Säg hej!” (ഹലോ പറയൂ!) എന്ന ഈ ക്യാമ്പെയ്‌ൻ, ചെറുതെങ്കിലും സാമൂഹിക ഇടപെടലുകൾക്കായി ആളുകളെ പ്രേരിപ്പിക്കാനുള്ള പ്രഥമ പടിയും, നഗരം കൂടുതൽ സൗഹൃദപരമാക്കുന്നതിനുള്ള വഴിയുമാണ്. നാട്ടുകാർ ചെയ്യേണ്ടത്, അന്യരോട് ഒരു ഹൃദയസ്പർശിയായ “ഹലോ” പറയുക മാത്രമാണ്.

ലൂലിയോ മുനിസിപ്പാലിറ്റിയിലെ, ഉദ്യോഗസ്ഥയായ ഓസാ കോസ്കി ആയിരുന്നു ഈ “Säg hej!” ക്യാമ്പെയ്‌ന്റെ പ്രചോദനം. അവർ ദി ഗാർഡിയൻനോട് പറഞ്ഞത്: അന്യർ തമ്മിൽ അഭിവാദ്യം ചെയ്യുമ്പോൾ, താൻ “അവഗണിക്കപ്പെടുന്ന ഒരാളല്ലെന്നും താൻ ശ്രദ്ധിക്കപ്പെടുന്നു എന്നും, താൻ ഈ സമൂഹത്തോട് (ഒരു സംഘത്തോട് ചേർന്നവനാണ്) എന്നും” വ്യക്തികൾക്ക് ബോധവും അനുഭവവും ലഭിക്കുന്നു. “ഗവേഷണങ്ങൾ കാണിക്കുന്നതനുസരിച്ച്, ഇത് ആരോഗ്യത്തിൽ പോസിറ്റീവ് സ്വാധീനങ്ങൾ ചെലുത്തുന്നു, കൂടാതെ പരസ്പരം സഹായിക്കാനുള്ള മനോഭാവവും ഇത് നിർമ്മിക്കുന്നു. നിങ്ങൾ അയൽക്കാരോട് ‘ഹായ്’ പറയുകയാണെങ്കിൽ, അവരെ സഹായിക്കാനും നിങ്ങൾ കൂടുതൽ സാധ്യത കാണിക്കും.”

വേൾഡ് ആറ്റ്ലസ്.കോം പ്രസിദ്ധീകരിച്ച ലേഖനമനുസരിച്ച്, ലോകത്തിലെ ഏറ്റവും ഏകാന്തരാഷ്ട്രം സ്വീഡൻ ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ശതമാനം പേർ ഒറ്റയ്ക്കു ജീവിക്കുന്ന രാജ്യം സ്വീഡനാണ്. അതിന് പിന്നാലെ യുണൈറ്റഡ് കിംഗ്‌ഡം, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ്.

ദീർഘകാല ഏകാന്തത ആരോഗ്യത്തിന് ഗൗരവകരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. അമേരിക്കൻ രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രം (CDC) പ്രകാരം, ദീർഘകാല ഏകാന്തത മൂലം ഉണ്ടാകുന്ന അപകടസാധ്യതകളിൽ ബുദ്ധിക്ഷയം, മാനസിക സമ്മർദം, വിഷാദ രോഗം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പ്രതിരോധ സംവിധാനത്തിന്റെ ക്ഷയം, അല്സൈമേഴ്‌സ് രോഗം എന്നിവ ഉൾപ്പെടുന്നു.”
(https://www.ndtv.com/world-news/sweden-is-trying-to-solve-loneliness-epidemic-by-this-activity-heres-how-4599907

https://www.firstpost.com/explainers/say-hello-how-this-swedish-city-is-tackling-loneliness-13424402.html)

സാമൂഹിക ബന്ധങ്ങളുടെ പ്രഥമ സ്രോതസ്സാണ് അഭിവാദ്യം. അവിടെ നിന്നാണ് എല്ലാ ബന്ധങ്ങളും ആരംഭിക്കുന്നത്. സംസാരം, ആശയവിനിമയം, വിശേഷാന്വേഷണം, പരിചയം, അടുപ്പം, ബന്ധം… അങ്ങനെ എല്ലാം പടർന്നു പന്തലിക്കുന്നത് ‘അഭിവാദ്യ’മെന്ന മുളയിൽ നിന്നാണ്.

