നാസ്തികർ വിശ്വസിക്കുന്നത് ശാസ്ത്രത്തിലൊ കപടശാസ്ത്രത്തിലൊ?!
ശാസ്ത്രത്തിന് തെറ്റ് പറ്റുമോ?
ഈ ചോദ്യം തന്നെ തെറ്റാണ്. കാരണം, തെറ്റ് പറ്റാനും തിരുത്തപ്പെടാനും സാധ്യത ഉണ്ടെങ്കിലെ ഒരു കാര്യം ശാസ്ത്രമാവുകയുള്ളു. അഥവാ ശാസ്ത്രത്തെ മറ്റു വിജ്ഞാന ശാഖകളിൽ നിന്നും വ്യതിരിക്തമാക്കുന്ന അടിസ്ഥാന വിശേഷണം തെറ്റാവാനുള്ള/വ്യാജമാവാനുള്ള പ്രാപ്‌തിയാണ് (Falsifiability).
ഒരു പ്രസ്താവന, വിധി, സിദ്ധാന്തം, പരികല്പന എന്നിവ തെറ്റാണെന്ന് തെളിയിക്കാനുള്ള സാഹചര്യം നില നിൽക്കുന്നുവെങ്കിൽ അവ ശാസ്ത്രമാണ്.
falsifiable:
able to be proved to be false: a falsifiable hypothesis. All good science must be falsifiable.
“falsifiable എന്നാൽ
തെറ്റാണെന്ന് തെളിയിക്കാൻ കഴിയുന്നത്:
*വ്യാജമാക്കപ്പെടാവുന്ന ഒരു സിദ്ധാന്തം.
*എല്ലാ ശരിയായ ശാസ്ത്രങ്ങളും വ്യാജമാക്കപ്പെടാവുന്നവുന്നത് ആയിരിക്കണം.”
(https://dictionary.cambridge.org/dictionary/english/falsifiable)
എന്ത് എതിർ തെളിവുകൾ സംജാതമായാലും വ്യാഖ്യാനിച്ചും കൂട്ടിയും കുറച്ചും തെറ്റല്ല എന്ന് വരുത്തി തീർക്കാൻ കഴിയുന്ന സിദ്ധാന്തങ്ങളും വിവരങ്ങളും ശാസ്ത്രമല്ല. പ്രത്യുത, തെറ്റാണെന്നൊ വ്യാജമാണെന്നൊ തെളിയിക്കാൻ സാധ്യത നില നിൽക്കുന്ന കാര്യങ്ങൾ മാത്രമാണ് ശാസ്ത്രം.
“വ്യാജവൽക്കരണ പ്രാപ്തി” (Falsifiability) എന്ന് തൽക്കാലം ഇതിനെ നമ്മുക്ക് ചുരുക്കി വിളിക്കാം.
ശാസ്ത്രത്തിൻ്റെ വ്യത്യസ്തതയെ നിർണയിക്കുന്ന വിശിഷ്‌ട ലക്ഷണത്തെ സമ്പന്ധിച്ച, കാൾ പോപ്പറുടെ നിരീക്ഷണം OXFORD UNIVERSITY PRESS പ്രസിദ്ധീകരിച്ച “PHILOSOPHY OF SCIENCE” എന്ന ഗ്രന്ഥത്തിൽ നിന്ന് നമ്മുക്ക് വായിക്കാം:
“ശാസ്ത്രവും (science) കപടശാസ്ത്രവും (pseudo-science)
നമ്മൾ ആരംഭിച്ച ചോദ്യം ഓർക്കുക: ശാസ്ത്രം എന്താണ്? എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര ചിന്തകളെ അങ്ങേയറ്റം സ്വാധീനിച്ച ശാസ്ത്ര തത്ത്വ ചിന്തകനായ കാൾ പോപ്പർ (Karl Popper), ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാന സവിശേഷത ‘അത് വ്യാജമാക്കപ്പെടാവുന്നത് ആയിരിക്കണം’ എന്നതാണ് എന്ന് കരുതി. ഒരു സിദ്ധാന്തത്തെ വ്യാജമാക്കപ്പെടാവുന്നത് (falsifiable) എന്ന് വിളിക്കുന്നത്, ആ സിദ്ധാന്തം തെറ്റാണ് എന്ന അർത്ഥത്തിലല്ല. മറിച്ച്, അനുഭവത്തിലൂടെ പരീക്ഷിക്കാനും തെറ്റാണൊ ശരിയാണൊ എന്ന് തീരുമാനിക്കാനും കഴിയുന്ന ചില കൃത്യമായ പ്രവചനങ്ങൾ സിദ്ധാന്തം നടത്തുന്നു എന്നാണ് അതിനർത്ഥം.
