വിവാഹ വിമുഖതയുടെ സ്രോതസ്സുകൾ ?
part -2
യുവത്വം
യുവത്വം അനുഗ്രങ്ങളുടെ കാലിക സമാഹാരമാണ്. മനസ്സിനോട് പരമാവധി മെയ്യെത്തുന്ന ഒരു കാലം. ഏത് കഴിവും, ശക്തിയും, പ്രാപ്തിയും, ആസ്വാദനങ്ങളും ത്വരിതവും മനോഹരവുമാക്കുന്ന ജൈവ ചേരുവയാണ് യുവത്വം.
സ്വാഭാവികമായും, വിവാഹം, കുട്ടികൾ, പാരൻ്റിങ്ങ്, കുടുംബ ജീവിതം എന്നിവയെല്ലാം ഏറ്റവും ഫലപ്രദമായും ആസ്വാദ്യകരമായും നിർവ്വഹിക്കാൻ കഴിയുന്ന അത്യുത്തമ കാലഘട്ടം. അതിനായി നമ്മുടെ മനസ്സും ശരീരവും യുവത്വത്തിൽ ജൈവശാസ്ത്രപരമായും സഹജമായും സജ്ജമാവുന്നു.
പക്ഷെ, വിവാഹത്തിന് ഏറ്റവും ഇണങ്ങിയ ഈ പ്രായം നമ്മുടെ കരിയറും, വിദ്യാഭ്യാസവും, ആസ്വാദനങ്ങളും, ആഗ്രഹങ്ങൾക്കും ആണെന്ന് പറഞ്ഞ് പലരും ഉപേക്ഷിക്കുന്നു.
പഠനവും ജീവിതസാഹചര്യങ്ങളും ന്യായീകരണങ്ങളായി പറഞ്ഞു പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹം മുപ്പതും നാൽപ്പതുമൊക്കെ പ്രായത്തിലേക്ക് എത്തിക്കുന്നത് തീർത്തും അവസാനിപ്പിക്കേണ്ട പ്രവണതയാണ്.
വിശന്നാൽ നമ്മൾ എന്തും തിന്നും എന്ന് നമുക്കറിയാമല്ലോ. രുചിയോ ആരോഗ്യമോ നാം കഠിന വിശപ്പിന്റെ സാഹചര്യത്തിൽ മുഖവിലക്കെടുക്കില്ല. ഇതുപോലെ പ്രണയ വിശപ്പ് ആരെയും പ്രണയിക്കാൻ നമ്മെ പ്രേരിപ്പിക്കും. ആശാസ്യമല്ലാത്ത ബന്ധങ്ങളിൽ ഏർപ്പെടാൻ പ്രചോദിതരാവും.
ആരോഗ്യ പ്രദമോ ഉചിതമോ ആണെന്ന് നോക്കാതെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഏതു വ്യക്തിയെയും നാം പിന്തുടരുന്ന അപകടകരമായ അവസ്ഥയാണ് വൈകിയ വിവാഹങ്ങളിലൂടെ സംജാതമാവുക. എന്നു മാത്രമല്ല നല്ല ഒരു വിവാഹ ജീവിതം ലഭിക്കാതെ വരുന്ന സാഹചര്യവും ഉണ്ടാവുന്നു. വിവാഹം വൈകിപ്പിക്കുന്നതിലൂടെ വളരെയധികം ദോഷം ബാധിക്കുക പെൺകുട്ടികൾക്കാണ് എന്നതും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
യൂറോപ്പിലെ ദശലക്ഷങ്ങൾക്ക് ഇണകളെ കണ്ടെത്താനും ബന്ധം സ്ഥാപിക്കാനും അവസരമൊരുക്കുന്ന ഒരു ഡെയ്റ്റിംഗ് വെബ്സൈറ്റായ OkCupid ലെ പ്രൊഫൈലുകളെ അടിസ്ഥാനമാക്കി, സ്ഥാപകനായ ക്രിസ്റ്റ്യൻ റഡ്ഡർ നടത്തിയ പഠനത്തിൽ ഇപ്രകാരം വീക്ഷിക്കപ്പെട്ടു:
അംഗങ്ങളുടെ വെബ്സൈറ്റ് ആക്റ്റിവിറ്റികൾ (പ്രവർത്തനങ്ങൾ) പരിശോധിക്കുമ്പോൾ, പുരുഷന്മാരുടെ വിഷയത്തിൽ, സ്ത്രീകളിൽ നിന്നും, തീർത്തും വ്യത്യസ്തമായ രീതിയിലുള്ള താൽപര്യങ്ങളാണ് കണ്ടെത്താൻ കഴിയുന്നത്. 20, 30, 40, 50 ഒക്കെ ഏത് പ്രായമുള്ള പുരുഷന്മാരും Like ഉം Follow യും ചെയ്യുന്നത് ഇരുപതുകാരികളെയാണ്. സ്ത്രീകളിൽ ഈ പ്രവണത കാണുന്നുമില്ല. പുരുഷനോടുള്ള ആകർഷണീയത സ്ത്രീകൾക്ക് പ്രായമേറും തോറും വ്യത്യസ്തമായി കൊണ്ടിരിക്കുന്നു. എന്നാൽ സ്ത്രീയുടെ ആകർഷണീയ യുവത്വത്തിൽ സ്ഥായിയായി നിലകൊള്ളുന്നു; പ്രായമാവുംതോറും കുറഞ്ഞു വരുന്നു.
(Dataclysm: Who We Are (When We Think No One’s Looking: Christian Rudder:
“ഡേറ്റാക്ലിസം: ആരും കാണുന്നില്ല എന്ന് തോന്നുന്ന നേരത്ത് ആരാണ് നമ്മൾ?”)
സ്വീഡനിലെ ലണ്ട് യൂനിവേഴ്സിറ്റിയിലെ ന്യൂറോ സയൻ്റിസ്റ്റായ, ഡോ. ഒക്താർ ഗുലോഗ്ലു എഴുതുന്നത് ഇപ്രകാരമാണ്:
“ജീവശാസ്ത്രപരമായി നോക്കുമ്പോൾ, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പ്രത്യുൽപാദന ശേഷിയുള്ള കാലഘട്ടം 20-22 വയസ്സാണ്…
ഇക്കാരണത്താൽ, സ്വന്തം പ്രായം കണക്കിലെടുക്കാതെ തന്നെ, ഇരുപതുകളുടെ തുടക്കത്തിലുള്ള സ്ത്രീകളെ പുരുഷന്മാർ ഏറ്റവും ആകർഷണീയരായി കാണുന്നു. ഈ സമയത്താണ് സ്ത്രീകളുടെ അടുക്കൽ ഏറ്റവും അധികം പ്രണയ/ വിവാഹ അഭ്യർത്ഥനകൾ വരുന്നത്.