മുഹമ്മദ് നബി (സ) മദീനയിൽ വന്നപ്പോൾ ആദ്യമായി അദ്ദേഹത്തിൽ നിന്നും കേട്ട വാചകങ്ങളായി, പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നു സലാം പങ്കുവെച്ച നാല് കാര്യങ്ങളിൽ ഒന്നാമത്തേത്, “ജനങ്ങളേ, നിങ്ങൾ സലാം (വിശ്വാസികൾ പരസ്പരമുള്ള അഭിവാദ്യം) പ്രചരിപ്പിക്കുക, നിങ്ങൾ ബന്ധങ്ങൾ ചേർക്കുക…” എന്നതായിരുന്നു.
(സ്വഹീഹു ഇബ്നു മാജ: 2648)

‘സലാം’ അഥവാ ‘അസ്സലാമു അലൈകും’ (നിങ്ങൾക്ക് രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന്, വിശ്വാസികൾ പരസ്പരം അഭിവാദ്യം ചെയ്യൽ വർദ്ധിപ്പിക്കുക. ‘അറിയുന്നവരോടും അറിയാത്തവരോടും സലാം പറയുക.’
(സ്വഹീഹുൽ ബുഖാരി: 12)

ആദ്യ മുസ്‌ലിം സമൂഹത്തെ മദീനയിൽ രൂപീകരിക്കാൻ, മുഹമ്മദ് നബി (സ) ആദ്യമായി മുന്നോട്ടു വെച്ച നിർദ്ദേശം സമാധാനത്തിൻ്റെ അഭിവാദ്യം അഥവാ സലാം ആയിരുന്നു എന്നത് എത്രമാത്രം അഗാധമാണ്!

അഭിവാദ്യത്തിന് ഏകാന്തതാ നിർമ്മാർജനത്തിൽ ഇത്ര പങ്കുണ്ടെങ്കിൽ, ബന്ധനിർമ്മാണ പദ്ധതിയുടെ പ്രഥമ ചുവടു വെയ്പ്പായ വിവാഹത്തിന് എത്രമാത്രം പ്രധാന്യമുണ്ട്. ഏകാന്തതയുടെ അന്തകവിത്താണ് വിവാഹം.

വിവാഹം, കുടുംബം, കുട്ടികൾ എന്നിവ അസ്തിത്വപരമായ ഏകാന്തത ഇല്ലാതാക്കുന്നു. അംഗത്വബോധം വർദ്ധിപ്പിക്കുന്നു. താൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ, ആരോഗ്യം ശ്രദ്ധിക്കുന്നത്, ജോലിയെടുക്കുന്നത്, ആത്മ സംയമനം പാലിക്കുന്നത്, പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്നത്, തുടങ്ങി എല്ലാത്തിനും ഒരു ഭൗതികമായ കാരണവും ലക്ഷ്യവും ധർമ്മവും ഉണ്ട് എന്ന വിശ്വാസം ഉടലെടുക്കുന്നു; എൻ്റെ പ്രിയതമക്ക്/പ്രിയതമന് വേണ്ടി, എൻ്റെ പൊന്നു മക്കൾക്ക് വേണ്ടി, ഒരുപാട് കടപ്പാടുകളുള്ള മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്ക് വേണ്ടി, എൻ്റെ കുടുംബത്തിന് വേണ്ടി. ഈ ചിന്ത എല്ലാം സാർത്ഥകമാക്കുന്നു; സഫലമാക്കുന്നു.

