വേണോ വിവാഹം? !! -2

//വേണോ വിവാഹം? !! -2
//വേണോ വിവാഹം? !! -2
ആനുകാലികം

വേണോ വിവാഹം? !! -2

വിവാഹ വിരുദ്ധത: ഒരു ജീവിതശൈലി രോഗം

‘ആരോൺ റാൽസ്റ്റണി’ന് തൻ്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു; സുഹൃത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് വിഷാദ ചിന്തകൾ മനസ്സിനെ അലട്ടി കൊണ്ടിരിക്കുമ്പോഴാണ്, കാമുകി ‘ആരോണു’മായി ബന്ധം വിച്ഛേദിക്കുന്നത്! ഈ ആഘാതം കൂടി ആയപ്പോൾ ആരോൺ നൈരാശ്യത്തിൽ ആണ്ടു പോയി. ജീവിതം പ്രതീക്ഷ വറ്റി, ശോകമൂകമായതായി ‘ആരോണ്’ അനുഭവപ്പെട്ടു. സഹജീവികളോടെല്ലാം അതിയായ പക മനസ്സിൽ പതഞ്ഞു പൊന്തി. അന്തർമുഖനായി അലയാൻ എപ്പോഴും മനസ്സ് വെമ്പൽ കൊണ്ടു. സാഹസിക യാത്രകളിൽ മുഴുകി മനുഷ്യ വലയത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സദാ ശ്രമിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ, യൂട്ടാഹ് മരുഭൂമിയിലെ സ്ലോട്ട് മലയിടുക്കുകളിൽ സാഹസിക പര്യവേഷണത്തിന് ആരോൺ തനിച്ച് യാത്ര തിരിച്ചു. താൻ എവിടേക്ക് പോകുന്നുവെന്ന് ആരോടും പറഞ്ഞില്ല; കാരണം ഏവരിൽ നിന്നും ഒളിച്ചോടുകയായിരുന്നല്ലൊ ലക്ഷ്യം. മൊബൈൽ ഫോണും കയ്യിൽ കരുതിയില്ല. ആരും എന്നെ വിളിക്കണ്ട, എനിക്ക് ആരോടും സംസാരിക്കുകയും വേണ്ട.

മലയിടുക്കിനുള്ളിലെ പാറക്കെട്ടുകൾ കയറവേ, പാറ കഷ്ണങ്ങൾ പൊട്ടി ആരോൺ താഴേക്കു വീണു. ഭൂഗർഭത്തിലെ ആഴത്തിലുള്ള ഒരു ചാലിൽ പാറ കെട്ടുകൾക്കിടയിൽ അവൻ്റെ ഒരു കൈ കുടുങ്ങി. ഒരു വമ്പൻ പാറ അവന്റെ വലത് കൈ ചതച്ച് പൂട്ടിയിരിക്കുന്നു. എത്ര വലിച്ചിട്ടും കൈ കിട്ടുന്നില്ല.

രക്ഷപ്പെടാനുള്ള യാതൊരു പ്രതീക്ഷയുമില്ലാതെ അഞ്ച് ദിവസം അവൻ അവിടെ കുടുങ്ങിക്കിടന്നു. കയ്യിൽ ഒരു ചെറിയ കത്തിയുണ്ടായിരുന്നു. കത്തി കൊണ്ട് പാറ പൊട്ടിക്കാൻ ആവർത്തിച്ചാവർത്തിച്ച് ശ്രമിച്ച് അവൻ പരാജിതനായി. തിന്നാൻ രണ്ട് ബറീറ്റോസ്, കുറച്ച് ചോക്ലറ്റ് കഷ്ണങ്ങൾ, ഒരു കാമറ, ഒരു കൊച്ചു കത്തി. ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ ചകിതനും നിശ്ചലനുമായി ആരോൺ മരണമെന്ന ചിന്തക്ക് കീഴടങ്ങി.

ആരോൺ പറയുന്നു:

“ഇനി ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് ബോധ്യമായി. എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. ആരും വരാനില്ല. ആർക്കും ഞാൻ എവിടെയാണെന്ന് അറിയില്ല. പാറ നീക്കാനാകില്ല. അതിനർത്ഥം ഞാൻ അവിടെ തന്നെ മരിക്കുമെന്നതായിരുന്നു. അതൊരു അനിവാര്യമായ പരിണിതിയായിരുന്നു…

നാലാം ദിവസം എൻ്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു, ഞാൻ ക്യാമറ ഓണാക്കി. എന്റെ കുടുംബത്തോട്, മാതാപിതാക്കളോട് സഹോദരിയോട് ഏറ്റവും അടുത്ത സുഹൃത്തുക്കളോട് അവസാനമായി പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ സംസാരിച്ച് റെക്കോർഡ് ചെയ്തു. എന്റെ പ്രിയപ്പെട്ട കുടുംബത്തെ – കാമറയിൽ പകർത്തിയ ചിത്രങ്ങളിൽ – കണ്ടതിൽ അതിയായ ആശ്വാസം തോന്നി.”

