വിവാഹ വിമുഖതയുടെ സ്രോതസ്സുകൾ ?
part -1
വിവാഹ വിമുഖതയുടെ ആശയ തലം
ഡോപ്പമീൻ്റെ വർദ്ധനവ് സ്വഭാവ-സംസ്കാര രൂപീകരണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മുമ്പത്തെ അധ്യായത്തിൽ നാം വിശദീകരിച്ചു. വ്യക്തികളിൽ ഡോപ്പമീൻ്റെ വർദ്ധനവ്, ചില ആശയങ്ങളെയും ആദർശങ്ങളെയും സ്വീകരിക്കാനും അനുകൂലിക്കാനും പ്രചോദനമായി വർത്തിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഈ രണ്ടു കാരണങ്ങളാൽ തന്നെ ഒന്നിലും ദീർഘകാലം തൃപ്തിപ്പെട്ട് ജീവിക്കാൻ അവർക്ക് കഴിയില്ല. അവർക്ക് ഇണയോടും ദീർഘകാല സഹജീവിതത്തോടും കുടുംബ ജീവിതത്തോടും മുഷിപ്പും അസംതൃപ്തിയും പെട്ടെന്ന് തന്നെ വന്നു ഭവിക്കുന്നു.
ഡോപ്പമീൻ പ്രചോദിതനായ ഒരാൾ, പുതിയതിലേക്കും (New) കൂടുതലിലേക്കും (More) ആഭിമുഖ്യം പ്രകടിപ്പിക്കും എന്ന് നാം പറഞ്ഞല്ലൊ.
ഒന്നിലും ദീർഘകാലം തൃപ്തിപ്പെട്ട് ജീവിക്കാൻ അവർക്ക് കഴിയില്ല. പഴയതിൽ മുഷിപ്പ് വളരെ പെട്ടെന്ന് അനുഭവപ്പെടും. മെച്ചപ്പെട്ടതിനോടും നവീനതയോടുമുള്ള ഈ താൽപര്യത്തിൻ്റെ ഫലമായി, അവർ സാധാരണ ഗതിയിൽ പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവരായി മാറുന്നു. പുതിയ ആശയങ്ങളും ചിന്തകളും ആദർശങ്ങളും അവർ സ്വഭാവികമായും സ്വീകരിക്കുന്നു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, ഡോപ്പമീൻ പ്രചോദിതനായ വ്യക്തി ലിബറൽ ആശയങ്ങളെ (Liberalism) സ്വീകരിക്കുന്നു, സംഘത്തേക്കാളും സമൂഹത്തേക്കാളും പ്രധാനം വ്യക്തി ആണെന്ന് (ഇൻ്റിവിജ്വലിസം Individualism) അവർ ആദർശിക്കുന്നു.
ലഭിച്ച, നിലവിലുള്ള, സമീപത്തുള്ള കാര്യങ്ങളിലും വ്യക്തികളിലും സംതൃപ്തിയും സന്തോഷവും ആസ്വദിക്കുന്നതിനെ സാധ്യമാക്കുന്ന, മസ്തിഷ്കത്തിലെ എച്ച് ഏൻ്റ് എൻ (Here and Now hormones) ഹോർമോണുകൾ (ആയ ഓക്സിടോസിൻ, എൻഡോർഫിൻ, വാസോപ്രസിൻ, സെറട്ടോണിൻ) പ്രബലമായ വ്യക്തികൾ അടുത്തുള്ളതും ലഭിച്ചതും സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും അതിൽ സംതൃപ്തിപ്പെടാനുമാണ് ആഭിമുഖ്യം പുലർത്തുക. അതുകൊണ്ട് തന്നെ, പരമ്പരാഗതവും പൈതൃകവുമായ കാര്യങ്ങളെ സംരക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന കൺസർവേറ്റീവ് ആശയങ്ങൾ (conservativism) അവർ സ്വീകരിക്കുന്നു. വ്യക്തിയേക്കാൾ സംഘവും സമൂഹവുമാണ് പ്രധാനം എന്ന് (കളക്റ്റിവിസം Collectivism) അവർ ദർശിക്കുന്നു.
നമ്മുടെ നാഡീകോശ – ജൈവരസതന്ത്ര വ്യത്യാസങ്ങൾ നമ്മുടെ ആശയ ആദർശങ്ങളെ സ്വാധീനിക്കുന്നു എന്ന് ന്യൂറോ സയൻസ് പഠനങ്ങൾ സൂചിപ്പിക്കുന്നു.
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long.
Also see, Existentialism as Neurochemical Preference for Self-Authored Life: An Interdisciplinary Study of ‘The Molecule of More’ and ‘No Exit’: Philosophical research: Dr. Mishal Salem.
https://www.snehasamvadam.org/existentialism-as-neurochemical-preference-for-self-authored-life-an-interdisciplinary-study-of-the-molecule-of-more-and-no-exit/)
സുഖാന്വേഷണ ത്വരയിൽ (Pleasure Seeking) അധിഷ്ഠിതമായ, ഡോപമീൻ പ്രേരിതമായ (Dopaminergic), ആധുനിക ജീവിത ശൈലി നമ്മിൽ ലിബറൽ ആശയങ്ങളോടും ഏറ്റവും പുതിയ ആദർശങ്ങളോടും -സ്വാഭാവികമായും- ആഭിമുഖ്യം വളർത്തുന്നു. ആശയാദർശങ്ങൾ ജീവിത ശൈലിയും സംസ്കാരവും രൂപപ്പെടുത്തുന്നത് പോലെ, നേരെ തിരിച്ചും, നമ്മുടെ ജീവിത ശൈലിയും സംസ്കാരവും ആദർശത്തെ രൂപപ്പെടുത്തുന്നുണ്ട് എന്ന് ചുരുക്കം..
ലിബറൽ ആശയങ്ങൾ, ധാർമ്മിക സർവ്വനാശത്തിൻ്റെ നാല് ചേരുവകളും കൊണ്ടാണ് നമ്മുടെ ആദർശജീവിതത്തിലേക്ക് കടന്നു വരുന്നത്.
1. ഭോഗാസക്തി (Hedonism)
2. ആത്മാനുരാഗം (Narcissism)
3. സന്ദേഹവാദം (Skepticism)
4. യൂറോകേന്ദ്രീകരണം (Eurocentrism)
ധാർമ്മിക സർവ്വനാശത്തിൻ്റെ നാല് മുഖ്യ കാരണങ്ങൾ (The Four Horsemen of the moral Apocalypse).
1. Hedonism: ഭോഗാസക്തി (അല്ലെങ്കിൽ സുഖാസക്തി) – സുഖം മാത്രമാണ് ജീവിതത്തിലെ പരമമായ ലക്ഷ്യം എന്ന ചിന്ത.
തൽഫലമായി, മനുഷ്യരുടെ ജീവിത ലക്ഷ്യം തരം താഴുന്നു. ആദർശ രഹിതർ തോന്നിവാസികളായി മാറും. ആസക്തികൾ മാത്രമാണ് അവൻ്റെ എല്ലാ പ്രവർത്തനങ്ങളെയും നിലപാടുകളെയും തിരഞ്ഞെടുപ്പുകളെയും നയിക്കുക.