ആധുനിക ലോകത്ത് വിജയം പലപ്പോഴും ഡോളർ അടയാളങ്ങളാലും, ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള “സ്വാതന്ത്ര്യം” കൊണ്ടും, ഒഴിവ് സമയത്തിൻ്റെ ലഭ്യത വെച്ചുമാണ് അളക്കപ്പെടാറ്. എന്നാൽ അവയൊന്നും ജീവിതത്തിന് അർത്ഥബോധവും ലക്ഷ്യബോധവും നൽകുന്നില്ല. ചുമരിൽ ഫ്രെയ്മിട്ട് തൂക്കിയ ഡിഗ്രി സർട്ടിഫിക്കറ്റുകളേക്കാളും, മണിക്കൂറുകളുടെ മതിലുകളിൽ നമ്മെ കുടുക്കിയിടുന്ന ജോലി സ്ഥലത്തേക്കാളും, സ്വാതന്ത്ര്യം വർധിപ്പിക്കാനുള്ള നമ്മുടെ ഒറ്റയാൻതടി ജീവിതത്തേക്കാളും എത്രയോ ഇരട്ടി, വിവാഹവും കുടുംബജീവിതവും മനുഷ്യന് ദിശാബോധവും അർത്ഥവും ലക്ഷ്യവും സന്തോഷവും നൽകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
(Orit Taubman-Ben-Ari, “Well-Being and Personal Growth in Emerging Motherhood: And What about Meaning?,” in Meaning in Positive and Existential Psychology (New York: Springer, 2014), 415-434)

വിവാഹവും കുടുംബജീവിതവും മനുഷ്യന്റെ ദിനചര്യയ്ക്ക് ക്രമവും അർത്ഥവും പകർന്നു നൽകുന്ന ദിവ്യമായ അടിത്തറകളാണ്. അതുകൊണ്ടുതന്നെ, അവ നമ്മെ ജീവിതത്തിലെ ശൂന്യതയിൽ നിന്നും നിരാശയിൽ നിന്നും രക്ഷിക്കുന്നു.

ജോലി, വെറും ഉപജീവന മാർഗ്ഗമല്ല എന്ന വിശ്വാസം വിവാഹവും കുടുംബവും പകർന്നു നൽകുന്നു; പ്രത്യേകിച്ച് പുരുഷന്മാർക്കു. ജോലി -എത്ര വിരസവും പ്രയാസകരവുമായാലും- കുടുംബത്തിനായി കരുതലും സംരക്ഷണവും നൽകുന്ന പുണ്യകരമായ ഉത്തരവാദിത്വം ആയി മാറുന്നു.

വീട്ടിലെ സാധാരണ ദിനസർഗങ്ങൾ — അടുപ്പിൽ പൊങ്ങുന്ന പാചകപ്പുക മുതൽ, വീട്ടുമുറ്റം വൃത്തിയാക്കൽ വരെയും, മാലിന്യം പുറത്തേക്ക് മാറ്റുന്ന ചെറിയ പ്രവൃത്തികൾ വരെയും — എല്ലാം ഒരാളുടെ ദിവസങ്ങളെ നെയ്തെടുക്കുന്നു. അവയെല്ലാം സാർത്ഥകമായി അനുഭവപ്പെടുന്നു.

കുട്ടികളുടെ ഹോംവർക്ക് നോക്കിക്കൊടുക്കുന്നതും, ആഘോഷങ്ങളും ഉത്സവങ്ങളും റമദാൻ വ്രതാചരണവും തുടങ്ങിയ എല്ലാം കുടുംബമായി ആചരിക്കുന്നതും, മാതാപിതാക്കളുടെ ദിനങ്ങളെ ദിശയും അർത്ഥവും ചേർത്ത് സംഗീതാത്മകമായി മാറ്റുന്നു.
(Nock, Marriage in Men’s Lives.)

ജീവിതത്തിന്റെ ഒഴുക്കിനെയും നിലയെയും നിയന്ത്രിക്കുന്ന മൂലധാരകൾ ഇവയാണെന്നതിൽ സംശയമില്ല.

കുടുംബത്തിന്റെ നന്മയ്ക്കായി ജീവിക്കുന്നത്, ജീവിതത്തെ മറ്റെങ്ങും കണ്ടെത്താനാവാത്ത ഗഹനമായൊരു അർത്ഥത്തിന്റെ പുതുവർണത്താൽ സമ്പന്നമാക്കുന്നു.
(Clay Routledge, “Finding Meaning in Modern America,” Institute for Family Studies Blog, May 21, 2018)

കുടുംബബന്ധങ്ങൾ വ്യക്തിക്ക് കൂടുതൽ അർത്ഥവും ലക്ഷ്യബോധവും നൽകുകയും, സാമൂഹികവും വസ്തുപരവുമായ വിഭവങ്ങൾ വഴി ക്ഷേമത്തിൽ സഹായിക്കുകയും ചെയ്യുന്നു എന്ന് നിരവധി പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.