“പ്രഭാതം കാണാനാകില്ലെന്ന് എനിക്ക് വ്യക്തമായിരുന്നു. ഒരു അലംഘനീയമായ വസ്തുത. ഇനി ഏതാനും മിനിറ്റുകൾക്കുള്ളിൽ എല്ലാം അവസാനിക്കുമെന്ന് ഉറപ്പിച്ചു.

അപ്പോൾ പൊടുന്നലെ ഒരു അനുഭവമുണ്ടായി. ഒരു ദർശനം പോലെ.

ഭാവിയെ കുറിച്ച്‌ ഒരു ഭാവന എൻ്റെ മനോമുകുരത്തിൽ നാമ്പിട്ടു— ഭാവിയിൽ ജനിക്കാനിരിക്കുന്ന എന്റെ ഒരു മകനെ കുറിച്ചുള്ള ഭാവന! ചെറിയ പൊൻമുടിയുള്ള, നീലക്കണ്ണുള്ള ഒരു കുഞ്ഞ് എൻ്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു. ചുവന്ന കോളറുള്ള, പോളോ ഷർട്ട് ധരിച്ച് കളിപ്പാട്ട ട്രക്ക് കൊണ്ട് അവൻ കളിക്കുന്നതും, പിന്നെ അവനെ ഞാൻ കയ്യിൽ എടുക്കുന്നതുമൊക്കെ ഞാൻ ചിന്തിച്ചു. എന്റെ അടുത്തേക്ക് അവൻ ഓടി വരുന്നതും, ഞാൻ ഒരു യാത്രയിൽ നിന്ന് മടങ്ങിയെത്തിയതുപോലെ അവൻ എന്നോടൊപ്പം ചേർന്ന് നിൽക്കുന്നതുമൊക്കെ.

ഈ ചിന്ത എന്നിൽ പ്രതീക്ഷയുടെ നാളം ഉണർത്തി. രക്ഷപ്പെടാനാവില്ലെന്ന് മനസ്സിൽ ഉറപ്പിച്ച എന്നിൽ രക്ഷപ്പെടാനുള്ള ആഗ്രഹം പൊട്ടി മുളച്ചു. മനസ്സിലേക്ക് ധൈര്യം ചാല് വെട്ടി ഒഴുകാൻ തുടങ്ങി.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവവും അനുഭൂതിയുമായിരുന്നു അത്. ആ ചെറിയ കുട്ടി എനിക്ക് ആവേശവും ധൈര്യവും പകർന്നു. ഞാൻ രക്ഷപ്പെടാനുള്ള വഴി ചികയാൻ തുടങ്ങി.”

കത്തി കൊണ്ട് പാറ തുരക്കുന്നതിന് പകരം തന്റെ കൈ സ്വയം വെട്ടിമാറ്റാൻ ആരോൺ തീരുമാനിച്ചു. പയ്യെ പയ്യെ കൈ മുറിച്ചു മാറ്റി ആ പാറയുടെ പിടിയിൽ നിന്നും ആരോൺ ഊരി രക്ഷപ്പെട്ടു.

ആയിരങ്ങൾക്ക് പ്രചോദനം നൽകിയ ആരോൺ റാൽസ്റ്റൺ ‘Between a Rock & a Hard Place’ എന്ന ഒരു ബെസ്റ്റ് സെല്ലർ പുസ്തകവും രചിക്കുകയുണ്ടായി.

മരണത്തെ മുഖാമുഖം കണ്ട ആരോണിനെ അവൻ്റെ കുടുംബ ചിത്രങ്ങൾ സമാശ്വസിപ്പിച്ചു; അവരെ കുറിച്ച ചിന്തകൾ അവൻ്റെ കണ്ണിന് കുളിർമ പകർന്നു. തൻ്റെ കുഞ്ഞിനെ കുറിച്ച ഭാവനാവിലാസം അവനെ അതിജീവനത്തിലേക്ക് നയിച്ചു. ആരോണിൻ്റെ കഥ തന്നെയാണ് മനുഷ്യരാശിയുടെ മൊത്തം കഥ; മനുഷ്യവംശത്തിൻ്റെ അതിജീവനം സ്നേഹ ബാന്ധവങ്ങളിലാണ്. മനസ്സിൻ്റെ ഊഷരതയിലെ മരുപ്പച്ചയാണ് കുടുംബം.

