വേണോ വിവാഹം? !! -29

//വേണോ വിവാഹം? !! -29
//വേണോ വിവാഹം? !! -29
ആനുകാലികം

വേണോ വിവാഹം? !! -29

ലോകത്ത് ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്നത് ഗസ്സയിൽ !

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം… ആക്‌സിസ് ശക്തികൾക്കെതിരെ, അമേരിക്ക ബോംബർ വിമാനങ്ങൾ വിന്യസിച്ചു. വിമാനങ്ങളിൽ പലതും ശത്രു സൈന്യത്തിൻ്റെ വെടിയേറ്റ് നിലംപതിച്ചു. ചില ബോംബർ വിമാനങ്ങൾ അമേരിക്കൻ താവളങ്ങളിൽ വിജയകരമായി തിരിച്ചെത്തി.

ആ വിമാനങ്ങളെ (അതായത്, അതിജീവിച്ച വിമാനങ്ങളെ) കുറിച്ച് ഗവേഷകർ പഠിച്ചു. വിമാനത്തിന്റെ ഏത് ഭാഗങ്ങളിലാണ് കൂടുതൽ വെടിയേൽക്കുന്നത് എന്ന് പരിശോധിച്ച്, അത്തരം ഭാഗങ്ങൾ ശക്തിപ്പെടുത്തണം, കൂടുതൽ സംരക്ഷണ കവചങ്ങൾ വിമാനത്തിൻ്റെ വെടിയേറ്റ ഭാഗങ്ങളിൽ നിർമ്മിക്കണം എന്ന് ഗവേഷകർ ശുപാർശ ചെയ്തു.

​എന്നാൽ, താവളത്തിൽ തിരിച്ചെത്തിയിട്ടില്ലാത്ത വിമാനങ്ങളെ കുറിച്ച് ഒരു എഞ്ചിനീയർ ചിന്തിച്ചു. തിരികെ വന്ന വിമാനങ്ങളിൽ, വെടി കൊള്ളാത്ത ഭാഗങ്ങളാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഈ ഭാഗങ്ങളിൽ വെടി കൊണ്ടത് കൊണ്ടായിരിക്കണം മറ്റു വിമാനങ്ങൾ നിലം പതിച്ചത്.
കാരണം, തിരിച്ചെത്തിയ വിമാനങ്ങൾക്ക് വെടി കൊണ്ട ഭാഗങ്ങളിൽ തകരാറുകൾ ഉണ്ടായാലും വിമാനം നിലം പതിക്കില്ല എന്ന്, അവ തിരിച്ചെത്തിയതിലൂടെ തെളിഞ്ഞു. ആ ഭാഗങ്ങളിൽ പരിക്കുകൾ ഉണ്ടായാലും വിമാനങ്ങൾ എങ്ങനെ എങ്കിലും അതിജയിക്കും.

അപ്പോൾ വെടി കൊണ്ട അടയാളങ്ങൾ കാണിക്കാത്ത ഭാഗങ്ങളാണ്, യഥാർത്ഥത്തിൽ വെടി കൊണ്ടാൽ ഏറ്റവും അപകടകരമായ ഭാഗങ്ങൾ. ആ ഭാഗങ്ങളിൽ വെടി കൊണ്ട വിമാനങ്ങൾ തിരികെ വന്നില്ല എന്ന് എഞ്ചിനീയർ മനസ്സിലാക്കി. ആ എഞ്ചിനീയറുടെ നിരീക്ഷണമായിരുന്നു ശരി.

തിരിച്ചെത്തിയ വിമാനങ്ങളിൽ നിന്നുള്ള ഡാറ്റയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട്, പരിക്കു പറ്റിയ ഭാഗങ്ങൾ ശക്തിപ്പെടുത്തണം എന്ന് നിർദേശിച്ച ഗവേഷകർക്ക് പറ്റിയ അമളിയെ, സർവൈവർഷിപ്പ് ബയസ് (Survivorship bias) എന്നാണ് വിളിക്കപ്പെടുന്നത്.

സർവൈവർഷിപ്പ് ബയസ് (Survivorship bias):

​ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അതിജയിച്ച വ്യക്തികളിലോ, ഗ്രൂപ്പുകളിലോ, അല്ലെങ്കിൽ കേസുകളിലോ മാത്രം ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതിജയിക്കാത്തവരെ അവഗണിക്കുകയും ചെയ്യുമ്പോളാണ് സർവൈവർഷിപ്പ് ബയസ് ഉണ്ടാകുന്നത്.

മനുഷ്യരിലെ, നമുക്ക് പരിചയമുള്ള ഒരു ഉപവിഭാഗത്തെ മാത്രം പഠിക്കുന്നതുകൊണ്ട് തെറ്റായ നിഗമനങ്ങളിലേക്ക് എത്താൻ സർവൈവർഷിപ്പ് ബയസ് നയിച്ചേക്കാം. സർവൈവർഷിപ്പ് ബയസ് എന്നത് ഒരു തരം ‘സെലക്ഷൻ ബയസ്’ (തിരഞ്ഞെടുപ്പ് അബദ്ധം’) ആണ്.