(Hartwell & Benson, 2007; Kawachi & Berkman, 2001).
(https://pmc.ncbi.nlm.nih.gov/articles/PMC5954612/)

“കുട്ടികൾ ഉണ്ടായതോടെ എന്റെ മുഴുവൻ ജീവിതവും മാറി. അവർ തന്നെയാണ് ഇപ്പോൾ തങ്ങളുടെ ലക്ഷ്യവും അർത്ഥവും.” എന്ന് മാതാപിതാക്കളിൽ ഭൂരിഭാഗവും സമ്മതിക്കുന്നു:

2021-ലെ IFS/Wheatley Institute Family Survey വ്യക്തമാക്കുന്നത്, വിവാഹിതരായ അമേരിക്കക്കാർക്ക്,
ജീവിതത്തിന് അർത്ഥമുണ്ട് എന്ന അനുഭവം വിവാഹിതരല്ലാത്തവരേക്കാൾ കൂടുതലാണെന്നതാണ്.

വിവാഹിതരായ മാതാപിതാക്കളിൽ 60 % പേർ പറയുന്നു:
“ഞങ്ങളുടെ ജീവിതം എല്ലായ്പോഴും അല്ലെങ്കിൽ കൂടുതൽ സമയവും അർത്ഥപൂർണ്ണമാണ്.”

അതേ സമയം, വിവാഹിതരല്ലാത്തവരും മക്കളില്ലാത്തവരുമായ 38 % ആളുകൾക്ക് മാത്രമാണ്
ഇത്തരം മാനസികമായി നിറവിന്റെ അനുഭവം.

മക്കളോടുകൂടിയ വിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഏറ്റവും ഉയർന്ന നിലയിൽ, ജീവിതത്തിൻ്റെ അർത്ഥബോധം റിപ്പോർട്ട് ചെയ്യുന്നു:

വിവാഹിതരായ പിതാക്കന്മാരിൽ 59% ഉം, വിവാഹിതരായ മാതാക്കൾക്കിടയിൽ 60% ഉം.
(Institute for Family Studies/Wheatley Institute, State of Our Unions Survey, 2021 (YouGov)

ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഗവേഷണവും അത്ര തന്നെ അത്ഭുതകരമാണ്. വിവാഹിതരല്ലാത്ത, മക്കളില്ലാത്തവർ,
വിവാഹിതരായവരേക്കാൾ ഇരട്ടിയായി ഏകാന്തത അനുഭവിക്കുന്നതായി പഠനങ്ങൾ പറയുന്നു. വിവാഹം പുരുഷന്മാരെയും സ്ത്രീകളെയും ഏകാന്തതയിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കോട്ട തന്നെയാണ്.

വിവാഹിതരായ മാതാപിതാക്കളിൽ ഏകാന്തത കുറവാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
(Based on adults aged 18 to 55. Sour-ce: IFS/Wheatley Institute Family Survey (2021).)

ഈ വസ്തുത ആത്മഹത്യയെക്കുറിച്ചുള്ള ഗവേഷണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
ഒരു പഠനത്തിലെ വാചകങ്ങൾ ശ്രദ്ധിക്കുക:
“വിവാഹം കഴിക്കാത്തവരേക്കാളും, വിവാഹമോചിതരായവരേക്കാളും, വൈധവ്യം അനുഭവിക്കുന്നവരേക്കാളും വിവാഹിതരിലാണ് കുറഞ്ഞ ആത്മഹത്യ നിരക്ക് പൊതുവെ നിലനിൽക്കുന്നത്.”
(Jack C. Smith, James A. Mercy, and Judith M. Conn, “Marital Status and the Risk of Suicide,” Ame-rican Journal of Public Health 78, no. 1 (January 1988): 78-80)