Hell is other people
“നരകമെന്നാൽ ഞാനല്ലാത്ത, മറ്റു ജനങ്ങളാണ്” എന്ന ജീൻ പോൾ സാർട്രയുടെ അസ്തിത്വവാദപരമായ (existentialism) വ്യക്തിമാഹാത്മ്യവാദപരമായ (individualistic) തത്ത്വചിന്തയാണ് നമ്മിൽ പലരും -അറിഞ്ഞോ അറിയാതെയോ – പേറി നടക്കുന്നത്. ആരോൺ റാൽസ്റ്റണിനെ പോലെ തന്നെ, സഹജീവികളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങൾ നമ്മളിൽ മാനുഷിക ബന്ധങ്ങളോട് തന്നെ ഒരു തരം വെറുപ്പ് സൃഷ്ടിക്കുന്നു. എന്നാൽ ഇത്തരം അറപ്പും വെറുപ്പും നാം അതിജയിച്ചെ മതിയാവു; കാരണം ബന്ധങ്ങൾ അതിജീവന മാർഗങ്ങളാണ്; ജീവിതത്തിൻ്റെ ഫസ്റ്റ് എയ്ഡ് ബോക്സ്, അപകടങ്ങളിൽ പാഞ്ഞെത്തുന്ന ആമ്പുലൻസ്, വഴിപിഴക്കുമ്പോൾ മാർഗദർശനമേകുന്ന ഭൂപടം, തീക്ഷ്ണാനുഭവങ്ങളുടെ അലമാലകൾക്കിടയിൽ ഉഴയുമ്പോൾ രക്ഷക്കെത്തുന്ന നൗക.

പ്രവാചകൻ (സ) പറഞ്ഞു:
“നിങ്ങളിൽ ഏറ്റവും ഉത്തമൻ മറ്റുള്ളവർക്ക് ഇണങ്ങാൻ കഴിയുന്നവനും മറ്റുള്ളവരുമായി ഇണങ്ങുന്നവനുമാണ്.”
(ശുഅ്ബുൽ ഈമാൻ: ബൈഹക്വി: 7252)

“മനുഷ്യരുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങൾ സഹിക്കുകയും ചെയ്യുന്ന വിശ്വാസി, മനുഷ്യരുമായി ഇടപെടാതെ അവരുടെ ദോഷങ്ങൾ സഹിക്കാത്ത വിശ്വാസിയേക്കാൾ ഉത്തമനാണ്.”
(ഇബ്നു മാജ: 4032)

“ഇങ്ങോട്ട് ബന്ധം ചേർക്കുന്നവരുമായി അങ്ങോട്ട് ബന്ധം ചേർക്കുന്നവനല്ല കുടുംബ ബന്ധം പുലർത്തുന്നവൻ. മറിച്ച് ഇങ്ങോട്ട് ബന്ധം മുറിച്ചാലും അങ്ങോട്ട് ബന്ധം സ്ഥാപിക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബ ബന്ധം പുലർത്തുന്നവൻ.”
(സ്വഹീഹുൽ ബുഖാരി: 5991)

വിവാഹ-കുടുംബ വിരുദ്ധത: ഒരു ജീവിത ശൈലീ രോഗം

മുൻകാലങ്ങളിലെ മനുഷ്യർക്ക് തങ്ങളുടെ സഹജീവികളോട് അനുഭവപ്പെട്ടിരുന്നതിനേക്കാൾ പതിന്മടങ്ങ്, ദുസ്സഹമായി പരിണമിച്ചിരിക്കുന്നു മാനുഷിക ബന്ധങ്ങൾ. ആരോണിനെ പോലെ, മാനുഷിക ബന്ധങ്ങളിൽ നിന്നും വേർപ്പെടാനും പ്രിയപ്പെട്ടവരുടെ കരവലയങ്ങളിൽ നിന്നും ഊരിയോടാനും പലരും വെമ്പൽ കൊള്ളുന്നു.

