വേണോ വിവാഹം? !! -19

//വേണോ വിവാഹം? !! -19
//വേണോ വിവാഹം? !! -19
ആനുകാലികം

വേണോ വിവാഹം? !! -19

വിവാഹവും വിശ്വാസവും

“…ദൈവത്തിൻ്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരോട് ഒട്ടും സഹിഷ്ണുതപ്പെടാനാവില്ല. മനുഷ്യ സമൂഹത്തിൻ്റെ, സഹജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ വാഗ്ദാനങ്ങൾ, ഉടമ്പടികൾ, സന്ധികൾ, സത്യപ്രതിജ്ഞകൾ എന്നിവ ഒരു നാസ്തികൻ്റെയടുക്കൽ ഒരു അടിത്തറയുമില്ലാത്ത സങ്കൽപ്പങ്ങളാണ്. ദൈവത്തെ നിരസിക്കൽ, അത് തത്ത്വത്തിലാണെങ്കിൽ പോലും, എല്ലാ ആദർശത്തെയും ഉത്തരവാദിത്തത്തെയും ഇല്ലാതാക്കുന്ന ഒന്നാണ്”
(J. Locke, Letter Concerning Toleration, 1689)

ലിബറലിസത്തിൻ്റെ പിതാവ്, സാക്ഷാൽ ജോൺ ലോക് തന്നെ നാസ്തികരെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായമാണിത്.

നാസ്തികരെ കുറിച്ച ജോൺ ലോക്കിന്റെ, ഈ വാചകങ്ങളിലെ ഒരു നിരീക്ഷണം ന്യായമാണെന്ന് സമ്മതിച്ചെ മതിയാവു. അത് ആദർശപ്രതിബദ്ധതയ്ക്ക് നാസ്തികന്റെ മനസ്സിൽ യാതൊരു വസ്തുനിഷ്ഠമായ അടിത്തറയും ഇല്ല എന്നുള്ളതാണ്. ‘സഹജീവിതത്തിൻ്റെ അടിസ്ഥാന ഘടകങ്ങളായ വാഗ്ദാനങ്ങൾ, ഉടമ്പടികൾ, സന്ധികൾ, സത്യപ്രതിജ്ഞകൾ എന്നിവ ഒരു നാസ്തികൻ്റെയടുക്കൽ ഒരു അടിത്തറയുമില്ലാത്ത കേവല സങ്കൽപ്പങ്ങളാണ്…’ എന്ന അവലോകനം തീർത്തും ശരിയല്ലേ? അചഞ്ചലമായി പാലിക്കപ്പെടേണ്ട ചില വിശ്വാസങ്ങളും, ആദർശങ്ങളും മൂല്യങ്ങളും ഉണ്ട് എന്നും, അവ ഒരു നിലക്കും പരിത്യജിക്കാൻ നിവൃത്തിയില്ല എന്നും വിശ്വസിക്കുന്ന ഒരാളെയല്ലേ നമുക്ക് ഏതൊരു കാര്യത്തിലും വിശ്വസിക്കാൻ കൊള്ളുക ?

അതേസമയം ജീവിതത്തിനു അർത്ഥമില്ലെന്നും മനുഷ്യാസ്ഥിത്വം പരിണാമ ദശയിലെ അന്ധമായ ആകസ്മികത മാത്രമായിരുന്നെന്നും ധാർമ്മികത മനുഷ്യനിർമ്മിത സങ്കല്പങ്ങൾ ആണെന്നും വിശ്വസിക്കുന്ന ഒരാളെ നിങ്ങളുടെ ജീവിത സഖിയായി/ സഖാവായി എന്തു ധൈര്യത്തിലാണ് നിങ്ങൾ സ്വീകരിക്കുക ?! ഏത് ധാർമിക നിയമങ്ങളും ചട്ടങ്ങളും ആദർശങ്ങളും സ്വന്തം സൗകര്യത്തിന് നിരക്കുന്നില്ലെങ്കിൽ വലിച്ചെറിയണം. കാരണം ധാർമ്മികത മനുഷ്യ നിർമ്മിതമാണ്; ദൈവദത്തമല്ല. മനുഷ്യൻ മനുഷ്യൻ്റെ സൗകര്യത്തിനായി ഉണ്ടാക്കിയതാണ് ധാർമ്മികതയും സദാചാരവും നിയമങ്ങളും. അപ്പോൾ മനുഷ്യനായ എനിക്ക്, എൻ്റെ സൗകര്യത്തിനനുസരിച്ച് അവ തിരസ്കരിക്കുകയൊ തിരുത്തുകയൊ ചെയ്യാം. ഇപ്രകാരം വിശ്വസിക്കുന്ന വ്യക്തിക്ക് ഏതൊരു ബന്ധത്തിൻ്റെയും സഹജീവിതത്തിൻ്റെയും അടിസ്ഥാന ശിലകളായ വാഗ്ദാനങ്ങൾ, ഉടമ്പടികൾ, സന്ധികൾ, സത്യപ്രതിജ്ഞകൾ എന്നിവക്ക് പവിത്രത സങ്കൽപ്പിക്കാൻ സാധിക്കില്ല; കാരണം അവയെല്ലാം മനുഷ്യർ തങ്ങളുടെ ജീവിത സൗകര്യത്തിനായി നിർമ്മിച്ച കേവല ഭാവനകൾ മാത്രമാണ്.