സ്വാഭാവികമായും, സുഖാസ്വാദനങ്ങൾക്ക് – പ്രത്യേകിച്ചും സ്വതന്ത്ര രതി ആസ്വാദനത്തിന് തടസ്സമാകുന്നതിനാൽ വിവാഹത്തിനും കുടുംബത്തിനും അവൻ എതിരായി മാറുന്നു.
ഈ പ്രവണത വിവാഹിതരിൽ ഉണ്ടാവുമ്പോളാണ് അവിഹിതങ്ങളും, ദ്രോഹങ്ങളും, അസന്തുഷ്ടമായ ദാമ്പത്യവും കുടുംബ കലഹങ്ങളും ഉടലെടുക്കുന്നത്.
2. Narcissism: ആത്മാരാധന – തന്നോടുള്ള അമിതമായ സ്നേഹവും ആരാധനയും, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതിരിക്കുക.
സ്വന്തം സുഖസൗകര്യങ്ങൾക്കായി, സാമൂഹികമായ ബന്ധങ്ങൾ വിച്ഛേദിക്കുന്നു. സ്വന്തം സൗഖ്യത്തിനായി, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ യാതൊരു വിധ അസ്വാസ്ഥ്യവും ഇല്ലാതെ വരുന്നു. സ്വാർത്ഥത വ്യക്തിയെ നയിക്കുന്നു. ബന്ധങ്ങളുടെ മൂല്യവും അവകാശവും നിഷേധിക്കുന്നു. സ്വന്തം അവകാശങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും മാത്രം അമൂല്യമാണെന്ന് കരുതുന്നു. അതിന് അൽപ്പമെങ്കിലും തടസ്സമെന്ന് തോന്നുന്നതെല്ലാം തിരസ്കരിക്കുന്നു.
ജീവിത പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, കുടുംബം എല്ലാം ഈ വിധത്തിൽ തിരസ്കരിക്കപ്പെടുന്നു.
ഈ പ്രവണത വിവാഹിതരിൽ ഉണ്ടാവുമ്പോളാണ് അവിഹിതങ്ങളും, ദ്രോഹങ്ങളും, അസന്തുഷ്ടമായ ദാമ്പത്യവും കുടുംബ കലഹങ്ങളും ഉടലെടുക്കുന്നത്.
3. Skepticism: സംശയം – എല്ലാ അറിവുകളെയും തത്ത്വങ്ങളെയും ചോദ്യം ചെയ്യുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുക.
പഠിക്കാനും വളരാനുമുള്ള ബൗദ്ധിക പ്രക്രിയക്കപ്പുറം തൻ്റെ ആസക്തികൾക്ക് എതിരായ ആശയ ആദർശങ്ങളിൽ സംശയം ജനിക്കാനും അവയെ മാനസികമായി തിരസ്കരിക്കാനും ഒരു ലിബറൽ തയ്യാറാവുന്നു.
മതങ്ങളിൽ പ്രത്യേകിച്ചും സംശയം. ധാർമ്മികതയിലും സദാചാരത്തിലും സംശയം. എത്ര തീർത്താലും തീരാത്ത തീവ്ര സന്ദേഹവാദം. സംശയരോഗം മനുഷ്യരെ ആദർശഹിതനും ധാർമ്മിക വിരുദ്ധനുമാക്കുന്നു.
സഹജീവികളെ കുറിച്ചു ദുഷ്ചിന്തയും സന്ദേഹവും വിശ്വാസമില്ലായ്മയും സൃഷ്ടിക്കുന്നു.
ഫലമായി, ഒന്നിൻ്റെയും പവിത്രതയിലും സത്യതയിലും വിശ്വാസമില്ലാതെ വരുന്നു. വിവാഹ-കുടുംബ വ്യവസ്ഥക്ക് യാതൊരു പവിത്രതയും നന്മയും ഇല്ലെന്ന് തോന്നുന്നു, മനുഷ്യരുമായുള്ള സഹജീവിതത്തിൽ വിശ്വാസമില്ലായ്മ ജനിക്കുന്നു, തൽഫലമായി ദാമ്പത്യജീവിതത്തോടും കുടുംബത്തോടും വെറുപ്പ് ജനിക്കുന്നു.
ഈ പ്രവണത വിവാഹിതരിൽ ഉണ്ടാവുമ്പോളാണ് അവിഹിതങ്ങളും, ദ്രോഹങ്ങളും, അസന്തുഷ്ടമായ ദാമ്പത്യവും കുടുംബ കലഹങ്ങളും ഉടലെടുക്കുന്നത്.
4. Eurocentrism: യൂറോകേന്ദ്രീകരണം – യൂറോപ്യൻ സംസ്കാരത്തെ ലോകത്തിലെ ഏറ്റവും മികച്ചതും, സ്വന്തം സംസ്കാരത്തിൻ്റെ മാതൃകയുമായി കാണുന്ന ചിന്താഗതി.
പാശ്ചാത്യൻ സംസ്കാരത്തെയും ആശയങ്ങളെയും ചാണിന് ചാണായും മുഴത്തിന് മുഴമായും അനുധാവനം ചെയ്യുന്ന അനുകരണാത്മക ഭ്രമം.
ഇതിനു കാരണം, ആധുനിക കാലഘട്ടത്തിൽ പാശ്ചാത്യരുടെ ഭൗതിക വളർച്ചയാണ്. പക്ഷെ അവരുടെ ഭൗതിക വളർച്ച ഒരിക്കലും അവരുടെ ധാർമ്മിക ഉന്നതിക്ക് തെളിവല്ല എന്ന് പലരും ചിന്തിക്കുന്നില്ല:
സ്വിസ്സ് മനശാസ്ത്രജ്ഞനായ കാൾ ജംഗ് പറഞ്ഞതാണ് ശരി,
“The West is material giants and moral pygmies.”
”പശ്ചാത്യലോകം ഭൗതികരംഗത്തെ ഭീമാകാരന്മാരും ധാർമികരംഗത്തെ കുള്ളന്മാരുമാണ്.”
പാശ്ചാത്യരോടുള്ള ഈ ആരാധനാ മനോഭാവം അവരിലെ സർവ്വ അധാർമ്മികതകളെയും സ്വീകരികരിച്ച് ആചരിക്കാൻ, ലിബറൽ ആശയങ്ങൾ വെച്ചു പുലർത്തുന്നവരെ പ്രേരിപ്പിക്കുന്നു. തൽഫലമായി പാശ്ചാത്യരിലെ വിവാഹ-കുടുംബ വിരുദ്ധതയും, ലൈംഗിക വ്യതിയാനങ്ങളും വൈകൃതങ്ങളും ലിബറൽ ആശയക്കാരിലേക്കും പകരുന്നു.
