വെളിച്ചത്തിന് എന്തൊരു വെളിച്ചം ! -9

//വെളിച്ചത്തിന് എന്തൊരു വെളിച്ചം ! -9
//വെളിച്ചത്തിന് എന്തൊരു വെളിച്ചം ! -9
ആനുകാലികം

വെളിച്ചത്തിന് എന്തൊരു വെളിച്ചം ! -9

സോക്രട്ടീസ് മരിച്ചിട്ടില്ല! മരിച്ചുവെന്ന് എംപിരിക്കലായി തെളിയിക്കാമൊ?!

“ഒരു കഥ പറയാം…

ഒരു വഴക്കിനിടെ, മറ്റൊരാളുടെ വിരൽ കടിച്ച് പറിച്ച കുറ്റം ചുമത്തി ഒരാളെ കോടതിയിൽ വിചാരണക്ക് വിധേയമാക്കപ്പെട്ടു.

സംഭവത്തിന് ഒരു ദൃക്‌സാക്ഷിയുമുണ്ട്.

പ്രതിഭാഗം അഭിഭാഷകൻ ദൃക്സാക്ഷിയോട് ചോദിച്ചു, “എന്റെ ക്ലയന്റ്, പരാതിക്കാരൻ്റെ വിരൽ കടിക്കുന്നത് നിങ്ങൾ ശരിക്കും കണ്ടോ?”

സാക്ഷി പറഞ്ഞു, “ഇല്ല, ഞാൻ കണ്ടില്ല.”

“ആഹാ!” അഭിഭാഷകൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“പിന്നെ അയാൾ ആ മനുഷ്യന്റെ വിരൽ കടിച്ചതായി നിങ്ങൾക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും?!”

“വിരൽ കടിക്കുന്നത് കണ്ടില്ലെങ്കിലും…” സാക്ഷി മറുപടി പറഞ്ഞു, “അയാൾ അത് തുപ്പിയത് ഞാൻ കണ്ടു.”
(Sex at Dawn: The Prehistoric Origins of Modern Sexuality: Christopher Ryan and Cacilda Jethá: Page: 15)

*********************************

കാഴ്ച്ചയും കേൾവിയുമല്ലാതെ മറ്റു പല തെളിവുകളും (evidence) നിലവിലുണ്ട്; ഉണ്ടായെ തീരു.!

കണ്ണു കൊണ്ട് കണ്ടില്ലെങ്കിലും പല കാര്യങ്ങളെ കുറിച്ചുള്ള അറിവും നമുക്ക് അനുമാനത്തിലൂടെ (Inference) ലഭിക്കാറുണ്ട്. ചില കാര്യങ്ങൾ ഉള്ളതും സംഭവിച്ചതും നേരിട്ട് കണ്ടിട്ടില്ലെങ്കിലും -നിലവിൽ ഉള്ളതും സംഭവിക്കുന്നതുമായ കാര്യങ്ങളെ അവലംബിച്ച്- അനുമാനത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നിത്യ ജീവിതത്തിൽ എപ്പോഴും നാം അവലംബിക്കുന്ന, അറിവന്വേഷണ രീതിയാണിത്.

“Inference: നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങളിൽ നിന്ന് നിങ്ങൾ വികസിപ്പിച്ചെടുക്കുന്ന ഒരു വിശ്വാസം അല്ലെങ്കിൽ അഭിപ്രായം.”
(https://dictionary.cambridge.org/dictionary/english/inference)

“നിങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തുന്ന ഒരു ഊഹമോ അഭിപ്രായമോ ആണ് അനുമാനം (inference):

“കനത്ത വ്യോമാക്രമണം പ്രതീക്ഷിക്കാമെന്നും നിരവധി പേർക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ‘അനുമാന’ത്തിലൂടെ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.”

“അദ്ദേഹത്തിന്റെ മനംമാറ്റം അടുത്തിടെയും പെട്ടെന്ന് സംഭവിച്ചതുമായിരുന്നു, ആരോ അദ്ദേഹത്തെ മനംമാറ്റത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു ‘അനുമാനം’.”
(https://dictionary.cambridge.org/dictionary/english/inference)

കാഴ്ച്ചയിലൂടെയും പഞ്ചേന്ദ്രിയങ്ങളിലൂടെയും ലഭിക്കുന്ന ധാരണയും തെറ്റാവാനുള്ള സാധ്യത കുറഞ്ഞും കൂടിയും ഇരിക്കും എന്നത് പോലെ തന്നെയാണ് അനുമാനത്തിലൂടെ (Inference) ലഭിക്കുന്ന ധാരണയും തെറ്റാവാനുള്ള സാധ്യതയും; അതും കൂടിയും കുറഞ്ഞും ഇരിക്കും. അപ്പോൾ കണ്ടും കേട്ടുമുള്ള അനുഭവമാത്രമായ തെളിവുകൾ (Empirical Evidence) മാത്രമെ സ്വീകരിക്കൂ എന്ന വാദം ബാലിശമാണ്.

അതുകൊണ്ട് തന്നെ, മറ്റെല്ലാ വിജ്ഞാന ശാഖകളേയും പോലെ തന്നെ ശാസ്ത്രവും (natural science) അനുമാനം (Inference) ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അനുമാനത്തിൻ്റെ വിവിധ ഇനങ്ങളിൽ പെട്ട ആഗമന രീതിയിലുള്ള (Inductive reasoning) അനുമാനം.

എന്നല്ല ശാസ്ത്രത്തിൻ്റെ അടിത്തറ തന്നെ ആഗമന രീതിയിലുള്ള (Inductive reasoning) അനുമാനം അല്ലെങ്കിൽ ന്യായവാദമാണ്:

https://plato.stanford.edu/entries/scientific-method/

https://www.sciencedirect.com/topics/mathematics/scientific-methodology.

https://www.researchgate.net/publication/366444594_The_Importance_of_Inductive_Reasoning_in_Science_A_Critical_Analysis

”എല്ലാ ശാസ്ത്രീയ ഗവേഷണങ്ങളും നടത്തപ്പെടുന്ന ചട്ടക്കൂടായ ശാസ്ത്രീയ രീതി (scientific method), ഇൻഡക്റ്റീവ് യുക്തിയെ (inductive reasoning) അടിസ്ഥാനമാക്കിയുള്ളതാണ്.”
(https://thedecisionlab.com/reference-guide/philosophy/inductive-reasoning)

അനുമാനവും വിശ്വാസവുമെല്ലാമാണ് ശാസ്ത്രത്തിൻ്റെ അല്ലെങ്കിൽ ശാസ്ത്രീയ പ്രവർത്തനത്തിൻ്റെ (Scientific method) അടിത്തറ എന്ന് ചുരുക്കം.

********************************

അനുമാനത്തെ (Inference) രണ്ട് മുഖ്യ രീതികളായി തിരിക്കാം:

1. നിഗമന രീതി: Deductive reasoning അല്ലെങ്കിൽ Deduction.

2. ആഗമന രീതി: Inductive reasoning അല്ലെങ്കിൽ Induction

ഈ രണ്ടു രീതികളും എന്താണെന്ന് വിശദമായി ചർച്ച ചെയ്യാം:

ഇൻഡക്റ്റീവ് രീതിയിൽ പ്രത്യേക പ്രസ്‌താവനകളിൽ (specific premise) നിന്ന് ആരംഭിച്ച് ഒരു പൊതു നിഗമനം (general conclusion) രൂപപ്പെടുത്തുന്നു. അതേസമയം ഡിഡക്റ്റീവ് രീതിയിൽ പൊതുവായ പ്രസ്‌താവനകളിൽ (general premises) നിന്ന് ഒരു പ്രത്യേക നിഗമനം (specific conclusion) രൂപപ്പെടുത്തുന്നു.

പൊതുവായ പ്രസ്‌താവനകൾ (general premise) ശരിയാണെങ്കിൽ ഡിഡക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന പ്രത്യേക നിഗമനങ്ങൾ ഒരിക്കലും തെറ്റാകില്ല. നിഗമനം നിർബന്ധമായും സത്യമായിരിക്കും (necessary truth).

(അതേ സമയം ഇൻഡക്റ്റീവ് രീതിയിൽ, പ്രത്യേക പ്രസ്‌താവനകൾ (specific premise) ശരിയാണെങ്കിൽ പോലും അതിലൂടെ ലഭിക്കുന്ന പൊതു നിഗമനം (general conclusion) നിർബന്ധമായും സത്യമാകണമെന്നില്ല.)
(https://www.dictionary.com/e/inductive-vs-deductive.)