ബന്ധങ്ങളോടുള്ള ഈ വളർന്നു വരുന്ന ഫോബിയയിൽ ഒരു ന്യൂനപക്ഷത്തിന് നീതീകരണമുണ്ടായേക്കാം. എന്നാൽ പുതുതലമുറയിലെ ഭൂരിഭാഗവും യാതൊരു ന്യായവും നീതിയുമില്ലാതെ ബന്ധങ്ങൾ വിച്ഛേദിക്കുന്നു എന്നതാണ് കൈപ്പുറ്റ സത്യം. ഒരു പരിധി വരെ ഇതിന് കാരണം, ആധുനിക ജീവിത ശൈലി മനുഷ്യരെ മസ്തിഷ്കപരമായി തന്നെ ദുസ്സ്വാധീനിക്കുന്നു എന്നതാണ്.
ആധുനിക ശാസ്ത്ര ഗവേഷണങ്ങൾ ഒരേ സ്വരത്തിൽ അടിവരയിടുന്ന ന്യൂറോ സയൻസ് കണ്ടെത്തലുകൾ സംക്ഷിപ്തമായി താഴെ കൊടുക്കാം:

പുതു തലമുറ ഡോപ്പമീൻ കേന്ദ്രീകൃത സമൂഹങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ എന്ന കൊതിയും ചോദനയും നമ്മിൽ ജനിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകൾ (ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാർഥം) ആണ് ഡോപ്പമീൻ (Dopamine). ഡോപ്പമീൻ്റെ സഹജമായ ഉൽപാദനം നമുക്ക് ഗുണകരമായ പ്രചോദനം നൽകുന്നു. എന്നാൽ ആധുനിക ചിന്താഗതിയും (ideology) ജീവിതശൈലിയും (Life style) പെരുമാറ്റങ്ങളും (behaviour) കുറുക്കു വഴികളിലൂടെ കൃത്രിമവും അമിതവുമായി മസ്തിഷ്കത്തിൽ ഡോപ്പമീൻ സജീവമാക്കുന്നു. സുഖസൗകര്യങ്ങളുടെ അതിപ്രസരം, സുഖലോലുപത, സുഖദായകമായ പ്രവർത്തനങ്ങളുടെ നൈരന്തര്യം, അധ്വാനമൊ കാത്തിരിപ്പൊ ഇല്ലാതെ ഇഷ്ടപ്പെട്ട കാര്യങ്ങൾ നേടാനും ആസ്വാദ്യകരമായ പ്രവർത്തനങ്ങൾ ഇടതടവില്ലാത്ത ചെയ്യാനുമുള്ള സാധ്യത, എല്ലാം ഡോപ്പമീൻ ഉൽപ്പാദനത്തെ അവതാളത്തിൽ ആക്കുന്നു.

പണ്ടൊക്കെ ഒരു ടി.വി.ഷോയുടെ അടുത്ത എപ്പിസോഡ് കാണാൻ ഒരാഴ്ച്ച കാത്തിരിക്കണമായിരുന്നു, ഒരു കോമഡി കഴിഞ്ഞ് അടുത്ത കോമഡി കേൾക്കാൻ പരസ്യവും എൻ്റ് ക്രെഡിറ്റും ഇൻട്രൊയും ഒക്കെ കഴിയണമായിരുന്നു, രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണത്തിന് കല്യാണവും വിരുന്നും പെരുന്നാളും വരണമായിരുന്നു, വ്യക്തികളെ പരിചയപ്പെടാനും പരിചയം പുതുക്കാനും ആശയ വിനിമയം നടത്താനും സമയവും അധ്വാനവും ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം ഇന്ന് വിരൽത്തുമ്പത്തും ചൊൽപ്പടിയിലുമാണ്. വീഡിയോകളും ഓഡിയോകളും എത്ര വേണമെങ്കിലും വേഗത കൂട്ടി കാണുകയും കേൾക്കുകയും ചെയ്യാം. യാത്രകൾ, പുതിയ പുതിയ കാഴ്ച്ചകൾ, രുചികൾ, അനുഭൂതികൾ!

ഈ കൃത്രിമ – സുഖലോലുപ ജീവിതശൈലി നമ്മിൽ വർദ്ധിച്ചതോതിൽ ഡോപ്പമീൻ ഉൽപ്പാദിപ്പിക്കുന്നു. ഫലമോ ?