ജീവിതം പരമാവധി ആസ്വദിക്കുക എന്ന ആദർശവും പേറി ജീവിക്കുന്ന കുറെ വിശ്വാസ നാമധാരികളും മതാനുയായികളും ഉണ്ട്. ഇവരും ഒരർത്ഥത്തിൽ ആദർശരഹിതരാണ്. ഇക്കൂട്ടർക്കും വസ്തുനിഷ്ഠമായ ധാർമികതയോ ആദർശമോ ഇല്ല. നൈമിഷികമായ വൈകാരിക തേട്ടങ്ങൾക്കും നേട്ടങ്ങൾക്കും അനുസൃതമായി കൂടുമാറുന്ന, കൂറുമാറുന്ന ഒരു വ്യക്തിയെ നാം എങ്ങനെ ഇണയായി തിരഞ്ഞെടുക്കും.

മതബോധവും നിഷ്ഠയും ഇല്ലാതെ ആവുമ്പോഴാണ് യഥാർത്ഥത്തിൽ വൈവാഹിക ബന്ധത്തിലും കുടുംബ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. വിവാഹ ബന്ധം കലുഷിതമാക്കുന്ന ഓരോ കാര്യവും ഇസ്‌ലാം നിരോധിച്ചതൊ നിഷിദ്ധമാക്കിയതൊ ആണെന്ന് അൽപ്പം ചിന്തിച്ചാൽ തന്നെ നമ്മുക്ക് മനസ്സിലാക്കാം.

ദാമ്പത്യങ്ങളെയും കുടുംബങ്ങളെയും തകർക്കുന്ന ഏറ്റവും വലിയ കാരണം അവിഹിതബന്ധങ്ങളാണ്. വ്യഭിചാരത്തിനോട് അടുക്കുക പോലും ചെയ്യരുത് എന്നാണ് ക്വുർആൻ്റെ (17:32) നിർദ്ദേശം. ഒരു അന്യ സ്ത്രീയുമായൊ പുരുഷനുമായൊ തനിച്ചാവരുത് എന്നും, മൂന്നാമനായി പിശാച് ഉണ്ടാവുമെന്നുമാണ് പ്രവാചകൻ്റെ (സ) നിർദേശം. (സ്വഹീഹുൽ ബുഖാരി: 3006)

ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മാനസികമായെ ശാരീരികമായൊ ഉപദ്രവിക്കുന്നതാണ് മറ്റൊരു പ്രധാന ദാമ്പത്യ പ്രശ്നം.

ഇസ്‌ലാം പരിഹാസത്തെ വിലക്കി; പരിഹസിക്കപ്പെടുന്നവർ പരിഹസിക്കുന്നവരേക്കാൾ ഉത്തമർ ആയിരിക്കാം എന്ന് പ്രസ്താവിച്ചു.
(ക്വുർആൻ: 49: 11)

അന്യോന്യം കുത്തുവാക്ക് പറയുന്നതും കുറ്റ പേര് വിളിക്കുന്നതും അപമാനിക്കുന്നതും നിരോധിച്ചു.(ക്വുർആൻ: 49: 11)

കുത്തുവാക്ക് പറയുന്നതും അവഹേളിക്കുന്നതും നിഷിദ്ധമാക്കി.
(ക്വുർആൻ: 104: 1)

ഇണകൾ പരസ്പരം രഹസ്യങ്ങൾ ചോർത്താൻ പാടില്ലെന്ന് വിലക്കി.
(സ്വഹീഹു മുസ്‌ലിം: 1437)

ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഏറ്റവും ഉത്തമൻ.
(സുനനു തുർമുദി: 3895)

ഏറ്റവും കാരുണ്യത്തോടും സൗമ്യതയോടും കൂടി അവരോട് വർത്തിക്കണം.
(തർഗീബു വതർഹീബ്: 3:95)

പാരുഷ്യം പാടില്ല.
(സ്വഹീഹുൽ ജാമിഅ്: 3135)

“ഒരു വിശ്വാസിയെ ചീത്ത വിളിക്കൽ തെമ്മാടിത്തരവും ഒരു വിശ്വാസിയെ വധിക്കൽ സത്യനിഷേധവും” ആണെന്ന് അദ്ദേഹം (സ) പറഞ്ഞു.
(നസാഈ: 4123)

തർക്കമുണ്ടാവുമ്പോൾ പരിധി വിടുന്നതും, തെമ്മാടിത്തരം പറയുന്നതും കപട വിശ്വാസികളുടെ ലക്ഷണമാണ്.
(സ്വഹീഹുൽ ബുഖാരി: 33)