സ്ത്രീകൾ പ്രായമാകുമ്പോൾ, ഈ ആകർഷണം, കുറയുന്നു, അങ്ങനെ, അവരുടെ കമിതാക്കളുടെ എണ്ണം കുറയുന്നു… പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി പിന്നീടുള്ള വളരെ പ്രായം വരെ തുടരുന്നതിനാൽ, അവരുടെ പ്രായം സ്ത്രീകളുടേതിന് തുല്യമല്ല. നേരെമറിച്ച്, പലപ്പോഴും എതിർലിംഗത്തിൽപ്പെട്ടവർക്ക് സ്ത്രീകൾ അന്വേഷിക്കുന്ന ഒരു സവിശേഷതയായ സാമൂഹിക പദവിയും മതിയായ വിഭവങ്ങളും പുരുഷന്മാർക്ക് പ്രായമാകുമ്പോൾ കൂടുതലും വർദ്ധിക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാർ തങ്ങളുടെ ശരീരത്തിന്റെ കാര്യത്തിൽ കുറച്ചു ശ്രദ്ധാലുക്കൾ ആവുന്ന കാലത്തോളം പിന്നീടുള്ള പ്രായത്തിൽ അവരുടെ ആകർഷണീയത തുടർന്നു കൊണ്ടു പോകാനും അവർക്ക് കഴിയും. ഈ ആകർഷണീയത സ്ത്രീകളുടെ പ്രായത്തിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടാണ് 50-കളുടെ രണ്ടാം പകുതിയിൽ ജീവിക്കുന്ന ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, കീയാനു റീവ്സ്, ജോർജ്ജ് ക്ലൂണി തുടങ്ങിയ വ്യക്തികൾ പോലും ഇപ്പോഴും ഇരുപതുകളിലെ മിക്ക സ്ത്രീകൾക്കും വളരെ ആകർഷകവും അവരുടെ സ്വപ്ന പുരുഷ സങ്കൽപ്പവുമായി നിലനിൽക്കുന്നത്. കൂടാതെ പുരുഷന്മാരുടെ ആകർഷണീയതയുടെ ഘടകങ്ങളിൽ ശക്തമായത് ശാരീരിക സൗന്ദര്യത്തിനുമപ്പുറം അവരുടെ സാമൂഹിക പദവിയും ശക്തിയും വരുമാനവുമാണ്…
“ഇരുപതുകളുടെ തുടക്കത്തിലെ ചാരുത ചിലപ്പോൾ സ്ത്രീകൾക്ക് ഗുരുതരമായ ഒരു മിഥ്യാബോധം ഉണ്ടാക്കിയേക്കാം. ഈ പ്രായത്തിലുള്ള തങ്ങളുടെ കമിതാക്കളുടെ/ ആരാധകരുടെ ആധിക്യം പിന്നീടുള്ള വർഷങ്ങളിലും തുടരുമെന്ന് അവർ അനുമാനിക്കുന്നു. പക്ഷെ, സ്ത്രീകൾ പ്രായമാകുമ്പോൾ, പ്രത്യേകിച്ച് 20-കളുടെ അവസാനത്തോടെ, കമിതാക്കളുടെ എണ്ണം അതിവേഗം കുറയാൻ തുടങ്ങുന്നു. അതേ സമയം, പല പുരുഷന്മാരും ആ പ്രായത്തിൽ തന്നെ വിവാഹിതരാകുന്നു, അതിനാൽ സ്ത്രീകളുടെ ഓപ്ഷനുകൾ സമാനമായി കുറയുന്നു. ആരോഗ്യമുള്ള ഒരു കുട്ടിയുണ്ടാകാൻ ശേഷിക്കുന്ന പരിമിതമായ ജീവശാസ്ത്രപരമായ സമയത്തെക്കുറിച്ചുള്ള സഹജമായ ഉത്കണ്ഠയും അവരെ ഉടൻ വിവാഹം കഴിക്കാൻ പ്രചോദിപ്പിക്കുന്നു. ഈ ഉത്കണ്ഠ ചിലപ്പോഴൊക്കെ സ്ത്രീകളെ തെറ്റായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചേക്കാം: ഈ ഒരു പരിഭ്രാന്തിയിൽ അവൾക്ക് അനുയോജ്യനല്ലാത്ത ഒരു പുരുഷനെ അവൾ വിവാഹം കഴിച്ചേക്കാം. മിക്കപ്പോഴും, ഈ പരിഭ്രാന്തിയിൽ എടുക്കുന്ന തീരുമാനങ്ങൾ പൊരുത്തമില്ലാത്ത ദമ്പതികളെയോ പരസ്പരം പൊരുത്തപ്പെടാത്ത ആളുകളെയോ ഉണ്ടാക്കിത്തീർക്കുന്നു. അനുയോജ്യനായ പങ്കാളിക്കായി കാത്തിരിക്കുന്നത് തുടരുക എന്നതാണ് മറ്റൊരു ഓപ്ഷൻ. വർഷങ്ങളായി, അനുയോജ്യരുടെ ലഭ്യതയും തിരഞ്ഞെടുപ്പുകളുടെ എണ്ണവും കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതാണ് സുന്ദരികളായ സ്ത്രീകളുടെ പോലും അവസ്ഥ. പക്ഷേ അവരുടെ സ്വപ്നത്തിലെ പുരുഷനേയും കാത്ത് അവർ അവിവാഹിതരായി ജീവിതം തുടരുന്നു… കാലക്രമേണ, സ്നേഹം ലഭിക്കാനുള്ള സാധ്യത അസാധ്യമായി വരും.
അതിനാൽ, പെൺപ്രകൃതിക്ക് അനുസൃതമായി പ്രവർത്തിക്കുന്നതാണ് ബുദ്ധി. ചെറുപ്രായത്തിൽ തന്നെ ശരിയായ ആളെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്യുക. “എനിക്ക് ഭാവിയിൽ മികച്ച ഒരാളെ കണ്ടെത്താൻ കഴിയും” എന്നോ “ഞാൻ ഇപ്പോഴും വളരെ ചെറുപ്പമാണ്, എൻ്റെ 30 വയസ്സ് വരെ ഞാൻ ആരെയും വിവാഹം കഴിക്കാൻ പോകുന്നില്ല” എന്നോ വിചാരിച്ചാൽ, നിങ്ങൾ നിരാശരാകാനും, പ്രായമാകുമ്പോൾ ഈ തീരുമാനത്തിൽ ഖേദിക്കാനുമുള്ള സാധ്യതയെ കുറച്ചുകാണരുത്.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page:103, 104)
ഇരുപതുകളിലെ പ്രസരിപ്പും സൗന്ദര്യവും യുവത്വവും നമ്മുടെ നാട്ടിലെയും പല പെൺകുട്ടികളെയും മിഥ്യാ ബോധത്തിൽ അകപ്പെടുത്തിയിട്ടുണ്ട്. തൻ്റെ പിന്നിൽ പ്രേമാഭിലാഷവുമായി കറങ്ങി നടക്കുന്ന യുവാക്കളുടെ എണ്ണം അമിതമായ ആത്മവിശ്വാസം പെൺകുട്ടികൾക്ക് നൽകുന്നു. സോഷ്യൽ മീഡിയ ആരാധകരും ഇതിന് ആക്കം കൂട്ടുന്നു.
അമിതമായ ആത്മാഭിമാനം വിനയാണ്. ഇത് ആത്മവ്യാമോഹത്തിലേക്ക് (self-delusion) നയിക്കുകയും ആരും തന്നെ അർഹിക്കുന്നില്ല എന്നും താൻ എല്ലാവരേക്കാളും ഉയർന്നതാണെന്നുമുള്ള മിഥ്യാബോധം സൃഷ്ടിക്കുന്നു. തന്നിമിത്തം ഒരു വിവാഹാലോചനയും തനിക്ക് ഇണങ്ങിയതല്ല എന്ന അന്ധമായ ആത്മ പ്രേമം വളരുന്നു. വ്യക്തിക്ക് അമിതമായ പ്രാധാന്യം നൽകുന്ന, സ്വാർത്ഥതയെയും നാർസിസ്സിത്തെയും ഊതി വീർപ്പിക്കുന്ന ഇൻഡിവിജ്വലിസ്റ്റിക് ആശയങ്ങളായ ലിബറലിസം പോലെയുള്ള ആശയങ്ങളും പാശ്ചാത്യ ജീവിതശൈലിയോടുള്ള വളർന്നു വരുന്ന അനുരാഗാത്മകഭ്രമവുമെല്ലാം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു.
