മതവിശ്വാസത്തിൽ സംശയം ! പ്രശ്നമെന്ത് ?
വായക്കാർക്കു മുമ്പിൽ ചില ചിന്താ പരീക്ഷണങ്ങൾ (thought experiment) അവതരിപ്പിക്കട്ടെ:
1.
നിങ്ങളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ആരാണ് ?
അവനെ കുറിച്ച് മനസ്സിൽ ചിന്തിക്കുക.
നിങ്ങളുടെ സുഹൃത്തിൽ നിങ്ങൾ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു ?
നിങ്ങളുടെ സുഹൃത്ത് നിങ്ങളെ വഞ്ചിക്കുമോ ?
ഇല്ലെന്നായിരിക്കും നിങ്ങളുടെ മറുപടി.
ശരി, എങ്കിൽ നിങ്ങൾ 100 രൂപക്ക് പന്തയത്തിന് തയ്യാറുണ്ടോ ?
നിങ്ങൾ മിക്കവാറും തയ്യാറായിരിക്കും.
നിങ്ങളുടെ സുഹൃത്ത് നിങ്ങളെ വഞ്ചിക്കില്ല എന്ന കാര്യത്തിൽ 1000 രൂപക്ക് പന്തയത്തിന് തയ്യാറുണ്ടോ ?
1000 രൂപക്ക്, വഞ്ചിക്കില്ല എന്ന് പന്തയം വെക്കാൻ അൽപ്പം വൈമനസ്യം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
10,000 രൂപക്ക് പന്തയത്തിനുണ്ടോ; ഞാൻ പറയുന്നു നിങ്ങളുടെ സുഹൃത്ത് നിങ്ങളെ വഞ്ചിക്കുമെന്ന് ?
ഇത്തവണ സുഹൃത്തിൻ്റെ വിശ്വാസ്യതയിൽ സന്ദേഹം വർദ്ധിച്ചതായി തോന്നുന്നുണ്ടല്ലേ ?!
എങ്കിൽ ഈ പന്തയം ഒരു ലക്ഷത്തിന് ആക്കിയാലോ ? സുഹൃത്തിൻ്റെ വിശ്വാസ്യതയിൽ തരിമ്പും “വിശ്വാസമില്ലാത്തതായി” നമുക്ക് അനുഭവപ്പെട്ടേക്കാം. ഈ പന്തയത്തിന് നാം ഒരുങ്ങാൻ യാതൊരു സാധ്യതയുമില്ല.
ഇനി ഒരു കോടി രൂപക്ക്…?
ഒരു കോടിയോ… ഈ പന്തയത്തിന് ഒരിക്കലും ഞാൻ വരില്ല. ഞാനിതാ സമ്മതിക്കുന്നു, എൻ്റെ സുഹൃത്തിൽ ഒരു വിശ്വാസവും എനിക്കില്ല.
ഒരാവർത്തി കൂടി ചിന്തിച്ചു നോക്കൂ…
ഈ ചിന്താ പരീക്ഷണം, നമ്മുടെ സുഹൃത്ത് വിശ്വസ്തനല്ല എന്ന് ഒരു നിലക്കും തെളിയിക്കുന്നില്ല !
പന്തയം സുഹൃത്തിൻ്റെ വിശ്വാസ്യതയെ ഒരു നിലക്കും കുറക്കുന്നുമില്ല !
സുഹൃത്തിലുള്ള നമ്മുടെ വിശ്വാസമല്ല യഥാർത്ഥത്തിൽ ഇവിടെ കുറയുന്നത്. മറിച്ച്, കാശ് നഷ്ടപ്പെടുമെന്ന നമ്മുടെ ഭീതിയാണ് ഇവിടെ വർദ്ധിക്കുന്നത്. കാരണം, നമ്മുടെ സുഹൃത്തിലുള്ള വിശ്വാസ്യതയേക്കാൾ നാം മൂല്യം കൽപ്പിക്കുന്നത് ഒരു ലക്ഷം/ ഒരു കോടി രൂപക്കാണ്.
