വേണോ വിവാഹം? !! -25

//വേണോ വിവാഹം? !! -25
//വേണോ വിവാഹം? !! -25
ആനുകാലികം

വേണോ വിവാഹം? !! -25

മഹാ അടുക്കള

‘എൻ്റെ ഭാര്യ മരിച്ചു.’ അയാൾ തന്നെത്താൻ മന്ത്രിച്ചു: ‘എൻ്റെ ഭാര്യ ഇന്നു പെട്ടെന്നു ഹൃദയസ്‌തംഭനം മൂലം മരിച്ചതു കൊണ്ട് എനിക്കു രണ്ടു ദിവസത്തെ ലീവു വേണം.’

എത്ര നല്ല ഒരു ‘ലീവ് അഭ്യർത്ഥന’ യായിരിക്കും അത് ഭാര്യയ്ക്കു സുഖക്കേടാണെന്നല്ല, ഭാര്യ മരിച്ചുവെന്ന്. മേലുദ്യോഗസ്ഥൻ ഒരു പക്ഷെ, തന്നെ മുറിയിലേക്കു വിളിച്ചേക്കാം, ‘ഞാൻ വളരെ വ്യസനിക്കുന്നു.’ അയാൾ പറയും ഹഹ! അയാളുടെ വ്യസനം! അയാൾ അവളെ അറിയില്ല. അവളുടെ അറ്റം ചുരുണ്ട തലമുടിയും, ക്ഷീണിച്ച പുഞ്ചിരിയും, മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാൾക്കറിയില്ല. അതെല്ലാം തൻ്റെ നഷ്‌ടങ്ങളാണ്.

വാതിൽ തുറന്നപ്പോൾ ചെറിയ മകൻ കിടപ്പറയിൽ നിന്ന് ഓടിവന്നു പറഞ്ഞു. ‘അമ്മ വന്നിട്ടില്യ.’ അവർ ഇത്രവേഗം ഇതെല്ലാം മറന്നുവെന്നോ? ‘ടാക്‌സിയിലേക്കു കേറ്റിവച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവൻ വിചാരിച്ചുവോ?

അയാൾ അവൻ്റെ കൈ പിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.

‘ഉണ്ണീ.’ അയാൾ വിളിച്ചു.

‘എന്താ അച്ഛാ?’

ഉണ്ണി കട്ടിലിന്മേൽ നിന്ന് എഴുന്നേറ്റു വന്നു

‘ബാലൻ ഒറങ്ങി

‘ഉം. നിങ്ങളൊക്കെ വല്ലതും കഴിച്ചോ?’

അയാൾ അടുക്കളയിൽ തിണ്ണമേൽ അടച്ചുവച്ചിരുന്ന പാത്രങ്ങളുടെ തട്ടുകൾ നീക്കി പരിശോധിച്ചു. അവൾ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണം. ചപ്പാത്തി, ചോറ്, ഉരുളക്കിഴങ്ങു കൂട്ടാൻ, ഉപ്പേരി, തൈര്.. ഒരു സ്‌ഫടികപ്പാത്രത്തിൽ, കുട്ടികൾക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.

മരണത്തിൻ്റെ സ്‌പർശം തട്ടിയ ഭക്ഷണസാധനങ്ങൾ! വേണ്ട അതൊന്നും ഭക്ഷിച്ചുകൂടാ. ‘ഞാൻ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം. ഇതൊക്കെ തണുത്തിരിക്കുന്നു.’ അയാൾ പറഞ്ഞു.

‘അച്ഛാ!’

ഉണ്ണി വിളിച്ചു.

‘ഉം.’

‘അമ്മ എപ്പഴാ വരാ? അമ്മയ്ക്കു മാറീലേ?

സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ ഇപ്പോൾ, ഈ രാത്രിയിൽ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണു കിട്ടാനുള്ളത്?’ അയാൾ വിചാരിച്ചു.

അമ്മ വരും. അയാൾ പറഞ്ഞു.

അയാൾ കിണ്ണങ്ങൾ കഴുകി നിലത്തുവച്ചു. രണ്ടു കിണ്ണങ്ങൾ,

‘ബാലനെ വിളിക്കേണ്ട. ഒറങ്ങിക്കോട്ടെ, അയാൾ പറഞ്ഞു.

‘അച്ഛാ, നെയ്പ്പായസം.’ രാജൻ പറഞ്ഞു. ആ പാത്രത്തിൽ തൻ്റെ ചൂണ്ടാണി വിരൽ താഴ്ത്തി.

അയാൾ തന്റെ ഭാര്യയിരിക്കാറുള്ള പലകമേൽ ഇരുന്നു.

‘ഉണ്ണി വെളമ്പിക്കൊടുക്കേ? അച്ഛനു വയ്യ. തല വേദനിക്കുന്നു.’

അവർ കഴിക്കട്ടെ. ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവർക്ക് കിട്ടുകയില്ലല്ലോ. ‘കുട്ടികൾ പായസം കഴിച്ചു തുടങ്ങി, അയാൾ അതു നോക്കിക്കൊണ്ടു നിശ്ചലനായി ഇരുന്നു. കുറെ നിമിഷങ്ങൾക്കു ശേഷം അയാൾ ചോദിച്ചു.

‘ചോറു വേണ്ട ഉണ്ണീ?’

‘വേണ്ട, പായസം മതി. നല്ല സ്വാദ്‌ണ്ട്.

ഉണ്ണി പറഞ്ഞു.

രാജൻ ചിരിച്ചുകൊണ്ടു പറഞ്ഞു ‘ശെരിയാ….. അമ്മ അസ്സല് നെയ്‌പ്പായസമാ ഉണ്ടാക്കീത്

തൻ്റെ കണ്ണുനീർ കുട്ടികളിൽ നിന്നു മറച്ചുവയ്ക്കുവാൻ വേണ്ടി അയാൾ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.

(നെയ്പായസം: മാധവിക്കുട്ടി)

*****************************

അമ്മ മരിച്ചപ്പോൾ ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം,
ആരും സ്വൈര്യം കെടുത്തില്ല.

ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട,
ആരും ഇഴ വിടർത്തി നോക്കില്ല.

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം,
പാഞ്ഞെത്തുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല.

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട.
വിഷം തീണ്ടി രോമത്തുളയിലൂടെ
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം,
ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു…

(ആശ്വാസം: കൽപ്പറ്റ നാരായണൻ)

*****************************

അച്ചനേക്കാൾ അമ്മയുമായുള്ള മക്കളുടെ വൈകാരിക ബന്ധം ശ്രദ്ധേയമാണ്. ഏതു മക്കളിലും ഈ ഗാഢമായ വൈകാരിക ബാന്ധവം ദർശിക്കാനാകും. അമ്മയെ കുറിച്ചും ഭാര്യയെ കുറിച്ചും മനസ്സിൽ തിണ്ണ കെട്ടി, നടനമാടുന്ന ആർദ്രമായ സ്മരണകളിൽ മുഖ്യവും മിക്കവയും അമ്മയൊ ഭാര്യയൊ ഉണ്ടാക്കുമായിരുന്ന ഭക്ഷണം തന്നെ. അതിൻ്റെ രുചിയും, മണവും മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. അമ്മയുണ്ടാക്കുമായിരുന്ന സാമ്പാറ്, ഉമ്മയുടെ സ്പെഷ്യൽ അച്ചാറ്, പെങ്ങൾക്കു മാത്രം ഉണ്ടാക്കാനറിയുന്ന ബീഫ് ഫ്രൈ, ഭാര്യയുടെ രസകരമായ രസം… അങ്ങനെ പല വിഭവങ്ങളും നമ്മുടെ നാക്കിലയുടെ മൂലയിൽ ഇന്നും ഈറനായി പറ്റിപിടിച്ചു കിടക്കുന്നു.
അവയുടെ മണവും രുചിയും ഓർക്കുമ്പോൾ വായിലെ വെള്ളത്തേക്കാൾ മനസ്സിൽ
നന്ദിയും കടപ്പാടുകളും നിർഗളിക്കുന്നു.
അവരുമായി നാം പങ്കിട്ട എരിവും പുളിയും നിറഞ്ഞ അനുഭവങ്ങളും, കൈപ്പും മധുരവുമായ ഓർമ്മകളും സ്നേഹാദരവിൻ്റെ അലയൊലിയോടെ മനസ്സിൻ്റെ തീരത്ത് അണയുന്നു.

ഓസ്‌ട്രേലിയയിലെ വിവിധ പശ്ചാത്തലങ്ങളിലുള്ള 50 പ്രായപൂർത്തിയായ ആളുകളെ, ഒരുപറ്റം ഗവേഷകർ അഭിമുഖം നടത്തി. ഭക്ഷണവുമായി ആളുകൾ എങ്ങനെ മാനസികമായും സാമൂഹികമായും ബന്ധപ്പെടുന്നു എന്നത് മനസ്സിലാക്കുക എന്നായിരുന്നു ഈ ഗവേഷകരുടെ ലക്ഷ്യം.

നിങ്ങൾ ആരോടൊപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്, എവിടെയാണ് ഭക്ഷണം കഴിക്കുന്നത്, ഭക്ഷണത്തിനോട് ചേർന്നുളള വ്യക്തിപരമായ അർത്ഥം എന്നിവ, ഭക്ഷണത്തിലെ ഘടകങ്ങളോളം തന്നെ തലച്ചോറിന്റെ പ്രതികരണത്തെ സ്വാധീനിക്കുന്നു എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

ഗവേഷണത്തിൽ പങ്കെടുത്ത ആളുകൾ അവരുടെ ഓർമ്മകൾ, ശീലങ്ങൾ, ഭക്ഷണ സമ്പ്രദായങ്ങൾ, വിശേഷ ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു.
ചില ഭക്ഷണങ്ങൾ എങ്ങനെ സമാധാനം, ആശ്വാസം, വീട്ടിലെ ഊഷ്മളമതയെ ഉണർത്തുന്ന ഒരു അനുഭൂതി, എന്നിവ നൽകുന്നു എന്ന് അവർ വിവരിച്ചു; ആ ഭക്ഷണങ്ങളിലെ കലോറി എത്രയാണെന്നോ ചേരുവകൾ എന്താണെന്നോ എന്നതിനെക്കാൾ അതിന്റെ അനുഭവം പ്രധാനമായിരുന്നു.

ഭക്ഷണത്തിൻ്റെ വൈകാരിക പശ്ചാത്തലം ഭക്ഷണത്തോടുള്ള തലച്ചോറിന്റെ പ്രതികരണത്തെ രൂപപ്പെടുത്തുന്നു എന്ന് ഈ പഠനം തെളിയിച്ചു. ഭക്ഷണത്തിന്റെ ചുറ്റുമുള്ള അർത്ഥവും അനുഭവവും വികാരവും, ഭക്ഷണത്തോളം തന്നെ പ്രധാനമാണ് എന്നർത്ഥം.

ഒറ്റയ്ക്കിരുന്ന് കഴിക്കുന്ന ഭക്ഷണം, മറ്റുള്ളവരോടൊപ്പം കഴിക്കുന്ന അതേ ഭക്ഷണത്തേക്കാൾ വേറിട്ട അനുഭവം നൽകുന്നു. കാരണം, തലച്ചോർ പോഷകഘടകങ്ങളെയും പരിസരങ്ങളെയും വേർതിരിച്ചു കാണുന്നില്ല. അവയെല്ലാം ഒരുമിച്ചാണ് തലച്ചോർ പ്രക്രിയ ചെയ്യുന്നത്. രുചി, മണം, ശബ്ദം, മനോനില, ഓർമ്മ -ഇവയെല്ലാം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ന്യുറോസയൻസ് ഇതിനെ പിന്തുണക്കുന്നു.

ഓർമ്മയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗമായ ഹിപ്പോകാമ്പസും (hippocampus), വികാരങ്ങളുമായി ബന്ധപ്പെട്ട ഭാഗമായ അമിഗ്ഡലയും (amygdala) ഭക്ഷണം കഴിക്കുന്ന സമയത്ത്—പ്രത്യേകിച്ച് ഭക്ഷണത്തിനോടൊപ്പം ശക്തമായ മാനസിക അനുഭവങ്ങൾ ചേർന്നിരിക്കുമ്പോൾ—സജീവമാകുന്നു. ഉമ്മയും ഭാര്യയും വിളമ്പിയ ചില വിഭവങ്ങൾ എന്തുകൊണ്ട് ആശ്വാസം നൽകുന്നു എന്ന കാര്യം വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുന്നു.

മാനസിക സമ്മർദ്ദം, ഏകാന്തത, ദുഃഖം എന്നിവ അവരുടെ ഭക്ഷണശീലങ്ങളെ മാറ്റിയതായി പഠനത്തിലെ ചിലർ പറഞ്ഞു. ചിലർക്കു ഭക്ഷണം ഒരു പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള മാർഗമായി മാറി.