ഫലമായി, ഇണയെ ഏതുകാലത്തും നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമെന്ന് അവർ തെറ്റിദ്ധരിക്കുന്നു. പിന്നീട് അനുയോജ്യരായ ഇണകളെ കിട്ടാതെയും വിവാഹം നടക്കാതെയും പല അബദ്ധ തീരുമാനങ്ങളിലും ചെന്ന് ചാടുന്നു.
വിദ്യാഭ്യാസത്തിന് അനുരാഗാത്മക ജീവിതത്തേക്കാൾ പ്രാധാന്യം നൽകുകയും അമിതമായ ആത്മാഭിമാനവും, ജീവിതപങ്കാളിയെ സംബന്ധിച്ച അസാധാരണമായി ഉയർന്ന സങ്കൽപ്പങ്ങളും വെച്ചുപുലർത്തുകയും ചെയ്യുന്ന സ്ത്രീകൾ പിന്നീട് നിരാലംബരും ഏകാന്തരുമായി പരിണമിക്കുന്ന സവിശേഷ സാഹചര്യം ഇന്ന് പാശ്ചാത്യ നാടുകളിൽ നിലനിൽക്കുന്നുണ്ട്:
“സ്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നിൽ ഈ സാഹചര്യവും ബന്ധങ്ങളിൽ അതിൻ്റെ സ്വാധീനവും പ്രതിഫലിപ്പിക്കുന്ന ഒരു നല്ല ഉദാഹരണം നമുക്ക് കണ്ടെത്താൻ കഴിയും.
ഡെൻമാർക്കിലെ മിക്ക പ്രൊഫഷനുകളുടെയും വരുമാനം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക ആളുകൾക്കും സമാനമായതും മികച്ചതുമായ ശമ്പളമുള്ളതിനാൽ, ചില പുരുഷന്മാർ ഹൈസ്‌കൂൾ കഴിഞ്ഞ് ഒരു സർവകലാശാലയിൽ ചേരുന്നത് അനാവശ്യമാണെന്ന് കണ്ടെത്തുകയും താരതമ്യേന കൂടുതൽ വരുമാനം നൽകുന്ന ലളിതമായ തൊഴിലുകളിലേക്ക് തിരിയുകയും ചെയ്യുന്നു. സ്ത്രീകളാകട്ടെ, സാധാരണയായി മികച്ച വിദ്യാഭ്യാസത്തിനായി യൂണിവേഴ്സിറ്റിയിലേക്കും പലപ്പോഴും മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ പോലുള്ള ഉന്നത വിദ്യാഭ്യാസത്തിലേക്കും തിരിയുന്നു. ഇത് നല്ല വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ വിഭാഗത്തെയും വിദ്യാഭ്യാസം കുറഞ്ഞ പുരുഷ വിഭാഗത്തെയും സൃഷ്ടിക്കുന്നു.
സ്ത്രീകൾ സ്വാഭാവികമായും തങ്ങളേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ പുരുഷന്മാരെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് അവരുടെ സഹജാവബോധം. വിദ്യാഭ്യാസപരവും സാംസ്കാരികവുമായ തലങ്ങളിൽ തന്നെക്കാൾ ആധികാരികത പുലർത്തുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് ആകർഷണീയത ഇല്ല എന്നതാണ് പുരുഷന്മാരുടെ സഹജാവബോധം. അതിനാൽ, സാംസ്കാരിക ആധികാരികതയിലെ വ്യത്യാസം കൊണ്ട് പോലും ഡെൻമാർക്കിലെ നല്ല വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് പങ്കാളികളെ കണ്ടെത്താൻ കഴിയാതെ വരുന്ന അവസ്ഥ നിലനിൽക്കുന്നു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 54)
ഈയൊരു വിരോധാഭാസത്തിലേക്ക് തന്നെയാണ് നമ്മുടെ നാടും പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ചിലർക്കെല്ലാം മനസ്സിലായിക്കാണും. നമ്മുടെ പെൺകുട്ടികൾ ഇനിയും പഠിക്കണമെന്നും അതിനായി എത്ര പ്രായം വരെയും വിവാഹം പിന്തിപ്പിക്കാമെന്നും ചിന്തിക്കുന്നു. ആൺകുട്ടികളാകട്ടെ ജോലിയും കൂലിയും സംഘടിപ്പിക്കുകയും ഉടനെ വിവാഹം കഴിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. അനുയോജ്യരായ ഇണകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ തളരുന്ന ആൺകുട്ടികൾ ഒടുവിൽ, ലഭ്യമായ ഇണയെ സ്വീകരിക്കാൻ തയ്യാറാവുന്നു. പെൺകുട്ടികളാകട്ടെ വളരെ വൈകി, വലിയ പ്രായത്തിൽ അവരുടെ പഠനയോഗ്യതക്ക് അനുയോജ്യരായ ആൺകുട്ടികളെ കിട്ടാതെ ഉഴലുകയും ചെയ്യുന്നു. ഈ വിരോധാഭാസം പാശ്ചാത്യൻ രാജ്യങ്ങളിൽ എന്നപോലെ നമ്മുടെ നാട്ടിലും, അതിശക്തമായ രൂപത്തിൽ നിലവിൽ വരാൻ ഒരു പതിറ്റാണ്ട് പോലും കാത്തിരിക്കേണ്ടി വരില്ല.
ഈ വിരോധാഭാസത്തിനിടയിൽ അവിവാഹിതരും ഇണകളില്ലാത്തവരുമായ പുരുഷന്മാരും അതിലേറെ സ്ത്രീകളും ബാക്കിയാവുന്നു.
*****
സൗന്ദര്യം
സൗന്ദര്യത്തെയും ആകർഷണീയതയെയും കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.
സ്ത്രീകളിലും പുരുഷന്മാരിലും സൗന്ദര്യമായും ആകർഷകമായും പൊതുവെ നമുക്ക് അനുഭവപ്പെടുന്ന വിശേഷണങ്ങളെല്ലാം പ്രത്യുൽപാദനവുമായി ബന്ധമുള്ളവയാണ്. സ്ത്രീകളിൽ സൗന്ദര്യവും ആകർഷണവും തോന്നുന്ന (നീണ്ട മുടി, ചെമ്പൻ മുടി, ചുവന്ന് തുടുത്ത ചുണ്ട്, ചുവന്ന കവിൾ, സ്തന – അരക്കെട്ട്- നിതംബം എന്നിവയുടെ അനുപാതം, മൃദുലമായ സ്വരം തുടങ്ങിയ) വിശേഷണങ്ങൾ സ്ത്രീ ഹോർമോണായ ഈസ്റ്റ്രജൻ (Estrogen) സമ്പന്നമാണെന്നുള്ളതിന് തെളിവാണ്. ഈസ്റ്റ്രജൻ്റെ സമ്പന്നത പ്രത്യുൽപാദനശേഷിയുടെ തെളിവാണ്. എല്ലാ ജീവശാസ്ത്ര പഠനങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്.
(The Mathematics of Love: Patterns, Proofs, and the Search for the Ultimate Equation: Dr. Hannah Fry: Professor in the Mathematics of Cities at the UCL Centre for Advanced Spatial Analysis.
The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020.
Why Women Have Sex: Understanding Sexual Motivation from Adventure to Revenge (and Everything in Between: Cindy Meston and David Buss.)