അതേ സമയം, സുഹൃത്ത് വധശിക്ഷയുടെ വക്കിലാണെന്ന് സങ്കൽപ്പിക്കുക.
അയാൾ വിശ്വസ്തനാണോ ? എന്ന ന്യായാധിപൻ്റെ ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരത്തെ അവലംബിച്ചാണ് വധശിക്ഷാ വിധി എന്ന് കരുതുക. എങ്കിൽ നിങ്ങൾ അയാളിലുള്ള വിശ്വാസം ഉറപ്പിക്കില്ലെ ? അയാൾ വിശ്വസ്തനല്ല എന്ന് തെളിഞ്ഞാൽ നിങ്ങളുടെ ഒരു ലക്ഷം നഷ്ടപ്പെടുമെന്ന് വന്നാൽ പോലും ? ഇതിന് കാരണം, സുഹൃത്തിൻ്റെ ജീവന് ഒരു ലക്ഷത്തേക്കാൾ മൂല്യം നിങ്ങൾ കൽപ്പിക്കുന്നു എന്നതിനാലാണ്. ഇതേ സാഹചര്യത്തിൽ ഒരു കോടി അല്ലെങ്കിൽ പത്ത് കോടി നഷ്ടപ്പെടാൻ സാധ്യത വന്നാലോ ? 10 കോടിയേക്കാൾ മൂല്യം നിങ്ങളുടെ സുഹൃത്തിൻ്റെ ജീവന് നിങ്ങൾ കൽപ്പിക്കുന്നുണ്ടോ എന്നതിന് അനുസരിച്ച് മറുപടി/സുഹൃത്തിലുള്ള വിശ്വാസം മാറാൻ സാധ്യതയുണ്ട്.
വധശിക്ഷ കാത്തു നിൽക്കുന്നത് സ്വന്തം മകനാണെങ്കിലൊ ?! “തീർച്ചയായും അവനെ എനിക്ക് വിശ്വാസമാണ്. 10 കോടി നഷ്ടപ്പെട്ടാലും എനിക്ക് ഒരു ചുക്കുമില്ല…”
കാരണം, 10 കോടിയേക്കാൾ എൻ്റെ മകൻ്റെ ജീവന് ഞാൻ മൂല്യം കൽപ്പിക്കുന്നു.
**********
ഈ ചിന്താ പരീക്ഷണങ്ങളിലൂടെ ഒരു കാര്യം നമുക്ക് ബോധ്യപ്പെടുന്നു. നമ്മുടെ “വിശ്വാസം” കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കു വഹിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്.
1. നാം വിശ്വസിക്കുന്ന ഒരാൾക്ക് അല്ലെങ്കിൽ ഒരു കാര്യത്തിന് പ്രതിയോഗിയായി/പ്രതികൂലമായി നിലകൊള്ളുന്ന കാര്യങ്ങൾക്ക് നാം കൂടുതൽ വിലയും മൂല്യവും കൽപ്പിക്കുന്നു എങ്കിൽ, നാം “വിശ്വസിക്കുന്ന” കാര്യത്തിൽ നമ്മുടെ “വിശ്വാസം” കുറയുന്നു.
2. നാം വിശ്വസിക്കുന്ന ഒരാൾക്ക് അല്ലെങ്കിൽ ഒരു കാര്യത്തിന് പ്രതിയോഗിയായി/പ്രതികൂലമായി നിലകൊള്ളുന്ന കാര്യങ്ങൾ നഷ്ടപ്പെടുമൊ എന്ന ഭയം, നഷ്ടബോധം നാം “വിശ്വസിക്കുന്ന” കാര്യത്തിൽ നമ്മുടെ “വിശ്വാസം” കുറക്കുന്നു.
ഇത് തന്നെയാണ് മതവിശ്വാസത്തിൻ്റെ കാര്യത്തിലും, മിക്കവാറും സംഭവിക്കുന്നത്.!