നാം ആവേശത്തോടെ കൂടുതൽ കൂടുതൽ കാര്യങ്ങളെ പിന്തുടരുന്നു: കൂടുതൽ പണം, കൂടുതൽ ലഹരി, കൂടുതൽ ലൈംഗികത, ഏറ്റവും പുതിയ ഫാഷനുകൾ. ഇത്തരക്കാർ എളുപ്പത്തിൽ ബോറടിക്കുന്ന വ്യക്തികളാണ്. എപ്പോഴും പുതിയ അനുഭവങ്ങളും പുതിയ ആസ്വാദനങ്ങളും നിരന്തര യാത്രകളും നാം ഇഷ്ടപ്പെടുന്നു. ഒന്നിലും ദീർഘകാലം തൃപ്തിപ്പെട്ട് ജീവിക്കാൻ കഴിയില്ല. മസ്തിഷ്കത്തിലെ ഡോപമീൻ്റെ ആധിക്യം സൃഷ്ടിക്കുന്ന പെരുമാറ്റങ്ങളാണ് ഇവയെല്ലാം.

നമ്മുടെ പ്രകൃതിയിലും പെരുമാറ്റത്തിലും രണ്ട് നിർണായക മാറ്റങ്ങൾ ഈ ഡോപ്പമീൻ പ്രചോദിത സംസ്കാരം സൃഷ്ടിക്കുന്നു:

1. പുതുമയോടും വ്യത്യസ്തതയോടുമുള്ള ഉത്കടമായ ആസക്തി: ഒന്നിൽ തന്നെ തൃപ്തിപ്പെടാനൊ, ദീർഘകാലം ആസ്വദിക്കാനൊ കഴിയാത്ത അവസ്ഥ. ഈ അസംതൃപ്തി പുതിയ പുതിയ കാര്യങ്ങളും കൂടുതൽ കൂടുതൽ കാര്യങ്ങളും പിന്തുടരാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

2. അസഹ്യത: വേദന, ദുഖം, പ്രയാസം എന്നിവയുടെ അതിര്‌ തിക്കി, സഹന ശേഷിയെ ഇതു താഴ്ത്തുന്നു.

അമേരിക്കൻ മനശ്ശാസ്ത്രജ്ഞയും, സ്റ്റാൻഫോർഡ് സർവകലാശാലയിലെ സ്റ്റാൻഫോർഡ് ആഡിക്ഷൻ മെഡിസിൻ ഡ്യുവൽ ഡയഗ്നോസിസ് ക്ലിനിക്കിന്റെ മേധാവിയുമായ ഡോ.അന്ന ലെംബ്കെ എഴുതുന്നു:

“ആനന്ദം/ സുഖം എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മസ്തിഷ്കത്തിലെ റിവാർഡ് (സുഖം പ്രതിഫലമായി കിട്ടുന്ന) സംവിധാനത്തെ ഇത് തകർക്കുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയ, മയക്കുമരുന്ന്, ലഹരികൾ, ഭക്ഷണ വൈവിധ്യം, മറ്റ് ആസക്തിയുണ്ടാക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങിയവയിൽ സ്ഥിരം മുഴുകുക വഴി നിരന്തരമായ ഉത്തേജനം തേടുകയാണ് പുതു തലമുറ. ഇത് വർദ്ധിച്ച തോതിലുള്ള, കൂടുതൽ ഡോപാമീൻ ഉൽപാദനം മസ്തിഷ്കത്തെ ശീലിപ്പിക്കുന്നു. ഇത് അനിയന്ത്രിതമായ ആഗ്രഹങ്ങളും ആസക്തികളും, നിയന്ത്രിക്കാനാകാത്ത പ്രവൃത്തികളും, ഒടുവിൽ ദുഖവും വേദനയും എന്ന ചക്രങ്ങൾ രൂപപ്പെടുത്തുന്നു.”
(Lembke, Anna. Dopamine Nation: Finding Balance in the Age of Indulgence. Dutton, 2021.)

“ഓരോ സുഖത്തിനും ഒരു വില നൽകേണ്ടതായി വരുമെന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു; ആ സുഖം നൽകുന്ന സന്തോഷത്തേക്കാൾ ദീർഘകാലം നീണ്ടു നിൽക്കുന്നതും ശക്തവുമായ വേദനയാണ് പിന്നീട് അനുഭവപ്പെടുക.
ആനന്ദകരമായ ഉത്തേജനങ്ങൾ ദീർഘകാലം ആവർത്തിച്ച് അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, വേദന സഹിക്കാൻ ഉള്ള നമ്മുടെ കഴിവ് കുറയുകയും, ആനന്ദം അനുഭവിക്കുന്നതിന് ആവശ്യമായ പരിധി ഉയരുകയും ചെയ്യും.”
(Lembke, Anna. Dopamine Nation: Finding Balance in the Age of Indulgence. Dutton, 2021.)