പഠനങ്ങൾ കുറിച്ചു:

“ഈ അനുഭവങ്ങൾ കാണിക്കുന്നത്—ബന്ധങ്ങൾ, ഓർമ്മകൾ, അർത്ഥം എന്നിവ വിശപ്പിനെയും സംതൃപ്തിയെയും രൂപപ്പെടുത്തുന്നു എന്നാണ്.”

എത്ര കഴിച്ചിട്ടും വയറു നിറയുന്നില്ല എന്ന പരാതിയുമായി വന്ന ഒരു അനുചരനോട്, ഒറ്റക്കിരുന്ന് ഉണ്ണാതെ കൂടെ ഇരുന്ന് ഉണ്ണാൻ പ്രവാചകൻ (സ) നിർദ്ദേശിച്ചതായ ഹദീസ് ഇത്തരുണത്തിൽ ഓർമ്മ വരുന്നു.
(അബൂ ദാവൂദ്: 3764, ഇബ്നു മാജ: 3286)

ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് നിർണയിക്കാൻ തലച്ചോർ വിശപ്പിന്റെ സൂചനകൾ മാത്രമല്ല ഉപയോഗിക്കുന്നത്; വികാരങ്ങളുടെ സൂചനകളും അതിലേറെ ഉപയോഗിക്കുന്നു.

പോഷകാഹാരം തീർച്ചയായും പ്രധാനമാണ്. എന്നാൽ ഭക്ഷണ തിരഞ്ഞെടുപ്പുകൾ ജീവശാസ്ത്രത്തിനുമപ്പുറം വൈകാരികമായ മറ്റ് ഘടകങ്ങളാലും സ്വാധീനിക്കപ്പെടുന്നുണ്ട്.

ബന്ധങ്ങൾ, വൈകാരിക പശ്ചാത്തലം, സാംസ്കാരിക അർത്ഥങ്ങൾ ഇവയെല്ലാം തലച്ചോർ ഭക്ഷണത്തെ എങ്ങനെ അനുഭവിക്കുന്നു എന്ന് നിർണ്ണയിക്കുന്നു. ഭക്ഷണം ശരീര പോഷണത്തിന്റെ അതിരുകൾക്കപ്പുറം, മനുഷ്യരുടെ സാമൂഹികവും വൈകാരികവുമായ അനുഭവങ്ങളുമായി എത്ര ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ഈ ഗവേഷണം വ്യക്തമാക്കുന്നത്.
(Source: Clonan, A. et al. (2023). Maybe It’s Not Just the Food?. IJERPH.

https://www.researchgate.net/publication/367328633_Maybe_it’s_Not_Just_the_Food_A_Food_and_Mood_Focus_Group_Study

https://www.mdpi.com/1660-4601/20/3/2011)

വിഷാദം, സമ്മർദ്ദം, ദുഖം, നൈരാശ്യം മുതലായ മനോനില വ്യതിയാനങ്ങളുമായി (mood disorders) ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഭക്ഷണത്തിന്റെ പോഷകഘടകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, സാംസ്കാരികം, സാമൂഹികം, ബന്ധങ്ങൾ, സ്വത്വ ബോധം എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകണം എന്നാണ്.
(https://pmc.ncbi.nlm.nih.gov/articles/PMC9915006/)

നമ്മെ ഊട്ടിയ കൈകൾ എങ്ങനെ നമ്മുടെ ഹൃദയവും തൊട്ടു? എന്നത് ഈ പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നു. അവരോടുള്ള കടപ്പാട് കാലത്തെ കവച്ചു വെക്കുന്നത് എങ്ങനെയെന്നും തെളിയുന്നു. ഒപ്പം കുടുംബമായി, ഒന്നിച്ചിരുന്നു ഭക്ഷണം പങ്കിടുന്നതിൻ്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തുന്നു.

*********************************

പക്ഷെ,
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന് കൗതുകം !

ഭർതൃഗൃഹത്തിലേക്ക് അടിമയായി പെണ്ണുങ്ങൾ വിൽക്കപ്പെടുന്നു. അവിടത്തെ അടുക്കളയാകുന്ന ആലയിൽ പണിയെടുത്ത് നടുവൊടിക്കുന്ന ദാമ്പത്യം ഇതൊക്കെയാണ് ഒരു സിനിമയിലൂടെ സംവിധായകൻ ജിയോ ബേബി വാദിക്കുന്നത്.

ഭർതൃഗൃഹം പെണ്ണിനെ വിഴുങ്ങുന്ന തമോഗർത്തമാണെന്നും അടുക്കളയുടെ “ഭീകരമായ” അന്തരാളങ്ങളിൽ പെണ്ണ് ഉരുകി ഇല്ലാതെയാവുകയാണെന്നും, ഗാർഹിക ജീവിതത്തിലെ പ്രയാസങ്ങളെ പർവതീകരിച്ച്, ചായം തേച്ച് അവതരിപ്പിച്ച് പെണ്ണുങ്ങളുടെ മനസ്സിൽ ഇതുവരെ ഇല്ലാതിരുന്ന, വിവാഹ-കുടുംബ വികാരങ്ങൾ ഇളക്കി വിടുകയാണ് ലക്ഷ്യം.

‘പ്രസ്തുത സിനിമ മൂലം പത്ത് വിവാഹമോചനങ്ങൾ നടന്നാൽ താൻ കൃതാർത്ഥനാണെന്ന് ‘ സംവിധായകൻ ഒരു ഉളുപ്പുമില്ലാതെ തുറന്നു പറയുകയും ചെയ്തു!

നാളെ പ്രസവമുറിക്കുള്ളിലെ “ഭീകരദൃശ്യങ്ങൾ” സിനിമയാക്കി വിവാഹ വിരുദ്ധ യുദ്ധം: രണ്ടാം ഭാഗം പ്രതീക്ഷിക്കാം.

നമ്മെ, നമ്മുടെ വീട്ടിലെ സ്ത്രീകളുമായി എക്കാലത്തും വൈകാരിക ബന്ധം സ്ഥാപിക്കാൻ ഒരു കാരണമായി വർത്തിച്ച, സ്നേഹവും കാരുണ്യവും മൂല്യവും അവർക്കു പകർന്നു നൽകാൻ പ്രേരിപ്പിച്ച ഒരു മുഖ്യ ചാലകശക്തിയായ ഭക്ഷണത്തെ ശത്രുതയുടെ കാരണമാക്കി മാറ്റുക!

വീട്ടുജോലി എടുക്കുന്ന സ്ത്രീകളുടെ മനസ്സിൽ അവർ ചെയ്യുന്ന ഓരോ സേവനവും ദുസ്സഹമാക്കി ചിന്തിപ്പിക്കുക!

അൽപ്പം പണി എടുക്കുന്നവർക്ക് പോലും പരാതികളും പരിഭവങ്ങളും മാത്രം തോന്നുക !

മനസ്സില്ലാ മനസോടെ ചെയ്യുന്ന, സേവനങ്ങൾ പറ്റുന്നവർക്ക്, പയ്യെ പയ്യെ സ്ത്രീകളോടുള്ള കൃതജ്ഞയും സ്നേഹവും ഇല്ലാതെ ആവട്ടെ !

പരസ്പര കടപ്പാടിന് പകരം പരസ്പരം കണക്കു പറയുന്നവരാക്കി കുടുംബാംഗങ്ങളെ മാറ്റുക.

അങ്ങനെ, പരസ്പരം കഷ്ടപ്പെടുത്താനുള്ള കാരാഗൃഹങ്ങളാണ് ദാമ്പത്യമെന്ന് അവർ ചിന്തിക്കട്ടെ,

കുടുംബങ്ങൾ കലഹവേദികൾ ആകട്ടെ !

അങ്ങനെ, തമ്മിൽ തല്ലിച്ച് ബന്ധങ്ങൾ തകർക്കുക!

ഇതൊക്കെയാണ് ഈ ലിബറൽ കഴുകന്മാരുടെ ലക്ഷ്യം. അതിനു വേണ്ടി കണ്ണിൽ വിരല് കുത്തി കരയിപ്പിക്കാനും അവർ മടിക്കുന്നില്ല.

പാചകോചിതമായ മികവിനും കഴിവിനും കൈപുണ്യത്തിനും ഒരു വിലയുമില്ല എന്ന് ഇവർ വരുത്തി തീർക്കുകയാണ്; മാതൃത്വത്തിൻ്റെ വില കുറച്ചു കാണിച്ച് പെണ്ണുങ്ങളെ സന്താനോൽപാദനത്തിൽ നിന്ന് വിമുഖരാക്കാൻ ശ്രമിച്ചത് പോലെ.

ഇതേ കൈപുണ്യവും പാചക മികവും, തൊഴിലിൻ്റെ ഭാഗമാണെങ്കിലൊ ? ഒരു സ്ത്രീ നല്ല ഒന്നാന്തരം ഷെഫ്ഫാണെങ്കിലൊ ? അപ്പോൾ ആ കഴിവിന് വിലയും നിലയും ഉണ്ടെന്ന് വരുന്നു ! ഇനി വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നത് ആണാണെങ്കിലൊ ? അപ്പോൾ അടുക്കള പണി അടിമത്തം അല്ലാതാവും ! അപ്പോൾ ലക്ഷ്യം വീട്ടുജോലികളുടെ വിലക്കുറവല്ല, പെണ്ണിൻ്റെ മനസ്സിൽ ഗാർഹിക ജീവിതത്തോട് വിരക്തിയും ദുരഭിമാനവും സൃഷ്ടിക്കലാണ്.
അവളെ ഏകാന്തതയിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിയിട്ട് സ്വന്തത്തിനായി വലവീശി പിടിക്കലാണ് ലക്ഷ്യം.

അടുക്കള പണികളും വീട്ടുജോലികളും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണകരമായി ഭവിക്കും എന്ന് എണ്ണമറ്റ ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. (നമ്മുടെ സങ്കൽപ്പങ്ങൾക്ക് അതീതമായ, ആരോഗ്യ ഗുണങ്ങൾ വീട്ടു ജോലികൾക്കുണ്ട്, അവ വിശദമായി ചുവടെ ചേർക്കുന്നുണ്ട്.)
ജിമ്മിൽ പോയി, അങ്ങോട്ട് കാശ് കൊടുത്ത്, വീട്ടിലുള്ളതിനേക്കാൾ ഭാരമുള്ള പണി (വെയ്റ്റ് ലിഫ്റ്റിംഗ്, കാർഡിയോ, എക്സർസൈസ്) എടുക്കുന്നത്, ആരോഗ്യദായകമായതിനാൽ നല്ലതാണെങ്കിൽ, എന്ത് കൊണ്ട് വീട്ടു ജോലികൾ ആത്മപീഡനമാവും.? വിശക്കുന്നവർക്ക് ഭക്ഷണം ഊട്ടുന്നതും, വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതും പുണ്യ കർമ്മവും സാമൂഹിക സേവനവുമാണ്. പാശ്ചാത്യൻ ലോകത്ത് പോലും, ഒഴിവു സമയങ്ങളിൽ ‘സൂപ്പ് കിച്ചണു’കളിൽ (സാമൂഹിക സേവനത്തിൻ്റെയും പൂണ്യ പ്രവർത്തനത്തിൻ്റെയും ഭാഗമായി), പാവപ്പെട്ടവർക്കായി ഭക്ഷണം പാകം ചെയ്യുകയും, പാത്രങ്ങൾ വൃത്തിയാക്കുകയും ചെയ്യാൻ വളണ്ടിയർ ചെയ്യുന്നു. അത്തരം സേവനങ്ങളും പുണ്യ കർമ്മങ്ങളും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നത് എങ്ങനെ മോശം കാര്യമാവും. ഇങ്ങനെ, ആത്മീയവും ഭൗതികവുമായ, അളവറ്റ പ്രതിഫലങ്ങൾക്ക് കാരണമായ ഒരു സേവനവും അധ്വാനവുമാണ് വീട്ടുജോലികൾ. അത് സ്ത്രീക്ക് പ്രതികൂലമായ ഒരു കാര്യമായി അവതരിപ്പിക്കുന്നതിന്, വൈകാരികമായല്ലാതെ വസ്തുനിഷ്ഠമായ ന്യായങ്ങൾ ഒന്നും ഇല്ല.

മറ്റൊന്ന്, സ്ത്രീകൾ മാത്രമാണോ പണിയെടുത്ത് തളരുന്നത് ? സമാന്തരമായി പുരുഷന്മാരിൽ ഒരു വലിയ വിഭാഗവും പണിയെടുത്ത് കഷ്ടപ്പെടുന്നില്ലെ ? മഴയും വെയിലും മഞ്ഞും കുളിരും കൊണ്ട് വിദേശത്തും സ്വദേശത്തും കായിക വൃത്തികളിലും ഭാരമേറിയ ജോലികളിലും ജീവിതത്തിൻ്റെ സിംഹഭാഗവും ചെലവഴിക്കുന്ന എത്ര പുരുഷ ജീവിതങ്ങളുണ്ട് ?

