സ്വാർത്ഥനായ ഭൂതം
‘എൻ്റെ ഉദ്യാനം എനിക്കുമാത്രം സ്വന്തമാണ്.’ ഭൂതം പറഞ്ഞു: ‘ആർക്കുമതു മനസ്സിലാകും. ഞാനാരെയും ഇതിനുള്ളിൽ കളിക്കാൻ അനുവദിക്കില്ല, ഇതെൻ്റെ മാത്രമാണ്.’ അതുകൊണ്ട് ഭൂതം തൻ്റെ ഉദ്യാനത്തിനു ചുറ്റും വലിയൊരു മതിൽ കെട്ടിയുയർത്തി, എന്നിട്ടൊരു മുന്നറിയിപ്പും എഴുതി പ്രദർശിപ്പിച്ചു:
“അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും”
അതു തീർത്തും സ്വാർത്ഥനായൊരു ഭൂതമായിരുന്നു.
ആ പാവം കുട്ടികൾ, അവർക്കിപ്പോൾ കളിക്കാനിടമില്ലാതായി…
അങ്ങനിരിക്കെ വസന്തകാലമെത്തി. നാട്ടിലെങ്ങും പൂക്കളും കുരുവികളും ആയി. എന്നാൽ സ്വാർത്ഥനായ ഭൂതത്തിൻ്റെ ഉദ്യാനത്തിൽ മാത്രം അപ്പോഴും ശിശിരകാലം തന്നെയായിരുന്നു. കുട്ടികളെത്താത്ത ആ ഉദ്യാനത്തിൽ പാടാൻ കിളികൾ മെനക്കെട്ടില്ല; കൂടാതെ മരങ്ങൾ പൂക്കാനും മറന്നുപോയി…
**************************
‘കുഞ്ഞുങ്ങളേ, ഇനി മുതൽ ഇതു നിങ്ങളുടെ ഉദ്യാനമാണ്.’ ഭൂതം പറഞ്ഞു. അവൻ തൻ്റെ വലിയ മഴുവെടുത്ത് മതിൽ വെട്ടിപ്പൊളിച്ചു. പന്ത്രണ്ടുമണിക്ക് ചന്തയിലേക്കു പോയ ആളുകൾ കണ്ടത്, അങ്ങേയറ്റം മനോഹരമായ ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഭൂതത്തെയാണ്…
കാലം കടന്നുപോയി. ഭൂതത്തിന് പ്രായമേറെയായി; അവൻ അവശനായി. ഇപ്പോളവന് കുട്ടികൾക്കൊപ്പം കളിക്കാനാകില്ല; എങ്കിലും ഉമ്മറത്തൊരു ചാരുകസേരയുമിട്ട് അതിൽ കിടന്നുകൊണ്ട് തന്റെ ഉദ്യാനത്തെയും കുട്ടികൾ കളിക്കുന്നതും ഒക്കെ അവൻ വീക്ഷിക്കും. ‘എനിക്കൊരുപാട് സുന്ദരപുഷ്‌പങ്ങളുണ്ട്.’ അവൻ പറഞ്ഞു: ‘എന്നാൽ എല്ലാറ്റിനെക്കാളും മനോഹരമായ പുഷ്പങ്ങൾ കുഞ്ഞുങ്ങൾ തന്നെയാണ്.’
(സ്വാർത്ഥനായ ഭൂതം: ഓസ്കാർ വൈൽഡ്’ : ലോകോത്തര കഥകൾ: ഡി.സി. ബുക്സ്)
****************************
ജീവിത ഉദ്യാനത്തിലെ കുളിരും തളിരുമാണ് കുഞ്ഞുങ്ങൾ. മനുഷ്യ മരത്തിൻ്റെ പൂവും കായും തേനും തെന്നലും കുട്ടികൾ തന്നെ. കുഞ്ഞുങ്ങളുടെ കലപിലകൾ ജീവിത മുഹൂർത്തങ്ങൾക്ക് പശ്ചാത്തല താളം വിന്യസിക്കുന്നു. ഓർമ്മകൾക്ക് നിറവും മണവും മധുരവും പകരുന്നു. അവരുടെ കുസൃതികൾ ആരെയും വാത്സല്യാതിരേകത്താൽ ആർദ്രമാക്കും. അവരുടെ കൊഞ്ചലുകൾ ഏതു പരുഷ ഹൃദയത്തെയും ലോലവും മൃദുലവുമാക്കുന്നു. കുഞ്ഞുങ്ങൾ മുതിർന്നവരെ കരുണയും കൃപയും അഭ്യസിപ്പിക്കുന്നു. നിമിഷങ്ങളിൽ നിന്ന് നിമിഷങ്ങളിലേക്ക് ജീവിക്കാനുള്ള ക്ഷമയും, ഓരോ കൊച്ച് കൊച്ച് സന്തോഷങ്ങളെയും വിലമതിക്കാനുള്ള ശ്രദ്ധയും നമ്മെ അവർ പഠിപ്പിക്കുന്നു. അവരുടെ നിഷ്കളങ്കത നമ്മെ താഴ്മയും വിനയവും പരിശീലിപ്പിക്കുന്നു.