ഈ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ, ആ സിദ്ധാന്തം വ്യാജമാക്കപ്പെട്ടതോ നിരാകരിക്കപ്പെട്ടതോ ആയി പരിണമിക്കുന്നു. അതിനാൽ വ്യാജമാക്കപ്പെടാവുന്ന സിദ്ധാന്തം എന്നത് നമുക്ക് തെറ്റാണെന്ന് കണ്ടെത്താൻ കഴിയുന്ന ഒന്നാണ്, അത് എല്ലാ അനുഭവങ്ങളുമായും പൊരുത്തപ്പെടുന്നില്ല. ചില ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഈ അവസ്ഥയെ തൃപ്തിപ്പെടുത്തുന്നില്ലെന്നും അതിനാൽ ശാസ്ത്രം എന്ന് വിളിക്കപ്പെടാൻ അർഹതയില്ലെന്നും പോപ്പർ കരുതി; അവ വെറും കപട ശാസ്ത്രം (pseudo-science) ആയിരുന്നു.
സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (psychoanalytic theory) പോപ്പറിന്റെ പ്രിയപ്പെട്ട കപട ശാസ്ത്ര ഉദാഹരണങ്ങളിൽ ഒന്നായിരുന്നു. പോപ്പറിന്റെ അഭിപ്രായത്തിൽ, ഫ്രോയിഡിന്റെ സിദ്ധാന്തത്തെ ഏതൊരു അനുഭവപരമായ കണ്ടെത്തലുകളുമായും പൊരുത്തപ്പെടുത്താം. ഒരു രോഗിയുടെ പെരുമാറ്റം എന്തു തന്നെയായാലും, ഫ്രോയിഡിയൻമാർക്ക് അവരുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അതിന് ഒരു വിശദീകരണം കണ്ടെത്താൻ കഴിയും – അവരുടെ സിദ്ധാന്തം തെറ്റാണെന്ന് അവർ ഒരിക്കലും സമ്മതിക്കില്ല. പോപ്പർ തന്റെ പോയിന്റ് ഇനിപ്പറയുന്ന ഉദാഹരണത്തിലൂടെ വിശദീകരിച്ചു: ഒരു കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഒരു നദിയിലേക്ക് തള്ളുന്ന ഒരാളെയും, കുട്ടിയെ രക്ഷിക്കാൻ തന്റെ ജീവൻ ബലിയർപ്പിക്കുന്ന മറ്റൊരാളെയും സങ്കൽപ്പിക്കുക. (രണ്ടു പേർക്കും ഒരേ ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമാണ് ഉള്ളത് എന്നും സങ്കൽപ്പിക്കുക. എങ്കിൽ എന്തു കൊണ്ട് രണ്ട് തരം പ്രവർത്തനങ്ങൾ ?)
ഫ്രോയിഡിയൻമാർ രണ്ടുപേരുടെയും പെരുമാറ്റത്തെ തുല്യമായി വിശദീകരിക്കുന്നു: ആദ്യത്തേത് റിപ്രഷനും (repression), രണ്ടാമത്തേത് സബ്‌ലിമേഷനും (sublimation) ആണ്.
(വേദനാജനകമായ ചിന്തകളെ ആന്തരികമായി അടിച്ചമർത്തി, അതിൻ്റെ ദുസ്വാധീനങ്ങൾ സാമൂഹിക വിരുദ്ധമായ രൂപത്തിൽ പുറത്തു വിടുന്ന മാനസിക പ്രക്രിയയാണ് റിപ്രഷൻ (repression).