ഈ നാഡീകോശ പ്രതിഭാസം, മാനുഷിക ബന്ധങ്ങളിലും പ്രതിഫലിക്കുന്നു:

1. പുതുമയോടും വ്യത്യസ്തതയോടുമുള്ള ഉത്കടമായ ആസക്തി: ഒരു വ്യക്തിയിൽ തന്നെ തൃപ്തിപ്പെടാനൊ, ദീർഘകാലം ഒരു വ്യക്തിയുടെ സാന്നിധ്യവും സഹവാസവും ആസ്വദിക്കാനൊ കഴിയാത്ത അവസ്ഥ. വ്യക്തികളിലും ബന്ധങ്ങളിലും അസംതൃപ്തി.

2. അസഹ്യത: വ്യക്തികളിലും ബന്ധങ്ങളിലും വരുന്ന പ്രയാസങ്ങളെ സഹിക്കാനുള്ള ശേഷി നന്നേ കുറയുന്നു. ബന്ധങ്ങൾ ദുസ്സഹമായി അനുഭവപ്പെടുന്നു.

ചുരുക്കി പറഞ്ഞാൽ, അധുനിക ജീവിതശൈലി ഡോപമീനെ അസന്തുലിതമായി വർദ്ധിപ്പിക്കുന്നു. ഡോപമീൻ്റെ വർദ്ധനവ് മനുഷ്യരുമായുള്ള സഹവാസത്തെ ദുസ്സഹമാക്കി മാറ്റുന്നു. വിവാഹവും ദാമ്പത്യവും കുടുംബവുമെല്ലാം മനുഷ്യരുമായുള്ള ഏറ്റവും അടുത്ത സഹവാസമായതിനാൽ അവയും ദുസ്സഹമായി തോന്നുന്നു.

ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസിന്റെ ക്ലിനിക്കൽ പ്രൊഫസറായ, ഡോ. ഡാനിയൽ ലീബർമാൻ എഴുതുന്നു:

“മനുഷ്യരുമായി ഇടപഴകുമ്പോൾ, എന്നല്ല ഒരു മനുഷ്യൻ്റെ അടുത്തേക്ക് ശാരീരികമായി അടുത്താൽ തന്നെ മസ്തിഷ്കത്തിൽ പ്രവർത്തിക്കുക എച്ച് ഏൻ്റ് എൻ (Here and Now hormones) ഹോർമോണുകളാണ്. സന്തോഷം, സമാധാനം, സംതൃപ്തി, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓക്സിടോസിൻ, എൻഡോർഫിൻ, വാസോപ്രസിൻ, സെറട്ടോണിൻ തുടങ്ങിയ ഹോർമോണുകളാണ് എച്ച് ഏൻ്റ് എൻ ഹോർമോണുകൾ.

എന്നാൽ ആശയങ്ങൾ, ഭാവന, ആഗ്രഹം, ആസക്തി എന്നിവ കൈകാര്യം ചെയ്യുമ്പോൾ മസ്തിഷ്കത്തിൽ പ്രവർത്തിക്കുക ‘ഡോപമീനു’മാണ്.

അതുകൊണ്ടുതന്നെ ഡോപമീൻ അധികരിച്ച വ്യക്തികൾക്ക് മനുഷ്യരുമായി ഇടപഴകുന്നത് അസഹ്യമായിരിക്കും. ആശയങ്ങൾ, ആഗ്രഹങ്ങൾ, ആസക്തികൾ എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ എളുപ്പവുമായിരിക്കും.

എച്ച്.ഏൻ്റ്.എൻ ഹോർമോണുകൾ അധികരിച്ച വ്യക്തികളെ സംബന്ധിച്ചിടത്തോളം മനുഷ്യരുമായി ഇടപഴകുന്നതിലും കുടുംബ-സാമൂഹിക ജീവിതം നയിക്കുന്നതിലും എളുപ്പവും ആസ്വാദനവും അനുഭവപ്പെടും.

കൂടുതലായി ഡോപമീൻ പ്രവർത്തനമുള്ള ആളുകൾ സാധാരണയായി ഇന്ദ്രിയാനുഭവത്തേക്കാൾ ആശയാത്മക ചിന്തയെ മുൻനിർത്തുന്നു. അവർക്ക് മനുഷ്യകുലം എന്ന ആശയത്തോട് സ്‌നേഹം അനുഭവപ്പെടാം, എന്നാൽ കൂടെ ജീവിക്കുന്ന മനുഷ്യരുമായുള്ള അനുഭവങ്ങളോട് സ്‌നേഹത്തേക്കാൾ അസഹനീയതയാണ് അനുഭവപ്പെടുക.