അപ്പോൾ, കഷ്ടപ്പാടുകൾ സ്ത്രീ കേന്ദ്രീകൃതമായ ഒരു വിഷയം മാത്രമായി എങ്ങനെ ഒതുക്കും? സ്ത്രീ മാത്രം തരണം ചെയ്യേണ്ട കനൽപഥമാണ് വിവാഹം എന്ന വാദം എത്രമാത്രം അനീതിയാണ്.

ഒരു ഭർത്താവിനെ/ പിതാവിനെ ഇത്തരുണത്തിൽ ഓർമ്മ വരുകയാണ്. പൊരിയുന്ന മരുഭൂ വെയിലിൽ ആടിനെ മേച്ച് നടക്കുമ്പോൾ, കയ്യിലെ രോമം കരിയുന്നതായി അയാൾക്കു തോന്നി. ഉടനെ വീട്ടിൽ, സന്തോഷത്തിൽ കഴിയുന്ന ഭാര്യക്കും മക്കൾക്കും തണലാണല്ലൊ ഈ വെയിൽ എന്ന് ഓർത്ത്, ജോലിയിൽ സംതൃപ്തനായ പ്രിയപ്പെട്ട സൈനുക്ക…! ഇങ്ങനെ എത്രയെത്ര സൈനുക്കമാർ, അടുക്കളക്ക് സമാന്തരമായി, സമരക്കളത്തിൽ ജീവിക്കുന്നു.

ഇനി, ഒരിക്കലും വിവാഹം കഴിക്കാത്ത, അല്ലെങ്കിൽ വിവാഹ മോചിതരൊ വിധവകളൊ ആയ, അതുമല്ലെങ്കിൽ കൂടെ ആണോ കുടുംബമൊ ഇല്ലാത്ത എത്രയെത്ര സ്ത്രീകൾ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടി ചേർക്കാൻ വേണ്ടി നെട്ടോട്ടമോടുന്നുണ്ട്? പിന്നെ, കഷ്ടപ്പാടുകൾ എങ്ങനെ വിവാഹവും കുടുംബവുമായി മാത്രം ബന്ധപ്പെട്ട വിഷയമാവും ?

അടുക്കളയും വിവാഹവും തമ്മിലുള്ള ബന്ധം, എത്ര കൂട്ടിയും കുറച്ചും നോക്കിയാലും കിട്ടുക, വട്ടപൂജ്യമാണ്.

വീട്ടു ജോലികളിൽ മാത്രമാണോ സ്ത്രീ കഷ്ടപാടുകൾക്ക് വിധേയയാവുന്നത്?
ജോലിക്ക് പോകുന്ന സ്ത്രീകൾ ഗാർഹിക ജീവിതത്തേക്കാൾ എത്രയോ ഇരട്ടി പ്രയാസങ്ങൾ മാനസികമായും ശാരീരികമായും നേരിടുന്നുണ്ട് ? എന്തു കൊണ്ട് ഒരു ‘മഹാ ഇന്ത്യൻ ഓഫീസ്’ (The Great Indian office) സിനിമ ഇറങ്ങുന്നില്ല ?! അവയൊക്കെ ലിബറൽ അജണ്ടക്ക് വിരുദ്ധമാണ്; അത്ര തന്നെ.

ലിബറൽ – ഫെമിനിസ്റ്റ് പ്രോപഗണ്ടകളിൽ വഞ്ചിതരായി, ഗാർഹിക ജീവിതം വലിച്ചെറിഞ്ഞ്, വിവാഹവും കുടുംബവും പരിത്യജിച്ച, പാശ്ചാത്യൻ സ്ത്രീകൾ ജോലി ചെയ്തു മടുത്തു തുടങ്ങിയിരിക്കുന്നു എന്ന പഠനങ്ങൾ നാം മുമ്പ് ഉദ്ധരിച്ചതാണ്. അവയിൽ ചിലത് മാത്രം ആവർത്തിക്കട്ടെ:

“നാല് ദശലക്ഷം സ്ത്രീകൾക്ക് തെറ്റ് പറ്റില്ല. സർവേകൾ തുടരെ തുടരെ, ഉപകഥയ്‌ക്ക് ശേഷമുള്ള ഉപകഥകൾ തുടരെ, ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആധുനിക വനിതകളുടെ ഇപ്പോഴത്തെ അസന്തുഷ്ടിയെക്കുറിച്ചുള്ള കഥകളും എന്തുകൊണ്ടെന്ന പര്യവേക്ഷണവും സർവേകളും കൊണ്ട് വനിതാ മാസികകൾ നിറഞ്ഞിരിക്കുകയാണ്. ടോപ്പ് സാന്റെ’ – ‘യുകെയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആരോഗ്യ-സൗന്ദര്യ മാസിക’ – 2001 വേനൽക്കാല സർവേയിൽ, ‘തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ കേവലം ഒമ്പത് ശതമാനം (പ്രീസ്‌കൂൾ കുട്ടികളുള്ള സ്ത്രീകളിൽ നാല് ശതമാനം) മാത്രമാണ് തങ്ങൾ സ്വന്തം താൽപര്യത്തോടെ മുഴുവൻ സമയം ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്നതെന്ന്’ വെളിപ്പെടുത്തിയത്.!!

വാസ്തവത്തിൽ, അവസരം ലഭിച്ചാൽ, ജോലി ചെയ്യുന്ന സ്ത്രീകളിൽ 78 ശതമാനവും അവർക്ക് കഴിയുമെങ്കിൽ നാളെ തന്നെ ജോലി ഉപേക്ഷിക്കുമെന്ന് അഭിപ്രായപ്പെടുന്നു. !!

തലവേദന, നിരന്തരമായ ക്ഷീണം, നടുവേദന, ഉത്കണ്ഠ, വിസ്മൃതി, ഉറക്കമില്ലായ്മ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മൈഗ്രെയ്ൻ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന തങ്ങളുടെ ജോലി തങ്ങളുടെ ആരോഗ്യത്തിന് അതിഗുരുതരമായി ഹാനികരമാണെന്ന് സമാനമായ ശതമാനം ഉദ്യോഗസ്ഥകളായ സ്ത്രീകൾ കരുതുന്നു. സ്ത്രീകളുടെ ഇന്നത്തെ ജീവിതരീതികൾ കുടുംബജീവിതത്തെ തകർച്ചയിലേക്ക് നയിക്കുന്നു എന്നും സർവേ കണ്ടെത്തി.
(Top Sante’, July 2001, ‘Bad day at work?’, pp. 96-7)

ബ്രിട്ടണും അമേരിക്കയും കേന്ദ്രീകരിച്ച്, ലിംഗത്വ സംബന്ധമായി നടന്ന ലോകത്തെ ഏറ്റവും വലിയ, സാമൂഹ്യ ശാസ്ത്ര ഗവേഷണം പ്രഖ്യാപിക്കുന്നത് നോക്കൂ:

“സമൂഹത്തിലുടനീളമുള്ള ലിംഗസമത്വത്തിനായുള്ള പരിഷ്കാരങ്ങൾ, സ്ത്രീകൾക്കിടയിൽ ഉയർന്നുവരുന്ന ക്ഷേമം സൃഷ്ടിക്കുന്നതിൽ ഇരു രാജ്യങ്ങളിലും വിജയിച്ചിട്ടില്ല.”
(Blanchflower, D.G and Oswald, A.J (2000), Well-being Over Time in Britain and the USA. NBER Working Paper Series, working Paper 7487, National Bureau of Economic research, Cambridge, MA. pp. 8, 12, 16)

അമേരിക്കൻ ഫെമിനിസത്തിന്റെ മാതാവ് ബെറ്റി ഫ്രീഡൻ പറയുന്നു:
1954, 1959 മുതൽ 1962 വരെ നടത്തിയതും 1970 കളിൽ ആവർത്തിക്കപ്പെട്ടതുമായ പഠനങ്ങൾ, 1950 കളിലും 1960 കളുടെ തുടക്കത്തിലും ഇരുപതുകളിലും മുപ്പതുകളിലും ഉള്ള സ്ത്രീകളേക്കാൾ മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന യുവതികളാണ് പിന്മുറക്കാരെന്ന് വെളിപ്പെടുത്തുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ “മാനസിക തകർച്ച” വളർന്നു പടരുന്നു. 35-നും 39-നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ പ്രഭാവം ഉണ്ടായത്. ‘1970-കളിൽ ഏകദേശം മൂന്ന് സ്ത്രീകളിൽ എന്ന തോതിൽ സംഭവിച്ചു കഴിഞ്ഞതൊ വരാനിരിക്കുന്നതോ ആയ “മാനസിക തകർച്ച” റിപ്പോർട്ട് ചെയ്യുന്നു. മുൻ ദശകത്തിൽ ആ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനം മാത്രമേ ഇത് ഉണ്ടായിരുന്നുള്ളൂ.
(Friedan, B. (1981,1982) The Second Stage. London: Michael Joseph.)

സ്ത്രീ വിരുദ്ധത, ലൈംഗിക അതിക്രമങ്ങൾ, ബലാൽസംഗങ്ങൾ, മാനസിക- ശാരീരിക പീഡനങ്ങൾ ഒക്കെ സ്ത്രീകൾക്കു നേരെ തൊഴിലിടങ്ങളിൽ സദാ സംഭവിക്കുന്നു. തൊഴിൽ മേഖലകളിലെ ഇടുങ്ങിയ ഇടനാഴികകളിൽ ഞെരിഞ്ഞമരുന്ന സ്ത്രീകൾക്ക് വേണ്ടി എന്തു കൊണ്ട് സിനിമകളും സീരിയലുകളും സാഹിത്യങ്ങളും ഇറങ്ങുന്നില്ല ?!

അപവാദങ്ങൾ ഉണ്ടാവാമെങ്കിലും, പൊതുവെ നമ്മുടെ പെണ്ണുങ്ങളൊന്നും അടുക്കളയിൽ കിടന്ന് നരകിക്കുന്നില്ല.

പണ്ടത്തെ പെണ്ണുങ്ങൾ ആണെങ്കിൽ അടുക്കളയും, വീടിൻ്റെ അന്തരംഗങ്ങളും അവർക്ക് ഒരു സംഗമ വേദിയായിരുന്നു. കുട്ടുകുടുംബങ്ങളിലെ സ്ത്രീ സമ്മേളനവും സല്ലാപവും നടന്നിരുന്ന, ഒരു സാമൂഹികമായ മൂന്നാം ഇടങ്ങൾ. സൗഖ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും മാനദണ്ഡങ്ങളും സ്രോതസ്സുകളും അന്നത്തെ കാലത്ത് വ്യത്യസ്തമായിരുന്നു. ഭൗതിക സൗകര്യങ്ങൾ അന്നത്തെ സന്തോഷത്തിൽ കൂടുതൽ പ്രധാന്യം വഹിച്ചു; അവ, മാനസികവും ആശയപരവുമായ ആവശ്യങ്ങളേക്കാൾ പ്രധാനപ്പെട്ടതായിരുന്നു.
ഉദാഹരണത്തിന്, സ്വകാര്യതക്ക്, സന്തോഷത്തിൽ ഇന്നുള്ള അമിത സ്വാധീനം അന്നുണ്ടായിരുന്നില്ല.

ഇന്ന് സ്ത്രീകളിൽ പലരും, വീടിനെയൊ അടുക്കളയൊ അങ്ങനെ കാണുന്നില്ലെങ്കിലും താരതമ്യേന പ്രയാസം കുറഞ്ഞ പണികളാണ് അവർക്ക് ഉള്ളത്.

ഒന്നാമതായി, കൂട്ടുകുടുംബ വ്യവസ്ഥ തന്നെ നന്നെ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അണുകുടുംബങ്ങൾ വർദ്ധിച്ചു വരുകയും ചെയ്യുകയാണ്.

അംഗസംഖ്യ കുറഞ്ഞ കുടുംബങ്ങൾക്ക് വേണ്ടി മാത്രമേ ആധുനിക കാലത്തെ സ്ത്രീകൾക്ക് പണിയെടുക്കേണ്ടി വരുന്നുള്ളു. വിവാഹം കഴിക്കാതെ ഒറ്റക്ക് ജീവിക്കുകയാണെങ്കിലും ചോറും കറിയും അടിച്ചു വാരലുമെല്ലാം ചെയ്യേണ്ടി വരുന്നതല്ലെ ? അപ്പോൾ ഒരു നാഴി അരി കൂടുതൽ ചെമ്പിലിടുന്ന കഷ്ടപ്പാട് പറഞ്ഞ് ത്യജിക്കാൻ മാത്രം വിലകെട്ട നേട്ടങ്ങളാണോ ഒരു ഭർത്താവും മക്കളും ഒക്കെ ?!