കുഞ്ഞുങ്ങളുടെ പരാധീനത മുതിർന്നവർക്ക് പക്വത നൽകുന്നു. തന്നെ ആശ്രയിച്ച് നിലനിൽക്കുന്ന കുരുന്നു ജീവിതങ്ങളെ കുറിച്ച ബോധം മുതിർന്നവർക്ക് വയോപ്രാപ്തി സമ്മാനിക്കുന്നു. രക്ഷിതാക്കൾ ആത്മനിയന്ത്രണം കൈവരിക്കുന്നു; ആസക്തികൾക്ക് പിന്നിൽ ഓടുന്ന നിരർത്ഥകത അന്യം നിൽക്കും. അന്യരോട് മനസ്സിൽ പകഞ്ഞു പൊന്തുന്ന കോപം, പക, പ്രതികാരം എല്ലാം കുടുംബത്തിൻ്റെ ക്ഷേമത്തിനായി അണക്കുന്നു. കർമ്മങ്ങൾ ഉത്തരവാദിത്തം കൈവരിക്കുന്നു; മറ്റുള്ളവരോട് ഞാൻ ചെയ്യുന്നത്, എൻ്റെ കുടുംബത്തോട്, എൻ്റെ കുട്ടികളോട് മറ്റുള്ളവർ ചെയ്താൽ എങ്ങനെയിരിക്കുമെന്ന താരതമ്യം സദാ വഴിനടത്തും. എൻ്റെ മക്കൾക്കായിരുന്നു ആ ഗതി വന്നത് എങ്കിൽ?… ഞാൻ സ്ത്രീകളോട് ചെയ്യുന്നത് എൻ്റെ മകളോട് ആരെങ്കിലും ചെയ്താൽ?… ധാർമ്മികവും സാമൂഹികവുമായ നിലപാടുകളെ രൂപികരിക്കുന്ന ലിറ്റ്‌മസ് കടലാസാണ് മക്കൾ.
സാമൂഹികവും ധാർമികവുമായ സ്വാർത്ഥത അവരിലൂടെ ഇല്ലാതെയാവുന്നു. വരും തലമുറക്ക് നല്ല രീതിയിൽ ജീവിക്കാൻ ഉതകുന്നതാവണം എൻ്റെ നാട് എന്ന ചിന്ത മനോമുകുരത്തിൽ മൊട്ടിടുന്നു.
ഇവയെല്ലാം ജീവിതത്തിലെ സന്തോഷത്തെ പരിമിതപ്പെടുത്തില്ലെ എന്ന് ആശങ്കപ്പെടുന്നവരാണ് പലരും. അതിനാൽ അവർ കുട്ടികൾ/ വിവാഹം വേണ്ടെന്നു വെക്കുന്നു, സ്വാർത്ഥ ജീവിതം തിരഞ്ഞെടുക്കുന്നു; സ്വന്തത്തിന് വേണ്ടി മാത്രം ജീവിക്കാൻ തീരുമാനിക്കുന്നു. സൗകര്യങ്ങളുടെ ഒരു കോട്ട പണിത്, അതിന് ചുറ്റും മതില് കെട്ടി; “ഇത് എൻ്റെ മാത്രം ജീവിതമാണ്, എൻ്റെ മാത്രം സുഖങ്ങളാണ്. മറ്റാർക്കും പ്രവേശനമില്ല.” എന്ന് പ്രഖ്യാപിക്കുന്നു. പക്ഷെ കുട്ടികൾ ഇല്ലെങ്കിൽ കൊഞ്ചലുകളും കളിചിരികളും കലപിലകളും ഇല്ലാത്ത ശോകമൂഖമായി നമ്മുടെ ജീവിത ഉദ്യാനം പരിണമിക്കും. മഹാ കോട്ടകളും സുഖസൗകര്യങ്ങളും വിരസവും വിജനവും നിരർത്ഥകവും ആയി അനുഭവപ്പെടും.
യഥാർത്ഥത്തിൽ, കുട്ടികൾ മൂലം ചില സുഖങ്ങൾ നമുക്ക് നഷ്ടപ്പെട്ടേക്കാം, പക്ഷെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുന്നില്ല. കാരണം സുഖവും (Pleasure) സന്തോഷവും (Happiness) ഒന്നല്ല.
(https://www.snehasamvadam.org/വേണോ-വിവാഹം-6/ കാണുക)
സുഖത്തേക്കാൾ സങ്കീർണ്ണമാണ് സന്തോഷം. കുട്ടികൾ ഉണ്ടാവുമ്പോൾ ജീവിതത്തിൽ ഉടലെടുക്കുന്ന എല്ലാ മാറ്റങ്ങളും നീറ്റങ്ങളും നമ്മുടെ ജീവിതത്തെ, ദീർഘകാലാടിസ്ഥാനത്തിൽ സന്തുഷ്ടമാക്കുകയാണ് ചെയ്യുന്നത് എന്ന് പലരും തിരിച്ചറിയുന്നില്ല. ആർദ്രത, കരുണ, ശ്രദ്ധ, ക്ഷമ, ആത്മസംയമനം, ത്യാഗം, വിനയം, സേവനം, ഉത്തരവാദിത്തബോധം, ധർമ്മ ചിന്ത എന്നിവയൊക്കെ സന്തോഷത്തിൻ്റെ ചേരുവയാണ്; സന്തോഷത്തിനുള്ള കൂച്ചുവിലങ്ങുകളല്ല. കുട്ടികൾ ഉണ്ടാക്കുന്ന ഈ അർത്ഥവത്തായ സ്വാധീനങ്ങൾ സുഖത്തിന് പകരം സന്തോഷം നൽകുന്നു.