ഒരു ചീത്ത ഇങ്ങോട്ട് പറഞ്ഞാൽ, ഇരട്ടി -പലിശ സഹിതം- അങ്ങോട്ട് പറയുന്നത് പലിശയുടെ ഏറ്റവും വലിയ ഇനമാണെന്നും, വൻപാപമാണെന്നും പഠിപ്പിച്ചു.
(അബൂദാവൂദ്: 4876)

തർക്കത്തിൽ പ്രതിയോഗിയുടെ മാതാപിതാക്കളെയും കുടുംബത്തെയും കൂടി ആക്ഷേപിക്കുന്നത് വിലക്കി. അത് സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും ആക്ഷേപിക്കുന്നതിന് തുല്യമായി ദൈവം പരിഗണിക്കുമെന്ന് ഉണർത്തി.
(ബുഖാരി: 5973)

കുലമഹിമ കൊണ്ട് അഹങ്കരിക്കുന്നതും, കുടുംബ ശ്യംഖലയെ കുത്തി പറയുന്നതും ഇസ്‌ലാമിന് മുമ്പത്തെ, അജ്ഞതാ കാലഘട്ട ദുസ്വഭാവമാണെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചു.
(ബൈഹക്വി: 7191)

ചെയ്ത ഉപകാരങ്ങളും, കൊടുത്ത കാര്യങ്ങളും എടുത്തു പറഞ്ഞ് ദ്രോഹിക്കരുത് എന്ന് നിയമം വച്ചു.
(ക്വുർആൻ 2: 64)

വധം ഏഴ് വൻപാപങ്ങളിൽ മൂന്നാമത്തേതായി എണ്ണി.
(ബുഖാരി: 2766)

സ്ത്രീകളുടെ മേൽ ബല പ്രയോഗം പാടില്ല. നിർബന്ധിച്ച്, അവർ വെറുക്കുന്നതൊന്നും അവരെ കൊണ്ട് ചെയ്യിക്കരുത് എന്ന് പ്രവാചകൻ (സ) നിഷ്കർഷിച്ചു.
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320)

ഇങ്ങോട്ട് മോശമായി പെരുമാറിയാലും തിരിച്ച് വിട്ടുവീഴ്ച്ചയും കാരുണ്യവും സ്നേഹവും ബഹുമാനവും കാണിക്കാൻ പ്രവാചകൻ (സ) പഠിപ്പിച്ചു.
(ശർഹു മുശ്കിലുൽ ആസാർ: 8/423)

ഇണകളോട് ആരോടും, ഒന്നും മനസ്സിൽ കൊണ്ട് നടക്കുകയൊ, പ്രതികാരം ചെയ്യുകയൊ ഉണ്ടായിട്ടില്ല.
(മുസ്‌ലിം: 2328)

ഒരു സ്ത്രീയെ പോലും പ്രവാചകൻ (സ) അടിച്ചിട്ടില്ല.
(മുസ്‌ലിം: 2328)

ഇങ്ങോട്ട് മോശമായി സംസാരിച്ച സ്ത്രീകളോട് പോലും അങ്ങോട്ട് സംയമനത്തോടെയും മാന്യമായും മാത്രം പ്രവാചകൻ (സ) പ്രതികരിച്ചു.
(അബൂദാവൂദ്: 3124)

ന്യായമായ വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കാനും ദേഷ്യപ്പെടാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം ഭാര്യമാർക്ക് പ്രവാചകൻ (സ) അംഗീകരിച്ചു.
(ബുഖാരി: 5225)

ഇണകളിൽ നിന്നും വെറുക്കുന്ന വല്ലതും കണ്ടാൽ പോലും അവരുടെ മറ്റനേകം നന്മകളെ ഓർക്കാനും, അവരെ വെറുക്കുന്നതിലേക്ക് ഏതാനും ചില നെഗറ്റീവുകൾ പ്രേരിപ്പിക്കരുത് എന്നും ഓർമ്മിപ്പിച്ചു.
(മുസ്‌ലിം: 1469)

ഭാര്യമാരോട് ഏറ്റവും ഇണക്കത്തോടും സൗഹൃദത്തോടും കൂടി ഇടപഴകാൻ പ്രവാചകൻ (സ) മാതൃക കാട്ടി.
(അബൂദാവൂദ്: 2167)

അവരുമായി വിനോദങ്ങളിൽ ഏർപ്പെട്ടു. (അബൂദാവൂദ്: 2578)

അവർക്ക് സ്നേഹോഷ്മളമായ ആലിംഗനങ്ങളും ചുംബനങ്ങളും നൽകി (അബൂദാവൂദ്: 178)

ഭാര്യയുടെ കണ്ണീരൊപ്പി, സങ്കടങ്ങളിൽ സമാശ്വസിപ്പിച്ചു.
(ബുഖാരി: 1560)

ഭാര്യ ഭർത്താവിന് വേണ്ടി എന്നത് പോലെ തന്നെ, ഭർത്താവ് ഭാര്യക്ക് വേണ്ടിയും വൃത്തിയും ശുദ്ധിയും ഭംഗിയും ഒരുക്കവും നടത്താൻ പഠിപ്പിച്ചു.
(മുസ്നദ് അഹ്‌മദ്: 20030)