സാമൂഹിക പ്രസക്തമായ മറ്റൊരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം:

കല്യാണം കഴിക്കണോ ?

കല്യാണം കഴിച്ചാൽ കുടുങ്ങുമൊ ?

കല്യാണം കഴിച്ചിട്ട് എന്താണ് കാര്യം ?!

കല്യാണം കഴിഞ്ഞാൽ ജീവിതം ആസ്വദിക്കാനാകുമൊ ?

കല്യാണം കഴിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിൽ, പലരും ‘സെലക്ഷൻ ബയസ്’ ൽ (തിരഞ്ഞെടുപ്പ് അബദ്ധം’) അല്ലെങ്കിൽ ‘സർവൈവർഷിപ്പ് ബയസ്’ൽ പെട്ടു പോകുന്നു.

കല്യാണം കഴിച്ചവരുടെ സ്ഥിതി നോക്കൂ! അറിവിലുള്ള ദമ്പതികൾക്കിടയിൽ എല്ലാം കുറേ പ്രശ്നങ്ങൾ ആണ് ശ്രദ്ധയിൽ പെടുന്നത്. പിണക്കങ്ങളും തർക്കങ്ങളും കലഹങ്ങളും പല കുടുംബങ്ങളിലും കാണാൻ കഴിയുന്നു. (വെടിയുണ്ടകൾ തറച്ച് തുളകൾ നിറഞ്ഞ ബോംബർ വിമാനങ്ങൾ പോലെ.) എന്താണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം ?
വിവാഹം തന്നെ !
എങ്കിൽ ഞാനും വിവാഹം കഴിക്കുന്നില്ല. ഇപ്പോൾ ഏതായാലും വേണ്ട.

പക്ഷെ, ഇങ്ങനെ ചിന്തിക്കുന്നവർ താവളത്തിൽ തിരിച്ചെത്താത്ത വിമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. ക്ഷമിക്കണം…
അവർ വിവാഹം വേണ്ടെന്ന് വെച്ച, വിവാഹ വ്യവസ്ഥയെ തിരസ്കരിച്ച മനുഷ്യരെയും സമൂഹങ്ങളെയും കുറിച്ച് അറിയുകയൊ പഠിക്കുകയൊ ചെയ്തിട്ടില്ല ! മനുഷ്യവംശത്തിൻ്റെ ചരിത്രാതീത കാലം മുതൽക്കെ അതിജയിച്ച്, ആധുനികത വരെ എത്തിയ വിവാഹിതരുടെ വെടി കൊണ്ട തുളകൾ എണ്ണി നേരം കളയാതെ, അക്ഷരാർത്ഥത്തിൽ അതിജീവിക്കാതെ മണ്ണടിഞ്ഞ അവിവാഹിത വിമാനങ്ങളെ കുറിച്ച് പഠിക്കണം.

സാമൂഹ്യശാസ്‌ത്ര പഠനങ്ങളുടെയും ജീവശാസ്ത്ര കണ്ടെത്തലുകളുടെയും മത ദർശനത്തിൻ്റെയും വെളിച്ചത്തിൽ നാം പഠിക്കുമ്പോൾ വിവാഹ തിരസ്കരണം വ്യക്തികളുടെ ഒറ്റക്കും മനുഷ്യവംശത്തിൻ്റെ മൊത്തത്തിലുമുള്ള അതിജീവനത്തെ അസാധ്യമാക്കുന്നു എന്ന് മുമ്പത്തെ അധ്യായങ്ങളിലൂടെ നമുക്ക് മനസ്സിലായി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ വിവാഹം അനിവാര്യവും ആരോഗ്യദായകവും കൂടുതൽ ആസ്വാദ്യകരവുമാണെന്ന് നാം മനസ്സിലാക്കി.

എൻ്റെ വിവാഹത്തിലൂടെ എനിക്ക് സംഭവിച്ച ചില ദുരനുഭവങ്ങളിലൂടെ മറ്റുള്ളവരുടെ ദാമ്പത്യത്തെയൊ, വിവാഹം ചെയ്യാനുള്ളവരുടെ ഭാവിയെയൊ നിഗമിക്കുന്നത് ‘സർവൈവർഷിപ്പ് ബയസ് ‘ൻ്റെ നല്ല ഒന്നാന്തരം ഉദാഹരണമാണ്. ഇന്നത്തെ, ചില മാതാപിതാക്കളിൽ ഈ ബയസ് വ്യക്തമായി ദർശിക്കാം:

ഉദാഹരണത്തിന്, അമേരിക്കൻ ഫെമിനിസത്തിൻ്റെ മാതാവ്, സാക്ഷാൽ ബെറ്റി ഫ്രീഡനോട്,
മുപ്പതുകളിൽ എത്തിയ, ന്യൂസ് ഷോയുടെ നിർമ്മാതാവായ ഒരു വിജയിയായ സ്ത്രീ ഇപ്രകാരം വ്യാകുലത പങ്കു വെച്ചു:

“കുടുംബിനിയായ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ‘ഞാൻ ചെയ്തതു പോലെ നീ ചെയ്യരുത്, മകളേ, എനിക്ക് പറ്റിയ അമളി നിനക്കും പറ്റരുത്. നീ ഒരു കരീയർ ഉണ്ടാക്കണം. ജോലി ചെയ്യണം. ജീവിതം കൊണ്ട് എന്തെങ്കിലും സാധ്യമാക്കണം. ആരെയും ആശ്രയിച്ചു ജീവിക്കുന്ന ഗതികേടിൽ അകപ്പെടരുത്.’ അമ്മയുടെ ഈ ഉപദേശം കേട്ട്, “സ്വാതന്ത്ര്യം” വിട്ടുകൊടുക്കാൻ പേടിച്ചാണ് ഞാൻ ജീവിച്ച് വളർന്നത്. പക്ഷെ ഇപ്പോൾ ആ ഉപദേശവും എന്റെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പും ഭീമാബദ്ധമായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നു, കുട്ടികളുണ്ടാകുന്നതിൽ ഞാൻ ഭ്രമിച്ചു തുടങ്ങി. എന്റെ പ്രായത്തിലുള്ള എല്ലാ സ്ത്രീകളും -അവർ സമ്മതിച്ചാലും ഇല്ലെങ്കിലും – അതിനെക്കുറിച്ച് വേദനിക്കുന്നവരാണ്. പുരുഷന്മാരെ പോലെ തന്നെ, ഒരു സ്ത്രീയായ എനിക്കും ഈ ജോലികൾ ചെയ്യാൻ കഴിയുമെന്ന് വർഷങ്ങളോളം തെളിയിച്ച് തളർന്ന ശേഷം, ഇപ്പോൾ ഒരു സ്ത്രീ എന്ന സ്വത്വ ബോധം വളരെ തീക്ഷ്ണമായി എന്നിൽ ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് ഒരു കുട്ടി വേണമെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.”

ഒഹായോയിലെ ഒരു ഫെമിനിസ്റ്റ് ബെറ്റി ഫ്രീഡനോട് പരാതിപ്പെടുന്നതിങ്ങനെ:
“ഇവിടെ ആദ്യമായി മാനേജ്‍മെന്റ് ശ്രേണിയിൽ എത്തിയ ആദ്യ സ്ത്രീയാണ് ഞാൻ. ഉദ്യോഗത്തിനായി മറ്റെല്ലാം ഞാൻ പരിത്യജിച്ചു. മറ്റു സ്ത്രീകൾ ധൈര്യപ്പെടാത്ത പലതും ഭേദിച്ച് ഞാൻ മുന്നേറുമ്പോൾ ആദ്യമെല്ലാം ആവേശം തോന്നിയിരുന്നു. ഇപ്പോൾ ഇത് വെറും ഒരു ജോലിയല്ലെ ?! എന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മടുപ്പിക്കുന്ന ഏകാന്തതയാണ് ഏറ്റവും അസഹനീയം. എല്ലാ രാത്രിയും ഒറ്റയ്ക്ക് ഈ അപ്പാർട്ട്മെന്റിലേക്ക് വരുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു വീട് വേണം, ഒരുപക്ഷേ ഒരു പൂന്തോട്ടവും. ഒരുപക്ഷേ എനിക്ക് ഒരു കുട്ടി ഉണ്ടായിരിക്കണം. എങ്കിലെങ്കിലും എനിക്കൊരു കുടുംബമുണ്ടായേനെ. ഈ ഏകാകിയായ സ്ത്രീ ഭാവത്തെക്കാൾ, ജീവിക്കാൻ എന്തെങ്കിലും മെച്ചപ്പെട്ട മാർഗം ഉണ്ടാവുമെന്ന് എനിക്ക് തീർച്ചയാണ്…”
(The miseducation of women: James Tooley: 9, 10)

സ്വന്തം വിവാഹ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും ചില ദുരനുഭവങ്ങൾ (വെടിയുണ്ടകൾ ഏറ്റുവാങ്ങിയ തുളകൾ) മാത്രം നോക്കി, താൻ മനസ്സിലാക്കുകയൊ പഠിക്കുകയൊ ചെയ്യാത്ത ഒരു ജീവിത തിരഞ്ഞെടുപ്പിലേക്ക് – അഥവാ അവിവാഹിത ജീവിതത്തിലേക്ക് – അടുത്ത തലമുറയെ, വഴിതെറ്റിക്കുന്ന, കല്യാണം മുടക്കികളുടെ ‘സർവൈവർഷിപ്പ് ബയസ് ‘ൻ്റെ തിക്തഫലം പുതു തലമുറയിലെ മക്കൾ അനുഭവിച്ചു തീർക്കുകയാണ്; അല്ലെങ്കിൽ തീർക്കാനിരിക്കുകയാണ്.