കൂടാതെ, പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമായതിനാൽ (ഗ്രൈൻ്റർ, മിക്‌സി, ഗ്യാസ് സ്റ്റൗ) ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അധ്വാന ഭാരം പഴയകാലത്തെ അപേക്ഷിച്ച് കുറഞ്ഞതും വിവിധ ഇനം പലഹാരങ്ങൾക്കാവശ്യമായ മാവ്, പൊടികൾ എന്നിവ കടകളിൽ ലഭ്യമാവുന്നതും പുതിയ തലമുറയിലെ അടുക്കള പണി എളുപ്പമാക്കിയിട്ടുണ്ടെന്ന് ‘കേരള പഠന’ത്തിൽ നിന്ന് മനസ്സിലാക്കാം
(കേരളപഠനം 2.0: ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ: 2004-2019: എഡിറ്റർ: ഡോ. കെ.പി.അരവിന്ദൻ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: പേജ്: 139-40)

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, സ്റ്റൗവ്വ്, ഇലട്രിക് അടുപ്പുകൾ, കാറ്, ബൈക്, ഇങ്ങനെ എല്ലാ വീട്ടു സൗകര്യങ്ങളും ഇരട്ടിയായി വർദ്ധിക്കുകയും വിറകടുപ്പ്, വെള്ളം കോരൽ, അലക്കു കല്ല്, തുടങ്ങിയ എല്ലാ പഴയ ഗാർഹിക രീതികളും കുറഞ്ഞു വരുന്നു എന്നു ‘കേരളപഠനം 2.0’ സൂചിപ്പിക്കുന്നുണ്ട്.

അതും കൂടാതെ, ഹോട്ടൽ ഭക്ഷണം കഴിക്കുന്ന പ്രവണത എത്രയോ അധികം കൂടിയിരിക്കുന്നു. പണിയെടുക്കാൻ പ്രയാസം തോന്നുകയേ വേണ്ടു, ഭക്ഷണം ഡെലിവറി ചെയ്യപ്പെടുന്നു. വിശപ്പൊ കൊതിയൊ വന്നാൽ, തൊട്ടയൽപക്കങ്ങളിൽ എണ്ണമറ്റ ഭക്ഷണശാലകൾ.

അടുക്കളപ്പണി വളരെ നിസ്സാരമാണെന്ന് പറഞ്ഞ്, സ്ത്രീകളുടെ അധ്വാനത്തിൻ്റെ വില കുറക്കുകയല്ല ഇവിടെ ഉദ്ദേശം. ഗാർഹിക ജോലികൾ മാനസികവും ശാരീരികവുമായ, അസാധാരണ അധ്വാനം ആവശ്യമായി വരുന്ന, ‘ബ്രെഡ് വിന്നിങ്ങി’ന് (Bread winning) തുല്യമൊ അതിനേക്കാൾ വിലപ്പെട്ടതൊ ആയ ജോലി തന്നെയാണ്. അത് നിഷേധിക്കുകയല്ല ഈ കുറിപ്പിൻ്റെ ഉദ്ദേശ്യം.

മറിച്ച്, മുമ്പ് സൂചിപ്പിച്ച പ്രകാരം സ്ത്രീ-അനുകൂലമായ മാറ്റങ്ങൾ നിലനിൽക്കുന്ന ഒരു കാലത്ത് അടുക്കള പണി പറഞ്ഞ് പേടിപ്പിച്ച്, പെണ്ണിനെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൻ്റെ അതിശയോക്തി ചൂണ്ടി കാണിക്കാതെ വയ്യ.

ഇതുവരെ പറഞ്ഞതിനെല്ലാം അപവാദങ്ങളില്ല എന്നല്ല പറയുന്നത്.
സഹജീവികളോട് കാരുണ്യമില്ലാത്ത ചില പുരുഷന്മാരെങ്കിലും ഉണ്ടാവാം. പക്ഷെ അത് സാമാന്യവൽക്കരിക്കുന്നത്,
“തിടുക്കത്തിലുള്ള സാമാന്യവൽക്കരണം ഫാലസി (Hasty Generalization fallacy) ആണ്.

“ഏകപക്ഷീയമൊ പരിമിതമായതോ സമ്പൂർണ്ണ പ്രാതിനിധ്യം ഇല്ലാത്തതോ ആയ ഒരു സാമ്പിളിനെ അടിസ്ഥാനമാക്കി, പൊതുവൽക്കരിച്ച് അവതരിപ്പിക്കുന്ന, ഫാലസിയാണിത്.”
(https://blog.hubspot.com/marketing)

ഈ പൊതുവൽക്കരണം, ബന്ധങ്ങളെ തകർക്കുന്ന ഒരു ചിന്താവൈകല്യം (Cognitive distortion) ആണ്.

ആത്മാർത്ഥമായ ആത്മീയ പ്രതിബദ്ധത പുലർത്തുന്ന ഒരാളുടെയും അടുക്കളയിൽ ആഹാരത്തിൽ കണ്ണുനീര് കലരില്ലെന്ന് തീർച്ചയാണ്. കാരണം, വീട്ടു ജോലികളിൽ ഭാര്യയോടൊപ്പം ഭർത്താവും പങ്കാളിയാവാനാണ് പ്രവാചകൻ (സ) മാതൃക കാട്ടിയത്. പലതരം പണികൾ സ്വമേധയാ ചെയ്ത് അദ്ദേഹം (സ) ഭാര്യമാരുടെ ജോലികൾ ആയാസ രഹിതമാക്കിയിരുന്നു എന്ന് ഭാര്യമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
(ബുഖാരി: 676)

ഭക്ഷണ കൊതിയും അമിത ഭോഗവും പ്രവാചകൻ (സ) നിരോധിച്ചു.
(ക്വുർആൻ: 7:31, ഇബ്നു മാജ: 3476)

നട്ടെല്ല് നിവർത്തി നടക്കാൻ വേണ്ടത്ര ഉരുളകൾ മാത്രമെ മനുഷ്യന് തിന്നാൻ വേണ്ടു. (തുർമുദി: 2380)
ഭക്ഷണത്തിലെ മിതത്വം വിശ്വാസത്തിൻ്റെ അടയാളമാണ്.
(ബുഖാരി: 5393) എന്നെല്ലാം പഠിപ്പിച്ചു.

വൈവിധ്യമാർന്ന ഭക്ഷണമുണ്ടാക്കി കുഴയുന്ന അവസ്ഥയിൽ നിന്ന് ഇസ്‌ലാം പെണ്ണുങ്ങളെ രക്ഷിച്ചു.
പ്രവാചകൻ (സ), ഭാര്യ ഉണ്ടാക്കുന്നത് തിന്നു, ഭാര്യ ഒരു ദിവസം ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ, അന്ന് വ്രതം അനുഷ്ഠിച്ചു. കൂടുതലൊരു പണിയും പ്രവാചകൻ (സ), ഭാര്യമാരെ കൊണ്ട് എടുപ്പിച്ചില്ല.
(മുസ്‌ലിം: 2052)

ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞില്ല. ഇഷ്ടമുണ്ടെങ്കിൽ തിന്നും, ഇല്ലെങ്കിൽ തിന്നില്ല.
(ബുഖാരി: 3563)

ഇതാണ് ആത്മീയ ധർമ്മം. മത ആദർശത്തോട് പൊരുത്തം (consistency) വെച്ചു പുലർത്താത്ത മതരാഹിത്യമാണ് പുരുഷ വർഗത്തിൻ്റെ മനസ്സ് മുരടിപ്പിക്കുന്നതും അവരെ സ്വാർത്ഥരാക്കുന്നതും. അതിനു വളം വച്ചു കൊടുക്കുന്ന, ആത്മാരാധനയുടെ പ്രത്യയശാസ്ത്രമായ ലിബറലിസത്തിൻ്റെ വക്താക്കൾ, പെണ്ണിൻ്റെ ദുഖത്തിൽ ഒഴുക്കുന്ന മുതലകണ്ണീരാണ് ഇത്തരം സിനിമകളും ആശയ പ്രചാരണങ്ങളും.

അടുക്കളയിൽ തളച്ചിടപ്പെടേണ്ടതാണോ സ്ത്രീത്വം ?

തീർച്ചയായും അല്ല. ഇതുവരെ വിശദീകരിച്ചതിന് അങ്ങനെ ഒരു ധ്വനിയും ഇല്ല. സ്ത്രീകൾക്ക് അനുകൂലമായ സാമൂഹിക മാറ്റങ്ങൾ നിലനിൽക്കുന്ന, വിവാഹ കുടുംബ ജീവിതം സ്ത്രീകൾക്ക് കൂടുതൽ ഇണങ്ങിയ, ഈ കാലഘട്ടത്തിൽ, അടുക്കള പണി പറഞ്ഞ് പേടിപ്പിച്ച്, പെണ്ണിനെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിലെ ബാലിശത വ്യക്തമാക്കുകയാണ് ഇതു വരെ ചെയ്തത്.

നാട്ടുനടപ്പനുസരിച്ചൊ, ജീവിത സൗകര്യങ്ങൾക്ക് ഒത്തൊ, സ്വാഭാവികമായും നിർബന്ധങ്ങളൊന്നും കൂടാതെയും ഗാർഹിക ജീവിതം ഏറ്റെടുത്ത, സ്ത്രീകൾ മുഴുവനും അടിമളെ പോലെ നരകിക്കുകയാണെന്ന് ചിത്രീകരിച്ച്, അവരിൽ നഷ്ടബോധവും ആത്മനിന്ദയും സൃഷ്ടിക്കുകയും, പരിഹാരം വിവാഹമോചനവും വിവാഹരഹിത ജീവിതവുമാണെന്ന് കള്ളം ചമക്കുകയും ചെയ്യുന്ന ലിബറൽ ആശയത്തെ ഖണ്ഡിക്കാനാണ് ഇത്രയും പറഞ്ഞത്.

അതേ സമയം സ്ത്രീ അടുക്കളപ്പണി സ്വേച്ഛക്ക് എതിരായി തലയിലേറ്റണം എന്ന് ഇതുവരെ പറഞ്ഞതിന് അർത്ഥമില്ല.

സ്ത്രീകേന്ദ്രീകൃതമൊ പുരുഷ കേന്ദ്രീകൃതമൊ ആയ ഒരു ബന്ധമായല്ല വിവാഹ ബന്ധത്തെ ഇസ്‌ലാം മതം കാണുന്നത്; വൈവാഹിക ബന്ധം ഒരു Complementary relationship (പരസ്പരം പൂർത്തീകരിക്കുന്ന ബന്ധം/ പരിപൂരക ബന്ധം) ആകുന്നു. എന്നു വച്ചാൽ, രണ്ടുപേരുടെയും കടമകളും റോളുകളും തമ്മിൽ പരസ്പരം പൂരകം ആയിരിക്കുകയും, പരസ്പര സഹായ സഹകരണങ്ങളിലൂടെ കുടുംബത്തെ സമ്പൂർണമാക്കുകയും, ഒരാളുടെ ശക്തി മറ്റെയാളുടെ ദൗർബല്യത്തെയും നികത്തി തമ്മിൽ ഒത്തുപോകുകയും ചെയ്യുന്ന ബന്ധ മാതൃക.

ഈ പരിപൂരക ബന്ധത്തിൽ ഒരാൾ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ മറ്റയാൾ അതിന് പൂരകമായ മറ്റൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ഭർത്താവ്/ പിതാവ് കുടുംബത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, ഭാര്യ/ മാതാവ് കുടുംബത്തിൻ്റെ വൈകാരികവും ഗാർഹികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പരസ്പര സഹകരണത്തിലൂടെ കുടുംബത്തെ സമ്പൂർണ്ണമാക്കുന്നു.

അതല്ലാതെ വീട്ടു ജോലികളൊ അടുക്കള പണികളോ ചെയ്യൽ ഭാര്യയുടെ ഉത്തരവാദിത്തമാണ് എന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. ക്വുർആനിലൊ പ്രവാചക ഹദീസുകളിലൊ എവിടെയും “പാചക കൽപ്പന” കാണുകയുമില്ല. പല പ്രവാചകാനുചരകളായ സ്ത്രീകൾക്കും വേലക്കാരും ഭൃത്യരും തങ്ങളുടെ വീട്ടു ജോലികൾ ചെയ്യാനായി ഉണ്ടായിരുന്നു. ഒരു പെൺകുട്ടി വളർന്ന വീട്ടിൽ അവൾ ചെയ്തിരുന്ന പണികൾ മാത്രമെ, ഭർത്താവിന് അവളോട് ചെയ്യാൻ ആവശ്യപ്പെടാൻ പാടുള്ളു, അവൾക്ക് സ്വന്തം ഗൃഹത്തിൽ സേവകർ ഉണ്ടായിരുന്നെങ്കിൽ, വിവാഹ ശേഷം ഭർത്താവ് ഭാര്യക്ക് സേവകരെ വെച്ചു കൊടുക്കൽ ബാധ്യതയാണ് എന്നെല്ലാം പൗരാണികരായ പണ്ഡിതന്മാർ പോലും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഭർത്താവിന്, ദാമ്പത്യപരമല്ലാത്ത സേവനങ്ങൾ ചെയ്യലും അടുക്കളപ്പണിയും സ്ത്രീയുടെ നിർബന്ധ ബാധ്യത അല്ല എന്ന്, ശാഫിഈ, മാലികീ, ഹമ്പലീ മദ്ഹബുകൾ ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതന്മാരും പ്രഖ്യാപിച്ചിട്ടുണ്ട്.
(അൽ മൗസൂഅതുൽ കുവൈതിയ: 19: 44)

ഓരോ നാട്ടിലെയും “നാട്ടുനടപ്പാണ് ” (العَادَةُ والعُرْفُ) ഇതിൻ്റെയെല്ലാം ആധാരം; അതല്ലാതെ അടുക്കളപ്പണി ചെയ്യൽ ഭാര്യക്ക് -മതപരമായി- നിർബന്ധമല്ല എന്നാണ്, ലിംഗത്വ വിഷയങ്ങളിൽ താരതമ്യേന യാഥാസ്ഥിക നിലപാടുകൾ വെച്ചു പുലർത്തുന്ന സഊദി അറേബ്യയിലെ മുസ്‌ലിം പണ്ഡിതന്മാർ പോലും ഫത്‌വ നൽകുന്നു.
(https://youtu.be/O1rNTpMcawk?si=Nr1sfFQaYqCh1EML)

ഭർത്താവിൻ്റെ മാതാവും പിതാവും ഭാര്യയുടെ മാതാവും പിതാവും അല്ല; സ്വന്തം മാതാപിതാക്കളോടുള്ള കടമകൾ ഭർത്താവിൻ്റെ മാതാപിതാക്കളോട് ഒരു ഭാര്യക്കില്ല; അവർക്ക് വേണ്ടി പണിയെടുക്കൽ മതപരമായി നിർബന്ധവുമല്ല.