വിശ്വാസത്തിൽ നിന്ന് അവിശ്വാസത്തിലേക്കുള്ള കൂടുമാറ്റം ഒട്ടുമിക്ക സാഹചര്യങ്ങളിലും കേവലം പ്രത്യയശാസ്ത്രപരമൊ ആദർശപരമാ അല്ല. താത്വികമായ ഒരു പഠനമൊ ഗവേഷണമൊ ഒക്കെ നടത്തി, അവസാനം സത്യമല്ല എന്ന് 100% ബോധ്യപ്പെട്ടിട്ടൊന്നുമല്ല, മതത്തിൽ നിന്നും മതനിഷേധത്തിലേക്കുള്ള ഈ കൂടുമാറ്റം. മറിച്ച് വിശ്വാസി ആയി ജീവിക്കുന്നതും, അവിശ്വാസിയായി ജീവിക്കുന്നതും ഏതാണ് സ്വന്തത്തിന് കൂടുതൽ ഉപകാരപ്രദം, സുഖകരം, ആസ്വാദ്യകരം ? അവിശ്വാസിയായി ജീവിച്ചാൽ, ജീവിതം കൂടുതൽ ആസ്വദിക്കാം. വിശ്വാസിയായി ജീവിക്കുമ്പോൾ ജീവിതം പരമാവധി ആസ്വദിക്കാനുള്ള സ്വാതന്ത്യം കുറയും. അപ്പോൾ, അവിശ്വാസിയായി ജീവിക്കുന്നതാണ് ബുദ്ധിപരം.
‘ദുൻയാവ്’ (ഇഹലോകം) ലെ ജീവിതത്തിന്, സുഖ സമൃദ്ധികൾക്ക്, ‘ദീൻ’ (മതം) നേക്കാൾ കൂടുതൽ വിലയും മൂല്യവും നൽകുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ദുൻയാവിന് എതിരാവുംതോറും ദീനിൽ “വിശ്വാസം” കുറഞ്ഞു കുറഞ്ഞു വരുന്നു.
അപ്പോൾ, ദുൻയാവിന്, ദുൻയാവിലെ സുഖ സമൃദ്ധികൾക്ക്, ദീനിനേക്കാൾ വിലയും മൂല്യവും സങ്കൽപ്പിക്കുന്നതാണ് പ്രശ്നം; അല്ലാതെ ദീനിനല്ല പ്രശ്നം.
പക്ഷെ, ഭൗതിക വീക്ഷണകോണിലൂടെ നോക്കിയാൽ പോലും…
ലാഭ നഷ്ടങ്ങളുടെ തുലാസ്സിൽ വെച്ച് അളന്നാൽ പോലും അവിശ്വാസിയായി ജീവിക്കുന്നതിനേക്കാൾ ലാഭകരവും ബുദ്ധിപരവും വിശ്വാസിയായി ജീവിക്കലാണ് എന്നതാണ് യാഥാർത്ഥ്യം.
കാരണം, ദൈവവും പരലോകവും ഇല്ല എന്ന് സങ്കൽപ്പിച്ചാൽ പോലും, ഇഹലോക ജീവിതം സന്തോഷകരവും സംതൃപ്തവും സമൃദ്ധവും ആക്കാൻ ഏറ്റവും മികച്ച വഴി (ദൈവ-മത) “വിശ്വാസ”മാണ്. ആധുനിക ശാസ്ത്ര- സാമൂഹ്യ പഠനങ്ങളെല്ലാം ഇത് തെളിയിച്ച് കഴിഞ്ഞു. (അവ വിശദമായി പിന്നീട് കാണാം.) ദൈവനിഷേധമാകട്ടെ മനുഷ്യൻ്റെ ജീവിത സന്തോഷത്തെയും സംതൃപ്തിയെയും, മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു എന്നതും ആധുനിക ശാസ്ത്ര- സാമൂഹ്യ പഠനങ്ങളെല്ലാം തെളിയിക്കുന്നുമുണ്ട്. (വിശദമായി പിന്നീട്). അപ്പോൾ, ഭൗതിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ പോലും, മതത്തിനും വിശ്വാസത്തിനുമാണ് കൂടുതൽ വിലയും മൂല്യവും ലാഭവും !