പരിക്കോടു കൂടിയാണെങ്കിലും, തങ്ങൾ അതിജയിച്ച വിമാനങ്ങളാണ് എന്ന് ഈ വിവാഹിതർക്ക് അറിയില്ല. തങ്ങളുടെ അതിജീവനത്തിൻ്റെ മുഖ്യ കാരണം വിവാഹവും കുട്ടികളും കുടുംബവുമെല്ലാമാണെന്ന് ചിന്തിക്കാനുള്ള അറിവും കഴിവും പഠനവും ഇവരുടെ പക്കലില്ല.

സ്വന്തം വിവാഹത്തിലെ പരിഭവങ്ങളോടും സൗന്ദര്യപിണക്കങ്ങളോടും അതിൻ്റെ അനുപാതത്തിനപ്പുറം പ്രതികരിക്കുന്ന മാതാപിതാക്കൾ, വിവാഹത്തിൻ്റെ വില അറിഞ്ഞിട്ടില്ല; കാരണം അതിൻ്റെ നഷ്ടമൊ അഭാവമൊ അവർ അനുഭവിച്ചിട്ടില്ല. അവയുടെ അഭാവം സൃഷ്ടിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ ദുരന്തങ്ങൾക്ക് അവർ സാക്ഷിയായിട്ടുമില്ല.

ജീവിതകാലം മുഴുവൻ വിവാഹത്തിനും കുടുംബത്തിനുമെതിരെ ഘോരഘോരം ഗർജ്ജിച്ച്, ജീവിതത്തിന്റെ അവസാനദശയിൽ ലഭ്യമായ ബോധ്യത്തിൽ നിന്ന്, അമേരിക്കൻ ഫെമിനിസത്തിൻ്റെ മാതാവ്, ബെറ്റി ഫ്രീഡൻ ഇങ്ങനെ കുറിച്ചിട്ടു:

“The Feminine Mystique (എന്ന ഫെമിനിസ്റ്റ് വിവാഹ വിരുദ്ധ കൃതി) എഴുതുന്നതിൽ ഞാൻ മുഴുകിയിരുന്ന വർഷങ്ങളിലെല്ലാം, എന്റെ ചെറിയ മകൾ സ്‌കൂളിൽ നിന്ന് വരുമ്പോഴോ എന്റെ ആൺമക്കൾ ഒരു ചെറിയ ലീഗിലോ ബാസ്‌ക്കറ്റ്‌ബോൾ ഗെയിമിലോ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ മാർട്ടിനി ഉണ്ടാക്കുമ്പോഴോ ഞാൻ എഴുതുന്നത് നിർത്തും. കുടുംബത്തോടൊപ്പം അത്താഴം കഴിക്കുക, ഭർത്താവിനൊപ്പം തർക്കിക്കുക, സിനിമക്ക് പോകുക, പ്രണയലീലകളിലും രതിയിലും ഏർപ്പെടുക, ശനിയാഴ്ച സൂപ്പർമാർക്കറ്റിലേക്കോ ചന്തയിലൊ ഒരു പര്യവേഷണത്തിൽ ചേരുക, ഫയർ ഐലൻഡിലെ കടൽത്തീരത്ത് ഒരു മത്സ്യവിഭവ വിരുന്ന് സംഘടിപ്പിക്കുക, ഗെറ്റിസ്ബർഗിലെ യുദ്ധക്കളത്തിലേക്ക് കുട്ടികളെ കളിക്കാൻ കൊണ്ടുപോകുക, അല്ലെങ്കിൽ കേപ് ഹാറ്റെറാസിൽ ക്യാമ്പിംഗ് നടത്തുക – ഇത്തരം കുടുംബജീവിതത്തിന്റെ സന്തോഷങ്ങളിൽ ഞാനടക്കം പല പഴയ കാല ഫെമിനിസ്റ്റുകളും മുഴുകിയിരുന്നു, ഞങ്ങൾ അതെല്ലാം നിസ്സാരമായി എടുത്തു.”
(The miseducation of women: James Tooley: 8, 9)

വിവാഹത്തിൻ്റെ വിലയറിയാത്ത, കുടുംബത്തെ വിലമതിക്കാത്ത ഭർത്താക്കന്മാരും പിതാക്കന്മാരുമാണ് മറ്റൊരു വിഭാഗം കല്യാണം മുടക്കികൾ. ഡോപ്പമീൻ പ്രേരിത ആശയങ്ങളാലും സംസ്കാരത്താലും സ്വാധീനിക്കപ്പെട്ട ഇവർ തങ്ങളുടെ ആസക്തികൾക്കു പിന്നിൽ പായുന്നു. സഹധർമിണിക്കും സന്താനങ്ങൾക്കും സ്നേഹവും കാരുണ്യവും നിഷേധിക്കുന്നു.
അവിഹിതങ്ങൾ, ലഹരികൾ, അനീതികൾ, അധർമ്മങ്ങൾ, ദ്രോഹങ്ങൾ, കൃത്യവിലോപങ്ങൾ എല്ലാം കുടുംബത്തോട് ചെയ്തു കൂട്ടുന്നു. അവരുടെ സ്വാർത്ഥതയും ആത്മാരാധനയും ആദർശരാഹിത്യവും വിവാഹ-കുടുംബ ജീവിതത്തെ വികൃതമാക്കുന്നു. ഈ വികൃതമായ വിവാഹമാതൃക കാണുന്ന മക്കളിൽ വിവാഹ വിമുഖത വളരുന്നു. വിവാഹത്തെയും കുടുംബത്തെയും വിലയില്ലാത്ത ഇത്തരം പുരുഷ വൃന്ദത്തിൻ്റെ ചെയ്തികൾ കാരണം, വിവാഹത്തെയും കുടുംബത്തെയും വിലമതിക്കുന്ന നിരപരാധികളും മാന്യരുമായ, ന്യൂജൻ പുരുഷന്മാർ സംശയദൃഷ്ടിയിൽ നിരീക്ഷിക്കപ്പെടുന്നു.