ഉദാഹരണങ്ങളിലൂടെ ഈ രണ്ടു രീതികളും വ്യക്തമാക്കാം:

നിഗമന രീതി(Deductive reasoning)ക്കുള്ള ഉദാഹരണങ്ങൾ:

1. Major premise (മുഖ്യ പ്രസ്താവന):
എല്ലാ സസ്തനികൾക്കും നട്ടെല്ലുണ്ട്
(All mammals have backbones.)

Minor premise (ഉപ പ്രസ്താവന):
മനുഷ്യർ സസ്തനികളാണ്.
(Humans are mammals.)

Conclusion (ഫലം):
അപ്പോൾ മനുഷ്യർക്ക് നട്ടെല്ലുണ്ട്.
(Humans have backbones.)

2. മുഖ്യ പ്രസ്താവന: എല്ലാ പക്ഷികളും മുട്ടയിടും

ഉപ പ്രസ്താവന: പ്രാവ് പക്ഷിയാണ്

ഫലം: അപ്പോൾ പ്രാവ് മുട്ടയിടും

3. മുഖ്യ പ്രസ്താവന: എല്ലാ മനുഷ്യരും മർത്യരാണ്.

ഉപ പ്രസ്താവന: സോക്രട്ടിസ് മനുഷ്യനാണ്

ഫലം: അപ്പോൾ സോക്രട്ടിസ് മർത്യനാണ്.

ഈ ഉദാഹരണങ്ങളെല്ലാം ശ്രദ്ധിച്ചാൽ രണ്ട് കാര്യങ്ങൾ നമുക്ക് ബോധ്യപ്പെടും:

പൊതുവായ പ്രസ്‌താവനകളിൽ (general premises) നിന്ന് ഒരു പ്രത്യേക നിഗമനം (specific conclusion) രൂപപ്പെടുത്തുകയാണ് ഈ ഡിഡക്റ്റീവ് രീതി ചെയ്യുന്നത്.

പൊതുവായ പ്രസ്‌താവനകൾ (general premise) ശരിയാണെങ്കിൽ ഡിഡക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന പ്രത്യേക നിഗമനങ്ങൾ ഒരിക്കലും തെറ്റാകില്ല.

ഉദാഹരണത്തിന്, എല്ലാ മനുഷ്യരും മർത്യരാണ്, സോക്രട്ടിസ് മനുഷ്യനാണ് എന്നീ പൊതു പ്രസ്‌താവനകൾ ശരിയാണെങ്കിൽ അതിലൂടെ, ഫലമായി കിട്ടുന്ന പ്രത്യേക നിഗമനം (അപ്പോൾ സോക്രട്ടിസ് മർത്യനാണ്) എന്നത് നിർബന്ധമായും ശരിയായിരിക്കും. അത് ഒരിക്കലും തെറ്റാവില്ല. ഡിഡക്റ്റീവ് രീതിയിലൂടെ ഫലമായി കിട്ടുന്ന പ്രത്യേക നിഗമനം, അനിവാര്യ സത്യം (necessary truth) ആയിരിക്കും.

ആഗമന രീതി(Inductive reasoning)ക്കുള്ള ഉദാഹരണങ്ങൾ:

1. Premises: This crow is black. That crow is black. A third crow is black.

Conclusion: Therefore all crows are black.

മുൻ പ്രസ്താവനകൾ: ഈ കാക്ക കറുത്തതാണ്. ആ കാക്ക കറുത്തതാണ്. മൂന്നാമത്തെ കാക്ക കറുത്തതാണ്. (ഒരുപാട് കാക്കകൾ കറുത്തതാണ്)

ഫലം: അതിനാൽ എല്ലാ കാക്കകളും കറുത്തതാണ്.

2. മുൻ പ്രസ്‌താവനകൾ: ഈ മരുന്ന് കഴിച്ചതിനു ശേഷം അവന്റെ പനി മാറി. ഈ മരുന്ന് കഴിച്ചതിനു ശേഷം അവളുടെ പനി മാറി. (ഈ മരുന്ന് കഴിച്ചതിനു ശേഷം ഏകദേശം നൂറോളം പേരുടെ പനി മാറി.)

ഫലം: അതുകൊണ്ട്, ഈ മരുന്ന് എല്ലാവരുടെയും പനിക്കുള്ള ഒരു പരിഹാരമാണ്.

3. മുൻ പ്രസ്‌താവനകൾ: യു.എസിലെ, യൂട്ടാ എന്ന പ്രവിശ്യയിലെ മിക്ക സർവകലാശാലകളും കോളേജുകളും കാമ്പസുകളിൽ മദ്യം നിരോധിക്കുന്നു.

ഫലം: അതിനാൽ, യു.എസിലെ മിക്ക സർവകലാശാലകളും കോളേജുകളും കാമ്പസുകളിൽ മദ്യം നിരോധിച്ചിരിക്കും.

ഈ ഉദാഹരണങ്ങളെല്ലാം ശ്രദ്ധിച്ചാൽ രണ്ട് കാര്യങ്ങൾ നമ്മുക്ക് ബോധ്യപ്പെടും:

പ്രത്യേക പ്രസ്താവനകളിൽ (specific premises) നിന്ന് ഒരു പൊതുവായ നിഗമനം ( general conclusion) രൂപപ്പെടുത്തുകയാണ് ഈ ഇൻ്റക്റ്റീവ് രീതി ചെയ്യുന്നത്. ഈ കാക്ക കറുത്തതാണ്, ആ കാക്ക കറുത്തതാണ്, മൂന്നാമത്തെ കാക്ക കറുത്തതാണ്, ഒരുപാട് കാക്കകൾ കറുത്തതാണ് എന്നിങ്ങനെയുള്ള പ്രത്യേക പ്രസ്താവനകളിൽ (specific premises) നിന്ന് ഒരു പൊതുവായ നിഗമനം ( general conclusion) നാം രൂപപ്പെടുത്തുന്നു:
“എല്ലാ കാക്കകളും കറുത്തതാണ്”.

പ്രത്യേക പ്രസ്‌താവനകൾ (specific premise) ശരിയാണെങ്കിൽ ഇൻ്റക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങൾ തെറ്റാകില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല.

ഈ കാക്ക കറുത്തതാണ്, ആ കാക്ക കറുത്തതാണ്, മൂന്നാമത്തെ കാക്ക കറുത്തതാണ്, ഒരുപാട് കാക്കകൾ കറുത്തതാണ്… എന്നിങ്ങനെയുള്ള പ്രത്യേക പ്രസ്താവനകൾ ശരിയാണെങ്കിലും അവയിൽ നിന്ന് ലഭ്യമാകുന്ന,”എല്ലാ കാക്കകളും കറുത്തതാണ്” എന്ന പൊതുവായ നിഗമനം തെറ്റാവാൻ സാധ്യത ഉണ്ടല്ലൊ. നൂറ് കാക്കകൾ കറുത്തതാണ് എന്ന് തെളിഞ്ഞാൽ… അല്ലെങ്കിൽ ആയിരം കാക്കകൾ കറുത്തതാണ് എന്ന് തെളിഞ്ഞാൽ തന്നെ, “എല്ലാ കാക്കകളും കറുത്തതാണ്” എന്ന പൊതുവായ നിഗമനം നിർബന്ധമായും സത്യമാകണമെന്നില്ല. നൂറ്റിയൊന്നാമത്തെ അല്ലെങ്കിൽ ആയിരത്തി ഒന്നാമത്തെ, ഒരു കാക്ക വെളുത്തതാണെന്ന് വന്നാൽ തന്നെ ഇൻ്റക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന നിഗമനം (“എല്ലാ കാക്കകളും കറുത്തതാണ്”) തെറ്റാണെന്ന് വരുന്നു. അപ്പോൾ ഇൻ്റക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന നിഗമനം നിർബന്ധ സത്യങ്ങൾ (necessary truth) അല്ല, പ്രത്യുത സത്യമാവാനുള്ള സാധ്യത(probabilistic truth)ഉള്ളവയാണ്.

അപ്പോൾ ഇൻ്റക്റ്റീവ് രീതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രീയ പ്രക്രിയയുടെ ഫലമായി ലഭിക്കുന്ന ശാസ്ത്ര വിജ്ഞാനങ്ങളും ശാസ്ത്രീയ വസ്തുതകളും (ഏറിയൊ കുറഞ്ഞോ ഉള്ള) “സാധ്യത”കളാണ് എന്നല്ലെ ഇതിനർത്ഥം; അല്ലാതെ അചഞ്ചല സത്യങ്ങളല്ല.