(ഫതാവാ ലജ്നതുദ്ദാഇമ: ശൈഖ് ഇബ്നു ബാസ്, ശൈഖ് അബ്ദുർ റസാഖ് അഫീഫി, ശൈഖ് അബ്ദുല്ലാഹിബ്നു ഗദയാൻ, ശൈഖ് അബ്ദുല്ലാഹിബ്നു കുഊദ്: 19:264,265, ലികാആതു ബാബിൽ മഫ്തൂഹ്: ശൈഖ് ഉസൈമീൻ: 60: ചോദ്യം 14 )

തിരിച്ച് ഭർത്താവിന്, ഭാര്യയുടെ മാതാപിതാക്കളും തഥൈവ.

എന്നാൽ പൊതുവെ ബന്ധങ്ങളോടും വയോധികരോടും പുലർത്തേണ്ട ആദരവും കാരുണ്യവും, സ്വന്തം ഭർത്താവിൻ്റെ/ ഭാര്യയുടെ മാതാപിതാക്കൾ ന്യായമായും അർഹിക്കുന്നു.

വിവാഹശേഷം, ഭർത്താവിൻ്റെ വീട്ടുകാരോടൊപ്പം താമസിക്കുന്ന patrilocal system, ഭാര്യയുടെ കുടുംബത്തോടൊപ്പം ഭർത്താവ് താമസിക്കുന്ന matrilocal system രണ്ടും നാട്ടു നടപ്പുകൾ (العَادَةُ والعُرْفُ) ആണ്. മതപരമായി ഇതിൽ പ്രത്യേക നിർദ്ദേശമൊന്നും തന്നെ ഇല്ല.

ചില നാട്ടു സംസ്കാരങ്ങളും (Cultural) നാട്ടുനടപ്പുകളും മതപരമായ കാര്യങ്ങളായി ജനങ്ങൾ തെറ്റിദ്ധരിക്കാറുണ്ട് എന്നത്, മതവിജ്ഞാനത്തിൻ്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. മതത്തിൻ്റെ ഭാഗമല്ലാത്ത, അത്തരം നാട്ടു നടപ്പുകൾ മനുഷ്യൻ്റെ ജീവിതത്തിന് ഗുണകരമാണെങ്കിൽ പരിഗണനീയമാണ്. അതേ സമയം ജീവിതം ദുസ്സഹമാക്കുന്ന സന്ദർഭങ്ങളിൽ വിട്ടു വീഴ്ച്ചയില്ലാതെ മുറുകെ പിടിക്കാൻ മാത്രം പവിത്രത ഇസ്‌ലാം മതം അവയ്ക്കു സങ്കൽപ്പിക്കുന്നില്ല.

ഭർത്താവിൻ്റെ വൃദ്ധരായ മാതാപിതാക്കൾക്ക് സേവനങ്ങൾ ചെയ്യേണ്ടത് മകനായ ഭർത്താവിൻ്റെ നിർബന്ധ കടമയാണ്; ഭാര്യയുടേതല്ല. ഭാര്യ, ഭർത്താവിൻ്റെ മാതാപിതാക്കൾക്ക് ചെയ്യുന്ന ഏത് സേവനങ്ങളും അവളുടെ നന്മയും ഉദാരതയും ആണ്. മരുമക്കളെ ഭരിക്കാനും വിധിക്കാനും കൽപ്പിക്കാനുമുള്ള മതപരമായ അവകാശം ഭർതൃപിതാവിനും ഭർതൃമാതാവിനും ഇല്ല; തങ്ങളെ സ്വേച്ഛപ്രകാരം സഹായിക്കാൻ ഒരുങ്ങിയ മരുമക്കളെ അല്ലാഹു തന്നു എന്ന കൃതജ്ഞതയായിരിക്കണം അവരുടെ മനസ്സിലും പെരുമാറ്റത്തിലും ഉണ്ടാവേണ്ടത്.

“ഞാനും വൃദ്ധയാവും, അപ്പോൾ എൻ്റെ മകൻ എൻ്റെ കൂടെ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മകൻ്റെ ഭാര്യ എനിക്ക് സഹായങ്ങൾ ചെയ്തു തരുന്നത് ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ എൻ്റെ ഭർത്താവിൻ്റെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ ഞാൻ തീരുമാനിക്കുന്നു. വൃദ്ധരായ അവർക്ക് വേണ്ടത് ചെയ്തു നൽകുന്നതിലൂടെ ഭർത്താവിൻ്റെ സ്നേഹവും ഒരുപാട് നന്മകളും എനിക്ക് നേടാം” എന്ന് ഒരു ഭാര്യ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുകയാണെങ്കിൽ അതവൾക്ക് ഐച്ഛീകമാണ്; നിർബന്ധ ബാധ്യതയല്ല.

തൻ്റെ ഭർത്താവിൻ്റെ വീട്ടുകാരിൽ നിന്ന് അകന്ന്, തനിച്ചൊരു വീട്/ താമസ സ്ഥലം ഒരു ഭാര്യ ആവശ്യപ്പെട്ടാൽ അത് അവൾക്ക് നൽകൽ ഒരു ഭർത്താവിൻ്റെ കടമയാണ്.

ഇനി കൂട്ടുകുടുംബം മാത്രമെ സൗകര്യാർത്ഥം സാധ്യമാവൂ എങ്കിൽ, ഏറ്റവും ചുരുങ്ങിയത് സ്വന്തമായി കൈകാര്യം ചെയ്യാവുന്ന അടുക്കള, സ്വതന്ത്രമായി വിഹരിക്കാനും പുറമെ നിന്നുള്ള ഇടപെടലില്ലാതെ വീട്ടു കാര്യങ്ങൾ തീരുമാനിക്കാനും ഉതകുന്ന സ്വകാര്യത ലഭിക്കുന്ന ചുമരുകളുടെ തടസ്സം എങ്കിലും സ്ത്രീക്ക് ലഭിക്കണം. ഏറ്റവും ചുരുങ്ങിയത്, അവളുടെ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യവും നേതൃത്വവും ഗാർഹിക ഭരണ സാരഥ്യവും, മക്കളുടെ പാരൻ്റിംഗും, ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുന്നവരൊ അല്ലാത്തവരൊ ആയ മറ്റു കുടുംബാംഗങ്ങളാൽ വെല്ലുവിളിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവരുത് എന്നാണ് ഹദീസിലെ സൂചന: “സ്ത്രീ അവളുടെ ഭർത്താവിൻ്റെ വീടിൻ്റെയും മക്കളുടെയും ഭരണാധികാരിയാണ്…”
(ബുഖാരി: 2554). ഭർത്താവിൻ്റെ വീട്ടിൽ രണ്ട് ഭരണാധികാരികൾ ഇല്ല എന്നല്ലെ ഇത് സൂചിപ്പിക്കുന്നത്? രണ്ട് ഭരണാധികാരികൾ അരക്ഷിതാവസ്ഥയിലേക്ക് ആണല്ലൊ നയിക്കുക.

അവൾക്ക് അവളുടെ സ്വകാര്യത (Privacy) സംരക്ഷിക്കാനായി താമസസ്ഥലം ആവശ്യപ്പെടാം, അത് ഒരുക്കൽ ഭർത്താവിൻ്റെ ബാധ്യതയാണെന്ന് സർവ്വ മദ്ഹബുകളിലെയും (മുസ്‌ലിം) പണ്ഡിതന്മാർ വിധിച്ചിട്ടുണ്ട്.
(മൻഹുൽ ജലീൽ ശർഹു മുഖ്തസ്വറു ഖലീൽ: ശൈഖ് ഉലൈശ് അൽമാലികി: 4:395, അത്താജു വൽഇക്‌ലീൽ: 4:186, ബദാഇഉ സ്വനാഇഅ് : കാസാനി അൽ ഹനഫി : 4:23, അൽമൗസൂഅതുൽ ഫിക്ഹിയ്യ: 25:109, നിഹായതുൽ മുഹ്താജ്: ശംസുദ്ധീൻ റംലി അശ്ശാഫിഈ: 6: 382, റദ്ദുൽ മുഖ്താർ: ഇബ്നു ആബിദീൻ: 3:601)

ഒരോ ദമ്പതികളും അവർക്ക് ആവശ്യവും സൗകര്യവും ഗുണകരവുമായ രൂപത്തിൽ, പരസ്പര പരിഗണനയോടെയും അനുകമ്പാപൂർവ്വവും എടുക്കേണ്ട തീരുമാനങ്ങളാണ് ഇത്തരം വിഷയങ്ങൾ. പിടിവാശികൾക്ക് മതപരമായ ന്യായങ്ങൾ ഒന്നുമില്ല.

ഇത്തരം സന്ദർഭങ്ങളിൽ ഉടലെടുത്തേക്കാവുന്ന പ്രശ്നങ്ങൾ ആരോഗ്യകരമായ ആശയവിനിമയങ്ങളിലൂടെയും നീതിപൂർവ്വമുള്ള കോമ്പ്രമൈസുകളിലൂടെയും മാരേജ് കൗൺസിലിംഗ് വഴിയുമൊക്കെ പരിഹരിക്കാവുന്നതെയുള്ളു. വൈവാഹിക ജീവിതത്തിലെ കല്ലും കരടും പർവ്വതീകരിക്കൽ പതിവാക്കിയ കുടുംബം കലക്കികളുടെ ചതിക്കുഴികളിൽ പെട്ടു പോകാതിരിക്കുക.

കാലഘട്ടത്തിൻ്റെ സമൂലമായ സ്വാധീനം മനുഷ്യരുടെ ജീവിതശൈലിയിൽ ചെലുത്തുന്ന മാറ്റം, മതവിരുദ്ധമല്ലാത്തിടത്തോളം ഉൾക്കൊള്ളണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇതിന് ഒരു ഉദാഹരണം പറയാം:

ലിംഗത്വ ഡൈനാമിക്സ് (Gender dynamics) എന്നത് ജെൻഡർ സ്റ്റഡീസിലും സോഷ്യോളജി, ആന്ത്രോപോളജി, സൈക്കോളജി, ഫാമിലി സ്റ്റഡീസ് എന്നിവയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു സാങ്കേതികപദമാണ്.

മനുഷ്യർ/ ഇണകൾ തമ്മിൽ എങ്ങനെ ഇടപെടുന്നു എന്നതിനെ, ലിംഗത്വം (Gender) എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ലിംഗത്വ ഡൈനാമിക്സ്.
ആർക്കാണ് താരതമ്യേന അധികം അധികാരം, തീരുമാനമെടുക്കുന്നതിൽ ആർക്കാണ് കൂടുതൽ സ്വാധീനം, ആരാണ് മുന്നിൽ, ആരാണ് പരിചരിക്കുന്നത്, ആരാണ് നയിക്കുന്നത്, പുരുഷൻ, സ്ത്രീ എന്ന ലിംഗത്വ വ്യത്യാസത്തിൽ നിന്ന് സമൂഹം എന്താണ് ഓരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം ലിംഗത്വ ഡൈനാമിക്സിൽ ഉൾപ്പെടുന്നു. പുരുഷത്വവും (masculinity) സ്ത്രീത്വവുമായി (femininity) ബന്ധപ്പെട്ട്, സാമൂഹിക മാനദണ്ഡങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണ് എന്നതും ലിംഗത്വ ഡൈനാമിക്സിൽ ഉൾപ്പെടുന്നു.