ഈ പ്രവണത വിവാഹിതരിൽ ഉണ്ടാവുമ്പോളാണ് അവിഹിതങ്ങളും, ദ്രോഹങ്ങളും, അസന്തുഷ്ടമായ ദാമ്പത്യവും കുടുംബ കലഹങ്ങളും ഉടലെടുക്കുന്നത്. അല്ലാതെ വിവാഹം ഒരു മോശം വ്യവസ്ഥ ആയതു കൊണ്ടല്ല, അവിഹിതങ്ങളും, ദ്രോഹങ്ങളും, അസന്തുഷ്ടമായ ദാമ്പത്യവും കുടുംബ കലഹങ്ങളും ഉണ്ടാവുന്നത്. ഡോപ്പമീൻ പ്രേരിതരായ ജീവിത ശൈലിയും ആശയാദർശങ്ങളും വിവാഹിതരിൽ ഉണ്ടാവുമ്പോൾ വിവാഹം ഹാക്ക് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.
മതത്തെയും, സദാചാരത്തെയും, കൺസർവ്വേറ്റീവ് ആശയങ്ങളെയും പിന്തുടരുന്നവരായി സ്വയം പ്രഖ്യാപിക്കുന്നവരും യഥാർത്ഥത്തിൽ, ജീവിത ശൈലിയിലും സംസ്കാരത്തിലും ആദർശത്തിലും ലിബറൽ ആയിരിക്കാം. ഒരു വിവാഹിതനും കുടുംബ നാഥനും ലിബറൽ ആയേക്കാം. കാരണം അടിസ്ഥാനപരമായി, പേരോ, വാക്കോ, പ്രഖ്യാപനങ്ങളോ, ജാഥകളൊ, ഏത് ആശയ-ആദർശങ്ങളെ സൂചിപ്പിക്കുന്നു എന്നതിലല്ല ഒരു വ്യക്തിയുടെ യഥാർത്ഥ്യം നിലനിൽക്കുന്നത്. ഒരു വ്യക്തിയുടെ ആശയ-ആദർശങ്ങൾ അയാളുടെ നാഡീകോശ – ജൈവരസതന്ത്ര അടിത്തറയിലാണ് നിലനിൽക്കുന്നത്. അയാൾ ഡോപ്പമീൻ പ്രേരിത വ്യക്തിയാണോ ? അയാളുടെ ജീവിതം, എല്ലാ പുതുമകളും (New) വർദ്ധനവും (More) തേടുന്നതാണോ ? ആസക്ത കേന്ദ്രീകൃത മനസ്സാണോ അയാൾക്കുള്ളത്? ഇതൊക്കെയാണ് ഒരാളുടെ ആദർശത്തെ നിജപ്പെടുത്താനുള്ള അടയാളങ്ങൾ;
ഒരാളെ ഇൻ്റിവിജ്വലിസ്റ്റും ലിബറലും ആക്കുന്ന ഘടകങ്ങൾ.
ചുരുക്കത്തിൽ, അവിവാഹിതരിൽ വിവാഹ-കുടുംബ വിമുഖത വളർത്തുന്നതിലും, വിവാഹിതരിൽ അസംതൃപ്തിയും അസ്വാരസ്യങ്ങളും സൃഷ്ടിച്ചതിലും മുഖ്യ കാരണമായി വർത്തിക്കുന്നത് ലിബറൽ ആശയങ്ങളും, സംഘത്തേക്കാളും സമൂഹത്തേക്കാളും പ്രധാനം വ്യക്തി ആണെന്ന (ഇൻ്റിവിജ്വലിസം Individualism) ആദർശവുമാണ്; പോഷക ഘടകങ്ങളായി വർത്തിക്കുന്നത് ഭോഗാസക്തിയും (Hedonism), ആത്മാനുരാഗവും (Narcissism), സന്ദേഹവാദവും (Skepticism), യൂറോകേന്ദ്രീകരണവും (Eurocentrism) തന്നെയാണ്.
കോളേജ് വിദ്യാഭ്യാസമുള്ള ലിബറലുകളിൽ വെറും 25 ശതമാനം പേർ മാത്രമാണ് “കൂടുതൽ പേർ വിവാഹിതരാകുമ്പോൾ സമൂഹത്തിന് നല്ലതാണ്” എന്ന് കരുതുന്നത്. എന്നാൽ, മറ്റു അമേരിക്കക്കാരിൽ 49 ശതമാനം പേർ വിവാഹം സമൂഹത്തിന് ഗുണകരമാണെന്ന് വിശ്വസിക്കുന്നു.
(Deseret News and Center for the Study of Electi-ons and Democracy at Brigham Young University, American Family Survey, 2022 (YouGov).)
നാർസിസിസവും സ്കെപ്റ്റിസിസവും വളർത്തുന്ന ‘Me before we’ (നമ്മൾ എന്നതിനേക്കാൾ പ്രധാനം ഞാൻ) എന്ന മനസ്ഥിതിയെ കുറിച്ച് പഠനങ്ങൾ സൂചിപ്പിക്കുന്നത് കാണുക:
” ‘ഞാൻ ആദ്യം’ എന്ന തരത്തിലുള്ള സാമ്പത്തിക നയ (me-first money strategy) പ്രത്യാഘാതങ്ങൾ സ്ത്രീകളെയാണ് പ്രത്യേകിച്ച് ദോഷകരമായി ബാധിക്കുന്നത്. കോർണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ, ദമ്പതികൾ, പരസ്പരം വേർതിരിച്ച അക്കൗണ്ടുകൾ നിലനിർത്തുന്നത് പങ്കാളികൾക്കും (വിശേഷിച്ച്) ഭാര്യമാർക്കും ദോഷകരമാണെന്ന് കണ്ടെത്തി: ‘ഈ വ്യക്തിഗതമായ ക്രമീകരണങ്ങൾ (Individualistic arrangements) സ്ത്രീകളുടെ ബന്ധങ്ങളിലെ സംതൃപ്തിയെ ദുർബലപ്പെടുത്തുകയും അടുപ്പം (intimacy), ലൈംഗിക പൊരുത്തം (sexual compatibility), തർക്കപരിഹാരത്തിലെ സംതൃപ്തി എന്നിവ കുറയ്ക്കുകയും ചെയ്യുന്നതായി കാണപ്പെട്ടു.'”
(Fenaba R. Addo and Sharon Sassler, “Financial Arrangements and Relationship Quality in Low-Income Couples,” Family Relations 59, no. 4 (2010): 408-23)
”മത വിശ്വാസികളൊ കൺസർവേറ്റീവുകളൊ ആയ ദമ്പതികൾ, അവരുടെ പണം ഒരുമിച്ച് ചേർക്കാൻ സാധ്യത കൂടുതലാണെന്നും, ഇത് പരസ്പരമുള്ള വിശ്വാസവും അടുപ്പവും, ദാമ്പത്യത്തിൻ്റെ മൊത്തം സന്തോഷവും വർധിപ്പിക്കുന്നു എന്നും, 2022-ലെ ‘സ്റ്റേറ്റ് ഓഫ് ഔർ യൂണിയൻസ് സർവേ’ പ്രകാരം കണ്ടെത്തി.”