ഒരു പഠനം കാണിക്കുന്നത്, മക്കളില്ലാതെ ആണെങ്കിൽ പോലും വിവാഹിതരായവർക്ക്, ഒറ്റയ്ക്കു ജീവിക്കുന്നവരേക്കാൾ 33% കുറവ് ആത്മഹത്യ സാധ്യതയാണ് ഉള്ളത് എന്നാണ്. വിവാഹിതരല്ലാത്തവരെക്കാൾ ആത്മഹത്യ ചെയ്യാൻ സാധ്യത മക്കളുള്ള വിവാഹിതരിൽ 48% കുറവാണ്.
(Justin T. Denney, “Family and Household For-mations and Suicide in the United States,” Journal of Marriage and Family 72, no. 1 (2010): 202-13)

ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് പുരുഷന്മാരെ തടയുന്ന ഏറ്റവും വലിയ സുരക്ഷാ കവചങ്ങളിൽ ഒന്ന്
വിവാഹം തന്നെയാണ് എന്ന് പല ഗവേഷണങ്ങളിലും കാണാൻ സാധിക്കും.
(Justin T. Denney et al., “Adult Suicide Mortality in the United States: Marital Status, Family Size, So-cioeconomic Status, and Differences by Sex,” Social Science Quarterly 90, no. 5 (2009): 1167-1185)

എന്നു മാത്രമല്ല, വിവാഹങ്ങളുടെ എണ്ണത്തിലെ ഇടിവ് “നിരാശാ മരണങ്ങൾ” (deaths of despair ആത്മഹത്യ, മയക്കുമരുന്ന്, അല്ലെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണം) വർധിപ്പിക്കുന്നതിൻ്റെ പ്രധാന കാരണമായി കാണപ്പെടുന്നു.
(Bruce Bower, “Deaths of Despair’ Are Rising. It’s Time to Define Despair,” Science News, November 2, 2020,)

തൊഴിലാളി വിഭാഗത്തിൽ പെട്ട വെളുത്ത വർഗ്ഗക്കാരായ ആളുകൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതലായി ആത്മഹത്യ ചെയ്യുന്നതായി 2015-ൽ, പ്രിൻസ്റ്റൺ സർവ്വകലാശാല സാമ്പത്തിക ശാസ്ത്രജ്ഞരായ ആൻ കെയ്സും ആംഗസ് ഡീറ്റണും കണ്ടെത്തി. അവർ സ്വയം വെടിവെച്ച് മരിക്കുകയോ അല്ലെങ്കിൽ തൂങ്ങി മരിക്കുകയോ, ഒപിയോയ്ഡുകൾക്കും മറ്റ് മയക്കുമരുന്നുകൾക്കും അടിമപ്പെടുകയോ, മദ്യപിച്ച് മരണമടയുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയത്.
(Anne Case and Sir Angus Deaton, “Mortality and Morbidity in the 21st century)

സാമൂഹിക ശാസ്ത്രജ്ഞനായ ഫിലിപ്പ് കോഹൺ, (അദ്ദേഹം വിവാഹത്തിന് പ്രോത്സാഹനം നൽകുന്ന വ്യക്തി അല്ലെങ്കിൽ പോലും) തൊഴിലാളി വർഗ്ഗത്തിലെ ഈ സാധാരണക്കാരുടെ നിരാശാജന്യ മരണങ്ങളുടെ വർധനവ് വിവാഹത്തിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി.

അദ്ദേഹത്തിന്റെ വാക്കുകളിൽ;
“പുരുഷന്മാരിലാണെങ്കിലും സ്ത്രീകളിലാണെങ്കിലും, വെളുത്ത വർഗ്ഗക്കാരിലെ മൊത്തത്തിലുള്ള മരണനിരക്കിൻ്റെ വർധനവ്, ഏകദേശം വിവാഹിതരല്ലാത്തവരിൽ മാത്രം പരിമിതമാണ്.”
(Philip N. Cohen, “The Rising Marriage Mortality Gap among Whites,” SocArXiv, November 1, 2019.
Philip N. Cohen, “Marriage and Mortality,” November 1, 2019)