വ്യക്തിപരമായ അനുഭവങ്ങൾ പൊതുവൽക്കരിക്കുകയും വിവാഹങ്ങൾക്കെല്ലാം എതിരെ മുൻവിധികൾ വെച്ചു പുലർത്തുകയും ചെയ്യുന്ന സുഹൃദ് വലയവും കല്യാണം മുടക്കികളും കുടുംബം കലക്കികളുമാണ്.

ചില പഠനങ്ങൾ പറയുന്നത് കാണുക:

“നമ്മുടെ ഒരു അടുത്ത സുഹൃത്ത് വിവാഹമോചനം നേടിയാൽ, നമ്മുടെ വിവാഹമോചനത്തിനുള്ള സാധ്യത 96% വരെ വർധിക്കുന്നു, ഒരു സുഹൃത്തിൻ്റെ സുഹൃത്ത് വിവാഹമോചനം നേടിയാൽ അത് ഏകദേശം 33% ആയിരിക്കും. കുട്ടികൾ ഉണ്ടായിരിക്കുന്നത് ഈ സ്വാധീനം കുറയ്ക്കുന്ന ഒരു സംരക്ഷിത ഘടകമായി (protective factor) പ്രവർത്തിച്ചേക്കാം.”
(www.goodtherapy.org
https://rb.gy/ysyh6d.

https://pmc.ncbi.nlm.nih.gov/articles/PMC3990282).

“നിങ്ങളുടെ മാതാപിതാക്കളും, ഏറ്റവും അടുത്ത സുഹൃത്തും, സഹോദരിയും വിവാഹമോചനം നേടിയാൽ, നിങ്ങളുടെ സ്വന്തം വിവാഹത്തിലുള്ള ആത്മവിശ്വാസം കുറയാൻ സാധ്യതയുണ്ട്. കാരണം, നമ്മൾ നമ്മുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവാഹങ്ങളിൽ സംഭവിക്കുന്നത് കാണുന്നത്, നമ്മുടെ സ്വന്തം ബന്ധത്തെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നതിനെയും അതിനെ സമീപിക്കുന്ന രീതിയെയും വളരെയധികം സ്വാധീനിക്കുന്നു.”
(Rich Morin, “Is Divorce Contagious?” Pew Research Center, October
https://tinyurl.com/WilcoxGM2r. 21, 2013)

അതുപോലെ, നിങ്ങളുടെ സ്വന്തം വിവാഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിങ്ങളുടെ വൈകാരിക സുരക്ഷിതത്വബോധം (sense of emotional security), ബന്ധത്തിൽ നിക്ഷേപം നടത്താനുള്ള സന്നദ്ധത (willingness to invest in your relationship), നിങ്ങളുടെ സ്വന്തം വിവാഹത്തിലെ സന്തോഷം എന്നിവ കുറയ്ക്കുന്നു.

ഇതെല്ലാം ചിന്തിക്കുന്നതിലും ബുദ്ധി ഉപയോഗിക്കുന്നതിലും സംഭവിക്കുന്ന അബദ്ധം മാത്രമാണ്. മുമ്പ് സൂചിപ്പിച്ചതു പോലെ, കേവലം ‘സർവൈവർഷിപ്പ് ബയസ് ‘. നമുക്ക് ചുറ്റും വിവാഹിതരായി നാം കാണുന്ന ഒരു ചെറിയ വിഭാഗത്തെ മാത്രം പരിഗണിച്ചു കൊണ്ടുള്ള, നമ്മുടെ അശാസ്ത്രീയമായ ഗവേഷണത്തിലൂടെ നാം എത്തി ചേരുന്ന ചിന്താപരമായ അപചയമാണ് വിവാഹ വിരുദ്ധത. വിവാഹിതരല്ലാത്തവരെ കുറിച്ച സർവേകളും വിവാഹത്തിൻ്റെ അഭാവത്തെ സംബന്ധിച്ച പഠനങ്ങളും ചേർത്ത് വെച്ച് പഠിക്കുമ്പോൾ ഇതു നമുക്ക് ബോധ്യമാവുന്നു.