(Gladstone, Garbinsky, and Mogilner, “Pooling Finances.”)
” ‘എൻ്റെ പണം’, ‘നിങ്ങളുടെ പണം’ എന്നതിനു പകരം ‘നമ്മളുടെ പണം’ എന്ന രീതിയിൽ ചിന്തിക്കുന്നത് ശക്തവും സുസ്ഥിരവുമായ ഒരു ബന്ധം വളർത്തിയെടുക്കാൻ കൂടുതൽ സഹായകമാണ്. പണം മാത്രമല്ല ഇതിൽ പെടുന്നത്. കുടുംബപ്പേരുകൾ മുതൽ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ വരെ കൂടുതൽ കാര്യങ്ങൾ പൊതുവായി പങ്കുവെക്കുന്ന ദമ്പതികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
ഉദാഹരണത്തിന്, ഒരേ കുടുംബപ്പേര് പങ്കിടുന്ന ദമ്പതികൾക്ക് തങ്ങളൊരു കുടുംബമാണ് എന്നതിനെക്കുറിച്ച് ശക്തമായ ഒരു ബോധമുണ്ട് എന്നും, അവർക്ക് സന്തോഷകരമായ വിവാഹ ജീവിതം ഉണ്ടാകാനും വിവാഹബന്ധം വേർപെടുത്താൻ പ്ലാൻ ചെയ്യാനുള്ള സാധ്യത കുറവാകാനും സാധ്യതയുണ്ടെന്നും, ‘യൂഗോവ്’ (YouGov) സർവേ കണ്ടെത്തി.”
(See also Kara A. Laskowski, “Women’s Post-Marital Name Retention and the Communication of Identity,” Names 58, no. 2 (June 2010): 75-89)
”മതേതര കാഴ്ചപ്പാടുള്ള, ലിബറൽ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന, ഇടതുപക്ഷ ചായ്‌വുള്ള സ്ത്രീകൾ സ്വന്തം കാര്യങ്ങളെ (ഉദാ – സ്വന്തം അവസാന നാമം), “നമ്മൾ” എന്നതിനേക്കാൾ മുന്തിക്കാൻ കൂടുതൽ സാധ്യതയുണ്ട് എന്നത് ആശ്ചര്യകരമല്ല.”
(Scott M. Stanley, “Me, You, and Us: We-Ness and Couple Identity,” Institute for Family Studies Blog, June 14, 2021, https://tinyurl.com/WilcoxGM90.)
”‘ഞാനല്ല, നമ്മളാണ് ആദ്യം’ (‘We before Me’) എന്ന ചിന്താഗതി സ്വീകരിക്കുന്ന ദമ്പതികൾക്ക് കൂടുതൽ സന്തോഷവും വിവാഹബന്ധം വേർപെടുത്താനുള്ള സാധ്യത കുറവുമായിരിക്കും.”
(The State of Our Unions Survey
W. Bradford Wilcox and Elizabeth Marquardt, When Baby Makes Three: How Parenthood Makes Life Meaningful and How Marriage Makes Parenthood Bearable, State of Our Unions series, Institute for American Values and National Marriage Project, 2011)
”ത്യാഗമനോഭാവം (sacrificial spirit), നിങ്ങളുടെ പങ്കാളിയാണ് നിങ്ങളുടെ പ്രഥമ പരിഗണന (priority) എന്ന സുപ്രധാനമായ സൂചനയും അവർക്ക് നൽകുന്നു. പങ്കാളികൾക്കിടയിലെ സ്നേഹത്തിൻ്റെ വളരെ പ്രാധാന്യമുള്ള പ്രതീകങ്ങളാണ് ത്യാഗപരമായ പെരുമാറ്റങ്ങൾ (sacrificial behaviors) എന്നും, അത് ഉയർന്ന തലത്തിലുള്ള വിശ്വാസത്തിലേക്കും (trust) പരസ്പര ത്യാഗത്തിലേക്കും (reciprocated sacrifice) നയിക്കുകയും, ആത്യന്തികമായി ബന്ധത്തിന്റെ ഉയർന്ന നിലവാരം സൃഷ്ടിക്കുകയും ചെയ്യുന്നു’ എന്നും സ്റ്റാൻലിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നു.”
(Scott M. Stanley et al., “Sacrifice as a Predictor of Marital Outcomes,” Family Process 45, no. 3 (Septem-ber 2006): 289-303)
”പരസ്പര ത്യാഗത്തിന്റെ ധാർമ്മികതയും (mutual sacrificial ethic) ടീം സ്പിരിറ്റും സ്വീകരിക്കുന്ന ഭാര്യാഭർത്താക്കന്മാർ കൂടുതൽ സന്തോഷകരവും സുസ്ഥിരവുമായ വിവാഹബന്ധം നയിക്കാൻ സാധ്യതയുണ്ട്. ഈ ടീം സ്പിരിറ്റ് കൺസർവേറ്റീവ് ചിന്താഗതിയുള്ള ദമ്പതികൾക്കിടയിൽ അല്പം കൂടുതലായി കാണപ്പെടുന്നു.”
(In the American Family Survey (Deseret News and Center for the Study of Elections and Democracy at Brigham Young University, 2022)
”ലിബറലുകളിൽ 51 ശതമാനം പേർ മാത്രമാണ് അവിഹിത ബന്ധം (infidelity) ‘എപ്പോഴും തെറ്റാണ്’ എന്ന് പറയുന്നത്, എന്നാൽ കൺസർവേറ്റീവുകളിൽ 89 ശതമാനം പേർ ഇത് തെറ്റാണെന്ന് പറയുന്നു.”
(NORC at the University of Chicago, General Social Survey (2018).)
കൺസർവേറ്റീവുകളേക്കാൾ ഇണകളെ വഞ്ചിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയും ലിബറലുകൾക്കാണ് എന്നും പഠനങ്ങൾ പറയുന്നു.
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 158)
”ഉയർന്ന നിലവാരമുള്ള ഒരു വിവാഹബന്ധത്തിൻ്റെ ഏറ്റവും ശക്തമായ പ്രവചനാത്മക ഘടകം എന്താണ്?
ലോകമെമ്പാടുമുള്ള എൺപതിലധികം ശാസ്ത്രജ്ഞർ ഈ ചോദ്യം ഏറ്റെടുക്കുകയും, പതിനൊന്നായിരത്തിലധികം ദമ്പതികളെ വിശകലനം ചെയ്യുകയും നാൽപ്പത്തിമൂന്ന് വ്യത്യസ്ത ഡാറ്റാസെറ്റുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ ഡാറ്റാസെറ്റുകളിലുടനീളം ബന്ധത്തിന്റെ നിലവാരം പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുകൊണ്ട്, സൈക്കോളജിസ്റ്റ് സമന്ത ജോയലിന്റെ നേതൃത്വത്തിലുള്ള ഈ കുടുംബ ഗവേഷകർ കണ്ടെത്തിയത്, ഒരു ബന്ധത്തിൻ്റെ വിജയത്തിൻ്റെ ഏറ്റവും മികച്ച പ്രവചനാത്മക ഘടകം ‘സ്വന്തം പങ്കാളി ബന്ധത്തിൽ പ്രതിജ്ഞാബദ്ധനാണെന്നുള്ള ധാരണയാണ്’ (ഉദാഹരണത്തിന്, ‘എൻ്റെ പങ്കാളിക്ക് നമ്മുടെ ബന്ധം എന്നെന്നേക്കുമായി നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്’) എന്നായിരുന്നു.” അഥവാ, ഐക്യ ബോധവും ടീം സ്പിരിറ്റും ആണെന്നർത്ഥം.