കുട്ടികളുണ്ടായാൽ സന്തോഷം പോവും എന്ന ധാരണ തെറ്റാണെന്ന് അനവധി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
“പല മാതാപിതാക്കളും കുട്ടികളില്ലാത്തവരെക്കാൾ കൂടുതൽ സന്തുഷ്ടരാണ്”:
22 രാജ്യങ്ങളെ താരതമ്യം ചെയ്ത്, ടെക്സസ് സർവകലാശാലയിലെ സാമൂഹ്യ ശാസ്ത്രജ്ഞയായ ജെന്നിഫർ ഗ്ലാസ്, വേക്ക് ഫോറെസ്റ്റ് സർവകലാശാലയിലെ സാമൂഹ്യ ശാസ്ത്രജ്ഞനായ റോബിൻ സൈമൺ, ബെയ്ലർ സർവകലാശാലയിലെ പ്രൊഫസറായ മാത്യു ആൻഡേഴ്സൺ എന്നിവർ ‘സമകാലിക കുടുംബങ്ങളുടെ കൗൺസിലി’നായി (Council on Contemporary Families) തയ്യാറാക്കിയ പഠനത്തിൽ കണ്ടെത്തിയതാണ് ഇത്. പ്രത്യേകിച്ചും നോർവേ, ഹംഗറി പോലെ രക്ഷാകർത്താക്കളെ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ, മാതാപിതാക്കൾ കുട്ടികളില്ലാത്തവരേക്കാൾ വളരെ കൂടുതൽ സന്തുഷ്ടരാണ്. ചില രാജ്യങ്ങളിൽ രക്ഷിതാക്കൾ കുറവ് സന്തോഷം റിപ്പോർട്ട് ചെയ്യുന്നതിൻ്റെ കാരണം അത്തരം രാജ്യങ്ങളിലെ രക്ഷാകർതൃത്വത്തോട് വിമുഖമായ രാഷ്ട്രീയ നയങ്ങളാണ് എന്നും പഠനം വ്യക്തമാക്കുന്നു.
(https://time.com/collection/guide-to-happiness/4370344/parents-happiness-children-study/)
“കുട്ടികൾ ഉണ്ടാവുന്നത് പ്രയാസങ്ങളേക്കാൾ കൂടുതലായി സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു” (In Defense of Parenthood: Children Are Associated With More Joy Than Misery) എന്ന പേരിൽ, കാലിഫോർണിയ സർവകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല, സ്റ്റാൻഫോർഡ് സർവകലാശാല തുടങ്ങിയ സർവകലാശാലകളിലെ സാമൂഹ്യ ശാസ്ത്രജ്ഞർ ചേർന്നു നടത്തിയ പഠനത്തിൻ്റെ കണ്ടെത്തൽ ഇങ്ങനെ:
“മുൻകാലങ്ങളിലെ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, മാതാപിതാക്കൾ (പ്രത്യേകിച്ച് പിതാക്കൾ) കുട്ടികളില്ലാത്തവരേക്കാൾ ഉയർന്ന തലത്തിലുള്ള സന്തോഷം, പോസിറ്റീവ് വികാരങ്ങൾ, ജീവിതത്തിലെ അർത്ഥം എന്നിവ ആസ്വദിക്കുന്നു എന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.”
(APS Association for Psychological Science: Research article
https://www.livescience.com/20391-parents-happier-parents.html)
അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ ഡോ. വില്യം ബ്രാഡ്ഫോർഡ് വിൽകോക്സ് എഴുതുന്നു:
“കുട്ടികൾ ജീവിതത്തെയും വിവാഹത്തെയും ദുരിതത്തിലാക്കുന്നു” എന്ന തെറ്റിദ്ധാരണ.
ഇരുപതാം നൂറ്റാണ്ടിൽ നടത്തിയ സർവേകൾ പലപ്പോഴും കുട്ടികളുള്ള മാതാപിതാക്കൾക്ക്, കുട്ടികളില്ലാത്തവരെക്കാൾ കുറവ് സന്തോഷമുണ്ടെന്ന് കാണിച്ചിരുന്നുവെങ്കിലും, ഇന്നത് ഒരിക്കലും സത്യമല്ല എന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു.
(Lisa Belkin, “Does Having Children Make You Unhappy?” Motherlode (blog), April 1, 2009, https://tinyurl.com/WilcoxGM1s; Chris M. Herbst and John Ifcher, “The Increasing Happiness of U.S. Pa-rents,” Review of Economics of the Household 14 (2016): 529)
സാമ്പത്തിക വിദഗ്ധനായ ക്രിസ് ഹെർബ്സ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസും നടത്തിയ ഗവേഷണങ്ങൾ പ്രകാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സന്തോഷത്തിന്റെ തരംഗം മാതാപിതാക്കളുടെ, പ്രത്യേകിച്ച് വിവാഹിതരായ മാതാപിതാക്കളുടെ, പക്ഷത്തേക്ക് മാറിയിട്ടുണ്ട്.
(Chris Herbst, “Are U.S. Parents Becoming Happier?” Institute for Family Studies Blog, April 20, 2017, https://tinyurl.com/WilcoxGM1u.)
ഉദാഹരണത്തിന്, 2021-ലെ YouGov സർവേയിൽ കാണിക്കുന്നത്:
കുട്ടികളില്ലാത്ത അമേരിക്കക്കാർ ജീവിതം ഏകാന്തമാണ് എന്ന് പറയാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
കുട്ടികളില്ലാത്തവർ ജീവിതം “അർത്ഥവത്തായതും സന്തോഷകരവുമാണ്” എന്ന് പറയാനുള്ള സാധ്യത വളരെ കുറവാണ്.
പതിനെട്ട് മുതൽ അൻപത്തിയഞ്ച് വരെ പ്രായമുള്ള, കുട്ടികളില്ലാത്ത പുരുഷന്മാരും സ്ത്രീകളും ഭൂരിപക്ഷം (ഏകദേശം 60 ശതമാനം) “ചിലപ്പോൾ” അല്ലെങ്കിൽ “പല സമയത്തും” അല്ലെങ്കിൽ “എല്ലായ്പ്പോഴും” തങ്ങൾ ഏകാന്തരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു!
(Brad Wilcox and Wendy Wang, “The Group That’s Happiest in the Pandemic May Surprise You,” Deseret News, September https://tinyurl.com/WilcoxGM1v. 28, 2021)
മാതാപിതാക്കളുടെ ജീവിതം ഏകാന്തത കുറഞ്ഞതും, കൂടുതൽ അർത്ഥവത്തും, കൂടുതൽ സന്തോഷകരവും ആണ്.