പുരുഷന്മാരിൽ സൗന്ദര്യവും ആകർഷണവും തോന്നുന്ന (മീശയും താടിയും, വലിഞ്ഞു മുറുകിയ പേശികളും, ഉയരവും, കട്ടിയുള്ള സ്വരവും, ശക്തമായ ശരീരവും) വിശേഷണങ്ങൾ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്ററോൺ (Testosteron) സമ്പന്നമാണെന്നുള്ളതിന് തെളിവാണ്. ടെസ്റ്റോസ്റ്ററോണിൻ്റെ സമ്പന്നത ശക്തിയും സംരക്ഷണ ശേഷിയും, സൗകര്യങ്ങൾ സംഭരിച്ചു കൊടുക്കാനുള്ള കഴിവിൻ്റെയും തെളിവാണ്.
ചുരുക്കി പറഞ്ഞാൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യം, പരസ്പരം വിവാഹം കഴിക്കാനും സന്താനോൽപാദനം നടത്താനും കുടുംബമായി ജീവിക്കാനും വഴി ഒരുക്കുന്ന പ്രചോദനവും മാധ്യമവും മാത്രമാണ്. ജൈവശാസ്ത്രപരമായി, സൗന്ദര്യം മാധ്യമവും പ്രചോദനവും മാത്രമാണ്, സൗന്ദര്യത്തിൻ്റെ ലക്ഷ്യം പ്രത്യുൽപാദനവും (വിവാഹവും കുടുംബവും) ആണ്. ഇത് ലോകത്തെ ഏറ്റവും വലിയ നാസ്തിക ജീവശാസ്ത്രജ്ഞനായ സാക്ഷാൽ റിച്ചാർഡ് ഡോക്കിൻസ് പോലും അംഗീകരിക്കുന്നുണ്ട്. (The God Delusion, The Selfish Gene)
അപ്പോൾ, സൗന്ദര്യം കുറയാതിരിക്കാനും, തൻ്റെ സൗന്ദര്യവും ആകർഷണീയതയും ആസ്വദിക്കുന്നത് ഒരാൾ മാത്രമായി ചുരുങ്ങാതിരിക്കാനും വേണ്ടി വിവാഹമൊ പ്രസവമൊ വേണ്ടെന്ന് വെക്കുന്നത് എത്രമാത്രം വിരോധാഭാസമാണ് !
സൗന്ദര്യവും ആകർഷണീയതയും ഉള്ള കാലത്ത് നല്ല ഒരു ഇണയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നാൽ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക:
ഒന്ന്,
സൗന്ദര്യവും ആകർഷണീയതയും കുറയുന്നു. പ്രത്യേകിച്ചു സ്ത്രീകളുടെ പ്രത്യുൽപാദന ശേഷിയും പ്രായാധിക്യത്തിന് അനുസരിച്ച് കുറഞ്ഞു കുറഞ്ഞു വരും. അവസാനം ഏകാന്ത ജീവിതം ബാക്കി.
രണ്ട്,
സ്ത്രീയുടെ ഏറ്റവും വലിയ ആത്മമൂല്യമാണ് മാതൃത്വം അല്ലെങ്കിൽ രക്ഷാകർതൃത്വ നിക്ഷേപം (Parental investment). ആ ആത്മമൂല്യം ഒഴിവാക്കി, സൗന്ദര്യത്തെ മുന്തിക്കുമ്പോൾ, സൗന്ദര്യത്തെ ആത്മമൂല്യമായി പ്രതിഷ്ടിക്കുകയും, സൗന്ദര്യത്തിൽ അമിതമായി ജീവിതത്തെ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ ചുരുങ്ങും.
(ഈ വിഷയത്തിൽ, വിശദവും തെളിവുകൾ സഹിതവുമുള്ള പഠനത്തിന്:
Feminism; Embodiment of Backlashes | Dr. Mishal Saleem | Meet The Scholars | Camproot YouTube channel:
ഈ സൗന്ദര്യബോധം പാശ്ചാത്യൻ സ്ത്രീ സമൂഹത്തെ കാൻസർ പോലെ കാർന്നു തിന്നുകയാണെന്ന് വാദിക്കുന്ന രണ്ട് ഫെമിനിസ്റ്റ് കൃതികളാണ്:
നവോമി വോൾഫിൻ്റെ ‘The Beauty Myth: How Images of Beauty Are Used Against Women’ (ദി ബ്യൂട്ടി മിത്ത്: സൗന്ദര്യ സങ്കൽപ്പങ്ങൾ എങ്ങനെ സ്ത്രീകൾക്കെതിരെ ഉപയോഗിക്കപ്പെടുന്നു) എന്ന കൃതി.
റെനീ എംഗെൽനിൻ്റെ
‘Beauty Sick: How the Cultural Obsession with Appearance Hurts Girls and Women’
(സൗന്ദര്യാതുരത: രൂപത്തോടുള്ള സാംസ്കാരിക ഭ്രമം പെൺകുട്ടികളെയും സ്ത്രീകളെയും എങ്ങനെ വേദനയിലും ദുഖത്തിലും ആഴ്ത്തുന്നു) എന്ന കൃതി.
മാനസികവും ശാരീരികവുമായ നിരവധി രോഗങ്ങൾ, സൗന്ദര്യ ഭ്രമത്താൽ സ്ത്രീകളിൽ വർധിച്ചു വരികയാണ്. ആത്മനിന്ദക്കും ലൈംഗികചൂഷണങ്ങൾക്കും അവർ സ്വയം വിധേയമാവുന്ന അവസ്ഥ ഇരട്ടിക്കുന്നു. അസംതൃപ്തിയും അടങ്ങാത്ത സൗന്ദര്യ ദാരിദ്ര്യത്തിനും പുറമെ, ഏകാന്തതയും വിഷാദ രോഗവും ആത്മനാശവും (self-destruction) ഏറ്റുവാങ്ങുകയാണ് പാശ്ചാത്യൻ സ്ത്രീകളുടെ പരിണിതി എന്ന് തെളിവുകൾ സഹിതം ഈ രണ്ടു പഠനങ്ങളും വാദിക്കുന്നു.
*****
ആത്മാരാധന:
“യു.എസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ആദ്യ ഘട്ടത്തിൽ, ഗവേഷകർ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി പത്രത്തിൽ ഒരു പരസ്യം നൽകി. തങ്ങളുടെ ഗവേഷണത്തിന് യുവതികളും അവിവാഹിതരുമായ സ്ത്രീകളെ ആവശ്യമാണെന്നും പരീക്ഷണം വ്യക്തിത്വ പരിശോധന (Personality test) മാത്രമാണെന്നും അവർ പ്രഖ്യാപിച്ചു. ഈ പഠനത്തിന് വ്യക്തിത്വ പരിശോധനയുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന വിധേയർക്ക് അറിയില്ലായിരുന്നു. പഠന വിധേയരായി തിരഞ്ഞെടുത്ത സ്ത്രീകളെ വ്യക്തിത്വ പരിശോധനയ്ക്ക് മുമ്പ് വെയ്റ്റിംഗ് റൂമിലേക്ക് ഒറ്റയ്ക്ക് കൊണ്ടുപോയി. അതിനിടെ, ഗവേഷക സംഘത്തിലെ സുന്ദരനായ ഒരു യുവാവ് മുറിയിൽ പ്രവേശിച്ച്, മറ്റൊരു പരീക്ഷണത്തിന് പങ്കെടുക്കാൻ എത്തിയതാണെന്ന് സ്വയം പരിചയപ്പെടുത്തി, മുറിയിലെ പരീക്ഷണാർത്ഥികളായ സ്ത്രീകളുമായി സംസാരിക്കാനും തുടങ്ങി. ഒളിക്യാമറ ഉപയോഗിച്ച് മുഴുവൻ ഇടപെടലുകളും വീക്ഷിച്ച ഗവേഷകർ സംഭാഷണം മുറുകിയ സന്ദർഭത്തിൽ മുറിയിൽ പ്രവേശിച്ച് വ്യക്തിത്വ പരിശോധനയ്ക്ക് പങ്കെടുക്കാനെത്തിയ സ്ത്രീയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പരീക്ഷണത്തിന് വിധേയരായ എല്ലാ സ്ത്രീകൾക്കും അവർ ഈ നടപടിക്രമം പ്രത്യേകം പ്രയോഗിച്ചു.