(Samantha Joel et al., “Machine Learning Uncovers the Most Robust Self-Report Predictors of Relationship Quality across 43 Longitudinal Couples Studies,” Proceedings of the National Academy of Sciences 117, no. 32 (August 11, 2020))
തിരഞ്ഞെടുപ്പുകൾ (Choices)
വിവാഹം തിരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുന്നു എന്നതാണ് പലരുടെയും പരാതി. ഭർത്താവും ഭാര്യയും കുട്ടികളുമൊക്കെ ആയാൽ നിർബന്ധിതമായി പലതും ചെയ്യേണ്ടി വരും, പലതിലും തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഇല്ലാതാവും, എന്നൊക്കെയാണ് പ്രശ്‌നം.
പക്ഷെ, യഥാർത്ഥത്തിൽ അതൊരു വലിയ പ്രശ്നമാണോ ? തിരഞ്ഞെടുപ്പുകളുടെ ആധിക്യമാണ് ഈ കാലഘട്ടത്തിലെ യഥാർത്ഥ പ്രശ്നമെങ്കിലൊ ?
തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം തീരെ ഇല്ലാത്തതു പോലെ തന്നെ, ഒരു പ്രശ്നമാണ് തിരഞ്ഞെടുപ്പുകളുടെ ആധിക്യവും.
സൈമൺ സൈനക്ക് പറയുന്നു:
“വിജയകരമായ ഒരു ഷൂ ബിസിനസ് നടത്തിയ ഒരു വ്യക്തിയുടെ കഥ ഇങ്ങനെ:
അയാൾ സ്ത്രീകളുടെ പാദരക്ഷകൾ വിൽക്കുന്ന ധാരാളം കടകൾ ഉടമപ്പെടുത്തുന്ന ഒരു -സ്വയം തൊഴിൽ- സംരംഭകനായി വളർന്നപ്പോൾ, അയാളുടെ വിജയത്തിൻ്റെ രഹസ്യം എന്താണെന്ന് ഒരു ജേണലിസ്റ്റ് ചോദിച്ചു.
തൻ്റെ വിജയത്തിൻ്റെ രഹസ്യം അയാൾ ഇപ്രകാരം പങ്കു വെച്ചു:
“രണ്ട്… മൂന്ന് ഒഴിവാക്കുക”
ജേണലിസ്റ്റ് ആശയക്കുഴപ്പത്തിലായി, അയാൾ ചോദിച്ചു:
“രണ്ട്… മൂന്ന് ഒഴിവാക്കുക! എന്ന് വെച്ചാൽ എന്താണ് അർത്ഥം ?!”
സംരംഭകൻ പറഞ്ഞു:
“എൻ്റെ കടയിലേക്ക് ഒരു സ്ത്രീ പാദരക്ഷ വാങ്ങാൻ വന്നാൽ, ഞാൻ ഒരു ജോഡി ചെരുപ്പ് കൊണ്ട് പോയി പ്രദർശിപ്പിക്കും.
എനിക്ക് ആ ചെരുപ്പ് കാണിച്ചു തരുമൊ? എന്ന് ആ സ്ത്രീ പറഞ്ഞാൽ, ഞാൻ രണ്ടാമത്തെ ജോഡി ചെരുപ്പ് കൊണ്ടു പോയി കൊടുക്കും.
വീണ്ടും, എനിക്ക് ആ മറ്റേ ചെരുപ്പ് കൂടി കാണിച്ചു തരുമൊ? എന്ന് മൂന്നാമതൊരു ജോഡി ചെരുപ്പിനായി ആ സ്ത്രീ ആവശ്യപ്പെട്ടാൽ, ഞാൻ ആ സ്ത്രീയോട് പറയും:
ശരി, കൊണ്ടു വരാം. ഈ രണ്ട് ജോഡിയിൽ ഏതാണ് ഞാൻ തിരിച്ച് കൊണ്ട് പോകേണ്ടത് എന്ന് പറയുമോ ?”
മൂന്ന് ജോഡിയൊ അതിൽ അധികമൊ ചെരുപ്പുകൾ ചോയ്സ് ആയി അവരുടെ മുന്നിൽ വെച്ചാൽ അവർ ഒന്നും വാങ്ങുന്നില്ല; രണ്ട് ജോഡി ചെരുപ്പുകളിൽ നിന്ന് മാത്രം തിരഞ്ഞെടുക്കാൻ വരുമ്പോൾ അവർ ചെരുപ്പ് വാങ്ങുന്നു എന്നും അയാൾ കണ്ടെത്തി.”
(https://www.instagram.com/reel/DKABU3To7AR/?igsh=MWFxd2p6MDVqdXE3ZA==)
അമിതമായ തിരഞ്ഞെടുപ്പുകൾ ഒരാളെ കുഴക്കുകയും തീരുമാനമെടുക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ പ്രതിഭാസത്തെ ‘ചോയ്സ് ഓവർലോഡ്’ (Choice Overload) അല്ലെങ്കിൽ ‘പാരഡോക്സ് ഓഫ് ചോയ്സ്’ (Paradox of Choice) എന്ന് വിളിക്കാറുണ്ട്.
ഇതിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്:
അറിവിൻ്റെ ഭാരം (Cognitive Burden): ഓരോ ഓപ്ഷനും വിലയിരുത്തുന്നതിന് നമ്മുടെ തലച്ചോറിന് കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നു. ഇത് മാനസിക ക്ഷീണത്തിന് (Decision Fatigue) കാരണമാകുന്നു.
അവഗണനയുടെ വില (Opportunity Cost): ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നാം മറ്റ് ഓപ്ഷനുകൾ ഒഴിവാക്കുകയാണ്. കൂടുതൽ ഓപ്ഷനുകൾ ഉള്ളപ്പോൾ, നഷ്ടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത വർദ്ധിക്കുകയും സംതൃപ്തി കുറയ്ക്കുകയും ചെയ്യും.
കുറ്റബോധം (Regret and Dissatisfaction): ധാരാളം ഓപ്ഷനുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം, അത് മികച്ചതല്ലെങ്കിൽ, മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു എന്ന ചിന്തയും അതിലുള്ള വിഷമവും വർദ്ധിക്കുന്നു.
തീരുമാനം എടുക്കുന്നതിലെ തടസ്സം (Decision Paralysis): ഓപ്ഷനുകൾ വളരെയധികം ഉള്ളതിനാൽ, ഒരെണ്ണം തിരഞ്ഞെടുക്കുന്നതിന് പകരം, ഒന്നും തിരഞ്ഞെടുക്കാതിരിക്കാൻ ആളുകൾ തീരുമാനിക്കുന്നു.