ഈ അശാസ്ത്രീയവും യുക്തിവിരുദ്ധവുമായ ആശങ്കകൾ മനസ്സിൽ നിന്നും പിഴുതെറിയുക. എങ്കിൽ ഭാവി ഖേദങ്ങളിൽ നിന്നും രക്ഷപ്പെടാം. ഖേദത്തെ (Regrets) കുറിച്ച് നടന്ന പഠനങ്ങളെല്ലാം ഒരേ സ്വരത്തിൽ പ്രഖ്യാപിക്കുന്ന ഒരു പൊതുവായ ബിന്ദുവുണ്ട്; അത് ഇതാണ്:

നാം ചെയ്ത കാര്യങ്ങളെ (Action) കുറിച്ച ഖേദങ്ങൾ മിക്കവാറും ഹ്രസ്വകാലാടിസ്ഥാനത്തിൽ (short term) ആയിരിക്കും.
ദീർഘകാലാടിസ്ഥാനത്തിൽ (long term), നാം ചെയ്യാതിരുന്ന കാര്യങ്ങളെ (Inaction) കുറിച്ചാണ് നാം ഖേദിക്കുക.

അഥവാ, ഒരു കാര്യം ചെയ്ത് ഉണ്ടാവുന്ന ഖേദങ്ങൾ, പൊതുവെ കുറച്ചു കാലമെ നിലനിൽക്കൂ. അതേസമയം ചെയ്യാതിരുന്ന, അവസരം ഉണ്ടായിട്ടും ഉപേക്ഷിച്ച കാര്യങ്ങൾ എന്നെന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും!

ഇതാണ് ഖേദങ്ങളെ കുറിച്ച താഴെ ചേർക്കുന്ന പഠനങ്ങൾ എല്ലാം യോജിക്കുന്ന ഒരു പോയൻ്റ്:

Gilovich, T., & Medvec, V. H. (1995). The experience of regret: What, when, and why. Psychological Review, 102(2), 379–395.

Kahneman, D., & Tversky, A. (1982). The psychology of preferences. Scientific American, 246(1), 160–173.

Roese, N. J., & Summerville, A. (2005). What we regret most… and why. Personality and Social Psychology Bulletin, 31(9), 1273–1285.

Roese, N. J., & Morrison, M. (2011). The psychology of regret. In E. Higgins & A. Kruglanski (Eds.), Social psychology: Handbook of basic principles (2nd ed.).

അപ്പോൾ, വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടാവുന്ന ഖേദത്തേക്കാൾ കൂടുതൽ സാധ്യതയും വേദനയും വിവാഹം കഴിക്കാതിരുന്നാലാണ് ഉണ്ടാവുക. അങ്ങനെ വരുമ്പോൾ ബുദ്ധിപരമായ നീക്കം വിവാഹം കഴിക്കുക എന്നത് തന്നെയാണ്.

ആശങ്കകൾ വേണ്ട.
അത് യുക്തിക്കും എംബിരിക്കൽ തെളിവുകൾക്കും സർവ്വോപരി ആത്മീയതക്കും വിരുദ്ധമാണ്.

നാം ദൈവ വിശ്വാസികളാണ്. ദൈവ തൃപ്തിക്ക് കാരണമായ, ഒരു മഹത്തായ കർമ്മമാണ് വിവാഹം. ആത്മാർത്ഥവും ധാർമ്മികവുമായ ഒരു വിവാഹ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് അല്ലാഹുവിൻ്റെ സഹായം ഉണ്ടാവുമെന്ന് തവക്കുൽ (അല്ലാഹുവിൽ ഭരമേൽപ്പിക്കാൻ) ചെയ്യാൻ നമുക്ക് കഴിയേണ്ടതില്ലെ ?

ഉദ്ദേശിക്കുന്ന ഭൗതിക സ്ഥിതിയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല, ലൈഫ് ഒന്ന് സെറ്റാവട്ടെ, കൂടുതൽ ശമ്പളമുള്ള ജോലി കിട്ടട്ടെ, ഇപ്പോളുള്ള പ്രശ്നങ്ങൾ ഒന്ന് അവസാനിക്കട്ടെ, എല്ലാം ഒത്ത ആലോചന വരട്ടെ…. എന്നിട്ടാവാം വിവാഹം എന്ന് നമ്മിൽ പലരും ഇപ്പോഴും അറച്ചു നിൽക്കുകയാണ്.

മറ്റേത് വിഷയങ്ങളിലും എന്നത് പോലെ, ഈ വിഷയത്തിലും ഫലസ്തീനികൾ നമുക്ക് മാതൃകയാണ്.

കൂട്ടം കൂട്ടമായി അവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
(https://www.instagram.com/reel/DRxUWIgjxi_/?igsh=MWliaWYzY2VraXppcg== )

ലോകത്തിലെ ഏറ്റവും ഉയർന്ന വിവാഹ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നത്
ഫലസ്തീനാണ്; അഥവാ ഫലസ്തീനിൽ നിന്ന് അവശേഷിക്കുന്ന ഭാഗങ്ങളായ വെസ്റ്റ് ബാങ്കും ഗസ്സയും !
(https://www.statista.com/topics/797/weddings-and-marriage.)