മക്കയിലെയും മദീനയിലെയും പ്രാദേശിക സംസ്കാരം ലിംഗത്വ ഡൈനാമിക്സിൽ ചെലുത്തിയ മാറ്റം, പ്രവാചകാനുചരൻ, ഉമറിനെ (റ) വ്യാകുലനാക്കുകയുണ്ടായി.

“നമ്മൾ കുറൈശി സമൂഹം സ്ത്രീകളെ അതിജയിക്കുന്നവരായിരുന്നു. നാം മദീനയിൽ എത്തിയപ്പോൾ, ഇവിടുത്തെ പുരുഷന്മാരെ സ്ത്രീകൾ അതിജയിക്കുകയാണ്” എന്ന ആശങ്ക ഉമർ (റ) പങ്കുവെച്ചപ്പോൾ പ്രവാചകൻ (സ) അത് ചിരിച്ച് തള്ളുകയാണ് ഉണ്ടായത്.
(സ്വഹീഹുൽ ബുഖാരി: 5191)

ഇങ്ങനെ പ്രാദേശികമായും കാലാനുസൃതമായും ലിംഗത്വ ഡൈനാമിക്സിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അമിതമായി വ്യാകുലപ്പെടേണ്ട ആവശ്യം ഒരു വിശ്വാസിയായ ഭർത്താവിനോ ഭാര്യക്കൊ ഇല്ല എന്നതാണ് ഇത് തെളിയിക്കുന്നത്. കാരണം, അവയെല്ലാം ജീവിതത്തിൻ്റെ സഹജഗുണവും കാലത്തിൻ്റെ സ്വാഭാവികതയുമാണ്.

പ്രവാചകന് (സ), ‘അദ്ബാഅ്’ (الْعَضْبَاءَ) എന്നു പേരുള്ള ഒരു ഒട്ടകം ഉണ്ടായിരുന്നു. അതിനെ ഓട്ടത്തിൽ ഒരു ഒട്ടകവും തോൽപ്പിക്കാറില്ലായിരുന്നു (അത്രയും വേഗതയായിരുന്നു ആ ഒട്ടകത്തിന്). ഒരു ദിവസം ഒരു മരുഭൂവാസി തന്റെ ഒട്ടകപ്പുറത്ത് കയറി, പ്രവാചകൻ്റ ഒട്ടകത്തെ മറികടന്നു വിജയിച്ചു. ഇത് മുസ്‌ലിംകളെ മാനസികമായി സങ്കടപ്പെടുത്തി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: “ഇഹലോകത്ത്, അല്ലാഹു ഉയർത്തുന്ന ഏതു വസ്തുവിനെയും അവൻ താഴ്ത്തുകയും ചെയ്യുക എന്നത് അവന്റെ ഒരു ബാധ്യതയായി അവൻ സ്വയം ഏറ്റെടുത്തിരിക്കുന്നു.”
(സ്വഹീഹുൽ ബുഖാരി: 2872, 6501)

കൂടാതെ, ഇസ്‌ലാമിക സങ്കൽപ്പ പ്രകാരം, ദാമ്പത്യം ശക്തിക്കു വേണ്ടിയുള്ള ഒരു മൽപിടുത്തമല്ല. വിവാഹബന്ധം ശക്തിക്കു വേണ്ടിയുള്ള വിലപേശലുമല്ല. വൈവാഹിക ബന്ധം ഒരു പരിപൂരക ബന്ധം (Complementary relationship) ആണെന്ന് ഓർക്കുക. കാലം ഏത് ദിശയിലേക്ക് നീങ്ങുന്നു എന്ന വ്യത്യാസമില്ലാതെ, എല്ലാ കാലത്തും ഭാര്യയോട്, ഭർത്താവിനോട് കരുണയും സ്നേഹവും ബഹുമാനവും അനുകമ്പയും പുലർത്താനാണ് വിശ്വാസി കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
(മുസ്‌ലിം: 2137, തുർമുദി: 3830, ഇബ്നു മാജ്: 1967)

മുമ്പ് സൂചിപ്പിച്ചത് പോലെ, കാലാകാലങ്ങളായി പിന്തുടരപ്പെടുന്ന, പ്രാദേശിക സംസ്കാരങ്ങൾ (Cultural) മത നിയമങ്ങളൊ അലംഘനീയമായ ആദർശങ്ങളൊ ആയി വ്യാഖ്യാനിക്കാതിരിക്കുക. മതത്തിൻ്റെ ഭാഗമല്ലാത്ത, അത്തരം നാട്ടു നടപ്പുകൾ മനുഷ്യൻ്റെ ജീവിതത്തിന് ഗുണകരമാണെങ്കിൽ ഉൾകൊള്ളുകയും ജീവിതത്തെ ദുസ്സഹമാക്കുന്നുവെങ്കിൽ സാന്ദർഭികമായ വിട്ടു വീഴ്ച്ചകളിലൂടെ, കൂടുതൽ പ്രധാനപ്പെട്ട, വിവാഹ-കുടുംബ വ്യവസ്ഥയെ കാലഹരണത്തിൽ നിന്നും രക്ഷപ്പെടുത്തുക, വിവാഹം സംഭവ്യമാക്കുന്ന അനുവദനീയമായ വരമ്പുകൾ പരമാവതി ഉൾകൊള്ളുക.

കാലത്തിനനുസൃതമായ മാറ്റങ്ങൾ ഗുണകരമായി ഉൾക്കൊണ്ട് വിവാഹ-കുടുംബവ്യവസ്ഥ മുന്നോട്ട് ഗമിക്കണം. അതിന്, മതവിരുദ്ധമല്ലാത്ത വിട്ടുവീഴ്ചകൾ എല്ലാം ചെയ്യണം എന്നുള്ളതാണ് യുക്തിപരമായ നിലപാട്.

വീട്ടുജോലികളുടെ രഹസ്യ ഗുണങ്ങൾ

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്, വ്യായാമ മുറകൾക്കു തുല്യമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നതിന് പുറമെ സാമൂഹികവും അർത്ഥദായകവുമായ ഘടകങ്ങളും വീട്ടുജോലികളിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഇത് അനവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ച ഒരു വസ്തുതയാണ്. പക്ഷെ, ലിബറലുകൾക്കും നാസ്തികർക്കും എന്ത് ശാസ്ത്രം?! മതവിമർശനത്തിനുള്ള ഒരു ന്യായീകരണമായി ഉപയോഗിക്കുന്നതിനപ്പുറം ശാസ്ത്ര പ്രതിബദ്ധതയൊന്നും ഇവർക്കില്ല. തങ്ങളുടെ തോന്നിവാസ വാദങ്ങൾക്കും വിശ്വാസങ്ങൾക്കും നിരക്കാത്ത പഠനങ്ങളൊന്നും കണ്ട ഭാവം നടിക്കില്ല. അത്തരം ചില പഠനങ്ങളിലെ വരികൾ നേരിട്ട്, ഇവിടെ ചേർക്കാം:

“ജിമ്മിൽ പോകാൻ സമയം ഇല്ലേ ?

വീട്ടു ജോലികളും ഗാർഹിക പ്രവർത്തനങ്ങളും ശാരീരിക വ്യായാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നോർത്ത് കരോലിനാ സർവകലാശാല, ഗില്ലിംഗ്സ് സ്കൂൾ ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് പഠനമാണ് ഇത് വ്യക്തമാക്കുന്നത്.
(Social Science & Medicine Volume 120, November 2014, Pages 126-134

https://www.sciencedirect.com/science/article/abs/pii/S0277953614005772?via%3Dihub )

വീട്ടുജോലികൾ ഒരു പ്രധാനമായ ശാരീരിക പ്രവർത്തനമാണ് എന്ന് അനവധി പഠനങ്ങൾ കണ്ടെത്തി കഴിഞ്ഞു.
(https://pubmed.ncbi.nlm.nih.gov/24139277/

https://journals.sagepub.com/doi/10.1177/1010539511404397)

“വീട്ടുജോലികൾ മുതിർന്നവരിൽ ഒരു പ്രധാനപ്പെട്ട ബൗദ്ധിക ഉത്തേജനത്തിന്റെ ഉറവിടമാണ്.”

(Zhang F, Fung H, Kwok T. Spouse’s subjective social status predicts older adults’ prospective cognitive functioning. Aging Ment Health. 2019;23(2):277–85. doi: 10.1080/13607863.2017.1406449)

“വീട്ടു ജോലികളുടെ ഈ ഫലങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ മിതമായതോ ശക്തമായതോ ആയ വ്യായാമങ്ങളുടെ (ഉദാ., വെയ്റ്റ് ട്രെയിനിംഗ്) പ്രഭാവത്തോട് താരതമ്യപ്പെടുത്താവുന്നതാണ്.”

(Turner LW, Bass MA, Ting L, Brown B. Influence of yard work and weight training on bone mineral density among older U.S. women. J Women Aging. 2002;14(3–4):139–48. doi: 10.1300/J074v14n03_09.)

“വീട്ടു ജോലിയിൽ പരിപാലനച്ചുമതലകളും (ഉദാ., കുടുംബാംഗങ്ങൾക്കായി പാചകം ചെയ്യുന്നത്) ഉൾപ്പെടുന്നുവെങ്കിൽ, അത് അടുത്ത ബന്ധങ്ങളുമായുള്ള സാമൂഹികബന്ധങ്ങൾ കൂടി ശക്തിപ്പെടുത്താൻ സഹായിക്കാം.”
(Chan CL, Chui EW. Association between cultural factors and the caregiving burden for chinese spousal caregivers of frail elderly in Hong Kong. Aging Ment Health. 2011;15(4):500–9. doi: 10.1080/13607863.2010.536139.)

“അടുക്കള പീഢനങ്ങളായി”, ജിയോ ബേബിയെ പോലുള്ള ലിബറൽ പ്രോപഗണ്ടക്കാർ കാണുന്ന ഭാരങ്ങൾ യഥാർത്ഥത്തിൽ, ഓരോരുത്തരുടെയും മനസ്ഥിതിക്കനുസരിച്ച് ഗുണകരമാവുമെന്ന് ശാസ്ത്ര പ്രബന്ധങ്ങൾ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്:

Such “hidden benefits” of doing housework may counteract the negative impacts of housework-related “burden”

“വീട്ടുജോലികൾ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇത്തരം “മറഞ്ഞിരിക്കുന്ന ഗുണങ്ങൾ”, വീട്ടുജോലിയുമായി ബന്ധപ്പെട്ട “ഭാരം” എന്ന നെഗറ്റീവ് പ്രഭാവങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു”
(https://pmc.ncbi.nlm.nih.gov/articles/PMC10242587/#CR14)

“വീട്ടു ജോലികൾ ചെയ്യുന്നത് ശരീരാരോഗ്യത്തിന് വ്യായാമങ്ങളോട് (Exercise) സമാനമായ ഗുണങ്ങൾ നൽകിയേക്കും. വീട്ടുജോലികൾ ചെയ്യുന്നതിനായി കൂടുതൽ സമയം ചെലവഴിക്കുന്നത് ഉയർന്ന തലത്തിലുള്ള ശാരീരിക വ്യായാമങ്ങളുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് നടന്ന പല ഗവേഷണങ്ങൾ പ്രകാരവും, വീട്ടു ജോലികളും പരിചരണ ചുമതലകളും ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് പരിഹരിക്കാനും, പ്രതിവാരം കുറഞ്ഞത് 150 മിനിറ്റ് മിതമായോ അതിലധികമോ തീവ്രതയുള്ള വ്യായാമം ചെയ്യണമെന്ന ആവശ്യം നിറവേറ്റുന്നതിലും, ഏറെകുറെ തുല്യമായി വർത്തിക്കുന്നു.

മരണ സാധ്യത (mortality risk) കുറക്കുന്നതിൽ വീട്ടു ജോലികൾക്കുള്ള സ്വാധീനം തീർച്ചയായും, മൊത്തത്തിലുള്ള ശാരീരിക വ്യായാമങ്ങളുടെ സ്വാധീനത്തിനോട് സാമ്യമുള്ളതാണ്. ‘ചെൻ’ മുതലായവർ കണ്ടെത്തിയത് പ്രകാരം, ഉയർന്ന തോതിൽ വീട്ടുജോലികൾ ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ച് വീട്ടുജോലികൾ ചെയ്യുന്നവരിൽ, എല്ലാ കാരണങ്ങളാലുമുള്ള മരണ സാധ്യത 60% വരെ കൂടുതലായി കാണപ്പെട്ടു.