മറുമുറിയിലെ ഈ സ്ത്രീകൾക്കുള്ള വ്യക്തിത്വ പരിശോധന യഥാർത്ഥമായിരുന്നില്ല. “പേഴ്സണാലിറ്റി ടെസ്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഈ കൃത്രിമ ടെസ്റ്റ് പൂർത്തിയായപ്പോൾ, ഗവേഷകർ ഈ സ്ത്രീകൾക്ക് വ്യാജ ഫലങ്ങൾ നൽകി. അവർ യാതൊരു അടിസ്ഥാനവുമില്ലാതെ ഫലം പറഞ്ഞു, “നിങ്ങളുടെ വ്യക്തിത്വ പരിശോധനയുടെ ഫലം വളരെ നല്ലതാണ്” അല്ലെങ്കിൽ “നിങ്ങളുടെ വ്യക്തിത്വ പരിശോധനാ ഫലം വളരെ മോശമാണ്.”
പിന്നീട്, ഈ സ്ത്രീകളെ ഗവേഷകരുടെ ഭാഗത്തു നിന്നുള്ള, സുന്ദരനായ പുരുഷൻ ഇരിക്കുന്ന വെയിറ്റിംഗ് റൂമിലൂടെ പുറത്തേക്ക് തിരികെ നയിച്ചു. അപ്പോൾ ഈ അവിവാഹിതരായിരുന്ന സ്ത്രീകളെ ആ സുന്ദരനായ യുവാവ് വീണ്ടും സമീപിക്കുന്നു, “നമ്മുടേത് വളരെ മനോഹരമായ ഒരു സംഭാഷണമായിരുന്നു, പക്ഷേ അത് പകുതി വഴിയിൽ നിന്നു പോയി. നിങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, നമുക്ക് പിന്നീട് ഒരു കാപ്പി കഴിക്കാനോ മറ്റോ കണ്ടു മുട്ടിയാലോ?” സൗന്ദര്യം ഉണ്ടെന്നോ ഇല്ലെന്നോ വ്യത്യാസമില്ലാതെ, പേഴ്സണാലിറ്റി ടെസ്റ്റിൽ വ്യാജ പോസിറ്റീവ് റിസൾട്ട് ലഭിച്ച സ്ത്രീകൾ-ഈ സുന്ദരനായ പുരുഷനേക്കാൾ മികച്ച ഇണയെ തങ്ങൾ അർഹിക്കുന്നു എന്ന ചിന്തയോടെയും ആത്മവിശ്വാസത്തോടെയും- അയാളുടെ ഈ അഭ്യർത്ഥന നിരസിച്ചു. എന്നാൽ, വ്യക്തിത്വ പരിശോധനയിൽ വ്യാജ നെഗറ്റീവ് ഫലം ലഭിച്ച സ്ത്രീകൾ -അവരുടെ സൗന്ദര്യം കണക്കിലെടുക്കാതെ തന്നെ- ഈ യുവാവിൻ്റെ വാഗ്ദാനം സ്വീകരിച്ചു.”
(The Science of Love and Attraction: The long-hidden neurobiological secrets to improve your social and romantic life: M. Oktar Guloglu, Ph.D.2020: Page: 183)
നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ചില കണ്ടെത്തലുകളാണ് ഈ പരീക്ഷണത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ആത്മാഭിമാനത്തിൻ്റെ ഗുണകരവും ദോഷകരവുമായ സ്വാധീനങ്ങൾ വ്യക്തമാക്കുന്ന ഈ പരീക്ഷണത്തിൽ ആത്മാഭിമാനവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വെളിപ്പെടുത്തപ്പെടുന്നുണ്ട്.
അമിതമായ ആത്മവിശ്വാസം സ്വന്തത്തെ കുറിച്ച മിഥ്യാ ബോധത്തിലേക്ക് നമ്മെ -പ്രത്യേകിച്ചും സ്ത്രീകളെ- നയിക്കുന്നു. ഇത് ആരോഗ്യകരമായ സഹ ജീവിതത്തിനും ദാമ്പത്യത്തിനും സ്വന്തത്തെ വഴങ്ങി കൊടുക്കുന്നതിൽ നിന്നും ഒരാളെ തടയുന്നു. ഫലമായി യാഥാർത്ഥ്യത്തിന് നിരക്കാത്ത ഇണ സങ്കൽപ്പങ്ങളും നിബന്ധനകളും സ്വന്തം മനസ്സിൽ ദാമ്പത്യത്തിനായി അവർ സ്വയം നിശ്ചയിക്കും. കിട്ടാക്കനിയും കാത്ത് കാലങ്ങളേറെ കളയും.
*****
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ, വിവാഹ ബന്ധങ്ങൾ ഉൾപ്പെടെ സ്ഥിരതയുള്ള ഏത് ആനുരാഗിക ബന്ധങ്ങളെയും തകർക്കുകയാണെന്ന് അനവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
(Social Media Addiction, Infidelity-Related Behaviors, and Relationship Satisfaction: Statistical Moderation Requires Careful Interpretation:
journals.sagepub.com)
പല വിധത്തിലാണ് സോഷ്യൽ മീഡിയ ബന്ധങ്ങളുടെ അന്തകനാവുന്നത്:
ഒന്ന്,
സ്ത്രീകൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കു വെക്കപ്പെടുന്നതും മറ്റു പുരുഷന്മാർ അതിലേക്ക് ആകർഷിക്കപ്പെടുന്നതും, Flirting കൾ പങ്കു വെക്കുന്നതൊ അവളെ സ്നേഹിക്കുന്ന പുരുഷന്മാരിൽ അഭിമാന രോഷം ഉണ്ടാക്കുന്നു. ഫലമായി പ്രശ്നങ്ങളും.
രണ്ട്,
സ്ത്രീകൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കു വെക്കപ്പെടുന്നതും മറ്റു പുരുഷന്മാർ അതിലേക്ക് ആകർഷിക്കുന്നതും, Flirting കൾ പങ്കു വെക്കുന്നതും പുരുഷൻമാർ അവളെ ദീർഘകാലാടിസ്ഥാനത്തിലുള്ള ആനുരാഗിക പങ്കാളിയായി (Long term mating value) തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയിൽ കുറവു വരുത്തുന്നു. പ്രദർശന പ്രിയയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ എണ്ണം കുറവായത് കൊണ്ട് തന്നെ, വിവാഹ മേഖലയിൽ അവളുടെ മൂല്യം ഇടിയുന്നു.
മൂന്ന്,
സോഷ്യൽ മീഡിയകളിൽ പങ്കു വെക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഫോട്ടോകളും വീഡിയോകളും -പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളുടെ ചിത്രങ്ങൾ പങ്കു വെക്കുന്നത്- അന്യരെ ആകർഷിക്കുന്നു. അവർ തന്നെ ഫോളോ ചെയ്യുന്നതും പ്രശംസകളും ആരാധനകളും അർപ്പിക്കുന്നത്, ഒരു സ്ത്രീയിൽ ആത്മാരാധന വളർത്തുന്നു. തൻ്റെ സ്വന്തം പാർട്ട്ണറേക്കാൾ നല്ല ഇണയെ കിട്ടാനുള്ള സാധ്യത മനസ്സിൽ തോന്നുന്നു. അപ്പോൾ ബന്ധത്തിലെ ആത്മാർത്ഥത നഷ്ടപ്പെടുന്നു.
