ഹോം സ്വീറ്റ് ഹോം
പതിവിലും കൂടുതലായി, വിശ്രമമില്ലാതെ പണിയെടുത്ത് ക്ഷീണിതനായി, പലരിൽ നിന്നും പല വിമർശനങ്ങളും കുത്ത് വാക്കുകളും കേട്ട് മനസ്സ് നീറി, ഭാവിയെപ്പറ്റി വിഷണ്ണനായി, ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തി. പതിവിലും വിപരീതമായി ഏറെ വൈകിയാണ് ഞാൻ വീട്ടിലെത്തുന്നത്. വാതിൽ തുറന്ന എൻ്റെ അടുത്തേക്ക് എൻ്റെ കുഞ്ഞുമോൻ ഓടി വന്നു.
“വാപ്പച്ചിക്ക് ഒരു സമ്മാനം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്” എന്നു പറഞ്ഞു അവൻ ഒരു കടലാസ് എൻ്റെ കയ്യിലേക്ക് തന്നു.
“ഇത് ഞാൻ ക്വുർആൻ നോക്കി പകർത്തി എഴുതിയതാണ്, വാപ്പച്ചി” എന്നവൻ പാൽ പുഞ്ചിരി തൂകി, അഭിമാനപൂർവ്വം മൊഴിഞ്ഞു.
ഞാനത് വാങ്ങി നോക്കി. മൂന്നു വരി ക്വുർആൻ വചനങ്ങളാണ് അതിൽ ഉള്ളത്.
إِنَّاۤ أَعۡطَیۡنَـٰكَ ٱلۡكَوۡثَرَ (1) فَصَلِّ لِرَبِّكَ وَٱنۡحَرۡ (2) إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ (3)
“തീര്‍ച്ചയായും നിനക്ക് നാം ധാരാളം അനുഗ്രഹങ്ങൾ നല്‍കിയിട്ടുണ്ട്. ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ആരാധനകൾ അര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).”
(ക്വുർആൻ: 108:1-3)
ഈ വരികൾ വായിച്ചതും ഉള്ള് ശാന്തതയാൽ കുളിർത്തു, മനസ്സ് കൃതജ്ഞതയാൽ ആർദ്രമായി, മകനെ വാരിയെടുത്ത് കവിളത്ത് ഞാൻ ഒരു ചുംബനം നൽകി.
മുറിയിൽ നിസ്കാരപ്പായയിൽ ഇരുന്ന്, എൻ്റെ പ്രിയതമ പ്രാർത്ഥിക്കുകയാണ്; എനിക്കായി, എൻ്റെ നന്മക്കായി. പ്രാർത്ഥനയിൽ നിന്ന് വിരമിച്ചപ്പോൾ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു.
“എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം ?…”
“അൽഹംദു ലില്ലാഹ് ” (ദൈവത്തിന് സർവ്വസ്തുതിയും); ഞാൻ മറുപടി പറഞ്ഞു.
ഒരു ദിവസത്തെ മുഴുവൻ ദുഃഖങ്ങളും ആധികളും അനുഭവങ്ങളും ഒരു നിമിഷം കൊണ്ട് ആവിയായി തീരുന്നത് എനിക്ക് അനുഭവവേദ്യമായി.
എൻ്റെ മനസ്സിൽ ഞാൻ ആ ക്വുർആൻ വചനങ്ങൾ ആവർത്തിച്ച് മന്ത്രിച്ചു: “തീര്‍ച്ചയായും നിനക്ക് നാം ധാരാളം അനുഗ്രഹങ്ങൾ നല്‍കിയിട്ടുണ്ട്…”
– ലേഖകൻ
(ഡോ. മിഷാൽ സലിം)
*********************************
വിവാഹവും വികാര-സമ്മർദ്ദ സന്തുലിതാവസ്ഥയും
വഴിയോരത്ത് ഒരു നായ നമ്മെ നോക്കി കുരച്ച്, കുതിക്കാൻ വെമ്പുന്നു എന്ന് സങ്കൽപ്പിക്കുക.
ഈ സാഹചര്യത്തെ ‘Fight or Flight’ situation എന്നാണ് ന്യൂറോസയൻ്റിസ്റ്റുകൾ വിളിക്കുക.