തിരയൊന്ന് അടങ്ങട്ടെ എന്ന് കാത്തു നിൽക്കുന്ന ഭീരുക്കളല്ല അവർ. ആകാശത്ത് മിന്നൽ സമാനം മിസൈലുകളുടെ തീവെളിച്ചങ്ങൾ വെള്ളി കീറുന്നതിനും,
ബുള്ളറ്റുകളുടെ മഴ ചറപറ പെയ്തിറങ്ങുന്നതിനും ഇടയിൽ,
ഫലസ്തീനികൾ വിവാഹത്തിൻ്റെ കുടച്ചോട്ടിൽ ആനന്ദ നിമിഷങ്ങൾ പങ്കിടുന്നു..!

ദൈവത്തിൻ്റെ വാഗ്ദാനത്തിൽ വിശ്വാസമർപ്പിക്കൽ വിശ്വാസിയാവാനുള്ള അടിസ്ഥാനപരമായ ഒരു യോഗ്യതയാണ്. ദൈവകൽപ്പന പ്രകാരം, മതബോധവും വൈവാഹിക യോഗ്യതകളും ഉള്ള ഒരു ഇണയെ സ്വീകരിച്ചാൽ അത് ജീവിതത്തിലേക്ക് ഗുണങ്ങളെ ആനയിക്കുമെന്ന് വിശ്വസിക്കാൻ സാധിക്കണം.

ഒരു വിശ്വാസിയുടെ ജീവിതത്തിലുടനീളം അവനെ നയിക്കേണ്ട രണ്ട് ആത്മീയ മനസ്ഥിതികളാണ് തവക്കുലും (التوكل അല്ലാഹുവിൽ ഭരമേൽപ്പിക്കൽ), അല്ലാഹുവെ കുറിച്ച ശുഭചിന്തയും (حسن الظن بالله).

അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും കൽപ്പന ശിരസാ വഹിച്ച്, അവൻ കൽപ്പിച്ച രീതിയിലും നിലയിലും ലക്ഷ്യത്തിലുമാണ് ഞാൻ വിവാഹം ചെയ്യുന്നത്. ഒരു ഇണയിൽ മുൻഗണന നൽകാൻ അല്ലാഹു കൽപ്പിച്ച ഗുണഗണങ്ങളെയാണ് ഞാൻ എൻ്റെ വിവാഹത്തിൽ മുൻഗണന നൽകിയിരിക്കുന്നത്.

അതിനാൽ അല്ലാഹു എൻ്റെ കൂടെയുണ്ട്; അവസാനം വരെ അവൻ കൂടെയുണ്ടാവും. അവനെന്നെ കൈവെടിയില്ല. അവൻ്റെ സഹായവും അനുഗ്രഹവും കാരുണ്യവും സ്നേഹവും അവൻ എൻ്റെ ദാമ്പത്യത്തിലും കുടുംബത്തിലും വാരി ചൊരിയും.

പ്രശ്നങ്ങളിൽ പോംവഴി കാണിക്കും, പ്രതിസന്ധികളിൽ പ്രതീക്ഷ നൽകും.

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു, അവനുദ്ദേശിച്ച കാര്യത്തിലേക്ക് എത്തുന്നവൻ തന്നെയാകുന്നു. (എന്നാൽ) ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌…

വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌…

വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌.”
(ക്വുർആൻ: 65:2,3,4,5)

“അല്ലാഹുവിനായി വല്ലവനും വല്ലതും ത്യജിച്ചാൽ അതിനേക്കാൾ ഉത്തമമായത് അവന് പകരമായി അല്ലാഹു കൊടുക്കുക തന്നെ ചെയ്യും.”
(സിൽസിലതു സ്വഹീഹ: 2/734)

അവിശുദ്ധ ബന്ധങ്ങൾ, സുഖാസ്വാദനങ്ങൾ, ആസക്തികൾ, സ്വാർത്ഥമായ സൗകര്യങ്ങൾ, ഇങ്ങനെ എന്തും, മാന്യവും ധാർമ്മികവുമായ വിവാഹ ജീവിതത്തിനായി നാം ഉപേക്ഷിക്കുകയാണെങ്കിൽ അതിനേക്കാൾ മനോഹരവും ഗുണകരവുമായത് പകരം അവൻ നൽകും. അല്ലാഹു കൈവെടിഞ്ഞ ഒരു ജീവിതത്തിൽ ഒരു നന്മയും ഉണ്ടാവാനില്ല.

വൈവാഹിക ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നേക്കാവുന്ന പ്രശ്നങ്ങൾ വിവാഹം വേണ്ടെന്ന് വച്ചത് കൊണ്ട് വഴിയിൽ തങ്ങില്ല. അതിനേക്കാൾ പതിന്മടങ്ങ് വേദനകളും വ്യസനങ്ങളുമായിരിക്കാം, പകരമായി നാം കൊതിക്കുന്ന അവിവാഹിത ജീവിതം എനിക്ക് നൽകുക.