‘തീരുമാനമെടുത്ത് ഉണ്ടാവുന്ന ക്ഷീണത്തിൻ്റെ (Decision Fatigue) തിക്ത ഫലങ്ങൾ:
മോശം തിരഞ്ഞെടുപ്പുകൾ (Poor Choices): മാനസികമായി തളരുമ്പോൾ, തലച്ചോറ് എളുപ്പവഴികൾ (shortcuts) തേടുകയും യുക്തിസഹമല്ലാത്ത തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
മാറ്റിവയ്ക്കൽ (Procrastination): കൂടുതൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, അത് ഒഴിവാക്കാനായി കാര്യങ്ങൾ നീട്ടിവയ്ക്കുന്നു.
എടുത്തു ചാടിയുള്ള പ്രവർത്തനങ്ങൾ (Impulsive Actions): ചിന്തിച്ച് സമയം കളയുന്നതിന് പകരം, പെട്ടെന്ന് ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോകാനുള്ള പ്രവണത കൂടുന്നു.
* മാനസികവും ശാരീരികവുമായ ആഘാതം
സമ്മർദ്ദം (Stress) & ഉത്കണ്ഠ (Anxiety): തീരുമാനം എടുക്കേണ്ട സമ്മർദ്ദം കൂടുന്നു.
ഉൽപ്പാദനക്ഷമത കുറയുന്നു (Reduced Productivity): ശ്രദ്ധിക്കാനുള്ള ശേഷി കുറയുന്നത് കാരണം ജോലിയിൽ പിന്നോട്ട് പോകുന്നു.
* ജോലിയിലെ മടുപ്പ് (Burnout) & ദേഷ്യം (Irritability): സ്ഥിരമായുള്ള മാനസികാവസ്ഥാ മാറ്റങ്ങൾ ഇതിന് കാരണമാകുന്നു.
ശാരീരിക ലക്ഷണങ്ങൾ: തലവേദന പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
* കഴിവിൽ വരുന്ന കുറവുകൾ
ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു (Impaired Self-Control): ഭക്ഷണക്രമം, സാമ്പത്തിക കാര്യങ്ങൾ പോലുള്ളവയിൽ നിയന്ത്രണം കുറയുന്നു.
ശ്രദ്ധക്കുറവ് (Lack of Focus): ഒരേ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു.
സങ്കീർണ്ണമായ പ്രശ്നപരിഹാര ശേഷി കുറയുന്നു (Impaired Complex Problem-Solving): സങ്കീർണ്ണമായ വിഷയങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ് മങ്ങുന്നു.
അമേരിക്കൻ മനശാസ്ത്രജ്ഞനായ, ബാരി ഷുവാർട്സ്,
“തിരഞ്ഞെടുപ്പിന്റെ വിരോധാഭാസം: ‘കൂടുതൽ’ (തിരഞ്ഞെടുപ്പുകൾ) എന്നത് (യഥാർത്ഥത്തിൽ) ‘കുറവ്’ ആണ്.” (The Paradox of Choice– Why More Is Less) എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ പ്രമേയം അദ്ദേഹം ഇപ്രകാരം ചുരുക്കി വിവരിക്കുന്നു:
“ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ സാർവാംഗീകൃത അന്ധവിശ്വാസം (Official Dogma) ഇതാണ്:
നമ്മുടെ പൗരന്മാരുടെ ക്ഷേമം പരമാവധി വർദ്ധിപ്പിക്കാൻ നമുക്ക് താല്പര്യമുണ്ടെങ്കിൽ, അതിനുള്ള ഏക വഴി വ്യക്തിഗത സ്വാതന്ത്ര്യം പരമാവധിയാക്കുക എന്നതാണ്.
ഇതിന് രണ്ട് കാരണങ്ങളുണ്ട്:
ഒന്ന്, സ്വാതന്ത്ര്യം എന്നത് സ്വയം നല്ലതും, വിലപ്പെട്ടതും, മനുഷ്യനായിരിക്കുന്നതിന് അത്യന്താപേക്ഷിതവുമാണ്.
രണ്ട്, സ്വാതന്ത്ര്യമുണ്ടെങ്കിൽ, നമ്മൾ ഓരോരുത്തർക്കും നമ്മുടെ ക്ഷേമം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ സ്വയമായി ചെയ്യാം; മറ്റൊരാൾ നമുക്കുവേണ്ടി തീരുമാനമെടുക്കേണ്ടതില്ല.
സ്വാതന്ത്ര്യം പരമാവധിയാക്കാനുള്ള മാർഗ്ഗം തിരഞ്ഞെടുപ്പിനെ പരമാവധിയാക്കുക എന്നതാണ്.
ആളുകൾക്ക് എത്രത്തോളം തിരഞ്ഞെടുപ്പുകളുണ്ടോ, അത്രത്തോളം അവർക്ക് സ്വാതന്ത്ര്യമുണ്ട്. അവർക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ടോ, അത്രത്തോളം അവർക്ക് ക്ഷേമമുണ്ട്.
ഇത് നമ്മുടെ ചിന്താഗതിയിൽ അത്രയേറെ അലിഞ്ഞുചേർന്നിട്ടുള്ള ഒരു കാര്യമാണ്, ആരും ഇതിനെ ചോദ്യം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.
മാത്രമല്ല, ഇത് നമ്മുടെ ജീവിതത്തിലും ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു.
ആധുനിക-സാങ്കേധിക പുരോഗതി നമുക്കായി സാധ്യമാക്കിയ ചില ഉദാഹരണങ്ങൾ പറയാം…
ഞാൻ സാധാരണ പോകാറുള്ള എൻ്റെ സൂപ്പർമാർക്കറ്റ് ഒരു ഉദാഹരണം. അത്ര വലുതൊന്നുമല്ലെങ്കിലും ഒരുപാട് തിരഞ്ഞെടുപ്പുകൾ ഈ സൂപ്പർമാർക്കറ്റ് ലഭ്യമാക്കുന്നു.
‘സാലഡ് ഡ്രെസ്സിംഗി’നെ (സലാഡ് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന ചേരുവകളെ) കുറിച്ച് മാത്രം ഒരു കാര്യം പറയാം.
ഈ കടയിലെ 175 തരം സാലഡ് ഡ്രെസ്സിംഗുകൾ ഉണ്ട്. കൂടാതെ, ഇതിൽ ഒന്നുപോലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, സ്വന്തമായി ഒരുപാട് തരം ഡ്രെസ്സിംഗുകൾ ഉണ്ടാക്കാൻ വേണ്ടി നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന പത്ത് ‘എക്സ്ട്രാ-വിർജിൻ ഒലിവ് ഓയിലുകളും’ പന്ത്രണ്ട് ‘ബാൽസമിക് വിനെഗറുകളും’ ഈ 175 എണ്ണത്തിൽ കണക്കാക്കിയിട്ടില്ല.