ഭാര്യമാരോട് ദീർഘമായി സല്ലപിച്ചിരുന്നു. (മുസ്‌ലിം: 2448)

പ്രിയതമരുമായുള്ള സംസർഗ്ഗത്തിൽ നിന്ന് ശ്രദ്ധ തെറ്റിച്ച് കളയുന്ന എല്ലാ ഡിസ്ട്രാക്ഷനുകളും പ്രവാചകൻ (സ) ഉപേക്ഷിച്ചു; മുഴുവൻ ശ്രദ്ധയും നൽകി.
(സ്വഹീഹുൽ ജാമിഅ്: 4780)

ഒരിക്കൽ, സഹജീവികളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന മനോഹരമായ ഒരു മോതിരം അദ്ദേഹം (സ) ഉപേക്ഷിക്കുകയുണ്ടായി.
(സുനനു നസാഈ: 5289)

ഭാര്യമാരുടെ സൗന്ദര്യത്തെയും സ്വഭാവ ഗുണങ്ങളേയും കഴിവുകളെയും വിലമതിക്കുകയും സ്തുതിക്കുകയും ചെയ്തു.
(നസാഈ: 8951, ബുഖാരി: 3411, സ്വഹീഹുൽ ജാമിഅ്: 2117)

ജീവിതത്തിലെ അതിപ്രധാനമായ വിഷയങ്ങളിൽ അവരുമായി കൂടിയാലോചനകൾ നടത്തി.
(ബുഖാരി: 2731)

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭാര്യമാരുടെ സംതൃപ്തിയെ പരിഗണിച്ചു; സ്വന്തം ആസ്വാദനം മാത്രം നോക്കുന്ന സ്വാർത്ഥതയെ നിശിതമായി വിമർശിച്ചു.
(മുസ്നദ് അബൂ യഅ്ലാ: 4201).

“State of Our Unions” സർവെയിലെ കണ്ടെത്തൽ പ്രകാരം, ഭർത്താവ് ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് സാധാരണയായി അനുരാഗിക പ്രകടനങ്ങളിൽ ഏർപ്പെടാറുണ്ട് എന്ന് പറയുന്ന ഭാര്യമാർക്ക് വിവാഹജീവിതത്തിൽ “വളരെ സന്തോഷമുള്ളവർ” (Very happy) ആകാനുള്ള സാധ്യത 31 ശതമാനം കൂടുതലാണ്.”
(State of Our Unions Survey (2022). )

രതിക്ക് മുമ്പ്, സ്ത്രീ ശരീരത്തെ ഉത്തേജിപ്പിക്കുന്ന പ്രേമലീലകളുടെ (foreplay) പ്രധാന്യം പുരുഷന്മാരെ ബോധിപ്പിച്ചു.
(മുഗ്‌നി 8: 136)

ഭർത്താക്കന്മാരോട് നന്ദികേട് കാണിക്കരുത് എന്ന് ഭാര്യമാരോട് നിശ്കർഷിച്ചു.
(ബുഖാരി: 29)

കുടുംബത്തിലെ അവരുടെ കൈകാര്യ കർതൃത്വ സ്ഥാനത്തെ പരിഗണിക്കാൻ നിർദ്ദേശിച്ചു.
(ക്വുർആൻ 4: 34)

രക്ഷാധികാരിയുടെ സമ്മതത്തോടെ മാത്രമെ സ്ത്രീ വിവാഹം കഴിക്കാവു.
(മുസ്നദ് അഹ്‌മദ്: 2469)

എന്നാൽ, പെണ്ണിൻ്റെ അനുവാദമില്ലാതെ അവളെ വിവാഹം ചെയ്യിക്കാൻ രക്ഷാധികാരിക്ക് പാടില്ല. നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചാൽ പെണ്ണിന് നിയമപരമായി വിവാഹമോചനം നേടാം.
(ബുഖാരി: 5136, മുസ്‌ലിം: 1419, മുസ്വന്നഫ് അബ്ദുർ റസാക്: 10303)

എന്നുവച്ചാൽ രണ്ടു കൂട്ടരും പരസ്പരം സ്നേഹത്തോടെയും തിരിച്ചറിവോടെയും സഹകരണത്തോടെയും ഉണർത്തിയും തിരുത്തിയും ശ്രദ്ധ ക്ഷണിച്ചും ഒത്തൊരുമിച്ച് എടുക്കേണ്ട തീരുമാനമാണ് വിവാഹം എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചു.