സുഖാന്വേഷണ ത്വര (Pleasure Seeking) കൊണ്ടല്ലാതെ, ഡോപമീൻ അധികമുള്ള മറ്റൊരു വിഭാഗമാണ് സർഗ്ഗാത്മക വ്യക്തിത്വങ്ങൾ. ഇക്കൂട്ടരിലും മനുഷ്യകുലം എന്ന ആശത്തോട് സ്നേഹവും മനുഷ്യരോടുള്ള യഥാർത്ഥ സഹവാസം ദുസ്സഹവും ആയിട്ടുള്ളതായി കാണാം. ഡോപമീൻ്റെ ഒരു സവിശേഷവും വിചിത്രവുമായ മസ്തിഷ്ക സ്വാധീനമാണിത്.

കൂടുതലായി ഡോപാമിൻ പ്രവർത്തനമുള്ള സർഗപ്രതിഭകൾ വിചിത്രമായ ഈ വികാരം പ്രകടിപ്പിക്കാറുണ്ട്: അവർ മനുഷ്യരോടുള്ള ആഴമായ സ്‌നേഹവും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോഴും, വ്യക്തികളോടുള്ള സഹിഷ്ണുത അവർക്ക് വളരെ കുറവാണ്:

‘ഞാൻ മനുഷ്യജാതിയെ പൊതുവെ വളരെ സ്നേഹിക്കുന്നു, എന്നാൽ വ്യക്തികളെ അത്രയില്ല. എന്റെ സ്വപ്നങ്ങളിൽ, മനുഷ്യരാശിയുടെ സേവനത്തിനായി നിരവധി പദ്ധതികൾ ഞാൻ തയ്യാറാക്കാറുണ്ട്… എന്നിട്ടും ആരുടെയെങ്കിലും കൂടെ രണ്ട് ദിവസത്തിലധികം ഒരേ മുറിയിൽ കഴിയാൻ എനിക്ക് കഴിയാറില്ല… ആളുകൾ എൻ്റെ അടുത്തുവരുമ്പോൾ തന്നെ എനിക്ക് അവരോട് മടുപ്പ് തോന്നുന്നു.’
—ഫ്യോദോർ ദോസ്തോയെവ്സ്കി

‘ഞാൻ മനുഷ്യദ്വേഷിയാണ്, എന്നാൽ പൂർണമായും ദയയുള്ളവനുമാണ്; മനസ്സ് കുറച്ച് തെറ്റിപ്പോയവനാണെങ്കിലും, അതോടൊപ്പം ഉന്നതമായ ആദർശങ്ങൾ കൈവശം വെക്കുന്ന ഒരാളാണ്, ഭക്ഷണം ദഹിപ്പിക്കുന്നതിനെക്കാൾ ഫിലോസഫി അതിവേഗം ദഹിപ്പിക്കുന്നവൻ.’
—ആൽഫ്രഡ് നോബൽ

‘എനിക്ക് മനുഷ്യരാശിയെ ഇഷ്ടമാണ്, പക്ഷേ ആളുകളെ ഞാൻ വെറുക്കുന്നു.’
—എഡ്‌ന സന്റ് വിന്സെന്റ് മില്ലേ

‘എനിക്ക് മനുഷ്യകുലത്തെ ഇഷ്ടമാണ്… ആളുകളെയാണ് സഹിക്കാൻ കഴിയാത്തത്.’
—ചാർൾസ് ഷുൾസ്
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race)

സുഖാന്വേഷണ ത്വരയിൽ (Pleasure Seeking) അധിഷ്ഠിതമായ, ഡോപമീൻ പ്രേരിതമായ (Dopaminergic), ആധുനിക ജീവിത ശൈലിയി നമ്മിൽ അസംതൃപ്തി കുത്തിനിറക്കുന്നു. സഹനശേഷി തകർക്കുന്നു. കൂടുതലിനായി നാം അലഞ്ഞു തിരിയുന്നു. ആത്യന്തികമായി ഹ്രസ്വകാല സുഖവും ദീർഘകാലാടിസ്ഥാനത്തിലുള്ള അസന്തുഷ്ടിയുമാണ് ഡോപമീൻ പ്രേരിത വ്യക്തികൾക്ക് ലഭിക്കുക. സർവ്വോപരി ബന്ധങ്ങളോടെല്ലാം വെറുപ്പും അസഹ്യതയും അനുഭവപ്പെടുക വഴി ഏകാന്തതയോടും സ്വാതന്ത്ര്യത്തോടുമുള്ള പ്രിയം നിറയുന്നു.