വീട്ടുജോലികൾ ചെയ്യുന്നത് മുതിർന്നവരുടെ ബൗദ്ധിക പ്രവർത്തനത്തിനും (cognitive functioning) ഗുണകരമായിരിക്കാം. ഇത് അവരുടെ സമഗ്ര ആരോഗ്യത്തോടും ദീർഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നു. വീട്ടുജോലികളിൽ പങ്കെടുക്കുന്നതിലൂടെ പൊതുവായ ബൗദ്ധിക പ്രവർത്തനവും ഓർമ്മശേഷിയും മെച്ചപ്പെട്ട നിലയിൽ കാണപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
(https://pmc.ncbi.nlm.nih.gov/articles/PMC10242587/#CR14)

“ഗൃഹപ്രവർത്തനങ്ങൾ മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. തോട്ടപ്പണിയും (gardening), കഠിനമായ വീട്ടു ജോലികളും പോലുള്ള ശാരീരികമായ ഗാർഹികവ്യത്തികൾ മുതിർന്നവരുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു, പ്രത്യേകിച്ച് ക്ഷീണം കുറയ്ക്കുന്നതിൽ. ഒരു പുതിയ പഠനത്തിൽ COVID-19 മഹാമാരി സമയത്ത് വീട്ടുജോലികളിൽ ഉണ്ടായ കൂടുതൽ പങ്കാളിത്തം, കുറവ് വിഷാദലക്ഷണങ്ങളുമായി ബന്ധപ്പെട്ടതായി കണ്ടെത്തി.

വ്യായാമം നൽകുന്ന മാനസികാരോഗ്യ ഗുണങ്ങൾക്കു പുറമെ, വീട്ടു ജോലികൾ ഒരു വ്യക്തിയെ കുടുംബ ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുകയും അതുവഴി ‘റോൾ ഫുൾഫിൽമെന്റ്’ (role fulfillment) എന്ന ഉത്തരവാദിത്ത പൂർത്തീകരണ അനുഭൂതിയും കുടുംബസാമൂഹിക പിന്തുണയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.”
(https://pmc.ncbi.nlm.nih.gov/articles/PMC10242587/#CR14)

“കഠിനവും ലഘുവുമായ വീട്ടു ജോലികളിൽ കൂടുതൽ പങ്കെടുത്തിരുന്ന പ്രായമായ പുരുഷന്മാർക്ക് കാൻസർ മൂലമുള്ള മരണവ്യാപ്തി കുറവായി കാണപ്പെട്ടു.”
(https://pmc.ncbi.nlm.nih.gov/articles/PMC10242587/#CR14)

“ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, വീട്ടു ജോലികൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്ന മുതിർന്നവർക്കു മെച്ചപ്പെട്ട ആരോഗ്യവും കുറഞ്ഞ മരണസാധ്യതയും ഉണ്ടാകാമെന്നതാണ്.”

(1. Adjei NK, Brand T. Investigating the associations between productive housework activities, sleep hours and self-reported health among elderly men and women in western industrialised countries. BMC Public Health. 2018;18(1):110. doi: 10.1186/s12889-017-4979-z. [DOI] [PMC free article] [PubMed] [Google Scholar]

2.Murphy MH, Donnelly P, Breslin G, Shibli S, Nevill AM. Does doing housework keep you healthy? The contribution of domestic physical activity to meeting current recommendations for health. BMC Public Health. 2013;13:966. doi: 10.1186/1471-2458-13-966.

3.Yu R, Leung J, Woo J. Housework reduces all-cause and cancer mortality in chinese men. PLoS ONE. 2013;8(5):e61529. doi: 10.1371/journal.pone.0061529.)

“വീട്ടുജോലികൾ ശരീരത്തിന് ആവശ്യമായ വ്യായാമം നൽകുന്നതിനാൽ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പേശികൾ ശക്തിപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഒരു ഉത്തരവാദിത്വം നിറവേറ്റിയെന്ന സംതൃപ്തിയും മനോനിലയുടെ മെച്ചപ്പെടുത്തലും മൂലം മാനസിക സമ്മർദ്ദവും കുറയ്ക്കുന്നു.സ്ഥിരമായി ചെയ്യുന്ന വൃത്തിയാക്കൽ അലർജിക്ക് കാരണമായ കാര്യങ്ങൾ കുറച്ച് ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കാനും സഹായിക്കുന്നു. വീട്ടു ജോലികൾ ബൗദ്ധിക പ്രവർത്തനങ്ങളിലും പുരോഗതിയുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്; പ്രത്യേകിച്ച് മുതിർന്നവരിൽ. ”
(https://pmc.ncbi.nlm.nih.gov/articles/PMC10242587/#:~:text=Doing%20housework%20may%20have%20beneficial,age%20of%2080%20%5B20%5D).)

“ആരോഗ്യവും ശാരീരിക-മാനസിക ക്ഷേമവും നിലനിർത്തുന്നതിനായി വീട്ടിൽ ചെയ്യുന്ന ശാരീരിക പ്രവർത്തനങ്ങൾ ഒരു പ്രധാന വ്യായാമമാർഗമായി മാറിയിട്ടുണ്ട്.”

(5.Callow DD, Arnold-Nedimala NA, Jordan LS, Pena GS, Won J, Woodard JL, Smith JC. The Mental Health benefits of physical activity in older adults survive the COVID-19 pandemic. Am J Geriatr Psychiatry. 2020;28(10):1046–57. doi: 10.1016/j.jagp.2020.06.024. )

ജിമ്മുകളിൽ, ഓടിയും ചാടിയും ഭാരം താങ്ങിയും കുനിഞ്ഞും കുമ്പിട്ടും വളഞ്ഞും തിരിഞ്ഞും വിയർത്തും കിതച്ചും കഷ്ടപ്പെടുന്നത്, വീട്ടുജോലികളിലെ കഷ്ടപാടുകളിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല എന്നാണ് പഠനങ്ങൾ വാദിക്കുന്നത്; മനസ്ഥിതി വ്യത്യാസം മാത്രം!

ഈ മനസ്ഥിതിയെ വഷളാക്കുകയാണ് ലിബറലുകൾ ചെയ്യാൻ ശ്രമിക്കുന്നത്. ശാസ്ത്ര പ്രബന്ധങ്ങളാകട്ടെ, നല്ല ഒരു വ്യായാമമാണ് വീട്ടു ജോലികൾ എന്ന തിരിച്ചറിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

Psychology today യിലെ ഒരു ലേഖനം കാണുക:

“പാചകം, വൃത്തിയാക്കൽ, പാത്രം കഴുകൽ, മുറ്റമടിക്കൽ, കിടക്ക വിരിക്കൽ, ഈ വീട്ടു ജോലികൾ ചെയ്ത് തീരുന്നില്ല; തകരാറായ റെക്കോർഡ് പോലെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്തൊരു ബോറാണവ ?
ആണോ ? ശരിക്കും ?
എങ്കിൽ ധാരണ തിരുത്താൻ തയ്യാറായി കൊള്ളു.”

കുറേ ആളുകൾ (ജിയോ ബേബിയെ പോലെയുള്ള ലിബറൽ അജണ്ടക്കാർ -ലേഖകൻ) വീട്ടു ജോലികളെ ‘നിർബന്ധിതമായി ചെയ്യേണ്ടി വരുന്ന ഉപദ്രവങ്ങൾ’ ആയി കാണുന്നുണ്ടെങ്കിലും, വീട്ടു ജോലികളെക്കുറിച്ചുള്ള നിങ്ങളുടെ സമീപനം മാറ്റാൻ ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടു ജോലികൾ ചെയ്യുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണ്; അതും നിങ്ങൾ കരുതുന്നതിനെക്കാളും പല വിധങ്ങളിൽ.

കുറഞ്ഞ മാനസിക സമ്മർദ്ദം, ഡിമെൻഷ്യയുടെ (മറവി രോഗത്തിൻ്റെ) അപകടസാധ്യത കുറവ്, കൂടാതെ കൂടുതൽ “Me time” (“ എൻ്റേതു മാത്രമായ സമയം”).

പുതിയ ഗവേഷണമനുസരിച്ച് വീട്ടു ജോലികൾക്ക് മസ്തിഷ്‌കത്തിൽ ഗുണകരമായ സ്വാധീനമുണ്ട്, പ്രത്യേകിച്ച് ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ.

ഒരു പഠനത്തിൽ ശ്രദ്ധാപൂർവ്വം (mindfully) പാത്രം കഴുകിയത് അതിൽ പങ്കെടുത്തവരുടെ ഉത്കണ്ഠയിൽ 27 ശതമാനം കുറവുണ്ടാക്കിയതായി കണ്ടെത്തി.

വളരെ അധികം മാനസികശ്രമം ആവശ്യമില്ലാത്ത ചെറിയ ജോലികൾ, മനസ്സിന് ഒരു ഇടവേള നൽകുകയും, അതിലൂടെ കൂടുതൽ സൃഷ്ടിപരമായ ആശയങ്ങൾക്ക് (creative ideas) വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

1. വീട്ടു ജോലികൾ സൃഷ്ടിപരമായ പ്രശ്നപരിഹാര കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

2. വീട്ടു ജോലികൾ ഡിമെൻഷ്യയുടെ (ഓർമ്മകുറവ്) അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. വീട്ടു ജോലികൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ചെറിയ വ്യായാമങ്ങളാണ്.

4. വീട്ടു ജോലികൾ പൂർത്തിയാക്കുന്നത് പ്രചോദനം (Motivation) വർധിപ്പിക്കുന്നു.

5. വീട്ടു ജോലികൾ നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണകരമാണ്.

വീട്ടുജോലി പൂർത്തിയാക്കുന്നത് നിങ്ങളുടെ “സ്വയം-പ്രാപ്തി” (self-efficacy) എന്ന ബോധം വർധിപ്പിക്കുന്നു. സ്വയം-പ്രാപ്തി ബോധം എന്നത്, ഒരു വ്യക്തിക്ക് തന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായ കഴിവും ശേഷിയും തനിക്കുണ്ടെന്ന് വിശ്വസിക്കുന്നതിനെ സൂചിപ്പിക്കുന്ന ആശയമാണ്.

1970-കളിൽ മനശ്ശാസ്ത്രജ്ഞനായ ആൽബർട്ട് ബാൻഡുറ അവതരിപ്പിച്ച ഈ ആശയം ആത്മവിശ്വാസവും പ്രചോദനവും വർധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ വിശദമായി പറഞ്ഞാൽ, താഴ്ന്ന self-efficacy അല്ലെങ്കിൽ ‘learned helplessness’ (സ്വന്തമായി ചിന്തിച്ചുണ്ടാക്കുന്ന കഴിവില്ലായ്മ) ഉത്കണ്ഠ, വിഷാദം, പ്രത്യാശയില്ലായ്മ, പ്രചോദനക്ഷയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ഉയർന്ന self-efficacy ജീവിതതൃപ്തിയോടും ആത്മവിശ്വാസത്തോടും സാമൂഹികബന്ധങ്ങളോടും വളർച്ചാ മനസ്ഥിതിയോടും (growth mindset) ബന്ധപ്പെട്ടിരിക്കുന്നു.

7. വീട്ടു ജോലികൾ സമ്മർദ്ദം (stress) കുറയ്ക്കാൻ സഹായിക്കുന്നു.

ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാല നടത്തിയ ഒരു ചെറു പഠനം ശ്രദ്ധാപൂർവ്വം (mindfully) പാത്രം കഴുകുന്നത് പോലുള്ള വീട്ടു ജോലികൾ സമ്മർദ്ദം കുറയ്ക്കുന്നുണ്ട് എന്ന് കണ്ടെത്തി.”

(https://www.psychologytoday.com/us/blog/changepower/202208/8-surprising-psychological-benefits-of-routine-daily-tasks#:~:text=Completing%20chores%20increases%20your%20sense,connection%2C%20and%20growth%20mindset.%22)

ഹാർവാർഡ് പ്രൊഫസറും മനശ്ശാസ്ത്ര ഗവേഷകയുമായ ഡോ. എലൻ ലാങ്കർ, പറയുന്നു:

“ഒരു പരീക്ഷണത്തിന് വേണ്ടി, housekeeping ജോലി ചെയ്യുന്ന സ്ത്രീകളെ ഞങ്ങൾ തിരഞ്ഞെടുത്തു.

ആദ്യം ഞങ്ങൾ അവരോടു ചോദിച്ചു: നിങ്ങള്‍ എത്രത്തോളം വ്യായാമം ചെയ്യാറുണ്ട്?

ഈ സ്ത്രീകള്‍ ഹോട്ടലുകളിലും മോട്ടലുകളിലും മുറികള്‍ ദിവസം മുഴുവൻ വൃത്തിയാക്കുന്നവരാണ്. പക്ഷേ, അതിശയകരമെന്ന് പറയട്ടെ, അവർ പറയുന്നു തങ്ങൾ വ്യായാമം ചെയ്യാറില്ലെന്ന്. കാരണം, അവരുടെ ധാരണയില്‍ ‘വ്യായാമം’ എന്നത് ജോലിക്ക് ശേഷം ചെയ്യുന്നതാണ്. ജോലിക്ക് ശേഷം അവർ വളരെ ക്ഷീണിതരായതിനാല്‍, അവർക്ക് വ്യായാമം ചെയ്യാന്‍ കഴിയുന്നില്ല എന്ന് അവർ പറഞ്ഞു.

അതിന് ശേഷം, ഈ സ്ത്രീകളെ രണ്ടായി ഞങ്ങൾ വിഭജിച്ചു.