വീട്ടു ജോലികളിൽ ഭാര്യയോടൊപ്പം ഭർത്താവും പങ്കാളിയാവുന്നതിന് പ്രവാചകൻ (സ) മാതൃക അവതരിപ്പിച്ചു.
(ബുഖാരി: 676)

ഭക്ഷണ കൊതിയും അമിത ഭോഗവും പ്രവാചകൻ (സ) നിരോധിച്ചു.
(ക്വുർആൻ 7: 31, ഇബ്നു മാജ: 3476)

നട്ടെല്ല് നിവർത്തി നടക്കാൻ വേണ്ടത്ര ഉരുളകൾ മാത്രമെ മനുഷ്യന് തിന്നാൻ വേണ്ടു. (തുർമുദി: 2380)
ഭക്ഷണത്തിലെ മിതത്വം വിശ്വാസത്തിൻ്റെ അടയാളമാണ്.
(ബുഖാരി: 5393)

വൈവിധ്യമാർന്ന ഭക്ഷണമുണ്ടാക്കി കുഴയുന്ന അവസ്ഥയിൽ നിന്ന് ഇസ്‌ലാം പെണ്ണുങ്ങളെ രക്ഷിച്ചു.
പ്രവാചകൻ (സ), ഭാര്യ ഉണ്ടാക്കുന്നത് തിന്നു, ഭാര്യ ഒരു ദിവസം ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ, അന്ന് വ്രതം അനുഷ്ഠിച്ചു. കൂടുതലൊരു പണിയും പ്രവാചകൻ (സ), ഭാര്യമാരെ കൊണ്ട് എടുപ്പിച്ചില്ല.
(മുസ്‌ലിം: 2052)

ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞില്ല. ഇഷ്ടമുണ്ടെങ്കിൽ തിന്നും, ഇല്ലെങ്കിൽ തിന്നില്ല.
(ബുഖാരി: 3563)

വിദ്യാഭ്യാസവും അറിവും ഓരോ വിശ്വാസി വിശ്വാസിനിയുടെയും മതപരമായ ബാധ്യതയാണെന്ന് പഠിപ്പിച്ചു.
(ഇബ്നുമാജ: 224)

ഭാര്യമാരിൽ പലർക്കും വിദ്യാഭ്യാസത്തിന് പ്രവാചകൻ (സ) പ്രോത്സാഹനം നൽകി. ഭാര്യയെ പഠിപ്പിക്കാൻ അധ്യാപികയെ നിശ്ചയിച്ചു നൽകി.
(അബൂ ദാവൂദ്: 3887)

പ്രവാചക പത്നിമാരിലും, പ്രവാചകാനുചരകളായ സ്ത്രീകളിലും പലരും തൊഴിലുകളിൽ ഏർപ്പെട്ടു; സമ്പാദിച്ചു.
(സീറത്തു ഇബ്നു ഇസ്ഹാക്: 81, അൽബിദായ വന്നിഹായ: 3: 462, കിതാബു ആസാറു ഇബ്നു ബാദീസ്: 4:123)

ദാമ്പത്യത്തെയും കുടുംബത്തെയും തകർക്കുന്ന ഒരു മുഖ്യ കാരണമായ മദ്യപാനവും സർവ്വവിധ ലഹരി വസ്തുക്കളും ഇസ്‌ലാം നിഷിദ്ധമാക്കി.
(ക്വുർആൻ 5: 90, മുസ്‌ലിം: 2003)

കുടുംബത്തിന് ചെലവിന് കൊടുക്കാതിരിക്കൽ, ദാമ്പത്യത്തെയും കുടുംബത്തെയും തകർക്കുന്ന മറ്റൊരു മുഖ്യ കാരണമാണ്.

സ്ത്രീ സമ്പാദിക്കുക, ചെലവ് വഹിക്കുക എന്നതിനേക്കാൾ പ്രധാനമാണ് പുരുഷൻ്റെ സാമ്പത്തിക പങ്ക് എന്ന് ഒരുപാട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Pew നടത്തിയ ഒരു പഠനം പ്രകാരം, “സ്ഥിരമായ ഒരു ജോലി ഉള്ള ഒരാളെ കണ്ടെത്തുക” എന്നത് അവിവാഹിതരായ സ്ത്രീകളിൽ 78 ശതമാനത്തിനും പ്രധാനമാണ്. എന്നാൽ അവിവാഹിതരായ പുരുഷന്മാരിൽ ഇത് പ്രധാനമാണെന്ന് പറയുന്നത് വെറും 46 ശതമാനം പേരാണ്.
(Wendy Wang and Kim Parker, “Public Views on Marriage,” ch. 1 of Record Share of Americans Have Never Married, web-published booklet, Pew Research Center, September 24, 2014, https://tinyurl.com/Wil-coxGM3f.)

സാമൂഹ്യശാസ്ത്രജ്ഞയായ അലക്സാണ്ട്ര കില്ലെവാൾഡ് നടത്തിയ ഒരു ഹാർവാർഡ് പഠനത്തിൽ കണ്ടെത്തിയത്: ഭാര്യയുടെ ജോലി നഷ്ടപ്പെടുമ്പോൾ വിവാഹബന്ധത്തിന് കാര്യമായ പ്രതികൂലം ഉണ്ടാകുന്നില്ല. പക്ഷേ ഭർത്താവ് തൊഴിലില്ലാതെ പോകുമ്പോൾ, അദ്ദേഹത്തിന്റെ വിവാഹമോചന സാധ്യത 33 ശതമാനം വരെ ഉയരുന്നു.