“ഫൈറ്റ് ഓർ ഫ്ലൈറ്റ്” (Fight or Flight) സാഹചര്യം എന്ന് പറയുന്നത് ഒരാൾക്ക് ഭീഷണിയോ അപകടമോ നേരിട്ടു തോന്നുന്ന സാഹചര്യമാണ്. അപ്പോൾ ശരീരം സ്വയം പ്രതികരിച്ച് ഇനി പറയുന്ന രണ്ടിൽ ഒന്നിന് തയ്യാറാകുന്നു:
Fight (പോരാടുക) → ഭീഷണിയെ നേരിട്ട് നേരിടുക
Flight (ഒഴിവാകുക) → സ്ഥലംവിട്ട് രക്ഷപ്പെടുക
ഇത് മനുഷ്യ ശരീരത്തിൻ്റെ സ്വാഭാവിക ജീവൻ-രക്ഷാ പ്രതികരണമാണ്. ശരീരത്തിലെ സിംപതറ്റിക് നാഡീവ്യൂഹം (sympathetic nervous system) പ്രവർത്തനം ആരംഭിക്കുകയും adrenaline, cortisol പോലുള്ള ഹോർമോണുകൾ പുറപ്പെടുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
മനുഷ്യശരീരത്തിന് സ്ട്രെസ് Stress (ഭയം, സമ്മർദ്ദം, ഭീഷണി) നേരിടുമ്പോൾ പുറപ്പെടുന്ന ഹോർമോണുകളാണ് adrenaline, cortisol തുടങ്ങിയവ.
ഈ ഹോർമോണുകൾ കാരണം ശരീരത്തിൽ വരുന്ന മാറ്റങ്ങൾ:
* ഹൃദയമിടിപ്പ് വേഗത്തിലാകുന്നു.
* ശ്വാസം വേഗത്തിലാകുന്നു.
* വിയർക്കുന്നു.
* കണ്ണിന്റെ നടുവ് (pupil) വലുതാകും.
* പേശികൾ വലിഞ്ഞ് ചുരുങ്ങും.
* കൂടുതൽ ജാഗ്രത (alertness) ഉണ്ടാകുന്നു.
സ്ട്രെസ് /Stress (ഭയം, സമ്മർദ്ദം, ഭീഷണി) ഉണ്ടാവുന്ന സാഹചര്യങ്ങൾക്ക് മറ്റു ചില ഉദാഹരണങ്ങൾ:
* കാട്ടിൽ നടക്കുമ്പോൾ പെട്ടെന്ന് ഒരു കാട്ടുമൃഗം മുന്നിൽ വരുന്നത്.
* റോഡിൽ വാഹനാപകടം സംഭവിക്കാനിരുന്നപ്പോൾ കഷ്ടിച്ച് ഒഴിവാക്കിയത്.
* ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ അല്ലെങ്കിൽ ആരെങ്കിലുമായി വഴക്കിടുന്നത്.
* ഇരുട്ടിൽ അപ്രതീക്ഷിതമായി വലിയ ശബ്ദം കേൾക്കുന്നത്.
സാമൂഹിക ജീവിതം മുഴുവനായൊ മിക്കവാറുമൊ Stress (ഭയം, സമ്മർദ്ദം, ഭീഷണി) ഉണ്ടാവുന്ന സാഹചര്യങ്ങൾ കൊണ്ട് നിബിഢമാണ്.
***********
ഓഫിസ്, കച്ചവട- വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റു തൊഴിൽ മേഖലകളിലെല്ലാം ഔദ്യോഗിക ജീവിതം നയിക്കുമ്പോൾ പല വിധത്തിലുള്ള സ്‌ട്രെസുകൾ നാം അനുദിനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ദിനേന നമ്മുടെ സിമ്പതറ്റിക് നാഡീവ്യൂഹം പ്രവർത്തന ക്ഷമമായിക്കൊണ്ടിരിക്കുന്നു. സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ നിരന്തര പ്രവർത്തനവും ദീർഘ-കാലിക സ്ട്രെസും (chronic stress) നമുക്ക് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, ദുർബലമായ ഉപാചയപ്രവർത്തനം, പ്രതിരോധ ശേഷി ക്ഷയിക്കൽ, ദഹനപ്രക്രിയയുടെ തകരാർ, ശാരീരിക വേദന, പേശീ പിരിമുറുക്കം, മൈഗ്രേൻ, ദീർഘ കാലിക ഉത്കണ്ഠ രോഗം, ക്ഷിപ്രകോപം, വിശ്രമ രാഹിത്യം, നൈരാശ്യം, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, ശക്തിക്ഷയം, അകാല വാർധക്യം, പി.റ്റി. എസ്.ഡി (PTSD: Post-Traumatic Stress Disorder അഥവാ ആഘാതാനന്തര മാനസിക സമ്മർദ്ദ രോഗം) തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.