വൈവാഹിക ജീവിതം, നിരാശയും, ഏകാന്തതയും, അർത്ഥഹീനതയും നിറഞ്ഞതായാണ് പോപ്പ് സിനിമകളും കലാ-സാഹിത്യങ്ങളും ചിത്രീകരിക്കുക. എന്നാൽ യാഥാർത്ഥ്യം തീർത്തും വ്യത്യസ്തമാണ്. അവിവാഹിതരുടെ ജീവിതങ്ങളാണ് നിരാശ, ഏകാന്തത, അർത്ഥഹീനത എന്നിവകൊണ്ടു മുദ്രണം ചെയ്യപ്പെടാൻ കൂടുതൽ സാധ്യത എന്നാണ് പഠനങ്ങളിത്രയും കഥ പറയുന്നത്. ഈ ഏകാന്തത പ്രത്യേകിച്ച് തൊഴിലാളികളായ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ അനുഭവപ്പെടുന്നു, കാരണം അവർക്ക് ഉയർന്ന പദവിയുള്ള പ്രൊഫഷണൽ ജോലികളും ശക്തമായ സാമൂഹിക ബന്ധങ്ങളും (പണമുള്ളവർക്കും വിദ്യാഭ്യാസമുള്ളവർക്കും ലഭിക്കുന്നതുപോലെ) ഇല്ല. വലിയ സെലബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും ജീവിതശൈലി കണ്ട് വഞ്ചിതരായി, വിവാഹവും കുടുംബവും വേണ്ടെന്നു വെക്കുന്നവരാണ് ഏറ്റവും കൂടുതൽ ജീവിത നൈരാശ്യം അനുഭവിക്കുന്നവർ എന്ന് അമേരിക്കയിൽ നടന്ന ഒരു പഠനം തെളിയിക്കുന്നു.
(IFS/Wheatley Institute Family Survey, 2021)

പഠനങ്ങൾ കാണിക്കുന്നത് പോലെ, മാതാപിതാക്കൾ ആയിട്ടുള്ളവർ അവരുടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാണെന്ന് റിപ്പോർട്ട് ചെയ്യാൻ സാധ്യത കൂടുതലാണ്. ഇത് സമീപകാല PEW സർവേയുമായി പൊരുത്തപ്പെടുന്നു, സർവേയിൽ, അമേരിക്കക്കാരുടെ ജീവിതത്തിന് അർത്ഥം നൽകുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ ഏറ്റവും പ്രചാരമുള്ള ഉത്തരം കുടുംബത്തോട് ബന്ധപ്പെട്ടതായിരുന്നു:

“ഒരു സ്വതന്ത്രമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട്, ജീവിതത്തിന് അർത്ഥം നൽകുന്നവ എന്ത് എന്ന ചോദ്യം ചോദിച്ചപ്പോൾ അമേരിക്കക്കാർ കൂടുതൽ പേരും കുടുംബത്തെ പരാമർശിക്കുന്നു. കൂടാതെ ജീവിതത്തിന് അർത്ഥം പകരുന്ന നിമിഷമേതാണ് എന്ന ഒരു closed-ended ചോദ്യം ചോദിച്ചപ്പോഴും, കൂടുതൽ പേരും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ‘വലിയ അർത്ഥം’ കണ്ടെത്തുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്നു.”
(“Where Americans Find Meaning in Life,” Pew Research Center, November 20, 2018, https://tiny-url.com/WilcoxGM1w.)

ചുരുക്കത്തിൽ, വിവാഹത്തിലൂടെ എല്ലാം സാർത്ഥകമാവുന്നു; എല്ലാം സഫലമായി അനുഭവപ്പെടുന്നു. ജീവിതം അടുക്കും ചിട്ടയും ക്രമവും വ്യവസ്ഥയും കൊണ്ട് അലംകൃതമാവുന്നു. അവിവാഹിതർ അനുഭവങ്ങൾക്ക് അർത്ഥതലങ്ങൾ തേടി അലയുമ്പോൾ, അനുനിമിഷം അർത്ഥപൂർണ്ണമാണ് ഒരു കുടുംബനാഥൻ്റെ/ നാഥയുടെത്. ഓരോ തീരുമാനങ്ങളും തിരഞ്ഞെടുപ്പും നിയമങ്ങളും നിയന്ത്രണങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും കളിയോട്ടങ്ങളും നെട്ടോട്ടങ്ങളും എല്ലാം കൃതനിശ്ചിതമാണ്.

വേണോ വിവാഹം? !!

ഭാഗം -5 👇

വേണോ വിവാഹം? !! -5


print

No comments yet.

Leave a comment

Your email address will not be published.