ഇൻ്റക്റ്റീവ് രീതിയെ സംബന്ധിച്ച, മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം ഇപ്രകാരമാണ്:

മുമ്പ് (ഭൂതകാലത്ത്) പരിശോധിക്കപ്പെട്ട കാക്കകളെല്ലാം കറുത്തതാണ് എന്നത്, ഇനി മേൽ (ഭാവിയിൽ) പരിശോധിക്കപ്പെടുന്ന കാക്കകളും കറുത്തതാണ് എന്ന് തെളിയിക്കുന്നു എന്ന അനുമാനമാണല്ലൊ ആഗമന രീതി. അപ്പോൾ ആഗമന രീതിയിലുള്ള അനുമാനത്തിൻ്റെ അടിസ്ഥാനത്തെ ഇപ്രകാരം പുനർനിർവചിക്കാം: “ഭൂതകാലത്തിൽ സംഭവിച്ചതിനെ അടിസ്ഥാനമാക്കിയുള്ള ഭാവി പ്രവചനങ്ങൾ.”

ഭൂതകാലത്ത് ഒരു മരുന്ന് ഒരു പ്രത്യേക രോഗം ശമിപ്പിച്ചു എന്നതിൽ നിന്ന് ആ മരുന്ന്, ഭാവിയിലും പ്രസ്തുത രോഗം ശമിപ്പിക്കും; “ഭൂതം പോലെ തന്നെയായിരിക്കും ഭാവിയും” എന്ന അനുമാനമാണ് (assumption) ഇൻ്റക്റ്റീവ് രീതിയുടെ അടിസ്ഥാനം.

********************************

The problem of induction
ആഗമന രീതിയുടെ പ്രശ്നം

1739-ൽ ഡേവിഡ് ഹ്യൂം ആദ്യമായി രൂപപ്പെടുത്തിയ ഒരു ദാർശനിക ചോദ്യമാണ് problem of induction അഥവാ ആഗമന രീതിയുടെ പ്രശ്നം. ഡേവിഡ് ഹ്യൂമിന്റെ “A Treatise of Human Nature” എന്ന ഗ്രന്ഥത്തിലാണ് “ആഗമന രീതിയുടെ പ്രശ്നം” ആദ്യമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.

“മുൻകാലങ്ങളിൽ സംഭവിച്ചതിനെ അടിസ്ഥാനമാക്കി ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് യുക്തിസഹമാണോ എന്നതിനെക്കുറിച്ചുള്ള ഒരു ദാർശനിക ചോദ്യമാണ് problem of induction അഥവാ ആഗമന രീതിയുടെ പ്രശ്നം.”
(https://plato.stanford.edu/entries/induction-problem/)

“ഭാവി, ഭൂതകാലം പോലെയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും… തുടങ്ങിയ യുക്തിപരമായ തത്ത്വത്തെ അംഗീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൻഡക്റ്റീവ് രീതി.

1739-ൽ ഹ്യൂം നിരീക്ഷിച്ചതുപോലെ, ഇൻഡക്റ്റീവ് രീതി സ്ഥാപിക്കാനുള്ള, വിശ്വസിക്കാനുള്ള ഏക മാർഗ്ഗം ‘ഭാവി, ഭൂതകാലം പോലെ തന്നയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും’ തുടങ്ങിയ തത്ത്വങ്ങൾ അംഗീകരിക്കുന്നതിലൂടെ മാത്രമാണ്.

ഭാവി, ഭൂതകാലം പോലെയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും തുടങ്ങിയ അനുമാനങ്ങളാകട്ടെ പഞ്ചേന്ദ്രിയങ്ങളുടെ അനുഭവപരമായ തെളിവുകളിലൂടെ (empirical evidence) സ്ഥിരീകരിക്കാൻ കഴിയുന്നവയല്ല.

അതുമല്ലെങ്കിൽ ഈ അനുമാനം സ്വയം ന്യായീകരിക്കാൻ മറ്റൊരു ഇൻഡക്റ്റീവ് രീതിയെ ഉപയോഗിക്കുന്നു.*

(*ഭാവി ഭൂതകാലം പോലെയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും… എന്ന അനുമാനത്തെ സാധൂകരിക്കാൻ കാരണമായി ഇപ്രകാരം വാദിക്കപ്പെട്ടു എന്നു വരാം: പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം പ്രകൃതത്തിലും പെരുമാറ്റത്തിലും സ്ഥിരതയുള്ളതും ഏകീകൃതവും, ഒരേ ക്രമത്തിലുമുള്ളതാണ് (Law of uniformity of nature, Law of universal causation).

എങ്കിൽ, ഈ അനുമാനവും അനുഭവപരമായ തെളിവുകളിലൂടെ (empirical evidence) സ്ഥിരീകരിക്കാൻ കഴിയുന്നവയല്ല. പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം പ്രകൃതത്തിലും പെരുമാറ്റത്തിലും സ്ഥിരതയുള്ളതും ഏകീകൃതവും, ഒരേ ക്രമത്തിലുമുള്ളതാണ് എന്ന് അനുഭവപരമായ തെളിവുകളിലൂടെ (empirical evidence) സ്ഥിരീകരിക്കാൻ കഴിയില്ലല്ലൊ. അപ്പോൾ, ലഭ്യമായ ‘ചില’ പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം ഏകീകൃതമാണ് (Uniformity) എന്നതിൽ നിന്നും സർവ്വ പ്രപഞ്ച പ്രതിഭാസങ്ങളും ഏകീകൃതമാണ് (Law of uniformity of nature) എന്ന ആഗമന രീതിയിലൂടെ മാത്രമെ, “ഭാവി ഭൂതകാലം പോലെയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും” തുടങ്ങിയ അനുമാനങ്ങൾ സ്ഥാപിക്കപ്പെടുകയുള്ളു. അഥവാ ഇൻഡക്റ്റീവ് രീതി, സ്വയം ന്യായീകരിക്കാൻ മറ്റൊരു ഇൻഡക്റ്റീവ് രീതിയെ ഉപയോഗിച്ച് മാത്രം സാധിക്കുന്ന തരത്തിലുള്ള അനുമാനമാണ്, “ഭാവി ഭൂതകാലം പോലെയായിരിക്കും, സമാന കാരണങ്ങൾക്ക് സമാനമായ ഫലങ്ങൾ ഉണ്ടാവും” തുടങ്ങിയ അനുമാനങ്ങൾ.)

ഈ കാരണങ്ങളാൽ തന്നെ ഇൻഡക്ഷനുള്ള ന്യായീകരണം കണിശമായ circular reasoning ആണ്. അതിനാൽ, ശാസ്ത്രം ഇൻഡക്ഷനെ ആശ്രയിക്കുകയാണെങ്കിൽ, ശാസ്ത്രത്തിൽ ഒരു അടിസ്ഥാനപരമായ യുക്തിരാഹിത്യം ഉൾപ്പെടുന്നുവെന്ന് തോന്നും.”
(https://www.sciencedirect.com/topics/mathematics/scientific-methodology)

“പരിമിതമായ ചില അനുഭവങ്ങളെ ഉപയോഗിച്ച്, നിരീക്ഷിക്കപ്പെടാത്ത ഒരു കാര്യത്തെ കുറിച്ച നിഗമനത്തിലെത്തിയാൽ, ലഭ്യമായ ഈ നിഗമനം ഉറപ്പ് (certainty) നൽകില്ല എന്ന് ഹ്യൂം വാദിച്ചു.”

(Hume, D. (2002). Of scepticism with regard to reason. In: Epistemology: Huemer, M, ed, Contemporary Readings. Abingdon: Routledge, pp. 298-310. Originally published in Hume, D. (1902) Sceptical doubts concerning the operations of understanding. In: Selby-Bigge, L. A., ed, An enquiry concerning human understanding. In: Enquiries concerning human understanding and concerning the principles of morals, 2nd edition. Oxford: Clarendon Press, pp. 298-310.)