കൂടാതെ, സിനിമ, സീരീസ്, ഗെയിം, പോണോഗ്രഫി, സോഷ്യൻ മീഡിയ, ഷോർട്ട്സ് – റീൽസ്, ഓൺലൈൻ ഓഫ്‌ലൈൻ ഷോപ്പിംഗ്, ഫാസ്റ്റ് ഫുഡ്, ലഹരി, നിരന്തര യാത്ര… അഡിക്ഷനുകൾ എന്തുമാകട്ടെ അവയെ പിന്തുടരുന്നതിന് വിഘ്നമാണ് ദാമ്പത്യം, കുട്ടികൾ, കുടുംബം എന്നിവ. ഈ അഡിക്ഷനുകളെ പിൻതുടരുന്നതിന് സൗകര്യവും സാധ്യതയും ഒരുക്കുന്നതാണ് സ്വാതന്ത്ര്യവും ഏകാന്തതയും എന്നതിനാൽ മനുഷ്യരുമായുള്ള ബന്ധങ്ങളോടുള്ള വെറുപ്പ് ഇരട്ടിയായി വർദ്ദിക്കുന്നു.

ബന്ധങ്ങൾ ജീവിതത്തിന് ആവശ്യവും ആസ്വാദ്യകരവും അനിവാര്യവുമാണ് എന്നിരുന്നാൽ പോലും അഡിക്ഷൻ അവയേക്കാൾ പ്രധാനപ്പെട്ടതായി ഏകാന്തതയെയും സ്വാതന്ത്ര്യത്തെയും പ്രതിഷ്ടിക്കുന്നു.
കാരണം, എച്ച്. എൻ്റ്.എൻ ഹോർമോണുകളെ വിഫലമാക്കാനുള്ള കരുത്ത്, അഡിക്ഷനുകളുടെ കാരണക്കാരൻ കൂടിയായ ഡോപമീന് ഉണ്ട്.

കുടുംബാംഗങ്ങൾ: സന്തോഷ ഹോർമോണുകളുടെ ഏജൻ്റുമാർ

ഓക്സിടോസിൻ, എൻ്റോർഫിൻ, സെറടോണിൻ, വാസോപ്രസിൻ തുടങ്ങിയ എച്ച്. എൻ്റ്. എൻ ഹോർമോണുകളാവട്ടെ ദീർഘകാല അടിസ്ഥാനത്തിലുള്ള സംതൃപ്തി, സന്തോഷം, സമാധാനം എന്നിവ പ്രധാനം ചെയ്യുന്നു. ഇത് സാധ്യമാക്കുന്ന ഏറ്റവും ശക്തമായ ചാലകശക്തി മാനുഷിക ബന്ധങ്ങളാണ്. അതിൽ ഏറ്റവും പ്രബലം ദാമ്പത്യവും കുടുബവും തന്നെ. കാരണം മനുഷ്യരുമായി ഇത്രയധികം ഒട്ടി ഉരുമ്മിയ സാമൂഹിക ജീവിത വ്യവസ്ഥ വേറൊന്നില്ലല്ലൊ. എത്ര കണ്ട് ഇണകളോടും സന്താനങ്ങളോടും കൂടപ്പിറപ്പുകളോടും ബന്ധം ചേർക്കുന്നുവൊ അത്രകണ്ട് എച്ച്. എൻ്റ്.എൻ ഹോർമോണുകൾ നമ്മിൽ ജാതമാവുന്നു.

ഓക്സിടോസിൻ, സെറടോണിൻ, വാസോപ്രസിൻ ഹോർമോണുകളുടെ വറ്റാത്ത ഉറവയാണ് കുടുംബാംഗങ്ങൾ. എച്ച്. എൻ്റ്. എൻ ഹോർമോണുകൾ നമ്മിൽ സഹജമായി സൃഷ്ടിക്കുന്ന ജൈവിക ഏജൻ്റുമാരാണ് ഭാര്യാ ഭർത്താക്കൾ, മാതാപിതാക്കൾ, മക്കൾ തുടങ്ങിയവർ.

എണ്ണമറ്റ ജൈവശാസ്ത്ര പഠനങ്ങൾ ഈ വസ്തുത ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ആ പഠനങ്ങളിൽ ചിലത് അടുത്തതായി വായിക്കാം.

വേണോ വിവാഹം? !!

ഭാഗം -3 👇

വേണോ വിവാഹം? !! -3


print

No comments yet.

Leave a comment

Your email address will not be published.