ആന്തരികമായ ചിന്തകളെ പരിവർത്തിപ്പിച്ച്, അതിൻ്റെ സ്വാധീനങ്ങളെ സാമൂഹിക സൗഹൃദമായ രൂപത്തിൽ പുറത്തു വിടുന്ന മാനസിക പ്രക്രിയയാണ് സബ്‌ലിമേഷൻ (sublimation). -ലേഖകൻ)
റിപ്രഷൻ, സബ്‌ലിമേഷൻ, അബോധാവസ്ഥയിലുള്ള ആഗ്രഹങ്ങൾ തുടങ്ങിയ ആശയങ്ങൾ ഉപയോഗിക്കുന്നതിലൂടെ, ഫ്രോയിഡിന്റെ സിദ്ധാന്തത്തെ ഏത് ക്ലിനിക്കൽ ഡാറ്റയുമായും പൊരുത്തപ്പെടുത്താൻ കഴിയുമെന്ന് പോപ്പർ വാദിച്ചു, അതിനാൽ അത് വ്യാജമാക്കാൻ കഴിയില്ല.
കാൾ മാർക്സിന്റെ ചരിത്ര സിദ്ധാന്തത്തിന്റെ (Marx’s theory of history) കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥയെന്ന് പോപ്പർ വാദിച്ചു. ലോകമെമ്പാടുമുള്ള വ്യാവസായിക സമൂഹങ്ങളിൽ മുതലാളിത്തം സോഷ്യലിസത്തിനും ഒടുവിൽ കമ്മ്യൂണിസത്തിനും വഴിമാറുമെന്ന് മാർക്സ് അവകാശപ്പെട്ടു. എന്നാൽ ഇത് സംഭവിക്കാതിരുന്നപ്പോൾ, മാർക്സിന്റെ സിദ്ധാന്തം തെറ്റാണെന്ന് സമ്മതിക്കുന്നതിനുപകരം, എന്താണ് സംഭവിച്ചതെന്ന് യഥാർത്ഥത്തിൽ അവരുടെ സിദ്ധാന്തവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന ഒരു താൽക്കാലിക വിശദീകരണം (ad hoc explanation) മാർക്സിസ്റ്റുകൾ കണ്ടുപിടിക്കും. ഉദാഹരണത്തിന്, ക്ഷേമരാഷ്ട്രത്തിന്റെ (welfare state) ഉദയം കമ്മ്യൂണിസത്തിലേക്കുള്ള അനിവാര്യമായ പുരോഗതി താൽക്കാലികമായി മന്ദഗതിയിലാക്കി, അത് തൊഴിലാളിവർഗത്തെ ‘മയപ്പെടുത്തി’ (‘softened’), അവരുടെ വിപ്ലവ തീക്ഷ്ണതയെ ദുർബലപ്പെടുത്തി എന്ന് അവർ പറഞ്ഞേക്കാം. ഈ രീതിയിൽ, ഫ്രോയിഡിന്റെ സിദ്ധാന്തം പോലെ, സാധ്യമായ ഏതൊരു സംഭവവികാസവുമായും മാർക്സിന്റെ സിദ്ധാന്തത്തെ പൊരുത്തപ്പെടുത്താൻ കഴിയും. അതിനാൽ, പോപ്പറിന്റെ മാനദണ്ഡമനുസരിച്ച്, ഈ സിദ്ധാന്തവും യഥാർത്ഥത്തിൽ ശാസ്ത്രീയമായി യോഗ്യത നേടുന്നില്ല.
ഫ്രോയിഡിന്റെയും മാർക്‌സിന്റെയും സിദ്ധാന്തങ്ങളെ, പൊതു ആപേക്ഷികതാ സിദ്ധാന്തം (general relativity) എന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ സിദ്ധാന്തവുമായി പോപ്പർ താരതമ്യം ചെയ്തു.
ഫ്രോയിഡിന്റെയും മാർക്‌സിന്റെയും സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഐൻസ്റ്റീന്റെ സിദ്ധാന്തം വളരെ കൃത്യമായ ഒരു പ്രവചനം നടത്തുന്നുണ്ട്: വിദൂര നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശകിരണങ്ങൾ സൂര്യന്റെ ഗുരുത്വാകർഷണ മണ്ഡലത്താൽ വ്യതിചലിക്കപ്പെടും. സാധാരണയായി ഈ പ്രഭാവം നിരീക്ഷിക്കാൻ കഴിയില്ല; ഒരു സൂര്യഗ്രഹണ സമയത്ത് ഒഴികെ. 1919-ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ സർ ആർതർ എഡിംഗ്ടൺ, ആ വർഷത്തെ സൂര്യഗ്രഹണം നിരീക്ഷിക്കാൻ രണ്ട് പര്യവേഷണങ്ങൾ സംഘടിപ്പിച്ചു, ഒന്ന് ബ്രസീലിലേക്കും മറ്റൊന്ന് ആഫ്രിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള പ്രിൻസിപ്പി ദ്വീപിലേക്കും, ഐൻസ്റ്റീന്റെ പ്രവചനം പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ. ഐൻസ്റ്റീൻ പ്രവചിച്ച അതേ അളവിൽ തന്നെ സൂര്യൻ, നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം വ്യതിചലിപ്പിക്കുന്നുണ്ടെന്ന് പര്യവേഷണങ്ങൾ കണ്ടെത്തി. ഇത് പോപ്പർ ൽ വളരെയധികം മതിപ്പുളവാക്കി.