“ഭാവി ഭൂതകാലവുമായി സാമ്യമുള്ളതായിരിക്കും” എന്ന അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൻഡക്റ്റീവ് വാദങ്ങൾ, അതായത് പ്രകൃതി ഏകീകൃതമാണെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ അനുമാനത്തെ ന്യായീകരിക്കാനുള്ള ഏക മാർഗം മറ്റൊരു ഇൻഡക്റ്റീവ് വാദം ഉപയോഗിക്കുക എന്നതാണ്. ഈ ന്യായവാദം വൃത്താകൃതിയിലുള്ളതാണെന്ന് (circular reasoning) ഹ്യൂം വാദിക്കുന്നു, കാരണം “പ്രകൃതി ഏകീകൃതമാണ്” എന്ന അനുമാനത്തിലൂടെ മാത്രമെ, “ഭാവി ഭൂതകാലവുമായി സാമ്യമുള്ളതായിരിക്കും” എന്ന അനുമാനത്തെ ന്യായീകരിക്കാൻ സാധിക്കു.
“പ്രകൃതി ഏകീകൃതമാണ്” എന്ന അനുമാനം കൊണ്ട്, “ഭാവി ഭൂതകാലവുമായി സാമ്യമുള്ളതായിരിക്കും” എന്ന അനുമാനത്തെ ന്യായീകരിക്കുന്നത്, ഒരു ഇൻഡക്റ്റീവ് വാദത്തെ ന്യായീകരിക്കാൻ മറ്റൊരു ഇൻഡക്റ്റീവ് വാദം ഉപയോഗിക്കുന്നതിന് തുല്യമായിരിക്കും. എല്ലാത്തിനുമുപരി, പ്രകൃതി ഏകീകൃതം അല്ലാതിരിക്കുകയും ചെയ്യാമല്ലൊ. കാരണം “പ്രകൃതി ഏകീകൃതമാണ്” എന്നത് പഞ്ചേന്ദ്രിയങ്ങളുടെ അനുഭവപരമായ തെളിവുകളിലൂടെ (empirical evidence) സ്ഥിരീകരിക്കാൻ കഴിയുന്നതല്ലല്ലൊ.”
(IBID)

പഞ്ചേന്ദ്രിയങ്ങളുടെ അനുഭവപരമായ തെളിവുകളിലൂടെ (empirical evidence) സ്ഥിരീകരിക്കാൻ കഴിയാത്തതെല്ലാം അസാധുവാണെങ്കിൽ -നാസ്തിക എൻപിരിസിസ്റ്റുകളുടെ വിശ്വാസപ്രകാരം- ശാസ്ത്രവും അസാധുവാണ്.

അഥവാ ശാസ്ത്രം സ്വീകാര്യമാണെങ്കിൽ, അനുഭവപരമായ തെളിവുകൾക്ക് (empirical evidence) അപ്പുറം വിജ്ഞാനാർജ്ജനത്തിന് മറ്റു പല മാർഗ്ഗങ്ങളുമുണ്ട് എന്ന് വരുന്നു.

അനുമാനവും സാധ്യതയും വിശ്വാസവും യുക്തിപരമായ ന്യായവാദങ്ങളുമെല്ലാമാണ് ശാസ്ത്രത്തിൻ്റെ അടിത്തറ. അസാമാന്യമായ സമ്പൂർണ്ണത ചാർത്തി ശാസ്ത്രത്തെ ആദർശവൽകരിക്കുകയും ഇതര വിജ്ഞാനങ്ങളെയെല്ലാം അന്യവൽകരിക്കുകയും ചെയ്യുന്ന അസംബന്ധം ഇനിയെങ്കിലും അവസാനിപ്പിക്കാറായില്ലെ?

****************************

ഇനി, നിഗമന രീതി(deductive reasoning)യിലേക്ക് വരാം:

മുഖ്യ പ്രസ്‌താവന: എല്ലാ മനുഷ്യരും മരിക്കുന്നവരാണ്.

ഉപ പ്രസ്‌താവന: സോക്രട്ടിസ് മനുഷ്യനാണ്.

ഫലം: അപ്പോൾ സോക്രട്ടിസ് മരിക്കുന്നവനാണ്.

നിഗമന രീതി ഈ പ്രത്യേക ശൈലിയിൽ അവതരിപ്പിക്കുന്നതിനെ ത്രിപാദസിദ്ധാന്തം (Syllogism) എന്ന് വിളിക്കപ്പെടുന്നു.

പൊതുവായ പ്രസ്‌താവനകളിൽ (general premises) നിന്ന് ഒരു പ്രത്യേക നിഗമനം (specific conclusion) രൂപപ്പെടുത്തുകയാണ് ഈ ഡിഡക്റ്റീവ് രീതി എന്നും…
പൊതുവായ പ്രസ്‌താവനകൾ (general premise) ശരിയാണെങ്കിൽ ഡിഡക്റ്റീവ് രീതിയിലൂടെ എത്തിച്ചേരുന്ന പ്രത്യേക നിഗമനങ്ങൾ ഒരിക്കലും തെറ്റാകില്ല… എന്നും മുമ്പ് വിശദീകരിച്ചല്ലൊ.

എല്ലാ മനുഷ്യരും മരിക്കുമെന്നത് സത്യമാണെങ്കിൽ, സോക്രട്ടിസ് മനുഷ്യനാണെന്നത് സത്യമാണെങ്കിൽ… ഈ രണ്ട് പൊതു പ്രസ്‌താവനകൾ ശരിയാണെങ്കിൽ സോക്രട്ടിസ് മരിക്കുമെന്നതും നിർബന്ധമായും ശരിയായിരിക്കും. അത് ഒരിക്കലും തെറ്റാവില്ല. ഡിഡക്റ്റീവ് രീതിയിലൂടെ ഫലമായി കിട്ടുന്ന പ്രത്യേക നിഗമനം, അനിവാര്യ സത്യം (necessary truth) ആയിരിക്കും.

ഒരിക്കലും തെറ്റാവാത്ത ഇത്തരം ശരികളെ Tautology (പുനരുക്തി, പൗനരുക്ത്യം) എന്നാണ് വിളിക്കപ്പെടുന്നത്.

പറഞ്ഞ കാര്യങ്ങൾ തന്നെ മറ്റൊരു രൂപത്തിൽ ആവർത്തിച്ചു പറയലാണ് Tautology (പൗനരുക്ത്യം). അപ്പോൾ ആദ്യം പറഞ്ഞത് ശരിയാണെങ്കിൽ ആവർത്തിച്ച് പറഞ്ഞ രണ്ടാമത്തെ രൂപവും ശരിയായിരിക്കുക എന്നത് നിർബന്ധമാണ്. “എല്ലാ മനുഷ്യരും മരിക്കും”, “സോക്രട്ടിസ് മനുഷ്യനാണ്”… എന്നീ രണ്ട് പൊതു പ്രസ്‌താവനകൾ കൂട്ടി ചേർത്ത് ആവർത്തിച്ചതാണ് (Tautology), “സോക്രട്ടിസ് മരിക്കുമെന്ന” മൂന്നാമത്തെ പ്രസ്‌താവന; മുമ്പത്തെ രണ്ട് പൊതു പ്രസ്‌താവനകളിൽ പുതുതായി ഒരു വിവരവും ചേർക്കപ്പെട്ടിട്ടില്ല. അവയെ കൂട്ടിച്ചേർത്ത് ആവർത്തിച്ചിട്ടെ ഉള്ളു. അതിനാൽ തന്നെ മൂന്നാമത്തെ പ്രസ്താവന നിർബന്ധമായും ശരിയായിരിക്കും. എല്ലാ മനുഷ്യരും മരിക്കും, സോക്രട്ടിസ് മനുഷ്യനാണ്… എന്നീ രണ്ട് പൊതു പ്രസ്‌താവനകൾ ശരിയാണെങ്കിൽ സോക്രട്ടിസ് മരിക്കുമെന്ന Tautology പ്രസ്‌താവന നിർബന്ധമായും ശരിയാണ്. കാരണം
Tautology ഒരിക്കലും തെറ്റാത്ത പ്രസ്താവനാഘടനയാണ്. പ്രസ്താവനയുടെ ഘടനയാണ് അതിൻ്റെ സത്യതയെ നിർണയിക്കുന്നത്; പ്രസ്താവനക്ക് പുറത്തുള്ള മറ്റു കാര്യങ്ങളല്ല.