അപ്പോൾ ദീർഘ കാലിക സ്‌ട്രെസ് ഇല്ലാതാക്കാൻ നാം എന്തു ചെയ്യും? സാമൂഹിക ജീവിതമോ ഔദ്യോഗിക ജീവിതമോ ഒഴിവാക്കാൻ നമുക്ക് വകുപ്പില്ല. അത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ മറ്റൊരു ജൈവിക പ്രക്രിയ/ വ്യവസ്ഥ കൂടി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അത് പാരാസിമ്പതറ്റിക് നാഡീവ്യൂഹം (Parasympathetic Nerve System PNS) ആണ്.
ഇത് “Rest and Digest System” എന്ന പേരിൽ അറിയപ്പെടുന്നു, കാരണം ഇത് ശരീരത്തെ വിശ്രമിപ്പിക്കാനും, ഊർജം പുനർനിർമ്മിക്കാനും, സാധാരണ ജീവൽപ്രവർത്തനങ്ങൾ (ദഹന ഉപാചയ പ്രവർത്തനം, ഉറക്കം, പ്രജനനം മുതലായവ) ക്രമീകരിക്കാനും സഹായിക്കുന്നു.
പാരാ സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ:
ഹൃദയമിടിപ്പ് കുറയ്ക്കുന്നു, രക്തസമ്മർദ്ദം താഴ്ത്തുന്നു, ശ്വാസോച്ഛ്വാസം ശാന്തമാക്കുന്നു, ഓക്സിജൻ ആവശ്യം കുറയ്ക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു, എൻസൈം സ്രവണം വർധിപ്പിക്കുന്നു, കുടലിന്റെ ചലനം (peristalsis) കൂട്ടുന്നു, മൂത്രവിസർജനം, ലൈംഗിക പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നു.
ചുരുക്കത്തിൽ PNS (പാരാ സിമ്പതറ്റിക് നാഡീവ്യൂഹം) ശരീരത്തെ ശാന്തമാക്കി, സാധാരണ ജീവിതപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നു. അപ്പോൾ സിമ്പതറ്റിക് നാഡീ വ്യവസ്ഥ സാമൂഹിക ജീവിതത്തിലൂടെ പ്രക്ഷുബ്ധമായിക്കഴിഞ്ഞാൽ തുടർന്ന് പാരാ സിമ്പതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്തിലൂടെ (Activation) മനസ്സ് ശാന്ത ഭാവവും ശരീരം വിശ്രമാവസ്ഥയും കൈവരിച്ചേ മതിയാവൂ. പാരാ സിമ്പതറ്റിക് നാഡീവ്യൂഹത്തെ സജീവമാകുന്ന ജീവിത തലമാണ് ദാമ്പത്യവും കുടുംബവും എന്നതിനാൽ വിവാഹം കഴിച്ചവർ കൂടുതൽ കാലം ജീവിക്കുന്നു എന്ന് ഹാർവർഡ് മനശ്ശാസ്ത്രജ്ഞനായ റോബർട്ട് ജെ. വാൾഡിംഗർ നിഗമിക്കുന്നു.