അതുമല്ലെങ്കിൽ തന്നെ അർഹിക്കുന്ന ആരും ഇല്ല എന്ന ആത്മാരാധന വിവാഹം തന്നെ വേണ്ട എന്ന തീരുമാനത്തിലേക്കും നയിച്ചേക്കാം.
പക്ഷെ സ്ത്രീകൾ, (പ്രശംസകരും ആരാധകരുമായ ഇത്തരം) പുരുഷന്മാരെ കുറിച്ച് തിരിച്ചറിയാത്ത ഒരു ലിംഗത്വ വസ്തുത ഇതാണ്:
രണ്ട് തരം ആകർഷണീയതകൾ ഉണ്ട്:
1) പ്രാകൃത ആകർഷണീയത (premitive Attraction):
സ്ത്രീയെ ഹ്രസ്വകാല ബന്ധത്തിന് (Short-Term Mating Strategy) അഥവാ ലൈംഗിക ബന്ധത്തിന് വേണ്ടി ലഭിക്കാനുള്ള പുരുഷൻ്റെ ആഗ്രഹമാണ് ഈ ആകർഷണീയതയുടെ അടിസ്ഥാനം.
2) സംസ്കൃതമായ ആകർഷണീയത (Refined Attraction):
സ്ത്രീയെ ദീർഘകാല ബന്ധത്തിന് (Long-Term Mating Strategy) അഥവാ അവളുമായി, ലൈംഗികതക്ക് പുറമെ അനുരാഗവും വികാരവും വിചാരവും പങ്കിട്ട് ജീവിത സഖിയായി അവളെ ലഭിക്കാനുള്ള പുരുഷൻ്റെ ആഗ്രഹമാണ് ഈ ആകർഷണീയതയുടെ അടിസ്ഥാനം.
ഉദാഹരണത്തിന് വിവാഹം ചെയ്യാനുള്ള ആഗ്രഹം.
സോഷ്യൽ മീഡിയ ആരാധകരും, കവലയിലെ പുരുഷ നോട്ടങ്ങളും സ്ത്രീകളിൽ നിന്നും ഹ്രസ്വകാല ബന്ധമാണ് (Short-Term Mating Strategy) ആഗ്രഹിക്കുന്നത്. മേക്കപ്പിലൂടെയും കൊഞ്ചി കുഴയലുകളിലൂടെയും നഗ്നതാ പ്രദർശനത്തിലൂടെയും പുരുഷന്മാരുടെ പ്രാകൃത ആകർഷണീയത (premitive Attraction) യാണ് സ്ത്രീ പിടിച്ചു പറ്റുന്നത്. അല്ലാതെ അവരൊക്കെ തന്നെ വിവാഹം ചെയ്യാൻ സാധ്യതയുള്ള Potential partners ആണെന്ന് വ്യാമോഹിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
സ്ത്രീകൾ സ്വതവേ, പുരുഷന്മാരിൽ നിന്ന് ആഗ്രഹിക്കുന്നത് ദീർഘകാല ബന്ധം (Long-Term Mating Strategy) അല്ലെങ്കിൽ വിവാഹമാണ്. സ്ത്രീകൾക്ക് ഒരു ആകർഷണീയനായ പുരുഷനെ കണ്ടാൽ, സാധാരണ തോന്നുന്നതും സംസ്കൃതമായ ആകർഷണീയത (Refined Attraction) ആണ്. അതുകൊണ്ട് പുരുഷന് തന്നിൽ തോന്നുന്ന ആകർഷണീയതയും അപ്രകാരം തന്നെ ആവുമെന്ന് സ്ത്രീ തെറ്റിദ്ധരിക്കുന്നു.
ആകർഷണീയതയുടെ ഈ വിഭാഗം അറിയാത്തത് കൊണ്ട് സ്ത്രീകൾ പല അപകടങ്ങളിലും ചെന്ന് ചാടുന്നു. തൻ്റെ വൈവാഹിക മൂല്യം (Long-Term Mating value) ഇടിഞ്ഞ വിവരം മനസ്സിലാക്കാതെ വിവാഹത്തെ താമസിപ്പിക്കുന്നു.
*****
FOMO
വിവാഹ ജീവിതത്തെ കുറിച്ച അമിതമായ ആശങ്ക, FOMO (Fear of missing out) അഥവാ വിവാഹം ചെയ്താൽ ജീവിതത്തിലെ പല ആസ്വാദനങ്ങളും അവിവാഹിത ജീവിതത്തിലെ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരികയാണ്. പക്ഷെ ഇത്തരം ആശങ്കകളും ഭയവും യുക്തിരഹിതമാണ്. കാരണം അവിവാഹിത ജീവിതത്തേക്കാൾ സന്തുഷ്ടവും സംതൃപ്തവും സമ്പന്നവും വിവാഹിത ജീവിതമാണ് എന്ന്, വസ്തുനിഷ്ഠമായ പഠനങ്ങളിൽ നിന്നും നാം മനസ്സിലാക്കി കഴിഞ്ഞു.
FOMO (Fear of missing out) ഒരു ‘തെറ്റായ മുൻവിധി’ (cognitive bias) മാത്രമാണ്.
“നഷ്ടപ്പെടുമോ എന്ന ഭയം, അല്ലെങ്കിൽ FOMO എന്നത്, മറ്റുള്ളവർ നിങ്ങളെക്കാൾ കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നോ, മികച്ച ജീവിതം നയിക്കുന്നുണ്ടെന്നോ, അല്ലെങ്കിൽ മികച്ച കാര്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നോ ഉള്ള തോന്നലിനെയോ ധാരണയെയോ സൂചിപ്പിക്കുന്നു. അപരരെ പോലെ ആകാനുള്ള ഉൽക്കടമായ ആശ, ആത്മാഭിമാനത്തെയും തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും ഗുരുതരമായി -നെഗറ്റീവായി- ബാധിക്കുന്നു.”
(https://www.verywellmind.com/how-to-cope-with-fomo-4174664)
ചുരുക്കത്തിൽ, വിവാഹത്തിന് പകരം, വിവാഹത്തിൽ നിന്നും മുന്നിൽ തടസ്സമായി നമുക്ക് തോന്നുന്ന, ഏത് കാരണങ്ങളും വിവാഹരഹിത ജീവിതമെന്ന മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന മരീചിക മാത്രമാണ്. എത്ര പിന്തുടർന്നാലും അകന്നകന്ന് -അസംതൃപ്തി മാത്രം തന്ന് അകലുന്ന- മരീചികകൾ. ദാഹം ശമിപ്പിക്കാൻ, തണലും തളിരും ലഭിക്കാൻ, വിവാഹമെന്ന മരുപ്പച്ചയിലേക്ക് വന്നേ പറ്റൂ.
ഈ വിഷയത്തിൽ ശ്രദ്ധേയമായ മറ്റൊരു പഠനം കാണുക:
“വ്യത്യസ്ത കോമ്പിനേഷനുകളിൽ
(1. ശാരീരികമായ ആകർഷണീയതയും 2. സാമൂഹികമായി പ്രബലതയും) ഉള്ള എതിർലിംഗക്കാരുടെ ചിത്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും നിരന്തരം തുറന്നുകാട്ടി കൊണ്ട് ഒരു ഗവേഷണം നടത്തി.