(Based on adults aged 18 to 55. Source: IFS/Wheatley Institute Family Survey (2021).)
സിനിമ, സീരിയൽ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതിന് വിപരീതമായി, 2021-ലെ YouGov സർവേ പ്രകാരം, മാതാപിതാക്കൾ ആയിട്ടുളളവർ സാധാരണയായി കുട്ടികളില്ലാത്തവരെക്കാൾ സന്തുഷ്ടരാണ്.
18 മുതൽ 55 വരെ പ്രായമുള്ള മാതാപിതാക്കളിൽ 82% പേർ “വളരെ സന്തുഷ്ടർ” അല്ലെങ്കിൽ “ശരാശരി സന്തുഷ്ടർ” ആണെന്ന് പറയുന്നു.
കുട്ടികളില്ലാത്തവരിൽ 68 ശതമാനം പേർ മാത്രമാണ് തങ്ങൾ സന്തുഷ്ടരാണ് എന്ന് പറയുന്നത്.
വാസ്തവത്തിൽ, കുട്ടികളില്ലാത്ത പുരുഷന്മാരും സ്ത്രീകളും മാതാപിതാക്കളെ അപേക്ഷിച്ച് “തങ്ങളുടെ ജീവിതം ദുഃഖകരമാണ്” എന്ന് (‘ചിലപ്പോഴോ’ അല്ലെങ്കിൽ ‘എല്ലായ്പ്പോഴുമോ’) പറയാനുള്ള സാധ്യത കൂടുതലാണ്.
(Wilcox and Wang, “Group That’s Happiest.”)
2021-ലേക്ക് വരുമ്പോൾ… ഇന്നത്തെ പ്രായപൂർത്തിയായ പുരുഷന്മാരും സ്ത്രീകളും, പ്രത്യേകിച്ച് കുട്ടികളുള്ളവർ, ജീവിതത്തിൽ ഏറ്റവും കൂടുതലായി സന്തോഷവും അർത്ഥവും അനുഭവിക്കുന്നുവെന്ന് സർവ്വ പഠനങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസം, വർഗം, പ്രായം പോലെയുള്ള ഘടകങ്ങളെ പ്രത്യേകം വേർത്തിരിച്ചാൽ പോലും ഈ കണ്ടെത്തലുകൾ ശരിവയ്ക്കപ്പെടുന്നു. 18 മുതൽ 55 വരെ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് ബാധകമാണ്.”
(Institute for Family Studies/Wheatley Institute, State of Our Unions Survey, 2021 (YouGov). Controls include education, race, age, and income.)
ഡോ. വില്യം ബ്രാഡ്ഫോർഡ് വിൽകോക്സ് തുടന്ന് എഴുതുന്നു:
“വിർജീനിയയിലെ വിവാഹിതയും രണ്ടു ചെറിയ കുട്ടികളുടെ അമ്മയുമായ കാതറിൻ, ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് വ്യക്തിപരമായ അനുഭവത്തിലൂടെ വ്യക്തമാക്കുന്നുണ്ട്:
ഒരു വശത്ത്, തനിക്ക് കുട്ടികളില്ലാത്ത സമയത്ത് കൂടുതൽ ഒഴിവുസമയമുണ്ടായിരുന്നു, വിൻഡോ ഷോപ്പിംഗ്, പ്രശസ്ത റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുക, പ്രിയപ്പെട്ട ബ്ലോഗർമാരെ പിന്തുടരുക, തുടങ്ങി രസകരമായ കാര്യങ്ങൾ ചെയ്യാനുള്ള കൂടുതൽ അവസരങ്ങളും ഉണ്ടായിരുന്നുവെന്ന് അവൾ സമ്മതിക്കുന്നു. ഇരുപതുകളിലെ സിംഗിൾ ആയ, കുട്ടികളില്ലാത്ത ജീവിതത്തിൽ അവൾക്ക് സാറാ സിൽവർമാനെ പോലുള്ള സാംസ്കാരിക എലീറ്റുകൾ ആഘോഷിക്കുന്ന “ഹീഡോണിസ്റ്റിക്” (സുഖാസ്വാദന) ജീവിതം നയിക്കാൻ കഴിഞ്ഞിരുന്നു.
ഇന്ന്, അവൾ തുറന്ന് പറയുന്നു: “കുട്ടികളുണ്ടായതോടെ ജീവിതം താരതമ്യേന പ്രയാസകരമാണ്.”
കരയുന്ന കുഞ്ഞ്, മലിനമായ അടുക്കള, മൂന്ന് വയസുകാരൻ്റെ പിടിവാശി—ഇവയെല്ലാം അവളുടെ ദിവസങ്ങളെ സ്ഥിരമായി അലട്ടുന്നു. എന്നാൽ, അതോടൊപ്പം അവളുടെ രണ്ടു കുഞ്ഞുങ്ങൾക്കും ദിവസേന വേണ്ടുന്ന പരിചരണവും ശ്രദ്ധയും അവളെ “സ്വയം പുതിയൊരാളാവാനും സ്വാർത്ഥത വിട്ട് സ്വാർത്ഥതയില്ലാത്തവളാകാനും” നിർബന്ധിതയാക്കി.
അവൾ ഉറച്ചു പറയുന്നു—ഈ “സ്വാർത്ഥത വിമുക്തി” പുതുമയും, സമ്പൂർണ്ണതയും ജീവിതത്തിന് നൽകുന്നു. അതെ, പണ്ടത്തേക്കാൾ കൂടുതലായി സന്തോഷമുള്ള ഒരു ജീവിതത്തിലേക്ക് അത് വഴിയൊരുക്കി.