(https://youtu.be/vSQjk9jKarg?si=zGpQv8L1AAoCHks0&t=12m24s)
അഥവാ ദാമ്പത്യ കുടുംബ ജീവിതം ഒരു തരം ഇമോഷണൽ റെഗുലേറ്റർ (വികാര സന്തുലിതാവസ്ഥ നിയന്ത്രണ വസ്തു) ആണ്; ഒരു വ്യക്തിയുടെ വികാരങ്ങളെയും മാനസിക ഭാവങ്ങളെയും നിയന്ത്രിച്ചു സന്തുലിതാവസ്ഥ നിലനിർത്തുന്ന ജൈവ നയതന്ത്രം. സാമൂഹിക ജീവിതത്തിനു ശേഷം ഇണയും കുടുംബവും കളിയും കുട്ടികളും ഇല്ലാത്ത ഗേഹങ്ങളിലേക്ക് കയറി ചെല്ലുന്ന ഒരു വ്യക്തിയുടെ സിമ്പതറ്റിക് നാഡീവ്യൂഹം പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു. അവ നിലയ്ക്കുന്നില്ല. പാരാസിമ്പതറ്റിക് നാഡീവ്യൂഹം പ്രവർത്തനം ആരംഭിക്കാത്തതിനാൽ തന്നെ സ്‌ട്രെസ്സ് നിരന്തരം തുടരുന്നു. അശ്രാന്തം ഓടി കൊണ്ടിരിക്കുന്ന വാഹനം പോലെ മനസ്സും ശരീരവും പൊടുന്നനെ വഴി മുടക്കും. അതു കൊണ്ടാണ് അവിവാഹിതരുടെ വിഷാദ രോഗ നിരക്കും, ഹൃദയ സംബന്ധ രോഗങ്ങളും അകാല മരണങ്ങളും -വിവാഹിതരുമായി താരതമ്യം ചെയ്യുമ്പോൾ- കൂടുതലാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. അവിവാഹിതരുടെ സിമ്പതറ്റിക് നാഡീവ്യൂഹം എന്നും നായയെ കണ്ട് ഓടി കൊണ്ടിരിക്കുകയാണ്. അവസാനം ചെന്നണയുമ്പോൾ അഭയവും ആശ്വാസവും സുരക്ഷിതത്വ ബോധവും സ്നേഹ സ്പർശവും പകരുന്ന വിവാഹക്കൂട് അവർക്കില്ല.
“സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം” അഥവാ പീയർ പ്രഷർ (peer pressure) നമ്മെ സദാ സമ്മർദ്ദത്തിൽ (stress) നിലനിർത്തുന്ന മറ്റൊരു ഘടകമാണ്. സമാനരായ ആളുകളാൽ താൻ ഉപേക്ഷിക്കപ്പെടുന്നു, സംഘത്തിൽ ചേരാൻ തന്നെ കൊള്ളില്ല, സാമൂഹികമായി താൻ ഒറ്റപ്പെടുന്നു എന്നിങ്ങനെയുള്ള ആധിയാണ് പീയർ പ്രഷർ. അംഗത്വബോധം (Belongingness) നഷ്ടപ്പെടുമ്പോൾ അത് വീണ്ടെടുക്കാനായി പലരും, സംഘത്തിൻ്റെ അപകടകരമൊ, നിയമവിരുദ്ധമൊ, അനാരോഗ്യകരമൊ ആയ കാര്യങ്ങൾ ചെയ്യാൻ പോലും പ്രേരിതനാവുന്നു. ഉദാഹരണത്തിന്, പുകവലി, മദ്യപാനം, അക്രമം, നിയമലംഘനം മുതലായവ, താനും അവരിൽ ഒരാളാണ് എന്ന അംഗത്വ ബോധത്തിന് വേണ്ടി മാത്രം ചെയ്യാൻ പലരും തയ്യാറാവുന്നു.
ഈ പീയർ പ്രഷർ/ സമപ്രായക്കാരുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ, മസ്തിഷ്കഭാഗമായ പ്രീഫ്രണ്ടൽ കോർട്ടക്സ് (Pre frontal cortex) ശാക്തീകരിക്കപ്പെടുന്നതിലൂടെ സാധ്യമാവുന്നു. സമപ്രായക്കാരുമായി ഒരു വിനോദത്തിൽ ഏർപ്പെട്ട് അതിൽ തോറ്റാൽ… “ഇതൊരു വിഡ്ഡി കളി മാത്രമാണ്. എൻ്റെ ജീവിതത്തിൽ ഇതിനേക്കാൾ പ്രധാനപ്പെട്ട എന്തെല്ലാമുണ്ട്. വിദ്യാഭ്യാസം, ജോലി, ഭാര്യ, കുട്ടികൾ, കുടുംബം…” എന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ച് കൊണ്ട് സമ്മർദ്ദം കുറക്കുന്നത് സാധ്യമാവുന്നത് ഈ പ്രീഫ്രണ്ടൽ കോർട്ടക്സിൻ്റെ ശക്തിയിലൂടെയാണ്. സഹപ്രവർത്തകർ തൊട്ടടുത്ത കാഫേയിൽ ഒരുമിച്ചു കൂടിയപ്പോൾ തന്നെ വിളിച്ചില്ല. കൂട്ടുകാർ തന്നെ കൂട്ടാതെ ടൂർ പോയി. സംഘടനാ മീറ്റിംഗ് താൻ അറിയാതെ കൂടി. ഇങ്ങനെ എത്രയെത്ര സമശീർഷക/ സാമൂഹിക സമ്മർദ്ദങ്ങൾ നാം അനുദിനം അനുഭവിക്കുന്നു. അവിടെയെല്ലാം അംഗത്വബോധം, താനും അവരിൽ ഒരാളാണ് എന്ന സംഘബോധം നിലനിർത്താൻ ഭർത്താവും ഭാര്യയും കുട്ടികളും കുടുംബവും ഉള്ളവന് സാധിക്കുന്നു.