അപ്പോൾ, ഇതാണ് നമ്മുടെ സൂപ്പർമാർക്കറ്റിന്റെ അവസ്ഥ.
ശേഷം നിങ്ങൾ ഒരു സ്റ്റീരിയോ സിസ്റ്റം വാങ്ങാൻ ഇലക്ട്രോണിക്സ് കടയിൽ പോകുന്നു — സ്പീക്കറുകൾ, സി.ഡി പ്ലെയർ, ടേപ്പ് പ്ലെയർ, ട്യൂണർ, ആംപ്ലിഫയർ എന്നിവയെല്ലാം ഉൾപ്പെടുത്തി — ഈ ഒരൊറ്റ കൺസ്യൂമർ ഇലക്ട്രോണിക്സ് കടയിൽ നിങ്ങൾക്ക് ആവശ്യമായ അത്രയും സ്റ്റീരിയോ സിസ്റ്റങ്ങൾ ലഭ്യമാണ്. ഒരൊറ്റ കടയിൽ ലഭ്യമായ ഘടകങ്ങൾ ഉപയോഗിച്ച് നമുക്ക് ആറര ദശലക്ഷം (6.5 മില്ല്യൺ) വ്യത്യസ്ത സ്റ്റീരിയോ സിസ്റ്റങ്ങൾ നിർമ്മിക്കാൻ കഴിയും.
അത് ഒരുപാട് തിരഞ്ഞെടുപ്പുകളാണെന്ന് നിങ്ങൾ സമ്മതിച്ചേ മതിയാവൂ.
മറ്റ് മേഖലകളിലും തിരഞ്ഞെടുപ്പുകൾ ഇരട്ടിക്കുന്നതായി നാം കാണുന്നു. ഉദാഹരണത്തിന് ആശയവിനിമയ രംഗം. ഞാൻ കുട്ടിയായിരുന്നപ്പോൾ, ‘മാ ബെല്ലിൽ’ (ടെലെഫോൺ കംബനി) നിന്ന് മാത്രമെ നിങ്ങൾക്ക് ഏത് തരം ടെലിഫോൺ സേവനവും ലഭിക്കുമായിരുന്നുള്ളു.
നിങ്ങൾ ഫോൺ വാടകയ്ക്ക് എടുക്കുകയായിരുന്നു, വാങ്ങുകയായിരുന്നില്ല. അതിൻ്റെ ഒരു പ്രത്യേകത എന്തെന്നാൽ, ഫോൺ ഒരിക്കലും കേടാകുമായിരുന്നില്ല എന്നതാണ്.
ആ കാലം അവസാനിച്ചു.
ഇപ്പോൾ നമുക്ക് പരിധിയില്ലാത്തത്ര വൈവിധ്യമുള്ള ഫോണുകളുണ്ട്, പ്രത്യേക സേവനങ്ങളും ഉപകരണങ്ങളും അടങ്ങിയ സെൽ ഫോണുകളുടെ ഒരു മഹാലോകത്താണ് നാം ജീവിക്കുന്നത്.
ഇത് ഭാവിയിലെ ഒരു ഫോണാണ്:

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നടുവിലുള്ളതാണ് — ഒരു എം.പി 3 പ്ലെയർ, മൂക്കിലെ രോമം കളയുന്ന ട്രിമ്മർ, പിന്നെ ക്രീം ബ്രൂലേ ടോർച്ച്! (ഇതൊക്കെ ഉള്ള ഫോൺ)
ഇത്തരം ഫോണുകൾ നിങ്ങൾ നിങ്ങളുടെ കടകളിൽ ഇപ്പോൾ കണ്ടിട്ടില്ലെങ്കിൽ പോലും, അധികം താമസിയാതെ നിങ്ങൾ കാണും എന്ന് ഉറപ്പിച്ചോളൂ.
ഇത്തരം ഉപകരണ ആധിക്യങ്ങൾ ജനങ്ങളെ കടകളിലേക്ക് ചെല്ലുമ്പോൾ ഈ ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നു:
“കൂടുതൽ സൗകര്യങ്ങൾ ഒന്നുമില്ലാത്ത, ഒരു സാധാരണ സെൽ ഫോൺ കിട്ടാൻ വല്ല വഴിയുമുണ്ടോ?”
ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ എന്താണെന്ന് നിങ്ങൾക്കറിയാമോ ?
ഉത്തരം “ഇല്ല” എന്നാണ്.
കൂടുതൽ കാര്യങ്ങൾ ചെയ്യാത്ത, കൂടുതൽ ഉപകരണങ്ങളും സേവനങ്ങളും അടങ്ങാത്ത, ഒരു സെൽ ഫോൺ വാങ്ങുക എന്നത് ഇപ്പോൾ സാധ്യമല്ല.
സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ വളരെ പ്രധാനപ്പെട്ട ജീവിതത്തിൻ്റെ മറ്റ് മേഖലകളിലും ഇതേ തിരഞ്ഞെടുപ്പുകളുടെ ‘സ്ഫോടനം’ സംഭവിച്ചു.
ആരോഗ്യ പരിരക്ഷ:
നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പോകുന്നു, ഡോക്ടർ എന്തുചെയ്യണമെന്ന് പറയുന്നു എന്ന സ്ഥിതി ഇപ്പോൾ അമേരിക്കയിൽ ഇല്ല.
പകരം, നിങ്ങൾ ഡോക്ടറെ സമീപിക്കുമ്പോൾ, അദ്ദേഹം പറയും, “നമുക്ക് എ ചെയ്യാം, അല്ലെങ്കിൽ ബി ചെയ്യാം. എ-ക്ക് ഈ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ബി-ക്ക് ഈ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്?”
അപ്പോൾ നിങ്ങൾ ചോദിക്കും, “ഡോക്ടർ, ഞാൻ എന്തുചെയ്യണം?”
ഡോക്ടർ വീണ്ടും പറയും, “എ-ക്ക് ഈ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, ബി-ക്ക് ഈ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്?”
അപ്പോൾ നിങ്ങൾ ചോദിക്കും, “ഡോക്ടർ, നിങ്ങൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?”
ഡോക്ടർ പറയും, “പക്ഷേ ഞാൻ നിങ്ങളല്ലല്ലോ.”
ഇതിൻ്റെ ഫലം, നമ്മൾ “രോഗിയുടെ സ്വയംഭരണം” (Patient Autonomy) എന്ന് വിളിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കപ്പെടുന്നു, അത് ഒരു നല്ല കാര്യമായി തോന്നാമെങ്കിലും; യഥാർത്ഥത്തിൽ, തീരുമാനം എടുക്കുന്നതിൻ്റെ ഭാരവും ഉത്തരവാദിത്തവും എന്തെങ്കിലും അറിവുള്ള ഒരാളിൽ നിന്ന് — അതായത് ഡോക്ടറിൽ നിന്ന് — ഒന്നും അറിയാത്തതും, രോഗിയായതിനാൽ തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും നല്ല അവസ്ഥയിൽ അല്ലാത്തതുമായ ഒരാളിലേക്ക് — അതായത് രോഗിയിലേക്ക് — മാറുകയാണ് ചെയ്യുന്നത്.
നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാരിലേക്ക് കുറിപ്പടി മരുന്നുകളുടെ വലിയ തോതിലുള്ള പരസ്യം എത്തുന്നു. നമുക്ക് അവ വാങ്ങാൻ കഴിയില്ലല്ലോ, അപ്പോൾ ഇതിൽ ഒരു അർത്ഥവുമില്ല. എന്തിനാണ് അവർ നമുക്കിടയിൽ ഇത് പരസ്യം ചെയ്യുന്നത്? ഉത്തരം ഇതാണ്: പിറ്റേന്ന് രാവിലെത്തന്നെ നമ്മൾ ഡോക്ടർമാരെ വിളിച്ച് നമ്മുടെ മരുന്നു കുറിപ്പുകൾ മാറ്റാൻ ആവശ്യപ്പെടും എന്ന് അവർ പ്രതീക്ഷിക്കുന്നു.
നമ്മുടെ വ്യക്തിത്വം പോലെ, വളരെ ഭീമമായ കാര്യങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പുകളായി മാറി കഴിഞ്ഞു!
നമ്മൾ ഒരു വ്യക്തിത്വം പാരമ്പര്യമായി നേടുന്നില്ല; അത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും — നമുക്ക് ഇഷ്ടമുള്ളത്ര തവണ നമ്മളെത്തന്നെ പുതുക്കിപ്പണിയാം.
അതിനർത്ഥം, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ, നിങ്ങൾ ഏതുതരം വ്യക്തിയായിരിക്കണമെന്ന് നിങ്ങൾ തീരുമാനിക്കണം എന്നാണ്.
വിവാഹം, കുടുംബം എന്നീ കാര്യങ്ങളെടുക്കുകയാണെങ്കിൽ, കഴിയുന്നത്ര വേഗം വിവാഹം കഴിക്കുക, കഴിയുന്നത്ര വേഗം കുട്ടികളുണ്ടാകുക എന്നതായിരുന്നു പണ്ടത്തെ പൊതുധാരണ.
ആകെ ഉണ്ടായിരുന്ന യഥാർത്ഥ തിരഞ്ഞെടുപ്പ് ആരെ വിവാഹം കഴിക്കണം എന്നതായിരുന്നു — എപ്പോഴെന്നോ, അതിനുശേഷം എന്തുചെയ്യണം എന്നതോ നമ്മുടെ തിരഞ്ഞെടുപ്പിൽ പെട്ടത് ആയിരുന്നില്ല.
ഇന്ന്, എല്ലാം തിരഞ്ഞെടുപ്പിനായി തുറന്നുകിടക്കുന്നു. ഞാൻ അതിബുദ്ധിമാന്മാരായ വിദ്യാർത്ഥികളെയാണ് പഠിപ്പിക്കുന്നത്. ഞാൻ മുൻപ് നൽകിയിരുന്നതിനേക്കാൾ 20 ശതമാനം കുറവ് ഹോംവർക്കുകളാണ് ഇപ്പോൾ നൽകുന്നത്.
അവർക്ക് ബുദ്ധിയോ കഠിനാധ്വാനമോ കുറവായതുകൊണ്ടല്ല ഞാൻ എൻ്റെ വിദ്യാർത്ഥികൾക്ക് കുറവ് ഹോം വർക്കുകൾ നൽകുന്നത്, മറിച്ച് അവർക്ക് മറ്റൊരുപാട് കഠിനമായ പണികൾ ഉണ്ട് എന്നത് കൊണ്ടാണ്. ആ കഠിനമായ പണികൾ തിരഞ്ഞെടുപ്പുകളാണ്.
അവർ -സ്വയം ചോദിക്കുന്ന- ഈ ചോദ്യങ്ങളിൽ മുഴുകിയിരിക്കുന്നതിനാലാണ്:
ഞാൻ വിവാഹം കഴിക്കണോ വേണ്ടയോ?
ഞാൻ ഇപ്പോൾ വിവാഹം കഴിക്കണോ അതോ പിന്നീട് മതിയോ?
ഞാൻ ആദ്യം കുട്ടികളുണ്ടാക്കണോ അതോ ജോലിയാണോ വേണ്ടത്?
ഇത് അവരെ വല്ലാതെ ഗ്രസിക്കുന്ന ചോദ്യങ്ങളാണ്, ഞാൻ നൽകുന്ന എല്ലാ ജോലിയും ചെയ്യുന്നതിനേക്കാൾ പോലും ഗൗരവകരമായ ഭാണ്ഡകെട്ടുകളാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ.
“എല്ലാവർക്കും ഒരു ‘മീൻ പാത്രം’ ആവശ്യമാണ്.
ഈ പാത്രം തീർച്ചയായും വളരെ ചെറുതോ പരിമിതമോ ആയാൽ, ഒരുപക്ഷേ മീനിനുപോലും ഇത് മതിയാവില്ല; നമുക്കാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, പാത്രത്തിന് അതിരുകൾ തീരെ ഇല്ലാതായാലോ ?

അതിരുകളുടെ (അല്ലെങ്കിൽ പരിധികളുടെ) അഭാവം ദുരിതത്തിലേക്കും, ദുരന്തത്തിലേക്കും വഴിവെക്കും എന്ന് ഞാൻ ഭയപ്പെടുന്നു,.”
(ഇവിടെ ‘മീൻ പാത്രം’ എന്നത്, നമുക്ക് ആവശ്യമായ ചില നിശ്ചിത പരിധികളെയും, തിരഞ്ഞെടുപ്പുകളുടെ എണ്ണത്തിലുള്ള നിയന്ത്രണത്തെയും സൂചിപ്പിക്കുന്നു.)
(https://youtu.be/VO6XEQIsCoM?si=BK8fAnARiTprP2Xu)
തിരഞ്ഞെടുപ്പുകളുടെ ആധിക്യത്തിൽ മുങ്ങി താഴുകയാണ് ആധുനിക മനുഷ്യൻ. ഒരു ആധുനിക മനുഷ്യന് ശരാശരി 35,000 തീരുമാനങ്ങൾ, ഒരു ദിവസം തിരഞ്ഞെടുക്കേണ്ടി വരുന്നു.
ഇതിൽ വലിയൊരു ഭാഗം മറ്റുള്ളവർക്ക് പങ്കു വെക്കുന്നതിൽ വല്ല പ്രശ്നവുമുണ്ടോ ? ജീവിതം ഒന്നുകൂടി എളുപ്പമാവുകയല്ലെ ചെയ്യുക ? നമുക്ക് സ്വയം എത്തിച്ചേരാൻ കഴിയാതെ പോകുമായിരുന്ന പല കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും സാധിക്കുകയല്ലെ ചെയ്യുക ?
വേണോ വിവാഹം? !!
ഭാഗം -28 👇
https://www.snehasamvadam.org/വേണോ-വിവാഹം-28/

No comments yet.