ആകർഷകവും സെക്സിയുമായ സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടതിന് ശേഷം പുരുഷന്മാർക്ക് സ്വന്തം പങ്കാളികളോട് പ്രതിബദ്ധത കുറവാണ് അനുഭവപ്പെടുന്നതെന്ന് കണ്ടെത്തി. എന്നാൽ, ആകർഷകമായ ചിത്രങ്ങൾ കണ്ടതിന് ശേഷം സ്ത്രീകൾ പങ്കാളികളോട് മുമ്പത്തെ അതേ പ്രതിബദ്ധതയാണ് റിപ്പോർട്ട് ചെയ്തത്, എന്നാൽ സാമൂഹിക പ്രബലതയുള്ള പുരുഷന്മാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ സ്ത്രീകൾക്ക് അവരുടെ ഇണകളോടുള്ള പ്രതിബദ്ധത കുറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു…”
(Kenrick, D. T., Trost, M. R. and Sheets, V. L. (1996b) ‘Power, harassment, and trophy mates: the feminist advantages of an evolutionary perspective’, in Buss, D. M. and Malamuth, N. M. (eds) Sex, Power, Conflict: Evolutionary and Feminist Perspective. New York and Oxford: Oxford University Press.p. 47)
സ്ത്രീ നഗ്നതയുടെ പ്രദർശനം ഒഴിച്ചു നിർത്തിയാൽ പോലും സിനിമ, സീരിയൽ, സോഷ്യൽ മീഡിയ തുടങ്ങിയവ നമ്മുടെ ലൈംഗികതയെയും വിവാഹ-ആനുരാഗിക ജീവിതത്തെയും ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന് സുതരാം വ്യക്തം. നഗ്നത ഒഴിവാക്കി കൊണ്ട് തന്നെ ചായവും ചമയങ്ങളും ചേർത്ത സൗന്ദര്യ പ്രകടനങ്ങളും ശരീര ലാവണ്യം പ്രഘോഷിപ്പിച്ചു കൊണ്ടുള്ള നൃത്തങ്ങളും ചലനങ്ങളും അനുരാഗമത്തമായ മുഖ ഭാവങ്ങളും ശൃംഗാര ചേഷ്ടകളും ഒരു വഴിക്ക് നമ്മുടെ ലൈംഗിക ജീവിതത്തിൽ ദുഃസ്വാധീനങ്ങൾ ചെലുത്തുന്നു എന്നതും മാറ്റി നിർത്തുക. ഇവയൊന്നും കൂടാതെ തന്നെ സുന്ദരികളായ വിവിധ സ്ത്രീകളെ അടിക്കടി നമ്മിലേക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന അഭ്രപാളി നമ്മുടെ അനുരാഗ ലൈംഗിക ജീവിതത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.
കണ്ണിനെ നിയന്ത്രണാതീതമായി അഴിച്ചു വിട്ടാൽ, നിങ്ങളുടെ ഭാര്യയെക്കാൾ സൗന്ദര്യമുള്ളവളാണ് എല്ലാ സ്ത്രീകളും എന്ന് നിങ്ങൾക്ക് തോന്നിയേക്കാം; അവൾ അവരിൽ പലരെക്കാളും സൗന്ദര്യമുള്ളവളാണെങ്കിൽ പോലും.
എന്നാൽ കണ്ണ് താഴ്ത്തിയാൽ, നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളവൾ നിങ്ങളുടെ ഭാര്യയാണെന്ന് നിങ്ങൾക്ക് തോന്നും; അവളെക്കാൾ സൗന്ദര്യമുള്ള ധാരാളം സ്ത്രീകൾ ഉണ്ടെങ്കിൽ പോലും. ഹറാമുകൾ (നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ) ആസ്വാദനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ വേണ്ടിയുള്ളതല്ല, മറിച്ച് നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിന്മേൽ നിയന്ത്രണം നേടാനും, കൂടുതൽ ആസ്വാദ്യകരവും, സംതൃപ്തവുമായ ഒരു ജീവിതം സാധ്യമാക്കാനും വേണ്ടി മാത്രം നിശ്ചയിക്കപ്പെട്ടവയാണ്.
മറു വശത്ത് ഒറ്റ ഇടിക്ക് പത്തു പേരെ തെറിപ്പിക്കുന്ന മസിൽമാൻമാരായ കോടീശ്വരന്മാരും ലക്ഷ പ്രഭുക്കളും ഉന്നത ജീവിത നിലവാരവും ചാതുര്യവും പുലർത്തുന്ന പൗരുഷ ഭാവങ്ങളെ നിരന്തരമായി പ്രദർശിപ്പിച്ചു കൊണ്ട് സിനിമകൾ സ്ത്രീയുടെ മനസ്സിൽ അവളുടെ യഥാർത്ഥ ദാമ്പത്യത്തിൽ അസംതൃതി പടർത്തുന്നു.
അതുകൊണ്ട് തന്നെ ക്വുർആൻ ഇപ്രകാരം പ്രഖ്യാപിച്ചു:
”നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും നീ പറയുക…”
(ക്വുർആൻ: 24:30,31)
സ്വയംപര്യാപ്തത
സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാലെ വിലയുണ്ടാവൂ ! മറ്റുള്ളവരെ ആശ്രയിച്ച് ജീവിച്ചാൽ വിലയും നിലയും ഉണ്ടാവില്ല. അതുകൊണ്ട്, സാമ്പത്തികമായൊ, ഉപജീവനപരമായൊ, വൈകാരികമായൊ, ലൈംഗികമായൊ ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കണം.
കല്യാണം ഇതിന് വലിയ തടസ്സമാണ്. അതുകൊണ്ട് കല്യാണം ഉപേക്ഷിച്ചാൽ സ്വയംപര്യാപ്തത നേടാം, വിജയം കൈവരിക്കാം.
സ്വയംപര്യാപ്തത കരുത്തും ശാക്തീകരണവുമാണ് എന്നതാണ് പ്രചാരത്തിലുള്ള പൊതുധാരണ എങ്കിലും, അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ഡോ. മാർക്ക് ട്രാവേഴ്‌സിന് ഇതിന് വിരുദ്ധമായ ചില അഭിപ്രായങ്ങൾ പറയാനുണ്ട്:
“സ്വയംപര്യാപ്തത ഒരു കരുത്തായി അനുഭവപ്പെടുകയും മിക്കപ്പോഴും ശാക്തീകരണമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, അളവിലധികം സ്വയംപര്യാപ്തത ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ഏത് സാഹചര്യത്തിലും, വിശിഷ്യ നിങ്ങളുടെ വൈകാരിക സാമൂഹിക ജീവിതത്തിൽ, മറ്റാരെയും ആശ്രയിക്കാതിരിക്കുന്നതും എല്ലാം സ്വന്തമായി ചെയ്യാൻ കഴിയുക എന്നതും നിങ്ങളുടെ ക്ഷേമത്തെയും, ബന്ധങ്ങളെയും, മാനസികാരോഗ്യത്തെയും അർബുദ സമാനമായി, മെല്ലെ മെല്ലെ കാർന്നു തിന്നുന്നു.