Pascal’s Wager: പരിഷ്കരിച്ച പതിപ്പ്
ഇവിടെ, Pascal’s Wager എന്ന യുക്തിചിന്ത പ്രസക്തമാവുന്നു. Pascal’s Wager, ദൈവം ഉണ്ടോ എന്നതിനുള്ള തെളിവായി പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ പാസ്കൽ, ഈ യുക്തി ചിന്ത, ദൈവാസ്ഥിത്വത്തിനുള്ള തെളിവായല്ല ഉന്നയിച്ചത്. മറിച്ച്, അവിശ്വാസത്തേക്കാൾ വിശ്വാസത്തെ തിരഞ്ഞെടുക്കലാണ് കൂടുതൽ ലാഭ സാധ്യതയുള്ളതും ബുദ്ധിപരവും എന്ന് തെളിയിക്കാനാണ്.
‘പാസ്ക്കലിന്റെ പന്തയം’ (Pascal’s Wager) എന്നത് പ്രശസ്ത ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ബ്ലെയിസ് പാസ്ക്കൽ (Blaise Pascal) മുന്നോട്ടുവെച്ച ഒരു യുക്തിപരമായ വാദമാണ്. വാദം ലളിതമായി താഴെ പറയുന്ന രീതിയിൽ മനസ്സിലാക്കാം:
1. പന്തയത്തിലെ സാധ്യതകൾ:
പാസ്ക്കൽ ജീവിതത്തെ ഒരു ചൂതാട്ടമായി കാണുന്നു. ഇവിടെ നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ ചെയ്യാം:
ദൈവത്തിൽ വിശ്വസിക്കുക.
ദൈവത്തിൽ വിശ്വസിക്കാതിരിക്കുക.
ഇതിന്റെ ഫലങ്ങൾ നാല് തരത്തിലാകാം:
* യുക്തിപരമായി ചിന്തിച്ചാൽ:
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും, ആ വിശ്വാസം ശരിയാവുകയും ചെയ്താൽ:
നിങ്ങൾക്ക് ലഭിക്കുന്നത് അനന്തമായ പ്രതിഫലമാണ്
(പരലോക മോക്ഷം / സ്വർഗ്ഗം).
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ ആ വിശ്വാസം തെറ്റാവുകയും ചെയ്താൽ (അതായത് ദൈവം ഇല്ലെങ്കിൽ):
നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല (ഭൗതിക ജീവിതത്തിലെ ചില ചെറിയ ത്യാഗങ്ങൾ മാത്രം).
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും, എന്നാൽ നിങ്ങളുടെ ആ വിചാരം തെറ്റാവുകയും ചെയ്താൽ (അതായത് ദൈവം ഉണ്ടെങ്കിൽ):
നിങ്ങൾക്ക് സംഭവിക്കുന്നത് അനന്തമായ നഷ്ടമാണ് (ശാശ്വതമായ ശിക്ഷ / നരകം).
ഉപസംഹാരം (Conclusion):
👉 ദൈവത്തിൽ വിശ്വസിക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായതും സുരക്ഷിതമായതുമായ വഴി (The Safer Bet).
ഇസ്‌ലാമിൻ്റെ സുവർണ കാലഘട്ട ദൈവശാസ്‌ത്ര സാഹിത്യങ്ങളിൽ, പാസ്കലിന് നൂറ്റാണ്ടുകൾക്ക് മുമ്പേ, സമാനമായ യുക്തി, മുസ്ലിം തത്വചിന്തകന്മാർ, ഉദ്ധരിച്ചിട്ടുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഇമാം ഗസ്സാലി തൻ്റെ ‘അൽ-മുൻകിദു മിനദ്ദലാൽ’ എന്ന ഗ്രന്ഥത്തിലും, ഇമാം റാസി തൻ്റെ ‘അൽ അർബഈന ഫി ഉസൂലുദ്ദീൻ’, ‘അൽ മത്വാലിബുൽ ആലിയ’ എന്നീ ഗ്രന്ഥങ്ങളിലും ഇതേ വാദം ഉന്നയിക്കുന്നുണ്ട്.