“ഭർത്താക്കന്മാരുടെ ഉപജീവനശേഷി (breadwinning) ഇപ്പോഴും വിവാഹ കരാറിന്റെ ഒരു പ്രധാന ഘടകമായി തുടരുകയാണ്.” എന്നാണ് തൻ്റെ കണ്ടെത്തലുകൾ തെളിയിക്കുന്നത് എന്ന് കില്ലെവാൾഡ് കുറിച്ചു.
(Alexandra Killewald, “Money, Work, and Marital Stability: Assessing Change in the Gendered Determinants of Divorce,” American Sociological Review 81, no. 4 (August 2016): 696-719, 716.)

പുരുഷന്മാരുടെ വരുമാനം വിവാഹസ്ഥിരതയെ സ്വാധീനിക്കുന്നതായി കാണുന്നു, കൂടാതെ അത് സ്ത്രീകളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഉദാഹരണത്തിന്, നോർത്ത് കരോളിന സർവകലാശാലയിലെ സോഷ്യോളജിസ്റ്റ് റോസ്‌മേരി ഹോപ്ക്രോഫ്റ്റ് നടത്തിയ പഠനം കണ്ടെത്തിയത്; ഉയർന്ന വരുമാനമുള്ള പുരുഷന്മാർക്ക് വിവാഹിതരാകാനും വിവാഹത്തിൽ തുടർന്നിരിക്കാനും കൂടുതൽ സാധ്യതയുണ്ടെന്നാണ്.

ഹോപ്ക്രോഫ്റ്റ് കണ്ടെത്തിയത് ഇതാണ്:
“പുരുഷന്മാർക്ക് വരുമാനം ഉയരുന്നതനുസരിച്ച് വിവാഹമോചന സാധ്യത കുറയുന്നു; ഏറ്റവും ഉയർന്ന വരുമാന വിഭാഗത്തിലുള്ള പുരുഷന്മാർ ഏറ്റവും താഴ്ന്ന വരുമാന വിഭാഗത്തിലുള്ള പുരുഷന്മാരെക്കാൾ ഏകദേശം 37 ശതമാനം കുറവ് വിവാഹമോചനം ചെയ്യാനുള്ള സാധ്യതയാണ് കാണിക്കുന്നത്. എന്നാൽ സ്ത്രീകളുടെ വരുമാനം ഉയരുന്നതനുസരിച്ച് വിവാഹമോചന സാധ്യത ഉയരുന്നു.”
(Rosemary L. Hopcroft, “The Ideal Husband? A Man in Possession of a Good Income,” Institute for Family Studies Blog, October 5, 2021, https://tinyurl.com/WilcoxGM3g.)

ഡേവിഡ് ബസ്സും സഹപ്രവർത്തകരും നടത്തിയ ഒരു പഠനം തെളിയിക്കുന്നത് ഇതാണ്:

ആറ് ഭൂഖണ്ഡങ്ങളിലെയും അഞ്ച് ദ്വീപുകളിലെയും 37 സംസ്കാരങ്ങളെ ഉൾപ്പെടുത്തി ‘തീരവാസികളായ ഓസ്‌ട്രേലിയക്കാർ മുതൽ നാഗരിക ബ്രസീലുകാർ ഉൾപ്പെടെ, ഷാന്റിടൗൺ സൗത്ത് ആഫ്രിക്കൻ സുലസ്’ വരെയുള്ള ജനസംഖ്യയിൽ ഒരു ക്രോസ് കൾച്ചറൽ താരതമ്യ പഠനം നടത്തപ്പെട്ടു. ഏകഭാര്യത്വവും ബഹുഭാര്യത്വ സംസ്കാരവുമുള്ള ജനവൈവിധ്യത്തെ പഠനത്തിൽ ഉൾപ്പെടുത്തി. പഠനത്തിലെ കണ്ടെത്തൽ അവ്യക്തതക്ക് യാതൊരു വഴിയുമില്ലാത്ത വിധം സ്പഷ്ടമായിരുന്നു: “എല്ലാ ഭൂഖണ്ഡങ്ങളിലും, (സോഷ്യലിസവും കമ്മ്യൂണിസവും ഉൾപ്പെടെ) എല്ലാ രാഷ്ട്രീയ സംവിധാനങ്ങളിലും, എല്ലാ വംശീയ ഗ്രൂപ്പുകളിലും, എല്ലാ മത വിഭാഗങ്ങളിലും, എല്ലാ ഇണചേരൽ സമ്പ്രദായങ്ങളിലും ഉൾപ്പെടുന്ന സ്ത്രീകൾ തങ്ങളുടെ ഇണകളുടെ പ്രബലമായ സാമ്പത്തിക ശേഷിക്ക് പുരുഷന്മാരേക്കാൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു. മൊത്തത്തിൽ, സാമ്പത്തിക സ്രോതസ്സുകൾക്ക് സ്ത്രീകൾ നൽകുന്ന പ്രാമുഖ്യം പുരുഷന്മാരേക്കാൾ 100 ശതമാനം കൂടുതലാണ്, അല്ലെങ്കിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾ സാമ്പത്തിക ശേഷിക്ക് ഏകദേശം ഇരട്ടി വിലമതിക്കുന്നു.”
(Buss, 1999, pp. 108-9. A meta-analysis by Feingold (1994), looking at studies from 1965 to 1986, finds a similar result.)

സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ ഇറങ്ങാനും സമ്പാദിക്കാനും കുടുംബ ചെലവുകൾ വഹിക്കാനും അവകാശമുണ്ട് എന്നത് ഇസ്‌ലാം അംഗീകരിക്കുന്നുണ്ട് എന്നത് സത്യമാണ്. എങ്കിൽ പോലും, “ചെലവിനുള്ള നിർബന്ധ ഉത്തരവാദിത്ത്വം” പുരുഷനാണ്, എന്നതു പോലെയുള്ള ഇസ്‌ലാം നിശ്ചയിച്ച ‘ലിംഗത്വ ധർമം’ (Gender role) ഇന്നും ദാമ്പത്യത്തിൻ്റെയും കുടുംബത്തിൻ്റെയും സ്വസ്ഥിതിക്ക് അനിവാര്യമാണെന്ന്, മുകളിൽ ചേർത്ത എല്ലാ സാമൂഹ്യ ശാസ്ത്ര പഠനങ്ങളും സൂചിപ്പിക്കുന്നു.

അതു കൊണ്ട് തന്നെ, ദാമ്പത്യ കുടുംബ ബന്ധം ശിഥിലീകരിക്കുന്ന മറ്റൊരു പ്രധാന കാരണമായ, ചെലവ് നിഷേധം ക്വുർആൻ ഗൗരവപൂർവ്വം അപലപിച്ചു. (അബൂദാവൂദ്: 1692)

ഇസ്‌ലാം പുരുഷനു മേൽ, സാമ്പത്തിക ചെലവ് നിർബന്ധ ബാധ്യതയായി നിശ്ചയിച്ചു.
(ക്വുർആൻ 2: 233)

ധനത്തോടുള്ള ആർത്തിയാണ് ദാമ്പത്യ ശിഥിലീകരണത്തിൻ്റെ മറ്റൊരു ഹേതു. ആണിനും പെണ്ണിനും ഒരുപോലെ ഇസ്‌ലാം അത് വിലക്കി.
(ക്വുർആൻ 104: 2, 3, മുസ്‌ലിം: 991)

സ്ത്രീധനമാണ് വിവാഹ-കുടുംബ കലഹങ്ങളുടെ ഒരു പ്രധാന കാരണം. ഇസ്‌ലാമിൽ സ്ത്രീധനം നിഷിദ്ധമാണ്. പകരം സ്ത്രീക്ക് വിവാഹമൂല്യം നൽകുന്നത് നിർബന്ധമാക്കി.
(ക്വുർആൻ 4: 4)

വിവാഹ ചെലവ് പുരുഷൻ്റെ ബാധ്യതയായി നിശ്ചയിച്ചു; ആർഭാഢ വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തി, വിവാഹ ലാളിത്യത്തെ പ്രോത്സാഹിപ്പിച്ചു.
(അബൂ ദാവൂദ്: 2117, ഇബ്നു ഹിബ്ബാൻ: 4072, ഹാകിം: 2742)

വിട്ടു വീഴ്ച്ച (ക്വുർആൻ 24: 22), കാരുണ്യം (തുർമുദി: 1924), ഗുണകാംക്ഷ (മുസ്‌ലിം: 55), കൃതജ്ഞത (അബൂ ദാവൂദ്: 4811), ശുഭാപ്തി (ബുഖാരി: 7405), പോസിറ്റീവ് ചിന്ത (ബുഖാരി: 6064), ശാന്തത (തുർമുദി: 2010), സൗമ്യത (മുസ്‌ലിം: 2593), ആത്മ സംയമനം (ബുഖാരി: 6114), ആത്മവിമർശനം (ക്വുർആൻ 75: 2), ആത്മ വിചിന്തനം (അസ്സുഹ്ദ് ലി ഇബ്നുൽ മുബാറക്: 477) തുടങ്ങി ബന്ധങ്ങളെ ബലപ്പെടുത്തുന്ന എല്ലാ സദ്ഗുണങ്ങളും സൽകർമ്മങ്ങളും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു.

ഏഷണി (ബുഖാരി: 6056), പരദൂഷണം (ക്വുർആൻ 49: 12), കളവ് (ബുഖാരി: 6094), തെറി (തുർമുദി: 1977), വ്യക്തിഹത്യ (മുസ്‌ലിം: 2564), അസൂയ (മുസ്‌ലിം: 2564), അഹങ്കാരം (മുസ്‌ലിം: 91), ആത്മാനുരാഗം (ശുഅ്ബുൽ ഈമാൻ: ബൈഹകി: 5:456), വെറുപ്പ് (മുസ്‌ലിം: 2564), രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കൽ (തുർമുദി: 2032), തമ്മിൽ തെറ്റിക്കൽ (അഹ്‌മദ്: 20391), ഇരട്ട മുഖം (ബുഖാരി: 6058), കപടനാട്യം (ക്വുർആൻ 12: 18), സിനിസിസം അഥവാ കുറ്റവും കുറവും നോക്കി നടക്കൽ (അസ്സുഹ്ദ് ഇബ്നുൽ മുബാറക്: 693), സ്വാർത്ഥത (ബുഖാരി: 13), കോപം (ബുഖാരി: 6116), അക്രമം (ബുഖാരി: 2447), അനീതി (മുസ്‌ലിം: 2577), പക്ഷപാതം (ബുഖാരി: 2586) തുടങ്ങി ബന്ധങ്ങൾ തകർക്കുന്ന എല്ലാ ദുസ്വഭാവങ്ങളും നിഷിദ്ധവും മഹാപാപങ്ങളുമായി പഠിപ്പിച്ചു.