1.അമിതമായ സ്വാശ്രയത്വം ഒറ്റപ്പെടലിലേക്ക് വഴി തുറക്കും:
വൈകാരികമോ, പ്രായോഗികമോ, അല്ലെങ്കിൽ ബന്ധങ്ങളിലൂടെയുള്ളതോ ആകട്ടെ, സാമൂഹിക പിന്തുണ (Social support) എന്നത് മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒരു അടിസ്ഥാന ആവശ്യമാണ്. 1,13,000-ത്തിൽപ്പരം ആളുകളെ ഉൾപ്പെടുത്തി നടത്തിയ 177 പഠനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് 2022-ൽ നടന്ന ഒരു ബൃഹത്തായ മെറ്റാ-അനാലിസിസ് സ്ഥാപിച്ചത്, ലഭ്യമായ സാമൂഹിക പിന്തുണയുടെ അളവിലുള്ള കുറവ് ഏകാന്തതാബോധം സൃഷ്ടിക്കുന്നു എന്നതാണ്.
കൂടാതെ, 2018-ലെ ഒരു പഠന അവലോകനം നിരീക്ഷിക്കുന്നതുപോലെ, ദുർബലമായ സാമൂഹിക പിന്തുണയും ഏകാന്തതയും കാലക്രമേണ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ഗുരുതരമായ ഫലങ്ങൾക്ക് കാരണമായേക്കാം.”
2.അമിതമായ സ്വാശ്രയത്വം ആത്മവിശ്വാസം കെടുത്തും
സ്വയംപര്യാപ്ത നമ്മിൽ ആത്മവിശ്വാസവും ആത്മമൂല്യവും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക എന്ന ധാരണ തെറ്റാണ്. നേരെ വിപരീതമായി, തനിക്ക് ലഭിക്കുന്ന സാമൂഹിക പിന്തുണ ഒരാളുടെ ആത്മവിശ്വാസത്തിന്റെയും, പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശേഷിയുടെയും (Resilience) ഒരു നല്ല സൂചകമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ദുർബലരായ യുവജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് യുവജനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഒരു സമഗ്ര പഠനം തെളിയിക്കുന്നത്, മറ്റുള്ളവരിൽ നിന്നും ധാരാളം സഹായ സഹകരണങ്ങൾ ലഭിക്കുന്ന, കൂടുതൽ സാമൂഹിക പിന്തുണയുള്ള ആളുകൾക്ക് ഉയർന്ന ആത്മവിശ്വാസവും മികച്ച മാനസിക കരുത്തും ഏകാന്തത കുറവും ഉണ്ടാകും എന്നാണ്.
നിങ്ങൾ സ്ഥിരമായി സഹായങ്ങൾ നിഷേധിക്കുകയും പ്രയാസങ്ങൾ പങ്കുവെക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന പ്രധാന സ്രോതസ്സിൽ നിന്നാണ് നിങ്ങൾ സ്വയം വിച്ഛേദിക്കുന്നത്. ചുരുക്കത്തിൽ, പ്രയാസങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും തിരിച്ചുവരവിനുള്ള നിങ്ങളുടെ കഴിവ് (Resilience) അവിടെ ഇല്ലാതാവുകയാണ്. കാരണം, സമ്മർദ്ദത്തെ അതിജയിക്കാനുള്ള ശേഷി ഒറ്റയ്ക്ക് കെട്ടിപ്പടുക്കുക എന്നത് മിക്കവാറും അസാധ്യമാണ്.
സ്വയം കാര്യക്ഷമത (Self-efficacy), സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവം, മാനസികമായ അയവ് തുടങ്ങിയ ‘സ്വയം-നിയന്ത്രണ’ ഗുണങ്ങൾ വൈകാരികമായ ഒറ്റപ്പെടലിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കും എന്നതിൽ സംശയമില്ല. എന്നാൽ, ഈ സ്വയം-നിയന്ത്രണ വൈദഗ്ധ്യത്തിലെ സുപ്രധാന ഭാഗം, എപ്പോഴാണ് പിന്തുണ തേടേണ്ടതെന്നും സാമൂഹിക ബന്ധങ്ങൾ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും ഉള്ള തിരിച്ചറിവാണ്. തികഞ്ഞ സ്വാശ്രയത്വവും സഹായം പൂർണ്ണമായും വേണ്ടെന്ന് വെക്കുന്നതും ഈ സംരക്ഷണ കവചത്തെ ഇല്ലാതാക്കുന്നു.
അങ്ങനെ, നിങ്ങൾ ദുർബലരായിരിക്കുമ്പോൾ പോലും, എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യണം എന്ന തെറ്റായ ധാരണയെ ഇത് കൂടുതൽ ഊട്ടിയുറപ്പിക്കുന്നു. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് ഒട്ടുമിക്ക വിഷയത്തിലും അസാധ്യമായതിനാൽ തന്നെ, തൽഫലമായി ആത്മവിശ്വാസവും പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശേഷിയും (Resilience) നശിക്കുന്നു.
3.അമിത സ്വാശ്രയത്വം, പ്രതിസന്ധിയിൽ നിങ്ങൾ ഒറ്റപ്പെട്ടുപോകുന്നതിലേക്ക് നയിക്കും.
മറ്റൊരാളെ ആശ്രയിക്കുന്നത് ഒഴിവാക്കുമ്പോൾ, സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്ന വൈകാരികമായ താങ്ങും പ്രായോഗിക സഹായങ്ങളും നിങ്ങൾക്ക് ഇല്ലാതാവുകയാണ്. സാമൂഹികമായി ഒറ്റപ്പെടുന്നതും ഏകാന്തതയും മതിയായ പിന്തുണ ലഭിക്കാത്തതും മാനസികാരോഗ്യത്തിന് മാത്രമല്ല, ശാരീരിക ആരോഗ്യത്തിന് പോലും ദോഷകരമാണെന്ന് വിപുലമായ (മെറ്റാ അനാലിസിസ്) പഠനങ്ങൾ പറയുന്നു. ഉദാഹരണത്തിന്, മികച്ച സാമൂഹിക ബന്ധങ്ങളുള്ള പ്രായമായവരെ അപേക്ഷിച്ച്, പിന്തുണ കുറഞ്ഞ ആളുകൾക്ക് ഹൃദ്രോഗങ്ങൾക്കും മരണനിരക്കിനും ഉള്ള സാധ്യത വളരെ കൂടുതലാണ്.
2018-ലെ ഒരു പഠനം വ്യക്തമാക്കുന്നതുപോലെ, ഒറ്റപ്പെടലും ഏകാന്തതയും വിഷാദം, ഉത്കണ്ഠ, മാനസിക രോഗങ്ങളിൽ നിന്നുള്ള രോഗശാന്തി വൈകുക, മൊത്തത്തിലുള്ള കാര്യക്ഷമതക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്വയംപര്യാപ്തത ഒടുവിൽ സാമൂഹികമായ ഒറ്റപ്പെടലായി മാറുമ്പോൾ, നിങ്ങൾ നേരിടുന്നത് താൽക്കാലികമായ സമ്മർദ്ദങ്ങളല്ല. മറിച്ച്, സമ്മർദ്ദം വഴിയുള്ള രോഗങ്ങൾ, മാനസികാരോഗ്യ തകർച്ച, ജീവിത സംതൃപ്തിയിലുള്ള കുറവ് എന്നിവയുടെ ദീർഘകാല അപകടസാധ്യതയാണ് നിങ്ങൾ വർദ്ധിപ്പിക്കുന്നത്. സ്വയംപര്യാപ്തത പുറമെ കാണാൻ ഒരു സുരക്ഷിതാവസ്ഥയായി തോന്നുന്നതുകൊണ്ട്, പ്രശ്നങ്ങൾ കുന്നുകൂടുന്നത് വരെ, പലരും ഈ അപകടം തിരിച്ചറിയുന്നില്ല.”
(https://www.forbes.com/sites/traversmark/)
വേണോ വിവാഹം? !!
ഭാഗം -29 👇
https://www.snehasamvadam.org/വേണോ-വിവാഹം-29/

No comments yet.