“അവർ ഒറ്റപ്പെടുത്തിയാലും ഞാൻ തനിച്ചല്ല. അവരില്ലെങ്കിൽ എനിക്കെന്താണ്?! എനിക്ക് സ്നേഹനിധിയായ ഒരു ജീവിതപങ്കാളിയുണ്ട്. ഓമനകളായ കുട്ടികളുണ്ട്, കൂട്ടായി കുടുംബമുണ്ട്, ബന്ധുക്കളുണ്ട്.” എന്ന് ഒരു വിവാഹിതൻ്റെ പ്രീഫ്രണ്ടൽ കോർട്ടക്സ് ഭാവന ഉണർത്തുന്നു.
പ്രശ്നപരിഹാരത്തിന് സമീപിക്കുന്നത് പുറത്തു നിന്നുള്ള ഏതെങ്കിലും ഭീഷണിയോ പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്നമോ ഉണ്ടാകുമ്പോൾ കേരളീയർ ആരെയാണ് സമീപിക്കുന്നത്? വ്യത്യസ്ത ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും പോലീസുകാരേക്കാൾ (5.1) പോലും രണ്ടിരട്ടി കൂടുതൽ ആശ്രയിക്കുന്നത്, ബന്ധുക്കളെയും (14.9) അയൽക്കാരെ (26.9) യുമാണ്.
(കേരളപഠനം 2.0: ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ: 2004-2019: എഡിറ്റർ: ഡോ. കെ.പി.അരവിന്ദൻ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: പേജ്: 159)
ജീവിത പങ്കാളി, സന്താനങ്ങൾ, കുടുംബം എന്നിവയെല്ലാം ഒരു മനുഷ്യൻ്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്. പലർക്കും നേടിയെടുക്കാൻ സാധിക്കാതെ പോവുന്ന അനർഘമായ അനുഗ്രഹങ്ങൾ. ഇത് വിവാഹിതരുടെ ആത്മമൂല്യം (Self-value) വർദ്ധിപ്പിക്കുന്നു.
* ഉയര്‍ന്ന ആത്മമൂല്യമുള്ള വ്യക്തികള്‍ക്ക് ആശങ്ക, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസികസമസ്യകള്‍ ഉണ്ടാവാന്‍ സാധ്യത കുറവായിരിക്കും.
* അവർ പൊതുവെ, പഠനത്തിലും തൊഴിലിലും വിജയം കൈവരിക്കുന്നു, മെച്ചപ്പെട്ട സാമൂഹിക ബന്ധം, കുറഞ്ഞ സാമൂഹിക വിരുദ്ധ സ്വഭാവങ്ങൾ എന്നിവ പുലർത്തുന്നു.
* ഉയർന്ന ശാരിരിക ആരോഗ്യം, ശാരീരികവും മാനസികവുമായ പ്രതിന്ധന്ധികളെ തരണം ചെയ്യാനും അവയോട് ആരോഗ്യപരമായി പ്രതികരിക്കാനുമുള്ള ശേഷിയും ഉണ്ടാവുന്നു.
* അനുകമ്പ, ആത്മനിയന്ത്രണം, ആത്മസംവാദം, ബന്ധങ്ങളിൽ ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാനുള്ള കഴിവ് എന്നിവ വർദ്ധിക്കും.
* വൈരാഗ്യം, അസൂയ, അസമാധാനം എന്നിവ അവർക്ക് കുറയുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നടന്ന പല പഠനങ്ങളും, അതല്ലാത്തവയും അവിവാഹിതരേക്കാൾ വിവാഹിതർക്കാണ് ആത്മമൂല്യം കൂടുതൽ എന്ന് സൂചിപ്പിക്കുന്നുണ്ട്.