“ദിനംപ്രതി നടക്കുന്ന കുടുംബജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളിലും ഞാൻ വലിയ അർത്ഥവും ലക്ഷ്യവും കണ്ടെത്തുന്നു. കൂടാതെ, എന്റെ കുട്ടികൾ ചില പ്രത്യേക വളർച്ചാ ഘട്ടങ്ങൾ പിന്നിടുമ്പോൾ, അവരോടൊത്ത് ഒരു അത്ഭുതകരമായ നിമിഷം പങ്കിടുമ്പോഴോ കിട്ടുന്ന ആവേശകരമായ അനുഭവങ്ങളിലും വലിയ സന്തോഷമുണ്ട്,” എന്ന് അധ്യാപിക കൂടിയായ കാതറിൻ പറയുന്നു.
കുട്ടികൾ നടക്കാനും സംസാരിക്കാനും പഠിക്കുന്നത് കാണുന്നത്, ഉത്സവങ്ങൾ ആഘോഷിക്കുന്നത് പോലും, അവൾക്ക് അളക്കാനാവാത്ത സന്തോഷം നൽകുന്നു. ഇപ്പോൾ അവൾക്ക് സിംഗിൾ ആയിരുന്ന കാലത്തേക്കാൾ, കുറഞ്ഞ ഏകാന്തതയും കുറഞ്ഞ ദുഃഖനിമിഷങ്ങളും മാത്രമേ അനുഭവപ്പെടാറുള്ളൂ.”
(Get Married: Why Americans Must Defy the Elites, Forge Strong Families, and Save Civilization: Bradley R. Wilcox: page: 321)
ഡോ. വില്യം ബ്രാഡ്ഫോർഡ് വിൽകോക്സ് തുടർന്ന് എഴുതുന്നു:
“വാസ്തവത്തിൽ, പുതിയ മാനസികശാസ്ത്ര ഗവേഷണങ്ങൾ പ്രകാരം, മാതാവെന്ന നിലയിൽ കാതറിൻ അനുഭവിക്കുന്ന സമ്മർദ്ദവും കഷ്ടപ്പാടുകളും അവളുടെ ജീവിതത്തിൽ അർത്ഥവും, സന്തോഷവും കൂടുതലായി അനുഭവിക്കാൻ കാരണമാകുന്നു എന്നതാണ് സത്യം.
മനശ്ശാസ്ത്രജ്ഞൻ പോൾ ബ്ലൂം തന്റെ പുസ്തകമായ The Sweet Spot: The Pleasures of Suffering and the Search for Meaning -ൽ വാദിക്കുന്നത്, ദുരിതവും (suffering) മാനസിക ക്ഷേമവും (psychological wellbeing) തമ്മിൽ ഒരു U-ആകൃതിയിലുള്ള വളവ് കാണപ്പെടുന്നതായാണ്.
വളരെ അധികം ദുരിതം, അല്ലെങ്കിൽ അവസാനമില്ലാത്ത ദുരിതം, നിരാശക്കും അസന്തുഷ്ടിയിലേക്കും വഴിയൊരുക്കിയേക്കാം.
എന്നാൽ, താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ദുരിതം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ്. അതായത് ആസ്വാദനത്തിനും, സ്വന്തം ആഗ്രഹങ്ങൾക്കും മാത്രമായി ജീവിക്കുന്നത്, അർത്ഥശൂന്യതക്കും അസന്തുഷ്ടിക്കും കാരണമാകും എന്നർത്ഥം.
(Paul Bloom, The Sweet Spot: The Pleasures of Suffering and the Search for Meaning (New York: HarperCol-lins, 2021); Anna Lembke, Dopamine Nation: Finding Balance in the Age of Indulgence (London: Headline, 2021).)
ദുരന്തങ്ങൾ അനുഭവിക്കുമ്പോൾ, അതിൽ നിന്നും സമാധാന അവസ്ഥയിലേക്ക് പെട്ടെന്ന് തിരിച്ചു വരാനും, പരീക്ഷണങ്ങളെ അതിജയിക്കാനുമുള്ള ആളുകളുടെ ശേഷി (resilience), ഒരു പരീക്ഷണത്തിൽ വിലയിരുത്തിയപ്പോൾ, “ജീവിതത്തിൽ സമ്മർദ്ദമില്ലാത്തവരിലും, അത്യധികം സമ്മർദ്ദമുള്ളവരിലും അല്ല, ഈ രണ്ടു അവസ്ഥയുടെയും മദ്ധ്യത്തിൽ ഉള്ളവരിലാണ് -അതായത് “sweet spot”- ലുള്ളവരിലാണ് ഏറ്റവും അനുകൂല പ്രതികരണങ്ങൾ കണ്ടത്,” എന്ന് മനശ്ശാസ്ത്രജ്ഞൻ പോൾ ബ്ലൂം എഴുതുന്നു.
(Paul Bloom, The Sweet Spot: The Pleasures of Suffering and the Search for Meaning (New York: HarperCol-lins, 2021)
എല്ലാത്തിനും ഉപരി, “വേദനയ്ക്ക് അർത്ഥമുണ്ടായിരിക്കണം” എങ്കിൽ മാത്രമേ അത് യഥാർത്ഥത്തിൽ മൂല്യമുള്ളതാകൂ.
(Paul Bloom, The Sweet Spot: The Pleasures of Suffering and the Search for Meaning (New York: HarperCol-lins, 2021: Page: 190)
ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ എന്നിവർക്ക് വേണ്ടി അനുഭവിക്കുന്ന വേദനകളാണ് ഏറ്റവും അർത്ഥപൂർണ്ണം എന്ന് നാം പഠനങ്ങളിലൂടെ തന്നെ, മുമ്പ് വ്യക്തമാക്കി കഴിഞ്ഞു.