നമുക്ക് സംഭവിക്കുന്ന സർവ്വ ദുരനുഭവങ്ങളെയും രണ്ടായി തിരിക്കാം:

1. എൻ്റെ നിയന്ത്രണത്തിൽ പെട്ടത്.
2. എൻ്റെ നിയന്ത്രണത്തിനപ്പുറമുള്ളത്.

എൻ്റെ നിയന്ത്രണ സ്വാധീന ശക്തിക്കപ്പുറമുള്ള കാര്യങ്ങളിൽ എൻ്റെ മനസ്ഥിതി ഇപ്രകാരം ആയിരിക്കണം:

“അല്ലാഹുവേ, നീ നൽകിയത് (സുഖ ദുഖങ്ങൾ) തടയാൻ ആരുമില്ല. നീ തടഞ്ഞത് (സുഖ ദുഖങ്ങൾ) നൽകാനും ആരുമില്ല.”
(ബുഖാരി: 7292)

ഇനി, വിവാഹത്തിലൂടെ വല്ല പ്രയാസങ്ങളും അനുഭവപ്പെടുകയാണെങ്കിൽ, “ഒരു വിശ്വാസിക്ക് എല്ലാം (ആത്യന്തികമായി) നല്ലതിനാണ് ” എന്നാണ് എന്നെ എൻ്റെ നബി (സ) പഠിപ്പിച്ചത്. (അഹ്‌മദ്: 23930)
”എന്നിൽ സംഭവിക്കുന്നതെല്ലാം (അല്ലാഹുവേ) നിൻ്റെ വിധിയാണ്. നീ വിധിച്ചതെല്ലാം എന്നിൽ നീതിയാണ്.”
(അഹ്‌മദ്: 3712)
എന്ന് സമാധാനിക്കാൻ സാധിക്കും.

“അല്ലാഹുവേ, ഞാൻ എൻ്റെ സ്വന്തത്തെ നിനക്ക് സമർപ്പിക്കുന്നു. എൻ്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും നിന്നെ ഭരമേൽപ്പിക്കുന്നു. എന്റെ ആശ്രയമായി നിന്നെ ഞാൻ സ്വീകരിക്കുന്നു; നിന്നെ ഭയന്നും നിന്നിൽ പ്രതീക്ഷയോടെയും. നിന്നിൽ നിന്ന് നിന്നിലേക്കല്ലാതെ ഒരു അഭയസ്ഥാനമോ രക്ഷാ സങ്കേതമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. നീ അയച്ച പ്രവാചകനിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.”
(ഇബ്നു ഹിബ്ബാൻ: 5542)

പാശ്ചാത്യ സംസ്കാരവും ലിബറൽ ജീവിതശൈലിയും പ്രതാപം ഉണ്ടാക്കുമെന്നും വിലയും നിലയും സൃഷ്ടിക്കുമെന്നും തെറ്റിദ്ധരിച്ച്, വിശ്വാസികളിൽ ആരെങ്കിലും, സിങ്കിൾ ലൈഫ് തിരഞ്ഞെടുക്കുന്നുവെങ്കിൽ ഓർക്കുക, പാശ്ചാത്യ- ലിബറൽ സമൂഹത്തേക്കാൾ, ധാർമ്മികമായി വിലകെട്ട പുരുഷന്മാർ ജീവിക്കുന്ന, സ്ത്രീകൾക്ക് നിലയും വിലയുമില്ലാത്ത, ഒരു സംസ്കാരവും ജീവിത ശൈലിയും ലോകത്തെങ്ങുമില്ല.

“സത്യനിഷേധികളുടെ (ആദർശ സംസ്കാരങ്ങളിൽ) പ്രതാപം തേടിപ്പോകുകയാണോ അവര്‍ ? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.”
(ക്വുർആൻ 4: 139)

“അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.”
(ക്വുർആൻ: 63:8)

വാൽകഷ്ണം:
ഈ പഠന പരമ്പര മുഴുവൻ വായിച്ചിട്ടും, വിവാഹം ചെയ്യാൻ തോന്നാത്തവരുണ്ടെങ്കിൽ, അവർ വിവാഹം കഴിക്കാതിരിക്കുന്നതാവും മനുഷ്യകുലത്തിന് ഗുണകരം. കാരണം, ഗുണനിലവാരമില്ലാത്തവർ, പ്രത്യുൽപാദനത്തിലൂടെ അതിജീവിക്കുകയില്ലല്ലൊ. Survival of the Fittest പ്രകാരം, കാലത്തിനും പരിസരത്തിനും യോജിച്ച യോഗ്യന്മാരേ അതിജീവിക്കുകയുള്ളു എന്ന്, നാസ്തികരോടും ലിബറലുകളോടും പോയി പറയാൻ പറഞ്ഞു; ചാൾസ് ഡാർവിൻ.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.