( https://ijip.in/articles/self-esteem-and-marital-adjustment/?utm
https://tinyurl.com/jtcrpamu
https://dergipark.org.tr/en/download/article-file/2966829?utm
Orth, U., Robins, R. W., & Widaman, K. F. (2012).Title: Life-span development of self-esteem and its effects on important life outcomes: Journal of Personality and Social Psychology, 102(6), 1271–1288.)
നമ്മുടെ ആത്മമൂല്യവും ആത്മസാക്ഷാൽകാരവുമായി അഗാധ ബന്ധം പുലർത്തുന്ന മറ്റൊരു സങ്കൽപ്പമാണ് പിഗ്മാലിയൻ ഇഫക്ട് (Pygmalion Effect) അല്ലെങ്കിൽ റോസെൻതാൽ ഇഫക്ട് (Rosenthal Effect).
നമ്മെ കുറിച്ച് ഉയർന്ന പ്രതീക്ഷകൾ പ്രകടിപ്പിക്കുന്ന ഒരു വ്യക്തി നമ്മോടൊപ്പം ഉണ്ടെങ്കിൽ, നമ്മുടെ പ്രകടനം മെച്ചപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ഈ മനശ്ശാസ്ത്ര പ്രതിഭാസം. ലളിതമായി പറഞ്ഞാൽ, നാം വിലമതിക്കുന്ന ഒരാൾ “നിനക്ക് അത് ചെയ്യാൻ കഴിയും” എന്ന് വിശ്വസിച്ചാൽ, അത് യാഥാർത്ഥ്യമാക്കാൻ അനായാസം സാധിക്കുന്നു.
വിവാഹം എന്നത് പിഗ്മാലിയൻ ഇഫക്ട് ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന ജീവിതരംഗങ്ങളിൽ ഒന്നാണ് എന്ന് അവിതർക്കിതമായ വസ്തുതയാണ്.
ഭർത്താവും ഭാര്യയും, മാതാപിതാക്കളും മക്കളും, സഹോദരി സഹോദരന്മാരും തമ്മിലുള്ള ബന്ധം പരസ്പര പ്രതീക്ഷകളുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനശിലയാണ്.
ഒരു പങ്കാളി തൻ്റെ പങ്കാളിയിൽ വിശ്വസിക്കുകയും, പരസ്പരം പ്രോത്സാഹിപ്പിക്കുകയും, “നിനക്കതിന് കഴിയും” എന്ന് പ്രചോദിപ്പിക്കുകയും ചെയ്യുമ്പോൾ, അത് ആ വ്യക്തിയുടെ ആത്മാഭിമാനവും കർമ്മകുശലതയും വർദ്ധിപ്പിക്കുന്നു.
ഇതിലൂടെ വ്യക്തിത്വവികസനവും ആത്മസാക്ഷാൽക്കാരവും ബന്ധഗുണനിലവാരവും മെച്ചപ്പെടുന്നു.
“അങ്ങനെയൊന്നും വരില്ല… അല്ലാഹുവാണെ സത്യം, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിതനാക്കില്ല; താങ്കൾ കുടുംബ ബന്ധം പുലർത്തുന്നവനും, സത്യസന്ധമായി സംസാരിക്കുന്നവനും, ദുർബലരുടെ ഭാരം ചുമക്കുന്നവനും, അഥിതികളെ സൽകരിക്കുന്നവനും, ദുരന്ത ബാധിതരെ സഹായിക്കുന്നവനും ആണ്…”
(സ്വഹീഹുൽ ബുഖാരി: 6982)
എന്ന തീപ്പൊരി ചിതറുന്ന വാക്കുകൾ കൊണ്ട് പ്രവാചകനെ(സ), പ്രസാദിപ്പിച്ച ഖദീജയെ (റ) പോലെ…
“ജനങ്ങളെല്ലാം എന്നെ നിഷേധിച്ചപ്പോൾ അവളെന്നിൽ വിശ്വസിച്ചു, ഞാൻ നുണ പറയുകയാണെന്ന് നാട്ടുകാർ അക്ഷേപിച്ചപ്പോൾ ഞാൻ സത്യം പറയുകയാണെന്ന് അവൾ മാത്രം പറഞ്ഞു. ജനങ്ങൾ എന്നെ ബഹിഷ്കരിച്ചപ്പോൾ അവളുടെ ധനം കൊണ്ട് എനിക്കവൾ താങ്ങായി. അവളിൽ എനിക്കല്ലാഹു സന്താനങ്ങളെ നൽകി…” (സ്വഹീഹുൽ ബുഖാരി :3821) എന്നു വികാര നിർഭരമായ വചസ്സുകൾ കൊണ്ട് സ്വപത്നി ഖദീജയെ, പ്രവാചകൻ (സ) അഭിഷേകം ചെയ്തത് പോലെ…
പരസ്പരം താങ്ങും തണലും അഭയവും ആശ്വാസവും പ്രതീക്ഷയും പരിപോഷണവും നൽകുന്ന, ഭൂമിയിലെ സുന്ദര സുരഭില സ്വർഗ്ഗമാണ് ദാമ്പത്യം.