പോൾ ബ്ലൂമിന്റെ പുസ്തകം സൂചിപ്പിക്കുന്നത്, കാതറിനെ പോലുള്ള മാതാപിതാക്കൾക്ക് പ്രയാസവും സമ്മർദ്ദവും അവരുടെ കുട്ടികളോടുള്ള അർത്ഥവത്തായ ബന്ധവുമായി കലർന്നപ്പോൾ, ദോഷത്തിന് പകരം, കൂടുതൽ പ്രയോജനം ലഭിക്കുന്നു എന്നതാണ്. മറ്റു വിധത്തിൽ പറഞ്ഞാൽ, കുടുംബജീവിതത്തിലെ ഉയർച്ചകളും താഴ്ച്ചകളും മാതാപിതാക്കളുടെ ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുന്നു.
കാതറിനെ സംബന്ധിച്ചിടത്തോളം അമ്മയായതോടെ ത്യാഗവും, കഷ്ടപ്പാടും, സമ്മർദ്ദവും ജീവിതത്തിൽ ഉണ്ടായി എന്നത് സത്യമാണ്. മുൻകാലത്തേക്കാൾ അവളുടെ ജീവിതം സ്വന്തം നിയന്ത്രണത്തിൽ മാത്രം ചുരുക്കപ്പെട്ട അവസ്ഥ കുറഞ്ഞു. ആ അർത്ഥത്തിൽ, സംസ്കാരിക അജണ്ടകൾ പേറുന്ന, പൊതു ധാരാ മീഡിയകളുടെ സ്ഥിരം കഥാഖ്യാനം (നരേറ്റീവ്) അവളുടെ അനുഭവവുമായി പൊരുത്തപ്പെടുന്നു; അവൾക്ക് സുഖലോലുപയായി ജീവിക്കാൻ കഴിയുന്നില്ല. പക്ഷെ ഈ ത്യാഗപൂർണ്ണമായ ജീവിതം ക്ഷാമത്തിന് പകരം ആരോഗ്യകരമായ ക്ഷേമമാണ് പ്രദാനം ചെയ്യുന്നത് എന്ന ശാസ്ത്രീയ വസ്തുത പൊതു ധാരാ മീഡിയകൾ പരസ്യപ്പെടുത്തില്ല. കുട്ടികളുമായുള്ള സമ്പർക്കം, കളികൾ, ലാളന, സല്ലാപം തുടങ്ങിയവ അവർ കാരണമായ സർവ്വ കഷ്ടപ്പാടുകളെയും നിർവീര്യമാക്കുന്നു.
ബ്ലൂമിന്റെ ചിന്താനുസൃതമായി, അമ്മയാകുന്നതിലൂടെ കാതറിൻ്റെ ജീവിതം കൂടുതൽ അർത്ഥവത്തായി എന്നതിനാൽ തന്നെ അവൾ കൂടുതൽ സന്തുഷ്ടമായി പരിണമിച്ചു. അവൾ കൂടുതൽ കരുണാപൂർണ്ണയും, കാർക്കശ്യമില്ലാത്തവും (flexibility), അംഗബോധം (belongingness) ഉള്ളവളായും മാറി.
“എനിക്ക്, മാതൃത്വത്തിൽ ഒരു ആഴത്തിലുള്ള സംതൃപ്തിയാണ് അനുഭവപ്പെടുന്നത്”: അവൾ പറഞ്ഞു.
ഇതും ഇതിനു സമാനമായ വ്യക്തി അനുഭവങ്ങളും ഇന്നത്തെ മുഖ്യധാരാ വ്യാജ പ്രചാരണത്തെ തകർക്കുന്നു. YouGov സർവേ നോക്കിയാൽ തന്നെ, “ഒരു മാതാവായി ഇന്ന് അനുഭവിക്കുന്ന സന്തോഷം, കുട്ടികളില്ലാത്തപ്പോൾ അനുഭവിച്ചിരുന്ന സന്തോഷത്തേക്കാൾ കൂടുതലാണെന്ന് ” റിപ്പോർട്ട് ചെയ്യുന്ന അനേകം പേരിൽ ഒരാൾ മാത്രമാണ് കാതറിൻ.
കുട്ടികളുള്ള മാതാപിതാക്കൾ ഗാർഹിക ജീവിതത്തിൽ അർത്ഥവും ആഹ്ളാദവും കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും ആസ്വദിക്കുന്നു എന്ന് മാത്രമല്ല, വീടിനപ്പുറം മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ പ്രത്യേക അവസരങ്ങളും ലഭിക്കുന്നു. ഇത് സാമൂഹികമായ ഒറ്റപ്പെടലിനെ മറികടക്കാനും, മറ്റ് ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്താനും സഹായിക്കുന്നു. അതിലൂടെ അവരുടെ ജീവിതം കൂടുതൽ സമ്പന്നമാവുന്നു, സാമൂഹികമായ അംഗത്വബോധം പൂർണവുമാവുന്നു.
കുട്ടികളുടെ മത്സരങ്ങൾ, സ്കൂൾ പരിപാടികൾ, കലോത്സവങ്ങൾ, കുട്ടികൾ കളിക്കുന്ന പാർക്കുകൾ തുടങ്ങി പല സാമൂഹിക സാഹചര്യങ്ങളിലേക്കും ബന്ധങ്ങളിലേക്കും നിങ്ങൾക്ക് പോകേണ്ടി വരുന്നു. കുട്ടികൾ നിങ്ങളെ വീട്ടിൽ നിന്നു പുറത്തേക്ക് പോവാൻ പ്രേരിപ്പിക്കുന്നു. ടി.വിക്കും മൊബൈലിനും മുൻപിൽ നിന്നു നമ്മെ മാറ്റി, മറ്റുള്ളവരുടെ സാന്നിധ്യത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഉദാഹരണത്തിന്, മാതൃത്വത്തിലേക്കുള്ള മാറ്റം വഴി പ്രാദേശിക ആരാധനാലയങ്ങളിലെ ആദർശ കൂട്ടായ്മയിൽ ചേരാനുള്ള പ്രചോദനം വിശ്വാസികളായ മാതാപിതാക്കൾക്ക് വർദ്ധിക്കുന്നു. സാംസ്കാരിക മാതൃകയായ ഒരു സമൂഹവുമായി മക്കളെ ബന്ധിപ്പിക്കണമെന്ന ചിന്ത ശക്തമാവുന്നു. ഇത് മാതാപിതാക്കളെയും തന്റെ മതസമുദായത്തിലെ സഹോദരങ്ങളുമായും കൂടുതൽ ബന്ധപ്പെടുത്തുന്നു, എൻ്റെ കൂടെ ഒരുപാട് സഹജീവികൾ കൂട്ടിനും സഹായത്തിനുമുണ്ട് എന്ന സുരക്ഷിതത്വം അനുഭവിക്കുന്നു. ഇങ്ങനെ മാതാപിതാക്കളുടെ ജീവിതസന്തോഷം കൂടുതൽ “സമൃദ്ധമാവുന്നു.”