“ഒരു പ്രസ്താവനാ ഘടനക്ക് (statement form) തെറ്റാകാൻ കഴിയുന്നില്ലെങ്കിൽ അതിനെ ട്യൂട്ടോളജി (tautology) എന്ന് വിളിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പകരം വരുന്ന പ്രസ്താവനകളും ശരി മാത്രമാവുകയുള്ളു എന്ന രീതിയിൽ നിലനിൽക്കുന്ന ഒരു പ്രസ്താവനയെ മാത്രമെ ട്യൂട്ടോളജിയായി കണക്കാക്കപ്പെടൂ. ട്യൂട്ടോളജിയുടെ ഏതൊരു പകരമുള്ള ഉദാഹരണവും ട്യൂട്ടോളജി തന്നെ ആയിരിക്കണം. ഉദാഹരണത്തിന്, “മാർക്കോണി റേഡിയോ കണ്ടുപിടിച്ചു, അല്ലെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്തില്ല”…എന്ന പ്രസ്താവന ഒരിക്കലും തെറ്റാവില്ല. ഈ പ്രസ്താവന ശരിയാണെന്ന്/സത്യമാണെന്ന് മനസ്സിലാക്കാൻ മാർക്കോണി ശെരിക്കും റേഡിയോ കണ്ടുപിടിച്ചുവോ ഇല്ലയൊ എന്ന് അറിയണമെന്നില്ല.”
(Symbolic Logic: SLM: MA Philosophy: SGOU: Page: 63)

“(അനുഭവപരമായ തെളിവു [empirical evidence] കൊണ്ട് സ്ഥാപിക്കപ്പെട്ട വസ്തുതയായ)
‘സൂര്യൻ കിഴക്ക് ഉദിക്കുന്നു’ എന്ന പ്രസ്താവന എപ്പോഴും ശരിയാണ് എന്ന് വന്നേക്കാം; പക്ഷെ ആ പ്രസ്താവന ട്യൂട്ടോളജിയല്ല.

നിങ്ങൾ ഒരു എയർ കണ്ടീഷൻ ചെയ്ത സ്മാർട്ട് ക്ലാസ് മുറിയിലാണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്ത് ഇപ്രകാരം പറയുന്നു;

“പുറത്ത് മഴ പെയ്യുന്നു.” (A)

അപ്പോൾ, അവൾ പറയുന്നത് ശരിയാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ, നിങ്ങൾ ജനൽ കർട്ടൻ നീക്കി പുറത്ത് മഴ പെയ്യുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്.

കുറച്ച് സമയത്തിന് ശേഷം, നിങ്ങളുടെ മറ്റൊരു സുഹൃത്ത് പറയുന്നു:

“പുറത്ത് മഴ പെയ്യുന്നില്ല.” (B)

നേരത്തെ ചെയ്തതുപോലെ, നിങ്ങളുടെ സുഹൃത്ത് പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ നിങ്ങൾ ഇപ്പോൾ പുറത്തേക്ക് നോക്കേണ്ടതുണ്ട്.

ഇനി, നിങ്ങളുടെ മൂന്നാമത്തെ മറ്റൊരു സുഹൃത്ത്, കുറച്ച് സമയത്തിന് ശേഷം ഇങ്ങനെ പറഞ്ഞു എന്ന് കരുതുക:

“ഒന്നുകിൽ പുറത്ത് മഴ പെയ്യുന്നുണ്ട് അല്ലെങ്കിൽ പുറത്ത് മഴ പെയ്യുന്നില്ല.” (C)

പ്രസ്താവന (A) ഒരു അനുഭവപരമായ പ്രസ്താവനയാണ്. ലോകത്തിലെ ഒരു വസ്തുതയെക്കുറിച്ച് അത് സംസാരിക്കുന്നു, അത് സത്യമോ അസത്യമൊ ആകാം. അത് അറിയണമെങ്കിൽ കർട്ടൻ നീക്കി പുറത്ത് നോക്കണം.

പ്രസ്താവന (B) ഉം, (A) പോലെ തന്നെ അനുഭവപരമായ ഒന്നാണ്. അത് സത്യമോ അസത്യമൊ ആകാം. അത് അറിയണമെങ്കിലും കർട്ടൻ നീക്കി പുറത്ത് നോക്കണം.

എന്നാൽ, പ്രസ്താവന (c) ആകട്ടെ, ഒരു ട്യൂട്ടോളജിയാണ്, അത് സ്വയം സംസാരിക്കുന്നു, അതിന്റെ ഘടകങ്ങൾ തമ്മിലുള്ള ബന്ധം അതിന്റെ സത്യത്തെ രൂപപ്പെടുത്തുന്നു. അത് ലോകത്തെ കുറിച്ച് ഒന്നും പറയുന്നില്ല. പുറത്ത് മഴ പെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസ്താവന (c) സത്യമാണ്:
“ഒന്നുകിൽ പുറത്ത് മഴ പെയ്യുന്നുണ്ട് അല്ലെങ്കിൽ പുറത്ത് മഴ പെയ്യുന്നില്ല.”

ലോകത്തെ കുറിച്ച് സംസാരിക്കുന്ന രണ്ട് പ്രസ്താവനകൾ ഒരുമിച്ച് ചേരുമ്പോൾ ലോകത്തെക്കുറിച്ചല്ലാത്ത ഒരു പ്രസ്താവന രൂപപ്പെടുന്നത് എങ്ങനെയെന്ന് കാണുക!

ട്യൂട്ടോളജി ഘടനാപരമായ പ്രസ്താവനകളാണ്; അവയുടെ സത്യങ്ങൾ അവയുടെ ഘടകങ്ങൾ തമ്മിലുള്ള ബന്ധത്താൽ നിർണ്ണയിക്കപ്പെടുന്നു.

‘കിഴക്ക് സൂര്യൻ ഉദിക്കുന്നു’ എന്ന പ്രസ്താവന പോലുള്ള പ്രസ്താവനകൾ എല്ലായ്പ്പോഴും സത്യമാണെങ്കിലും അവ ട്യൂട്ടോളജികളല്ല. കാരണം അവ അനുഭവപരമായ പ്രസ്താവനകളാണ്. (അവ തെറ്റില്ല എന്ന യുക്തി അനുഭവവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അനുഭവങ്ങളാകട്ടെ എന്നും എപ്പോഴും ഒരേ ഫലം തരണമെന്നില്ല. അങ്ങനെ വരുമ്പോൾ അനുഭവപരമായ പ്രസ്താവനകൾ തെറ്റാനുള്ള സാധ്യത അനിഷേധ്യമല്ല.)

ഓസ്ട്രിയൻ തത്ത്വചിന്തകനായ ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ തന്റെ Tractatus Logico Philosophicus എന്ന ഗ്രന്ഥത്തിൽ പറയുന്നു:

പ്രസ്താവനകൾ അവർ പറയുന്നത് ചൂണ്ടി കാണിക്കുന്നു: ട്യൂട്ടോളജിയാവട്ടെ, അവ ഒന്നും തന്നെ പ്രത്യേകമായി പറയുന്നില്ല; (അതേ സമയം ഒന്നും പുതുതായി പറയാതെ തന്നെ പുതിയ വിവരം നൽകുന്നു).

ഒരു ട്യൂട്ടോളജിയുടെ സത്യതക്ക് വ്യവസ്ഥകളില്ല, കാരണം അത് നിരുപാധികമായി സത്യമാണ്.”
(Symbolic Logic: SLM: MA Philosophy: SGOU: Page: 66-68)

അനുഭവപരമായ തെളിവുകളിലൂടെയാണ് ശാസ്ത്രീയ പ്രവർത്തനത്തിൻ്റെ ഘടകങ്ങളായ (ആഗമന രീതി) സ്ഥിരീകരിക്കപ്പെടുന്നത്. അനുഭവപരമായ തെളിവുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടാൽ തന്നെ തെറ്റാവാനുള്ള സാധ്യത നിലവിലുണ്ട്. അവ നിർബന്ധ സത്യങ്ങളല്ല. അതേ സമയം, തെളിവുകൾ ഇല്ലാതെ തന്നെ ടൗട്ടോളജി സത്യമാണ്. ഡിഡക്റ്റീവ് രീതിയിലൂടെ ഫലമായി കിട്ടുന്ന പ്രത്യേക നിഗമനം ടൗട്ടോളജിയാണ്. അഥവാ അവയുടെ സത്യത്തിന് യാതൊരു തെളിവിൻ്റെയും ആവശ്യമില്ല. അവ സ്വമേധയാ സത്യങ്ങളാണ്.

അപ്പോൾ, ശാസ്ത്രീയ പ്രക്രിയക്ക് അടിസ്ഥാനപ്പെടുത്തുന്ന ആഗമന രീതി(inductive reasoning)യേക്കാൾ എത്രമേൽ ഉറപ്പുള്ളതും നിർബന്ധമായും സത്യവുമായ ഫലമാണ്, ഡിഡക്റ്റീവ് രീതിയിലൂടെ ഫലമായി കിട്ടുന്ന പ്രത്യേക നിഗമനം. അഥവാ, ഡിഡക്റ്റീവ് രീതി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഫിലോസഫി (ലോജിക്ക്), ഗണിതം പോലെയുള്ള മറ്റു വിജ്ഞാനശാഖകൾ ശാസ്ത്രീയ പ്രക്രിയയേക്കാൾ കൂടുതൽ ആധികാരികവും പ്രബലവുമാണ് എന്നർത്ഥം.