ഒരു സംഘത്തോട് ഞങ്ങൾ അവരുടെ ജോലി തന്നെ ഒരു വ്യായാമമാണെന്ന് പഠിപ്പിച്ചു. ജിമ്മിൽ മെഷീനുകൾ ഉപയോഗിച്ച് ചെയ്യുന്ന വ്യായാമം പോലെ തന്നെ കിടക്ക ശരിയാക്കുന്നതും മുറി വൃത്തിയാക്കുന്നതും വ്യായാമമാണെന്ന് അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അവർ ചെയ്യുന്നതെല്ലാം യഥാർത്ഥത്തിൽ വ്യായാമമാണെന്ന് ബോധ്യപ്പെടുത്തി.

രണ്ടാമത്തെ സംഘത്തിന്, വീട്ടു ജോലികളുടെ ഗുണങ്ങൾ ഒന്നും പറഞ്ഞു കൊടുത്തില്ല.

ഒരു ലളിതമായ പഠനം. ഒരു സംഘം — തങ്ങളുടെ ജോലി വ്യായാമമാണെന്ന് അറിയുന്നവർ.
മറ്റൊരു സംഘം — തങ്ങളുടെ ജോലി വ്യായാമമാണെന്ന് തിരിച്ചറിയാത്തവർ.

പഠനം തുടങ്ങുന്നതിന് മുമ്പും അവസാനത്തിലും അവരുടെ ആരോഗ്യം, വിവിധ ആരോഗ്യ മാനദണ്ഡങ്ങൾ വെച്ച് ഞങ്ങൾ അളന്നു. രണ്ട് സംഘങ്ങളും ഭക്ഷണരീതിയിൽ മാറ്റം വരുത്തിയില്ല. ഒരു സംഘവും മറ്റു സംഘത്തേക്കാൾ അധികമായി ജോലി ചെയ്തില്ല. എല്ലാവരും ഏകദേശം ഒരേ നിലയിൽതന്നെ. വ്യത്യാസം ഒരു കാര്യത്തിൽ മാത്രം — ഒരു സംഘത്തിന് അവരുടെ ജോലി തന്നെ വ്യായാമമാണെന്ന് അറിയാം.

ആ ബോധത്താൽ വന്ന മാറ്റത്തിന്റെ ഫലമായി, ആ സംഘത്തിലെ സ്ത്രീകൾക്ക് ഭാരം കുറഞ്ഞു. അര-ഇടുപ്പ് അനുപാതത്തിൽ (waist-to-hip ratio) മാറ്റമുണ്ടായി, ബോഡി മാസ് ഇൻഡക്സിൽ (BMI) കുറവ് സംഭവിച്ചു, രക്തസമ്മർദ്ദവും താഴ്ന്നു.

തങ്ങളുടെ വീട്ടുജോലികൾ വ്യായാമമാണ് എന്ന് കരുതാത്ത സംഘത്തിലെ സ്ത്രീകളിൽ ഈ ആരോഗ്യ സംബന്ധമായ ഗുണങ്ങൾ ഒന്നും ഉണ്ടായില്ല.

ഇതിന് കാരണമെന്താണ്?

നമ്മുടെ മനസ്സും ശരീരവും ഒരേ ഘടകങ്ങളാണെന്നത് കൊണ്ട് തന്നെ. നാം നമ്മൾ ചെയ്യുന്ന കാര്യങ്ങളെ നമ്മുക്ക് ഗുണകരമാണെന്ന് മനസ്സിൽ ഉറപ്പിച്ചാൽ, അത് പൊതുവെ ശരീരത്തിനും നല്ലതായിത്തീരും.”
(https://www.facebook.com/share/r/14HgZWp6WSF/)

ശാസ്ത്ര ബോധമൊ, സാമൂഹിക പ്രതിബദ്ധയൊ ഇല്ലാത്ത, സ്നേഹബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത, അവിഹിതങ്ങളെ ആദർശവൽക്കരിക്കുന്ന, സാംസ്കാരിക അധ:പതനത്തിനായി കാത്തിരിക്കുന്ന, തോന്നിവാസികൾ പടച്ചു വിടുന്ന സിനിമകളും, സാഹിത്യങ്ങളും, റീൽസും, ഷോർട്ട്സും, പ്രോപഗണ്ടകളും കണ്ട്, ആരോഗ്യദായകമായ ഒരു ജീവിതശൈലിയോടുള്ള (വീട്ടു ജോലികളെ) മനോഭാവം മോശമാക്കാതെ സൂക്ഷിക്കുക. കാരണം മനോഭാവമാണ് ഇത്തരം വ്യായാമ മുറകളിലെ ഗുണത്തെ നിർണ്ണയിക്കുന്നത്. മനോഭാവം നന്നായാൽ ചെയ്യുന്ന പണികൾ എല്ലാം മനസ്സിനും ശരീരത്തിനും ആരോഗ്യകരമാവി ഭവിക്കും; ദാമ്പത്യവും കുടുംബവും സന്തുഷ്ടമാവും. മനോഭാവം മോശമായാൽ ആരോഗ്യം വഷളാവും എന്നതിന് പുറമെ, ദാമ്പത്യ ജീവിതവും കുടുംബവും കലുഷിതമാവും. ശിഷ്ടകാലം ഏകാന്തരായി വീട്ടുജോലികൾ ചെയ്ത് ജീവിക്കാം. ഒരു ഉന്നമനമല്ല പരിണിതി എന്നർത്ഥം.

അടുക്കള ആരോഗ്യത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നതിൻ്റെ മറ്റൊരു തലം കൂടി ശ്രദ്ധ അർഹിക്കുന്നു; അത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ ആരോഗ്യ പ്രസക്തിയാണ്.

“വീട്ടിലെ ഭക്ഷണം: നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്” എന്ന്
Harvard Health Publishing വ്യക്തമാക്കുന്നു:

“വീട്ടിൽ പാചകം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹമുള്ള രോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും രക്തസമ്മർദ്ദവും ഷുഗറും കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് മറ്റ് ദീർഘകാല രോഗങ്ങളിൽ നിന്നെല്ലാം രക്ഷയാവുന്നു.”
(https://www.health.harvard.edu/blog/home-cooking-good-for-your-health-2018081514449)

“വീട്ടിൽ ഭക്ഷണം തയ്യാറാക്കൽ: ശക്തമായ ഒരു വൈദ്യശാസ്ത്ര ഇടപെടൽ” ആണെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ നമ്മെ പഠിപ്പിക്കുന്നു.

വീട്ടിൽ തന്നെ ഭക്ഷണം തയ്യാറാക്കുന്നവർ, സ്ഥിരമായി പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്നവരെയും റെഡിയായി ലഭിക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നവരെയും അപേക്ഷിച്ച്, ഉയർന്ന നിലവാരമുള്ള ആഹാരം കഴിക്കുന്നു, കുറവ് കലോറി ഉപയോഗിക്കുന്നു, ഭക്ഷണച്ചെലവിൽ കുറവ് വരുത്തുന്നു, കൂടാതെ ദീർഘകാലയളവിൽ ഭാരം കൂടാനുള്ള സാധ്യതയും കുറവാണ്.

മറുവശത്ത്, റെഡിയായി ലഭിക്കുന്ന അത്യന്തം പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ (ultraprocessed foods) ഉപയോഗിക്കുന്നത് കാർഡിയോ-മെറ്റബോളിക് (ഹൃദയ സംബന്ധവും ദഹനവുമായി ബന്ധപ്പെട്ട) രോഗങ്ങളുടെ നിരക്ക് വർദ്ധിക്കുന്നു. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ, മൊത്തത്തിൽ, കാൻസർ അപകടസാധ്യതയും പ്രത്യേകിച്ച് സ്തനാർബുദ അപകടവും കൂടുന്നതുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.”
(https://pmc.ncbi.nlm.nih.gov/articles/PMC7232892/)

ഇത്രയും പറഞ്ഞതിൽ നിന്നും വീട്ടു ജോലികളുടെ ആരോഗ്യ ഗുണങ്ങൾ അർത്ഥാന്തരമില്ലാതെ ആർക്കും മനസ്സിലാക്കാം. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും വീട്ടു ജോലികൾ ഗുണകരമാണെന്നും നമ്മുക്ക് മനസ്സിലാക്കാം. മുമ്പ് സൂചിപ്പിച്ചതു പോലെ വീട്ടുജോലികളിൽ പുരുഷന്മാരും പങ്കാളിയാവുക എന്ന മാതൃകയാണ് മുഹമ്മദ് നബി (സ) നമ്മെ പഠിപ്പിച്ചത് എന്ന് ഓർക്കുക. (സ്വഹീഹുൽ ബുഖാരി: 676)

പുരുഷന്മാർക്കു പുറമെ വീട്ടിലുള്ള കുട്ടികളെ പോലും -അവർക്ക് താങ്ങാവുന്ന- വീട്ടുജോലികൾ ഏൽപ്പിക്കുന്നത് വളരെ നല്ല നടപടിയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഹാർവാർഡ് സർവ്വകലാശാല നടത്തിയ, 85 വർഷത്തിലധികം നീണ്ട പഠനം വീട്ടു ജോലികളും കുട്ടികളുടെ ഭാവിയിലുള്ള വിജയവും തമ്മിലുള്ള ബന്ധം തെളിയിച്ചു. ഈ പഠനത്തിന്റെ കണ്ടെത്തൽ പ്രകാരം, ചെറുപ്പത്തിൽ തന്നെ വീട്ടു ജോലികൾ ചെയ്യുന്ന കുട്ടികൾ ഭാവിയിൽ കൂടുതൽ വിജയിക്കുന്നവരും സന്തുഷ്ടരുമാകുന്നു.

ചെറുപ്പത്തിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് ജോലി പ്രതിബദ്ധത (work ethic), സ്ഥിരത (perseverance), സഹാനുഭൂതി (empathy), ഉത്തരവാദിത്വബോധം (accountability) എന്നിവ പോലുള്ള നിർണായക ഗുണങ്ങൾ വളർത്താൻ സഹായിക്കുന്നുവെന്ന് പഠനം തെളിയിച്ചു.

ഈ ബന്ധങ്ങളിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് വീട്ടു ജോലികളും ആത്മാഭിമാനവും (self-esteem) തമ്മിലുള്ള ബന്ധം തന്നെയായിരുന്നു — വീട്ടു ജോലികളിൽ പങ്കെടുത്ത കുട്ടികൾ പ്രായപൂർത്തിയായപ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറുന്നുവെന്ന് കണ്ടെത്തി. 10,000 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ മറ്റൊരു പഠനവും വീട്ടു ജോലി ചെയ്യുന്ന കുട്ടികൾ കൂടുതൽ ആത്മവിശ്വാസവും കഴിവും ഉള്ളവരായി വളരുന്നുവെന്ന് നിഗമനം ചെയ്തു.

പല മാതാപിതാക്കൾക്കും കുട്ടികൾ ബുദ്ധിമുട്ടുന്നതു സഹിക്കാനാകില്ല. അതിനാൽ അവർ കുട്ടികളുടെ പ്രശ്നങ്ങൾ ഇടപെട്ട് പരിഹരിക്കുകയാണ് പതിവ്. എന്നാൽ കുട്ടികൾക്ക് പ്രതിസന്ധികൾ അതിജീവിക്കാൻ അവസരം നൽകാത്ത പക്ഷം, അവരുടെ ആത്മാഭിമാനം തന്നെ നാം എടുത്തുകളയുന്നതായി മാറുന്നു. അതിനാൽ കുട്ടികൾക്ക് സ്വയം കഴിയുന്നത്ര കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന തരത്തിൽ അവരുടെ പരിസരം സജ്ജമാക്കേണ്ടതാണ്. ഇതിന് ഏറ്റവും നല്ല മാർഗമാണ് വീട്ടുജോലി കളിൽ അവരെയും പങ്കെടുപ്പിക്കൽ.
(https://www.uvws.org/news/s94a63z7yun3fczjm80xh8fzivafkb#:~:text=An%2085%2Dyear%20ongoing%20study,their%20classroom%20and%20play%20areas.)

ഭർത്താവും മക്കളും സഹായിച്ചു കൊണ്ട് ചെയ്യുന്ന, വീട്ടുജോലികൾ ഒരു പെണ്ണിനെ മാനസികമായും ആരോഗ്യകരമായും തകർക്കില്ലെന്ന് തീർച്ച. മറിച്ച് സന്തുഷ്ടമായ ഒരു ഗാർഹികാന്തരീക്ഷവും സംതൃപ്തമായ ഒരു കുടുംബവും, ഒപ്പം ആരോഗ്യസമ്പന്നമായ ഒരു വ്യായാമവുമാണ് ലഭിക്കുക.

വേണോ വിവാഹം? !!

ഭാഗം -26 👇

https://www.snehasamvadam.org/വേണോ-വിവാഹം-26/

print

1 Comment

  • 👌👌👌

    Rizana 31.12.2025

Leave a comment

Your email address will not be published.