ഐൻസ്റ്റീന്റെ സിദ്ധാന്തം ഒരു നിശ്ചിതവും കൃത്യവുമായ പ്രവചനം നടത്തിയിരുന്നു, അത് നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചു. നക്ഷത്രപ്രകാശം സൂര്യനാൽ വ്യതിചലിക്കുന്നില്ലെന്ന് തെളിഞ്ഞിരുന്നെങ്കിൽ, ഇത് ഐൻസ്റ്റീൻ്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുമായിരുന്നു. അതിനാൽ ഐൻസ്റ്റീന്റെ സിദ്ധാന്തം വ്യാജവൽക്കരിക്കപ്പെടാൻ സാധ്യത ഉൾകൊള്ളുന്ന ഒരു സിദ്ധാന്തമാണ്. “വ്യാജവൽക്കരണ പ്രാപ്തി” (Falsifiability) മാനദണ്ഡം നിറവേറ്റുന്നു എന്നതിനാൽ തന്നെ ഐൻസ്റ്റീന്റെ സിദ്ധാന്തം ശാസ്ത്രമാണ്.”
(PHILOSOPHY OF SCIENCE: A Very Short Introduction: Samir Okasha: SECOND EDITION: OXFORD UNIVERSITY PRESS:11-13)
മതം, തത്ത്വശാസ്ത്രം തുടങ്ങിയ സമാന്തരമായ മറ്റു വിജ്ഞാന ശാഖകൾ യാഥാർത്ഥ്യത്തെ (Reality) കുറിച്ച് അവതരിപ്പിക്കുന്ന ദർശനങ്ങളും വിവരങ്ങളുമെല്ലാം ശാസ്ത്രത്തിനുമേൽ മാത്രം മാറ്റുരച്ചു നോക്കുകയും സൂക്ഷ്മമായ വ്യത്യാസങ്ങൾ അനുഭവപ്പെടുമ്പോഴേക്കും ശാസ്ത്രേതര വീക്ഷണങ്ങളെല്ലാം തള്ളിക്കളയുകയും ചെയ്യുക എന്നുള്ളതിലെ അയുക്തതയാണെന്നും കാൾ പോപ്പറുടെ ശാസ്ത്രാവലോകനം വ്യക്തമാക്കുന്നുണ്ട്.
ഭൗതിക ലോകത്തെ സത്യാസത്യങ്ങളെ അളക്കാനുള്ള ‘സമ്പൂർണ്ണമായ’ അളവുകോലായി ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് ശാസ്ത്ര വിരുദ്ധമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ തന്നെ, ശാസ്ത്രത്തിന് യാഥാർത്ഥ്യങ്ങളെ മുഴുവനായും കണ്ടെത്താനും കഴിയില്ല; ശാസ്ത്രം കണ്ടെത്തുന്നത് മുഴുവൻ യാഥാർത്ഥ്യങ്ങളുമല്ല. എന്നിരിക്കെ മത പ്രമാണങ്ങളെ ഖണ്ഡിക്കുവാൻ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ നീതീകരിക്കപ്പെടും?