ജെന്നിഫർ സീനിയർ പറയുന്നത്, “കുട്ടികൾ നമ്മുടെ ജീവിതത്തിൽ ഘടനയും (structure), ലക്ഷ്യവും, ചുറ്റുമുള്ള ലോകവുമായി ശക്തമായ ബന്ധങ്ങളും നൽകുന്നു.” എന്നാണ്.
(Jennifer Senior, All Joy and No Fun: The Paradox of Modern Parenthood (New York: HarperCollins, 2014), 253.)
വിവാഹിതരായ പിതാക്കളായവരിൽ 75% പേരും, വിവാഹിതരായ മാതാക്കളായവരിൽ 72% പേരും, അവരുടെ വിവാഹജീവിതത്തിൽ കുറഞ്ഞത് “വളരെ സന്തോഷവാന്മാർ” ആണെന്ന് പറയുന്നു. പ്രായം, വിദ്യാഭ്യാസം, വരുമാനം പോലുള്ള ഘടകങ്ങളെ നിജപ്പെടുത്തിയാലും, ഈ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.
ഇത് കേവലം വിവാഹത്തിലൂടെ ലഭിക്കുന്ന സന്തോഷം മാത്രമല്ല—കുട്ടികളുള്ള വിവാഹിതർ, കുട്ടികളില്ലാത്ത വിവാഹിതരേക്കാൾ ജീവിതത്തിൽ സന്തുഷ്ടരാണ് എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പ്രത്യേകിച്ച്, മക്കൾ നന്നെ ചെറുതായിരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ മറികടന്ന ഘട്ടത്തിൽ ഈ സന്തോഷം കൂടുതൽ വ്യക്തമാണ്.
(Wendy Wang, “Shrinking American Motherhood: 1-in-6 Women in Their 40s Have Never Given Birth,” Institute for Family Studies Blog, November 29, 2022)
ബ്രിഗം യംഗ് സർവകലാശാല സർവേ പ്രകാരം, വിവാഹിതരായ പിതാക്കന്മാരിൽ 82 ശതമാനം, വിവാഹിതരായ മാതാക്കളിൽ 86 ശതമാനം, പേരും തങ്ങൾ “വളരെ സന്തോഷവാന്മാർ” അല്ലെങ്കിൽ “ശരാശരി സന്തോഷവാന്മാർ” ആണെന്ന് പറയുന്നു. വംശം, വിദ്യാഭ്യാസം, ലിംഗം, പ്രായം, വരുമാനം തുടങ്ങിയ ഘടകങ്ങളെ നിജപ്പെടുത്തിയാലും സന്തുഷ്ടിയിലെ ഈ ആധിക്യം നിലനിൽക്കുന്നു.
(IFS/Wheatley Institute Family Survey, 2021).
കുട്ടികൾ പലപ്പോഴും ദാമ്പത്യത്തിൽ സന്തോഷത്തിന് കുറവ് വരുത്തുന്നുണ്ടെന്നു തോന്നിച്ചേക്കാം, പക്ഷേ വിവാഹവും മാതൃത്വവും പിതൃത്വവും സംബന്ധിച്ച സമഗ്ര ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രതിപാദിക്കുന്നതിന് വിപരീതമായി കൂടുതൽ പ്രതീക്ഷാജനകമാണ് എന്നതാണ് വസ്തുത.
വിഷാദത്തിനുള്ള മരുന്നുകളാണ് കുരുന്നുകൾ. കുട്ടികളോടൊപ്പം നാം നമ്മിലെ കളിക്കുട്ടിയെ (playfulness) കണ്ടെത്തുന്നു. നമ്മിലെ ബാലിശത അർത്ഥവത്താവുന്നു. അക്ഷരാർത്ഥത്തിൽ നമുക്ക് പ്രായം കുറയുന്നു.
38,000 മുതിർന്നവരിൽ നടത്തിയ മസ്തിഷ്ക സ്കാനുകളിൽ, മാതാപിതാക്കളായവരുടെ തലച്ചോറിൽ വാർദ്ധക്യം സാവധാനത്തിലാകുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
(https://pubmed.ncbi.nlm.nih.gov/39999172/)
വികാരങ്ങൾ വായിച്ചെടുക്കുക, ശ്രദ്ധ പെട്ടെന്ന് മാറ്റുക, പ്രശ്‌നങ്ങൾ പരിഹരിക്കുക, പല ആവശ്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള നിരന്തരമായ മാനസിക വഴക്കം (mental flexibility) മാതാ/പിതാവായിരിക്കുമ്പോൾ, ആവശ്യമാണ്. ഈ ദൈനംദിന വെല്ലുവിളികളെല്ലാം തലച്ചോറിന് ഒരു സ്വാഭാവിക പരിശീലനമായി (natural training) പ്രവർത്തിക്കുകയാണ്.