എങ്കിൽ ശാസ്ത്രത്തേക്കാൾ ഇത്രമേൽ ആധികാരികവും പ്രബലവുമായ മറ്റു വിജ്ഞാന ശാഖകളെ ശാസ്ത്രത്തിൻ്റെ പേരിൽ തിരസ്കരിക്കുന്നത് എന്ത് ന്യായമാണുള്ളത്?! ശാസ്ത്രം കൂടുതൽ ഉപകാരപ്രദമാണെന്നതൊ ? എങ്കിൽ സത്യത്തേക്കാൾ നുണ ഉപകാരപ്പെടുന്നുവെങ്കിൽ സത്യത്തേയും -അവ സത്യമാണെന്ന് അംഗീകരിച്ച് കൊണ്ട് തന്നെ- നാസ്തികർ നിഷേധിക്കുമൊ ?!

**********************************

വിശ്വാസവും (ഈമാൻ) ഒരു തരം ഡിഡക്റ്റീവ് രീതിയായതിനാൽ ശാസ്ത്രീയ പ്രവർത്തനത്തേക്കാൾ, വിശ്വാസം ആധികാരികവും പ്രബലവുമാണ്.

അതെ, വിശ്വാസവും (ഈമാൻ) ഒരു തരം ഡിഡക്റ്റീവ് രീതിയാണ്; വിശ്വാസം കേവലം അന്ധമായ അനുസരണമല്ല. അന്ധമായ സമർപ്പണം വിശ്വാസം സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് വരുന്നത്. ദൈവവിശ്വാസം ഒരു തരം ഡിഡക്റ്റീവ് യുക്തിയാണ്.

ഉദാഹരണത്തിന്, ഇമാം ഗസ്സാലി തൻ്റെ “തഹാഫുതുൽ ഫലാസിഫ:” (تهافة الفلاسفة) യിൽ, അദ്ദേഹം ദൈവാസ്തിത്വം തെളിയിക്കാനായി അവതരിപ്പിച്ച “കലാം പ്രപഞ്ചശാസ്ത്ര വാദം”
(Kalam cosmological argument) തന്നെ പരിശോധിക്കുക:

മുഖ്യ പ്രസ്‌താവന: “ഉണ്ടാവുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്.”

ഉപ പ്രസ്‌താവന: “പ്രപഞ്ചം ഉണ്ടായതാണ്.”

ഫലം: “അതുകൊണ്ട്, പ്രപഞ്ചത്തിന് ഒരു കാരണമുണ്ട്.”

ഈ ഡിഡക്റ്റീവ് രീതിയിലെ, പ്രപഞ്ചത്തിൻ്റെ കാരണത്തെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു. എല്ലാ വിശ്വാസിയുടെയും ദൈവവിശ്വാസത്തിൽ – ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ – ഒരു ഡിഡക്റ്റീവ് ന്യായം കുടികൊള്ളുന്നുണ്ട്.

കൂടാതെ, ഈ ഡിഡക്റ്റീവ് വാദത്തിൻ്റെ ഫലമായി ലഭിക്കുന്ന നിഗമനം, “പ്രപഞ്ചത്തിന് ഒരു കാരണമുണ്ട്” എന്നത്, ഒരിക്കലും തെറ്റാത്ത, നിർബന്ധമായും സത്യമായ പ്രസ്‌താവനയാണ്. ട്യൂട്ടോളജി (tautology) യാണ്.

ക്വുർആനിലുള്ള വിശ്വാസം അടുത്തതായി എടുക്കാം, ക്വുർആനിലുള്ള വിശ്വാസവും ഒരു തരം ഡിഡക്റ്റീവ് യുക്തിയാണ്:

മുഖ്യ പ്രസ്‌താവന: “പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം നടക്കുന്ന പ്രാപഞ്ചിക-മാനുഷിക സത്യങ്ങൾ പ്രവചിക്കാൻ മനുഷ്യർക്ക് ഒരു നിലക്കും കഴിയില്ല.”

ഉപ പ്രസ്‌താവന: “അത്തരം പ്രവചനങ്ങൾ ക്വുർആനിലുണ്ട്.”

ഫലം: “അപ്പോൾ, ക്വുർആൻ അമാനുഷികമാണ്.”

അപ്പോൾ ഒരു മുസ്‌ലിമിൻ്റെ ക്വുർആനിലുള്ള വിശ്വാസവും ഒരു ഡിഡക്റ്റീവ് യുക്തിയെ ആധാരമാക്കിയുള്ളത് ആണെന്നർത്ഥം.

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അപാരമായ ബുദ്ധി വൈഭവത്തോടെയാണ്. ഇതര ജീവജാലങ്ങളേക്കാൾ അതി സങ്കീർണ്ണമായ മസ്തിഷ്കം മനുഷ്യനു വേണ്ടി പ്രത്യേകം സംവിധാനിച്ചത് അവൻ സങ്കീർണ്ണമായ ചിന്തയിൽ ഏർപ്പെടാൻ വേണ്ടി തന്നെയാണ്. “ഭൂമിയിൽ രക്തം ചിന്തുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന മനുഷ്യരാശിയെ എന്തിന് പടച്ചു ?! ഉത്തമ സൃഷ്ടികളായി ഞങ്ങൾ, മലക്കുകളില്ലെ ?!” എന്ന മലക്കുകളുടെ ചോദ്യത്തിന് മറുപടിയായി ദൈവം പ്രദർശിപ്പിച്ചത് ആദമിൻ്റെ ബുദ്ധി വൈഭവത്തെയാണ്.
(ക്വുർആൻ: 2:30)

തുടർന്ന് മനുഷ്യ ബുദ്ധിയുടെ വിശിഷ്ടത തെളിയിക്കാനായി ആദമിനും മലക്കുകൾക്കുമിടയിൽ ഒരു മത്സരം സംഘടിപ്പിക്കപ്പെട്ടു. ഏറ്റവും കൂടുതൽ നാമങ്ങൾ പഠിക്കാനും ഓർത്തു വെക്കാനും പിന്നീട് ഓർത്തു പറയാനും ആർക്കാണ് കൂടുതൽ കഴിയുക? ഈ ഉദ്യമത്തിൽ മലക്കുകളേക്കാൾ വിജയം കൈവരിച്ചത് ആദമാണ്. (അഥവാ മനുഷ്യരാണ് എന്നർത്ഥം.)
(ക്വുർആൻ: 2: 31-34)

മനുഷ്യൻ്റെ ബുദ്ധിയുടെ സങ്കീർണതയെയും സവിശേഷതയെയും ജ്വലിപ്പിക്കുന്നതാണ്, നാമങ്ങൾ പഠിക്കാനുള്ള മനുഷ്യൻ്റെ കഴിവ്. അതു കൊണ്ടാണ് മത്സരം നാമങ്ങൾ പഠിക്കുന്നതായി നിശ്ചയിച്ചത്.

ഡോ. റോബർട്ട് സപ്പോൾസ്കി ഇപ്രകാരം എഴുതി:

“പരിണാമവാദ വീക്ഷണകോണിലൂടെ നോക്കുമ്പോൾ, മനുഷ്യ മസ്തിഷ്കത്തിലെ ഫ്രണ്ടൽ കോർട്ടെക്സ് (frontal cortex) -വലിപ്പം, സങ്കീർണ്ണത, വികസനം, ജനിതകഘടന, നാഡീകോശ സംവിധാനം എന്നിവയിൽ- വ്യതിരിക്തമാണ്, ഫ്രണ്ടൽ കോർട്ടെക്സിൻ്റെ മനുഷ്യ പതിപ്പ് ഏറ്റവും സവിശേഷമാണ്…

ഫ്രണ്ടൽ കോർട്ടെക്സ് “എക്സിക്യൂട്ടീവ് ഫംഗ്ഷനു” (executive function) കളുടെ മാധ്യമമായി നിലകൊള്ളുന്നു: മസ്തിഷ്കത്തിലേക്ക് വരുന്ന വിവരങ്ങളുടെ ഭാഗങ്ങൾ പരിശോധിക്കുക, സാമ്യതകളും ആവർത്തനങ്ങളും തിരയുക, തുടർന്ന് അനുയോജ്യമായ, ഒരു തന്ത്രപരമായ പ്രവർത്തനം തിരഞ്ഞെടുക്കുക.