മത പ്രമാണങ്ങളിൽ പ്രസ്താവിക്കപ്പെട്ട ഭൗതിക സത്യങ്ങളോട് ശാസ്ത്ര സിദ്ധാന്തങ്ങളും വസ്തുതകളും യോജിക്കുന്നു എന്നത് മതപ്രമാണങ്ങൾക്ക് ഉപോൽബലകമായ തെളിവായി അവതരിപ്പിക്കുന്നതിൽ യുക്തിപരമായി തെറ്റില്ല. പൂർണ്ണതയെ തെളിയിക്കാൻ അപൂർണ്ണമായവയെ ഉപോൽബലകമായി, സാധാരണ ഗതിയിൽ നാം അവതരിപ്പിക്കാറുണ്ടല്ലോ. ഉദാഹരണത്തിന്, പൂർണ്ണമായും വിശ്വസ്തനായ ഒരു വ്യക്തിയുടെ വാദഗതിയെ തെളിയിക്കാനൊ, ബലപ്പെടുത്താനൊ വേണ്ടി അയാളുമായി യാതൊരു ബന്ധവുമില്ലാത്ത, പൂർണ്ണ വിശ്വസ്തൻ അല്ലാത്ത ഒരാളുടെ സാക്ഷ്യം ഹാജരാക്കുന്നത് യുക്തിപരം ആണല്ലോ. അതേസമയം സത്യസന്ധതയിൽ അപൂർണ്ണനാണ് എന്ന് തെളിയിക്കപ്പെട്ട ഒരു വ്യക്തിയുടെ സാക്ഷ്യം വിശ്വസ്തനായ ഒരു വ്യക്തിക്ക് എതിരെ തെളിവാകില്ലല്ലോ.
ഭൗതിക യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച ശാസ്ത്രത്തിൻ്റെ നിഗമനങ്ങളും കണ്ടെത്തലുകളും വിശ്വാസങ്ങളും അചഞ്ചലവും ആത്യന്തികവുമായ സത്യങ്ങളെല്ല.
തെറ്റാവാൻ സാധ്യത ഇല്ലാത്ത വിധം ശാസ്ത്രം ഒന്നും തെളിയിക്കുന്നില്ല (Prove). ശാസ്ത്രത്തിൽ Proof എന്ന ഒന്ന് ഇല്ലേയില്ല. ഒരു കാര്യം ഇന്നിന്ന രൂപത്തിലാണ് എന്ന സാധ്യതയും സൂചനയും നൽകുന്ന തെളിവുകൾ (Evidence) മാത്രമെ ശാസ്ത്രത്തിൽ ഉള്ളു. ശാസ്ത്രവും ശാസ്ത്രജ്ഞരും ശാസ്ത്ര ചരിത്രവും ശാസ്ത്ര തത്ത്വശാസ്ത്രവും (Philosophy of Science) ഇതെല്ലാം അംഗീകരിക്കുന്നു.
ശാസ്ത്രം സമ്പൂർണ്ണമല്ല; അപൂർണ്ണമാണ്.
(സത്യ)മത പ്രമാണങ്ങളാകട്ടെ സമ്പൂർണ്ണമാണ്. അപ്പോൾ അപൂർണ്ണമായ ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ട്, സമ്പൂർണ്ണമായ മതപ്രമാണങ്ങളുടെ സത്യത ചോദ്യം ചെയ്യാൻ കഴിയില്ല.
ആത്മീയവും ഭൗതികവുമായ എല്ലാ അറിവന്വേഷണങ്ങളെയും സത്യാന്വേഷണ രീതികളെയും വിജ്ഞാന ശാഖകളെയും, ശാസ്ത്രത്തിൻ്റെ പേരിൽ തിരസ്കരിക്കുന്ന നാസ്തിക ശൈലി തനിച്ച അജ്ഞതയാണ്; അടിസ്ഥാനപരമായി വിജ്ഞാനശാസ്ത്രത്തെ (Epistemology) കുറിച്ച അജ്ഞത,
അറിവിന്റെ സ്വഭാവം, ഉത്ഭവം, പരിധികൾ എന്നിവയെ കുറിച്ച വിദ്യാ ഹീനത. ശാസ്ത്രത്തെ കുറിച്ച കേവല ഉപരിപ്ലവമായ അറിവാണ് ഈ ശാസ്ത്രാരാധനക്ക് കാരണം. ശാസ്ത്ര തത്ത്വശാസ്ത്രത്തെ (Philosophy of Science) കുറിച്ച കേവല ജ്ഞാനം ഉടമപ്പെടുത്തുന്നവർക്ക് പോലും,
ദൈവവൽക്കരിക്കാനൊ മതത്തിനും തത്ത്വശാസ്ത്രത്തിനും ബദലായി അവതരിപ്പിക്കാനൊ മാത്രം പൂർണ്ണതയുടെ സാരാംശമൊ ആധികാരികതയൊ ഒന്നും ശാസ്ത്രത്തിൽ ഇല്ല എന്ന് എളുപ്പം മനസ്സിലാകുന്നതാണ്.
No comments yet.