കുട്ടികളുടെ ഉറക്കസമയം നിയന്തിക്കൽ, ലോകത്തെ അവർക്ക് പരിചയപ്പെടുത്തൽ, അവരുടെയും തങ്ങളുടെയും ശക്തമായ വികാരങ്ങളെ രക്ഷിതാക്കൾ കൈകാര്യം ചെയ്യൽ എന്നീ വെല്ലുവിളികൾ മസ്തിഷ്കത്തിലെ ശ്രദ്ധ, മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഉള്ള ത്രാണി, വികാരനിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്ന ഭാഗമായ പ്രീഫ്രണ്ടൽ കോർട്ടക്സ്നെ ഉത്തേജിപ്പിക്കുന്നു. മാതാപിതാക്കൾ അല്ലാത്തവരിൽ പ്രായം കൂടുന്തോറും ഈ ശേഷികൾ ക്ഷയിക്കുമ്പോൾ പക്ഷേ മാതാപിതാക്കളിൽ, അത് കൂടുതൽ ശക്തമാവുന്നു.
ഇത്തരം പ്രക്രിയകൾ നിങ്ങളുടെ തലച്ചോറിനെയും നിങ്ങളുടെ കുഞ്ഞുങ്ങളുടെ തലച്ചോറിനെയും പരസ്പരം ബന്ധിപ്പിക്കുന്നു. ആ ബന്ധം തന്നെ മസ്തിഷ്കത്തിന് സംരക്ഷണവും യുവത്വവും നൽകുന്നു.
(https://www.rutgers.edu/news/how-parenthood-may-help-keep-your-brain-young
https://www.sciencealert.com/having-kids-linked-to-younger-looking-brains-later-in-life-study-finds)
കുഞ്ഞു മക്കളുടെ കുസൃതികൾ നൈമിഷികമായ അസ്വസ്ഥത നമ്മിൽ സൃഷ്ടിച്ചേക്കാം. പക്ഷെ, അവയുടെ ആസ്വാദനം വൈകിയെങ്കിലും നാം മനസ്സിലാക്കും. അതുകൊണ്ട് തന്നെ, കുറുമ്പുകൾ ഒരുപാട് സഹിച്ച മാതാപിതാക്കൾ വാർധക്യത്തിൽ അവയ്ക്കായി കൊതിക്കുന്നു. ഇനിയും ഒരു കുഞ്ഞിക്കാലിനായി, അല്ലെങ്കിൽ പേരക്കുഞ്ഞുങ്ങൾക്കായി കാലങ്ങൾക്ക് ശേഷം മാതാപിതാക്കൾ ആഗ്രഹിക്കുക പതിവാണ്.
ഒരു കാലത്ത് ശല്യമായി തോന്നിയ അവരുടെ കുറുമ്പുകൾ പിന്നീട്, മറ്റെന്തിനേക്കാളും ഏറെ, ഒരു നല്ല കാലത്തിൻ്റെ മധുര മനോഹരമായ ഓർമ്മകളൊ അല്ലെങ്കിൽ മധുര നൊമ്പരമായ സ്മൃതികളൊ ആയി മാറുമെന്ന് തീർച്ച; അവരെ ഉൾക്കൊള്ളാനുള്ള നമ്മുടെ മനസ്സിൻ്റെ വിശാലതയാണ് അത് നിശ്ചയിക്കുന്നത് എന്ന് മാത്രം.
വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ‘മാമ്പഴം’ എന്ന കവിത ഓർക്കുക.
“അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ച പോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തി!
ചൊടിച്ചൂ മാതാവപ്പോൾ, “ഉണ്ണികൾ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?”
മാമ്പഴ കൊതിക്കിടയിൽ പൂവൊടിച്ച് കളഞ്ഞ മകനോട് ക്ഷുഭിതയായ അമ്മ, മകൻ്റെ മരണാനന്തരം. ആ കുട്ടിക്കുറുമ്പ് ഓർത്ത് കണ്ണുനീർ പൊഴിക്കുന്നുണ്ട്;
“അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ”
ഇത്തിരി പോന്ന ഒരു ജീവിയെ കൈവെള്ളയിൽ വാരിയെടുത്ത്, സ്നേഹവും കാരുണ്യവും ഊട്ടി, ദെണ്ണവും ദീനവും പരിഹരിച്ച്, ദിശയും ധീരതയും നൽകി, വളർത്തി ഒരു വലിയ മനുഷ്യനാക്കി മാറ്റുന്നതിനേക്കാൾ അമൂല്യമായ നേട്ടം മറ്റേതുണ്ട്. ഈ നേട്ടത്തെ കുറിച്ചുള്ള ബോധം ജീവിതത്തിൻ്റെ അർത്ഥപൂർണ്ണതയുടെ ആധാരമാണ്; സന്തോഷത്തിൻ്റെയും.
ഒപ്പം ധർമ്മബോധവും ദൈവ വിശ്വാസവും പകർന്ന് സൻമാർഗ്ഗദർശിയായി ഒരു മനുഷ്യനെ വഴിനടത്താനുള്ള ഭാഗ്യാവസരമാണ് ഓരോ മാതാവും പിതാവും തൻ്റെ മക്കളിലൂടെ സ്വന്തമാക്കുന്നത്.
“നീ മുഖാന്തരം ഒരു മനുഷ്യനെ ദൈവം സൻമാർഗത്തിലാക്കുന്നതാണ് ഇഹലോകവും അതിലുള്ള സർവ്വതിനേക്കാളും നിനക്ക് ഉത്തമം.”
എന്ന് പ്രവാചകൻ (സ) പറഞ്ഞിരിക്കുന്നു.
വേണോ വിവാഹം? !!
ഭാഗം -14 👇
https://www.snehasamvadam.org/വേണോ-വിവാഹം-14/

No comments yet.