*************************************
ഇന്നെനിക്ക് വ്യത്യസ്ത വിഷയങ്ങളിലായി രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്. രണ്ടും വിവാഹശേഷം നേടിയത്. ഈ കടലാസുതുണ്ടുകളേക്കാൾ എനിക്ക് വിലപ്പെട്ടത് അതിലേക്ക് ഞാൻ നടന്ന വഴികളാണ്. ആ വഴികളിലുടനീളം എനിക്ക് ദീപശിഖയായി, താങ്ങായി എന്റെ ഭർത്താവ് ഉണ്ടായിരുന്നു എന്നതാണ് സത്യം.
യഥാർത്ഥത്തിൽ, പുതിയ എന്തെങ്കിലും ചെയ്തു തുടങ്ങാൻ എനിക്ക് വലിയ മടിയും ഉത്കണ്ഠയുമാണ്. “എന്നെക്കൊണ്ട് പറ്റുമോ?” എന്ന ആശങ്ക മനസ്സിനെ പിന്നോട്ട് വലിക്കും.
പഠിക്കാൻ താൽപര്യവും പ്രചോദനവും കുറവാണ്. പോരാഞ്ഞിട്ട് സാമ്പത്തിക ചെലവ്, അധ്വാനം, യാത്ര തുടങ്ങിയവയൊക്കെ തുടർ പഠനത്തെ കുറിച്ച് മനസ്സിൽ നിരുത്സാഹം ജനിപ്പിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് ഞാൻ ഒരു പെർഫെക്ഷനലിസ്റ്റുമാണ്. എന്തെങ്കിലും ചെയ്യുകയാണ് എങ്കിൽ അത് പൂർണതയോടെ ചെയ്യണം. പൂർണ സമയവും അതിനായി മാറ്റി വെക്കണം, അതൊന്നും പറ്റില്ലെങ്കിൽ പിന്നെ തീരെ കാര്യം ചെയ്യാൻ തുനിയരുത് എന്നാണ് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത്. പരീക്ഷ എഴുതുകയാണെങ്കിൽ ജയിക്കുമെന്ന് ഉറപ്പ് വേണം, ഇല്ലെങ്കിൽ എഴുതുകയേ വേണ്ട….
എന്നാൽ എൻ്റെ ജീവിത പങ്കാളി, എൻ്റെ പെർഫെക്ഷനലിസ ചിന്തയുടെ മുന ഒടിച്ചു; ആശാൻ്റെ നെഞ്ചത്തും കളരിക്ക് പുറത്തും അല്ലാതെ കളരിയിൽ നിന്നു കൊണ്ടുള്ള പോരാട്ടം എങ്ങനെ എന്ന് എന്നെ അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നെ പഠനത്തിന് നിരന്തരം പ്രോത്സാഹിപ്പിച്ചു. “എനിക്ക് പഠിക്കാൻ സമയം കിട്ടില്ല” !! സമയം കിട്ടിയാൽ പഠിച്ചാൽ മതി,, ” ഞാൻ തോൽക്കും” !!!ഇല്ലാ നീ തോൽക്കില്ല, അഥവാ പരീക്ഷയിൽ തോറ്റു എന്നിരിക്കട്ടെ, നിന്നെ ആരെങ്കിലും കളിയാക്കുമോ ? എന്താണ് നഷ്ടം ? അത് കൊണ്ട് ആ ചിന്ത കളയൂ..