ഈ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരു പരീക്ഷണത്തിലൂടെ മനസ്സിലാക്കാം:

മാർക്കറ്റിലേക്ക് പോകുമ്പോൾ വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഒറ്റ തവണ നിങ്ങൾ കേട്ടു എന്ന് കരുതുക. പീച്ച്, കോൺഫ്ലേക്കുകൾ, അലക്കു സോപ്പ്, കറുവപ്പട്ട എന്നിവ അടങ്ങുന്ന… പതിനാറ് ഇനങ്ങൾ വായിച്ചു കേട്ടു കഴിഞ്ഞ ശേഷം, പട്ടിക നാം ആവർത്തിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? ഒരുപക്ഷേ ആദ്യത്തെ കുറച്ച്, അവസാനത്തെ കുറച്ച് സാധനങ്ങൾ നാം ശരിയായി ഓർമ്മിച്ചേക്കാം, ചിലപ്പോൾ ചിലത് തെറ്റിയെന്നും വരാം. ഉദാഹരണത്തിന്, കറുവപ്പട്ടയ്ക്ക് പകരം ജാതിക്ക എണ്ണിയെന്ന് വരാം.

രണ്ട് ആവർത്തി കേൾക്കുമ്പോളേക്കും കുറച്ച് കൂടി സാധനങ്ങൾ നാം ഓർമ്മിക്കുന്നു, ജാതിക്ക തെറ്റി പറയുന്നത് ഒഴിവാക്കുന്നു. ഇനി പട്ടിക വീണ്ടും വീണ്ടും കേൾക്കുക.
നമ്മുടെ മസ്തിഷ്കം സാധനങ്ങളെ ഇനം തിരിക്കാൻ തുടങ്ങും, വർഗ്ഗീകരിക്കാൻ ആരംഭിക്കും.

ആവർത്തനത്തോടെ, സാധനങ്ങൾ നാം നാല് ഇനങ്ങളിലായി ശ്രദ്ധിക്കാൻ തുടങ്ങും: നാല് പഴങ്ങൾ, വൃത്തിയാക്കാൻ ഉപയോഗിക്കുന്ന നാല് വസ്തുക്കൾ, നാല് സുഗന്ധവ്യഞ്ജനങ്ങൾ, നാല് കാർബോഹൈഡ്രേറ്റുകൾ എന്നിവ.

പിന്നീട് വാങ്ങാനുള്ള സാധനങ്ങൾ വർഗീകരിച്ചാണ് നാം ഓർക്കുക. “പീച്ചുകൾ. ആപ്പിൾ. ബ്ലൂബെറികൾ… മറ്റൊരു പഴം ഉണ്ടായിരുന്നു, എന്താണെന്ന് ഓർമ്മയില്ല… ശരി, അടുത്തത്, നാല് കാർബോഹൈഡ്രേറ്റുകൾ: കോൺഫ്ലേക്കുകൾ, ബ്രെഡ്, ഡോനട്ട്സ്, മഫിനുകൾ… അടുത്തത് നാല് സുഗന്ധവ്യഞ്ജനങ്ങൾ: ജീരകം, ജാതിക്ക – അയ്യോ, അല്ല, തെറ്റി! ഞാൻ ഉദ്ദേശിക്കുന്നത് കറുവപ്പട്ട, ഒറിഗാനോ…”

ഈ പതിനാറ് സാധനങ്ങൾ ഓർമ്മിക്കുന്നതിന് പ്രീ ഫ്രണ്ടൽ കോർട്ടക്സ് (PFC) ഒരു സമഗ്രമായ എക്സിക്യൂട്ടീവ് തന്ത്രം പ്രയോഗിക്കുന്നു എന്നർത്ഥം. വ്യത്യസ്ത (ഇനങ്ങളുടെ) ലേബലുകളുള്ള വിവരങ്ങളുടെ ബിറ്റുകൾ സംഘടിപ്പിച്ച് ഒരുമിപ്പിക്കുന്നതിനും ചിന്തിക്കുന്നതിനും പ്രീ ഫ്രണ്ടൽ കോർട്ടക്സ് (PFC) അത്യാവശ്യമാണ്. ഒരു ആശയപരമായ ഭൂപടത്തിൽ ആപ്പിളും ടോയ്‌ലറ്റ് പ്ലങ്കറുകളും ഒരുമിച്ചു വെക്കുന്നതിന് പകരം, (ഒരേ ഇനത്തിൽപ്പെട്ട) ആപ്പിളും പീച്ചും പരസ്പരം അടുത്ത് ഗ്രൂപ്പുചെയ്യുകയാണ് പ്രീ ഫ്രണ്ടൽ കോർട്ടക്സ് (PFC) ചെയ്യുക.”
(Behave: The Biology of Humans at Our Best and Worst: Robert Sapolsky: 51, 52)

വ്യത്യസ്ത ഇനങ്ങൾക്കിടയിൽ വിഭജിക്കാനുള്ള കഴിവും ഒരുക്കുന്നത് പ്രീ ഫ്രണ്ടൽ കോർട്ടക്സ് (PFC) ആണ്. ഉദാഹരണത്തിന് നായയുടെയും പൂച്ചയുടെയും ചിത്രങ്ങൾ കാണുമ്പോൾ അവ രണ്ടും വിഭജിക്കുന്ന ദൗത്യം PFC ക്കാണ്. ഇതും വർഗ്ഗീകരണത്തെ സഹായിക്കുന്നു.

ഫ്രണ്ടൽ കോർട്ടെക്സിന് മറ്റൊരു ദൗത്യവുമുണ്ട് അവ നിയമങ്ങൾ പിന്തുടരാനും (ധാർമ്മിക പ്രതിബദ്ധത പുലർത്താനും) നമ്മെ സഹായിക്കുന്നു: “നിർത്തു, അവ തിന്നരുത്, അവ നിങ്ങളുടെ കുക്കികളല്ല; അവ തിന്നുക വഴി നിങ്ങൾ പാപത്തിലേക്ക് പോകും… ആത്മനിയന്ത്രണവും അച്ചടക്കവും നല്ലതാണ്… അധികം തിന്നേണ്ട, നിങ്ങൾ മെലിഞ്ഞിരിക്കുമ്പോൾ നിങ്ങൾ സന്തോഷവാനാണ് ” ഇപ്രകാരം നമ്മുടെ അനുസരണവും അച്ചടക്കവും നിയന്ത്രണവുമെല്ലാം കൈകാര്യം ചെയ്യുന്നത് പ്രീ ഫ്രണ്ടൽ കോർട്ടക്സ് (PFC) ആണ്.

ഫ്രണ്ടൽ കോർട്ടെക്സ് നിയമങ്ങൾ ട്രാക്ക് ചെയ്യുന്നു. മൂന്ന് വയസ്സുള്ളപ്പോൾ, “തോന്നുമ്പോഴെല്ലാം മൂത്രമൊഴിക്കരുത്” എന്ന ജീവിതകാലം മുഴുവൻ പിന്തുടരുന്ന ഒരു നിയമം നാം എങ്ങനെ പഠിച്ചു എന്ന് ചിന്തിക്കുക, മൂത്രാശയത്തെ നിയന്ത്രിക്കുന്ന ന്യൂറോണുകളുടെ മേൽ സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ട് ആ നിയമം നടപ്പിലാക്കാൻ നമുക്ക് കഴിയുന്നു.”
(Behave: The Biology of Humans at Our Best and Worst: Robert Sapolsky: 53)

ഈ ന്യൂറോ സയൻ്റിഫിക്ക് വിശദീകരണത്തോട് ക്വുർആൻ (2: 30-34) വചനങ്ങൾ ചേർത്തു വച്ച് വായിച്ചാൽ താഴെ പറയുന്ന തിരിച്ചറിവുകൾ നമുക്ക് ലഭ്യമാകുന്നു:

* വസ്തുക്കളെയും ആശയങ്ങളെയും വർഗ്ഗീകരിക്കുന്ന ദൗത്യം നിർവ്വഹിക്കുന്നത് -മനുഷ്യ മസ്തിഷ്കത്തിലെ- ഫ്രണ്ടൽ കോർട്ടക്സ് (frontal cortex) ആണ്.

* ഫ്രണ്ടൽ കോർട്ടക്സ് (frontal cortex) തന്നെയാണ് നന്മ തിന്മകളെയും ശരി തെറ്റുകളെയും വർഗ്ഗീകരിക്കുന്ന, അവയെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന, ധാർമ്മിക ദൗത്യവും വഹിക്കുന്നത്.

* മലക്കുകൾക്ക്, നന്മ തിന്മകൾ കണിശമായി വേർതിരിക്കേണ്ട ആവശ്യമില്ല, നന്മ തിന്മകൾ വേർതിരിച്ച് നന്മകൾ പിന്തുടരുകയും ചെയ്യേണ്ടതില്ല. കാരണം അവർക്ക് സ്വതന്ത്രേച്ഛ ഇല്ല. അവർ ദൈവകൽപ്പനകൾ (നന്മകൾ) പിന്തുടരാൻ നിർബന്ധിതരാണ്.