പാസ്കലിൻ്റെയും, അദ്ദേഹത്തിന് മുൻപ് ജീവിച്ചിരുന്ന ഇസ്‌ലാമിക ദാർശനികരുടെയും ഈ വാദത്തെ, ആധുനിക മനശ്ശാസ്ത്ര സാമൂഹിക ശാസ്‌ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഒന്നു കൂടി പരിഷ്‌കരിച്ച് ഇപ്രകാരം പുനരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു:

* യുക്തിപരമായി ചിന്തിച്ചാൽ:
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും, ആ വിശ്വാസം ശരിയാവുകയും ചെയ്താൽ:
നിങ്ങൾക്ക് ലഭിക്കുന്നത് അനന്തമായ പ്രതിഫലമാണ്
(പരലോക മോക്ഷം / സ്വർഗ്ഗം).
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ ആ വിശ്വാസം തെറ്റാവുകയും ചെയ്താൽ (അതായത് ദൈവം ഇല്ലെങ്കിൽ):
നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല എന്നതിൽ ഉപരി ഇഹലോക ജീവിതം സന്തുഷ്ടകരമായി മാറുന്നു.
(ദൈവ വിശ്വാസം മനുഷ്യൻ്റെ മാനസിക-ശാരീരിക- സാമൂഹിക ജീവിതത്തിൻ്റെ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുക വഴി, സന്തുഷ്ടവും സംതൃപ്‌തവുമായ ജീവിതം സമ്മാനിക്കുന്നു എന്ന് ആധുനിക ശാസ്ത്ര- സാമൂഹിക പഠനങ്ങൾ തെളിയിക്കുന്നു. വിശദവിവരം പിന്നീട്)
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും, എന്നാൽ നിങ്ങളുടെ ആ വിചാരം തെറ്റാവുകയും ചെയ്താൽ (അതായത് ദൈവം ഉണ്ടെങ്കിൽ):
നിങ്ങൾക്ക് സംഭവിക്കുന്നത് അനന്തമായ നഷ്ടമാണ് (ശാശ്വതമായ ശിക്ഷ / നരകം).
— നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും, എന്നാൽ നിങ്ങളുടെ ആ വിചാരം ശരിയാവുകയും ചെയ്താൽ (അതായത് ദൈവം ഇല്ലെങ്കിൽ):
നിങ്ങൾക്ക് സംഭവിക്കുന്നത് ഇഹലോക ജീവിതത്തിലെ സന്തോഷവും ആസ്വാദനവും നഷ്ടമാവുക എന്നതാണ്.
(ദൈവ നിഷേധവും സുഖങ്ങൾക്കായി ജീവിക്കലും (ഹീഡനിസം) മനുഷ്യൻ്റെ മാനസിക-ശാരീരിക- സാമൂഹിക ജീവിതത്തിൻ്റെ ആരോഗ്യത്തെ ദോഷകരമായി സ്വാധീനിക്കുക വഴി, ദുഃഖകരവും അസംതൃപ്‌തവുമായ ജീവിതം സമ്മാനിക്കുന്നു എന്ന് ആധുനിക ശാസ്ത്ര- സാമൂഹിക പഠനങ്ങൾ തെളിയിക്കുന്നു. വിശദവിവരം പിന്നീട്)
ഉപസംഹാരം (Conclusion):
👉 ദൈവത്തിൽ വിശ്വസിക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായതും സുരക്ഷിതമായതുമായ വഴി (The Safer Bet).
ചുരുക്കത്തിൽ, എങ്ങനെ നോക്കുമ്പോഴും ഇഹലോകത്തും പരലോകത്തും ലാഭം നേടിത്തരുന്ന വിശ്വാസത്തിന്, ഐഹിക ലോകത്തേക്കാൾ മൂല്യം നൽകുന്നതാണ് ബുദ്ധി. എന്നിരിക്കെ ഇഹലോക ജീവിതത്തിനും അതിലെ ആസ്വാദനങ്ങൾക്കും അയുക്തമായി മൂല്യവും മേന്മയും നൽകുന്നതിൻ്റെ പ്രത്യാഘാതം മാത്രമാണ്, മതവിശ്വാസത്തിലെ തീർത്താൽ തീരാത്ത സംശയം.

No comments yet.