ഇത്തരത്തിൽ ആശങ്കകളുടെ കളകൾ അദ്ദേഹം മുളയിലേ നുള്ളി എൻ്റെ മനസ്സ് അടുത്ത ഘട്ടത്തിലേക്കായി പരുവപ്പെടുത്തി…
പരീക്ഷ അടുക്കുമ്പോൾ, പുസ്തകത്തിന് മുന്നിൽ പതറിപ്പോകുന്ന എന്നെ ചേർത്തുനിർത്തി അദ്ദേഹം പറയും:
”നീ എന്തിനാണ് പേടിക്കുന്നത് ? നിനക്കിത് നിസ്സാരമായി സാധിക്കും.” എനിക്കറിയാം, നീ നല്ല ബുദ്ധിയുള്ള ഒരാളാണ്.
അതൊരു വെറും വാക്കല്ല. ആ വാക്കുകൾ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ചിലപ്പോൾ ഞാൻ മടിപിടിച്ച് നിന്നാലും, സ്നേഹത്തോടെ പഠിക്കാൻ പ്രോത്സാഹിപ്പിക്കും.
പിന്നീട് പരീക്ഷകളുടെ കാലം. കോയമ്പത്തൂർ വെച്ചായിരുന്നു പരീക്ഷകൾ നടന്നിരുന്നത്.. സാമ്പത്തിക ചെലവ്, അധ്വാനം, യാത്ര, താമസം, എല്ലാം ഓർത്തപ്പോൾ ഞാൻ വീണ്ടും തളർന്നു.. പക്ഷെ എല്ലാ പ്രയാസങ്ങളും ഏറ്റെടുത്തും സഹായിച്ചും എൻ്റെ കൂടെ തന്നെ അദ്ദേഹം നിലകൊണ്ടു. ഞാൻ പരീക്ഷ എഴുതുമ്പോഴും പഠിക്കുമ്പോഴും, ഒരു വയസ്സുള്ള കുഞ്ഞിനെ അദ്ദേഹം തന്നെ കൊണ്ട് നടന്നു. ഓരോ പ്രയാസവും എനിക്ക് എളുപ്പമാക്കി തന്നു. ഫലത്തിൽ പരീക്ഷ എഴുതാൻ ഉള്ള യാത്രകൾ ഉല്ലാസ യാത്രയായി മാറി. പരീക്ഷ കഴിയുമ്പോൾ ഞങ്ങൾ ആ നഗരം ചുറ്റി നടക്കും. പുതിയ രുചികൾ പരീക്ഷിക്കും.. തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കും, തിരിച്ചു പോവാൻ ട്രെയിൻ പോവുന്നതിനു മുന്നേ റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ ഏതോ സാഹസിക യാത്രികരെ പോലെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ താണ്ടി അവസാനം ട്രെയിനിൽ കയറി ഞങ്ങൾ ആശ്വാസത്തോടെ ചിരിക്കും.. പരീക്ഷ എഴുതിയ തൃപ്തിയോടെ സമാധാനവും സ്നേഹവും നിറഞ്ഞ മനസ്സോടെ പരസ്പരം കൈകോർത്ത് പിടിച്ച് ഇരിക്കും..
എല്ലാത്തിനുമപ്പുറം റിസൾട്ട് വരുമ്പോൾ എന്നെക്കാൾ ഏറെ സന്തോഷിക്കുന്നതും കണ്ട് ഞാൻ അൽഭുതപ്പെടുന്നു. ഇന്ന് ഞാനീ നേടിയതൊന്നും എന്റെ മാത്രം മിടുക്കല്ല. എന്നിലെ ഞാൻ അറിയാത്ത കഴിവിനെ തിരിച്ചറിഞ്ഞ, എന്റെ എല്ലാ മടിയെയും ഉത്കണ്ഠകളെയും സ്നേഹം കൊണ്ട് മായ്ച്ചുകളയുന്ന, എന്റെ നല്ലപാതിയുടെ പിന്തുണ. എല്ലായ്പ്പോഴും എന്നെക്കാൾ അധികം എനിക്ക് നന്മ ആഗ്രഹിക്കുന്ന എൻ്റെ കൂട്ടുകാരൻ.
– ലേഖിക
(നബീല നാഹിദ്)
വേണോ വിവാഹം? !!
ഭാഗം -18 👇
https://www.snehasamvadam.org/വേണോ-വിവാഹം-18/

No comments yet.