* സ്വാഭാവികമായും, നന്മ തിന്മകളെയും ശരി തെറ്റുകളെയും വർഗ്ഗീകരിക്കുന്ന, അവയെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന, ഫ്രണ്ടൽ കോർട്ടക്സ് (frontal cortex) മലക്കുകളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്.

* അപ്പോൾ, മനുഷ്യ സമാനമായ ഒരു ഫ്രണ്ടൽ കോർട്ടക്സ് ഉടമപ്പെടുത്തുന്നില്ലെങ്കിൽ, സ്വാഭാവികമായും അതിൻ്റെ സമാന്തരമായ കഴിവായ, വസ്തുക്കളെ വർഗ്ഗീകരിക്കുന്ന കഴിവും മലക്കുകൾ ഉടമപ്പെടുത്തുകയില്ലല്ലൊ. വർഗ്ഗീകരിക്കാനും ഇനം തിരിക്കാനുമുള്ള കഴിവ് കുറയുമ്പോൾ നാമങ്ങൾ പഠിക്കാനും ഓർക്കാനും ഓർത്ത് പറയാനുമുള്ള കഴിവും താരതമ്യേന കുറവായിരിക്കും.

* ശരി തെറ്റുകളെ വർഗ്ഗീകരിക്കുന്ന, അവയെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന, ദൗത്യം വഹിക്കുന്ന ശക്തവും സങ്കീർണ്ണവുമായ ഫ്രണ്ടൽ കോർട്ടക്സ് ഉടമപ്പെടുത്തുന്നതിനാൽ തന്നെ ആദമിന് (മനുഷ്യന്) മലക്കുകളേക്കാൾ അത്യധികം നാമങ്ങൾ പഠിക്കാൻ സാധിച്ചു.

* മറ്റേതു ജീവജാലങ്ങളേക്കാളും ധാർമ്മിക ജീവിയായ മനുഷ്യൻ, മറ്റേത് ജീവികളേക്കാളും ഉദാത്തവും സങ്കീർണ്ണവും മനോഹരവുമായ ബുദ്ധിയും യുക്തിയും ഉടമപ്പെടുത്തുന്നു.

മനുഷ്യ വംശത്തിൻ്റെ ഏറ്റവും മികച്ച മാനുഷിക പ്രവർത്തനം ബുദ്ധിയുടെ ഉപയോഗമാണ്; ബുദ്ധി ഉപയോഗിച്ചുള്ള ബൗദ്ധികമായ വളർച്ചയും ഉയർച്ചയും മാത്രമല്ല, ബുദ്ധികൊണ്ട് ദൈവത്തെ അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്യുക എന്ന ഏറ്റവും ഉദാത്തമായ ഉന്നമനം.

ചിന്തിക്കാനും സങ്കീർണ്ണമായ ബൗദ്ധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ഏറ്റവും ചുരുങ്ങിയത്, വളരെ മൗലികമായ സത്യങ്ങൾ കണ്ടെത്തൽ മനുഷ്യൻ്റെ ബാധ്യതയാണ്. ഇസ്‌ലാമിക വീക്ഷണപ്രകാരം അറിവും ചിന്തയും നന്മകളാണ്. അജ്ഞതയും ചിന്താരാഹിത്യവും കേവലം ഭൗതിക അപജയമല്ല; ആത്മീയമായ പാപമാണ്.

മനുഷ്യൻ്റെ അസ്തിത്വത്തെ ദൈവം നീതീകരിച്ചത് തന്നെ അവൻ്റെ അസാമാന്യ ധിഷണാപാടവത്തെ കൊണ്ടാണ്. മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് ദൈവം വ്യതിരിക്തമാക്കിയത് അവൻ്റെ ബുദ്ധി വൈഭവം കൊണ്ടാണ്. അതുകൊണ്ട് തന്നെ അതേ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ദൈവത്തെ കണ്ടെത്തുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന് സമർപ്പിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ കൃതജ്ഞത.

ബൗദ്ധിക പ്രവർത്തനങ്ങളിലും, യുക്തി ചിന്തയിലും ഏറ്റവും ദൃഢവും ഉന്നതവുമായ മാർഗ്ഗമാണ് ഡിഡക്റ്റീവ് രീതി. വിശ്വാസം ഡിഡക്റ്റീവ് രീതിയാണ്; അതിനാൽ തന്നെ യുക്തി ദീക്ഷിതമായ വിശ്വാസം, ഏറ്റവും മഹനീയമായ ദൈവാന്വേഷണ മാർഗ്ഗമാണ്.

പഞ്ചേന്ദ്രിയാനുഭവപരമായ അഥവാ “എംബിരിക്ക”ലായ തെളിവുകളിലൂടെ ദൈവത്തെ കണ്ടെത്തുന്നതിൽ യാതൊരു സങ്കീർണ്ണതയും ശ്രേഷ്ഠതയും മഹത്വവും ഉള്ളടങ്ങുന്നില്ല. “എംബിരിക്ക”ലായ തെളിവുകളിലൂടെ അറിവ് ആർജ്ജിക്കുക/ദൈവത്തെ കണ്ടെത്തുക എന്നത് ഏറ്റവും അടിസ്ഥാനപരവും താഴ്ന്ന നിലവാരത്തിലുമുള്ള രീതിയാണ്.

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.” (ക്വുർആൻ 2: 55) എന്ന ശാഠ്യം ആത്മനിന്ദയാണ്. ദൈവത്തെ കാണാതെ വിശ്വസിക്കില്ല എന്ന വാശി സ്വന്തം ബുദ്ധിയെ – ദൈവത്തിൻ്റെ ഏറ്റവും അദ്വിതീയമായ സമ്മാനത്തെ – തരം താഴ്ത്തലാണ്. സ്വന്തം അസ്തിത്വത്തിൻ്റെ “ബൗദ്ധിക ഔന്നിത്യം” (Intellectual superior) നിരാകരിക്കലാണത്.

മാത്രമല്ല, “എംബിരിക്ക”ലായ നിരീക്ഷണം, കണ്ണുകൾ കൊണ്ടുള്ള കാഴ്ച്ച, വഞ്ചനക്ക് (deception) വിധേയമായേക്കാം.
“ദൈവത്തെ നേരിട്ട് കണ്ടാലും ഞാൻ വിശ്വസിക്കില്ല. അത് ദൈവമാണെന്ന് എങ്ങനെ തിരിച്ചറിയും ? സ്വബോധമില്ലാത്ത ഉന്മത്താവസ്ഥയിൽ (hallucination) അനുഭവപ്പെടുന്ന മിഥ്യാബോധമായിരിക്കാം. മാജിക്കാവാം. സാങ്കേതിക വിദ്യയാവാം. മായക്കാഴ്ച്ച (optical illusion) ആവാം.” അങ്ങനെ എന്തെല്ലാം ഒരു നാസ്തികന് പറയാം. അപ്പോൾ വിശ്വാസം/ഡിഡക്റ്റീവ് രീതിയെന്ന ഉറപ്പുള്ള മാർഗ്ഗത്തിന് പകരം, സാധ്യത മാത്രം നൽകുന്ന കാഴ്ച്ചയെ ദൈവത്തെ കണ്ടെത്താൻ ആവശ്യപ്പെടുന്നത് തീർത്തും അയുക്തകമാണ്.

ഇനി, സംശയലേശമന്യേ ഉറപ്പാക്കാൻ കഴിയും വിധം, ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ട്, തന്നിൽ വിശ്വസിക്കാനും സൽകർമ്മങ്ങൾ അനുഷ്ടിക്കാനും പറഞ്ഞു എന്ന് കരുതുക. എങ്കിൽ ജീവിതത്തിലെ പരീക്ഷണോന്മുഖത നഷ്ടപ്പെടുന്നു. സ്വന്തമായ ചിന്തയും, അന്വേണവുമില്ല. സ്വതന്ത്രേച്ഛ (will power) നാമ മാത്രമാവും. മനുഷ്യർ നന്മകളും തിന്മകളും യാന്ത്രികമായി തിരഞ്ഞെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യും. മനുഷ്യരുടെ പ്രവർത്തനങ്ങളിലെയും തിരഞ്ഞെടുപ്പുകളിലെയും നന്മ-തിന്മകൾ, അവരുടെ മനസ്സിലേയും ഇച്ഛയിലേയും നന്മയേയും തിന്മയേയും സത്യസന്ധമായി പ്രതിബിംബിപ്പിക്കുകയില്ല.

print

No comments yet.

Leave a comment

Your email address will not be published.