പ്രവാചകൻ (സ) പറഞ്ഞു:
“ആർ കാരുണ്യം കാണിക്കുന്നില്ലയോ അവന് ദൈവത്താൽ കാരുണ്യം ചെയ്യപ്പെടില്ല.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 5997, സ്വഹീഹു മുസ്‌ലിം: ഹദീസ് നമ്പർ: 2318)

“കാരുണ്യം ചെയ്യുന്നവരോട് കാരുണ്യവാനായ ദൈവം കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം ചെയ്യുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 5997, സ്വഹീഹു മുസ്‌ലിം: ഹദീസ് നമ്പർ: 2318)

ഇതെല്ലാമാണ് മതം മനുഷ്യരെ പഠിപ്പിച്ചത്, മതം ആത്മാർത്ഥമായി ഉൾക്കൊള്ളുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സ്വന്തം ദാമ്പത്യത്തിലും കുടുംബത്തിലും സമൂഹത്തിലും പരിഗണിക്കുകയും പാലിക്കുകയും ചെയ്തേ തീരു. എങ്കിൽ അത്തരമൊരു വിശ്വാസിയുടെ ദാമ്പത്യ- കുടുംബ ജീവിതം നന്നാവുകയും സുഭദ്രമാവുകയും അല്ലെ ചെയ്യുക ?!

ഈ നിയമങ്ങളും ചട്ടങ്ങളും സൽസ്വഭാവങ്ങളും സൽകർമ്മങ്ങളും പുലർത്തപ്പെടുന്ന ഭവനത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും യാഥാർത്ഥ്യവൽക്കരിക്കപ്പെടില്ലെ ?
അവ ലംഘിക്കപ്പെടുമ്പോഴല്ലെ ഗാർഹിക ജീവിതം ദുസ്സഹമാവുക ?!
അപ്പോൾ, മതബോധം കുറയുമ്പോഴാണ്, ദാമ്പത്യവും കുടുംബവും ദുസ്സഹമായി തീരുന്നത്.
കുടുംബ വ്യവസ്ഥയുടെ പ്രശ്നങ്ങളായി അവതരിപ്പിക്കപ്പെടുന്ന സകല പ്രശ്നങ്ങളും മതരാഹിത്യത്തിന്റെ പ്രശ്നങ്ങളാണ്. മതബോധമുള്ളവർ, ധാർമിക നിഷ്ടയുള്ളവർ പരസ്പരം വിവാഹിതരാകുമ്പോൾ ഈ പറയുന്ന പ്രശ്നങ്ങളെ പറ്റി എന്തിന് വ്യാകുലരാകണം?

അതുകൊണ്ട് തന്നെ, മതമുള്ളവരുമായുള്ള വിവാഹത്തിന് മുൻഗണന നൽകാൻ പ്രവാചകൻ (സ) നിഷ്കർഷിച്ചു.
അതിലാണ് സകല അനുഗ്രഹങ്ങളും ഉള്ളടങ്ങിയിരിക്കുന്നത്. സൗന്ദര്യം, പണം, കുടുംബ മഹിമ, എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വിവാഹാന്വേഷണങ്ങളുടെ ഉയർന്ന പരാജയ സാധ്യതയെ കുറിച്ച് അദ്ദേഹം (സ) മുന്നറിയിപ്പ് നൽകി.
(ബുഖാരി: 5090)

വിവാഹം അന്വേഷിക്കുമ്പോഴും ആലോചിക്കുമ്പോഴും മറ്റു പല കാര്യങ്ങൾക്കുമായിരിക്കും മനസ്സിൽ മുൻഗണനയുണ്ടാവുക. എന്നിട്ട് വൈവാഹിക ജീവിതം ശിഥിലമാവുമ്പോൾ വിവാഹമെന്ന വ്യവസ്ഥിതിയെ പഴിക്കും. വിവാഹത്തെ പ്രോത്സാഹിപ്പിച്ച മതത്തെയും പഴിക്കും. ഇതാണ് സാധാരണയായി പൊതുജനങ്ങളിൽ കണ്ടു വരുന്ന യുക്തിവിരുദ്ധത.

വേണോ വിവാഹം? !!

ഭാഗം -19 👇

https://www.snehasamvadam.org/വേണോ-വിവാഹം-20/

print

No comments yet.

Leave a comment

Your email address will not be published.